Drafts

ജനാല തുറന്നിട്ടുകൊണ്ടല്ലാതെ ഉറങ്ങാൻ എനിക്കു പറ്റില്ല എന്ന ശീലം ദൂരെക്കളയാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല എന്നോർക്കുമ്പോൾ! രോഷത്തിന്റെ മണിമുഴക്കത്തോടെ ഇലക്ട്രിക് ട്രാമുകൾ എന്റെ മുറിക്കുള്ളിലൂടെ പാഞ്ഞുപറിച്ചുകൊണ്ടോടുന്നു. മോട്ടോർക്കാറുകൾ എനിക്കുമേൽ കൂടി ചീറിപ്പായുന്നു. ഒരു വാതിൽ തുറന്നടയുന്നു. എവിടെയോ ഒരു ജനാലച്ചില്ല് കിലുകിലാരവത്തോടെ തകർന്നുവീഴുന്നു. വലിയ കുപ്പിച്ചില്ലുകളുടെ പൊട്ടിച്ചിരിയും ചെറിയവയുടെ കുണുങ്ങിച്ചിരിയും എനിക്കു കേൾക്കാം. പെട്ടെന്ന്, മുറിക്കുള്ളിൽ, മറ്റേ വശത്തു നിന്ന്, ഒരമർന്ന, ചതഞ്ഞ ശബ്ദം. ആരോ കോണി കയറി വരികയാണ്‌: അതടുത്തടുത്തു വരികയാണ്‌, അവസാനമില്ലാതെ: ഏറെനേരത്തേക്ക് അതെനിക്കു കേൾക്കാം, ഒടുവിൽ, ഒടുവിൽ, അതില്ലാതാകുന്നു. പിന്നെ വീണ്ടും തെരുവ്. ഒരു പെൺകുട്ടി ഫ്രെഞ്ചിൽ അലറുന്നു: “ഹാ, ഒന്നു മിണ്ടാതിരിക്കെന്നേ! എനിക്കു മതിയായി!” ഒരു ഇലക്ട്രിക് ട്രാം ഉത്സാഹത്തോടെ കുതിച്ചുവരുന്നു, തലയ്ക്കു മേല്ക്കൂടി, എല്ലാറ്റിനും മേല്ക്കൂടി കടന്നുപോകുന്നു. ആരോ വിളിക്കുന്നു. ആളുകൾ ഓടുന്നു, അന്യോന്യം പിന്നിലാക്കി ഓടുന്നു. ഒരു നായ കുരയ്ക്കുന്നു. എന്തൊരാശ്വാസം: ഒരു നായ! പുലരാറാകുമ്പോൾ ഒരു കോഴി കൂവുന്നതുതന്നെ കേൾക്കാകുന്നു; അതെന്തുമാത്രം സമാശ്വാസമേകുന്നില്ല! പിന്നെപ്പൊടുന്നനേ ഞാൻ ഉറക്കവുമാകുന്നു.

(റില്ക്കെ/

എന്റെ സുദീർഘമായ ജീവിതത്തിൽ വിലമതിക്കത്തക്കതായി എനിക്കു തോന്നിയ സമകാലീനകവികളിൽ മിക്കവരേയും ഞാൻ വായിച്ചിരിക്കുന്നത് വിവർത്തനത്തിലൂടെയാണ്; ചുരുക്കമായേ അങ്ങനെയല്ലാതുള്ളു.  ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ഇങ്ങനെ പറയാൻ ഒരാൾക്കസാദ്ധ്യമാണ് എന്നു ഞാൻ കരുതുന്നു. കവിത വിവർത്തനക്ഷമമാണോ അല്ലയോ എന്നുള്ള വിവാദങ്ങൾ നൂറ്റാണ്ടുകളായി നടന്നു പോരുന്നതാണ്; എന്നാൽ അതെല്ലാം അടച്ചിട്ട മുറികളിലെ തർക്കങ്ങളായിരുന്നു , അടച്ചിട്ട മുറികളിലെ കച്ചേരികൾ പോലെ. ഇരുപതാം നൂറ്റാണ്ടോടെ അടഞ്ഞ മുറികൾ മിക്കതും ഇടിഞ്ഞു തകർന്നു. ആശയവിനിമയത്തിനുള്ള പുതിയ മാർഗ്ഗങ്ങൾ, ആഗോള രാഷ്ട്രീയം, സാമ്രാജ്യത്വങ്ങൾ, ആഗോളവിപണി തുടങ്ങിയവ തോന്നിയപാടും മുമ്പെങ്ങുമില്ലാത്ത പോലെയും കോടിക്കണക്കിനു ജനങ്ങളെ ഒരുമിച്ചു കൂട്ടി, കോടിക്കണക്കിനാളുകളെ ചിതറിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കവിതയിൽ നിന്നു പ്രതീക്ഷിക്കപ്പെടുന്നതിനു മാറ്റം വന്നു. നല്ല കവിത അകലെയകലെയുള്ള വായനക്കാരെ കൂടുതലായി ആശ്രയിക്കാനും തുടങ്ങി. 
' നമ്മുടെ കവിത
നാഴികക്കല്ലുകൾ പോലെ
പാതകളിൽ നിരക്കണം.'

( ജോൺ ബർജെർ)


വാസ്കോ പോപ്പ - മത്സരം

ചിലർ മറ്റുചിലരുടെ കയ്യോ കാലോ
മറ്റെന്തെങ്കിലുമോ കടിച്ചെടുക്കുന്നു

അതു കടിച്ചെടുത്തുകൊണ്ട്
ആവുന്നത്ര വേഗത്തിൽ അവർ ഓടുന്നു
മണ്ണിൽ കൊണ്ടുപോയി കുഴിച്ചിടുന്നു

മറ്റുള്ളവർ നാലുപാടും ചിതറുന്നു
മണക്കുന്നു തിരയുന്നു മണക്കുന്നു തിരയുന്നു
മണ്ണായ മണ്ണെല്ലാം കിളച്ചുമറിക്കുന്നു

തങ്ങളുടെ കയ്യോ കാലോ മറ്റെന്തെങ്കിലുമോ കിട്ടാൻ
അവർക്കു ഭാഗ്യമുണ്ടെങ്കിൽ
പിന്നെ കടിക്കാനുള്ള ഊഴം അവർക്കായി

അങ്ങനെയങ്ങനെ ചുണയോടെ കളി നീളുന്നു

കൈകളുള്ള കാലത്തോളം
കാലുകളുള്ള കാലത്തോളം
മറ്റെന്തെങ്കിലുമാണെങ്കിൽ അതുള്ള കാലത്തോളം



വികാരോത്ക്കടവും പെട്ടെന്നുത്തേജിതവുമാകുന്ന പ്രകൃതമായിട്ടും സാമൂഹികാഹ്ലാദങ്ങൾക്കു വശപ്പെടാൻ അത്രയ്ക്കു താല്പര്യമുണ്ടായിട്ടും ജീവിതത്തിന്റെ തുടക്കത്തിലേ എനിക്കു സ്വയം ഒറ്റപ്പെടുത്തേണ്ടിവന്നു, ഏകാന്തതയിൽ എനിക്കു ജീവിതം കഴിക്കേണ്ടിവന്നു. ഇനി എപ്പോഴെങ്കിലും ഇതിനെയൊക്കെ മറികടക്കാൻ ഞാൻ ശ്രമിച്ചുപോയിട്ടുണ്ടെങ്കിലാവട്ടെ, എനിക്കുണ്ടായിട്ടുള്ള അനുഭവം എത്ര ക്രൂരമായിരുന്നു, എത്ര ദുഃഖത്തോടെയാണ്‌ എനിക്കു പിന്മടങ്ങേണ്ടിവന്നത്! - എന്റെ കേൾവിശക്തിയിലെ ന്യൂനതയായിരുന്നു ഇതിനെല്ലാം കാരണം. എന്നാൽ മറ്റുള്ളവരോട് ഇങ്ങനെ പറയാനുള്ള ശക്തിയും എനിക്കുണ്ടായില്ല- ഉറക്കെപ്പറയൂ! ഞാൻ ബധിരനാണ്‌!  മറ്റാരെക്കാളും എന്നിൽ എത്രയും പരിപൂർണ്ണമാകേണ്ടിയിരുന്ന ഒരിന്ദ്രിയത്തിന്റെ ന്യൂനത എങ്ങനെയാണു ഞാൻ വിളിച്ചറിയിക്കുക! എന്റെ മേഖലയിലെ ചുരുക്കം ചിലർക്കു മാത്രമുണ്ടായിരുന്ന പരിപൂർണ്ണതയോടെ ഒരിക്കൽ എനിക്കു സ്വന്തമായിരുന്ന ആ ശക്തി! ഹാ, എനിക്കതിനു കഴിഞ്ഞില്ല. എത്രയും ആഹ്ലാദത്തോടെ ഞാൻ ഇടപഴകുമായിരുന്ന നിങ്ങളിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറുന്നതായി തോന്നുന്നുവെങ്കിൽ അതിനാൽ എന്നോടു ക്ഷമിക്കുക. തെറ്റിദ്ധാരണയ്ക്കും ഇടവരുത്തുന്നു എന്നതിനാൽ എന്റെ ദൗർഭാഗ്യത്തിന്റെ കാഠിന്യം ഇരട്ടിയാവുകയാണ്‌. സാമൂഹികമായ സമ്പർക്കങ്ങളിലോ സംസ്കാരസമ്പന്നമായ സംഭാഷണങ്ങളിലോ ചിന്തകളുടെ പരസ്പരവിനിമയത്തിലോ എനിക്കിപ്പോൾ ഉന്മേഷം കിട്ടാതായിക്കഴിഞ്ഞിരിക്കുന്നു. തീർത്തും ഒറ്റപ്പെട്ട ഞാൻ അത്ര നിർബ്ബന്ധിതനായാലേ സമൂഹത്തിലേക്കിറങ്ങാറുള്ളു. ഒരു ഭ്രഷ്ടനെപ്പോലെ വേണം ഞാൻ ജീവിക്കാൻ. മറ്റുള്ളവർക്കൊപ്പമായിരിക്കുമ്പോൾ ഏറ്റവും വേദനാജനകമായ ഉത്കണ്ഠകൾ എന്നെ വന്നാക്രമിക്കുന്നു; എന്റെ അവസ്ഥ മറ്റുള്ളവരുടെ നിരീക്ഷണത്തിനു വിധേയമാവുക എന്ന അപകടത്തെക്കുറിച്ചുള്ള ഭീതിയിൽ നിന്നാണതു ജനിക്കുന്നത്. എന്റെ അരികത്തുള്ള ഒരാൾ അങ്ങകലെ ഒരു പുല്ലാങ്കുഴൽ കേൾക്കുമ്പോൾ ഞാൻ ഒന്നും കേൾക്കുന്നില്ല, മറ്റുള്ളവർ ഒരാട്ടിടയൻ പാടുന്നതു കേൾക്കുന്നു, അപ്പോഴും ഞാൻ ഒന്നും കേൾക്കുന്നില്ല- എന്തൊരപമാനമാണത്! ഇത്തരം കാര്യങ്ങൾ കൊടുംനൈരാശ്യത്തിന്റെ വക്കിലേക്കെന്നെ എത്തിച്ചു, ജീവിതം അവസാനിപ്പിച്ചാലെന്തെന്നുപോലും ഞാൻ ചിന്തിച്ചിരുന്നു. കല! കല മാത്രമാണ്‌ എന്നെ തടഞ്ഞത്. എന്റെ നിയോഗത്തിലുള്ളതെന്നു ഞാൻ കരുതുന്നതെല്ലാം ചെയ്തുതീർക്കാതെ എനിക്കെങ്ങനെ ഈ ലോകം വിട്ടുപോകാൻ കഴിയും?

(ബീഥോവൻ തന്റെ സഹോദരന്മാരായ കാൾ, യൊഹാൻ എന്നിവർക്കെഴുതിയ കത്തിൽ നിന്ന്. അപ്പോഴേക്കും അദ്ദേഹം പൂർണ്ണബധിരനായിട്ട് ആറുകൊല്ലം കഴിഞ്ഞിരുന്നു. രണ്ടാം സിംഫണി രചിച്ചുകഴിഞ്ഞ ഉടനേയാണ്‌ ഈ കത്തെഴുതുന്നത്.)

***






നിന്റെ ശബ്ദത്തിന്റെ
ചില്ലുപാത്രത്തില്‍
നീന്തിത്തുടിക്കുന്ന
സ്വര്‍ണ്ണമത്സ്യം പോലെ
നിന്റെ നാവ്‌...

(അപ്പൊളിനെയര്‍)
***

എന്തിനു വേണ്ടിയാണ്‌ ജീവിക്കുന്നതെന്ന് നിങ്ങൾക്കറിയാതാകുമ്പോൾ എങ്ങനെയാണു ജീവിക്കുന്നതെന്നതിൽ നിങ്ങൾക്കു ശ്രദ്ധയില്ലാതാകുന്നു. പകൽ കടന്നുപോയതും രാത്രി കടന്നുവന്നതും നന്നായി എന്നു നിങ്ങൾക്കു തോന്നുന്നു; ആ ദിവസം എന്തിനു വേണ്ടിയാണു താൻ ജീവിച്ചതെന്നും അടുത്ത ദിവസം എന്തിനു വേണ്ടിയാണു ജീവിക്കാൻ പോകുന്നതെന്നുമുള്ള മുഷിപ്പൻ ചോദ്യത്തെ ഉറക്കത്തിൽ നിങ്ങൾ കുഴിച്ചുമൂടുകയും ചെയ്യുന്നു.

-ഇവാൻ ഗൊഞ്ചാറോവിന്റെ ഒബ്ളോമോവ് എന്ന നോവലിൽ നിന്ന്


**
കലയിലെ ബിംബങ്ങൾ അന്യാദൃശവും അപൂർവ്വവുമായിരിക്കും; അതേസമയം അവയ്ക്കാധാരമായ ജീവിതപ്രതിഭാസങ്ങൾ നിത്യസാധാരണവും വിരസവുമാകാം.

ഒരു ഹൈക്കു:

അല്ല, എന്റെ വീട്ടിലേക്കല്ല,
മഴയുടെ ഒച്ചയുമായി
ആ കുട പോയത് അയൽവീട്ടിലേക്ക്.

കുടയുമായി നടന്നുപോകുന്ന ഒരാളെ ജീവിതത്തിന്റെ ഏതോ കാലത്തു വച്ച് നിങ്ങൾ കണ്ടിട്ടുണ്ട്; ആ വസ്തുത മാത്രമെടുത്താൽ അതിൽ ഒരു പുതുമയുമില്ല; മഴ നനയാതിരിക്കാൻ തിടുക്കപ്പെട്ടുപോകുന്ന പലരിൽ ഒരാൾ മാത്രമാണയാൾ. എന്നാൽ കലാത്മകമായ ബിംബം എന്ന അർത്ഥത്തിൽ കാണുമ്പോൾ ഒരു ജീവിതനിമിഷം, എഴുത്തുകാരന്റെ കാര്യത്തിൽ അനന്യവും അപൂർവ്വവുമായ ഒരു നിമിഷം, പൂർണ്ണവും ലളിതവുമായ ഒരു രൂപത്തിൽ രേഖപ്പെടുത്തപ്പെടുകയാണ്‌. അയാളുടെ മാനസികാവസ്ഥ നമ്മളെ സ്പർശിക്കാൻ ആ മൂന്നു വരികൾ ധാരാളമാണ്‌: അയാളുടെ ഏകാന്തത, ജനാലയ്ക്കു വെളിയിൽ മഴയുടെ നരച്ച അന്തരീക്ഷം, തന്റെ ഏകാന്തവും പരിത്യക്തവുമായ പാർപ്പിടത്തിലേക്ക് ഒരത്ഭുതസന്ദർശകനെപ്പോലെ ഒരാൾ വന്നേക്കാമെന്ന വിഫലമായ പ്രതീക്ഷ. സൂക്ഷ്മവും വിശദവുമായി രേഖപ്പെടുത്തപ്പെട്ട ഒരു സന്ദർഭവും മനോഭാവവും വിസ്മയപ്പെടുത്തുന്ന രീതിയിൽ വിപുലവും വ്യാപകവുമായ ഒരാവിഷ്കാരം കൈവരിക്കുകയാണിവിടെ.


(from Tarkovsky - Sculpting in Time)

*

ചോദ്യം: താങ്കളെ ആകർഷിച്ച അല്ലെങ്കിൽ താങ്കൾക്കടുപ്പം തോന്നുന്ന ഏതെങ്കിലും സമകാലികരായ എഴുത്തുകാർ ഉണ്ടോ?

ബോർഹസ്: സമകാലികരായ എഴുത്തുകാരെക്കുറിച്ചു പറയാൻ പറഞ്ഞാൽ എന്റെ ചിന്തയിൽ വരിക സർ തോമസ് ബ്രൗൺ, സ്പിനോസ, തോമസ് ഡി ക്വിൻസി, എമേഴ്സൺ, പിന്നെ, തീർച്ചയായും ഷോപ്പൻഹോവർ ഇവരൊക്കെയായിരിക്കും. ഏൻജെലസ് സിലേഷ്യസ്, ഫ്ലാബേർ ഇവരും ആകാം. ഞാൻ ഇവിടെ എസ്ര പൗണ്ട് പറഞ്ഞിട്ടുള്ളതിനെ ആവർത്തിക്കുക മാത്രമേ ചെയ്യുന്നുള്ളു. അദ്ദേഹം പറഞ്ഞു “എല്ലാ കലയും സമകാലികമാണ്‌.” അദ്ദേഹം പറഞ്ഞതു ശരിയാണെന്നുതന്നെ എനിക്കു തോന്നുന്നു. ഞാൻ ജീവിച്ചിരിക്കുന്ന നൂറ്റാണ്ടിന്റെ അനുഭവങ്ങൾ പങ്കിടുന്നു എന്ന വസ്തുത ഒന്നുകൊണ്ടുമാത്രം എങ്ങനെയാണൊരാൾ വർഷങ്ങൾക്കു മുമ്പേ മരിച്ചുപോയ മറ്റൊരാളെക്കാൾ എനിക്കു പ്രാധാന്യമുള്ളതാണെന്നു പറയുക? ഞാൻ ഒരാളെ വായിക്കുന്നെങ്കിൽ ആ എഴുത്തുകാരൻ സമകാലികനാണ്‌- അതായത്, അയാൾ വർത്തമാനകാലത്തുള്ളതാണ്‌. അതിനാൽ “ആധുനികം,” എന്ന വാക്കിന്‌ വലിയ വിലയൊന്നും കല്പിക്കാനില്ല; “സമകാലികം” എന്ന വാക്കാകട്ടെ, “ആധുനിക”ത്തിന്റെ വെറുമൊരു പര്യായവും. രണ്ടും നിരർത്ഥകമാണെന്ന് എനിക്കു തോന്നുന്നു.

(പട്രീഷ്യ മാർക്സ്, ജോൺ സിമോൺ എന്നിവർ ബോർഹസ്സുമായി നടത്തിയ ഒരു ഇന്റർവ്യൂവിൽ നിന്ന്)



എനിക്കിഷ്ടം
ഒരു ചുംബനം തന്നു മടങ്ങിപ്പോകുന്ന
നാവികരുടെ പ്രണയം,
ഒരു വാഗ്ദാനം മാത്രമായ പ്രണയം.
ഓരോ തുറമുഖത്തും
ഒരു സ്ത്രീ കാത്തിരിക്കുന്നു,
നാവികർ വരുന്നു,
ചുംബിക്കുന്നു,
പോകുന്നു,
കടലിന്‍റെ
മാറിൽ
മരണവുമായി
രാത്രി കഴിക്കാൻ ...
(നെരൂദയുടെ ആദ്യകാലകവിത; 1922ൽ പ്രസിദ്ധീകരിച്ച Claridad എന്ന സമാഹാരത്തിൽ നിന്ന്)

എവിടെ നിന്നെന്നില്ലാതെ നാം പ്രത്യക്ഷപ്പെടുകയും എവിടെയ്ക്കെന്നില്ലാതെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഈ ലോകത്ത് ‘ആയിരിക്കലും’ ‘കാണപ്പെടലും’ ഒന്നുതന്നെയാവുന്നു. ഒരു കാണിയെ മുൻകൂട്ടി കാണാതെ ഈ ലോകത്താരുമില്ല, ഒന്നുമില്ല. അതായത്, ‘ആയിരിക്കുക’ എന്നാൽ ‘കാണപ്പെടുക’ എന്നായിരിക്കുന്നിടത്തോളം ഒരാളും തനിച്ചല്ല; ഉള്ളതായിട്ടുള്ളതെല്ലാം മറ്റൊന്നിന്‌ ഇന്ദ്രിയവിഷയമാകാനുള്ളതാണ്‌. മനുഷ്യനല്ല, മനുഷ്യരാണ്‌ ഈ ഗ്രഹത്തിൽ അധിവസിക്കുന്നത്. ബഹുത്വമാണ്‌ ഭൂമിയുടെ നിയമം.
(ഹന്ന ആരെന്റ്)

നീതിയാണ്‌ ലോകം ഭരിക്കുന്നതെങ്കിൽ നിങ്ങൾക്കു വീടു പണിതാൽ മാത്രം മതിയായിരുന്നു; അതിന്റെ സുരക്ഷയ്ക്ക് ഉടമസ്ഥത എന്ന പ്രത്യക്ഷമായ അവകാശം മാത്രം മതി. എന്നാൽ ഇക്കാലത്ത് അനീതിയാണ്‌ ലോകത്തു നടപ്പെന്നതിനാൽ വീടു പണിയുന്നയാൾ അതിനെ രക്ഷിക്കാൻകൂടി പ്രാപ്തനായിരിക്കണം; അല്ലെങ്കിൽ അതുകൊണ്ടുതന്നെ അയാളുടെ അവകാശം അപൂർണ്ണമായിപ്പോകുന്നു; കാരണം, അക്രമിയ്ക്ക് കൈയൂക്ക് എന്ന അവകാശം കൈവശമുണ്ടല്ലോ. 

(ഷോപ്പൻഹോവർ)



പുസ്തകം വാങ്ങുക എന്നതു നല്ലൊരു കാര്യമായേനെ, ഒപ്പം അതു വായിക്കാനുള്ള സമയം കൂടി വാങ്ങാൻ നമുക്കു പറ്റിയിരുന്നെങ്കിൽ. പക്ഷേ ഒരു പുസ്തകം വാങ്ങി എന്നതുകൊണ്ടു തന്നെ അതിന്റെ ഉള്ളടക്കവും സ്വായത്തമായി എന്നൊരു തെറ്റിദ്ധാരണ ഇന്നു പൊതുനിയമമായിരിക്കുന്നു.

(ആർതർ ഷോപ്പൻഹോവർ)

ഓരോ തലമുറയിലേയും ഭൂരിപക്ഷം മനുഷ്യരും ജീവിച്ചതും മരിച്ചതും ഇങ്ങനെയൊരു ധാരണയുടെ പുറത്തായിരുന്നു: ജീവിക്കുക എന്നാൽ കൂടുതൽ കൂടുതൽ മനസ്സിലാക്കുക എന്നാണ്‌; ആയുസ്സ് നീട്ടിക്കിട്ടിയിരുന്നുവെങ്കിൽ തങ്ങളുടെ ജീവിതം നിരന്തരവും ദീർഘവുമായ ഒരന്വേഷണമായേനെ. എന്നാൽ, സർവ്വതും വിപരീതമാകുന്ന ഒരു നിർണ്ണായകനിമിഷം വന്നുചേരുമെന്നും മനസ്സിലാകാത്ത ചിലതുണ്ടെന്ന് കൂടുതൽ കൂടുതൽ മനസ്സിലാവുക എന്നതാണ്‌ അതില്പിന്നെ ഉണ്ടാവുക എന്നുമുള്ള കണ്ടെത്തലിന്റെ പക്വത അതിൽ എത്രപേർ അനുഭവിക്കും?


(കീർക്കെഗോർ)


കീര്‍ക്കെഗോര്‍ അച്ഛന്റെ മരണത്തെക്കുറിച്ച്
---------------------------------------------------
എന്റെ അച്ഛൻ ബുധനാഴ്ച (എട്ടാം തീയതി) പുലർച്ചെ രണ്ടു മണിയ്ക്കു മരിച്ചു. അദ്ദേഹം കുറച്ചു കൊല്ലം കൂടി ജീവിച്ചിരിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു; ആ മരണം എന്നോടുള്ള സ്നേഹം കൊണ്ട് അദ്ദേഹം ചെയ്ത ത്യാഗങ്ങളിൽ അവസാനത്തേതായി ഞാൻ ഗണിക്കുന്നു: കാരണം അദ്ദേഹം മരിച്ചത് എന്നെ വിട്ടുപോകാനല്ല, എനിക്കു വേണ്ടിയാണ്‌; ഇനിയെങ്കിലും എന്നെക്കൊണ്ടെന്തെങ്കിലും ഫലമുണ്ടാകട്ടെ എന്നതിനു വേണ്ടിയാണ്‌. അദ്ദേഹത്തിൽ നിന്നെനിക്കു കിട്ടുന്ന പൈതൃകങ്ങളിൽ വച്ചേറ്റവും അനർഘം അദ്ദേഹത്തിന്റെ ഓർമ്മയാണ്‌; അദ്ദേഹത്തിന്റെ പ്രതിച്ഛായയാണ്‌; കാവ്യഭാവന രൂപം കൊടുത്ത (അതിനതിന്റെ ആവശ്യമില്ല) പ്രതിച്ഛായയല്ല, ഞാനിപ്പോൾ അറിഞ്ഞും കേട്ടും വരുന്ന കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ രൂപമെടുക്കുന്ന പ്രതിച്ഛായ. ആ ഓർമ്മ ലോകത്തിൽ നിന്നു ഞാൻ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യും...

(1838 ആഗസ്റ്റ് 11)


ചില പുസ്തകങ്ങളുണ്ട്, ഇരുപതു കൊല്ലമായി വായിക്കാതെ നിങ്ങളോടൊപ്പമുള്ളവ; എപ്പോഴും കൈയകലത്തു തന്നെ നിങ്ങളവ വയ്ക്കുന്നുണ്ട്; നഗരത്തിൽ നിന്നു നഗരത്തിലേക്ക്, ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്ക് നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇല്ലാത്ത സ്ഥലമുണ്ടാക്കി, ഭദ്രമായി നിങ്ങളവ കൊണ്ടുപോകുന്നുണ്ട്; പെട്ടിയിൽ നിന്നെടുക്കുമ്പോൾ നിങ്ങൾ അതൊന്നു മറിച്ചുനോക്കിയെന്നുകൂടി വരാം; പക്ഷേ ഒരു വാക്യം പോലും പൂർണ്ണമായി വായിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെ ഇരുപതു കൊല്ലം കഴിയുമ്പോൾ പെട്ടെന്നൊരു മുഹൂർത്തമെത്തുകയാണ്‌: ഉന്നതങ്ങളിൽ നിന്നൊരു കല്പന കിട്ടിയപോലെ നിങ്ങൾ ആ പുസ്തകം തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിനു വായിച്ചുതീർക്കുന്നു. അതൊരു വെളിപാടു കിട്ടിയ പോലെയാണ്‌. ഇപ്പോൾ നിങ്ങൾക്കു മനസ്സിലാവുന്നു, ഈ കോലാഹലമൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്ന്. അത്രയധികം കാലം അതു നിങ്ങളോടോപ്പം വേണ്ടിയിരുന്നു; അതു യാത്ര ചെയ്യേണ്ടിയിരുന്നു; അതു നിങ്ങളുടെ സ്ഥലം അപഹരിക്കേണ്ടിയിരുന്നു; അതു നിങ്ങൾക്കൊരു ഭാരമാകേണ്ടിയിരുന്നു; ഇന്നത് യാത്രാലക്ഷ്യമെത്തിയിരിക്കുകയാണ്‌; അതു നിങ്ങൾക്കു സ്വയം വെളിപ്പെടുത്തുകയാണ്‌; നിങ്ങളോടൊപ്പം ഉരിയാട്ടമില്ലാതെ കഴിഞ്ഞ പൊയ്പ്പോയ ഇരുപതു കൊല്ലങ്ങൾക്കു മേൽ അതു വെളിച്ചം വീശുകയാണ്‌. ഇത്രയും കാലം നിശ്ശബ്ദമായി അതു നിങ്ങളോടൊപ്പമുണ്ടായിരുന്നില്ലെങ്കിൽ ഇത്രയൊക്കെ പറയുവാൻ അതിനു കഴിയുമായിരുന്നില്ല; അതൊക്കെത്തന്നെയാണ്‌ അതിലുണ്ടായിരുന്നതെന്ന് ഉറപ്പിച്ചു പറയാൻ ഏതു വിഡ്ഢിക്കു തന്റേടമുണ്ടാവും?

(ഇല്യാസ് കനേറ്റി)


ആത്മാവുകളുടെ ഇണക്കം പൂർണ്ണമാകാൻ ശ്വാസങ്ങളുടെ ഇണക്കം കൂടി വേണം; ശ്വാസമെന്നാൽ ആത്മാവിന്റെ താളം തന്നെയല്ലേ? അതിനാൽത്തന്നെ മനുഷ്യർക്ക് പരസ്പരം മനസ്സിലാകണമെങ്കിൽ അവർ ഒരുമിച്ചു നടക്കുകയോ ഒരുമിച്ചു കിടക്കുകയോ വേണം.
(മരീന സ്വെറ്റായേവ)


***
അന്ധവിശ്വാസങ്ങളിൽ വച്ചേറ്റവും ഹാനികരമായതാണ്‌ ആത്മാവിന്റെ നിത്യതയിലുള്ള വിശ്വാസം. അനുഗ്രഹദാതാവായ ഒരു ദൈവത്തെക്കുറിച്ചുള്ള സങ്കല്പം പോലെതന്നെ അബ്രഹാമിക് മതങ്ങളുടെ ഒരാധാരശിലയാണ്‌ മനുഷ്യന്‌ ഒരു പരലോകത്ത് മരണാനന്തരാസ്തിത്വമുണ്ടെന്നആശയം. വ്യക്തിപരമായ അമരത്വത്തെക്കുറിച്ചുള്ള കെട്ടുറപ്പുള്ള ഒരു സിദ്ധാന്തം യുക്തിയിൽ അധിഷ്ഠിതമായ ഒരു ജീവിതത്തെ ഹാനികരമായി ബാധിക്കുകയേയുള്ളു. മനുഷ്യൻ മരിച്ചാലും അവശേഷിക്കുന്ന ഒരു മനസ്സിനെക്കുറിച്ച് സ്പിനോസ തന്റെ 'എത്തിക്സി'ന്റെ അവസാനഭാഗത്തു പറയുന്നുണ്ട്. അതിൽ പക്ഷേ, വ്യക്തിപരമായി ഒന്നുമില്ല; അയാൾ തന്റെ ജീവിതകാലം കൊണ്ടു സ്വരൂപിച്ച അറിവും ആശയങ്ങളും ബാക്കിനില്ക്കുമെന്നേ അതുകൊണ്ടർത്ഥമാക്കാനുള്ളു. നിങ്ങൾ മരിച്ചാൽ, സ്പിനോസ പറയുന്നു, നിങ്ങൾ മരിച്ചു, അത്രതന്നെ.

(സ്പിനോസയെക്കുറിച്ച് സ്റ്റീഫൻ നാഡ്ലെർ എഴുതിയ ലേഖനത്തിൽ നിന്ന്)


******
തന്റെ സ്നേഹിതൻ ജയിലിലടയ്ക്കപ്പെട്ടു എന്നറിഞ്ഞ ദിവസം മുതൽ രാത്രിയിൽ കിടപ്പുമുറിയുടെ തറയിൽ കിടന്നുറങ്ങിയിരുന്ന ഒരാളെക്കുറിച്ച് ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്; തന്റെ സ്നേഹിതനു നിഷേധിക്കപ്പെട്ട ഒരു സുഖം തനിക്കും വേണ്ടെന്ന് സ്വമേധയാ തീരുമാനിക്കുകയായിരുന്നു അയാൾ. നമുക്കു വേണ്ടി വെറും തറയിൽ കിടന്നുറങ്ങാൻ ആരുണ്ടാവും, പ്രിയപ്പെട്ട സർ? എനിക്കതിനു കഴിയുമോ? ഞാൻ പറയട്ടെ, എനിക്കങ്ങനെ ചെയ്യണമെന്നുണ്ട്, ഞാനതു ചെയ്തുവെന്നും വരാം. അതെ, ഒരുനാൾ നമുക്കെല്ലാം അതിനു കഴിഞ്ഞെന്നുവരും, അതായിരിക്കും നമ്മുടെ മോക്ഷവും. പക്ഷേ, അതത്ര എളുപ്പമല്ല; കാരണം, സൗഹൃദം അശ്രദ്ധമാണ്‌, ബലഹീനമെങ്കിലുമാണ്‌. അതാഗ്രഹിക്കുന്നതു കൈവരിക്കാൻ അതിനു കഴിയാറില്ല. അല്ലെങ്കിൽ അത്ര തീവ്രമായി അതാഗ്രഹിക്കാത്തതുകൊണ്ടാവാം. നമ്മൾ ജീവിതത്തെ അത്ര തീവ്രമായി സ്നേഹിക്കാത്തതുകൊണ്ടാവാം. മരണം മാത്രമേ നമ്മുടെ ഉൾവികാരങ്ങളെ തട്ടിയുണർത്താറുള്ളു എന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? തൊട്ടുമുമ്പു മരിച്ചുപോയ സ്നേഹിതന്മാരോടു നമുക്കെന്തു സ്നേഹമാണ്‌- ശ്രദ്ധിച്ചിട്ടില്ലേ? നിശ്ശബ്ദരായിക്കഴിഞ്ഞ, വായിൽ മണ്ണടിഞ്ഞ, നമ്മുടെ അദ്ധ്യാപകരോട് നമുക്കെന്തു ബഹുമാനമാണ്‌! അപ്പോഴാണ്‌ നമ്മുടെ നാവിൽ നിന്ന് ആദരസൂചകമായ വാക്കുകൾ സ്വാഭാവികമെന്നപോലെ പുറത്തേക്കുവരുന്നത്, ജീവിതകാലം മുഴുവൻ അവർ കേൾക്കാൻ കൊതിച്ചിരിക്കാവുന്ന വാക്കുകൾ. മരിച്ചവരോടാണ്‌ നമ്മൾ കൂടുതൽ നീതിമാന്മാരും മഹാമനസ്കരുമാവുന്നത് എന്നതെന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അതിന്റെ കാരണം വളരെ ലളിതമാണ്‌! അവർക്കും നമുക്കുമിടയിൽ ഒരു ബാദ്ധ്യതയുമില്ല എന്നതുതന്നെ! അവർ നമ്മളെ നിർബ്ബന്ധിക്കുന്നതേയില്ല, നമുക്കൊഴിവു കിട്ടുമ്പോൾ മതി; നമ്മുടെ കോക്ക്ടെയ്ൽ പാർട്ടിക്കും നമ്മുടെ തല്ക്കാലകാമുകിക്കുമിടയിലെ ഇടവേളയിൽ, അതായത്, നമുക്കു മറ്റൊന്നും ചെയ്യാനില്ലാത്ത നേരത്തു കൊള്ളിക്കാവുന്നതേയുള്ളു ആ ആദരപ്രകടനം. അവർ നമ്മളെ എന്തിനെങ്കിലും നിർബ്ബന്ധിക്കുന്നുണ്ടെങ്കിൽ അത് ഓർമ്മിക്കപ്പെടാനാണ്‌, നമ്മുടെ ഓർമ്മകൾക്കാകട്ടെ, ആയുസ്സു കുറവുമാണ്‌. അതെ, നാം സ്നേഹിക്കുന്നത് അടുത്തിടെ മരിച്ച സ്നേഹിതരെയാണ്‌, വേദനിച്ചു മരിച്ചവരെയാണ്‌, നമ്മുടെ വികാരങ്ങളെയാണ്‌, എന്നു പറഞ്ഞാൽ, നമ്മളെത്തന്നെയാണ്‌!

(അൽബേർ കമ്യു- പതനം)

“നിങ്ങൾ ഇതിനനുഭവിക്കും!” താൻ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നതിനെതിരുനിന്ന അച്ഛനോട് ഒരു മകൾ പറഞ്ഞു. എന്നിട്ട് അവൾ പോയി ആത്മഹത്യയും ചെയ്തു. പക്ഷേ അച്ഛൻ യാതൊന്നും അനുഭവിച്ചില്ല. അയാൾക്ക് ചൂണ്ടയിടാൻ ഇഷ്ടമായിരുന്നു. മൂന്നാഴ്ച കഴിഞ്ഞ് അയാൾ പുഴയിൽ ചൂണ്ടയിടാൻ പോയി- മറക്കാൻ, എന്നാണ്‌ അയാൾ പറഞ്ഞത്. അയാൾ പറഞ്ഞത് ശരിയുമായിരുന്നു: അയാൾ അതു മറന്നു. സത്യം പറഞ്ഞാൽ, അങ്ങനെയല്ലെങ്കിലാണ്‌ അത്ഭുതം തോന്നേണ്ടത്. തന്റെ ഭാര്യയെ ശിക്ഷിക്കാനായി താൻ ചാവാൻ പോവുകയാണെന്ന് ഒരാൾ കരുതുന്നു; അയാൾ അവളെ സ്വതന്ത്രയാക്കുകയാണ്‌ ചെയ്യുന്നത്....സ്വേച്ഛയാ മരിക്കുന്നതുകൊണ്ടും ഒരാശയത്തിനു വേണ്ടി സ്വജീവൻ ബലി കഴിക്കുന്നതുകൊണ്ടും എന്തു പ്രയോജനം? നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ പ്രവൃത്തിക്ക് ബാലിശമോ അശ്ലീലമോ ആയ കാരണങ്ങൾ ആരോപിക്കാനാണ്‌ ആളുകൾ ആ അവസരം ഉപയോഗപ്പെടുത്തുക. മറക്കപ്പെടുക, പരിഹസിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക- രക്തസാക്ഷികൾക്ക് ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. മനസ്സിലാക്കപ്പെടുക- അതൊരിക്കലും ഉണ്ടാവില്ല!

(അല്ബേർ കമ്യു- പതനം)

എനിക്കാരും കൂട്ടുകാരില്ലെന്ന് എങ്ങനെയാണു ഞാൻ അറിയുക? വളരെ എളുപ്പം. എന്റെ കൂട്ടുകാരെ ഒന്നു കളിപ്പിക്കാനായി ആത്മഹത്യയെക്കുറിച്ചാലോചിക്കുമ്പോൾ എനിക്കതു മനസ്സിലായി. ഒരു തരത്തിൽ അതവർക്കൊരു ശിക്ഷയാകട്ടെ എന്നായിരുന്നു എന്റെ മനസ്സിൽ. എന്നാൽ ആരെ ശിക്ഷിക്കാൻ? ചിലർക്കത് ഒരത്ഭുതമായി തോന്നിയെന്നുവരാം, അല്ലാതെ ആരുമത് തങ്ങൾക്കൊരു ശിക്ഷയായി എടുക്കില്ല. എനിക്ക് ആരും കൂട്ടുകാരായി ഇല്ലെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. ഇനി, അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നു എന്നിരിക്കട്ടെ, അതുകൊണ്ടെനിക്കു കാര്യമായ ഗുണമൊന്നും ഉണ്ടാകാനും പോകുന്നില്ല. ആത്മഹത്യ ചെയ്യാൻ എനിക്കു സാദ്ധ്യമായെന്നിരിക്കട്ടെ, അതവരിൽ എന്തു പ്രഭാവമാണുണ്ടാക്കുന്നതെന്ന് എനിക്കും കാണാനും പറ്റിയെന്നിരിക്കട്ടെ, അപ്പോൾ, അതെ, അതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടായി എന്നു വരാം. എന്നാൽ, മണ്ണ്‌ ഇരുണ്ടതാണ്‌, എന്റെ സുഹൃത്തേ, തടി കട്ടികൂടിയതാണ്‌, ശവക്കച്ച വെളിച്ചം കടക്കാത്തതുമാണ്‌. അതേയതെ, ആത്മാവിന്റെ കണ്ണുകൾ- ആത്മാവ് എന്നൊന്നുണ്ടെങ്കിൽ, അതിനു കണ്ണുകളുമുണ്ടെങ്കിൽ!  പക്ഷേ നോക്കൂ, നമുക്കതു തീർച്ചയില്ല, തീർച്ചയാക്കാൻ പറ്റില്ല. അല്ലെങ്കിൽ ഇങ്ങനെയൊരു പരിഹാരമുണ്ട്; നിങ്ങളെ അവർ ഗൗരവത്തോടെ എടുക്കുകയെങ്കിലും ചെയ്യുക. നിങ്ങളുടെ വാദങ്ങൾ, നിങ്ങളുടെ ആത്മാർത്ഥത, അല്ലെങ്കിൽ നിങ്ങളനുഭവിക്കുന്ന യാതനയുടെ ഗൗരവം അവർക്കു ബോദ്ധ്യപ്പെടുകതന്നെയില്ല, നിങ്ങളുടെ മരണം കൊണ്ടല്ലാതെ. നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്തോളം നിങ്ങളുടെ കാര്യം സംശയാസ്പദമായിരിക്കും, അവരുടെ സംശയദൃഷ്ടിയേ നിങ്ങൾ അർഹിക്കുന്നുള്ളു. നിങ്ങൾക്കാ കാഴ്ച കണ്ടാസ്വദിക്കാം എന്ന എത്ര ചെറുതെങ്കിലുമായ തീർച്ച ഉണ്ടായാൽ മാത്രമേ, അവർ വിശ്വസിക്കാൻ തയാറില്ലാതിരുന്നതൊന്ന് അവർക്കു മുന്നിൽ തെളിയിച്ചുകൊടുത്ത് അവരെ അമ്പരപ്പിച്ചതുകൊണ്ടു കാര്യമുള്ളു. പക്ഷേ നിങ്ങൾ സ്വയം കൊല്ലുന്നു; എന്നിട്ടുപിന്നെ അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും അതുകൊണ്ടെന്തു നേടാൻ? അവരുടെ അന്ധാളിപ്പും പശ്ചാത്താപവും (അതെത്രയും അല്പായുസ്സുമായിരിക്കും) കാണാൻ, സ്വന്തം ശവസംസ്കാരത്തിനു സാക്ഷിയാവാൻ (ഏതു മനുഷ്യന്റെയും സ്വപ്നമാണത്) നിങ്ങൾ ഇല്ലല്ലോ. നമ്മളെക്കുറിച്ചുള്ള സംശയം ഇല്ലാതാവണമെങ്കിൽ നമ്മൾ ഇല്ലാതാവണം, അത്രതന്നെ.

(അൽബേർ കമ്യു- പതനം)
***

യുദ്ധം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ എവിടെയാണത്? എവിടെയാണ്‌ ആ അസംബന്ധനാടകം അരങ്ങേറുന്നത്, നാം വിശ്വസിക്കാൻ നിർബന്ധിതരായ വാർത്താക്കുറിപ്പുകളിലും നാം വായിക്കാൻ നിർബന്ധിതരായ അറിയിപ്പുകളിലുമല്ലാതെ? നീലക്കടലിനു മുകളിലെ നീലാകാശത്തതില്ല, ചീവീടുകളുടെ ചിലയ്ക്കലിൽ അതില്ല, കുന്നുകളിലെ സൈപ്രസ് മരങ്ങളിൽ അതില്ല. അൾജിയേഴ്സിലെ തെരുവുകളിൽ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ തുള്ളിച്ചാടുന്ന വെളിച്ചത്തിലും അതില്ല.
നമുക്കതിനെ വിശ്വസിക്കണമെന്നുണ്ട്. നാമതിന്റെ മുഖം തേടി നടക്കുന്നു; അതു പക്ഷേ മുഖം തരാതെ നടക്കുകയാണ്‌. ചക്രവർത്തിയായ ലോകത്തിന്റെ പ്രതാപം നിറഞ്ഞ മുഖമേ നാം കാണുന്നുള്ളു.
ആ ജന്തുവിനെ വെറുത്തുകൊണ്ടു നാം ജീവിക്കുകയായിരുന്നു. ഇന്നു പക്ഷേ അതു മുന്നിൽ വന്നു നില്ക്കുമ്പോൾ നമുക്കതിനെ തിരിച്ചറിയാൻ കഴിയുന്നില്ല. കാരണം, അത്ര കുറച്ചു കാര്യങ്ങൾക്കേ മാറ്റം വന്നിട്ടുള്ളു. ചെളിയും ചോരയും വീർപ്പു മുട്ടിക്കുന്ന മനംപുരട്ടലുമൊക്കെ പിന്നീടുണ്ടാവുമെന്നതു ശരി തന്നെ. ഇന്നു പക്ഷേ യുദ്ധത്തിന്റെ തുടക്കം സമാധാനത്തിന്റെ ആദ്യദിവസങ്ങൾ പോലെ തന്നെയാണെന്നു നാം കാണുന്നു: അതു വന്നുവെന്നു ലോകത്തിനോ നമ്മുടെ ഹൃദയങ്ങൾക്കോ അറിയില്ല.
(രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ അൽബേർ കമ്യു തന്റെ നോട്ടുബുക്കുകളിൽ എഴുതിയത്)


മൂത്ത മകൻ പുറപ്പെടുകയാണ്‌. അമ്മയുടെ മുന്നിലിരുന്നുകൊണ്ട് അയാൾ പറയുന്നു: “ഇതു കൊണ്ടൊന്നും വരാനില്ലമ്മേ.” അമ്മ ഒന്നും മിണ്ടുന്നില്ല. അവർ മേശപ്പുറത്തു കിടന്ന ഒരു കടലാസ് കൈയിലെടുത്തു പിടിച്ചിരിക്കുന്നു. അവർ അതു രണ്ടായി മടക്കുന്നു, പിന്നെ നാലായി, പിന്നെ എട്ടായി.
(അൽബേർ കമ്യു - 1939ൽ യുദ്ധത്തിനു പോയ മൂത്ത സഹോദരൻ ലൂസിയനെക്കുറിച്ചുള്ള ഓർമ്മ)


ഒരു പ്രായമെത്തിയാല്‍ പിന്നെ സ്നേഹം എന്ന വികാരം നമ്മെ സ്പർശിക്കാതെയാകുന്നു. ശേഷിക്കുന്നത് ദുരന്തമാണ്‌. ആർക്കെങ്കിലും വേണ്ടിയോ എന്തിനെങ്കിലും വേണ്ടിയോ ജീവിക്കുക എന്നത് നിരർത്ഥകമാകുന്നു. എന്തിനെങ്കിലും വേണ്ടി മരിക്കുക എന്ന ആശയത്തിനേ അർത്ഥം നഷ്ടപ്പെടാതെയുള്ളു എന്നു നമുക്കു തോന്നിപ്പോകുന്നു.

-അൽബേർ കമ്യു (നോട്ടുബുക്കുകൾ -1939-42)


ഏറെക്കാലം ഒറ്റയ്ക്കു ജീവിച്ച ശേഷം ഒരു കുട്ടിയെ ദത്തെടുത്ത ഒരാൾ. ഒരേകാകിയുടെ ഭൂതകാലമൊന്നാകെ അയാൾ അവനു മേൽ എടുത്തുചൊരിയുന്നു. താനും ആ കുട്ടിയും മാത്രം ജീവിക്കുന്ന ആ ഇടുങ്ങിയ കൊച്ചുപ്രപഞ്ചത്തിന്റെ നാഥനാണു താനെന്ന്, പ്രതാപം നിറഞ്ഞൊരു രാജ്യത്തിന്റെ ഭരണാധികാരിയാണു താനെന്ന് അയാൾക്കു തോന്നുന്നു. അയാൾ ആ കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു; ചാപല്യങ്ങളും അന്യായമായ ആവശ്യങ്ങളും കൊണ്ട് അവനെ ഭ്രാന്തെടുപ്പിക്കുന്നു. ഒടുവിൽ ഒരു ദിവസം കുട്ടി ഒളിച്ചോടിക്കളയുന്നു. അയാൾ പിന്നെയും ഒറ്റയ്ക്കാവുന്നു- കണ്ണീരുമായി, ഉടഞ്ഞുപോയൊരു കളിപ്പാട്ടത്തിന്റെ പേരിൽ പതഞ്ഞുയരുന്ന സ്നേഹവുമായി.
(അൽബേർ കമ്യു - നോട്ടുബുക്കുകൾ-3)


പ്ലേഗിന്റെ ബാക്റ്റീരിയ ഒരിക്കലും പൂർണ്ണമായി നശിക്കുകയോ മറയുകയോ ചെയ്യില്ല. എത്ര കൊല്ലം വേണമെങ്കിലും ഫർണ്ണീച്ചറിലും തുണികളിലും സുപ്തമായി കിടക്കാൻ അതിനു കഴിയും. കിടപ്പുമുറികളിൽ, നിലവറകളിൽ, പെട്ടികളിൽ, തൂവാലകളിൽ, പഴയ കടലാസ്സുകളിൽ അത് ക്ഷമയോടെ കാത്തുകിടക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മനുഷ്യവർഗ്ഗത്തിന്റെ ശിക്ഷണത്തിനോ നിർഭാഗ്യത്തിനോ പ്ലേഗ് അതിന്റെ എലികളെ തട്ടിയുണർത്തും, സ്വയംതൃപ്തമായ ഏതെങ്കിലും നഗരത്തിൽ പോയി ചാവാൻ അവയെ പറഞ്ഞുവിടും....

(അല്ബേർ കമ്യു - പ്ലേഗ്)

കവിയുടെ മുതിർച്ചയെക്കുറിച്ച് ഏണെസ്റ്റോ കാർഡിനൽ ഒരഭിമുഖത്തിൽ ഇങ്ങനെ പറയുന്നു: “മുതിരുമ്പോൾ മുമ്പെഴുതാൻ പറ്റാതിരുന്ന കാര്യങ്ങൾ നിങ്ങൾക്കെഴുതാൻ പറ്റുന്നു. ഒരു പ്രത്യേകപ്രമേയത്തിൽ നിന്നോ സന്ദർഭത്തിൽ നിന്നോ കവിത പുറത്തെടുക്കാൻ അന്നു നിങ്ങൾക്കു കഴിഞ്ഞിരുന്നില്ല. പിന്നീട്, നിങ്ങളുടെ സാങ്കേതികവൈദഗ്ധ്യം മെച്ചപ്പെട്ടു എന്നതിനാൽ, നിങ്ങൾക്കതിനു കഴിയുന്നു. ചെറുപ്പത്തിൽ അസാദ്ധ്യമെന്നു തോന്നിയിരുന്ന കാര്യങ്ങൾ അനായാസമായി ചെയ്യാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്. ചിത്രകാരന്മാരുടെ കാര്യത്തിലും ഇതു ശരിയാണെന്നു തോന്നുന്നു; അവരുടെ കാര്യത്തിൽ മാത്രമല്ല, എല്ലാ കലാകാരന്മാരുടെയും കാര്യത്തിൽ, അല്ല, സർഗ്ഗാത്മകമായി പണിയെടുക്കുന്ന എല്ലാവരുടെയും കാര്യത്തിൽ ഇതു ശരിയാണ്‌. രാഷ്ട്രീയക്കാർ പോലും  കാലക്രമേണ പക്വത ആർജ്ജിക്കുന്നുണ്ട്; അവർ കൂടുതൽ തീക്ഷ്ണബുദ്ധികളോ സൂത്രശാലികളോ ആയെന്നുവരാം...”


ഈ കോസ്റ്റാറിക്കൻ റോസാപ്പൂക്കൾ സ്വീകരിക്കൂ, മിറിയം,
എന്റെയീ പ്രണയകവിതകൾക്കൊപ്പം;
എന്റെ കവിതകൾ നിന്നെയോർമ്മിപ്പിക്കും,
റോസാപ്പൂ മുഖങ്ങൾ നിന്റെ മുഖം പോലെയാണെന്ന്;
റോസാപ്പൂക്കൾ നിന്നെയോർമ്മിപ്പിക്കും,
പ്രണയവുമൊരുനാൾ പറിച്ചെടുക്കപ്പെടുമെന്ന്,
ഗ്രീസും റോമും പോലെ
നിന്റെ മുഖവുമൊരുനാൾ മാഞ്ഞുപോകുമെന്ന്.
പ്രണയവും കോസ്റ്റാറിക്കൻ റോസാപ്പൂക്കളുമില്ലാതെവരുമ്പോൾ
നിനക്കോർമ്മിക്കാം, മിറിയം, ഈ വിഷാദഗാനം.


ആഞ്ഞുപതിക്കുന്ന മഴത്തുള്ളികൾ
കോണി കയറിവരുന്ന കാലടികൾ പോലെയാണ്‌;
വാതിലിൽ കാറ്റിന്റെ പ്രഹരങ്ങൾ
കയറിവരാൻ പോകുന്ന ഒരു സ്ത്രീയെപ്പോലെയാണ്‌.
*

എന്നോടേറ്റവുമടുത്തവൾ
നീയായിരുന്നു,
എന്നിട്ടും നിന്നെ ഞാൻ കണ്ടിട്ടില്ല,
യുഗങ്ങളായി.
*

എന്നെക്കാണാൻ സ്വപ്നത്തിൽ നീ വന്നു,
എന്നാൽ പോയപ്പോൾ നീ വിട്ടുപോയ ശൂന്യത,
അതെത്ര യഥാർത്ഥമായിരുന്നു.
*


(ഏണെസ്റ്റോ കാർഡിനൽ)

ഏറെക്കാലം മി. കെയെ കാണാതിരുന്ന ഒരാൾ പിന്നെ അയാളെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞാണ്‌ എതിരേറ്റത്: “നിങ്ങൾക്കൊരു മാറ്റവും ഇല്ല.” “അയ്യോ!” മി. കെ പറഞ്ഞു; എന്നിട്ടയാളുടെ മുഖം വിളറുകയും ചെയ്തു.

കത്തി വാങ്ങാൻ വന്നയാളെ തന്റെ കത്തിയുടെ ഗുണഗണങ്ങൾ പറഞ്ഞുകേൾപ്പിക്കുകയാണ്‌ കത്തിവില്പനക്കാരൻ; എത്ര നല്ലൊരു കത്തിയാണ്‌ അയാൾക്കു ലഭിക്കുന്നതെന്ന് അയാൾക്കു ബോദ്ധ്യം വരാനായി ഒടുവിൽ അയാളെ ആ കത്തി കൊണ്ട് കുത്തിക്കൊല്ലുകയും ചെയ്യുന്നു.

(ബ്രെഹ്റ്റ്)

വേദനയോ ദുഃഖമോ കൊണ്ട് കൈ ഞെരിക്കുകയും കരഞ്ഞുവിളിക്കുകയും ചെയ്യുന്നവരെക്കാണുമ്പോൾ ഞാൻ മനസ്സിൽ പറയാറുണ്ട്, അവർക്കു തങ്ങളുടെ അവസ്ഥയുടെ പൂർണ്ണഗൗരവം മനസ്സിലായിട്ടില്ലെന്ന്. ഒരു സഹായവും കിട്ടാൻ പോകുന്നില്ലെന്ന് അവർ മറന്നുപോയിരിക്കുന്നു; ദൈവം അവരെ കാരണമില്ലാതെ ശിക്ഷിക്കുകയോ അവരെ ഉപേക്ഷിച്ചുപോവുകയോ അല്ല ഉണ്ടായിരിക്കുന്നത്, ദൈവം തന്നെ ഇല്ല എന്നതാണു കാര്യമെന്ന് അവർക്കു ബോദ്ധ്യമായിട്ടില്ല.

(ബ്രെഹ്റ്റ്)

 
നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കരുത്.
നിങ്ങളുടെ കാതുകളെ വിശ്വസിക്കരുത്.
നിങ്ങൾ കാണുന്നതിരുട്ടാണ്‌.
അതിനി വെളിച്ചമാണെന്നും വരാം.

(ബ്രെഹ്റ്റ്)

ഈ കവിത വായിക്കുന്ന ഏതൊരാളും ഒരു കവാടത്തിനുള്ളിലൂടെന്നപോലെ കവിയിലൂടെ കടന്നുപൊയ്ക്കഴിഞ്ഞിരിക്കുന്നു; മഴയും വെയിലുമേറ്റു മങ്ങിയ അക്ഷരങ്ങളിൽ അയാൾക്ക് ഒരു ബി.ബി.യെ വായിച്ചെടുക്കാം. ഒരു കവാടം അതിലൂടെ കടന്നുപോകുന്ന യാത്രക്കാരനെ പിടിച്ചുനിർത്തുന്നില്ലെന്നപോലെ കവിയ്ക്കും വായനക്കാരനെ തടഞ്ഞുനിർത്താൻ ആഗ്രഹമില്ല. ആ വളച്ചുവാതിൽ നൂറ്റാണ്ടുകൾക്കു മുമ്പു പണിതതാണെന്നുവരാം; അതിപ്പോഴും അവിടെ നില്ക്കുന്നത് അതാർക്കും വഴിമുടക്കിയായില്ല എന്നതുകൊണ്ടാണ്‌. അയാൾ ആരുടെയും വഴി മുടക്കുന്നില്ലെങ്കിൽ അയാൾക്ക് തന്റെ ഇരട്ടപ്പേരിനോടു നീതി പുലർത്താം: “പാവം ബി.ബി”. ആരുടെയും വഴി മുടക്കാത്ത ഒരാളുടെ ജീവിതത്തിൽ കാര്യമായിട്ടൊന്നും സംഭവിക്കുന്നില്ല, അയാളെ കാര്യമാക്കാനുമില്ല; അല്ലെങ്കിൽ ആളുകളുടെ വഴി മുടക്കാൻ മനഃപൂർവ്വം അയാൾ തീരുമാനമെടുക്കണം, തന്നെ കാര്യമായിട്ടെടുക്കേണ്ടതുണ്ടെന്ന് അയാൾ ഉറപ്പാക്കണം. അങ്ങനെയൊരു തീരുമാനത്തിന്റെ സാക്ഷ്യമാണ്‌ പില്ക്കാലകവിതകൾ. അവ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം  വർഗ്ഗസമരമാണ്‌. ഒരു ലക്ഷ്യത്തിന്റെ ഏറ്റവും നല്ല കാവല്ക്കാരൻ സ്വയം വിമുക്തനാക്കിക്കൊണ്ട് ഒരു തുടക്കം കുറിയ്ക്കുന്നവനാണ്‌.

(ബ്രെഹ്റ്റിന്റെ പാവം ബി.ബി. എന്ന കവിതയെ വ്യാഖ്യാനിച്ചുകൊണ്ട് വാൾട്ടർ ബന്യാമിൻ എഴുതിയത്)

നിങ്ങൾ എന്തു പറഞ്ഞാലും
രണ്ടാമതൊരിക്കൽ അതു പറയരുത്.
നിങ്ങളുടെ ആശയങ്ങൾ
മറ്റേതെങ്കിലും ഒരാളിൽ കണ്ടാൽ
അവ കൈയൊഴിഞ്ഞേക്കൂ.
ഒന്നിലും ഒപ്പിടാത്ത ഒരാൾ,
ഒരു ചിത്രവും ശേഷിപ്പിക്കാത്ത ഒരാൾ,
അവിടെയില്ലാത്ത ഒരാൾ,
ഒന്നും പറയാത്ത ഒരാൾ:
എങ്ങനെയാണയാളെ പിടിക്കുക?
നിങ്ങൾ പോന്ന വഴി മറയ്ക്കുക.

(ബ്രെഹ്റ്റ്)

നഗരവാസികൾക്കുള്ള കൈപ്പുസ്തകം എന്ന കവിതയിൽ നിന്ന്

അന്യവല്ക്കരണത്തിനു പല രൂപങ്ങളുള്ളതിൽ ഏറ്റവും സാധാരണമായിട്ടുള്ളതാണ്‌ ഭാഷയിലെ അന്യവല്ക്കരണം. ഞാൻ എന്റെ ഒരു മനോവികാരം ഒരു വാക്കിലൂടെ പ്രകടിപ്പിക്കുമ്പോൾ, ഉദാഹരണത്തിന്‌, “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നു പറയുമ്പോൾ, എന്റെ ഉള്ളിലുള്ള ഒരു യാഥാർത്ഥ്യത്തെ, എന്റെ സ്നേഹത്തിന്റെ ബലത്തെ സൂചിപ്പിക്കുക എന്നതാണ്‌ ആ വാക്കു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. ‘സ്നേഹം’ എന്ന വാക്ക് ‘സ്നേഹം’ എന്ന വസ്തുതയുടെ പ്രതീകമായിട്ടാണ്‌ ഞാൻ ഉപയോഗിക്കുന്നതെങ്കിലും, ഉച്ചരിച്ചുകഴിഞ്ഞാലുടനേ അത് സ്വന്തമായിട്ടൊരു ജീവിതം കൈക്കൊള്ളുന്നു, അത് ഒരു യാഥാർത്ഥ്യമാകുന്നു. ആ വാക്കു പ്രയോഗിക്കുക എന്നാൽ അതനുഭവിക്കുക എന്നായി എന്നൊരു മിഥ്യാബോധത്തിന്‌ ഞാൻ അടിമയാകുന്നു; ഒടുവിൽ എന്റെ മനസ്സിനെ സ്പർശിക്കാത്ത, സ്നേഹം എന്ന ആശയത്തെ മാത്രം ദ്യോതിപ്പിക്കുന്ന ഒരു വാക്കായി ഞാൻ അതുപയോഗിക്കാൻ തുടങ്ങുന്നു.

(എറിക് ഫ്രോം)

“മനുഷ്യൻ സ്വഭാവം കൊണ്ടുതന്നെ ദുഷ്ടനാണ്‌” എന്ന പ്രസ്താവന “മനുഷ്യൻ സ്വഭാവേന നല്ലവനാണ്‌” എന്ന പ്രസ്താവനയെക്കാൾ ഒരല്പം പോലും മേലെയല്ല, യാഥാർത്ഥ്യബോധത്തിന്റെ കാര്യത്തിൽ. ആദ്യത്തെ പ്രസ്താവന നടത്താൻ കുറച്ചുകൂടി എളുപ്പമാണെന്നേയുള്ളു: മനുഷ്യന്റെ ദുഷ്ടത തെളിയിക്കാൻ നടക്കുന്ന ആർക്കും അനുയായികളെ കിട്ടാൻ ഒരു പ്രയാസവുമില്ല- എന്തെന്നാൽ എല്ലാവർക്കും  അവനവന്റെ പാപങ്ങൾക്ക് ഒരൊഴികഴിവ് നല്കുകയാണല്ലോ അയാൾ ചെയ്യുന്നത്. എന്നാൽ അയുക്തികമായ നൈരാശ്യബോധം പ്രചരിപ്പിക്കുന്നതുതന്നെ വിനാശകരമാണ്‌, ഏതസത്യവും പ്രചരിപ്പിക്കുന്നപോലെ. അത് മനുഷ്യരെ നിരുത്സാഹപ്പെടുത്തുകയും ആശയക്കുഴപ്പത്തിൽ വീഴ്ത്തുകയുമാണ്‌.
***

ശുഭാപ്തിവിശ്വാസികൾ ഒരു കേടും തട്ടാതെ ജീവിച്ചുപോകും, തല്ക്കാലത്തേക്കെങ്കിലും. അല്ലെങ്കിൽ അതാണവരുടെ വിചാരം എന്നും പറയാം; കാരണം തങ്ങളുടെ പേരക്കുട്ടികളുടെ ഭാവി തന്നെ അപകടത്തിലാണ്‌ എന്ന ഭീഷണി പോലും ഉള്ളിൽ തട്ടാത്ത രീതിയിൽ അത്രയ്ക്കവർ അന്യവത്കൃതരായിരിക്കുകയാണ്‌. നൈരാശ്യവാദികളും ഇക്കാര്യത്തിൽ പറയുന്നത്ര ഭിന്നരല്ല. അവരും മറ്റവരെപ്പോലെതന്നെ സുഖമായി ജീവിക്കുന്നു, അവരെപ്പോലെതന്നെ ഒന്നിലും ഇടപെടാതെ ഒഴിഞ്ഞുനടക്കുകയും ചെയ്യുന്നു. മനുഷ്യവർഗ്ഗത്തിന്റെ വിധി ശുഭാപ്തിവിശ്വാസികൾക്കെന്നപോലെ ഇവർക്കും വലിയ കാര്യമൊന്നുമല്ല. അവർ ഉള്ളുകൊണ്ട് ഹതാശരല്ല; ആയിരുന്നെങ്കിൽ ഇപ്പോഴത്തെപ്പോലെ തൃപ്തരായി അവർ ജീവിക്കില്ല, അതിനവർക്കു കഴിയുമായിരുന്നില്ല. ഒന്നും ശരിയാവാൻ പോകുന്നില്ല എന്ന വാദം മറയാക്കി എന്തെങ്കിലും ചെയ്യൂ എന്ന ഉൾവിളിയിൽ നിന്ന് സ്വയം രക്ഷ നേടുകയാണവർ. ശ്ശുഭാപ്തിവിശ്വാസികളാവട്ടെ, ആ ഉൾവിളിയിൽ നിന്നു സ്വയം രക്ഷിക്കുന്നത് കാര്യങ്ങൾ ശരിയായ ദിശയിലൂടെയാണു നീങ്ങുന്നതെന്നും അതിനാൽ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ല എന്നും സ്വയം വിശ്വസിപ്പിച്ചുകൊണ്ടാണ്‌.

(എറിക് ഫ്രോം)


മറ്റു ജന്തുക്കൾക്കുള്ള ആ സഹജബോധം, ജന്തുവാസന, മനുഷ്യനില്ല; അവയെപ്പോലെ ഓടിയകലാനോ ചെന്നാക്രമിക്കാനോ സജ്ജനുമല്ല അവൻ. “അപ്രമാദിത്വം‘ അവനറിയില്ല. മുട്ടയിടാൻ  പുഴയുടെ ഏതു ഭാഗത്തേക്കു മടങ്ങണമെന്ന് സാൽമൺ മീനുകൾക്കറിയാം; മഞ്ഞുകാലത്ത് തെക്കൻനാടുകളിൽ എവിടേയ്ക്കു കുടിയേറണമെന്നും വേനല്ക്കാലത്ത് എവിടേയ്ക്കു മടങ്ങണമെന്നും പല പക്ഷികൾക്കുമറിയാം. എന്നാൽ മനുഷ്യന്റെ തീരുമാനങ്ങളെടുക്കുന്നത് അവന്റെ ജന്മവാസനയല്ല; അവന്റെ തീരുമാനങ്ങൾ അവനായിത്തന്നെ എടുക്കണം. പക്ഷാന്തരങ്ങളാണ്‌ അവന്റെ മുന്നിൽ വരുന്നത്; ഏതു തീരുമാനമെടുത്താലും പരാജയപ്പെടാമെന്ന അപകടവുമുണ്ട്. ബോധത്തിനു പകരമായി മനുഷ്യൻ കൊടുക്കേണ്ട വില അരക്ഷിതത്വമാണ്‌. മനുഷ്യാവസ്ഥയെക്കുറിച്ചു ബോധവാനായും അതിനെ അംഗീകരിച്ചും വിജയിക്കുമെന്നുറപ്പില്ലെങ്കിലും താൻ തോല്ക്കില്ലെന്ന പ്രത്യാശ സൂക്ഷിച്ചുമാണ്‌ ആ അരക്ഷിതത്വത്തിൽ അവൻ പിടിച്ചുനില്ക്കേണ്ടത്. അവനു തീർച്ചകളില്ല; തീർച്ചയോടെ അവനു പ്രവചിക്കാൻ കഴിയുന്നത് ഇതു മാത്രമാണ്‌: ”ഞാൻ മരിക്കും.“

(എറിക് ഫ്രോം)


പരസ്പരം അപരിചിതരായ രണ്ടു പേർ (നാമെല്ലാം അങ്ങനെ തന്നെയാണല്ലോ) തങ്ങൾക്കിടയിലെ ചുമർ പെട്ടെന്നിടിഞ്ഞുവീഴാൻ അനുവദിക്കുകയും തങ്ങൾ തമ്മിലടുത്തുവെന്നും തങ്ങൾ ഒന്നാണെന്നുമുള്ള തോന്നലിലേക്കെത്തുകയും ചെയ്യുമ്പോൾ ആ ഒന്നാകലിന്റെ മുഹൂർത്തം ജീവിതത്തിലെ ഏറ്റവും ഉത്തേജകവും ആഹ്ളാദദായകവുമായ അനുഭവങ്ങളിൽ ഒന്നാവുകയാണ്‌. സ്വയം കൊട്ടിയടച്ചവരും ഒറ്റപ്പെട്ടവരും സ്നേഹമറിയാത്തവരുമാണവരെങ്കിൽ അത്രയ്ക്കത് ഒരു ദിവ്യാത്ഭുതം പോലെ അവർക്കനുഭവപ്പെടുകയും ചെയ്യും. ലൈംഗികാകർഷണവും അതിന്റെ പൂർത്തീകരണവും പലപ്പോഴും ആ ദിവ്യാത്ഭുതം നടക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്, അതിനൊപ്പമായോ അല്ലെങ്കിൽ തുടക്കമായോ. പക്ഷേ ഈ തരം സ്നേഹം അതിന്റെ സ്വഭാവം കൊണ്ടു തന്നെ ശാശ്വതവുമല്ല. അടുത്തറിഞ്ഞു വരുമ്പോൾ അവരുടെ അടുപ്പത്തിന്റെ അത്ഭുതസ്വഭാവം കൂടുതൽ കൂടുതൽ നഷ്ടമാവുകയാണ്‌; ഒടുവിൽ അവർക്കിടയിലെ വൈരുദ്ധ്യങ്ങളും അവരുടെ ഇച്ഛാഭംഗങ്ങളും അന്യോന്യമുള്ള മടുപ്പും തുടക്കത്തിലെ ആവേശത്തിൽ നിന്നു ശേഷിച്ചതെന്തെങ്കിലുമുണ്ടെങ്കിൽ അതിനെ കൊന്നുകളയുകയും ചെയ്യുന്നു. എന്നാൽ തുടക്കത്തിൽ അവർക്കിതൊന്നും അറിവുണ്ടായിരുന്നില്ല. തങ്ങളുടെ ഭ്രമത്തിന്റെ തീവ്രത തങ്ങളുടെ സ്നേഹത്തിന്റെ തീവ്രതയ്ക്കു തെളിവായിട്ടാണ്‌ അവർ എടുത്തത്; വാസ്തവത്തിലത് അവർക്കു തുടക്കത്തിൽ ഉണ്ടായിരുന്ന ഒറ്റപ്പെടലിന്റെ തീവ്രതയുടെ തെളിവു മാത്രമായിരുന്നു...
(എറിക് ഫ്രോം)

ആധുനികസമൂഹത്തിൽ ഇന്നു നാം കാണുന്ന തരത്തിലുള്ള അന്യവല്ക്കരണം മിക്കവാറും പൂർണ്ണമാണെന്നു പറയണം. മുമ്പൊരിക്കലുമില്ലാത്ത രീതിയിൽ മനുഷ്യനിർമ്മിതമായ വസ്തുക്കളുടെ ഒരു ലോകമാണ്‌ മനുഷ്യൻ സൃഷ്ടിച്ചിരിക്കുന്നത്. താൻ പണിത ആ സാങ്കേതികയന്ത്രത്തിന്റെ നിർവ്വഹണത്തിനായി സങ്കീർണ്ണമായ ഒരു സാമൂഹികയന്ത്രവും അവൻ നിർമ്മിച്ചു. താൻ കെട്ടഴിച്ചുവിടുന്ന ശക്തികൾ എത്രയ്ക്കു ബലവത്തും ഭീമവുമാകുന്നുവോ, അത്രയ്ക്ക് ഒരു മനുഷ്യജീവി എന്ന നിലയിൽ താൻ അശക്തനാവുകയാണെന്ന് അവനു തോന്നുന്നുമുണ്ട്. അവന്റെ സൃഷ്ടികളാണ്‌  ഇപ്പോൾ അവന്റെ ഉടമസ്ഥൻ ; അവനു സ്വന്തം ഉടമസ്ഥത നഷ്ടമായിരിക്കുന്നു.

(എറിക് ഫ്രോം)



അമ്മേ,
നിന്റെ ജീവിതാന്ത്യത്തിലേക്കെന്റെ കൈകളിൽ
നിന്നെയെടുത്തുകൊണ്ടുപോകാനെനിക്കായെങ്കിൽ,
കൈക്കുഞ്ഞായിരുന്നപ്പോൾ നീയെന്നെ
മാറത്തു നിന്നു തൊട്ടിലിലേക്കെടുത്തുകിടത്തിയിരുന്നപോലെ.

(ഹുവാൻ റമോൺ ഹിമെനെഥ്)


ലിന്റ പാസ്റ്റൻ- നിർദ്ദേശങ്ങൾ

സ്വന്തം വേദനയെ 
കൈകളിലെടുത്തു
നിങ്ങൾ താരാട്ടണം,
അതുറക്കം പിടിച്ചാൽ
വെളിച്ചമില്ലാത്തൊരു മുറിയിൽ
അതിനെക്കിടത്തി
ശബ്ദമുണ്ടാക്കാതെ നിങ്ങൾ
പുറത്തേക്കു പോകണം.
സമാധാനത്തിന്റെ ശൂന്യത
ഒരു നിമിഷത്തേക്കു നിങ്ങളറിയും.
എന്നാൽ, അടുത്ത മുറിയിൽ
നിങ്ങളുടെ വേദനയ്ക്കു
പിന്നെയും അനക്കം വയ്ക്കുന്നു.
വൈകാതെയതു നിങ്ങളെ
പേരെടുത്തുവിളിക്കുകയും ചെയ്യും.





ചാൾസ് സിമിക് - ജനുവരി
---------------------
വിവ: വി രവികുമാർ

ഒരു ചെറിയ സ്കൂൾകെട്ടിടത്തിന്റെ
മഞ്ഞുറഞ്ഞ ജനാലച്ചില്ലിൽ
കുട്ടികളുടെ വിരല്പാടുകൾ.

ഒരു സാമ്രാജ്യം, ഞാനെവിടെയോ വായിച്ചു,
സ്വയം നിലനിർത്തിപ്പോരുന്നത്
അതിന്റെ തടവറകളിലെ ക്രൂരതകളിലൂടെയാണ്‌.


പ്രേമിക്കുന്നവർക്കിടയിൽ പോലും ഏകാന്തത പൂർണ്ണമായി ഇല്ലാതാകുന്നില്ല. തിരിച്ചുപറഞ്ഞാൽ, ഏകാന്തത ഒരിക്കലും കേവലമല്ല. നാം എപ്പോഴും ആരോടെങ്കിലുമൊപ്പമാണ്‌, അതിനി സ്വന്തം നിഴലായാലും. നാം ഒരിക്കലും ഒരാളല്ല- നാം എപ്പോഴും നമ്മളാണ്‌. മനുഷ്യജീവിതത്തിന്റെ ധ്രുവങ്ങളാണ്‌ ആ രണ്ടറ്റങ്ങൾ.

(ഒക്റ്റേവിയോ പാസ്)

ഉല്പാദനവും ഉപഭോഗവുമാണ്‌ മനുഷ്യജീവിതത്തിന്റെ അർത്ഥമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ ജീവിതത്തെ സാമ്പത്തികശാസ്ത്രമായി ചുരുക്കാൻ നമുക്കു പറ്റില്ല. സാമൂഹ്യനീതിയില്ലാത്ത ഒരു സമൂഹം നല്ല സമൂഹമല്ലെങ്കിൽ, കവിതയില്ലാത്ത സമൂഹം സ്വപ്നങ്ങളില്ലാത്ത, വാക്കുകളില്ലാത്ത ഒരു സമൂഹമാണ്‌; മനുഷ്യനും മനുഷ്യനുമിടയിൽ പാലമിടുന്ന കവിത അവിടെയില്ല. മറ്റു ജന്തുക്കളിൽ നിന്നു നാം വ്യത്യസ്തരായിരിക്കുന്നത് നമുക്കു സംസാരിക്കാൻ കഴിയുന്നു എന്നതുകൊണ്ടാണ്‌; ഭാഷയുടെ പരമോന്നതമായ രൂപമാകട്ടെ, കവിതയും. കവിതയെ നിരോധിക്കുമ്പോൾ സമൂഹം ആത്മീയമായ ആത്മഹത്യ ചെയ്യുകയാണ്‌.

(ഒക്റ്റേവിയോ പാസ്)

ഒരു മനുഷ്യന്റെ ഭാഗധേയം അയാൾക്കു പുറമേ നിന്നാണു വരുന്നതെങ്കിൽ അതയാളെ നിലത്തു വീഴ്ത്തുന്നു, ഒരമ്പ് മാനിനെ നിലത്തു വീഴ്ത്തുന്നപോലെ; ഒരു മനുഷ്യന്റെ ഭാഗധേയം അയാളുടെ ഉള്ളിൽ നിന്ന്, അയാളുടെ ആന്തരസത്ത്യിൽ നിന്നാണു വരുന്നതെങ്കിൽ അതയാളെ കരുത്തനാക്കുന്നു, അതയാളെ ദേവനാക്കുന്നു. തന്റെ ഭാഗധേയം തിരിച്ചറിഞ്ഞ ഒരാൾ ഒരിക്കലും അതു മറ്റൊന്നാക്കാൻ ശ്രമിക്കില്ല. സ്വന്തം ഭാഗധേയം മാറ്റിയെടുക്കാനുള്ള ശ്രമം ബാലിശമായ ഒരുദ്യമമാണ്‌; മനുഷ്യർ തമ്മിലുള്ള കലഹത്തിലേക്കും മരണത്തിലേക്കുമാണ്‌ അതു നയിക്കുന്നത്. എല്ലാ ദുഃഖവും വിഷവും മരണവും അന്യമായ, അടിച്ചേല്പിക്കപ്പെടുന്ന ഭാഗധേയമാണ്‌. എന്നാൽ യഥാർത്ഥമായ ഏതു പ്രവൃത്തിയും, നല്ലതും ആനന്ദപ്രദവും സഫലവുമായിട്ടുള്ളതെല്ലാം 

മിക്ക മനുഷ്യരും, എന്നു പറഞ്ഞാൽ പറ്റമായി ജീവിക്കുന്നവർ, ഒരിക്കലും ഏകാന്തതയുടെ രുചിയറിഞ്ഞിട്ടുള്ളവരല്ല. അവർ അച്ഛനമ്മമാരെ വിട്ടുപോകുന്നുവെങ്കിൽ അതൊരു ഭാര്യയിലേക്കു ചുരുണ്ടുകൂടാനും പുതിയ ഊഷ്മളതകൾക്കും ബന്ധങ്ങൾക്കും പരിഭവമില്ലാതെ കീഴടങ്ങാനുമാണ്‌. അവർ ഒരിക്കലും ഒറ്റയ്ക്കല്ല, തന്നോടുതന്നെയുള്ള വേഴ്ച അവർ അറിഞ്ഞിട്ടില്ല. ഏകാകിയായ ഒരു മനുഷ്യൻ എതിരേ വരുന്നതു കണ്ടാൽ അവർക്കയാളെ ഭയമാകുന്നു, പ്ലേഗു പോലെ അവർ അയാളെ വെറുക്കുന്നു; അവരയാളെ കല്ലെടുത്തെറിയുന്നു, അയാളിൽ നിന്നെത്രയും അകലത്തുപോയാലല്ലാതെ അവർക്കു മനസ്സമാധാനം കിട്ടുന്നുമില്ല. അയാളെ ചുഴലുന്ന വായുവിന്‌ നക്ഷത്രങ്ങളുടെ ഗന്ധമാണ്‌, തണുത്ത നക്ഷത്രാന്തരാളങ്ങളുടെ ഗന്ധമാണ്‌. വീടകങ്ങളുടേയും മുട്ടകളടവച്ച കൂടുകളുടേയും മൃദൂഷ്മളമായ സുഗന്ധം അയാൾക്കില്ല

(ഹെർമ്മൻ ഹെസ്സെ)


സാദൃശ്യത്തിന്റെ കലയാണ്‌ വിവർത്തനം, പാരസ്പര്യങ്ങൾ കണ്ടെത്തുക എന്ന കല. നിഴലുകളുടേയും മാറ്റൊലികളുടേയും കല...കവിതയുടെ സത്ത തന്നെ സാദൃശ്യമാണെന്ന് ബോദ്‌ലേർ പറയുന്നു. ഭാഷ തന്നെ ഒരു സൂക്ഷ്മപ്രപഞ്ചമാണെന്ന, പ്രപഞ്ചത്തിന്റെ ഇരട്ടയാണെന്ന ആശയത്തിൽ നിന്നാണ്‌ കവിത സാദൃശ്യമാണെന്ന ആശയത്തിന്റെയും പ്രഭവം. പ്രപഞ്ചത്തിന്റെ ഭാഷയ്ക്കും ഭാഷയുടെ പ്രപഞ്ചത്തിനുമിടയിൽ ഒരു പാലം, ഒരു കണ്ണിയുണ്ട്: കവിത. കവി, ബോദ്‌ലേർ പറയുന്നു, ആ വിവർത്തകനാണ്‌.

-ഒക്റ്റേവിയോ പാസ്

കവിത എന്നത് സാമ്പ്രദായികഭാഷകൾക്കപ്പുറം നിലനില്ക്കുന്ന ഒരദൃശ്യകവിതയുടെ ആവിഷ്കാരമാണ്‌. അപ്പോൾ, ഒരു കവിതയെ മറ്റൊരു ഭാഷയിലേക്കു വിവർത്തനം ചെയ്യുക എന്നത് ആ മൗലികകവിതയെ (അദൃശ്യകവിതയെ) സാക്ഷാത്കരിക്കാനുള്ള ശ്രമത്തിനുള്ള ഒരവസരമാണ്‌.
റൂമിയുടെ കവിതയ്ക്ക് സഫലമായ ഒരു മുഖവര നല്കുന്നതിൽ ചില വിവർത്തകർ വിജയിക്കാറുണ്ട്. എന്നാൽ മൂലകവിതയുടെ അർത്ഥസംബന്ധമായ സങ്കീർണ്ണതകളോടു മല്ലുപിടിക്കേണ്ടിവരികയും പേഴ്സ്യൻ ഭാഷയ്ക്കു സഹജമായ പദാഭ്യാസങ്ങൾ ലക്ഷ്യഭാഷയിലേക്കു കൈമാറ്റം ചെയ്യേണ്ടിവരികയും ചെയ്യുമ്പോൾ വിവർത്തകരിൽ നിന്നു നാമെന്താണു പ്രതീക്ഷിക്കുന്നത്? വിവർത്തനം ചെയ്യാൻ പറ്റാത്തതിനെ ഒഴിവാക്കാൻ വിവർത്തകനെ പ്രേരിപ്പിക്കും വിധമായിരിക്കും ചില വെല്ലുവിളികൾ. എന്നാൽ വിജയിച്ച ഒരു വിവർത്തനത്തിന്‌ മൂലകവിതയുടെ ആത്മാവിനെ പിടിച്ചെടുക്കാൻ കഴിയും. 1791ൽ സർ വില്ല്യം ജോൺസ് ക്ലാസ്സിക്കൽ പേഴ്സ്യൻ കവിത വിവർത്തനം ചെയ്യുന്ന സമയത്ത് ഫ്രാൻസെസ് ടൈലർ (Frances Tyler) തന്റെ “വിവർത്തനത്തിന്റെ തത്വങ്ങൾ” എന്ന കൃതിയിൽ (വിവർത്തനത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയിലുണ്ടാകുന്ന ആദ്യത്തെ പഠനവുമാണത്) വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയ്ക്ക് ഊന്നൽ കൊടുക്കുന്നുണ്ട് :“വിവർത്തനത്തിന്‌ മൂലരചനയുടെ അനായാസത അങ്ങനെതന്നെ ഉണ്ടായിരിക്കണം.” വിവർത്തനത്തിൽ തന്റേതായ ഒരു വ്യാഖ്യാനം കൊണ്ടുവരുന്നതിൽ മൂലകൃതിക്കുള്ള പവിത്രമായ പദവി വിവർത്തകന്‌ ഒരു തടസ്സമാകാൻ പാടില്ല എന്നും നമുക്ക് ഇതിനോടു കൂട്ടിച്ചേർക്കാം. പദബന്ധങ്ങൾ, രൂപം, വൃത്തം, താളം ഇതിലൊക്കെ അയാൾക്ക് തന്റെ കഴിവനുവദിക്കുന്നിടത്തോളം സ്വാതന്ത്ര്യമെടുക്കാം, വിവർത്തനം സുഗമമാകുന്നിടത്തോളം.

(Maryam Mafi, Azima Melita Kolin എന്നിവർ ചേർന്നു വിവർത്തനം ചെയ്ത Rumi's Little Book of Life എന്ന പുസ്തകത്തിന്റെ അവതാരികയിൽ Narguess Frarzad.)


(റ്റൊമാസ് ട്രാൻസ്ട്രൊമെർ)

മറ്റൊരു പദവിന്യാസത്തെ, മറ്റൊരു വ്യാകരണത്തെ, ചുണ്ടുകളിൽ മൗനങ്ങളെ ചിട്ടപ്പെടുത്തുന്ന മറ്റൊരു സംഗീതമാർഗ്ഗത്തെ നേരിടുന്ന ഓരോ സന്ദർഭത്തിലും ഇംഗ്ലീഷ് ഭാഷയെക്കുറിച്ച് പുതിയ ഒരറിവ് നമുക്കു കിട്ടുന്നുണ്ട്. വിവർത്തനം ചെയ്യുമ്പോൾ നാം പഠിക്കുകയാണ്‌, വൈദേശികമായതൊന്നിനെ ഉൾക്കൊള്ളാൻ ഇംഗ്ലീഷ് സംസാരിക്കുന്ന നമ്മുടെ മനസ്സുകളുടെ അതിരുകൾ എത്രത്തോളം വിപുലമാക്കാമെന്ന്; നമ്മുടെ ഭാഷയെ എത്രത്തോളം സുന്ദരമാക്കാമെന്ന്, അതിനെ കുലുക്കിയുണർത്താമെന്നും അതുവഴി നാം പഠിക്കുന്നു.

-ഇല്യ കമിൻസ്കി

(ഇംഗ്ലീഷിന്റെ സ്ഥാനത്ത് മലയാളം എന്നു വായിക്കുക.)

ഓരോ ഭാഷയും ചെയ്യുന്നത് അതാതിന്റെ രീതിയിൽ ജീവിതത്തെ വായിച്ചെടുക്കുകയാണ്‌. ഭാഷകൾക്കിടയിലൂടെ നീങ്ങുക, വിവർത്തനം ചെയ്യുക എന്നാൽ, സമഗ്രതയുടെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ടാണെങ്കില്പോലും, മനുഷ്യാത്മാവിന്റെ സ്വാതന്ത്ര്യാഭിമുഖ്യത്തെ അതിന്റെ അമ്പരപ്പിക്കുന്ന വൈവിദ്ധ്യത്തോടെ അനുഭവിക്കുക എന്നു തന്നെ. ഒരേയൊരു “ഭാഷാചർമ്മ”ത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു നാമെങ്കിൽ, അഥവാ ചുരുക്കം ചില ഭാഷകളേ നമുക്കുണ്ടായിരുന്നുള്ളുവെങ്കിൽ മരണത്തിനു മുന്നിലെ നമ്മുടെ അനിവാര്യമായ കീഴടങ്ങൽ ഇന്നത്തേതിലും എത്രയോ ശ്വാസം മുട്ടിക്കുന്നതായേനെ ...
(ജോർജ്ജ് സ്റ്റെയ്നർ)

“ഒരു ദിവസം എന്റെ ലോകത്തെ കുഞ്ഞുവസ്തുക്കളേയും സൂക്ഷ്മജീവികളേയും തിരഞ്ഞ് വീടിനു പിന്നിൽ നടക്കുമ്പോൾ വേലിപ്പലകകൾക്കിടയിൽ ഒരു ദ്വാരം എന്റെ കണ്ണിൽപെട്ടു. ആ വിടവിലൂടെ നോക്കുമ്പോൾ ഞങ്ങളുടേതുപോലെതന്നെ കാടു കേറിയ ഒരു പറമ്പു ഞാൻ കണ്ടു. ഞാൻ പിന്നിലേക്കു ചില ചുവടുകൾ വച്ചു; എന്തോ സംഭവിക്കാൻ പോവുകയാണെന്ന അവ്യക്തമായ ഒരു തോന്നൽ എനിക്കുണ്ടായി. പെട്ടെന്ന് ഒരു കൈ അതിനുള്ളിലൂടെ പുറത്തേക്കു വന്നു. എന്റെ പ്രായത്തിലുള്ള ഒരാൺകുട്ടിയുടെ കൊച്ചുകൈയാണത്. ഞാൻ ഒന്നുകൂടി അടുത്തേക്കു ചെന്നപ്പോൾ കൈ പിൻവലിഞ്ഞു; അതിന്റെ സ്ഥാനത്ത് ഒരു വെളുത്ത ചെമ്മരിയാട്ടിൻകുട്ടിയെയാണ്‌ കണ്ടത്.
കമ്പിളിനൂലു കൊണ്ടു നെയ്ത ഒരാട്ടിൻകുട്ടി; അതിന്റെ നിറമൊക്കെ മങ്ങിപ്പോയിരിക്കുന്നു. അതുറപ്പിച്ചിരുന്ന ചട്ടവും ഉരുളുകളും ഇളകിപ്പോയിട്ടുണ്ട്. ഇത്രയും അഴകുള്ള ഒരു ചെമ്മരിയാടിനെ ഞാൻ അന്നുവരെ കണ്ടിട്ടില്ല. ഞാൻ വീട്ടിനുള്ളിൽ ചെന്ന് ഒരു സമ്മാനമെടുത്തുകൊണ്ടുവന്ന് അതേ സ്ഥാനത്തു വച്ചു: ഒരു പൈൻകായ; പാതി തുറന്ന, വാസനയുള്ള, കറയിറ്റുന്ന ആ പൈൻകായ ഞാൻ നിധി പോലെ സൂക്ഷിക്കുന്നതായിരുന്നു. ആ കുട്ടിയുടെ കൈ ഞാൻ പിന്നെ കണ്ടിട്ടില്ല. അങ്ങനെയൊരു കൊച്ചുചെമ്മരിയാടിനെയും പിന്നെ ഞാൻ കണ്ടിട്ടില്ല. ഒരു തീപിടുത്തത്തിൽ എനിക്കതു നഷ്ടപ്പെടുകയും ചെയ്തു. ഇന്നും, കളിപ്പാട്ടങ്ങൾ വില്ക്കുന്ന കടകളുടെ മുന്നിലൂടെ പോകുമ്പോൾ ജനാലകൾക്കുള്ളിലൂടെ ഞാനൊന്നൊളിഞ്ഞുനോക്കാറുണ്ട്. പക്ഷേ കാര്യമില്ല. അങ്ങനെയൊരു ചെമ്മരിയാടിനെ ഇപ്പോളാരും ഉണ്ടാക്കാറില്ല.“
തന്റെ കുട്ടിക്കാലത്തെ ഈ കഥ അനുസ്മരിച്ചുകൊണ്ട് നെരൂദ പില്ക്കാലത്ത് ഇങ്ങനെ പറയുന്നുണ്ട്: ”ഞാൻ ഭാഗ്യവാനാണ്‌. സഹോദരങ്ങളുടെ മമതയ്ക്കു പാത്രമാവുക എന്നത് വിസ്മയാവഹമായ ഒരു ജീവിതാനുഭവമാണ്‌. നാം സ്നേഹിക്കുന്നവരുടെ സ്നേഹം നമ്മുടെ ജീവിതത്തിനു ചൂടു പകരുന്ന ഒരഗ്നിയുമാണ്‌. എന്നാൽ നമ്മുടെ ഉറക്കത്തിനും ഏകാന്തതയ്ക്കും കാവൽ നില്ക്കുകയും അപായങ്ങളിലും ദൗർബല്യങ്ങളിലും നിന്നു നമ്മെ കാക്കുകയും ചെയ്യുന്ന അജ്ഞാതരായ മനുഷ്യരിൽ നിന്നു വരുന്ന സ്നേഹം- അത് മറ്റേതിലും മഹത്തായതും മനോഹരവുമാണ്‌; എന്തെന്നാൽ അത് നമ്മുടെ സത്തയുടെ അതിരുകളെ വിപുലമാക്കുകയാണ്‌, എല്ലാ ജീവജാലങ്ങളേയും ഒരുമിപ്പിക്കുകയാണ്‌...അതാണ്‌ ഒറ്റപ്പെട്ടൊരു വീടിന്റെ പിന്നാമ്പുറത്തു വച്ച് ബാല്യത്തിൽ ഞാൻ പഠിച്ച മഹത്തായ പാഠം. അതിനി പരസ്പരം അറിയാത്ത രണ്ടു കുട്ടികളുടെ വെറുമൊരു കളിയായിരുന്നു എന്നു വരാം; ജീവിതത്തിലെ ചില നല്ല കാര്യങ്ങൾ അവർ പരസ്പരം കൈമാറുകയായിരുന്നു എന്നുമാകാം. അതെന്തായാലും സമ്മാനങ്ങളുടെ ആ ചെറിയ, രഹസ്യത്തിലുള്ള കൈമാറ്റം എന്റെ ഉള്ളിന്റെയുള്ളിൽ നശിക്കാതെ ശേഷിക്കുന്നു; അതെന്റെ കവിതയ്ക്കു വെളിച്ചവും നല്കുന്നു.“

നമ്മൾ പോയിക്കഴിഞ്ഞാൽ പിന്നെ നമ്മെപ്പോലെ ആരുമുണ്ടാവില്ല; അതെ, ആരും ഒരിക്കലും മറ്റാരെയും പോലെയല്ലല്ലോ. ആളുകൾ മരിക്കുമ്പോൾ അവർക്കു പകരം വയ്ക്കാൻ ആരുമുണ്ടാവില്ല. അവർ ശേഷിപ്പിച്ചുപോകുന്നത് നികത്താൻ പറ്റാത്ത ദ്വാരങ്ങളാണ്‌, കാരണം ഓരോ മനുഷ്യജീവിയുടേയും വിധിയാണ്‌, ജനിതകവും നാഡീസംബന്ധവുമായ വിധിയാണ്‌, അനന്യനായ ഒരു വ്യക്തിയാണ്‌ അയാളെന്നത്, തന്റേതായ പാത അയാൾ തന്നെ കണ്ടെത്തണമെന്നത്, തന്റേതായ ജീവിതം ജീവിക്കണമെന്നത്, തന്റേതായ മരണം മരിക്കണമെന്നത്.

(ഒലിവർ സാക്സ്)


തിമിംഗലത്തിന്റെ എല്ലും കൊഴുപ്പും കൊണ്ടുള്ള ചില ഉപയോഗങ്ങൾ കണ്ടുപിടിച്ച ഒരാളെ തിമിംഗലത്തിന്റെ യഥാർത്ഥത്തിലുള്ള ഉപയോഗം കണ്ടുപിടിച്ചയാളെന്നു പറയാൻ പറ്റുമോ? ആനക്കൊമ്പിനു മാത്രമായി ആനയെ വേട്ടയാടുന്ന ഒരാളെ ”ആനയെ കണ്ടയാൾ“ എന്നു വിശേഷിപ്പിക്കാൻ പറ്റുമോ? ഇപ്പറഞ്ഞതെല്ലാം നിസ്സാരവും ആനുഷംഗികവുമായ ഉപയോഗങ്ങളാണ്‌; നമ്മളെക്കാൾ കരുത്തരായ ഒരു വർഗ്ഗം നമ്മുടെ എല്ലുകൾ കൊണ്ട് ബട്ടണും ഓടക്കുഴലും ഉണ്ടാക്കാൻ വേണ്ടി നമ്മളെ കൊന്നൊടുക്കുന്നതുപോലെയാണത്; സർവ്വതിനുമുണ്ട് താഴ്ന്നതും ഉയർന്നതുമായ ഒരുപയോഗം.

വിറകുകടയിലും മരപ്പണിയാലയിലും തുകലൂറയ്ക്കിടുന്നിടത്തും ടർപ്പന്റൈൻ ഫാക്റ്ററിയിലും ഞാൻ പോയിട്ടുണ്ട്; എന്നാൽ അകലെ മറ്റെല്ലാ കാട്ടുമരങ്ങൾക്കും മേലെയായി കാറ്റത്തുലഞ്ഞും വെളിച്ചം പ്രതിഫലിപ്പിച്ചും പൈന്മരത്തലപ്പുകൾ കണ്ടപ്പോൾ മുമ്പു പറഞ്ഞവയല്ല, പൈന്മരങ്ങളെക്കൊണ്ടുള്ള ഉന്നതമായ ഉപയോഗങ്ങൾ എന്നെനിക്കു ബോദ്ധ്യമായി. അവയുടെ എല്ലുകളെയോ തൊലിയേയോ എണ്ണയേയോ അല്ല ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്നത്.  എന്റെ മുറിവുണക്കുന്ന ടർപ്പന്റൈനെയല്ല, ആ മരത്തിന്റെ ജീവാത്മാവിനെയാണ്‌ ഞാൻ സ്നേഹിക്കുന്നത്. 

(തോറോ)


പോയ കാലത്തേക്കു തിരിഞ്ഞുനോക്കുമ്പോൾ, എത്ര സമയം ഞാൻ വ്യർത്ഥമായി കളഞ്ഞുവെന്നും എത്ര കാലം വ്യാമോഹങ്ങളിൽ, സ്ഖലിതങ്ങളിൽ, ആലസ്യത്തിൽ,  ജീവിക്കാനുള്ള കഴിവില്ലായ്മയിൽ നഷ്ടപ്പെട്ടുവെന്നുമോർക്കുമ്പോൾ, ജിവിതത്തെ മതിപ്പോടെ ഞാൻ കണ്ടില്ലെന്നും എന്റെ ഹൃദയത്തിനും ആത്മാവിനും നിരക്കാത്ത പാപങ്ങൾ എത്ര ഞാൻ ചെയ്തുവെന്നും ചിന്തിക്കുമ്പോൾ- അപ്പോൾ എന്റെ ഹൃദയം വേദന കൊണ്ടു ചുങ്ങിപ്പോകുന്നു. ജീവിതം ഒരു വരമാണ്‌, ജീവിതം ആനന്ദമാണ്‌, ഓരോ നിമിഷവും ആനന്ദത്തിന്റെ നിത്യതയാകേണ്ടതായിരുന്നു.

(ദസ്തയേവ്സ്കി)




സോഫിയ ഡി മെല്ലോ ബ്രെയ്നർ

മദ്ധ്യാഹ്നം.
മദ്ധ്യാഹ്നം. ആളൊഴിഞ്ഞ കടലോരം.
മുഴുത്തതും ആഴ്ന്നതും തുറന്നതുമായ ഉച്ചസൂര്യൻ
ആകാശത്തു നിന്നു ദൈവങ്ങളെയെല്ലാം ആട്ടിപ്പായിച്ചിരിക്കുന്നു.
നിശിതവെളിച്ചം ഒരു ശിക്ഷപോലെ വന്നുപതിക്കുന്നു.
പ്രേതങ്ങളില്ല, ആത്മാക്കളില്ല,
വിപുലവും പ്രാക്തനവും ഏകാന്തവുമായ കടൽ
ഉച്ചത്തിൽ കൈകൊട്ടിയാർക്കുന്നു.


വെർണെർ ആസ്പെൻസ്ട്രോം - നീയും ഞാനും ലോകവും

നീയാരാണെന്നും ഞാനാരാണെന്നും
ലോകമുണ്ടായതെന്തിനാണെന്നും ചോദിക്കരുത്.
അതൊക്കെ പ്രൊഫസ്സർമാർ തിരഞ്ഞുകണ്ടുപിടിക്കട്ടെ;
അതിനല്ലേ അവർക്കു ശമ്പളം കൊടുക്കുന്നത്.
അടുക്കളത്രാസ്സ് മേശപ്പുറത്തു വയ്ക്കൂ,
യാഥാർത്ഥ്യം സ്വയം തൂക്കം നോക്കട്ടെ.
നിന്റെ കോട്ടെടുത്തിടൂ.
ഹാളിലെ വിളക്കണയ്ക്കൂ.
വാതിലടയ്ക്കൂ.
മരിച്ചവർ തന്നെ മരിച്ചവരെ കുളിപ്പിച്ചൊരുക്കട്ടെ.

നാമിവിടെ നടക്കുകയാണ്‌.
വെളുത്ത റബ്ബർഷൂസ് ധരിച്ചതാണ്‌ നീ.
കറുത്ത റബ്ബർഷൂസ് ധരിച്ചത് ഞാൻ.
നാമിരുവർക്കും മേൽ പെയ്യുന്ന മഴയാണ്‌
മഴ.


പിയെർ റിവെർഡി - തെരുവുസർക്കസ്
------------------------------
വിവ: വി. രവികുമാർ


ആ ആൾക്കൂട്ടത്തിനു നടുക്ക് നൃത്തം ചെയ്യുന്ന ഒരു കുട്ടിയുണ്ട്, ഭാരമെടുത്തുപൊക്കുന്ന ഒരു മനുഷ്യനുണ്ട്. നീലനിറത്തിൽ പച്ചകുത്തിയ അയാളുടെ കൈകൾ ഫലശൂന്യമായ തങ്ങളുടെ ബലത്തിനു സാക്ഷിയാവാൻ ആകാശത്തോടാഹ്വാനം ചെയ്യുന്നു.

കുട്ടി നൃത്തം ചെയ്യുന്നു, ഒട്ടും ഭാരമില്ലാത്ത ചലനങ്ങളോടെ, തന്നെക്കാൾ വലിയ കാലുറകളിൽ, അവൻ ബാലൻസ് ചെയ്തുനില്ക്കുന്ന ആ ഗോളങ്ങളെക്കാളും ഭാരമില്ലാതെ. അവൻ തൊപ്പിയുമായി കാണികൾക്കു മുന്നിലൂടെ നടക്കുമ്പോഴാവട്ടെ, ആരും യാതൊന്നും കൊടുക്കുന്നില്ല. അതവനു വലിയ ഭാരമാകുമോയെന്ന പേടിയാൽ ആരും കൊടുക്കുന്നില്ല. അവനത്ര മെലിഞ്ഞിട്ടാണ്‌.

(ഗദ്യകവിത-1915)

അലൻ അപ്‌വേഡ് - ക്ഷീരപഥം
-------------------------------------------
വിവ: വി. രവികുമാർ


എന്റെ അമ്മ എന്നെ പറഞ്ഞുപഠിപ്പിച്ചിരുന്നു, എല്ലാ രാത്രിയിലും ചീനക്കപ്പലുകളുടെ ഒരു ഘോഷയാത്ര റാന്തൽവിളക്കുകളുമേന്തി ആകാശത്തുകൂടി നിശ്ശബ്ദമായി കടന്നുപോകാറുണ്ടെന്നും അവയുടെ തുഴകളിൽ നിന്നു തെറിക്കുന്ന വെള്ളം മഞ്ഞുതുള്ളികളുടെ രൂപത്തിൽ ഭൂമിയിലേക്കു പതിക്കുന്നുവെന്നും. എനിക്കിപ്പോൾ വിശ്വാസമില്ല, റാന്തൽവിളക്കുകളേന്തിയ ചീനക്കപ്പലുകളാണ്‌ നക്ഷത്രങ്ങളെന്ന്, അവയുടെ തുഴകളിൽ നിന്നു തെറിക്കുന്നതാണ്‌ മഞ്ഞുതുള്ളികളെന്ന്.

(ഗദ്യകവിത-1913)

“താങ്കൾ അയച്ച കവിതകളിൽ നിന്നു മനസ്സിലാവുന്നത് കവിതയും ഗദ്യവും തമ്മിലുള്ള ഒരു സുപ്രധാനവ്യത്യാസം ഗ്രഹിക്കുന്നതിൽ താങ്കൾ പരാജയപ്പെട്ടു എന്നാണ്‌. ഉദാഹരണത്തിന്‌ ‘ഇവിടെ’ എന്നു പേരിട്ടിരിക്കുന്ന കവിത ഒരു മുറിയുടേയും അതിലുള്ള മേശകസേരകളുടേയും ഒരു ഗദ്യവിവരണം മാത്രമാണ്‌. ഇങ്ങനെയൊരു വിവരണത്തിന്‌ ഒരു ഗദ്യരചനയിൽ കൃത്യമായ ഒരു ധർമ്മം നിർവ്വഹിക്കാനുണ്ട്: പിന്നാലെ നടക്കാനുള്ള ക്രിയയ്ക്ക് രംഗം ഒരുക്കുകയാണത്. ഒരു നിമിഷത്തിനുള്ളിൽ വാതിൽ തുറക്കപ്പെടും, ഒരാൾ കയറിവരും, എന്തെങ്കിലുമൊരു കാര്യം സംഭവിക്കും. കവിതയിൽ പക്ഷേ, ആ വിവരണം തന്നെയാണ്‌ ‘സംഭവിക്കേണ്ടത്.’സർവ്വതും ദ്യോതകമാണ്‌, സാർത്ഥകമാണ്‌: ബിംബങ്ങളുടെ തിരഞ്ഞെടുക്കൽ, അവയുടെ വിധാനം, വാക്കുകളിൽ അവയെടുക്കുന്ന രൂപം. ഒരു സാധാരണ മുറിയുടെ വിവരണം നമ്മുടെ കണ്മുന്നിൽ ആ മുറിയുടെ കണ്ടെടുക്കൽ ആകണം, ആ വിവരണത്തിൽ അടങ്ങിയിരിക്കുന്ന വികാരം വായനക്കാർ അനുഭവിക്കുകയും വേണം. അതല്ലെങ്കിൽ ഗദ്യം ഗദ്യമായിത്തന്നെയിരിക്കും, വാക്യങ്ങളെ കവിതയുടെ വരികളായി മുറിക്കാൻ നിങ്ങളെത്ര കഷ്ടപ്പെട്ടാലും. പിന്നീടൊന്നും നടക്കുന്നില്ല എന്നതാണ്‌ അതിലും കഷ്ടം.”

(ഒരു യുവകവിയുടെ കവിതകളെക്കുറിച്ച് വീസ്വാവ ഷിംബോർസ്ക)


“കവിതയെക്കുറിച്ച് ഒറ്റവാക്യത്തിൽ ഒരു നിർവ്വചനം അല്ലേ- ശരി. അഞ്ഞൂറു നിർവ്വചനങ്ങളെങ്കിലും നമ്മുടെ അറിവിൽ ഇപ്പോഴുണ്ട്; എന്നാൽ അതിൽ ഒന്നുപോലും വേണ്ടത്ര കൃത്യമോ വിശാലമോ ആയി നമുക്കു തോന്നുന്നില്ല. ഓരോന്നും ആ കാലത്തിന്റെ അഭിരുചിയെയാണ്‌ ആവിഷ്കരിക്കുന്നത്. സഹജമായ സംശയദൃഷ്ടി സ്വന്തമായ ഒരു നിർവ്വചനം ചെയ്തുനോക്കുന്നതിൽ നിന്ന് നമ്മെ തടയുകയും ചെയ്യുന്നു. എന്നാൽ കാൾ സാൻഡ്ബർഗ്ഗിന്റെ മനോഹരമായ ഈ വാക്യം നാം ഓർക്കുന്നു: ‘കരയിൽ ജീവിക്കുകയും പറക്കാൻ മോഹിക്കുകയും ചെയ്യുന്ന ഒരു കടൽജീവി എഴുതിവയ്ക്കുന്ന ഡയറിക്കുറിപ്പുകളാണ്‌ കവിത.’“
(മറ്റൊരു യുവകവിയ്ക്ക് ഷിംബോർസ്ക നല്കിയ മറുപടി.)



വളച്ചൊടിക്കാതെ പറയാനുള്ള പേടി, സർവ്വതിനേയും രൂപകമാക്കാനുള്ള നിരന്തരവും കഷ്ടപ്പെട്ടുമുള്ള പ്രയത്നം, ഓരോ വരിയിലും താനൊരു കവിയാണെന്നു തെളിയിക്കാനുള്ള ബദ്ധപ്പാട്- വളർന്നുവരുന്ന ഓരോ കവിയേയും ബുദ്ധിമുട്ടിക്കുന്ന ഉത്കണ്ഠകളാണിവ. എന്നാൽ ഇതെല്ലാം ചികിത്സിച്ചുമാറ്റാവുന്നതേയുള്ളു, നേരത്തേ കണ്ടുപിടിക്കുകയാണെങ്കിൽ.

വൃത്തമില്ലാതെ എഴുതുക എന്നാൽ വളയമില്ലാതെ ചാടുക എന്നാണോ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്? എന്നാൽ കവിത ഒരു കളിയാണ്‌, അത് എന്നും അങ്ങനെയായിരുന്നു, എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. കളികൾക്കെല്ലാം ചില നിയമങ്ങളുണ്ടെന്ന് ഏതു കുട്ടിയ്ക്കുമറിയാം. എന്നിട്ടെന്തുകൊണ്ടാണ്‌ മുതിർന്നവർ അതു മറന്നുപോകുന്നത്?

(വീസ്വാവ ഷിംബോർസ്ക)


ഭൂപടമെടുത്തു മടിയിൽ വച്ച്
ലോകമാകെ ഞാൻ വിരലോടിച്ചു
ഞാനതിനോടടക്കത്തിൽ ചോദിച്ചു
എവിടെയാണു നോവുന്നത്?

അതു പറഞ്ഞു
എവിടെയും
എവിടെയും
എവിടെയും
*

എല്ലാ പെണ്ണുങ്ങൾക്കുമുള്ളിൽ
അടച്ചിട്ട മുറികളുണ്ടെന്ന് അമ്മ പറയുന്നു;
തൃഷ്ണയുടെ അടുക്കള,
സങ്കടത്തിന്റെ കിടപ്പറ,
ജാഡ്യത്തിന്റെ കുളിമുറി.
ചിലനേരത്താണുങ്ങൾ-
ചാവികളുമായി അവർ വരുന്നു,
ചിലനേരത്താണുങ്ങൾ-
ചുറ്റികയുമായി അവർ വരുന്നു.


(വാർസൻ ഷയർ)


ആദം സഗയെവ്സ്കി

അമേരിക്കൻ സൂര്യൻ

ജനാലയ്ക്കു വെളിയിൽ
അമേരിക്കയുടെ കണ്ണഞ്ചിക്കുന്ന സൂര്യൻ.
ഇരുളടഞ്ഞൊരു മുറിയിൽ,
മേശയ്ക്കരികിൽ,
ഒരാളിരിക്കുന്നു,
യൗവ്വനം കടന്നയാൾ,
തനിക്കെന്തൊക്കെയാണു നഷ്ടപ്പെട്ടതെന്നും
ഇനിയെന്താണു ബാക്കിയുള്ളതെന്നും
ചിന്തിക്കുകയാണയാൾ.

ആ മനുഷ്യൻ ഞാനാണ്‌.
എനിക്കായി ഭാവി കരുതിവച്ചിരിക്കുന്ന നഷ്ടങ്ങൾ
എന്തൊക്കെയാണെന്നൂഹിക്കാൻ
ശ്രമിക്കുകയാണു ഞാൻ.
എന്താണു ഞാൻ കണ്ടെടുക്കാൻ പോകുന്നതെന്ന്
ഇപ്പോഴുമെനിക്കറിയില്ല.

**

ആഗ്രഹങ്ങളെ അധികകാലം അടക്കിക്കിടത്താൻ പറ്റില്ല; എന്നുവച്ചിട്ടവയെ വിദൂരമൃഗയകൾക്കായി അഴിച്ചുവിടണമെന്നുമില്ല; നമ്മുടെ കൈയകലത്തവ ചുറ്റിപ്പറ്റിനടക്കട്ടെ. കൈയെത്തിച്ചാൽ കിട്ടാത്തവയെ കൈവിട്ടേക്കുക; നമ്മുടെ തൊട്ടടുത്തുള്ളതും നമ്മുടെ മോഹങ്ങളെ തൊടുന്നതുമായവയുടെ പിന്നാലെ മാത്രം പോവുക; അതേസമയം എല്ലാം ഒരേപോലെ അപ്രധാനമാണെന്നും പുറമേ പലതായി തോന്നുന്നത് ഉള്ളിൽ ഒന്നുതന്നെയാണെന്നും മറക്കാതെയുമിരിക്കുക. ഉയരത്തിൽ നില്ക്കുന്നവരോടു കണ്ണുകടിയും വേണ്ട: കുന്നുപോലുയർന്നുനിന്നത് കൊല്ലിപോലെ താഴ്ന്നുകിടന്നതായിരുന്നു.

(സെനെക്ക - മനസ്സമാധാനത്തെക്കുറിച്ച്)



വളരെക്കുറഞ്ഞൊരു കാലമേ നമുക്കു ജീവിക്കാൻ കിട്ടുന്നുള്ളു എന്നല്ല പറയേണ്ടത്, നമുക്കു കിട്ടിയ കാലത്തിൽ ഏറെപ്പങ്കും നാം പാഴാക്കിക്കളയുന്നു എന്നാണ്‌. ജീവിതം മതിയായത്ര ദൈർഘ്യമുള്ളതുതന്നെയാണ്‌, വേണ്ടവിധത്തിൽ വിനിയോഗിച്ചാൽ ഏറ്റവുമുയർന്ന നേട്ടങ്ങൾ കൈവരിക്കാൻ പര്യാപ്തവുമാണത്. എന്നൽ ലക്കുകെട്ട സുഖലോലുപതയിലാണതു കൊണ്ടുപോയിത്തുലയ്ക്കുന്നതെങ്കിൽ, നല്ലതിനല്ലാത്ത പ്രവൃത്തികളിലാണതു ചിലവാക്കുന്നതെങ്കിൽ മരണത്തിന്റെ അനിവാര്യസന്ദർശനത്തിന്റെ നിമിഷത്തിൽ നമുക്കു ബോദ്ധ്യമാകും, കടന്നുപോവുകയാണെന്നറിയും മുമ്പേ കാലം നമ്മെക്കടന്നുപൊയ്ക്കഴിഞ്ഞുവെന്ന്. അതിനാൽ: നമുക്കു നല്കിയിരിക്കുന്ന ജീവിതം ഹ്രസ്വമല്ല, നാമതിനെ ഹ്രസ്വമാക്കുകയാണ്‌; നമുക്കൊന്നിന്റെയും കുറവുണ്ടായിരുന്നില്ല, ഉള്ളതു നാം ധൂർത്തടിച്ചുകളയുകയായിരുന്നു. എങ്ങനെ വിനിയോഗിക്കണമെന്നറിയാമെങ്കിൽ ജീവിതം സുദീർഘം തന്നെയാണ്‌.
*

നിത്യജിവിതം ഉറപ്പായപോലെയാണ്‌ നിങ്ങൾ ജീവിക്കുന്നത്, സ്വന്തം നശ്വരത നിങ്ങളുടെ കണ്ണിൽപ്പെടുന്നതേയില്ല. ഇതിനിടയിൽ കാലം എന്തുമാത്രം കടന്നുപോയെന്നു നിങ്ങൾ ശ്രദ്ധിക്കുന്നതേയില്ല, ഉറവ വറ്റാത്തൊരു നിക്ഷേപമാണു തനിക്കുള്ളതെന്നപോലെ നിങ്ങളതു ധൂർത്തടിക്കുന്നു. അതേ സമയം ആർക്കോ, എന്തിനോ വേണ്ടി നിങ്ങൾ വിനിയോഗിക്കുന്ന ആ ദിവസം നിങ്ങളുടെ അവസാനത്തേതാണെന്നും വരാം. ഭയത്തിന്റെ കാര്യത്തിൽ മരണമുള്ളവരെപ്പോലെയാണു നിങ്ങൾ, എന്നാൽ ആഗ്രഹങ്ങളുടെ കാര്യത്തിൽ മരണമില്ലാത്തവരെപ്പോലെയും.
*

കഴിഞ്ഞുപോയ വർഷങ്ങൾ ആരും നിങ്ങൾക്കു തിരിച്ചുകൊണ്ടുതരില്ല, ആരും നിങ്ങളെ നിങ്ങൾക്കു മടക്കിത്തരികയുമില്ല. ജീവിതം അതു തുടങ്ങിവച്ച പാതയിലൂടെ മുന്നോട്ടുപോകും, അതു തിരിച്ചുപോവുകയോ വഴി തിരിയുകയോ ഇല്ല. എത്ര വേഗത്തിലാണ്‌ ജീവിതം കടന്നുപോകുന്നതെന്നു നിങ്ങളെ ഓർമ്മപ്പെടുത്താൻ അതിനൊരു തിടുക്കവുമില്ല, അത് സ്വച്ഛന്ദമായി ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കും. ഒരു രാജാവിന്റെ ശാസന പേടിച്ചോ ഒരു ജനതയോടു സഹതാപം തോന്നിയോ അത് സ്വയം ദീർഘിപ്പിക്കില്ല. തുടങ്ങിയ ദിവസം പോലെതന്നെ അതോടിക്കൊണ്ടിരിക്കും, എവിടെയും നില്ക്കാതെ, ദിശ മാറ്റാതെ. എന്താണതിന്റെ പരിണതി? ജീവിതം ത്വരിതഗതിയിൽ മുന്നോട്ടുപോകുമ്പോൾ നിങ്ങൾ അന്യഥാ വ്യാപൃതനായിരുന്നു. അങ്ങനെയിരിക്കെ മരണം വന്നെത്തും, അതിനു നിന്നുകൊടുക്കുകയല്ലാതെ മറ്റൊരു നിവൃത്തി നിങ്ങൾക്കില്ലതാനും.

(Seneca- ക്രി.മു. 4ൽ ജനിച്ച് ക്രി.പി. 65ൽ മരിച്ച റോമൻ തത്ത്വചിന്തകൻ.)




1914 ആഗസ്റ്റ് 2ന്‌ ഫ്രാൻസ് കാഫ്ക ഡയറിയിൽ ഇങ്ങനെയെഴുതി: “ജർമ്മനി റഷ്യയോട് യുദ്ധം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് നീന്താൻ പോയി.” അദ്ദേഹം ഇവിടെ പരാമർശിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചാണ്‌; ആ യുദ്ധമാണ്‌ അടുത്ത നാലു കൊല്ലത്തിനുള്ളിൽ ഒന്നരക്കോടിയോളം മനുഷ്യരെ കൊന്നൊടുക്കുകയും ഏഴു നൂറ്റാണ്ടു നീണ്ടുനിന്ന ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു തുടക്കമിടുകയും ഒരു ലോകശക്തിയായി അമേരിക്കയുടെ വരവ് വിളംബരം ചെയ്യുകയും ചെയ്യുന്നത്. വർഷങ്ങൾക്കു ശേഷം കാഫ്കയുടെ ദുരന്തപൂർണ്ണമായ ഹ്രസ്വജീവിതത്തിന്റെ പൊരുൾ ചികഞ്ഞുപോയ ജീവചരിത്രകാരന്മാരുടെ കണ്ണിൽ ഈ ഡയറിക്കുറിപ്പ് വന്നുപെട്ടു. ചിലർക്ക് ആ വാക്യം കാഫ്കയുടെ സാരാംശമായിരുന്നു- ബാഹ്യലോകത്തിനോടുള്ള ഉദാസീനത. ഒരു മഹായുദ്ധത്തിന്റെ ചുരുൾ നിവരുന്ന മനുഷ്യക്കശാപ്പും ഒരു മദ്ധ്യവർഗ്ഗജീവിതത്തിന്റെ നിത്യസാധാരണമായ അനുഷ്ഠാനങ്ങളും അദ്ദേഹത്തിന്റെ മനസ്സിൽ, ജനനം കാത്തുകിടക്കുന്ന ഇരട്ടക്കുട്ടികൾ ഗർഭജലത്തിലെന്നപോലെ, സഹവസിച്ചിരുന്നുവെന്നത് അവരെ നയിച്ചത് കാഫ്ക ആളൊരു നിർമ്മമനായിരുന്നു എന്ന നിഗമനത്തിലേക്കാണ്‌.

എന്നാൽ കാഫ്കയെക്കുറിച്ച് അടുത്തകാലത്ത് വിപുലമായ ഒരു ജീവചരിത്രമെഴുതിയ റെയ്നർ സ്റ്റാഷ് (Reiner Stach) അദ്ദേഹത്തിന്റെ വൈകാരികമായ ആ ഉദാസീനതയെ ഒരു സൂക്ഷ്മാർത്ഥത്തിൽ വിശദീകരിക്കുന്നു. അദ്ദേഹം തന്റെ ഡയറിയിൽ രേഖപ്പെടുത്തിവച്ചത് പത്രവാർത്തകളല്ല, മറിച്ച്, കുളത്തിൽ പായലെന്നപോലെ യൂറോപ്പിന്റെ മിക്ക ഭാഗത്തും പടർന്നുകിടന്നിരുന്ന ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ പതനത്തിന്റെ തുടക്കം തന്നെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമായിരുന്നു എന്നതാണ്‌. കാഫ്കയുടെ സ്വകാര്യഡയറികൾ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അത് രണ്ടിനും വിരുദ്ധമായിരുന്നു- അദ്ദേഹത്തിന്റെ കൃതികളിലെ ശില്പഭദ്രമായ മനോവിഭ്രാന്തികൾക്കും അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട വൈകാരികോദാസീനതയ്ക്കും. അവ വെളിപ്പെടുത്തിയത് കാഫ്ക എന്ന വ്യക്തിയും കാഫ്ക എന്ന എഴുത്തുകാരനും പുറത്തുവന്നത് അസ്തിത്വാകാംക്ഷകളുടേയും വൈരുദ്ധ്യങ്ങളുടേയും ഏതു ചതുപ്പിൽ നിന്നാണ്‌ എന്നതാണ്‌.

കാഫ്ക തന്റെ ഡയറികളിൽ രേഖപ്പെടുത്തിയ ചിന്തകളുടേയും ലൈംഗികസാഹസങ്ങളുടേയും സ്വകാര്യനൈരാശ്യങ്ങളുടേയും വാസ്തവസ്ഥിതി വേർതിരിച്ചെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല; എന്നാൽ അവയുടെ ആന്തരാർത്ഥങ്ങൾ അത്രയെളുപ്പത്തിൽ പിടി തരണമെന്നില്ല. അതിന്‌ ഒരു കാരണം ഇതാണ്‌: പഴയ ലോകം പുതിയതെന്തിനോ പിറവി കൊടുക്കുകയാണെ ജാഗ്രത കലർന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്; എന്നാൽ അതെന്താണെന്ന് അദ്ദേഹം അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഡയറി രേഖപ്പെടുത്തുന്നില്ല. സ്വന്തം ചുവട്ടടിയിൽ നിന്ന് മണ്ണൊലിച്ചുപോവുകയാണെന്ന ഒരു വിപൽശങ്ക വായിച്ചെടുക്കാൻ വിഷമമൊന്നുമില്ല, എന്നാൽ ഡയറിയിൽ എഴുതിവയ്ക്കുക എന്ന പ്രവൃത്തി കൊണ്ട് എന്താണദ്ദേഹം ലക്ഷ്യമിട്ടത് എന്നു കണ്ടുപിടിക്കുക കുറച്ചുകൂടി വിഷമകരമാണ്‌. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, ടംബ്ലർ എന്നീ നാൽവർസംഘം കുത്തകയാക്കിയ സോഷ്യൽമീഡിയാക്കാലം പോലെയല്ല, അന്നൊക്കെ ഒരാളുടെ ചിന്തകൾ കുറിച്ചിടാനുള്ള ഒരേയൊരിടം ഡയറിയായിരുന്നു. മാന്യതയുടെ മേലുടുപ്പുകളൊക്കെ ഊരിയെറിഞ്ഞ് തങ്ങളെത്തന്നെ സ്വയം കണ്ടെടുക്കാൻ പലർക്കും അങ്ങനെയൊരിടം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ്‌ വാസ്തവം. ദുരഭിമാനങ്ങളും മുൻവിധികളും അഭിലാഷങ്ങളും ഉപജാപങ്ങളുമൊക്കെ നിറഞ്ഞുകവിയുന്നതായിരുന്നു ഡയറിയുടെ പേജുകൾ.

(കീർത്തിക് ശശിധരൻ ഹിന്ദു പത്രത്തിലെഴുതിയ Inner Worlds of Others എന്ന ലേഖനത്തിൽ നിന്ന്)

ഇന്ത്യൻ മതഗ്രന്ഥമായ ഭഗവദ് ഗീതയുടെ ഒരു ജർമ്മൻ വിവർത്തനം ഞാൻ കാഫ്കയ്ക്ക് വായിക്കാൻ കൊടുത്തിട്ടുണ്ടായിരുന്നു.

കാഫ്ക പറഞ്ഞു, “ഇന്ത്യൻ മതഗ്രന്ഥങ്ങൾ ഒരേസമയം ആകർഷകവും ഒപ്പം തന്നെ വെറുപ്പുളവാക്കുന്നതുമായിട്ടാണ്‌ എനിക്കു തോന്നിയിട്ടുള്ളത്. വിഷത്തിന്റെ കാര്യത്തിലെന്നെപോലെ വശീകരിക്കുന്നതും അതുപോലെ ഭീതിദവുമായ എന്തോ ഒന്ന് അവയിലുണ്ട്. ഇക്കണ്ട യോഗികളും മന്ത്രവാദികളും പ്രകൃതിക്കു മേൽ കോയ്മ നേടാൻ ശ്രമിക്കുന്നത് സ്വാതന്ത്ര്യത്തിനായുള്ള അടങ്ങാത്ത ദാഹം കൊണ്ടല്ല, ജീവിതത്തിനോടുള്ള ഗൂഢവും തണുത്തുറഞ്ഞതുമായ വെറുപ്പു കാരണമാണ്‌. ഇന്ത്യയിലെ ഭക്തിയുടെ ഉറവിടം അഗാധമായ ഒരു അശുഭവാദമാണ്‌.”

ഇന്ത്യൻ തത്ത്വശാസ്ത്രത്തിൽ ഷോപ്പൻഹോവറുടെ താല്പര്യത്തെക്കുറിച്ച് ഞാനപ്പോൾ ഓർമ്മിപ്പിച്ചു.

കാഫ്ക പറഞ്ഞു, “ഷോപ്പൻഹോവർ ഭാഷയിലെ ശില്പിയാണ്‌. അദ്ദേഹത്തിന്റെ ചിന്തയുടെ ഉറവിടവും അതാണ്‌. ആ ഭാഷയ്ക്കു വേണ്ടിയെങ്കിലും അദ്ദേഹത്തെ വായിക്കാതിരിക്കരുത്.”

(ഗുസ്താവ് യനൌഹിന്റെ “കാഫ്കയോടു നടത്തിയ സംഭാഷണങ്ങൾ” എന്ന പുസ്തകത്തിൽ നിന്ന്)

ആളുകൾക്ക് കാഫ്കയെ എങ്ങനെ വായിക്കണമെന്നറിയില്ല; കാരണം, കാഫ്കയെ വായിക്കുക എന്നാൽ കാഫ്കയുടെ പൊരുളു തിരിക്കുക എന്നാണവരുടെ ധാരണ. അദ്ദേഹത്തിന്റെ നിസ്തുലമായ ഭാവനയ്ക്കു സ്വയം വിട്ടുകൊടുക്കുന്നതിനു പകരം അവരതിൽ അന്യാപദേശങ്ങൾ തിരയുന്നു; അവർക്കു കിട്ടുന്നത് ക്ലീഷേകൾ മാത്രവും: ജീവിതം യുക്തിരഹിതമാണ്‌ (യുക്തിരഹിതമല്ല), ദൈവം മനുഷ്യനപ്രാപ്യനാണ്‌ (അപ്രാപ്യനല്ല) എന്നിങ്ങനെ. ഭാവനയ്ക്ക് സ്വന്തമായിട്ടൊരു മൂല്യമുണ്ടെന്ന് മനസ്സിലാവുന്നില്ലെങ്കിൽ കല, ആധുനികകല വിശേഷിച്ചും, നിങ്ങൾക്കു മനസ്സിലാകാൻ പോകുന്നില്ല. സ്വപ്നങ്ങളെ പ്രശംസിക്കുമ്പോൾ നോവാലിസ്സിന്‌ അതറിയാമായിരുന്നു. അവ “ജീവിതത്തിന്റെ ആവർത്തനവിരസതയിൽ നിന്ന് നമ്മെ കാക്കുന്നു,” അദ്ദേഹം പറഞ്ഞു; “ആ ലീലാസ്വഭാവം കൊണ്ട് ഗൗരവബുദ്ധിയിൽ നിന്ന് അവ നമ്മെ മോചിപ്പിക്കുന്നു.” നോവലിൽ സ്വപ്നങ്ങളുടേയും സ്വപ്നതുല്യമായ ഭാവനയുടേയും ധർമ്മം ആദ്യമായി മനസ്സിലാക്കിയത് അദ്ദേഹമാണ്‌. അദ്ദേഹം തന്റെ Heinrich von Ofterdingenന്റെ രണ്ടാം ഭാഗം വിഭാവന ചെയ്തിരുന്നത് സ്വപ്നവും യാഥാർത്ഥ്യവും വേർതിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ഇഴ ചേർന്നുകിടക്കുന്ന ഒരാഖ്യാനമായിട്ടാണ്‌. നിർഭാഗ്യവശാൽ ആ രണ്ടാം ഭാഗത്തിന്റേതായി ശേഷിക്കുന്നത് തന്റെ ലക്ഷ്യത്തിനായി അദ്ദേഹം തയാറാക്കിയ കുറിപ്പുകൾ മാത്രമാണ്‌. അദ്ദേഹം ലക്ഷ്യം വച്ചത് സാക്ഷാല്ക്കരിച്ചത് നൂറു കൊല്ലത്തിൽ പിന്നെ കാഫ്കയാണ്‌. കാഫ്കയുടെ നോവലുകൾ സ്വപ്നത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ഒരുരുകിച്ചേരലാണ്‌; എന്നു പറഞ്ഞാൽ അവ സ്വപ്നവുമല്ല, യാഥാർത്ഥ്യവുമല്ല. മറ്റെന്തിലുമുപരി കാഫ്ക കൊണ്ടുവന്നത് സൗന്ദര്യശാസ്ത്രപരമായ ഒരു വിപ്ലവമാണ്‌. സൗന്ദര്യശാസ്ത്രപരമായ ഒരത്ഭുതപ്രവർത്തനം.  തീർച്ചയായും അദ്ദേഹം ചെയ്തത് മറ്റൊരാൾക്കാവർത്തിക്കാനാവില്ല. എന്നാൽ, സ്വപ്നങ്ങളേയും സ്വപ്നങ്ങളുടെ ഭാവനയേയും നോവലിലേക്കു കൊണ്ടുവരാനുള്ള അഭിലാഷം അദ്ദേഹത്തോടും നോവാലിസ്സിനോടുമൊപ്പം ഞാനും പങ്കിടുന്നു.

(മിലാൻ കുന്ദേരയുടെ 1983ലെ പാരീസ് റിവ്യു ഇന്റെർവ്യൂവിൽ നിന്ന്)

എന്റെ ചെറുപ്പത്തിൽ നിന്നൊരു ദിവസം എനിക്കോർമ്മ വരുന്നു: ഞാൻ ഒരു കൂട്ടുകാരനോടൊപ്പം കാറിൽ യാത്ര ചെയ്യുകയാണ്‌; ഞങ്ങൾക്കു മുന്നിൽ ആളുകൾ റോഡ് മുറിച്ചു നടക്കുന്നുണ്ട്. എനിക്കു തീരെ കണ്ണിനു പിടിക്കാത്ത ഒരു മനുഷ്യനെ അപ്പോൾ ഞാൻ കണ്ടു; അയാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ കൂട്ടുകാരനോടു പറഞ്ഞു: “അയാളെ ഇടിച്ചിട്!” ഞാനൊരു തമാശ പറഞ്ഞതായിരുന്നു, ശരി തന്നെ; പക്ഷേ ആ വാക്കുകൾ എന്റെ കൂട്ടുകാരനെ ഏതോ ഉന്മാദാവസ്ഥയിലേക്കു കൊണ്ടുപോയെന്നു തോന്നി; അവൻ ആക്സിലേറ്ററിൽ ആഞ്ഞുചവിട്ടി. ആ മനുഷ്യൻ പേടിച്ചു കാലിടറി റോഡിൽ വീണു. തൊട്ടു, തൊട്ടില്ലെന്ന മട്ടിൽ എന്റെ കൂട്ടുകാരൻ കാർ നിർത്തുകയും ചെയ്തു. അയാൾക്കു പരിക്കൊന്നും പറ്റിയില്ല; പക്ഷേ ആളുകൾ ഞങ്ങളെ തല്ലിക്കൊല്ലുമെന്ന മട്ടിൽ (അതു പറയേണ്ടല്ലോ) ചുറ്റും കൂടി. കൊലപാതകിയുടെ പ്രകൃതമൊന്നും എന്റെ കൂട്ടുകാരനില്ല. പക്ഷേ എന്റെ വാക്കുകൾ അപ്പോൾ ഒരു ക്ഷണികലഹരിയിലേക്ക് അവനെ കൊണ്ടുപോവുകയായിരുന്നു (അതും എത്രയും വിചിത്രമായ ഒരു ലഹരി, ഒരു തമാശയുടെ ലഹരി).

അങ്ങനെയൊരു ലഹരിയെ നാം സാധാരണ ബന്ധപ്പെടുത്തുക മിസ്റ്റിക് അനുഭൂതിയുടെ മുഹൂർത്തങ്ങളുമായിട്ടാണ്‌. എന്നാൽ നിത്യജീവിതത്തോടു ബന്ധപ്പെട്ട, സർവസാധാരണമായ, പ്രാകൃതമായ ലഹരി എന്നൊരു സംഗതി കൂടിയുണ്ട്: കോപത്തിന്റെ ലഹരി, സ്റ്റിയറിങ്ങ് വീലിനു പിന്നിലെ ലഹരി, കാതടപ്പിക്കുന്ന ഒച്ചയുടെ ലഹരി, ഫുട്ബാൾ സ്റ്റേഡിയത്തിലെ ലഹരി. ജീവിക്കുക എന്നാൽ നമ്മെ നമ്മുടെ കണ്ണിൽ നിന്നു തെറ്റിപ്പോകാതെ നോക്കാനുള്ള, നമ്മെ നമ്മിൽത്തന്നെ, നമ്മുടെ സ്ഥായിയിൽത്തന്നെ പിടിച്ചുനിർത്താനുള്ള നിരന്തരവും കഠിനവുമായ യത്നമാണ്‌. ഒരു നിമിഷത്തേക്കെങ്കിലും നാം നമ്മിൽ നിന്നു പുറത്തേക്കൊരു ചുവടുവച്ചുകഴിഞ്ഞു, മരണം ഭരിക്കുന്ന ദേശത്താണു നാമെത്തുക.

(Milan Kundera - Testaments Betrayed)


കലയിലെ ആത്മാർത്ഥതയ്ക്ക് ഒരാളുടെ അന്തർഗതവുമായോ നേരിനും നെറികേടിനുമിടയിലെ തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല എന്നതാണു വാസ്തവം. അതു മുഖ്യമായും അയാളുടെ പ്രാഗത്ഭ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആത്മാർത്ഥവും നിർവ്യാജവുമായ ഒരു പുസ്തകമെഴുതാൻ ഒരാൾ അത്യുല്ക്കടമായി ആഗ്രഹിച്ചുവെന്നു വരാം; അതിനുള്ള പാടവം അയാൾക്കുണ്ടായെന്നുവരില്ല. അയാളുടെ എത്രയും ആത്മാർത്ഥമായ സദുദ്ദേശ്യങ്ങളിരിക്കെത്തന്നെ ആ പുസ്തകം അയഥാർത്ഥവും വ്യാജവും സാമ്പ്രദായികവുമായിട്ടാണ്‌ പുറത്തുവരുന്നത്; വികാരങ്ങൾ അരങ്ങിലെന്നപോലെ ആവിഷ്കരിക്കപ്പെടുന്നു, ദുരന്തഭാഗങ്ങൾ കപടവും ജാഡയുമാകുന്നു, നാടകീയമെന്നുദ്ദേശിക്കപ്പെട്ടത് അതിനാടകീയവുമായിപ്പോകുന്നു.

*

പലരും, മിക്കവരും എന്നുതന്നെ പറയാം, ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ പ്രചണ്ഡമായ ഒരു പ്രണയബന്ധം അനുഭവിച്ചവരായിരിക്കും. പക്ഷേ തങ്ങളുടെ അനുഭൂതികളെ വിശകലനം ചെയ്യാൻ കഴിയുന്നവർ വളരെക്കുറച്ചേ കാണുകയുള്ളു; വാക്കുകളിലൂടെയോ അല്ലാതെയോ അവ ആവിഷ്കരിക്കാൻ കഴിയുന്നവരാകട്ടെ, അതിലും കുറച്ചേ ഉണ്ടാവൂ. അവർ അതിന്റെ തീവ്രത അനുഭവിച്ചതാണ്‌, അതിന്റെ വേദന തിന്നവരാണ്‌, ആത്മാർത്ഥമായ ഒരു വികാരത്തിന്റെ പ്രചോദനം അറിഞ്ഞവരുമാണ്‌. പക്ഷേ അവർക്കെഴുതാൻ കഴിയുന്നില്ല. എഴുതിവരുമ്പോൾ പരമ്പരാഗതരീതിയിലുള്ളതും വക്രവും സ്ഥിരം ശൈലികൾ നിറഞ്ഞതുമായിപ്പോവുകയാണത്. യഥാർത്ഥജീവിതത്തിൽ എഴുതപ്പെടുന്ന ഒരു പ്രണയലേഖനം ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തിക്കണ്ടാൽ അതിൽ ആത്മാർത്ഥത തൊട്ടുതെറിച്ചിട്ടില്ല എന്ന വിലയിരുത്തലിന്‌ അതു വിധേയമാകേണ്ടിവരും.

*

കലയിലെ ആത്മാർത്ഥതയിൽ കഴിവിനുള്ള പങ്കിന്റെ ആത്യന്തികമായ ഉദാഹരണമാണ്‌ പ്രണയലേഖനം. കീറ്റ്സിന്റെ പ്രണയലേഖനങ്ങൾ എത്ര ഗാഢമായ താല്പര്യത്തോടെയാണ്‌ നാം വായിക്കുന്നത്! താനനുഭവിക്കുന്ന യാതനയുടെ ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങളെക്കുറിച്ചുപോലും ബോധവാനായ ഒരാത്മാവിന്റെ പിടച്ചിലുകൾ എത്ര പുതുമ നിറഞ്ഞതും എത്ര ശക്തവുമായ ഭാഷയിലാണ്‌ അവ ആവിഷ്കരിക്കുന്നത്! അവയിലെ ആത്മാർത്ഥത (അതെഴുതിയ മനുഷ്യന്റെ പ്രതിഭയുടെ ഉല്പന്നം) അവയെ കീറ്റ്സിന്റെ കവിതകളെപ്പോലെതന്നെ കലാപരമായ പ്രാധാന്യമുള്ളതാക്കുന്നു; അതിലും പ്രാധാന്യമുള്ളതെന്നും ചിലപ്പോൾ എനിക്കു തോന്നാറുണ്ട്.

(ആൾഡസ് ഹക്സ്‌ലി)




അഭിപ്രായങ്ങളൊന്നുമില്ല: