ഒരാൾക്കടുത്തേക്കു പോകുമ്പോൾ നാം പറയുന്നു
നിങ്ങൾ എന്നെപ്പോലെതന്നെയാണല്ലോ
നിങ്ങളുടെ ചിന്തകൾ എന്റെ സഹോദരങ്ങൾ
വാക്കിന് വാക്കിനോടു പൊരുത്തവും
എത്രയെളുപ്പമാണ് ഒരുമിച്ചാവുക
ഒരാളെ വിട്ടുപോകുമ്പോൾ നാം പറയുന്നു
എത്രയപരിചിതനാണു നിങ്ങൾ
നമുക്കന്യോന്യം ഒന്നും പറയാനില്ല
നാം തമ്മിലൊരുകാര്യത്തിലും യോജിക്കുകയുമില്ല
എത്ര ദുഷ്കരമാണ്, ദുസ്സഹമാണ് ഒരുമിച്ചാവുക
നാം വ്യത്യസ്തരല്ല, ഒരുപോലെയുമല്ല
സ്വന്തം തോലുടലിൽ അപരിചിതരാണു നാം
ചർമ്മത്തിനുള്ളിൽ നാം അടയ്ക്കപ്പെട്ടിരിക്കുന്നു
വിലക്ഷണമായി നാം കൈകൾ നീട്ടുന്നു
സ്നേഹമെന്ന പ്രവൃത്തിയുടെ ആയുസ്സു കൂടുതലല്ല
തുറന്ന കയ്യിനെക്കാൾ
തുറന്ന കണ്ണിനെക്കാൾ
നെഞ്ചിലെ മലർക്കെത്തുറന്ന വാതിലിനെക്കാൾ
*
Marge Piercy- 1936ൽ ജനിച്ച അമേരിക്കൻ കവിയും നോവലിസ്റ്റും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ