2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

ഗബ്രിയേല മിസ്ത്രൽ - മറ്റൊരുവള്‍



ഗബ്രിയേല മിസ്ത്രൽ Gabriela Mistral (1889-1957) ചിലിയൻ കവിയും ഡിപ്ലോമാറ്റും വിദ്യാഭ്യാസപ്രവർത്തകയും. ലാറ്റിനമരിക്കയിൽ നിന്ന് ആദ്യമായി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്നത് ഇവരാണ്‌.

1889 ഏപ്രിൽ 7ന്‌ ചിലിയിൽ ജനിച്ചു. ശരിക്കുള്ള പേര്‌ ലൂസില്ല ഗൊദോയ് അല്ക്കായഗ Lucila Godoy Alcayaga എന്നാണ്‌. സ്പാനിഷ്, ബാസ്ക്, റെഡ് ഇന്ത്യൻ പൈതൃകം സിരകളിലോടുന്ന മിസ്ത്രൽ വടക്കൻ ചിലിയിലെ ഒരു ഗ്രാമത്തിലാണ്‌ വളർന്നത്. പതിനഞ്ചാമത്തെ വയസ്സിൽത്തന്നെ സ്കൂൾ ടീച്ചറായി. പിന്നീടവർ കോളേജ് പ്രൊഫസ്സറും ചിലിയുടെ സാസ്കാരികമന്ത്രിയും സ്പെയിൻ, പോർട്ടുഗൽ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ അംബാസ്സഡറുമായി.

1914ൽ "Sonetos de la muerte"(മരണത്തെക്കുറിച്ചുള്ള ഗീതകങ്ങൾ) എന്ന കൃതിക്ക് ചിലിയിലെ ഒരു സാഹിത്യസമ്മാനം ലഭിക്കുന്നതോടെയാണ്‌ കവി എന്ന നിലയിൽ അവർ ശ്രദ്ധിക്കപ്പെടുന്നത്. ഈ കൃതിയിലാണ്‌ അവർ ഗബ്രിയേല മിസ്ത്രൽ എന്ന തന്റെ തൂലികാനാമം ആദ്യമായി ഉപയോഗിക്കുന്നത്. (തന്റെ പ്രിയപ്പെട്ട കവികളായ Gabriele D’Annunzio, Frédéric Mistral എന്നിവരുടെ പേരുകളിൽ നിന്നാണ്‌ അവർ അത് രൂപപ്പെടുത്തിയതും.) കാമുകന്റെ ആത്മഹത്യയിൽ അവസാനിച്ച ഒരു പ്രണയബന്ധത്തെ തുടർന്ന് അവർ പിന്നെ വിവാഹം കഴിച്ചില്ല. മാതൃവാത്സല്യവും കുഞ്ഞുങ്ങളോടും അധഃസ്ഥിതരോടുമുള്ള സ്നേഹവും അവരുടെ കവിതയിൽ നിത്യപ്രമേയമാകുന്നതും പിന്നീടാണ്‌.



1.  പൈന്മരക്കാടുകൾ


ഈ കാടുകള്‍ വഴി നമുക്കിനിയൊന്നുപോകാം-
മരങ്ങളൊന്നൊന്നായി നിനക്കു മുന്നിലൂടെക്കടന്നുപോകും,
ഇന്നിന്നവയാണവയെന്നു  ഞാൻ ചൊല്ലിത്തരുമ്പോൾ
നിന്നെക്കുനിഞ്ഞു നോക്കുവാനവയ്ക്കു മുട്ടുകൾ മടങ്ങുകയുമില്ല.
രാത്രിയതിന്റെ സന്തതികളെ ഉറക്കിക്കിടത്തുമ്പോൾ
പൈന്മരങ്ങൾ മാത്രം നീണ്ടുനിവർന്നു നിൽക്കും.
പുരാതനരായി, ആഴത്തിൽ വടുക്കളുമായി,
രാത്രിയിൽ വാസനിച്ചിറ്റുന്ന കറയുമായി.
ആകുമെങ്കിലവ നിന്നെപ്പൊക്കിയെടുത്തേനെ,
അകലേക്കകലേക്കു നിന്നെക്കൊണ്ടുപോയേനെ,
കൈകളിൽ നിന്നു കൈകളിലേക്കു നീ പോയേനെ,
ഒരു പിതാവിൽ നിന്നു മറ്റൊരു പിതാവിലേക്കെന്നപോലെ...


2.  വൃത്തത്തിൽ നൃത്തം വയ്ക്കുന്നവർ


നക്ഷത്രങ്ങൾ, വൃത്തത്തിൽ നൃത്തം വയ്ക്കുന്ന ബാലന്മാർ;
ലോകവുമായി അവർ ഒളിച്ചുകളിയ്ക്കുന്നു.
ഗോതമ്പുകതിരുകൾ, ബാലികമാരുടെ തനുമദ്ധ്യങ്ങൾ;
അവരുലയുന്നു...അവരുലഞ്ഞുകളിയ്ക്കുന്നു.

പുഴകൾ, വൃത്തത്തിൽ നൃത്തം വയ്ക്കുന്ന ബാലന്മാർ,
കടലും കാറ്റുകളുമായി അവർ കളിയാടുന്നു.
തിരകൾ, വൃത്തത്തിൽ നൃത്തം വയ്ക്കുന്ന ബാലികമാർ;
അവർ ഭൂമിയെ കൈകളിലേന്തിക്കളിയ്ക്കുന്നു.


3.  നിന്റെ കൈ തരൂ...

നിന്റെ കൈ തരൂ, നിന്റെ സ്നേഹം  തരൂ,
നിന്റെ കൈ തരൂ, നമുക്കൊരുമിച്ചു നൃത്തം വയ്ക്കാം.
നാമൊരുമിച്ചൊരേയൊരു പൂവാകും,
ഒരേകാന്തപുഷ്പം, നാമതു മാത്രം.

ഒരേ വരികൾ പാടും നാം,
ഒരേ ചുവടു വയ്ക്കും നാം,
ഒരു പുൽക്കൊടി പോലുലയും നാം,
ഒരു പുൽക്കൊടി, നാമതു മാത്രം.

നിന്റെ പേരു റോസ, എന്റെ പേരാശ,
നിന്റെ പേരു പക്ഷേ നീ മറക്കും,
മല മേലൊരു നൃത്തമാണു നാമെന്നതിനാൽ,
അതു മാത്രമാണു നാമെന്നതിനാൽ.


4.  നൃത്തം ചെയ്യാത്തവർ


തളർവാതം പിടിച്ച കുട്ടി ചോദിച്ചു,
“ഞാനെങ്ങനെ നൃത്തം ചെയ്യും?”
നിന്റെ ഹൃദയം നൃത്തം ചെയ്യട്ടെ,
ഞങ്ങൾ പറഞ്ഞു.


പിന്നെ ദീനക്കാരനായ കുട്ടി ചോദിച്ചു,
“ഞാനെങ്ങനെ പാട്ടു പാടും?”
നിന്റെ ഹൃദയം പാടട്ടെ,
ഞങ്ങൾ പറഞ്ഞു.


പട്ടുപോയ പാവം മുൾച്ചെടി ചോദിച്ചു,
“ഞാനെങ്ങനെ നൃത്തം ചെയ്യും?”
നിന്റെ ഹൃദയം കാറ്റിൽ പാറട്ടെ,
ഞങ്ങൾ പറഞ്ഞു.


പിന്നെ ദൈവം മുകളിൽ നിന്നു ചോദിച്ചു,
“ഞാനീ നീലിമയിൽ നിന്നെങ്ങനെ താഴെ വരും?”
വരൂ, ഈ വെളിച്ചത്തിൽ ഞങ്ങൾക്കായി നൃത്തം ചെയ്യൂ,
ഞങ്ങൾ പറഞ്ഞു.


താഴ്വരയാകെ നൃത്തത്തിൽ,
ഒരുമിച്ചു സൂര്യവെളിച്ചത്തിൽ.
ഞങ്ങളോടു ചേരാത്തൊരു ഹൃദയമുണ്ടെങ്കിൽ
അതു പൊടിയാവട്ടെ, വെറും മൺപൊടി.


5.  നർത്തകി


നർത്തകിയിപ്പോൾ നൃത്തം വയ്ക്കുന്നത് 
തനിക്കുള്ളതൊക്കെ നഷ്ടപ്പെടുത്തുന്ന നൃത്തം.
തനിക്കുണ്ടായിരുന്നതൊക്കെ
അവള്‍ കൊഴിച്ചുകളയുന്നു,
അച്ഛനമ്മമാർ, കൂടപ്പിറപ്പുകൾ, തോപ്പുകൾ, പാടങ്ങൾ,
തന്റെ പുഴയുടെ മർമ്മരങ്ങൾ, താൻ നടന്ന വഴികൾ,
വീട്ടിൽ കേട്ട കഥകൾ, തന്റെ മുഖം,
തന്റെ പേരും, ബാല്യകാലസ്വപ്നങ്ങളും.
ഒക്കെയുമൂർന്നുപോകട്ടെയെന്നവൾ വയ്ക്കുന്നു,
തന്റെ ചുമലിൽ നിന്ന്, തന്റെ നെഞ്ചിൽ നിന്ന്, തന്റെ ആത്മാവിൽ നിന്ന്.
പകലിന്റെ വിളുമ്പിൽ നിന്നു ചിരിച്ചും കൊണ്ടവളാടുന്നു
ഇല്ലായ്മയുടെ നൃത്തം.
അവൾ പാറ്റിക്കളയുന്നതു ലോകത്തെ,
സ്നേഹിക്കുന്ന, വെറുക്കുന്ന, ചിരിക്കുന്ന, കൊല്ലുന്ന ലോകത്തെ,
ചോരച്ച വീഞ്ഞായി ഞെക്കിപ്പിഴിഞ്ഞ ഭൂമിയെ,
ഉറക്കമില്ലാത്ത ധൂർത്തുകളുടെ രാത്രിയെ,
ഉറങ്ങാനിടമില്ലാത്തവരുടെ നോവുകളെ.
ഊരും പേരുമില്ലാതെ, ഒന്നിനോടും,
തന്നോടുപോലും ബന്ധമില്ലാതെ,
അവളാത്മസമർപ്പണം ചെയ്യുന്നു,
പറക്കുന്ന ചുവടുകളാൽ,
സുന്ദരവും നിർമ്മലവുമായി.
കൊടുങ്കാറ്റു പിടിച്ചൊരു തൈമരം പോലെ
അവളാകെയുലയുന്നു,
അവൾ സാക്ഷി പറയുന്നു.
അവളാടുന്നതാൽബട്രോസ്സിന്റെ പറക്കലല്ല,
ഉപ്പു നുണഞ്ഞ തിരകളുടെ കളിമ്പങ്ങളല്ല,
കാറ്റു തല്ലുന്ന ഓടൽപ്പാടങ്ങളുടെ ജയപരാജയങ്ങളല്ല,
തെന്നലിൽ വിളക്കുതിരികളുടെ വേവലാതികളല്ല,
നീളൻപുൽക്കൊടികളുടെ പുഞ്ചിരികളുമല്ല.
തന്നെ സ്നാനപ്പെടുത്തിയ പേരല്ലവൾക്കിപ്പോൾ,
തന്റെ ജാതിയും ഉടലുമല്ലവൾക്കിപ്പോൾ;
അവൾ കുഴിച്ചുമൂടിയിരിക്കുന്നു,
തന്റെ ചോരയുടെ മൃദുലതാളം,
തന്റെ കൗമാരത്തിന്റെ നൃത്തഗാനവും.
നാമറിയാതവൾക്കു മേൽ നാമൂരിയെറിയുന്നു,
ചുവന്ന വിഷക്കച്ച പോലെ നമ്മുടെ ജീവിതങ്ങള്‍;
സർപ്പദംശനമേറ്റപോലവൾ നൃത്തമാടുമ്പോൾ
അവളുടെ മേലിഴഞ്ഞുകേറുകയാണണലിപ്പാമ്പുകൾ;
പിന്നെയവൾ താഴെ വീഴുന്നു,
കശക്കിയ പൂച്ചെണ്ടു പോലെ,
തോറ്റ പട വിട്ടുപോയ പതാക പോലെ.
സ്വപ്നത്തിലെന്നപോൽ താനറയ്ക്കുന്നവളായവൾ മാറുന്നു,
താൻ മാറിയെന്നുമറിയാതവൾ നൃത്തമാടുന്നു,
അവളുടെ ചേഷ്ടകൾ വാരിവിതറുന്നു, വാരിയെടുക്കുന്നു,
അവളുതിർക്കുന്നതു നാമുതിർക്കുന്ന നെടുവീർപ്പുകൾ.
നാം, നാം തന്നെ അവളുടെ കിതയ്ക്കുന്ന മാറിടം,
ചോര വറ്റിയ തൊലിനിറം, ഭ്രാന്തമായ സീൽക്കാരം,
അവളുടെ സിരകളിലെ പനിയ്ക്കുന്ന ചുവപ്പും.
തന്റെ ശൈശവത്തിലെ ദൈവത്തെ അവൾ മറന്നുപോയിരിക്കുന്നു.


6.  നിശാഗീതം

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നീയെന്നെ കൈവിട്ടതെന്തേ!
മാണിക്യക്കഴമ്പു പിളർന്ന ശരൽക്കാലക്കനിയെ
ഓർമ്മിയ്ക്കാൻ നീ മറന്നില്ല.
തുളഞ്ഞുകേറിയതാണെന്റെ പാര്‍ശ്വവും,
എന്നാലും തിരിഞ്ഞുനോക്കില്ല നീയെന്നെ!

തുടുത്തിരുണ്ട മുന്തിരിക്കുലകളെ നീയോർമ്മവയ്ച്ചു,
ചുവന്ന ചക്കിലേക്കവയെ നീയയച്ചു.
നിന്റെ സൗമ്യനിശ്വാസത്താൽ
പോപ്ളാർമരങ്ങൾക്കു നീ വീശിക്കൊടുക്കുകയും ചെയ്തു.
എന്നിട്ടും മരണത്തിന്റെ ചക്കിൽ വീഞ്ഞാകാൻ
എന്റെ ഹൃദയത്തെ നീയിട്ടുകൊടുക്കുന്നില്ല!

വയലറ്റുകൾ വിടരുന്നതു വഴിയിൽ ഞാൻ കണ്ടു,
കാറ്റിന്റെ മദിര ഞാൻ കുടിച്ചു,
മഞ്ഞ പടർന്ന കണ്ണിമകളും ഞാൻ താഴ്ത്തി,
എനിയ്ക്കു കാണേണ്ടിനി വസന്തവും ഹേമന്തവും.
എന്റെ ചുണ്ടുകളും ഞാൻ പൂട്ടിയടച്ചു;
ഇനിയൊരുനാളുമെന്നിൽ നിന്നു കവിതകളുതിരുകയുമില്ല.
ശരൽക്കാലമേഘത്തെ മുറിപ്പെടുത്തിയോനേ,
തിരിഞ്ഞുനോക്കുന്നില്ല നീയെന്നെ!

എന്റെ കവിളത്തു ചുംബിച്ചവനെന്നെ വിലയ്ക്കു വിറ്റു;
ഹീനമായ മേലങ്കിയ്ക്കായവനെന്നെ ഒറ്റുകൊടുത്തു.
ഞാനെന്നെ എന്റെ കവിതകളിലവനു കൊടുത്തു,
എന്റെ ചോരക്കറ പറ്റിയ മുഖം ഞാനവനു കൊടുത്തു,
അവളുടെ മൂടുപടത്തിൽ നിന്റെ മുഖത്തിന്റെ മുദ്ര പോലെ.
ഉദ്യാനത്തിലെന്റെ രാത്രിയിൽ കാണുകയും ചെയ്തു ഞാൻ,
വിമുഖനായ യോഹന്നാനെ, പക വച്ച മാലാഖയെ.

ഇന്നെന്റെ കണ്ണുകളിൽ തുളച്ചുകേറുകയായി,
അതിരറ്റൊരു ക്ഷീണം,
ഒടുങ്ങുന്ന പകലിന്റെ ക്ഷീണം,
ഇനിയുമൊരുദയത്തിന്റെ ക്ഷീണം;
ലോഹം പോലായ മാനത്തിന്റെ ക്ഷീണം,
നീലാകാശത്തിന്റെ ക്ഷീണം!

ഇതാ ഞാനഴിച്ചിടുന്നു,
രക്തസാക്ഷിയുടെ ചെരുപ്പുകൾ,
ഒരാത്മബലിയുടെ മുടിക്കെട്ടും.
ഇനിയൊന്നുറങ്ങിയാൽ മതിയെനിയ്ക്ക്.
രാത്രിയിൽ വഴിതെറ്റിയുഴലുമ്പോൾ
നിന്നെപ്പോലെ ഞാൻ വാവിട്ടുകരയുന്നു:
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നീയെന്നെ കൈവിട്ടതെന്തേ!


7.  ചുംബനങ്ങൾ


അഭിശപ്തപ്രണയത്തിനു മരണശിക്ഷ സ്വയം വിധിച്ച ചുംബനങ്ങളുണ്ട്,
ഒരു നോട്ടം മാത്രമായൊതുങ്ങുന്ന ചുംബനങ്ങളുണ്ട്,
ഒരോർമ്മ മാത്രമായൊതുങ്ങുന്ന ചുംബനങ്ങളുണ്ട്.
മൌനചുംബനങ്ങളുണ്ട്, കുലീനചുംബനങ്ങളുണ്ട്,
ചുംബനസമസ്യകളുണ്ട്, ആത്മാർത്ഥചുംബനങ്ങളുണ്ട്,
ആത്മാവുകൾ തമ്മിൽ നല്കുന്ന ചുംബനങ്ങളുണ്ട്,
നിഷിദ്ധചുംബനങ്ങളുണ്ട്, നേരുള്ള ചുംബനങ്ങളുണ്ട്,
പൊള്ളുകയും മുറിയുകയും ചെയ്യുന്ന ചുംബനങ്ങളുണ്ട്,
സൂചനകൾ തരാത്ത സന്ദിഗ്ധചുംബനങ്ങളുണ്ട്,
ദുരന്തനാടകങ്ങൾക്കു ജന്മം നല്കുന്ന ചുംബനങ്ങളുണ്ട്,
വിടരാൻ വെമ്പുന്ന പനിനീർപ്പൂക്കളിറുത്തിട്ടവ.
പരിമളം പുരട്ടിയ ചുംബനങ്ങളുണ്ട്,
തൃഷ്ണയുടെ ഇളംചൂടുള്ള ചുംബനങ്ങളുണ്ട്,
രണ്ടു മഞ്ഞുകട്ടകൾക്കിടയിൽ സൂര്യനെപ്പോലെ
ചുണ്ടുകളിൽ പാടുകൾ വീഴ്ത്തുന്ന ചുംബനങ്ങളുണ്ട്.
വെളുത്ത ലില്ലിപ്പൂക്കൾ പോലുള്ള  ചുംബനങ്ങളുണ്ട്,
ഉദാത്തതയാൽ, ആർജ്ജവത്താൽ, നൈർമ്മല്യത്താൽ.
ഭീരുത്വത്തിന്റെ, വിശ്വാസവഞ്ചനയുടെ ചുംബനങ്ങളുണ്ട്,
കള്ളസാക്ഷ്യത്തിന്റെ ശപ്തചുംബനങ്ങളുണ്ട്.
യേശുവിനെ യൂദാസ് ചുംബിക്കുമ്പോൾ
ദൈവമുഖത്തു പാപത്തിന്റെ പാടു വീഴുന്നു;
മഗ്ദലന തന്റെ ചുംബനങ്ങളാലവന്റെ വേദനയാറ്റുന്നു.
അതില്പിന്നെ ചുംബനങ്ങളിൽ തുടിക്കുന്നു,
സ്നേഹം, വിശ്വാസം, വേദനയും.
പൂക്കളിൽ തഴുകിപ്പോവുന്ന തെന്നലായി
വിവാഹമണ്ഡപങ്ങളിലവ പ്രത്യക്ഷമാവുന്നു.
വിഭ്രാന്തവികാരങ്ങളുണർത്തുന്ന ഉന്മത്തചുംബനങ്ങളുണ്ട്,
നിനക്കു നന്നായറിയും, എന്റേതാണവയെന്ന്,
നിന്റെ ചുണ്ടുകൾക്കായി ഞാൻ കണ്ടുപിടിച്ചവ.
കരിഞ്ഞ പാടുകൾ വീഴ്ത്തുന്ന ചുംബനജ്വാലകളുണ്ട്,
ചുംബനചണ്ഡവാതങ്ങളുണ്ട്, കിരാതചുംബനങ്ങളുണ്ട്,
നമ്മുടെ ചുണ്ടുകൾ മാത്രം രുചിയറിഞ്ഞവയും.
നിനക്കോർമ്മയുണ്ടോ, നമ്മുടെ പ്രഥമചുംബനം?
അതിന്നതെന്നു പറയാനരുതാത്തതായിരുന്നു,
നിന്റെ മുഖമാകെയതു തുടുപ്പിച്ചിരുന്നു,
വികാരമൂർച്ഛയാലന്നു നിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
നിനക്കോർമ്മയുണ്ടോ, അന്നൊരു സായാഹ്നത്തിൽ
അസൂയ കൊണ്ടു ഭാവന കാടു കയറിയ നിന്നെ ഞാൻ കണ്ടു;
നിന്നെ ഞാനെടുത്തുയർത്തിയപ്പോൾ ഒരു ചുംബനം വിറ കൊണ്ടു...
പിന്നെ നീയെന്തു കണ്ടു? എന്റെ ചുണ്ടിൽ ചോരത്തുള്ളികൾ!
ചുംബിക്കാൻ നിന്നെ ഞാൻ പഠിപ്പിച്ചു, എന്റെ ചുംബനങ്ങളാൽ,
നിന്റെ ചുണ്ടുകൾക്കായി ഞാൻ കണ്ടുപിടിച്ച ചുംബനങ്ങളാൽ.


8.  താരാട്ടുപാട്ട്


ലക്ഷോപലക്ഷങ്ങളായ ദിവ്യനക്ഷത്രങ്ങളെ
കടല്‍ പാടിയുറക്കുന്നു,
കടലിന്റെ സ്നേഹത്തിനു കാതോർക്കവെ
എനിക്കു സ്വന്തമായതൊന്നിനെ ഞാൻ പാടിയുറക്കുന്നു.

രാത്രിയിൽ നാടോടിത്തെന്നൽ
ഒരു ഗോതമ്പുകതിരിനെ പാടിയുറക്കുന്നു;
കാറ്റിന്റെ സ്നേഹത്തിനു കാതോർക്കവെ
എന്റെ ഓമനയെ ഞാൻ പാടിയുറക്കുന്നു.

മൌനിയായൊരായിരം ലോകങ്ങളെ
നമ്മുടെ പിതാവായ ദൈവം പാടിയുറക്കുന്നു;
ഇരുട്ടത്തവന്റെ കൈപ്പെരുമാറ്റമറിയവെ,
എനിക്കു കിട്ടിയ കുഞ്ഞിനെ ഞാൻ പാടിയുറക്കുന്നു.


9.  മണ്ണിനടിയിൽ നീയെന്തറിയുന്നു

മണ്ണിനടിയിൽ കിടക്കെ നീയറിയുന്നുവോ,
ഈ വസന്തത്തിന്റെ ഊഷ്മളമാർദ്ദവം?
മണ്ണിലൂടെ നിന്നിലേക്കെത്തുന്നുണ്ടോ,
സുഗന്ധിപ്പൂവിന്റെ നിശിതപരിമളം?
ആകാശം നിനക്കോർമ്മയുണ്ടോ,
മലഞ്ചോലകളുടെ തെളിഞ്ഞ പീലികള്‍,
മിന്നിയും മങ്ങിയും മലമുടികള്‍?
നീയോർക്കുന്നുവോ, കട്ടിക്കംബളം വിരിച്ചൊരു പാത,
നിന്റെ പിടയ്ക്കുന്ന കൈയിലെന്റെ കൈയടക്കം?
സിരകളിൽ ഈ വസന്തം വാറ്റുന്നു,
വാസനിക്കുന്ന മധുരമദിര.
അടഞ്ഞ ചുണ്ടുകൾ കൊണ്ടതു നുകരാൻ
മണ്ണിനടിയിലായ നിനക്കായെങ്കില്‍?
പുഎങ്കില്‍ പുഴയ്ക്കരികു വയ്ക്കുന്ന ഈ പച്ചപ്പിൽ
പരിമളവാഹിയായി നീ വന്നേനെ .
എന്റെ ചുണ്ടുകളിൽ നിനക്കിഷ്ടമായേനെ,
അതിന്റെ മാർദ്ദവവും ഊഷ്മളപാരുഷ്യവും.
മണ്ണിനടിയിലാണു നീ പക്ഷേ;
മണ്ണു നിശബ്ദമാക്കിയിരിക്കുന്നു നിന്റെ നാവിനെ.
ഈ വസന്തത്തിന്റെ ജ്വലിക്കുന്ന മധുരഗാനങ്ങൾ
ഇനി നിനക്കാവില്ലെന്നോടൊത്തു പാടാന്‍.


10. ചോദ്യങ്ങൾ


എങ്ങനെയാണവരുറങ്ങുക ദൈവമേ, ആത്മഹത്യ ചെയ്തവർ?
വായടച്ചുപിടിച്ചും ചെന്നികൾ രണ്ടുമൊഴിഞ്ഞും,
കണ്ണുകൾ നിലാവു പോലെ വെളുത്തും തുറിച്ചും,
കൈകളദൃശ്യമായൊരു നങ്കൂരത്തിനു നേർക്കു നീട്ടിയും?

അഥവാ, ആളുകൾ പിരിഞ്ഞാൽ നീ വരുമോ,
അന്ധമായിപ്പോയ കണ്ണുകൾ തിരുമ്മിയടയ്ക്കാൻ,
നോവാ,തൊച്ചവയ്ക്കാതെ കുടലുകൾ പിടിച്ചിടാൻ,
മിടിപ്പടങ്ങിയ നെഞ്ചിൽ കൈകൾ പിണച്ചുവയ്ക്കാൻ?

ആ കുഴിമാടത്തിനു മേൽ നട്ടുപിടിപ്പിച്ച പനിനീർച്ചെടി,
അതു പൂക്കളിത്ര ചുവപ്പിച്ചതു മുറിവുകൾ പോലെ തോന്നിക്കാനല്ലേ?
അതിനില്ലേ എരിക്കുന്നൊരു മണം, ഒരിരുണ്ട സൌന്ദര്യം,
പിണഞ്ഞ പാമ്പുകൾ പോലെ മുരടിച്ച ഇലകളും?

പിളർന്ന മുറിവായകളുടെ നനഞ്ഞ വാതിലുകളിലൂടെ,
പറയൂ ദൈവമേ, ആത്മാവിറങ്ങിയോടുമ്പോൾ
അതു നിന്റെ മുന്നിലേക്കു വരുന്നതു നിശ്ചലവായു പകുത്തും കൊണ്ടോ,
അതോ, ചിറകുകളുടെ വിഭ്രാന്തകലാപത്തോടിരച്ചും കൊണ്ടോ?

ഒരു വെയിൽക്കതിരു പോലുമവരിലേക്കെത്തില്ലേ?
അവരുടെ ചുവന്ന മുറിപ്പാടുകൾ കഴുകാനൊരു ജലവുമില്ലേ?
അവർക്കു നേരെ മാത്രമാണോ നിന്റെ ഹൃദയം നിർവികാരം,
നിന്റെ കൂർത്ത കാതുകൾ ബധിരം, നിന്റെ കണ്ണുകളടഞ്ഞതും?

അതേയെന്നാളുകൾ പറയുന്നു, അതൊരു സ്ഖലിതമാവാം, പകയുമാവാം;
അവർ തന്നെയാണു നിന്നെ നീതിയെന്നെന്നും വിളിക്കുന്നതും.
എന്നാൽ ഞാൻ, ദൈവമേ, മദിര പോലെ നീ തലയ്ക്കു പിടിച്ചവൾ,
സ്നേഹമെന്നല്ലാതൊരു പേരും നിന്നെ ഞാൻ വിളിക്കില്ല.

എനിക്കറിയാം, മനുഷ്യന്റെ കൈകളെന്നും ക്രൂരമാണെന്നിരിക്കെ,
ജലപാതം തല ചുറ്റിക്കും, മലകൾ മെരുങ്ങുകയുമില്ലെന്നിരിക്കെ,
ഈ മണ്ണിലെ പഴത്തോപ്പുകളിൽ മരങ്ങളായ മരങ്ങളെല്ലാം
തങ്ങളുടെ മാധുര്യം കുതിർത്തെടുക്കുന്ന ജലകുംഭം നീയെന്ന്.


11. മരിച്ചവരുടെ അസ്ഥികൾ

മരിച്ചവരുടെ അസ്ഥികൾക്കറിയാം,
തങ്ങളെ സ്നേഹിച്ചവരുടെ ചുണ്ടുകൾക്കു മേൽ
മഞ്ഞു പോലെ മൺപൊടി വിതറാൻ:
ആ ചുണ്ടുകൾ പിന്നെ ചുംബനമറിയുകയുമില്ല.

മരിച്ചവരുടെ അസ്ഥികൾ
ജീവന്റെ പൊള്ളുന്ന കനലുകൾക്കു മേൽ
തങ്ങളുടെ വെണ്മ കോരിയിടുന്നു,
വെളിച്ചമെല്ലാം കെടുത്തിക്കളയുന്നു.

ശക്തമാണു മരിച്ചവരുടെ അസ്ഥികൾ,
ജീവിച്ചിരിക്കുന്നവരുടെ പേശികളെക്കാൾ ശക്തം.
ചിതറിയെങ്കിലും അവ പണിയുന്ന തുടലിൽ
നാം പെട്ടുകിടക്കുന്നു, തുണയറ്റവരായി.


12. മൃത്യുഗീതം


കണക്കെടുപ്പുകാരിക്കിഴവീ,
മരണമെന്ന സൂത്രക്കാരീ,
നീ നടക്കുന്ന വഴിയിലെവിടെയും
എന്റെ കുഞ്ഞിനെ നീ കാണാതെപോകട്ടെ.

കൈക്കുഞ്ഞുങ്ങളെ മണക്കുമ്പോൾ,
പാൽമണം മണത്തു നടക്കുമ്പോൾ
ഉപ്പും കുറുക്കിയതും നീ മണത്തറിയട്ടെ,
എന്റെ മുലപ്പാലിന്റെ മണം നിനക്കറിയാതെപോകട്ടെ.

ലോകത്തിനെതിരമ്മേ,
മനുഷ്യരെ പെറുക്കിയെടുക്കുന്നവളേ,
കടപ്പുറങ്ങളിലും ഇടവഴികളിലും,
ആ കുഞ്ഞിനെ നീ കാണാതെപോകട്ടെ.

അവനെ സ്നാനപ്പെടുത്തിയ പേരും
അവനോടൊപ്പം വളരുന്ന പൂവും
നീ മറന്നേക്കൂ, ഓർമ്മക്കാരീ.
അതു വച്ചുമറക്കൂ, മരണമേ.

കാറ്റും മണലും ഉപ്പും നിന്നെ ഭ്രാന്തെടുപ്പിക്കട്ടെ,
നിനക്കെല്ലാം കൂടിക്കുഴഞ്ഞുപോകട്ടെ,
നിനക്കു വേറിട്ടറിയാതെപോകട്ടെ,
കിഴക്കു നിന്നു പടിഞ്ഞാറും,

കടലിൽ മീനിനെപ്പോലെ
അമ്മയിൽ നിന്നു കുഞ്ഞിനെയും.
ആ ദിവസം, ആ മുഹൂർത്തത്തിൽ
നീ കാണുന്നതെന്നെ മാത്രമാകട്ടെ.


13. മറ്റൊരുവൾ


എനിക്കുള്ളിൽ ഞാനിന്നൊരുവളെക്കൊന്നു:
എനിക്കു സ്നേഹമില്ലാത്തൊരുവളെ.

മലകളിൽ കാട്ടുകള്ളിച്ചെടിയുടെ
ജ്വലിക്കുന്ന പൂവായിരുന്നു അവൾ,
ഒരിക്കലുമുടൽച്ചൂടു മാറാത്ത
വരൾച്ചയും തീയുമായിരുന്നു.

അവൾക്കു കാല്ക്കൽ കല്ലുകളായിരുന്നു,
ചുമലുകൾക്കു മേലാകാശമായിരുന്നു,
ജലത്തിന്റെ നനഞ്ഞ കൺപീലിക്കായി
ഒരിക്കലുമവൾ താഴേക്കിറങ്ങിവന്നിരുന്നുമില്ല.

അവൾ കിടന്നുറങ്ങിയേടത്തൊക്കെ
പുൽക്കൊടികൾ വാടിക്കരിഞ്ഞുപോയിരുന്നു,
അവളുടെ പൊള്ളുന്ന നിശ്വാസത്താൽ,
അവളുടെ മുഖത്തെരിയുന്ന കനലുകളാൽ.

കാറ്റു തട്ടിയാലുണങ്ങുന്ന മരക്കറ പോലെ
അവളുടെ വാക്കുകളുറയുമായിരുന്നു,
മോചനം കിട്ടിയ തടവുകാരെപ്പോലെ
സ്വതന്ത്രമായിരുന്നില്ല അവളുടെ വാക്കുകൾ.

മലകളിലെ പരുക്കൻ മരത്തിനു
മുതുകു വളച്ചുനില്ക്കാനറിയില്ല,
അവൾക്കരികിൽ പക്ഷേ,
ഞാൻ കുനിഞ്ഞുകുനിഞ്ഞു പോയി...

എന്റെ ഹൃദയരക്തം കൊടുക്കാതെ
ഞാനവളെ ചാവാൻ വിട്ടു.
തീറ്റ കിട്ടാതായ കഴുകനെപ്പോലെ
അവൾ വിശന്നുചത്തു.

ചിറകടികൾ സാവധാനമടങ്ങി,
ശോഷിച്ചുശോഷിച്ചവളൊടുങ്ങി;
കനലണഞ്ഞ ചാരം
എന്റെ കൈകളിൽ വന്നുവീണു.

എന്നിട്ടുമവളുടെ സഹോദരിമാർ
അവൾക്കു വേണ്ടി എന്നെ വിളിച്ചുകരയുന്നു,
ഞാൻ കടന്നുപോകുമ്പോൾ
പൊള്ളുന്ന കളിമണ്ണെന്റെ കാലടി കീറുന്നു.

അവരെക്കടന്നുപോകെ ഞാൻ പറയുന്നു:
കൊല്ലികളിൽ പോയിനോക്കൂ,
ആ കളിമണ്ണിൽ നിന്നു മെനഞ്ഞെടുക്കൂ
മറ്റൊരു ജ്വലിക്കുന്ന കഴുകനെ.

നിങ്ങൾക്കാവില്ലതിനെങ്കിൽ, കഷ്ടം,
അവളെ മറന്നേക്കൂ!
ഞാനവളെ കൊന്നു.
നിങ്ങളും, സ്ത്രീകളേ, അവളെ കൊല്ലണം!


14. നക്ഷത്രഗീതം


നക്ഷത്രമേ, ഞാൻ ദുഃഖിത.
പറയൂ, നീ എന്നെങ്കിലും കണ്ടിട്ടുണ്ടോ,
ഇത്രയും ദുഃഖിക്കുന്നൊരാത്മാവിനെ?
“നിന്നിലും ദുഃഖിതയെ എനിക്കറിയാം.”

നക്ഷത്രമേ, ഞാനേകാകിനി.
എന്റെ ആത്മാവിനോടൊന്നു പറയൂ,
അവളെപ്പോലൊരേകാകിനിയുണ്ടോയെന്ന്.
“തീർച്ചയായും,” നക്ഷത്രം പറഞ്ഞു.

ഞാൻ കരയുന്നതൊന്നു നോക്കൂ.
ഇതുപോലൊരു കണ്ണീരിന്റെ മൂടുപടം
ഏതൊരുവളെന്നണിഞ്ഞിരിക്കുന്നു?
“നിന്നെക്കാൾ കണ്ണിരൊഴുക്കുന്നവളുമുണ്ട്.”

അവളെ നിനക്കറിയുമോ,
ആ ഏകാകിനിയെ, ദുഃഖിതയെ,
പറയൂ, അവളരികിലാണോ?

“ഞാൻ തന്നെയാണവൾ,
സ്വപ്നങ്ങളുടെ നെയ്ത്തുകാരി,
വെളിച്ചം കണ്ണീരായി മാറിയവൾ.“



Pine Forest

Let us go now into the forest.
Trees will pass by your face,
and I will stop and offer you to them,
but they cannot bend down.
The night watches over its creatures,
except for the pine trees that never change:
the old wounded springs that spring
blessed gum, eternal afternoons.
If they could, the trees would lift you
and carry you from valley to valley,
and you would pass from arm to arm,
a child running
from father to father.

Rocking

A thousand waves
Divine the sea she rocks
I hear the loving seas
And rock my son, my son
Night fields of wheat
The wandering wind rocks
I hear the loving winds
And rock my son, my son
His thousands worlds
Silent God Father rocks
I feel His hand in shades
And rock my son, my son.

Those Who Do Not Dance

A crippled child
Said, “How shall I dance?”
Let your heart dance
We said.
Then the invalid said:
“How shall I sing?”
Let your heart sing
We said
Then spoke the poor dead thistle,
But I, how shall I dance?”
Let your heart fly to the wind
We said.
Then God spoke from above
“How shall I descend from the blue?”
Come dance for us here in the light
We said.
All the valley is dancing
Together under the sun,
And the heart of him who joins us not
Is turned to dust, to dust.


GIVE ME YOUR HAND

For Tasso de Silveira

Give me your hand and give me your love,
give me your hand and dance with me.
A single flower, and nothing more,
a single flower is all we’ll be.

Keeping time in the dance together,
singing the tune together with me,
grass in the wind, and nothing more,
grass in the wind is all we’ll be.

I’m called Hope and you’re called Rose;
but losing our names we’ll both go free,
a dance on the hills, and nothing more,
a dance on the hills is all we’ll be.


“Everything is Round”

Stars are circles of children
Looking at the earth as they play…
Wheat stalks are bodies of children
swaying and swaying as they play…

Rivers are circles of children
running of to the sea as they play
Waves are circlets of little girls
embracing this world…as they play…

(Translated by D.M. Pettinella)

“The Other Woman”

I killed a woman in me.
I didn’t love her.

She was the flower flaming
from the mountain cactus,
she was dryness and fire;
nothing could cool her.

Stone and sky she had
underfoot and around her;
never did she kneel
to seek the gaze of water.

Where she lay down to rest
she withered the grass
with the heat of her breath,
the ember of her face.

Her speech hardened
quick as pitch,
so no soft charm
could be released.

She couldn’t bow,
the mountain plant,
while I beside her
bowed and bent.

I left her to die,
robbing her of my heart.
She ended like that,
an eagle starved.

Her wings stopped beating,
she bowed down, spent,
and her quenched spark
dropped in my hand.

Her sisters still
mourn her, accuse me,
and the burning quicklime
claws me as I pass.

Going by I tell them:
“Look in the creekbeds,
from their clays
make another fire-eagle.

If you can’t,
well then, forge her!
I killed her. You, too,
you kill her!”

tr. by Ursula K. Le Guin

The Dancer

The dancer now is dancing
the dance of losing it all.
Whatever she had, she lets it go,
fathers and brothers, gardens and fields,
the sound of her river, the roads,
her fireside tale, her face,
her name, and the games of her childhood,
as if she were letting everything fall
from her back, her breast, her soul.

On the edge of night and winter
laughing, she dances total poverty.
It’s the world she’s winnowing away,
the loving, hating, smiling, killing world,
earth crushed to a bloody vintage,
night with its sleepless excesses,
and the ache of homelessness.

Without name or creed or people, stripped
of everything and of herself, she gives from the core
beautiful, pure, with flying feet.
Shaken like a tree and in the eye
of the tornado, she bears witness.

She isn’t dancing the flight of the albatross,
salt-spattered, sport of the waves,
nor the lift and bow
of reed-beds in the wind,
nor the wind that fills the sail,
nor the smile of the high grass.

She isn’t called by her baptismal name.
She loosed herself from caste and flesh,
buried the beat of her blood
and the ballad of her adolescence.

Without knowing it we throw our lives
over her like a poisonous red garment.
And so she dances while vipers
crawl on her, biting, quick and free,
and let her drop like a tattered wreath,
the banner of a defeated army.

Sleepwalking, turned into what she hates,
she dances on, not knowing she is changed,
her gestures scattering and gathering,
gasping out our gasping breaths,
cutting the air that brings her no relief,
alone, a whirlwind, foul and pure.

We, we are the gasping of her breast,
her bloodless pallor, the wild cry
she sends from west to east,
the red fever of her veins,
the loss of the God of her childhood.

(translated from the Spanish by Ursula K. Guin)


അഭിപ്രായങ്ങളൊന്നുമില്ല: