ലാറ്റിൻ അമേരിക്കയെ കുറിച്ച് നെരൂദ എഴുതിയ ഇതിഹാസമാണ് 15 കാണ്ഡങ്ങളിലായി 231 കവിതകള്‍ അടങ്ങിയ കാന്റോ ജനറൽ . 1950ൽ രണ്ടു വാല്യങ്ങളായി മെക്സിക്കോ സിറ്റിയിലാണ് ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. ആ പ്രത്യേകപതിപ്പിൽ പ്രശസ്ത മ്യൂറലിസ്റ്റുകളായ ഡീഗോ റിവേറ, ഡേവിഡ് അല്ഫാരോ സിക്വേറോ എന്നിവരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. അന്ന് നെരൂദയ്ക്ക് 46 വയസ്സാണ്; അന്താരാഷ്ട്രപ്രശസ്തനായ കവിയുമാണ് . ജീവിതയാത്രയുടെ മദ്ധ്യത്തിലെത്തിയ ഒരു കവി തന്നിലേക്കും തന്നെ പരുവപ്പെടുത്തിയ പാരമ്പര്യത്തിലേക്കും തിരിഞ്ഞുനോക്കിയതിന്റെ കാവ്യപരിണാമമാണ് കാന്റോ ജനറൽ. വാൾട്ട് വിറ്റ്മാന്റെ Song of Myself ഒരു പൂർവ്വമാതൃകയാണെങ്കിലും നെരൂദ തന്നെക്കുറിച്ചു മാത്രമല്ല, സർവ്വതിനെക്കുറിച്ചുമാണ് പാടുന്നത് മനുഷ്യന്റെ ചരിത്രവും അവൻ വ്യാപരിക്കുന്ന മൂർത്തലോകവും മാത്രമല്ല, അവന്റെ മാനസികവും നൈതികവുമായ ലോകങ്ങൾ, വിശ്വാസങ്ങൾ, ഭീതികൾ, കാംക്ഷകൾ എല്ലാം ഇഴയിടുന്ന വിചിത്രചിത്രകംബളമാണത്.
1. ചില ജന്തുക്കള്‍
ഇഗ്വാനയുടെ സന്ധ്യനേരമിത്.
മഴവിൽ നിറമാർന്ന കോട്ടയ്ക്കുള്ളിൽ നിന്നും
അവന്റെ നാവിന്റെ ചാട്ടുളി പായുന്നു,
തഴച്ച പച്ചയിലതു ചെന്നു തറയ്ക്കുന്നു.
ആശ്രമജീവിയായ ഒരുറുമ്പുതീനിയതാ,
സംഗീതപദം വച്ചു കാട്ടിൽ നടക്കുന്നു.
ഉയരങ്ങളിൽ പ്രാണവായു പോലെ നേർത്ത കാട്ടുലാമ
പൊൻപാദുകങ്ങളുമിട്ടു നടക്കുന്നു.
നാട്ടുലാമയോ, ആർജ്ജവം നിറഞ്ഞ കണ്ണുകൾ വിടർത്തി
മഞ്ഞുതുള്ളികളലങ്കരിക്കുന്ന ലോകത്തിന്റെ
സുതാര്യത കണ്ടുനിൽക്കുന്നു.
മൊച്ചകൾ പുലരിയുടെ തീരത്തിരുന്നുകൊണ്ട്
ഒടുങ്ങാത്ത കാമാർത്തിയുടെ ഇഴ പിരിയ്ക്കുന്നു;
പൂമ്പൊടിയുടെ ചുമരുകൾ അവർ തട്ടിനിരപ്പാക്കുന്നു,
പൂമ്പാറ്റകളുടെ വയലറ്റുചിറകുകളെ വിരട്ടിയോടിക്കുന്നു.
ചീങ്കണ്ണികളുടെ രാത്രിയുമിത്.
തഴയ്ക്കുന്ന ആദിതമസ്സിൽ നിന്നു
കൂർത്ത മോന്തകൾ പുറപ്പെടുന്നു,
മണ്ണിലേക്കു മടങ്ങുന്ന പടച്ചട്ടകളുടെ ചതഞ്ഞ കിലുക്കം
നിദ്രാണമായ ചതുപ്പിൽ നിന്നു കേൾക്കുമാറാകുന്നു.
ജാഗ്വാറിന്റെ ഭാസുരമായ അസാന്നിദ്ധ്യം
ഇലകളിലുരുമ്മിക്കടന്നുപോകുന്നു,
വിശപ്പിന്റെ ദഹിപ്പിക്കുന്ന അഗ്നിയായി
പൊന്തകളിലൂടെ പ്യൂമ പാഞ്ഞുപോകുന്നു,
കാടിന്റെ ഉന്മത്തനേത്രങ്ങൾ അവനിലെരിയുന്നു .
തുരപ്പൻ കരടികൾ പുഴയുടെ ചുവടുകൾ മാന്തുന്നു,
അവിടെ സ്പന്ദിക്കുന്ന കൂടുകൾ അവർ മണത്തറിയും,
അവയിലെ ആനന്ദങ്ങളെ പിന്നെയവർ
ചെമ്പൻ പല്ലുകൾ കൊണ്ടു നേരിടും.
പിന്നെയുമുണ്ടല്ലോ, പുഴയുടെ ആഴങ്ങളിൽ
ഭൂമിയുടെ വളയം പോലെ ചുരുട്ടയിട്ടു കിടക്കുന്നവൻ,
അതികായനായ അനാക്കൊണ്ട,
ചേറിന്റെ വിഭൂതി മേലാകെ വാരിത്തേച്ചവൻ,
ഭക്തന്‍, സർവഭക്ഷകൻ.
2. ആമസോൺ
ആമസോണേ,
ജലമാത്രകളുടെ തലനഗരമേ,
തറവാടിനു കാരണവരേ,
ഉർവരതയുടെ
നിഗൂഢനിത്യത നീ,
പുഴകൾ പറവകളെപ്പോലെ നിന്നിൽ കൂടണയുന്നു,
അഗ്നിവർണ്ണമായ പുഷ്പപുടങ്ങൾ നിന്റെയുടലു പൊതിയുന്നു,
പട്ടുപോയ വന്മരങ്ങൾ നിന്നെ വാസനപ്പെടുത്തുന്നു,
നിന്നെ കണ്ണുകളിലൊതുക്കാൻ, നിന്റെയളവെടുക്കാൻചന്ദ്രനാവില്ല .
ദാമ്പത്യവൃക്ഷം പോലെ
ഹരിതബീജം നിറഞ്ഞുമുട്ടിയവൻ നീ,
വന്യവസന്തത്തിൽ നീ വെള്ളി പൂശുന്നു,
കാടുകൾ നിന്നെ ചുവപ്പാക്കുന്നു,
നിലാവു വീഴുന്ന ശിലകൾക്കിടയിൽ നീ നീലിയ്ക്കുന്നു,
ആവിയെടുത്തുടുക്കുന്നവൻ നീ,
ഭ്രമണം ചെയ്യുന്ന ഗ്രഹം പോലലസഗാമിയും
3. ടെക്കിൻഡാമ*
ടെക്കിൻഡാമ, നീയോർക്കുന്നുവോ,
വിജനമായ മലമുടികളിലൂടെ
നിന്റെയേകാന്തസഞ്ചാരം-
കാടുകളിലൊരു നൂലിഴ,
മെലിഞ്ഞൊരിച്ഛാശക്തി,
ഒരു സ്വർഗ്ഗീയരേഖ,
വെള്ളിനിറത്തിലൊരമ്പ്-
നീയോർക്കുന്നുവോ, തട്ടുതട്ടായി,
പൊന്നിന്റെ ചുമരുകളൊന്നൊന്നായി
തുറന്നും കൊണ്ടൊടുവിൽ
ശൂന്യശിലകളുടെ ഭീഷണമായ അരങ്ങിലേ-
ക്കാകാശത്തു നിന്നു നീ മറിഞ്ഞുവീണതും?
*Tequendama ബൊഗോട്ടോ നദിയിലെ 132 അടി ഉയരത്തിലുള്ള വെള്ളച്ചാട്ടം
4. ബിയോ-ബിയോ*
പറയൂ, ബിയോ-ബിയോ ,
നിന്റേതു തന്നെ
എന്റെ നാവു തെറുക്കുന്ന വാക്കുകൾ,
നീ തന്നെ ഭാഷയെനിക്കു തന്നതും,
മഴയുമിലയുമരച്ചുചേർത്ത ആ നിശാഗാനം.
കുട്ടി പറയുന്നതിനാരും കാതു കൊടുക്കാതിരുന്നപ്പോൾ
നീയാണെനിക്കു ചൊല്ലിത്തന്നത്
ഭൂമിയുടെ മഹോദയം,
നിന്റെ ദേശത്തെ പ്രബലശാന്തി,
പ്രാണനറ്റ കണകളുടെ വിറയിൽ
പൊറുതി കണ്ട പകയുടെ കഥയും,
ഒരായിരം കൊല്ലമായി ഇലവർങ്ങലതയുടെയിലകൾ
നിന്നോടു പറഞ്ഞതൊക്കെയും-
പിന്നെ നീ കടലിനെ പുണരുന്നതും ഞാൻ കണ്ടു,
നാവുകളും മുലകളുമായി പിരിഞ്ഞും,
പരന്നും പൂവിട്ടും,
ചോരയുടെ നിറമുള്ളൊരു പഴംകഥയടക്കത്തിൽ പറഞ്ഞും.
*Bio-Bio ചിലിയിലെ രണ്ടാമത്തെ വലിയ നദി
5. മാച്ചു പീച്ചു – XII
എന്നോടൊത്തുയിരെടുക്കാനെഴുന്നേല്‍ക്കൂ, സഹോദരാ.
നിന്റെ ദുഃഖങ്ങൾ വിതച്ച ഗർത്തത്തിൽ നി-
ന്നെന്റെ നേർക്കു നീ കൈനീട്ടു .
പാറകളുടെ പിടി വിട്ടു നീ പോരില്ല,
ഭൂഗർഭകാലത്തിൽ നിന്നു നീ പുറത്തുവരില്ല,
നിന്റെ കാറിയ ഒച്ച മടങ്ങിവരില്ല,
തുരന്നെടുത്ത നിന്റെ കണ്ണുകളും മടങ്ങിവരില്ല.
മണ്ണിന്നാഴത്തിൽ നിന്നെന്നെ നീ നോക്കു,
ഉഴവുകാരാ, നെയ്ത്തുകാരാ,
നാവെടുക്കാത്ത ആട്ടിടയാ,
പരദേവതകൾ കണക്കത്തെ
*ഹ്വാനക്കോകളെ മേയ്ക്കുന്നവനേ,
ചതിയ്ക്കുന്ന ചട്ടക്കൂടിന്റെ മേലറ്റത്തിരിക്കുന്ന
മരയാശാരീ,
ആൻഡീസിന്റെ കണ്ണീരു ചുമക്കുന്നോനേ,
വിരലുകൾ തകർന്ന സ്വർണ്ണപ്പണിക്കാരാ,
വിതച്ച വിത്തുകൾക്കിടയിൽ
ഉത്കണ്ഠാകുലനായ കൃഷിക്കാരാ,
ചെളിയിൽ തുലഞ്ഞ കുംഭാരാ-
പുതുജീവന്റെ ഈ കോപ്പയിലേക്കു പകരൂ
പണ്ടേ കുഴിച്ചിട്ട നിന്റെ ദുഃഖങ്ങൾ.
നിന്റെ ചോരയും നെറ്റിയിലെ ചാലും
എനിക്കു കാട്ടിത്തരൂ;
എന്നോടു പറയൂ:
എന്നെ കൊരടാവു കൊണ്ടടിച്ചതിവിടെ,
ഒരു രത്നക്കല്ലിനു തിളക്കം പോരായിരുന്നുവത്രെ,
ചോളത്തിന്റെ, രത്നത്തിന്റെ പാട്ടം കൊടുക്കാൻ
മണ്ണൊന്നു വൈകിയത്രെ.
നീ തടഞ്ഞുവീണ കല്ലൊന്നു കാണിച്ചുതരൂ,
നിന്നെത്തറച്ച കുരിശിന്റെ മരവും.
പഴയ തീക്കല്ലുകളുരച്ച്
പഴയ വിളക്കുകൾ കൊളുത്തൂ;
അതു തിളക്കട്ടെ
നൂറ്റാണ്ടുകൾ നിന്റെ മുറിവുകളിലൊട്ടിപ്പിടിച്ച ചാട്ടകളെ,
നിന്റെ ചോര തിളങ്ങുന്ന കോടാലികളെ.
മരിച്ച വായകൾക്കു നാവാകാനല്ലോ ഞാൻ വന്നു.
മണ്ണിലാകെ സംഘം ചേരട്ടെ
മരിച്ച ചുണ്ടുകൾ.
ഒപ്പം നങ്കൂരമിട്ടവനാണു ഞാനെന്നപോലെ
രാവിടമുറിയാതെ ആഴങ്ങളിൽ നി-
ന്നെന്നോടു സംസാരിക്കൂ,
ഒന്നും വിടാതെന്നോടു പറയൂ,
തുടരു തുടരായി, കണ്ണി കണ്ണിയായി,
അടിയടിയായി;
നീയൊളിപ്പിച്ച കത്തികൾ മുന കൂർപ്പിക്കൂ,
അവയെടുത്തു ചാണ്ടൂ എന്റെ നെഞ്ചിലേക്ക്,
എന്റെ കൈകളിലേക്ക്,
മിന്നൽപ്പിണരിന്റെ കുത്തൊഴുക്കു പോലെ,
വ്യാഘ്രങ്ങളൊളിപ്പിച്ച പുഴ പോലെ,
തേങ്ങിത്തേങ്ങി ഞാന്‍ കരയട്ടെ:
മണിക്കൂറുകൾ, ദിവസങ്ങൾ, കൊല്ലങ്ങൾ,
അന്ധമായ യുഗങ്ങൾ, പ്രകാശവർഷങ്ങൾ.
എനിക്കു തരൂ നിശ്ശബ്ദത, ജലം, പ്രത്യാശ.
എനിക്കു തരൂ സമരം, ഇരുമ്പും, തീമലകളും.
എന്റെയുടലിൽ പറ്റിപ്പിടിക്കട്ടെ കാന്തങ്ങള്‍ പോലുടലുകൾ.
വരൂ, വരൂയെന്റെ സിരകളിലേക്ക്, വായിലേക്ക്.
നാവെടുക്കൂ എന്റെ വാക്കിലൂടെ, എന്റെ ചോരയിലൂടെ.
*guanaco-ഒട്ടകവർഗ്ഗത്തിൽപ്പെട്ട മൃഗങ്ങൾ
6. മരുഭൂമി
പെരുമണലാരണ്യങ്ങളിൽ
കഠിനം മദ്ധ്യാഹ്നമെത്തുന്നു:
ലോകം നഗ്നം,
വിശാലം, വന്ധ്യം,
പൂഴിപ്പരപ്പിന്റെയങ്ങേയതിരോളം ശുദ്ധം:
ഉപ്പളങ്ങളിലൊറ്റയ്ക്കു നില്ക്കുമ്പോൾ
ജീവനുള്ള ഉപ്പിന്റെ കിരുകിരുപ്പിനു
കാതോർക്കൂ:
നിശൂന്യവിശാലതയില്‍
സൂര്യൻ ചില്ലുപാത്രങ്ങളെറിഞ്ഞുടയ്ക്കുമ്പോള്‍
മണ്ണിനു മേലൊരു കിലുകിലാരവം,
ഉപ്പുപരലുകളുടെ വരണ്ടമർന്ന വിലാപസ്വരം.
7. ഉറുഗ്വേ
ഉറുഗ്വേ ഒരു കിളിപ്പാട്ട്, ജലത്തിന്റെ ഭാഷ,
നീര്ച്ചാട്ടം പോലൊരക്ഷരം,
ചില്ലുപാത്രങ്ങളുടെ ചക്രവാതം-
ഉറുഗ്വേ, വാസനിയ്ക്കുന്ന വസന്തത്തിൽ
കനികളുടെ മർമ്മരം,
കാട്ടാറുകളുടെ ചുംബനം,
അറ്റ്ലാന്റിക്കിന്റെ നീലമുഖാവരണം.
ഉറുഗ്വേ, കാറ്റു വീശുന്ന പൊൻപകൽ
തോരയിട്ട തുണികൾ,
അമേരിക്കയുടെ മേശപ്പുറത്തെ അപ്പം,
മേശപ്പുറത്ത്
അപ്പത്തിന്റെ നൈർമ്മല്യം.
8. പതാകകൾ പിറവിയെടുക്കുന്നതെങ്ങനെയെന്ന്
ഇക്കാലം വരെയ്ക്കും ഞങ്ങളുടെ പതാകകൾ പിറവിയെടുക്കുന്നതീവിധം.
ജനങ്ങൾ തങ്ങളുടെ മനസ്സലിവതിൽ നെയ്തുചേർത്തു,
യാതന കൊണ്ടവർ കീറത്തുണികൾ തുന്നിയെടുത്തു.
പൊള്ളുന്ന കൈകൾ കൊണ്ടവരതിൽ നക്ഷത്രം പതിച്ചുവച്ചു.
സ്വരാജ്യത്തിന്റെ നക്ഷത്രത്തിനു തങ്ങിനിൽക്കാനായി
കുപ്പായത്തിൽ നിന്നോ, ആകാശമണ്ഡലത്തിൽ നിന്നോ,
നീലിമയുടെ ഒരു തുണ്ടവർ മുറിച്ചെടുത്തു.
തുള്ളിയിറ്റി, തുള്ളിയിറ്റി ചുവപ്പ് പിറവിയെടുക്കുകയുമായിരുന്നു.
9. യൌവനം
വഴിവക്കിലെ പ്ളം മരങ്ങളെടുത്തുവീശുന്ന അമ്ളഖഡ്ഗങ്ങൾ പോലെ ഒരു ഗന്ധം,
പല്ലുകളിൽ കല്ക്കണ്ടത്തരികൾ പോലെ ചുംബനങ്ങൾ,
വിരൽത്തുമ്പുകളിൽ തുള്ളിയിറ്റുന്ന ജീവജലം,
രതിയുടെ മധുരഫലം,
മുറ്റങ്ങൾ, വൈക്കോൽക്കൂനകൾ,
വീടുകളുടെയാഴങ്ങളിലൊളിഞ്ഞു മോഹിപ്പിക്കുന്ന ഉൾമുറികൾ,
പോയകാലത്തിൽ മയങ്ങിക്കിടക്കുന്ന മെത്തകൾ,
മറഞ്ഞ ജനാലയിൽ നിന്നു താഴത്തു കണ്ട എരിക്കുന്ന പച്ചത്താഴ്വാരം:
മഴയത്തു ചരിഞ്ഞുവീണ വിളക്കുപോലെ നനഞ്ഞും കത്തിയും കൗമാരം.
10. സ്തുതിയും മടക്കവും
ദേശമേ, എന്റെ ദേശമേ,
എന്റെ ചോര ഞാൻ നിനക്കു മടക്കുന്നു.
അമ്മയെ നോക്കി കുഞ്ഞു കരയുന്നപോലെ
നിന്നോടു ഞാൻ യാചിക്കുന്നു.
കൈക്കൊള്ളുക,
കണ്ണു തെളിയാത്ത ഈ ഗിത്താറിനെ,
വഴി തുലഞ്ഞ ഈ നെറ്റിത്തടത്തെ.
നിന്റെ മണ്ണിനു സന്തതികളെത്തേടി ഞാൻ പോയി,
മഞ്ഞുപോലെ വെളുത്ത നിന്റെ പേരു കൊണ്ടു ഹതാശരെ പുണരാനായി ഞാൻ പോയി,
നിന്റെ വെടിപ്പൻമരം കൊണ്ടു വീടു പണിയാനായി ഞാൻ പോയി,
മുറിപ്പെട്ട വീരന്മാർക്കു നിന്റെ നക്ഷത്രപ്പതക്കവുമായി ഞാൻ പോയി.
ഇന്നെനിയ്ക്കു നിന്റെ കാതലിൽ കിടന്നൊന്നുറങ്ങണം.
തന്ത്രികൾ തറച്ചു ത്രസിക്കുന്ന രാത്രി എനിക്കു തരൂ,
നിന്റെ നാവികരാത്രി, നിന്റെ താരാവൃതരാത്രി.
എന്റെ ദേശമേ: നിഴലുകളെ എനിക്കു മാറ്റിത്തീർക്കണം,
എന്റെ ദേശമേ: പനിനീർപ്പൂക്കളെ എനിക്കു മാറ്റിപ്പണിയണം.
നിന്റെ കൃശമായ അരക്കെട്ടിലെനിയ്ക്കു ചുറ്റിപ്പിടിയ്ക്കണം,
കടലു കറുപ്പിച്ച ശിലകളിലെനിയ്ക്കു ചെന്നിരിക്കണം,
ഗോതമ്പിനെ തടുത്തുനിർത്തി ഉള്ളിലെന്താണെന്നു നോക്കണം.
വെടിയുപ്പിന്റെ മെലിഞ്ഞ പൂവിറുക്കാനായി ഞാൻ പോകുന്നു,
കോളാമ്പിപ്പൂവിന്റെ ഹിമകേസരമുലയ്ക്കാനായി ഞാൻ പോകുന്നു,
കർമ്മനിരതമായ, നുരഞ്ഞുയരുന്ന നിന്റെ കടൽ നോക്കിയിരിക്കെ
നിന്റെ സൌന്ദര്യത്തെ പുകഴ്ത്താനായി കടല്പത കൊണ്ടൊരു പൂച്ചെണ്ടു ഞാൻ നെയ്യും.
ദേശമേ, എന്റെ ദേശമേ,
മഞ്ഞിന്റെയും ജലത്തിന്റെയും പ്രഹരങ്ങൾ വലയം ചെയ്യുന്നവളേ,
ഗരുഡനും ഗന്ധകവും നിന്നിലൊന്നിക്കുന്നു ,
ഇന്ദ്രനീലവും മൃദുരോമവുമലങ്കരിക്കുന്ന നിന്റെ കൈകളിൽ
നിർമ്മലമനുഷ്യത്വത്തിന്റെ ഒരു തുള്ളി വെളിച്ചം,
ശത്രുവായ ആകാശത്തെ അതു പ്രകാശമാനമാക്കുന്നു.
നിന്റെ വെളിച്ചം കെടാതെ കാക്കുക, ദേശമേ!
അന്ധവും ഭീഷണവുമായ കാറ്റിൽ തല കുമ്പിടാതെ നിൽക്കട്ടെ,
നിന്റെ പ്രത്യാശയുടെ കതിർക്കനം.
ഈ വിഷമവെളിച്ചം നിന്റെ മേൽ വന്നുവീണിരിക്കുന്നുവല്ലോ,
ഈ ഭാഗധേയമിനി നിന്റേതല്ലോ:
അമേരിക്കയുടെ വൈപുല്യം ജഡമയക്കത്തിലാഴുമ്പോൾ
നീയേയുള്ളു, ഒരു നിഗൂഢപുഷ്പത്തെ പ്രതിരോധിക്കാൻ.
11. ഭൂകമ്പം
കിടക്കയ്ക്കടിയിൽ
സ്വപ്നത്തിന്റെ നിലമൂർന്നുപോവുമ്പോൾ
ഉറക്കം ഞെട്ടി ഞാനുണർന്നു.
ചാമ്പൽ കൊണ്ടൊരു സ്തംഭം
രാത്രിയുടെ നടുവിൽ പിടഞ്ഞുനിന്നിരുന്നു.
ഞാൻ നിന്നോടു ചോദിച്ചു;
മരിച്ചുവോ ഞാൻ?
ഭൂമി പിളരുമ്പോൾ,
മുറിപ്പെട്ട മാനത്തു നക്ഷത്രങ്ങൾ പൊടിയുമ്പോൾ
നീയെനിക്കു കൈ തരൂ.
ഹാ, എന്റെ സ്വപ്നങ്ങൾ,
എവിടെപ്പോയി മറഞ്ഞവ?
മരണം കോരിനിറച്ചു
ഭൂമി തിളയ്ക്കുന്നതെന്തിന്?
ഹാ, ചുരുണ്ടുമടങ്ങിയ പാർപ്പിടങ്ങൾക്കടിയിൽ മുഖാവരണങ്ങൾ,
ഭീതിയിനിയും ചെന്നുപറ്റാത്ത മന്ദഹാസങ്ങൾ,
രാത്രിയുടെ ശവക്കച്ചയ്ക്കടിയിൽ
തുലാങ്ങൾക്കടിയിൽ ചതഞ്ഞുകൂടിയ ജീവിതങ്ങൾ.
ഇന്നു ഹാ, പ്രഭാതമേ,
നീല തെളിഞ്ഞ പകലേ,
പിന്നിൽ പിന്നിയിട്ട സ്വർണ്ണമുടിയുമായി
വിരുന്നിനുടുത്തൊരുങ്ങി നീയെത്തുന്നു,
നാശാവശിഷ്ടങ്ങളുടെ തിരയടങ്ങിയ കടലിൽ
മണ്ണടിയാത്തവരുടെ ഹതാശമുഖങ്ങൾ തേടി.
12. മുള
നട്ടെല്ലു വളയ്ക്കാത്ത, ചിരിക്കാത്ത ഇലകൾക്കിടയിൽ
നീ നിന്റെ വാരിക്കുന്തങ്ങളൊളിപ്പിച്ചുവയ്ക്കുന്നു.
നീ മറന്നില്ല.
നിന്റെ ഇലച്ചാർത്തിനിടയിലൂടെ ഞാൻ കടന്നുപോകുമ്പോൾ
നിന്റെ കാഠിന്യം മന്ത്രിക്കുന്നതു ഞാൻ കേൾക്കുന്നു,
മുറിപ്പെടുത്തുന്ന വാക്കുകളുണരുന്നതു ഞാനറിയുന്നു,
കാരമുള്ളുകൾ പോലുള്ള അക്ഷരങ്ങളും.
നീ മറക്കുന്നില്ല.
ചോരയും ചാന്തും കൂട്ടിയരച്ചതായിരുന്നു നീ,
വീടിനും യുദ്ധത്തിനും തൂണുകളായിരുന്നു നീ,
പതാകയായിരുന്നു നീ,
അറൌക്കേനിയക്കാരി എന്റെ അമ്മയ്ക്കു മേൽക്കൂരയായിരുന്നു,
മെരുങ്ങാത്ത പടയാളിക്കു വാളായിരുന്നു,
മുള്ളുകൾ പോലെ തറയ്ക്കുകയും കൊല്ലുകയും ചെയ്യുന്ന പൂവുകളായിരുന്നു.
നീ നിർമ്മിച്ച കുന്തങ്ങൾ നീ മറച്ചുവച്ചു,
വന്യദേശത്തലയുന്ന കാറ്റിനേ അതറിയൂ, മഴയ്ക്കും,
എരിഞ്ഞടങ്ങിയ കാടുകൾക്കു മേൽ പറക്കുന്ന ഗരുഡനേ അതറിയൂ,
കിടപ്പാടത്തിൽ നിന്നിറക്കിവിടപ്പെട്ടവനും.
ഒരുവേള, ഒരുവേള: ഈ രഹസ്യമാരോടും പറയരുതേ.
ഒരു കാട്ടുകുന്തം, ഒരു ശരക്കോലെനിക്കായി മാറ്റിവയ്ക്കൂ.
ഞാനും മറന്നിട്ടില്ല.
13. മുന്തിരിപ്പഴങ്ങളുടെ ശരല്‍ക്കാലം
മുന്തിരിപ്പഴങ്ങളുടെ ശരൽക്കാലമായിരുന്നു അത്.
എണ്ണിയാലൊടുങ്ങാത്ത വള്ളിപ്പന്തലുകൾ വിറ കൊണ്ടു.
വെളുവെളുത്ത മുന്തിരിക്കുലകൾ, മൂടുപടങ്ങളണിഞ്ഞവ,
ഓമനവിരലുകളില്‍ ഈർപ്പവുമായി നിന്നിരുന്നു;
കറുത്ത മുന്തിരിപ്പഴങ്ങൾ കുഞ്ഞകിടുകൾ നിറയെ
ഉരുണ്ടു രഹസ്യമായൊരു പുഴയൊതുക്കിവച്ചിരുന്നു.
ഗൃഹനാഥൻ, മുഖം മെലിഞ്ഞൊരു പണിക്കാരൻ,
സാന്ധ്യവെളിച്ചം നിറഞ്ഞ പകലുകളുടെ ഗ്രന്ഥത്തിൽ നിന്ന്
നിറം മങ്ങിയ മണ്ണേടുകളെനിയ്ക്കു വായിച്ചുതന്നു.
അയാളുടെ കാരുണ്യത്തിനു പരിചയമായിരുന്നു,
പഴങ്ങളും തായ്ത്തടികളും
മരത്തിനു വൈൻഗ്ളാസ്സിന്റെ നഗ്നരൂപം നല്കുന്ന കോതൽവിദ്യയും.
അതിവലിപ്പമായ കുട്ടികളോടെന്നപോലെ
കുതിരകളോടയാൾ വർത്തമാനം പറഞ്ഞിരുന്നു:
അഞ്ചു പൂച്ചകളും നായ്ക്കളും
അയാളെ പിൻപറ്റി നടന്നിരുന്നു:
ചിലർ മുതുകു വളച്ചും, അലസരായും,
മറ്റു ചിലർ തണുത്ത പീച്ചുമരങ്ങൾക്കടിയിൽ
കാടുകാട്ടിയോടിയും.
ഓരോ മരച്ചില്ലയും അയാൾക്കു പരിചയമായിരുന്നു,
ആ മരങ്ങളുടെ ഓരോ വടുവും;
അയാളുടെ പ്രാക്തനസ്വരമെന്നെപ്പഠിപ്പിച്ചു,
കുതിരകളെ തഴുകേണ്ടതെങ്ങനെയെന്നും.
14. പ്രഹേളികകള്‍
ഞണ്ടുകൾ പൊന്നിൻകാലുകൾ കൊണ്ടു നെയ്തെടുക്കുന്നതെന്തെന്ന്
നീയെന്നോടു ചോദിച്ചു;
ഞാൻ പറഞ്ഞു: അതു കടലിനോടു ചോദിക്കൂ.
സുതാര്യചർമ്മവുമായി കടൽച്ചൊറികൾ കാത്തിരിക്കുന്നതെന്തിനെയെന്നു
നീ ചോദിക്കുന്നു; അതെന്തു കാത്തിരിക്കുന്നുവെന്ന്.
ഞാൻ പറഞ്ഞു: നിന്നെപ്പോലെ അതും തന്റെ കാലം കാത്തിരിക്കുന്നുവെന്ന്.
മാക്രോസിസ്റ്റിസ് കടല്പായലിന്റെ ആശ്ളേഷമെത്രത്തോളമെത്തുന്നുവെന്നു
നീ ചോദ്യമായി.
ഞാനറിയുന്നൊരു കടലിൽ, ഒരു പ്രത്യേകമുഹൂർത്തത്തിൽ
നോക്കിനോക്കിയിരിക്കൂ.
കൊമ്പൻതിമിംഗലത്തിന്റെ കുടിലദന്തത്തെക്കുറിച്ചും നീ ചോദിക്കുമെന്നതു തീർച്ച;
കടലിലെ യൂണീക്കോണുകൾ ചാട്ടുളിയേറ്റു ചാവുന്നതിനെക്കുറിച്ചു ഞാൻ പറയും.
തെക്കൻകടലിന്റെ വിമലഗർഭങ്ങളിൽ വിറ കൊള്ളുന്ന
പൊന്മയുടെ തൂവലുകളെക്കുറിച്ചു നീ ചോദിക്കില്ലേ?
കടൽനാക്കിന്റെ ചില്ലുവിതാനത്തെക്കുറിച്ചും നിനക്കു സംശയമുണ്ടാവുമല്ലോ,
അതെങ്ങനെ കുരുക്കഴിക്കുമെന്നും?
കടൽത്തട്ടിലെ കൂർമ്പൻവേലികളിൽ വൈദ്യുതി പായിക്കുന്നതേതെന്നു നിനക്കറിയണോ?
നടക്കുമ്പോളടരുന്ന പടച്ചട്ട പോലത്തെ ചുണ്ണാമ്പുകല്ലിനെക്കുറിച്ചും?
ചൂണ്ടക്കാരൻ മീനിന്റെ ചൂണ്ടയെക്കുറിച്ചും,
കടൽക്കയങ്ങളിൽ നാട പോലെ വലിച്ചുകെട്ടിയ സംഗീതത്തെക്കുറിച്ചും?
എനിക്കു പറയണമെന്നുണ്ട്, അതൊക്കെ കടലിനറിയുമെന്ന്,
അതിന്റെ കലവറകളിൽ ജീവിതം വിപുലവും,
അസംഖ്യവും, വിമലവുമാണെന്ന്,
തുടുത്ത മുന്തിരിക്കുലകൾക്കിടയിൽ കാലം വിളക്കിയെടുത്തിരിക്കുന്നു,
കല്ലിച്ച പൂവിതളുകളും കടൽവെള്ളരിയുടെ വെളിച്ചവുമെന്ന്,
പവിഴപ്പുറ്റുകൾ കൊണ്ടുണ്ടാക്കിയൊരു സമൃദ്ധകാഹളത്തിൽ നിന്ന്
സംഗീതത്തിന്റെ നൂലാമാലകളതിഴവേർപിരിക്കുന്നുവെന്ന്.
ഒന്നുമല്ല ഞാൻ, ഒരൊഴിഞ്ഞ വല,
മനുഷ്യനേത്രങ്ങൾക്കും മുമ്പേ പോയത്,
ആ ഇരുട്ടിൽ നിർജ്ജീവമായത്,
ത്രികോണത്തിനും, ഒരു മധുരനാരങ്ങയുടെ കാതരമായ പാതിഗോളത്തിനും
പരിചിതമായ വിരലുകൾ.
അന്തമില്ലാത്തൊരു നക്ഷത്രത്തിൽ തുരന്നുകയറാൻ നോക്കി
നിന്നെപ്പോലെ തന്നെയാണു ഞാൻ ജീവിച്ചതും;
രാത്രിയിൽ നഗ്നനായി ഞെട്ടിയുണരുമ്പോൾ
എന്റെ വലയിൽ ഞാൻ ആകെ കണ്ടതോ,
കാറ്റിൽ കുടുങ്ങിയൊരു പരലുമീനും.
15. മരണം
പലതവണ ഞാനുയിർത്തെഴുന്നേറ്റിരിക്കുന്നു,
പരാജിതനക്ഷത്രങ്ങളുടെ ഗർത്തങ്ങളിൽ നിന്ന്,
നിത്യതയുടെ നൂൽക്കഴികളിൽ പിടിച്ചുകയറിക്കൊണ്ട്;
ഇന്നിതാ, ഞാൻ മരിക്കാനൊരുങ്ങുന്നു,
ഇനിയൊരൊച്ചപ്പാടിനും നിൽക്കാതെ,
എന്റെയുടലിൽ മണ്ണുമായി,
മണ്ണുമായലിഞ്ഞുചേരാനായി.
പുരോഹിതന്മാർ വിറ്റുനടക്കുന്ന സ്വർഗ്ഗത്തിലൊരിടം
ഞാൻ വാങ്ങിവച്ചിട്ടില്ല,
ധനികരായ അലസവർഗ്ഗത്തിനായി
വേദാന്തികൾ തട്ടിക്കൂട്ടിയ നിത്യാന്ധകാരവുമെനിക്കു വേണ്ട.
മരണത്തിൽ പാവപ്പെട്ടവർക്കൊപ്പമാവട്ടെ ഞാൻ,
മരണത്തെക്കുറിച്ചു പഠിക്കാൻ സമയം കിട്ടാതിരുന്നവർ,
ആകാശം സ്വന്തമായിരുന്നവർ പ്രഹരങ്ങളേൽപ്പിച്ചവർ.
എന്റെ മരണം എന്റെ കണക്കിനൊപ്പിച്ചത്,
എന്നെ കാത്തിരിക്കുന്നൊരു കുപ്പായം പോലെ,
എനിക്കിഷ്ടപ്പെട്ടൊരു നിറത്തിൽ,
എനിക്കു കിട്ടാതെപോയ അളവുകളിൽ,
എനിക്കു മതിയായ ആഴത്തിൽ.
പ്രണയമതിന്റെ ദൗത്യം തീർത്തു പൊയ്ക്കഴിഞ്ഞാൽ,
കരുത്തുകളൊരുമിച്ച മറ്റു കൈകളിലേക്കു
സമരമതിന്റെ ചുറ്റികകൾ കൈമാറിക്കഴിഞ്ഞാൽ,
മരണം വന്നെത്തുകയായി,
നിങ്ങൾക്കു ചുറ്റും അതിരുകൾ പണിതിരുന്ന ചിഹ്നങ്ങൾ
പാടേ തുടച്ചുമാറ്റാനായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ