2011, ജൂലൈ 20, ബുധനാഴ്‌ച

കാഫ്ക പൂക്കളെക്കുറിച്ച്





മനോഹരമായ പൂക്കളടക്കം ചെയ്ത ഈ പെട്ടിയ്ക്കർഹനാവാനും വേണ്ടി ഞാനെന്തു ചെയ്തു? അങ്ങനെയെന്തെങ്കിലും ചെയ്തതായി എന്റെ ഓർമ്മയിലില്ല; പെട്ടിയ്ക്കുള്ളിൽ ഒരു ഭൂതത്തെയാണ്‌ ഒളിപ്പിച്ചുവച്ചിരുന്നതെങ്കിൽ, അവൻ എടുത്തുചാടി എന്റെ മൂക്കിൽ കടിച്ചുതൂങ്ങിക്കിടന്നിരുന്നുവെങ്കിൽ, പിന്നെ ആയുശ്ശേഷം ഞാനവനെയും തൂക്കി നടക്കേണ്ടിവന്നിരുന്നുവെങ്കിൽ അതായേനേ കൂടുതൽ ഉചിതം എന്നെനിക്കു തോന്നിപ്പോവുന്നു. നിനക്കറിയുമോ പൂക്കളെ എനിക്കത്ര കാര്യമല്ലെന്ന്, ഇപ്പോൾ ഞാനവയെ ആസ്വദിക്കുന്നെങ്കിൽ അതു നീ അയച്ചതു കൊണ്ടു മാത്രമാണെന്ന്, എന്നാല്ക്കൂടി നേരിട്ടല്ല, നിനക്കവയോടുള്ള മമതയിലൂടെയാണ്‌ ഞാനവയെ ആസ്വദിക്കുന്നതെന്ന്? പൂക്കളുടെ സൗന്ദര്യമാസ്വദിക്കാൻ കഴിയാത്തതിന്റെ പേരിൽ കുട്ടിക്കാലം മുതല്ക്കേ ഞാൻ പലപ്പോഴും വ്യാകുലപ്പെട്ടിട്ടുണ്ട്. ഈ കഴിവുകേടാവട്ടെ, ഒരു പരിധി വരെ സംഗീതമാസ്വദിക്കാനുള്ള എന്റെ കഴിവുകേടിനോടും ബന്ധപ്പെട്ടിരിക്കുന്നു; അങ്ങനെയൊരു ബന്ധമുള്ളതായി തോന്നിയിട്ടുണ്ടെന്നെങ്കിലും പറയാം. പൂക്കളുടെ സൗന്ദര്യം എനിക്കു കണ്ണിൽപ്പെടാറേയില്ല; ഒരു റോസാപ്പൂ ഉദാസീനമായി നോക്കിനില്ക്കേണ്ടൊരു വസ്തുവാണെനിക്ക്; രണ്ടായാൽ അത്രയ്ക്കും ഒന്നുപോലായെന്നു മാത്രം; പൂക്കളടുക്കിയതിലാവട്ടെ, എന്തെങ്കിലുമൊരു ക്രമമോ അർത്ഥമോ കണ്ടെത്താൻ  എനിക്കൊരിക്കലും കഴിയാറുമില്ല. ഏതു കുറവിന്റെയും കാര്യത്തിലെന്നപോലെ, പൂക്കളോടു പ്രത്യേകിച്ചൊരാഭിമുഖ്യം എനിക്കുണ്ടെന്നു മറ്റുള്ളവരെ ബോധിപ്പിക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നമുക്കു സ്വയം ബോദ്ധ്യമുള്ള ഏതു കുറവിന്റെയും കാര്യത്തിലെന്നപോലെ, പൂക്കളോട് അവ്യക്തമായൊരു മമതയുള്ളവരെ, അതവരുടെ സ്വഭാവത്തിന്റെ ഏതെങ്കിലും ഘടകത്തിൽ പ്രകടമാവണമെന്നുമില്ല, കബളിപ്പിക്കുന്നതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്‌, എന്റെ അമ്മയ്ക്കു നല്ല ഉറപ്പാണ്‌ ഞാൻ പൂക്കളെ സ്നേഹിക്കുന്ന ഒരാളാണെന്ന്; കാരണം ആളുകൾക്കവ സമ്മാനിക്കുന്നത് എനിക്കിഷ്ടമാണ്‌; കമ്പിയിൽ കോർത്ത പൂക്കൾ കണ്ടാൽ ഞാൻ കിടുങ്ങിവിറച്ചുപോവുകയും ചെയ്യും. പക്ഷേ കമ്പി എന്നെ ആധിപ്പെടുത്തുന്നത് പൂക്കൾ കാരണമല്ല; ഞാൻ എന്നെക്കുറിച്ചേ ചിന്തിക്കുന്നുള്ളു; ആ ഒരു കാരണം കൊണ്ടാണ്‌ ജീവനുള്ള ഒരു ദേഹത്ത് ആ ലോഹക്കഷണം പിരിഞ്ഞുകയറുന്നത് എന്നെ പേടിപ്പെടുത്തുന്നതും...
(കാഫ്ക 1913 മാർച്ച് 11-ന്‌ ഫെലിസിനയച്ച കത്തിൽ നിന്ന്)