2017, ജൂലൈ 25, ചൊവ്വാഴ്ച

നെരൂദ - കപ്പിത്താന്റെ കവിതകള്‍



പാബ്ളോ നെരൂദയുടെ മറ്റൊരു പ്രണയകവിതാസമാഹാരമാണ്‌ 1952ൽ പ്രസിദ്ധീകരിച്ച Los versos del Capitan (കപ്പിത്താന്റെ കവിതകൾ). 1955ൽ താൻ വിവാഹം ചെയ്ത മറ്റിൽഡെ ഉറുഷ്യ (Matilde Urrutia)യോടുള്ള പ്രേമത്തിന്റെയും കലഹത്തിന്റെയും മറയില്ലാത്തതും സരളവുമായ പ്രതിപാദനങ്ങളാണ്‌ ഈ 42 കവിതകൾ. ആത്മകഥാപരമായതു കൊണ്ടാവാം, കവിയുടെ പേരു വെളിപ്പെടുത്താതെയാണ്‌ 52ൽ പുസ്തകം പ്രസിദ്ധീകരിച്ചത്. പിന്നീട്, 1963ൽ ഇറങ്ങിയ ഒരു പതിപ്പിന്റെ ആമുഖമായി നല്കിയ “വിശദീകരണ”ത്തിലാണ്‌ അദ്ദേഹം കവിതകൾ തന്റേതാണെന്നു സമ്മതിക്കുന്നത്. “ഈ പുസ്തകത്തിന്റെ അജ്ഞാതകർത്തൃത്വത്തെക്കുറിച്ച വളരെയധികം ചർച്ചകൾ നടന്നുകഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് ഞാൻ എന്നോടു തന്നെ ചർച്ച ചെയ്തത് ഈ പുസ്തകത്തെ അതിന്റെ സ്വകാര്യമായ ഉത്ഭവത്തിൽ നിന്ന് വേർപെടുത്തണമോ എന്നായിരുന്നു: അതിന്റെ ഉറവിടം വെളിപ്പെടുത്തുക എന്നാൽ അതിന്റെ സ്വകാര്യതയെ എല്ലാവർക്കുമായി തുറന്നിടുക എന്നായിരുന്നു. സ്നേഹത്തിന്റെയും രോഷത്തിന്റെയും ഉന്മാദങ്ങളോട്, അതിനു പിറവി നല്കിയ തീവ്രവും ശോകാകുലവുമായ അവസ്ഥയോടു ചെയ്യുന്ന നീതികേടാവും അങ്ങനെയൊരു പ്രവൃത്തി എന്നെനിക്കു തോന്നി...എന്തുകൊണ്ട് ഞാൻ ഇത്രയും കാലം ഇത് രഹസ്യമാക്കി വച്ചു? പ്രത്യേകിച്ചൊരു കാരണവുമില്ല, എന്നാൽ കാരണങ്ങളല്ലാതെ ഒന്നുമില്ല താനും. എന്റെ സ്നേഹിതൻ പാവ്‌ലോ റിച്ചി 1952ൽ നേപ്പിൾസിൽ നിന്ന് വളരെ കുറച്ചു കോപ്പികൾ മാത്രം അത്രയും ശ്രദ്ധയെടുത്ത് പുറത്തിറക്കുമ്പോൾ ഞങ്ങൾ കരുതിയത് തെക്കൻ മണല്പരപ്പിൽ ഒരു പാടും ശേഷിപ്പിക്കാതെ അത്ര വേഗം അത് മറഞ്ഞുകൊള്ളുമെന്നായിരുന്നു. പക്ഷേ അങ്ങനെയല്ല ഉണ്ടായത്...അതിനാൽ കൂടുതൽ വിശദീകരണത്തിനു നില്ക്കാതെ ഈ പുസ്തകം ഞാൻ നിങ്ങൾക്കു മുന്നിൽ വയ്ക്കുന്നു. ഇതെന്റേതാണ്‌, എന്റേതല്ല താനും. ഈ ലോകത്തു സ്വന്തം വഴി കണ്ട് അതു ജീവിക്കട്ടെ. ഇപ്പോൾ ഞാനതിനെ സ്വന്തം സന്തതിയായി അംഗീകരിക്കുന്ന സ്ഥിതിക്ക് അതിന്റെ രുഷ്ടരക്തം എന്നെ അതിന്റെ ജനയിതാവായി അംഗീകരിക്കുമെന്ന് എനിക്കു പ്രത്യാശിക്കുകയുമാവാം.“



1.  ഭൂമി നിന്നിൽ


കുഞ്ഞുപനിനീർപ്പൂവേ,
പനിനീർപ്പൂക്കുഞ്ഞേ,
ചില നേരം
കൃശവും നഗ്നവുമായി
നിന്നെക്കാണുമ്പോളെനിക്കു തോന്നുന്നു,
എന്റെ ഒരു കൈയിലൊതുങ്ങും
നീയെന്ന്,
നിന്നെയിതുപോലെടുത്തെന്റെ
ചുണ്ടിലേക്കടുപ്പിക്കാമെന്ന്.
പെട്ടെന്നു പക്ഷേ,
ഞാനറിയുന്നു,
എന്റെ കാലടികൾ
നിന്റെ കാലടികളെ തൊടുന്നതും,
നിന്റെ ചുണ്ടുകളെന്റെ ചുണ്ടുകളെ തൊടുന്നതും.
നീ വളര്‍ന്നുപോയിരിക്കുന്നു,
നിന്റെ ചുമലുകൾ
രണ്ടു കുന്നുകൾ പോലുയര്‍ന്നു നില്‍ക്കുന്നു,
നിന്റെ മുലകളെന്‍റെ നെഞ്ചത്തലയുന്നു,
അമ്പിളിക്കല പോലെ നേർത്ത
നിന്റെ ഇടുപ്പിനെ വരിഞ്ഞുപിടിയ്ക്കാൻ
എന്റെ കൈകള്‍ കൊണ്ടെത്തുന്നുമില്ല.
പ്രണയം കൊണ്ടു
കടൽവെള്ളം പോലെ നീ പരന്നുവല്ലോ:
ആകാശത്തിന്റെ വിശാലനേത്രങ്ങളളക്കാൻ
എന്റെ കണ്ണുകൾക്കാവുന്നില്ല,
നിന്റെ ചുണ്ടിലേക്കു ഞാൻ ചായുന്നു,
ഭൂമിയെ ചുംബിക്കാൻ.


2.    റാണി


റാണിയെന്നു നിനക്കു ഞാൻ പേരിടുന്നു .
നിന്നെക്കാൾ കിളരമുള്ളവരുണ്ട്‌, കിളരമുള്ളവര്‍.
നിന്നെക്കാൾ നിർമ്മലകളുണ്ട്‌, നിര്‍മ്മലകള്‍.
നിന്നെക്കാൾ അഴകുള്ളവരുമുണ്ട്‌, അഴകുള്ളവര്‍.

നീയാണു പക്ഷേ, റാണി.

നീ തെരുവിലൂടെ നടക്കുമ്പോൾ
ആരും നിന്നെ തിരിച്ചറിയുന്നില്ല.

നിന്റെ പളുങ്കുകിരീടം ആരും കാണുന്നില്ല,
ആരും കാണുന്നില്ല
നീ ചവിട്ടിനടക്കുന്ന ചെമ്പൊന്നിൻ പരവതാനി,
ഇല്ലാത്തൊരു പരവതാനി.

നീ പ്രത്യക്ഷയാവുമ്പോൾ
എന്റെയുടലിൽ പുഴകൾ കലമ്പൽ കൂട്ടുന്നു,
മണികൾ മാനം പിടിച്ചുകുലുക്കുന്നു,
ഒരു സങ്കീർത്തനം
ലോകം നിറയ്ക്കുകയും ചെയ്യുന്നു.

നീയും ഞാനും ,
എന്റെ പ്രിയേ, നീയും ഞാനും മാത്രമേ
അതു കേൾക്കുന്നുമുള്ളു.


3.  കുംഭാരൻ


എനിക്കു വിധിച്ച മാധുര്യം,
ഒരു പളുങ്കുചഷകമഥവാ,
നിന്റെയുടലൊന്നാകെ.

നിന്റെ മേലെന്റെ വിരലോടുമ്പോൾ
ഓരോ പഴുതിലും ഞാൻ കണ്ടെത്തുന്നു,
എന്നെക്കാത്തിരിക്കുന്നൊരു മാടപ്രാവിനെ;
എന്റെ പ്രിയേ,
ഈ കുംഭാരന്റെ കൈകൾക്കായി
കുഴമണ്ണിൽ നിന്നു നിന്നെ മെനഞ്ഞ പോലെ.

നിന്റെ കാൽമുട്ടുകൾ,
നിന്റെ മുലകൾ, നിന്റെ ജഘനം,
എന്റെയുടലിനു നഷ്ടപ്പെട്ടതാണവ,
ദാഹാർത്തമായ മണ്ണിൽ നിന്നു
കുഴിച്ചെടുത്ത രൂപം പോലെ.
ഒരുമിച്ചുചേരുമ്പോൾ നാം പൂർണ്ണരാകും,
ഒരൊറ്റപ്പുഴ പോലെ,
ഒരൊറ്റ മണൽത്തരി പോലെ.


4.   നിന്റെ കാലടികൾ

നിന്റെ മുഖം നോക്കാനാവാതെ വരുമ്പോൾ
നിന്റെ കാലടിയിലേക്കു ഞാൻ നോക്കുന്നു 

കമാനം പോലെല്ലു കമിഴ്ന്ന നിന്റെ കാലടികൾ,
നിന്റെയുറച്ച കുഞ്ഞുകാലടികൾ.

എനിക്കറിയാം, നിന്നെത്താങ്ങുന്നതവ,
നിന്റെ സൗമ്യഭാരമൂന്നുന്നതവയിൽ.

നിന്റെ ജഘനം, നിന്റെ മാറിടം,
നിന്റെ മുലക്കണ്ണുകളുടെ
ഇരട്ടച്ചുവപ്പുകൾ,
നിന്റെ കടാക്ഷങ്ങൾ ചിറകടിച്ചുയർന്ന
കൺകുഴികൾ,
കനി പോല്‍ വിടർന്ന നിന്റെ വദനം,
നിന്റെ ചെമ്പിച്ച കുറുനിരകൾ,
എന്റെ കുഞ്ഞുഗോപുരം.

എന്നാലുമെനിക്കിഷ്ടം നിന്റെ കാലടികൾ,
മണ്ണും വെള്ളവും വായുവും ചവിട്ടി
എത്ര നടന്നതാണവ-
എന്നെ കണ്ടെത്തും വരെ.



5.   നിന്റെ കൈകൾ



എന്റെ കൈകളുടെ നേർക്കു പറക്കുമ്പോൾ
നിന്റെ കൈകൾ പ്രിയേ,
കൊത്തിയെടുത്തു വരുന്നതെന്താവാം?
എന്റെ ചുണ്ടുകളിലെത്തുമ്പോൾ
പൊടുന്നനേയവ ചിറകൊതുക്കുന്നതെന്താവാം?
പണ്ടേയെനിക്കവ പരിചയം
എന്നെനിക്കു തോന്നുന്നതുമെന്താവാം,
മുമ്പേ തൊട്ടിരിക്കുന്നു ഞാനവയെയെന്നപോലെ,
അവയുണ്ടാകും മുമ്പേ തന്നെ
എന്റെ നെറ്റിത്തടത്തിൽ, എന്റെ അരക്കെട്ടിൽ
അവയുടെ വിരലുകളോടിയിരുന്നുവെന്നപോലെ?

കാലത്തിനു മേൽ, കടലിനു മേൽ,
പുകയ്ക്കു മേൽ, വസന്തത്തിനു മേലും പറന്നാ-
ണവയുടെ മാർദ്ദവമെന്നിലേക്കെത്തുന്നു;
നീ നിന്റെ കൈകളെന്റെ മാറത്തു വയ്ക്കുമ്പോൾ
ഒരു പൊൻമാടപ്രാവിന്റെ ചിറകുകൾ ഞാൻ തിരിച്ചറിഞ്ഞു,
ആ കളിമണ്ണും ആ ഗോതമ്പുനിറവും ഞാൻ തിരിച്ചറിഞ്ഞു.

ഒരായുഷ്കാലമവയെത്തേടി ഞാനലഞ്ഞു,
എത്ര കോണിപ്പടികൾ ഞാൻ കയറി,
എത്ര നിരത്തുകൾ ഞാൻ മുറിച്ചുകടന്നു,
തീവണ്ടികളെന്നെയും കൊണ്ടു പാഞ്ഞു,
തിരകളെന്നെക്കൊണ്ടുപോയി;
മുന്തിരിപ്പഴങ്ങളുടെ ചർമ്മത്തിൽ
നിന്നെത്തൊട്ടുവെന്നു ഞാൻ ഭ്രമിച്ചു.
മരത്തൊലിയിൽ പൊടുന്നനേ,
നിന്റെ സ്പർശം ഞാനറിഞ്ഞു,
ബദാം നിന്റെ നിഗൂഢമാർദ്ദവമുദ്ഘോഷിച്ചു;
പിന്നെയല്ലേ,
നിന്റെ കൈകളെന്റെ മാറത്തണയുന്നതും
രണ്ടു ചിറകുകൾ പോലെ
അവിടെ യാത്രയവസാനിപ്പിക്കുന്നതും.


6.   നിന്റെ ചിരി


എനിക്കു വിലക്കൂ അപ്പം,
നിന്റെ ഹിതമതാണെങ്കിൽ,
എനിക്കു വിലക്കൂ വായുവും,
എന്നാലെനിക്കു വിലക്കരുതേ നിന്റെ ചിരി.

എനിക്കു വിലക്കരുതേയാ പനിനീർപ്പൂ,
നീയിറുക്കുന്ന ജമന്തിപ്പൂ,
നിന്റെയാഹ്ളാദത്തിൽ
പൊടുന്നനേ തുളുമ്പുന്ന ഉറവകൾ,
നിന്നിൽപ്പിറക്കുന്ന വെള്ളിത്തിരകൾ.

കഠിനമാണെന്റെ സമരങ്ങൾ,
മാറ്റമില്ലാത്ത മണ്ണിനെ നോക്കി കണ്ണു കഴച്ചിട്ടത്രേ
ചിലനേരം ഞാൻ വീട്ടിലേക്കു മടങ്ങുന്നതും;
എന്നാൽ നിന്റെ ചിരി കടന്നുവരുമ്പോൾ
എന്നെത്തേടിയതു മാനത്തേക്കുയരുന്നു,
ജീവിതത്തിന്റെ സർവ്വകവാടങ്ങളും
എനിക്കായി തുറന്നിടുന്നു.

എന്റെ പ്രിയേ,
ഏറ്റവുമിരുണ്ട നേരത്തും നിന്റെ ചിരി തുറക്കട്ടെ,
തെരുവിൽ പാകിയ കല്ലുകളിൽ
എന്റെ ചോരയുടെ കറ കണ്ടാൽ ചിരിക്കൂ,
എന്റെ കൈകളിൽ
നിന്റെ ചിരിയൊരു പുത്തൻ വാളാകുമല്ലോ.

ശരല്ക്കാലത്തെ കടലിനരികിൽ
നിന്റെ ചിരിയുടെ നുര പൊട്ടിച്ചിതറണം,
വസന്തകാലത്തിലെന്റെ പ്രിയേ,
നിന്റെ ചിരി ഞാൻ കാത്തിരുന്ന പൂവാകണം,
നീലനിറത്തിലൊരു പുഷ്പം,
എന്റെ മുഖരമായ ജന്മദേശത്തിന്റെ പനിനീർ പുഷ്പം.

രാവിനെ കളിയാക്കിച്ചിരിക്കൂ,
പകലിനെ, ചന്ദ്രനെ,
ദ്വീപിന്റെ കുടിലമായ തെരുവുകളെ കളിയാക്കിച്ചിരിക്കൂ,
നിന്നെ പ്രേമിക്കുന്നവൻ,
ഈ പൊട്ടച്ചെറുക്കനെ കളിയാക്കിച്ചിരിക്കൂ,
എന്നാൽ ഞാനെന്റെ കണ്ണു തുറക്കുമ്പോൾ,
കണ്ണുകളടയ്ക്കുമ്പോൾ,
എന്റെ കാലടികളകലുമ്പോൾ,
എന്റെ കാലടികൾ മടങ്ങുമ്പോൾ,
എനിക്കു വിലക്കൂ അപ്പം,
വായു, വെളിച്ചം, വസന്തവും,
എന്നാലൊരുനാളും
നിന്റെ ചിരിയെനിക്കു വിലക്കരുതേ,
ഞാൻ മരിക്കുമതിനാലെന്നതിനാൽ.


7.  കാറ്റെന്ന കുതിര


കാറ്റെന്ന കുതിര കുതിയ്ക്കുന്നതു
കേട്ടുവോ:
കടലിൽ, ആകാശത്തും
അവനോടിനടക്കുന്നു.

അവനു വേണ്ടതെന്നെ:
എന്നെ അകലെയ്ക്കു കൊണ്ടുപോവാന്‍
അവൻ ലോകമലയുന്നതു കേട്ടുവോ?

എണ്ണമറ്റ ചുണ്ടുകളായി
മണ്ണിലും കടലിലും
മഴ പൊട്ടിവീഴുമ്പോൾ
ഈയൊരു രാത്രിയിലേക്കു
നിന്റെ കൈകളിലെന്നെയൊളിപ്പിക്കൂ.

എന്നെയകലെയ്ക്കു കൊണ്ടുപോവാൻ
കുളമ്പടിച്ചെത്തുമ്പോൾ
അവനെന്റെ പേരു വിളിയ്ക്കുന്നതു കേട്ടുവോ?

നിന്റെ നെറ്റിയിൽ എന്റെ നെറ്റിയുമായി,
നിന്റെ ചുണ്ടിലെന്റെ ചുണ്ടുമായി
നമ്മെ ദഹിപ്പിക്കുന്ന പ്രണയത്തിൽ
നമ്മുടെ ഉടലുകൾ പിണയുമ്പോൾ
കാറ്റു കടന്നുപോകട്ടെ,
എന്നെയവൻ കാണാതെപോകട്ടെ.

കടൽനുരയുടെ കിരീടവും വച്ചു
കാറ്റു കുതിച്ചെത്തട്ടെ,
എന്നെയവൻ വിളിച്ചുചോദിക്കട്ടെ,
ഇരുട്ടിൽ പാഞ്ഞെത്തിയവനെന്നെത്തേടട്ടെ,
നിന്റെ വിടർന്ന കണ്ണുകൾക്കടിയിൽ
ഞാനിതാ, മുങ്ങിത്താഴുന്നു,
ഈയൊരു രാത്രിയിലേക്കെന്റെ പ്രിയേ,
ഞാനൊന്നിളവെടുക്കട്ടെ.


8. അളവറ്റവൾ


ഈ കൈകൾ കാണുന്നുവോ നീ?
ഭൂമിയളന്നവയാണവ,
ധാതുവും ധാന്യവും ചേറിയവയാണവ,
യുദ്ധവും സമാധാനവും നടത്തിയവയാണവ,
കടലുകളും  പുഴകളും  താണ്ടിയവയാണവ,
എന്നിട്ടുമെന്റെ ചെറിയോളേ,
ഗോതമ്പുമണിയേ, പൊടിക്കുരുവീ,
നിന്റെ മേല്‍ നീങ്ങുമ്പോള്‍
അവയിലൊതുങ്ങുന്നില്ലല്ലോ നീ.
പറക്ക നിർത്തി നിന്റെ മാറത്തുറങ്ങുന്ന
മാടപ്രാവുകളെത്തേടിയുഴലുകയാണവ,
നിന്റെ കാലുകൾ താണ്ടുകയാണവ,
നിന്റെയരക്കെട്ടിന്റെ വെട്ടത്തിൽ
ചുറയിട്ടുകിടക്കുകയാണവ.
കടലിനെക്കാ,ളതിന്റെ കൈവഴികളെക്കാൾ
അക്ഷയമായ നിധിയാണെനിക്കു നീ.
വിളവുകാലത്തെ  മണ്ണു പോലെ
വെളുത്തവൾ, നീലിച്ചവൾ ,
പരപ്പാർന്നവളാണു നീ.
എനിക്കു മോഹം,
നിന്റെ ചോടു മുതൽ നെറുക വരെ
ജീവനൊടുങ്ങുവോളം
ആ ദേശത്തലഞ്ഞു നടക്കാൻ.



9.  ബല്ലാ


ബല്ലാ,
അരുവിയുടെ കുളിരുന്ന കല്ലിടുക്കിൽ
നുരയുടെ ആകസ്മികോജ്ജ്വലനം പോലെ,
നിന്റെ മുഖത്തെ വിടർന്ന മന്ദഹാസമതുപോലെ,
ബല്ലാ.

ബല്ലാ,
മെലിഞ്ഞ കൈകളും നേർത്ത കാലടികളുമായി
വെള്ളിനിറത്തിലൊരു കുതിരക്കുട്ടി പോലെ,
ലോകത്തിന്റെ പുഷ്പമേ,
നീ നടക്കുന്നതതു പോലെ,
ബല്ലാ.

ബല്ലാ,
നിന്റെ മുടിയിൽ മെടഞ്ഞുവച്ച

ചെമ്പുനാരുകളുടെ കിളിക്കൂടിൽ,
കൊഴുത്ത തേൻ പോലിരുണ്ട കിളിക്കൂടിൽ,
എന്റെ ഹൃദയമെരിയുന്നതും ഇളവെടുക്കുന്നതുമവിടെ,
ബല്ലാ.

ബല്ലാ,
നിന്റെ മുഖത്തൊതുങ്ങാത്തവ നിന്റെ കണ്ണുകൾ,
ഈ മണ്ണിലൊതുങ്ങാത്തവ നിന്റെ കണ്ണുകൾ.

നിന്റെ കണ്ണുകളിൽ

ദേശങ്ങളുണ്ട്, പുഴകളുണ്ട്.
എനിക്കു സ്വരാജ്യം നിന്റെ കണ്ണുകൾ.
അവയിലൂടെ ഞാൻ നടക്കുന്നു,
ഞാൻ നടക്കുന്ന ലോകത്തിനവ വെളിച്ചം കാട്ടുന്നു,
ബല്ലാ.

ബല്ലാ,

ചോളപ്പൊടിയും നിലാവും കുഴച്ചു ചുട്ടെടുത്ത

രണ്ടപ്പങ്ങള്‍

നിന്റെ മുലകൾ,
ബല്ലാ.

ബല്ലാ,
ഒരായിരമാണ്ടൊഴുകിയ പുഴ പോലെ
നിന്റെയുടലിൽ പെരുമാറി
എന്റെ കൈകള്‍  കടഞ്ഞെടുത്തതാണു നിന്റെ തനുമദ്ധ്യം,
ബല്ലാ.

ബല്ലാ,
നിന്റെ നിതംബത്തെ ഞാനെന്തിനോടുപമിക്കാൻ?
മണ്ണിലെവിടെയോ ഉണ്ടാവാം നിഗൂഢമായൊരിടം,
നിന്റെയുടലിന്റെ വടിവും വാസനയുമായി,
എവിടെയോ,
ബല്ലാ.

ബല്ലാ,
എന്റെ സുന്ദരീ,
നിന്റെ ശബ്ദം, നിന്റെ ചർമ്മം, നിന്റെ നഖങ്ങൾ,
സുന്ദരീ, എന്റെ സുന്ദരീ,
നിന്റെ ജീവൻ, നിന്റെ വെളിച്ചം, നിന്റെ നിഴൽ,
അതൊക്കെയുമെന്റെ, അഴകുള്ളവളേ,
അതൊക്കെയുമെന്റെ, എന്റെ,
നീ നടക്കുമ്പോഴുമിരിക്കുമ്പോഴും,
നീയുറങ്ങുമ്പോഴും പാടുമ്പോഴും,
നീ വേദനിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും,
എപ്പോഴും,
നീ അരികിലുമകലത്തുമാവുമ്പോഴും,
എപ്പോഴും,
നീയെന്റെ, എന്റെ ബല്ലാ,
എപ്പോഴും.


ബല്ലാ - ഇറ്റാലിയനിൽ സുന്ദരി, സ്പാനിഷിൽ സുന്ദരമായ മുഖം എന്നർത്ഥം



10. കട്ടെടുത്ത മരച്ചില്ല


പൂവിട്ടൊരു മരച്ചില്ല കക്കാൻ
രാത്രിയിലൊരുമിച്ചു
നാമിറങ്ങിപ്പോകും.

ഒരന്യോദ്യാനത്തിന്റെ ഇരുട്ടിൽ
ചുറ്റുമതിൽ നാം കേറിമറിയും,
നിഴലത്തു രണ്ടു നിഴലുകൾ.

മഞ്ഞുകാലമിനിയും കഴിഞ്ഞിട്ടില്ല,
വാസനിക്കുന്ന നക്ഷത്രങ്ങളുടെ ജലപാതമായി
ആപ്പിൾമരം പൊടുന്നനേ പ്രത്യക്ഷമാവുന്നു.

ആ തുടിക്കുന്ന നഭോമണ്ഡലത്തിൽ
രാത്രിയിൽ നാം കയറിച്ചെല്ലും,
നിന്റെ നേർത്ത കൈകൾ, എന്റെ കൈകൾ
നക്ഷത്രങ്ങൾ കട്ടെടുക്കും.

പിന്നെ രാത്രിയിൽ, ഇരുട്ടിൽ,
ഒച്ച കേൾപ്പിക്കാതെ,
നമ്മുടെ വീട്ടിലേക്കു കയറിവരും,
നിന്റെ പാദങ്ങൾക്കൊപ്പം
സൗരഭ്യത്തിന്റെ നിശ്ശബ്ദപാദം,
നക്ഷത്രപാദങ്ങളുമായി
വസന്തത്തിന്റെ തെളിഞ്ഞ ഉടലും.


11. വ്യാഘ്രം



ഞാനാണ് വ്യാഘ്രം.
നനഞ്ഞ ഖനിജക്കട്ടകള്‍ പോലെ പരന്ന
ഇലകൾക്കിടയിൽ
നീ വരുന്നതും നോക്കി
ഞാന്‍ പതുങ്ങിക്കിടക്കുന്നു.

മൂടൽമഞ്ഞിനടിയിൽ
വെളുത്ത പുഴ നീളുന്നു.
നീയെത്തുന്നു.

നഗ്നയായി നീ മുങ്ങുന്നു.
ഞാൻ പതുങ്ങുന്നു.

പിന്നെ
തീയും ചോരയും ദംഷ്ട്രയും
ചേര്‍ന്നൊരു കുതിപ്പിൽ,
നഖരം കൊണ്ടൊരു പ്രഹരത്തിൽ
നിന്റെ മാറിടവും നിന്റെ ജഘനവും
ഞാൻ പിച്ചിച്ചീന്തുന്നു .

നിന്റെ ചോര ഞാൻ മോന്തുന്നു .
നിന്റെ കൈകാലുകളൊന്നൊന്നായി
ഞാൻ തല്ലിയുടയ്ക്കുന്നു.

പിന്നെ
നിന്റെയെല്ലിനും നിന്റെ ചാമ്പലിനും
കാട്ടിൽ ഞാൻ കാവലിരിക്കുന്നു,
ചലനമറ്റവനായി,
പകയും കോപവും ദൂരെപ്പോയവനായി,
നിന്റെ മരണത്താൽ നിരായുധനായി,
വള്ളികൾ പിണഞ്ഞവനായി,
മഴയത്തനക്കമറ്റവനായി,
സ്വന്തം ഹിംസ്രപ്രണയത്തിനു
കാവലാളായി.


12. കഴുകൻ


ഞാനൊരു കഴുകൻ.
നടന്നുപോകുന്ന നിനക്കു മേൽ
ഞാൻ പറന്നുനടക്കുന്നു;
പിന്നെ, കാറ്റും തൂവലും നഖങ്ങളും ചേർന്ന
ഒരാകസ്മികചക്രച്ചുറ്റായി
നിനക്കു മേൽ ഞാൻ വന്നുവീഴുന്നു,
ചൂളം വിളിയ്ക്കുന്ന ശീതക്കൊടുംകാറ്റായി
നിന്നെയും റാഞ്ചിയെടുത്തു ഞാൻ പൊങ്ങുന്നു.


എന്റെ മഞ്ഞുഗോപുരത്തിൽ,
എന്റെ കഴുകൻകൂട്ടിൽ
നിന്നെ ഞാൻ കൊണ്ടുവയ്ക്കുന്നു.
നീയവിടെ ഒറ്റയ്ക്കു കഴിയും,
തൂവലുകളാൽ നീ നിന്നെപ്പൊതിയും,
ഉന്നതങ്ങളിൽ നിശ്ചലയായി
ലോകത്തിനു മേൽ നീ പാറിനിൽക്കും,


കഴുകപ്പെണ്ണേ,
ഈ ചുവന്ന ഇരയ്ക്കു മേൽ
നമുക്കു പാറിവീഴുക,
തുടിയ്ക്കുന്ന ജീവനെ
പിച്ചിച്ചീന്തുക,
പിന്നെ, ചിറകുകളാഞ്ഞടിച്ചും കൊ-
ണ്ടൊരുമിച്ചു നാമുയരുക.




13. കീടം


നിന്റെ നിതംബത്തിൽ നിന്നു
നിന്റെ പാദങ്ങളിലേക്കെനിക്കൊരു യാത്ര പോകണം.

ഒരു കീടത്തിലും കുറിയവനാണു ഞാൻ.

ഈ കുന്നുകളിലൂടെ ഞാനരിച്ചുനീങ്ങുന്നു,
ഗോതമ്പിന്റെ നിറമാണവയ്ക്ക്,
എനിക്കു മാത്രമറിയാവുന്ന
ഇടുങ്ങിയ വഴിത്താരകളുണ്ടവയിൽ,
കരുവാളിച്ച ദൂരങ്ങളുണ്ട്,
നിറം മങ്ങിയ കാഴ്ചവട്ടങ്ങളുണ്ട്.

ഇതാ, ഇവിടെയൊരു മല.
ഒരിക്കലും ഞാനതിറങ്ങിത്തീരില്ല.
പായലിനെന്തു വലിപ്പം!
പിന്നെയൊരു പിളർപ്പ്.
നനഞ്ഞ കനലിതളുകളുമായി
ഒരു പനിനീർപ്പൂവ്!

പമ്പരം കറങ്ങിയും
വഴിയിലൊന്നുറങ്ങിയും
നിന്റെ തുടകളിലൂടെ ഞാൻ ഉരസ്സിയിറങ്ങുന്നു,
നിന്റെ കാല്മുട്ടുകളുടെ
ഉരുണ്ട കാഠിന്യത്തിലേക്കു ഞാനെത്തുന്നു,
ഒരു ദീപ്തഭൂഖണ്ഡത്തിന്റെ
ദുർഗ്ഗമശൃംഗങ്ങൾ എനിക്കവ.

പിന്നെ നിന്റെ കാലടികളിലേക്കു ഞാൻ തെന്നിയിറങ്ങുന്നു,
അലസവും നിശിതവുമായ,
ഉപദ്വീപുകൾ പോലായ കാൽവിരലുകൾ,
അവയ്ക്കിടയിലെ എട്ടു തുറസ്സുകളിലൂടെ
വെളുത്ത വിരിപ്പിന്റെ നിശ്ശൂന്യതയിലേക്ക്
ഞാൻ ചെന്നു വീഴുന്നു,
അന്ധനും ദാഹാർത്തനുമായി,
നിന്റെ ഉടൽവടിവിന്റെ
എരിയുന്ന ചഷകം തേടി!


14. പ്രണയം


നിനക്കെന്തു പറ്റി,
നമുക്കെന്തു പറ്റി,
എന്തേയിതിങ്ങനെയാവാൻ?
ഹാ, നമ്മുടെ പ്രണയമൊരു കഠിനപാശം,
നമ്മെ മുറിപ്പെടുത്തിക്കൊണ്ടതു നമ്മെ വരിഞ്ഞുമുറുക്കുന്നു,
നാം പിരിയാൻ,
മുറിവിൽ നിന്നു വേർപെടാൻ മോഹിച്ചാൽ
അതു പുതിയൊരു കെട്ടിടുന്നു,
ഒരുമിച്ചെരിയാൻ, ചോര വാർക്കാൻ
അതു നമ്മെ വിധിക്കുന്നു.

നിനക്കെന്തു പറ്റി?
നിന്നെ നോക്കുമ്പോൾ നിന്നിൽ കാണുന്നത്
മറ്റേതു കണ്ണുകളും പോലെ രണ്ടു കണ്ണുകൾ മാത്രം,
ഞാൻ ചുംബിച്ച ഒരായിരം ചുണ്ടുകൾക്കിടയിൽ
മറ്റു രണ്ടു ചുണ്ടുകൾ മാത്രം,
ഒരോർമ്മയും ബാക്കി വയ്ക്കാതെ
എന്റെ ഉടലിനടിയിലൂടെ വഴുതിപ്പോയ ഉടലുകൾക്കിടയിൽ
മറ്റൊരുടൽ മാത്രം.

ലോകത്തിലൂടെത്ര ശൂന്യയായി നീ കടന്നുപോയി!
ഗോതമ്പുനിറത്തിലൊരു കൂജ പോലെ,
വായുവില്ലാതെ, ശബ്ദമില്ലാതെ, ഉള്ളിലൊന്നുമില്ലാതെ!
നിരന്തരം മണ്ണിൽ കുഴിക്കുന്ന എന്റെ കൈകൾക്കു കുഴിച്ചിറങ്ങാനൊരാഴം
നിന്നിൽ ഞാൻ വിഫലമായി തിരഞ്ഞു.
നിന്റെ ചർമ്മത്തിനടിയിൽ,
നിന്റെ കണ്ണുകൾക്കടിയിൽ ഒന്നുമില്ല;
നിന്റെ ഇരുമുലകൾക്കടിയിൽ
ഒരു സ്ഫടികധാരയൊന്നു തല പൊന്തിച്ചുവെന്നു മാത്രം.
അതിനറിയുകയുമില്ല,
എന്തിനതൊഴുകുന്നുവെന്ന്,
എന്തിനതു പാടുന്നുവെന്നും.
എന്തേ, എന്തേ, എന്തേ,
എന്റെ പ്രിയേ, എന്തേയിതിങ്ങനെ?


15. ഇടർച്ച


ഇനിയും നിന്റെ കാലിടറിയാൽ
അതു മുറിച്ചുതള്ളും.

മറ്റൊരു വഴിയ്ക്കാണു
നിന്റെ കൈ നിന്നെക്കൊണ്ടുപോകുന്നതെങ്കിൽ
അതു പുഴുത്തുനാറും.

എന്നിൽ നിന്നു നിന്റെ ജീവിതമെടുത്തുമാറ്റിയാൽ
നീ മരിയ്ക്കും,
ജീവനോടെയാണു നിന്റെ നടപ്പെങ്കിലും.

ഞാനൊരുമിച്ചില്ലാതെയാണു
ഭൂമിയിൽ നിന്റെ നടപ്പെങ്കിൽ
നീ ശവമായിരിക്കും, അല്ലെങ്കിൽ പ്രേതം.


16. കൊച്ചമേരിക്ക


ഭൂപടത്തിൽ അമേരിക്കയുടെ രൂപം കാണുമ്പോൾ
എന്റെ പ്രിയേ, ഞാൻ കാണുന്നതു നിന്നെ:
നിന്റെ തലയിൽ ചെമ്പിന്റെ മലകൾ,
മഞ്ഞും ഗോതമ്പും നിന്റെ മുലകൾ,
നിന്റെ കൃശമായ തനുമദ്ധ്യത്തിൽ
തുടിച്ചുകുതിക്കുന്ന പുഴകൾ,
ഓമനക്കുന്നുകൾ, പുല്പരപ്പുകൾ,
തണുക്കുന്ന തെക്കൻ നാടുകൾ നിന്റെ കാലടികൾ;
അവിടെയൊടുങ്ങുന്നു,
എന്റെ നാടിന്റെ പൊൻനിറം പകർത്തിയ
നിന്റെ ഭൂമിശാസ്ത്രം.

നിന്നെത്തൊടുമ്പോൾ പ്രിയേ,
നിന്റെ സൌഭാഗ്യങ്ങളിൽ മാത്രമല്ല,
എന്റെ കൈകൾ പെരുമാറുന്നതിവയിലും:
ചില്ലകൾ, കനികൾ, പുഴകൾ, നാടുകൾ,
ഞാൻ സ്നേഹിക്കുന്ന വസന്തകാലം,
മണലാരണ്യത്തിലെ ചന്ദ്രൻ,
കാട്ടുമാടപ്രാവിന്റെ മാറിടം,
കടൽവെള്ളവും പുഴവെള്ളവും വിളക്കിയെടുത്ത
വെള്ളാരങ്കല്ലുകളുടെ മിനുസം,
ചാടിവീഴാൻ തക്കം പാർത്തു
വിശപ്പും ദാഹവും പതിയിരിക്കുന്ന പൊന്തകളുടെ
ചുവന്ന നിബിഡത.

അങ്ങനെയെന്റെ വിശാലദേശമെന്നെ എതിരേൽക്കുന്നു,
കൊച്ചമേരിക്കേ, നിന്റെയുടലിൽ.

തന്നെയുമല്ല, നീ കിടക്കുമ്പോൾ
നിന്റെ ചർമ്മത്തിൽ, ഗോതമ്പുനിറത്തിൽ
ഞാൻ കാണുന്നതെന്റെ മമതയുടെ ദേശീയത.
നിന്റെ ചുമലുകളിൽ നിന്നല്ലോ,
കരിമ്പുവെട്ടുകാരൻ, ഇരുണ്ട വിയർപ്പിൽ കുളിച്ചവൻ,
പൊള്ളുന്ന ക്യൂബയിൽ നിന്നെന്നെ നോക്കുന്നു;
നിന്റെ തൊണ്ടയിൽ നിന്നത്രേ,
കടലോരത്തെ നനഞ്ഞ വീടുകളിൽ നിന്നും
കിടുങ്ങിവിറയ്ക്കുന്ന മുക്കുവർ
തങ്ങളുടെ രഹസ്യങ്ങളെനിയ്ക്കു പാടിത്തരുന്നതും.
അങ്ങനെ നിന്റെയുടലുടനീളം,
ഞാനാരാധിക്കുന്ന കൊച്ചമേരിക്കേ,
ദേശങ്ങളും ജനതകളും
എന്റെ ചുംബനങ്ങൾക്കിടയിലുണരുന്നു.
നമുക്കിടയിലെരിയുന്ന തൃഷ്ണയ്ക്കു
തീ കൊളുത്തുക മാത്രമല്ല നിന്റെ സൌന്ദര്യം,
നിന്റെ പ്രണയം കൊണ്ടെന്നെ നീ വിളിയ്ക്കുന്നു,
എനിയ്ക്കു കിട്ടാതെപോയ ജീവിതമെനിയ്ക്കു നീ തരുന്നു,
നിന്റെ പ്രണയത്തിന്റെ സ്വാദിൽ കലരുന്നു,
കളിമണ്ണിന്റെ ചുവ,
എന്നെ കാത്തിരിക്കുന്ന മണ്ണിന്റെ ചുംബനം.


17. നിന്റെ ചുണ്ടിന്റെ രുചി...

നിന്റെ ചുണ്ടിന്റെ രുചി, നിന്റെ തൊലിയുടെ നിറം,
കനികൾ പോലെ ദ്രുതഗാമികളായ ദിനങ്ങൾ,
പറയൂ, എന്നുമവ നീയൊരുമിച്ചുണ്ടായിരുന്നുവോ,
ഇപ്പോയ വർഷങ്ങൾ, യാത്രകൾ, സൂര്യചന്ദ്രന്മാർ,
ഭൂമിയും ശോകവും മഴയുമാനന്ദവും,
അതോ നിന്റെ വേരുകളിൽ നിന്നവ വന്നതിപ്പോഴോ,
വരണ്ട മണ്ണിനു താനറിയാത്ത പൊടിപ്പുകൾ
ജലം കൊണ്ടുകൊടുക്കുമ്പോലെ,
മറന്നുകിടന്ന കൂജയുടെ ചുണ്ടുകൾ
ജലത്തിന്റെ രുചിയറിയുമ്പോലെ?


എനിക്കറിയില്ല, നീ പറയരുത്, നിനക്കുമറിയില്ല.
ഈ വകകളൊന്നുമാർക്കുമറിയില്ല.
നിന്റെ തൊലിയുടെ വെളിച്ചത്തോടെന്റെ
കണ്ണും കാതും നാവുമടുപ്പിയ്ക്കെപ്പക്ഷേ,
നീ അപ്രത്യക്ഷയാവുന്നു, നീയലിഞ്ഞുപോവുന്നു,
ഏതോ കനിയുടെ അമ്ളമണം പോലെ,
പാതയുടെ ചൂടു പോലെ,
തൊലി പൊളിയ്ക്കുന്ന ചോളത്തിന്റെ മണം പോലെ,
നിർമ്മലാപരാഹ്നത്തിലെ പൂക്കൾ പോലെ,
പൊടിമണ്ണിൽ വരച്ച പേരുകൾ പോലെ,
നമ്മുടെ ദേശത്തിന്റെ അനന്തപരിമളം പോലെ:
കാട്ടുപൊന്തകൾ, മഗ്നോളിയാപ്പൂക്കൾ,
ചോരയും ഗോതമ്പുമാവും,
കുതികൊള്ളുന്ന കുതിരകൾ,
പൊടിയടിഞ്ഞ ഗ്രാമീണചന്ദ്രൻ,
നവജാതയായ അപ്പം:
ഹാ, നിന്റെ ചര്‍മ്മത്തിൽ നിന്നു
സർവതുമെന്റെ ചുണ്ടിലേക്കു മടങ്ങുന്നു,
എന്റെ നെഞ്ചിലേക്കു മടങ്ങുന്നു,
എന്റെ ഉടലിലേക്കു മടങ്ങുന്നു,
നിന്നോടൊത്തിരിക്കുമ്പോൾ
നീയെന്ന മണ്ണാകുന്നു ഞാൻ:
എന്നിലാഴ്ന്നിറങ്ങുന്ന വസന്തം നീ:
നിന്നിൽ ഞാനറിയുന്നു,
എന്റെ പിറവിയുടെ പ്രകാരവും.



18. മംഗളാശംസ


മഞ്ഞുകാലത്തൊരുനാൾ
ദ്വീപിൽ നാം വന്നതു നീയോര്‍ക്കുന്നുവോ?
ശൈത്യം കൊണ്ടൊരു കിരീടവുമായി
നമ്മെയെതിരേൽക്കാൻ കടലന്നുയർന്നുവന്നു.
ചുമരുകൾ നാം കടന്നുപോവുമ്പോൾ
മുന്തിരിവള്ളികൾ പഴുക്കിലകൾ കൊഴിച്ചും കൊണ്ടടക്കം പറഞ്ഞിരുന്നു.
എന്റെ നെഞ്ചത്തു വിറപൂണ്ടു പറ്റിച്ചേർന്നുകിടന്ന
കുഞ്ഞിലയായിരുന്നു നീയും;

ജീവിതത്തിന്റെ കാറ്റടിച്ചുകൊണ്ടു വന്നിട്ടതാണതിനെ.
ആദ്യമാദ്യം നിന്നെ ഞാൻ കണ്ടില്ല;
എന്നോടൊത്തു ചുവടുവയ്ക്കുകയാണു നീയെന്നും;
ഞാനതറിയുന്നതു
നിന്റെ വേരുകൾ എന്റെ നെഞ്ചിൽ തുരന്നിറങ്ങിയതിൽപ്പിന്നെ,
എന്റെ ചോരയുടെ നാരുകളിലതു പിണഞ്ഞതിൽപ്പിന്നെ,
എന്റെ നാവിലൂടതൊച്ചപ്പെട്ടതിൽപ്പിന്നെ,
എന്നോടൊത്തതു പുഷ്ടിപ്പെട്ടതിൽപ്പിന്നെ.

അങ്ങനെയൊരശ്രദ്ധസാന്നിദ്ധ്യമായിരുന്നു നീ,
അദൃശ്യമായൊരിലയും ചില്ലയുമായിരുന്നു നീ,
കനികളും കിളിമൊഴികളും കൊണ്ടെന്റെ നെഞ്ചു നിറഞ്ഞതുമങ്ങനെ..
ഇരുളടഞ്ഞു നിന്നെയും കാത്തുകിടന്നൊരു കൂരയിൽ നീ വന്നുകേറി;
പിന്നെ വിളക്കുകളോരോന്നായി നീ കൊളുത്തി.
നീയോർക്കുന്നുവോ പ്രിയേ,
ദ്വീപിലാദ്യമായി നാം വച്ച ചുവടുകൾ?
പരിചിതരായിരുന്നു നാം,
നിറം വിളർത്ത കല്ലുകൾക്ക്,
മഴക്കുത്തുകൾക്ക്,
ഇരുട്ടിൽ കാറ്റിന്റെ കൂക്കിവിളികൾക്കും.
നമുക്കൊരേയൊരു ചങ്ങാതി പക്ഷേ,
അഗ്നിയായിരുന്നു.
അതിനരികിലിരുന്നു
മധുരിക്കുന്ന പ്രണയത്തിന്റെ ഹേമന്തത്തെ

നാലു കൈകളാൽ നാം പുണർന്നു.
നമ്മുടെ നഗ്നചുംബനം വളരുന്നതും
അദൃശ്യനക്ഷത്രങ്ങളെച്ചെന്നു തൊടുന്നതുമതു കണ്ടു,
ശോകം പിറവിയെടുക്കുന്നതും
അജയ്യമായ പ്രണയത്തിനു മുന്നിൽ
മുനയൊടിഞ്ഞ വാളു പോലെ മരിക്കുന്നതുമതു കണ്ടു.
എന്റെ നിഴലത്തു കിടന്നുറങ്ങിയവളേ,
നീയോർക്കുന്നുവോ,
ഇരുമകുടങ്ങളുമായി കാറ്റിനും കടലിനും നേർക്കു തുറന്ന മാറിടത്തിൽ നിന്നു
നിന്റെ മേൽ നിദ്ര പടർന്നുകേറുന്നതും,
നിന്റെ സ്വപ്നത്തിൽ സ്വച്ഛന്ദനായി ഞാനലഞ്ഞതും,
നിന്റെ മാധുര്യത്തിന്റെ നീലരാശിയിൽ ഞാൻ മുങ്ങിത്താണതും?
എന്റെയോമനേ, എന്റെയോമനേ,
ദ്വീപിന്റെ ചുമരുകളാകെ

വസന്തം മാറ്റിപ്പണിതുവല്ലോ.
പാടലരക്തത്തിന്റെ ഒരു തുള്ളി പോലെ
ഒരു പൂവവതരിക്കുന്നു,
പിന്നെ നേരുറ്റ നിറങ്ങളൊന്നൊന്നായി വിടരുന്നു.
കടലതിന്റെ തെളിമ പിടിച്ചുവാങ്ങുന്നു,
മാനത്തിരുട്ടിന്റെ പൂങ്കുലകൾ തെളിയുന്നു,
പ്രപഞ്ചത്തിലോരോന്നുമടക്കം പറയുന്നത്
നമ്മുടെ പ്രണയത്തിന്റെ പേരുകൾ,
കല്ലും കല്ലും മന്ത്രിക്കുന്നത്
നമ്മുടെ പേരും ചുംബനവും.
നിന്റെ നാവു പാടുന്ന പാട്ടുകൾ പോലെ

കല്ലിന്റെയും പന്നലിന്റെയും ദ്വീപു മാറ്റൊലിക്കൊള്ളുന്നു.
ഗുഹാഗർഭങ്ങളുടെ രഹസ്യത്തിൽ,
കല്ലുകളുടെ വിടവുകൾക്കിടയിൽ പിറവിയെടുത്ത പുഷ്പം
ജീവൻ വെടിയും മുമ്പു മന്ത്രിക്കുന്നതു നിന്റെ നാമം,
ലോകത്തിന്റെ മതിലു പോലുയരുന്ന പാറക്കെട്ടിനും
എന്റെ പാട്ടു പരിചയമായിരുന്നു പ്രിയേ,
വസ്തുക്കൾ സർവതിനും സംസാരവിഷയം
എന്റെ പ്രണയം, നിന്റെ പ്രണയം, പ്രിയേ,
മണ്ണും, കാലവും, കടലും, ദ്വീപും,
ജീവിതവും, കടലിന്റെയേറ്റിറക്കങ്ങളും,
മണ്ണിൽ വീണു ചുണ്ടു പാതി തുറക്കുന്ന വിത്തും,
വിഴുങ്ങുന്ന പൂവും,
വസന്തത്തിന്റെ ചലനങ്ങളും
നമ്മെയറിഞ്ഞിരുന്നുവല്ലോ പ്രിയേ.
നമ്മുടെ പ്രണയം പിറവിയെടുത്തതു
ചുമരുകൾക്കു വെളിയിലായിരുന്നു,

ഇരുട്ടത്തും കാറ്റത്തും മണ്ണിലുമായിരുന്നു,
അതിനാലത്രേ പൂവിനും ചെളിക്കും വേരിനും
നിന്റെ പേരറിയാമെന്നായതും,
എന്റെ ചുണ്ടുകൾ നിന്റെ ചുണ്ടുകളിൽ
പിണഞ്ഞുവെന്നുമറിയുന്നതും,
അവയ്ക്കറിയാം,
മണ്ണിൽ നമ്മെ വിതച്ചതൊരുമിച്ചെന്ന്,
നമുക്കു മാത്രമതറിയില്ലെന്ന്,
നാം വളരുന്നതൊരുമിച്ചെന്ന്,
പൂവിടുന്നതൊരുമിച്ചെന്ന്,
അതിനാൽ നമ്മുടെ കാലം കഴിയുമ്പോൾ
കല്ലിൽ വിടർന്ന പനിനീർപ്പൂവിന്റെയിതളിൽ
നിന്റെ പേരുണ്ടാവുമെന്ന്,
ഗുഹകൾക്കുള്ളിൽ എന്റെ പേരുണ്ടാവുമെന്ന്.
എല്ലാമവയ്ക്കറിയാം,
രഹസ്യങ്ങൾ നമുക്കില്ല,
ഒരുമിച്ചു വളർന്നിട്ടും
നമുക്കതറിവുമില്ല.
കടലിനറിയാം നമ്മുടെ പ്രണയം,
പാറക്കെട്ടുകൾക്കറിയാം
നമ്മുടെ ചുംബനങ്ങളിൽ വിടരുന്ന നൈർമ്മല്യം,
തങ്ങളുടെ പിളർപ്പിൽ
ഒരു ചുവന്ന വദനമുദയം കൊള്ളുന്നതവയറിയുമല്ലോ.
എന്റെ ചുണ്ടും നിന്റെ ചുണ്ടും ചേർന്നു
നിത്യപുഷ്പമൊന്നു വിടരുന്നതുമതുപോലെ.
എന്റെ പ്രിയേ,
വസന്തവും കടലും പൂക്കളും
നമ്മെ വലയം ചെയ്യുന്നു.
എന്നാലും നമുക്കീ ഹേമന്തം മതി.
ഈ ഹേമന്തത്തിലല്ലേ,
കാറ്റു നിന്റെ പേരു വായിച്ചെടുത്തതും,
പിന്നെയേതു നേരവും നാവിലതുമായി നടന്നതും,
നീയുമൊരിലയാണെന്നിലകൾക്കറിയാതിരുന്നതും,
എന്റെ നെഞ്ചിൽ നീയെന്നെത്തേടുകയാണെന്നു
വേരുകൾക്കറിയാതിരുന്നതും?
പ്രിയേ, പ്രിയേ,
വസന്തം നമുക്കാകാശം കാഴ്ച വയ്ക്കുന്നു,
എന്നാൽ നമ്മുടെ പേരെഴുതിയിരിക്കുന്നത്
ഈ കറുത്ത മണ്ണിൽ,
എല്ലാ കാലത്തിനും മണ്ണിനുമുള്ളതാണു
നമ്മുടെ പ്രണയം.
അന്യോന്യം പ്രണയിച്ചും,
നിന്റെ കഴുത്തിന്റെ പൂഴിമണ്ണിനടിയിൽ
എന്റെ കൈ വച്ചും നാം നോക്കിക്കാണും
ദ്വീപിൽ മണ്ണും കാലവും മാറുന്നതും,
ഉരിയാട്ടമില്ലാതെ പടർന്നുകേറുന്ന വല്ലികളിൽ നിന്നു
പഴുക്കിലകൾ കൊഴിയുന്നതും,
പൊട്ടിയ ജാലകത്തിലൂടെ
ശരത്കാലം വിട പറഞ്ഞുപോകുന്നതും.
ഇനി നാം കാത്തിരിക്കാൻ പോവുകയാണു
നമ്മുടെ ചങ്ങാതിയെ,
നമ്മുടെ ചോരക്കണ്ണൻ ചങ്ങാതിയെ,
അഗ്നിയെ;
കാറ്റ് ദ്വീപിന്റെ വേലികൾ പിടിച്ചു കുലുക്കട്ടെ,
അതിനാരുടെയും പേരുകളറിയാതെയുമിരിക്കട്ടെ;
ഹേമന്തം നമ്മെത്തേടിയെത്തും,
എന്നുമെന്നുമതു നമ്മെത്തേടിയെത്തും പ്രിയേ,
നമുക്കതിനെ അറിയുമല്ലോ,
നമുക്കതിനെ പേടിയുമില്ലല്ലോ,
അഗ്നി നമ്മോടൊപ്പമുണ്ടല്ലോ,
വല്ലികളിൽ നിന്നൊരില വീഴുമ്പോൾ
നമുക്കറിയാം
അതിലെഴുതിയിക്കുന്നതേതു പേരെന്ന്,
എന്റെയും നിന്റെയുമായ ഒരു പേര്‌,
നമ്മുടെ സ്നേഹപ്പേര്‌,
ഒരൊറ്റ ജീവിതം,
ഹേമന്തം തുളച്ചുകയറിയൊരമ്പ്,
അധൃഷ്ടമായ പ്രണയം,
പകലുകളുടെ അഗ്നി,
എന്റെ നെഞ്ചിൽ നിന്നടർന്നുവീണ ഒരില,
കൂടും പാട്ടും പണിത,
വേരുകളിറക്കിയ,
പൂക്കളും കനികളും നല്കിയ
ജീവിതവൃക്ഷത്തിൽ നിന്നൊരില.
അതിനാൽ നോക്കൂ, പ്രിയേ,
ദ്വീപിൽ ഞാനലയുന്നത്,
ലോകത്തു ഞാനലയുന്നത്,
വസന്തത്തിനിടയിൽ സുരക്ഷിതനായി,
തണുപ്പത്തു വെളിച്ചം കൊണ്ടു ഭ്രാന്തനായി,
ചൂടറിയാതെ തീയിലൂടെ ഞാൻ നടക്കുന്നത്,
കൈകളിൽ നിന്റെ പൂവിതൾഭാരമെടുത്തും,
നീയൊപ്പമില്ലാതെ ഞാൻ നടന്നിട്ടില്ലെന്നപോലെ,
നീയൊപ്പമില്ലാതെനിക്കു
നടക്കാനാവതില്ലെന്ന പോലെ,
നീയൊപ്പം പാടുമ്പോഴല്ലാതെനിക്കു
പാടാനാവില്ലെന്ന പോലെ.


The Captain's Verses

അഭിപ്രായങ്ങളൊന്നുമില്ല: