2016, മേയ് 25, ബുധനാഴ്‌ച

ഇസുമി ഷികിബു - കവിതകൾ





ഇസുമി ഷികിബു Izumi Shikibu (970-1030)- പ്രണയബന്ധങ്ങൾ കൊണ്ടും പ്രണയകവിതകൾ കൊണ്ടും പ്രശസ്തയായ ജാപ്പനീസ് കവി. ഭരണവർഗ്ഗത്തിൽ പെട്ട ഒരു കുടുംബത്തിൽ ജനിച്ചു. 22 വയസ്സുള്ളപ്പോൾ ഇസുമി എന്ന പ്രവിശ്യയിലെ അധികാരിയായ തച്ചിബാന നോ മിച്ചിസാദയെ വിവാഹം ചെയ്തു. ഗ്രാമീണജീവിതം മടുത്ത അവർ മൂന്നു കൊല്ലം കഴിഞ്ഞ് തലസ്ഥാനമായ ക്യോട്ടോയിലേക്കു മടങ്ങി. ചക്രവർത്തിയുടെ മകനായ ടാമേടാക്കയുമായുള്ള പരസ്യമായ പ്രണയബന്ധം വിവാഹജീവിതത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും അവരെ പുറത്താക്കി. പ്ളേഗുബാധയെ തുടർന്ന് കാമുകൻ മരിച്ചപ്പോൾ അയാളുടെ അർദ്ധസഹോദരനായ അറ്റ്സുമിചിയുമായി അവർ പ്രേമത്തിലായി.  രണ്ടു കൊല്ലം കഴിഞ്ഞ് അയാളും മരിച്ചപ്പോൾ അവർ ക്യോട്ടോയിലെ അകികോ രാജ്ഞിയുടെ പരിചാരികയായി. ഇക്കാലത്താണ്‌ അവർ തന്റെ പ്രസിദ്ധമായ ഇസുമി ഷികിബു നിക്കി എന്ന കാവ്യാത്മകമായ ഡയറി എഴുതുന്നത്. പിന്നീടവർ ഫ്യൂജിവാര നോ യസുമാസ എന്ന സൈന്യാധിപനെ വിവാഹം കഴിച്ച് ടാൻഗോ പ്രവിശ്യയിലേക്കു താമസം മാറ്റി. ഇവിടെ വച്ച് മകളും കവിയുമായ കോഷിക്കു നോ നെയ്ഷി മരിച്ചു. തന്റെ മരണസമയത്തെഴുതിയ ഒരു കവിതയിൽ “ഒരിരുട്ടിൽ നിന്നു മറ്റൊരിരുട്ടിലേക്കു കടക്കുന്ന തനിയ്ക്കു വെളിച്ചം നല്കാൻ മലവരമ്പിലെ ചന്ദ്രനോട് (ബുദ്ധനോട്) അവർ പ്രാർത്ഥിക്കുന്നു.




രണ്ടു തോണികളിലാണു
നമുക്കു യാത്രയെന്നറിയുമ്പോൾ
കണ്ണീരും തിരകളുമെന്നെ നനയ്ക്കുന്നു.
*

ഒരു മഞ്ഞുതുള്ളി പോലെ മാഞ്ഞുപോകാൻ
നിങ്ങളെന്നെ വിട്ടിരുന്നുവെങ്കിൽ;
പകരം നിങ്ങളെന്നെ ഒരു രത്നമാക്കി,
ആർക്കുമുപകരിക്കാതെ.
*

മറ്റൊരാളായിരുന്നു,
ചന്ദ്രൻ പുലരി കടക്കുമ്പോൾ
ഇതേ ആനന്ദമൂർച്ഛയോടെ
ആകാശം നോക്കിനിന്നവൾ.
*

ഒരിക്കൽ നീ പറഞ്ഞു,
നീ ചന്ദ്രനെ നോക്കുന്നതു
ഞാൻ കാരണമെന്ന്;
ഇന്നു ഞാൻ തന്നെ വന്നിരിക്കുന്നു,
നീ പറഞ്ഞതു സത്യമോയെന്നറിയാൻ.
*

കവിതയെഴുതുന്ന വഴി
എനിക്കു പഠിക്കണം,
നിന്നിലേക്കുള്ള വഴിയായി.
*

നിനക്കെന്നെ സ്നേഹമെങ്കിൽ,
വരൂ.
എന്റെ വീടു നിൽക്കുന്ന വഴി വിലക്കിയിട്ടില്ല,
പ്രചണ്ഡമനസ്സുകളായ ദേവന്മാർ.
*
 
പുലർച്ചെ, ആകാശമദ്ധ്യത്ത്
ഏകാന്തചന്ദ്രൻ:
അതിനൊളിക്കാൻ ഒരിടവുമില്ല,
എന്നെപ്പോലെ തന്നെ!
*


മഴ പെയ്യുന്ന രാത്രിയിൽ
ഞാനോർത്തതു നിന്നെക്കുറിച്ചായിരുന്നു:
മറ്റാരുമില്ലാത്തൊരു വീട്ടിൽ
മഴയെ മറവിയില്പെടുത്തുന്നതെങ്ങനെ?
*

വഞ്ചകനാണു നീയെങ്കിലും
എനിക്കൊരു പരാതിയുമില്ല:
അലയടങ്ങിയ കടൽ പോലെ
അഗാധമാണെന്റെ വിദ്വേഷം.
*


ഒരു നിമിഷം പോലുമെനിക്കു ജീവിക്കേണ്ട,
മുളമുട്ടുകൾ പോലടുത്തടുത്തായി
ദുഃഖങ്ങളെത്തുന്നൊരു ലോകത്ത്.
*


പ്രണയത്തിന്റെ നാളം കെടുകയില്ല,
ഈയുടലിലൂടൊരു
കണ്ണീർപ്പുഴയൊഴുകിയാലും.
*


ഈ ലോകത്തു
പ്രണയത്തിനു നിറമില്ലെങ്കിലും
നിന്റെയുടൽ
എന്റെയുടലിലെങ്ങനെ
നിറം പറ്റിച്ചു?
*


അഴിഞ്ഞുലഞ്ഞ മുടിയെക്കുറിച്ചോർക്കാതെ
വെറും നിലത്തു കിടന്നു ഞാനോർക്കുന്നു,
അതു മാടിയൊതുക്കിയൊരുന്നൊരാളെ.
*


എണ്ണിനോക്കുമ്പോൾ
വർഷങ്ങൾ പോലും ശേഷിക്കുന്നില്ല;
വാർദ്ധക്യം പോലൊന്നുമില്ല,
വിഷാദമേറ്റുന്നതായി.
*


അമ്മയെന്നെ വിലക്കിയിട്ടും
വാതില്ക്കൽ ഞാൻ വന്നു നിന്നു:
വരാനാരുമില്ല.
*


ചിതയിൽ നിന്നു പുക പൊങ്ങുമ്പോൾ
ഞാനോർത്തുപോയി:
എന്നാണെന്റെ ഊഴമെത്തുക,
അന്യർക്കിതുപോലെന്നെക്കാണാൻ?
*


എല്ലാം ഞാൻ
നെഞ്ചിലൊളിപ്പിച്ചിട്ടും
കണ്ണീരിതെല്ലാമെങ്ങനെ
ആദ്യമറിയുന്നു!
*


മഞ്ഞുതുള്ളികൾ, സ്വപ്നങ്ങൾ,
ഈ ലോകം, വ്യാമോഹങ്ങൾ പോലും:
എത്ര ചിരായുസ്സുകളാണവ,
നമ്മുടെ പ്രണയം വച്ചു നോക്കുമ്പോൾ!
*


ലോകത്തില്ല,
പ്രണയമെന്നൊരു ചായമെങ്കിലും
അതിൽ മുക്കിയെടുത്തതാണെന്നെ!
*


സൂര്യൻ താഴുമ്പോൾ
ആധികളേറുമോ?
എനിക്കതു ചോദിക്കാൻ
ഞാനല്ലാതെ
മറ്റൊരാളുണ്ടായെങ്കിൽ!
*


നീ വരുമ്പോൾ
ഞാനെവിടെയൊളിക്കും?
നിന്റെ ഹൃദയത്തിനൊരു
രഹസ്യമുറിയുണ്ടെങ്കിൽ
അവിടെയാകട്ടെ.
*


എനിക്കവനെക്കാണാൻ,
അവനെന്നെക്കാണാൻ-
ഞാനെന്നും മുഖം നോക്കുന്ന
കണ്ണാടിയായിരുന്നു അവനെങ്കിൽ!
*


ആരു ഭേദം,
നിങ്ങൾ മോഹിക്കുന്ന വിദൂരകാമുകനോ,
ഒരു മോഹവുമില്ലാതെ
നിത്യവും നിങ്ങൾ കാണുന്നവനോ?
*


ഈയൊരിക്കലേ
നിന്നെ ഞാൻ കണ്ടിട്ടുള്ളുവെങ്കിലും,
നിന്നെത്തന്നെ ഞാൻ മോഹിക്കും,
ഈ ലോകത്തും പരലോകത്തും.
*


ഈ ഹൃദയം
നിന്നെ മോഹിച്ചു
നൂറായി നുറുങ്ങുന്നു-
ഒന്നു പോലും
ഞാൻ കളയില്ല.
*


എന്നോടേറ്റവുമടുത്തവൻ,
എന്റെ ഈയുടൽ-
ഇവയുമിനി മേഘങ്ങളാവും,
എതിർദിശകളിലേക്കൊഴുകും.
*


ഈ ലോകത്താരുണ്ടാകരുത്,
മറക്കുന്നയാളോ,
മറക്കപ്പെടുന്നയാളോ?
*


നീ തിടുക്കപ്പെടുന്നതെവിടേയ്ക്ക്?
എവിടെപ്പോയാലും
ഈ രാത്രിയിൽ നീ കാണുക
ഇതേ ചന്ദ്രനെയായിരിക്കും.
*


ഒരു വേനല്പാടമല്ല ഈ ഹൃദയമെങ്കിലും...
എങ്കിലും,
പ്രണയത്തിന്റെ കാട്ടുപുല്ലു വളരുന്നതെത്ര
നിബിഡമായി!
*


മുളയിലകളിൽ
ആലിപ്പഴമൊച്ചപ്പെടുന്ന രാത്രികളിൽ
ഒറ്റയ്ക്കുറങ്ങാൻ
വെറുപ്പാണെനിക്ക്.


ഒരിരുട്ടിൽ നിന്നു
മറ്റൊരിരുട്ടിലേക്കു
ഞാൻ യാത്രയാവുകയായി-
എനിക്കു മേൽ തിളങ്ങുക,
മലവരമ്പിലെ ചന്ദ്ര!
*




അഭിപ്രായങ്ങളൊന്നുമില്ല: