2024, മേയ് 30, വ്യാഴാഴ്‌ച

കിം നാം-ജോ -അന്യദേശപതാകകൾ



അവിടെയാണ്‌ ഞാനാദ്യമായി കാണുന്നത്
അത്രയും കേവലമായ ഏകാന്തത.

ഹെയ്ഡെൽബെർഗ്ഗിലെ പ്രാചീനദുർഗ്ഗത്തിന്റെ
ഉയർന്നുപോകുന്ന ഗോപുരങ്ങൾക്കു മുകളിൽ 
ഒരു പതാക കാറ്റത്തിളകുകയായിരുന്നു
തുഴഞ്ഞുപോകുന്ന തോണി പോലെ
കാറ്റത്തു തിരിഞ്ഞുകൊണ്ടേയിരിക്കുന്ന കാറ്റാടിമില്ലു പോലെ
ഒടുവിൽ പിഞ്ഞിപ്പിഞ്ഞി നൂലുകൾ മാത്രമാവുമ്പോൾ
ഒരു ശവം പോലെ അതിനെ വലിച്ചെറിഞ്ഞ്
പുതിയൊരു പതാക അവരുയർത്തുന്നു.

ഞാനാലോചിക്കുകയാണ്‌,
ആകാശത്തത്രയുമുയരത്തിൽ
ഒഴുകുന്ന മേഘങ്ങളോടൊപ്പം ഒറ്റയ്ക്കാവുക
എന്നാൽ എങ്ങനെയിരിക്കും?
ആളുകളുടേയും വസ്തുക്കളുടേയും നശ്വരതയും നോക്കി
ആകെ വിറച്ചുകൊണ്ട് മുകളിലങ്ങനെയിരിക്കുക
എന്നാൽ എങ്ങനെയിരിക്കും?

അവിടെ ഞാനാദ്യമായി കണ്ടു
അത്രയും മുതിർന്ന പ്രാർത്ഥന.


(ദക്ഷിണകൊറിയയിലെ സ്ത്രീകളായ കവികളിൽ പ്രമുഖയാണ്‌ Kim Nam-jo. കത്തോലിക്കാവിശ്വാസിയായ അവരുടെ പല കവിതകളും നിഗൂഢമായ ഒരതീന്ദ്രിയരൂപത്തെ അഭിസംബോധന ചെയ്യുന്നവയാണ്‌.)


അഭിപ്രായങ്ങളൊന്നുമില്ല: