2024, ഒക്‌ടോബർ 19, ശനിയാഴ്‌ച

മഹ് മൂദ് ദർവീശ് - കവിതകൾ


നിങ്ങൾ ഒരു തെരുവിലൂടെ നടക്കുമ്പോൾ...

----------------------------------------------

നിങ്ങൾ ഒരു തെരുവിലൂടെ നടക്കുമ്പോൾ
അതു നയിക്കുന്നത് കൊടുംഗർത്തത്തിലേക്കല്ലെങ്കിൽ 
കുപ്പ പെറുക്കുന്നവനോടു പറയൂ, നന്ദി !

ജീവനോടെ, ക്ഷതമൊന്നും പറ്റാതെ,
പ്രാസമാവർത്തിക്കുന്നപോലെ,
നിങ്ങൾ വീട്ടിൽ തിരിച്ചെത്തുന്നെങ്കിൽ
നിങ്ങളോടുതന്നെ പറയൂ, നന്ദി!

നിങ്ങളൊന്നു പ്രതീക്ഷിക്കുകയും  
ഊഹം നിങ്ങളെ കബളിപ്പിക്കുകയും ചെയ്തെങ്കിൽ
നിങ്ങളെവിടെയായിരുന്നുവെന്ന് നാളെപ്പോയി നോക്കൂ,
എന്നിട്ടു പൂമ്പാറ്റയോടു പറയൂ, നന്ദി!

ഉള്ള ശക്തിയെല്ലാമെടുത്തു നിങ്ങൾ കരഞ്ഞുവിളിക്കുമ്പോൾ
ആരാണവിടെ? എന്നാണ്‌ മാറ്റൊലി തിരിച്ചുചോദിക്കുന്നതെങ്കിൽ
നിങ്ങളുടെ സ്വത്വത്തോടു പറയൂ, നന്ദി!

നിങ്ങളൊരു റോസാപ്പൂവിനെ നോക്കിനില്ക്കുകയും
അതു നിങ്ങളെ വേദനിപ്പിക്കാതിരിക്കുകയും ചെയ്തെങ്കിൽ,
അതിൽ നിങ്ങളാനന്ദം കണ്ടുവെങ്കിൽ,
സ്വന്തം ഹൃദയത്തോടു പറയൂ, നന്ദി!

നിങ്ങൾ കാലത്തുറക്കമുണരുകയും
നിങ്ങളുടെ കൺപോളകൾ തിരുമ്മാൻ 
അടുത്താരും ഇല്ലെന്നും വന്നാൽ,
കാഴ്ചയോടു പറയൂ, നന്ദി!

നിങ്ങളുടെ പേരിന്റെ ഒരക്ഷരവും നിങ്ങളുടെ നാടിന്റെ പേരും
നിങ്ങൾക്കോർമ്മ വന്നാൽ, നല്ല കുട്ടിയാകൂ!
ദൈവം നിങ്ങളോടു പറയട്ടെ, നന്ദി!
*

(ബദാം പൂക്കൾ എന്ന സമാഹാരത്തിൽ നിന്ന്.

ഞങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നു...


ഞങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നു,
ജീവിക്കാനിടകിട്ടുമ്പോഴൊക്കെയും.

രക്തസാക്ഷികൾക്കിടയിൽ നിന്നു ഞങ്ങൾ നൃത്തം വയ്ക്കുന്നു,
ഒരു വയലറ്റിനോ ഈന്തപ്പനകൾക്കോ വേണ്ടി ഞങ്ങളൊരു മീനാരം പണിയുന്നു.

ഞങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നു,
ജീവിക്കാനിടകിട്ടുമ്പോഴൊക്കെയും.

പട്ടുനൂൽപ്പുഴുവിൽ നിന്നു ഞങ്ങളൊരിഴ കട്ടെടുക്കുന്നു,
ഒരാകാശം പണിയാൻ, ഞങ്ങളുടെ യാത്രയെ വേലികെട്ടിത്തിരിയ്ക്കാൻ.
മുല്ലപ്പൂവിനായി ഞങ്ങൾ ഉദ്യാനകവാടം തുറന്നുകൊടുക്കുന്നു,
സുന്ദരമായൊരു പകലായവൾക്കു തെരുവിലേക്കിറങ്ങാൻ.

ഞങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നു,
ജീവിക്കാനിടകിട്ടുമ്പോഴൊക്കെയും.

എവിടെ ഞങ്ങൾ താമസമുറപ്പിക്കുന്നു, അവിടെ ഞങ്ങൾ നടുന്നു,
പെട്ടെന്നു വളരുന്ന മരങ്ങൾ, ഞങ്ങൾക്കു മരിച്ചവരെ പറിച്ചെടുക്കാൻ.
ഞങ്ങൾ പുല്ലാങ്കുഴലിൽ വായിക്കുന്നു, വിദൂരതയുടെ വർണ്ണം,
മൺകവാടത്തിനു മേലെഴുതിവയ്ക്കുന്നു, കുതിരയുടെ ചിനയ്ക്കൽ.
ഓരോ കല്ലിലോരോ പേരായി ഞങ്ങളെഴുതിവയ്ക്കുന്നു.
മിന്നല്പിണരേ, രാത്രിയ്ക്കല്പം കൂടി വെളിച്ചം പകർന്നാലും.

ഞങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നു,
ജീവിക്കാനിടകിട്ടുമ്പോഴൊക്കെയും.

എഴുതിത്തുടങ്ങിയ കവിയോട്

 

ഞങ്ങളുടെ പ്രമാണങ്ങളെ വിശ്വസിക്കേണ്ട,
അതെല്ലാം മറന്നേക്കൂ.
നിങ്ങളുടെ സ്വന്തം വാക്കുകളിൽ നിന്നു തുടങ്ങൂ.
കവിതയെഴുത്തു തുടങ്ങിയതു നിങ്ങളാണെന്നപോലെ,
അല്ലെങ്കിൽ അവസാനത്തെക്കവി നിങ്ങളാണെന്നപോലെ.
ഞങ്ങളുടെ കവിത വായിക്കുന്നുവെങ്കിൽ
അതു ഞങ്ങളുടെ മനോഭാവങ്ങളെ പിൻപറ്റാനാവരുത്,
വേദനയുടെ ഗ്രന്ഥത്തിൽ ഞങ്ങൾ വരുത്തിയ സ്ഖലിതങ്ങൾ
തിരുത്താനായി മാത്രം.
ആരോടും ചോദിച്ചുനടക്കരുത്: ആരാണു ഞാൻ?
പെറ്റമ്മയാരെന്നു നിങ്ങൾക്കറിയാം,
അച്ഛന്റെ കാര്യമാണെങ്കിൽ, അതു നിങ്ങൾ തന്നെയായിക്കോളൂ.
സത്യം വെളുത്തതാണ്‌,
കാക്കക്കറുപ്പു കൊണ്ടതിലെഴുതൂ.
സത്യം കറുത്തതാണ്‌,
ഒരു മരീചികയുടെ വെളിച്ചം കൊണ്ടതിലെഴുതൂ.
പ്രാപ്പിടിയനോടു മല്ലു പിടിക്കാനാണാഗ്രഹമെങ്കിൽ
പ്രാപ്പിടിയനോടൊപ്പം പറന്നുയരൂ.
സ്ത്രീയെ പ്രേമിക്കുന്നുവെങ്കിൽ അവളാവരുത്,
സ്വന്തമന്ത്യം ആഗ്രഹിക്കുന്നവനാവൂ.
നാം കരുതുമ്പോലത്ര ജീവനുള്ളതല്ല ജീവിതം,
നമ്മുടെ വികാരങ്ങളുടെ ആരോഗ്യത്തെച്ചൊല്ലി
നാമതിനെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നേയുള്ളു.
ഒരു പനിനീർപ്പൂവിനെ അത്രയേറെ നേരമോർത്തിരുന്നാൽ
കൊടുങ്കാറ്റിൽ നിങ്ങളുലയുകയില്ല.
എന്നെപ്പോലെ തന്നെ നിങ്ങൾ,
തെളിഞ്ഞതാണു പക്ഷേ, എന്റെ ഗർത്തം.
രഹസ്യങ്ങളവസാനിക്കാത്തതാണ് നിങ്ങളുടെ പാതകൾ.
അവ താഴുന്നു ഉയരുന്നു, താഴുന്നു ഉയരുന്നു.
യൌവനത്തിന്റെ അന്ത്യത്തെ പാകതയെത്തിയ സിദ്ധിയെന്നു
നിങ്ങൾക്കു വിളിക്കാം, അല്ലെങ്കിൽ ജ്ഞാനമെന്നും.
അതെ, അതു ജ്ഞാനം തന്നെ,
ഗാനാത്മകമല്ലാത്ത നിർമ്മമത.
ഒരു മരത്തെയെടുത്തു ധരിച്ച കിളിക്കു തുല്യമാവില്ല,
കൈയിൽ കിട്ടിയ ഒരായിരം കിളികൾ.
ദുരിതകാലത്തെ കവിത
ശവപ്പറമ്പിലെ മനോഹരപുഷ്പങ്ങളത്രെ.
ഉദാഹരണം നോക്കിനടന്നാല് കിട്ടില്ല,
അതിനാല് നിങ്ങളാവുക,
മാറ്റൊലിയുടെ അതിരുകള്ക്കു പിന്നില് നിങ്ങളല്ലാതെയുമാവുക.
ശുഷ്കാന്തിക്കു കാലാവധിയുണ്ട്,
അതിനാല് നിങ്ങളുടെ ഹൃദയത്തെക്കരുതി ഉത്സാഹമുള്ളവനാവുക,
നിങ്ങളുടെ പാതയെത്തും മുമ്പേ അതിന്റെ പിന്നാലെ പോവുക.
സ്നേഹിക്കുന്നവളോടു പറയരുത്
നീ ഞാനാണെന്ന്, ഞാൻ നീയാണെന്ന്,
അതിനെതിരു പറയുക:
പലായനം ചെയ്യുന്നൊരു മേഘത്തിലെ
അതിഥികളാണു തങ്ങളെന്ന്.
വ്യതിചലിക്കൂ, നിയമത്തിൽ നിന്ന്
സർവശക്തിയുമെടുത്തു വ്യതിചലിക്കൂ.
ഒരേ വചനത്തിൽ രണ്ടു നക്ഷത്രങ്ങളെ വയ്ക്കരുത്,
പ്രധാനത്തെ അപ്രധാനമായതിനടുത്തുവയ്ക്കൂ,
ഉയരുന്ന പ്രഹര്ഷം അങ്ങനെ പൂര്ത്തിയാവട്ടെ.
ഞങ്ങളുടെ നിർദ്ദേശങ്ങളുടെ കൃത്യതയെ വിശ്വസിക്കരുത്,
കാരവാന്റെ കാല്പാടുകളെ മാത്രം വിശ്വസിക്കുക.
കവിയുടെ ഹൃദയത്തിലെ വെടിയുണ്ട പോലെയാണ്‌ ഗുണപാഠം,
മാരകമായൊരു ജ്ഞാനം.
കോപിക്കുമ്പോൾ മൂരിയെപ്പോലെ കരുത്തനാവൂ,
പ്രേമിക്കുമ്പോൾ ബദാം പൂവു പോലെ ബലഹീനന്,
അടച്ചിട്ട മുറിയിലിരുന്നു തന്നെത്താൻ പ്രണയഗാനം പാടുമ്പോൾ
ഒന്നും, ഒന്നുമല്ലാതെയും.
പ്രാക്തനകവിയുടെ രാത്രി പോലെ ദീർഘമാണ് പാതകൾ:
മലകളും സമതലങ്ങളും, പുഴകളും താഴ്വാരങ്ങളും.
നിങ്ങളുടെ സ്വപ്നത്തിന്റെ താളത്തിൽ നടക്കൂ:
നിങ്ങളെ പിന്തുടരുന്നതൊരു ലില്ലിപ്പൂവായിരിക്കും,
അല്ലെങ്കിൽ കഴുമരം.
നിങ്ങളെച്ചൊല്ലി ഞാൻ ഭയപ്പെടുന്നുവെങ്കിൽ
അതു നിങ്ങളുടെ നിയോഗത്തെ ഓർത്തല്ല,
സ്വന്തം സന്തതികളുടെ ശവമാടത്തിനു മേൽ നൃത്തം വയ്ക്കുന്നവർ,
പൊക്കിൾക്കുഴികളിൽ ക്യാമറകളൊളിപ്പിച്ച ഗായകർ,
അവരെച്ചൊല്ലിയാണ്‌.
അന്യരിൽ നിന്ന്, എന്നിൽ നിന്ന്
അകലം പാലിക്കുകയാണു നിങ്ങളെങ്കിൽ
നിങ്ങളെന്നെ നിരാശപ്പെടുത്തില്ല.
എന്നെ ഓർമ്മപ്പെടുത്താത്തതൊന്നുണ്ടെങ്കിൽ
അതാണു കൂടുതൽ സുന്ദരം.
ഇനി മുതൽ നിങ്ങൾക്കൊരു കാവൽമാലാഖയേയുള്ളു:
നിങ്ങൾ അവഗണിച്ചു വിട്ട ഭാവികാലം.
മെഴുകുതിരിയുടെ കണ്ണീരു പോലെ നിങ്ങളുരുകിത്തീരുമ്പോൾ
ഓർക്കരുത്, ആരു നിങ്ങളെ കാണുമെന്ന്,
ആരു പിന്തുടരും നിങ്ങളുടെ ഉൾവെളിച്ചത്തെയെന്ന്.
തന്നോടു തന്നെ ചോദിക്കൂ: ഇത്രയ്ക്കേയുള്ളു ഞാൻ?
കവിത എന്നും അപൂർണ്ണമായിരിക്കും,
പൂമ്പാറ്റകൾ വേണം അതു മുഴുമിക്കാൻ .
പ്രണയത്തിൽ ഉപദേശമില്ല. അതനുഭവമാണ്‌.
കവിതയിൽ ഉപദേശമില്ല. അതു സിദ്ധിയാണ്‌.
ഒടുവിലായിപ്പറയട്ടെ, സലാം.

*


 ഉപരോധം
————————-


ഇവിടെ, കുന്നുകളുടെ ഇറക്കത്തിൽ,
അസ്തമയത്തെയും കാലത്തിന്റെ പീരങ്കിക്കുഴലുകളേയും 
നേർക്കുനേർ നോക്കി,
നിഴലുകളറ്റുവീണ ഉദ്യാനങ്ങൾക്കരികിൽ,
തടവുകാർ ചെയ്യുന്നപോലെ,
തൊഴിലില്ലാത്തവർ ചെയ്യുന്നപോലെ
പ്രത്യാശയെ താലോലിച്ചു ഞങ്ങളിരിക്കുന്നു.
*

ഇന്നലെ കടന്നുവരുമ്പോൾ ഞാൻ അതിനോടു പറയുന്നു:
നമ്മൾ തമ്മിൽ കാണാമെന്നു പറഞ്ഞത് ഇന്നല്ല,
അതിനാൽ പോയിട്ടു നാളെ വരൂ.
*

എന്റെ ഏകാന്തതയിൽ ഞാൻ അലറിവിളിക്കും,
ഉറങ്ങുന്നവരെ ഉണർത്താനല്ല,
തടവിലായ എന്റെ ഭാവനയിൽ നിന്ന്
എന്നെ വിളിച്ചുണർത്താൻ.
*

അയാൾ അവളോടു പറയുന്നു:
ഗർത്തത്തിന്റെ വക്കിൽ എന്നെക്കാത്തുനില്ക്കൂ.
അവൾ അയാളോടു പറയുന്നു:
വരൂ...വരൂ! ഞാൻ തന്നെയാണാ ഗർത്തം.
*

എന്റെ ദൈവമേ, എന്റെ ദൈവമേ, 
നീയെന്നെ കൈവിട്ടതെന്തേ,
ഞാനിപ്പോഴും കുട്ടിയാണെന്നിരിക്കെ,
ഇനിയും നീയെന്നെ പരീക്ഷിച്ചിട്ടില്ലെന്നിരിക്കെ?
*

അമ്മ പറഞ്ഞു:
സ്വന്തം ചോരയിലവൻ ചവിട്ടിനടക്കുന്നതു ഞാൻ കണ്ടില്ല,
അവന്റെ കാല്ക്കലെ രക്തപുഷ്പം ഞാൻ കണ്ടില്ല.
അവനൊരു ചുമരും ചാരി നില്ക്കുകയായിരുന്നു,
കയ്യിലൊരു കപ്പു ചൂടുചായയുമായി
അവൻ തന്റെ നാളെയെക്കുറിച്ചോർക്കുകയായിരുന്നു...
*
ഈ ഉപരോധം നീണ്ടുപോകും,
മനുഷ്യസ്വഭാവത്തിന്റെ ഒരു ലക്ഷണമാണ്‌ മടുപ്പെന്ന്
ഉപരോധിതനെപ്പോലെ ഉപരോധകനും തോന്നുംവരെ.
*

പ്രണയത്തെക്കുറിച്ചിരുപതു വരികൾ ഞാനെഴുതി,
ഈ ഉപരോധം ഇരുപതു മീറ്റർ പിൻവാങ്ങിയെന്ന്
ഞാൻ സങ്കല്പിക്കുകയും ചെയ്തു.
*

“ഞാനോ അയാളോ” 
യുദ്ധം തുടങ്ങുന്നതങ്ങനെ.
അതവസാനിക്കുന്നത് 
വിലക്ഷണമായൊരു നിലപാടിൽ:
“ഞാനും അയാളും.”
*

ഒരു ബാലൻ പട്ടം പറത്തിക്കളിക്കും.
പട്ടത്തിനു നിറങ്ങൾ നാല്‌:
ചുവപ്പ്, കറുപ്പ്, വെള്ള, പച്ച.
പിന്നവൻ കയറിപ്പോകും,
പലായനം ചെയ്യുന്നൊരു നക്ഷത്രത്തിലേക്ക്.
*

രക്തസാക്ഷി എന്നെ പഠിപ്പിക്കുന്നു:
ഒരു സൗന്ദര്യശാസ്ത്രവുമില്ല,
എന്റെ സ്വാതന്ത്ര്യത്തിനു വെളിയിൽ.

*


അഭിപ്രായങ്ങളൊന്നുമില്ല: