ഉലാവ് എച്ച്. ഹേഗ് Olav Hakonson Hauge 1908 ആഗസ്റ്റ് 18ന് നോർവ്വേയിലെ ഉൾവിക് (Ulvik) എന്ന ഗ്രാമത്തിൽ കർഷകരായ ഹാക്കൊണിന്റെയും കത്രീനയുടേയും മകനായി ജനിച്ചു. ഉലാവിന്റെ സഹോദരങ്ങളിൽ മൂന്നു പേർ അദ്ദേഹത്തിന് എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ളപ്പോൾ മരിച്ചിരുന്നു.
വെളുത്ത മഞ്ഞിൽ
കറുത്ത കുരിശ്ശുകൾ,
മഴയത്തു ചാഞ്ഞ്...
എന്നു തുടങ്ങുന്ന ആദ്യകാലകവിതയിൽ ആ ബാല്യകാലാഘാതത്തിന്റെ മാറ്റൊലിയുണ്ട്.
ആരോഗ്യപരമായ കാരണങ്ങളാലും കണക്ക് എന്നുമൊരു കീറാമുട്ടിയായിരുന്നതിനാലും ഉലാവിന്റെ ഔപചാരികവിദ്യാഭ്യാസം മിഡിൽ സ്കൂൾ കഴിഞ്ഞതോടെ നിന്നു. 1929ൽ അദ്ദേഹം ജെൽറ്റ്നെസ്സിലെ (Hjeltnes) കാർഷികകോളേജിൽ ഒരു രണ്ടുവർഷകോഴ്സിനു ചേർന്നു. ഇക്കാലത്തെ ഒരു ഡയറിക്കുറിപ്പിൽ അദ്ദേഹം ഇങ്ങനെ പരിതപിക്കുന്നുണ്ട്: “ഭാഷയും സാഹിത്യവുമൊക്കെ ഞാനിനി അലമാരയിൽ വച്ചാൽ മതിയെന്നു തോന്നുന്നു. അധികം വൈകാതെ ഞാനതെല്ലാം മറക്കുകയും ചെയ്യും.” പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. പഠനത്തിനൊപ്പം പല കൃഷിയിടങ്ങളിലും അദ്ദേഹം ജോലി ചെയ്തിരുന്നു. കൂട്ടത്തിൽ ഉൾവിക്കിലെ പള്ളിയരമനയിലെ കൃഷിസ്ഥലത്തും. ഇത് അരമനയിലെ ഗ്രന്ഥശാല ഉപയോഗിക്കുന്നതിന് അദ്ദേഹത്തിനു സഹായകമായി. ഇക്കാലത്താണ്, സ്കൂളിൽ പഠിച്ച ഇംഗ്ളീഷിനും ജർമ്മനും പുറമേ, വായനയിലൂടെ മാത്രം ഫ്രഞ്ചും പഠിക്കുന്നത്.
പഠനം കഴിഞ്ഞതിനു ശേഷം ഉൾവിക്കിൽത്തന്നെ അദ്ദേഹം ഒരു ഹോർട്ടികൾച്ചറലിസ്റ്റ് ആയി. നോർവീജിയൻ നാട്ടുനടപ്പനുസരിച്ച് കുടുംബസ്വത്തായ കൃഷിയിടം ഉലാവിന്റെ മൂത്ത സഹോദരനാണ് എഴുതിവച്ചത്. അഞ്ചേക്കർ വരുന്ന ഒരു വളപ്പിൽ ഒരു വീടു വച്ച് അച്ഛനും അമ്മയും അങ്ങോട്ടു താമസം മാറ്റി. ഉലാവും അവരോടൊപ്പമാണ് താമസിച്ചിരുന്നത്. അച്ഛന്റെ മരണശേഷം ആ സ്ഥലം അദ്ദേഹത്തിന്റെ പേർക്കു കിട്ടി. ആ അഞ്ചേക്കർ ആപ്പിൾത്തോട്ടത്തിൽ നിന്നു കിട്ടുന്ന തുച്ഛമായ ആദായമായിരുന്നു ശേഷിച്ച കാലം അദ്ദേഹത്തിന്റെ ജീവിതോപാധി.
1939 ഏപ്രിലിൽ അദ്ദേഹം തന്റെ ആദ്യകാലകവിതകൾ സമാഹരിച്ച് ഒരു പ്രസാധകന് അയച്ചുവെങ്കിലും അത് തിരസ്കരിക്കപ്പെട്ടു. അതിനവർ പറഞ്ഞ കാരണം ‘കവിത നന്നായിട്ടുണ്ടെങ്കിലും അതിൽ അസാധാരണമായി ഒന്നുമില്ല’ എന്നതായിരുന്നു. ഈ പുസ്തകം പിന്നീട് ‘ചാരത്തിലെ കനലുകൾ’ എന്നു പേരു മാറ്റി 1946ൽ പ്രസിദ്ധീകരിച്ചു. അഞ്ചു കൊല്ലത്തെ നാസി അധിനിവേശം നോർവ്വേയെ തകർത്തുകളഞ്ഞിരുന്നു. നഗരങ്ങളും ഗ്രാമങ്ങളും ബോംബിട്ടു തകർക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തിരുന്നു. എന്നാൽ ഈ കവിതകൾ, പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ, സർവ്വനാശത്തിനിടയിൽ നിന്ന് പ്രതീക്ഷയുടെ ഒരു തീപ്പൊരി കണ്ടെടുക്കാനുള്ള ശ്രമമാണ്.
ദൈവമേ,
ആ തീയ് കത്തട്ടെ,
-പാവനനായ അതിഥിയാണത്.
എന്റെ ചാരം വിശ്രമം കണ്ടെത്തും വരെ
ഞാനെരിഞ്ഞുനില്ക്കട്ടെ.
‘പാറക്കെട്ടിനടിയിൽ’ എന്ന രണ്ടാമത്തെ സമാഹാരം 1951ൽ പുറത്തുവന്നു. ആദ്യപുസ്തകത്തിലെ മിക്ക കവിതകളും സാമ്പ്രദായികരൂപങ്ങളിലായിരുന്നെങ്കിൽ ഇതിൽ കൂടുതലും ഛന്ദോമുക്തമാണ്. ഹേഗിന്റെ തനതായ ശബ്ദം കൂടുതൽ തെളിച്ചത്തിൽ കേൾക്കുന്നതും ഇതിലാണ്. വായനക്കാരനോടെന്നപോലെ തന്നോടും കവി പറയുന്നു,
ഇത് തന്റെ വഴിയാണ്.
താനൊരാളേ ഇതുവഴി നടന്നുകൂടൂ.
തിരിച്ചുനടക്കാമെന്ന ചിന്തയും വേണ്ട.
ആപ്പിൾ കൃഷിയായിരുന്നു ഹേഗിന്റെ ജീവിതമാർഗ്ഗം എന്നു പറഞ്ഞിരുന്നല്ലോ. ചെങ്കുത്തായിക്കിടക്കുന്ന തോട്ടത്തിൽ ഇരുന്നൂറോളം ആപ്പിൾ മരങ്ങളാണ് അദേഹത്തിനുണ്ടായിരുന്നത്. മിതോഷ്ണമായ കാലാവസ്ഥയും ദൈർഘ്യമേറിയ വേനൽപകലുകളും (ഇരുപതു മണിക്കൂർ വരെ) സവിശേഷപരിമളമുള്ള ആപ്പിൾപഴങ്ങൾക്കു സഹായകമായി.
ഒരു കർഷകനാകുന്നതിൽ കാല്പനികമായി യാതൊന്നുമില്ല. കൃഷിപ്പണികൾക്കു വേണ്ടി എഴുത്തും വായനയും മാറ്റിവയ്ക്കേണ്ടി വരുന്നതിനെക്കുറിച്ച് ഡയറിയിൽ ഇടയ്ക്കിടെ പരാമർശങ്ങൾ വരുന്നുണ്ട്. സമയത്തിനു ചെയ്യേണ്ട ചില തോട്ടപ്പണികൾ കാരണം സാഹിത്യസമ്മേളനങ്ങളിലേക്കുള്ള ക്ഷണങ്ങൾ പലപ്പോഴും അദ്ദേഹം മാറ്റിവയ്ക്കുന്നുമുണ്ട്. എന്നാല്ക്കൂടി, കവിതയെഴുതി ജീവിക്കാം എന്ന ഒരവസ്ഥ വന്നപ്പോഴും അദ്ദേഹം കൃഷി ഉപേക്ഷിച്ചില്ല.
1965 മുതലാണ് അദ്ദേഹത്തിന്റെ കവിതകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഓസ്ലോ സർവ്വകലാശാലയുടെ സാഹിത്യപ്രസിദ്ധീകരണമായ ‘പ്രൊഫൈലി’ന്റെ (Profil) അക്കൊല്ലത്തെ ഒരു ലക്കം ജാൻ എറിക് വോൾഡ്, പാൾ ഹെൽഗെ ഹാഗൻ എന്നീ ചെറുപ്പക്കാരായ കവികളുടെ ഉത്സാഹത്തിൽ ഉലാവിനു വേണ്ടി മാറ്റിവയ്ക്കപ്പെട്ടു. 1966ൽ ‘കിഴക്കൻ കാറ്റിലെ നീർത്തുള്ളികൾ’ പുറത്തുവന്നതോടെ അർഹിക്കുന്ന ദേശീയശ്രദ്ധ അദ്ദേഹത്തിനു കിട്ടിത്തുടങ്ങി.
1975ലാണ് ഉലാവിന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നത്. പരവതാനി നെയ്ത്തുകാരിയായ ബോദ്ൽ ചാപ്പെലെൻ (Bodil Cappelen) ആയിരുന്നു അത്. ബോദ്ൽ പറയുന്നു: “1969 ശരല്ക്കാലത്തൊരു ദിവസം ‘പരുന്തിന്റെ ചേക്കയിൽ’ എന്നൊരു കവിതാപുസ്തകം വില്പനയ്ക്കു വച്ചിരിക്കുന്നതു ഞാൻ കണ്ടു; പേരു കേട്ടിട്ടുണ്ടെങ്കിലും അന്നേവരെ നേരിൽ കണ്ടിട്ടില്ലാത്ത ഉലാവ് എച്ച്. ഹേഗിന്റേതായിരുന്നു അത്. എനിക്കന്ന് മുപ്പത്തൊമ്പതു വയസ്സായിരുന്നു. ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം പഴയൊരു തടിപ്പുരയിലാണ് താമസം. കവിതകൾ എനിക്കിഷ്ടപ്പെട്ടു. പുസ്തകത്തിനു നന്ദി അറിയിച്ചുകൊണ്ട് 1970 ഫെബ്രുവരിയിൽ ഞാൻ അദ്ദേഹത്തിന് ഒരു കത്തെഴുതി. അതിനദ്ദേഹം മറുപടിയുമെഴുതി. ഞങ്ങളെ സന്ദർശിക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു. വേനല്ക്കാലത്തു വരാമെന്നു പറഞ്ഞുവെങ്കിലും വന്നില്ല. എന്റെ കത്തിനു ശേഷം അവിവാഹിതയായ മറ്റൊരു സ്ത്രീയുടെ കത്ത് അദ്ദേഹത്തിനു കിട്ടിയിരുന്നു. അതദ്ദേഹത്തിന് കൂടുതൽ താല്പര്യജനകമായി തോന്നിയിരിക്കണം. എങ്കില്ക്കൂടി ഞങ്ങളുടെ കത്തിടപാട് തുടർന്നുപോന്നു. ഉലാവ് ഒരുൾനാടൻ ഗ്രാമത്തിൽ താമസിക്കുന്ന അറുപതു കടന്ന ഒരവിവാഹിതനായിരുന്നു; അദ്ദേഹത്തെക്കാൾ ഇരുപത്തിരണ്ടു വയസ്സ് ഇളപ്പമുള്ള ഞാൻ കടല്ക്കരയിലെ പത്തൊമ്പതാം നൂറ്റാണ്ടിൽ പണിത ഒരു വീട്ടിൽ താമസിക്കുന്ന ഒരു നെയ്ത്തുകാരിയും. അഞ്ചുകൊല്ലത്തെ കത്തെഴുത്തിനു ശേഷം അവസാനം ഞങ്ങൾ നേരിൽ കണ്ടു. ഇബ്സന്റെ കുടുംബവീട്ടിൽ വച്ച് ഉലാവ് കവിതകൾ വായിക്കുന്നുണ്ടായിരുന്നു. വലിയ ഒരു ആഷ് മരത്തിനടിയിൽ ഞാൻ അദ്ദേഹത്തെ കാത്തുനിന്നു; അദ്ദേഹം എന്റെ ജീവിതത്തിലേക്കു കടന്നുവന്നു!...1975 ഏപ്രിലിൽ ഒരു വൈകുന്നേരം ഉലാവിന്റെ വീട്ടുമുറ്റത്ത് ഒരു വാൻ വന്നുനിന്നു. എന്റെ ഒരു സ്നേഹിതൻ ഓടിച്ചിരുന്ന ആ വണ്ടിയിൽ എന്നോടൊപ്പം ഞാൻ പരവതാനി നെയ്യുന്ന തറിയും ഉണ്ടായിരുന്നു. അങ്ങനെ പത്തൊമ്പതു കൊല്ലത്തെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചു. ഞാൻ നെയ്യുകയും ചിത്രം വരയ്ക്കുകയും ചെയ്യും; ഉലാവ് കൃഷിപ്പണികൾ ചെയ്യും, വായിക്കും, എഴുതും. ഞങ്ങൾ ഒരുമിച്ച് തോട്ടപ്പണികൾ ചെയ്യും, റാസ്പ്ബെറികളും മുന്തിരിങ്ങകളും പറിക്കും, ഉരുളക്കിഴങ്ങ് നടും. ഞാൻ പൂന്തോട്ടത്തിലെ ചെടികളെ പരിചരിക്കുന്നതു കാണുമ്പോൾ സംതൃപ്തിയോടെ അദ്ദേഹം പറയും, “യുദ്ധത്തിനു ശേഷം അവയെ നോക്കാൻ ആരുമുണ്ടായിരുന്നില്ല.”.
ബോദ്‌ലിനൊപ്പം ജീവിക്കുന്ന കാലത്താണ് ഉലാവ് തന്റെ ഗ്രാമം വിട്ടു യാത്ര ചെയ്യാൻ അല്പമെങ്കിലും ഉത്സാഹം കാണിക്കുന്നത്. ആർട്ടിക് വൃത്തം കടക്കുന്നതിനെക്കുറിച്ചും വാഴ്സായിൽ പോയതിനെക്കുറിച്ചുമൊക്കെ കവിതകളിൽ പരാമർശം കാണാം. അതേവരെ അദ്ദേഹത്തിന്റെ കവിതകൾ നാട്ടിലേക്കു മടങ്ങുന്നതിനെക്കുറിച്ചായിരുന്നു.
ഉലാവിനെ ഇടയ്ക്കിടയ്ക്ക് ചിത്തഭ്രമം പിടികൂടിയിരുന്നു. 1934 തുടങ്ങി മൂന്നര കൊല്ലത്തോളം അദ്ദേഹം ഒരു മനോരോഗാശുപത്രിയിലുമായിരുന്നു. താനല്ലാത്തതൊക്കെയായ മറ്റൊരാളെക്കുറിച്ച് അദ്ദേഹത്തിന്റെ ഡയറിയിൽ പരാമർശങ്ങൾ കാണാം. 1946ൽ എഴുതിയ ‘നിഴൽ’ എന്ന കവിതയിൽ ഇങ്ങനെ കാണാം:
പാവം നിഴലേ,
ഞാൻ നിന്നെ നോക്കി പുഞ്ചിരിക്കുന്നതു കാര്യമാക്കേണ്ട;
ഞാൻ തന്നെ മറ്റൊരാളുടെ നിഴലല്ലേ.
അഞ്ചു കൊല്ലത്തെ ഇടവേള വച്ച് അദ്ദേഹത്തിന് മാനസികപ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. അദ്ദേഹം തന്റെ ആദ്യത്തെ പുസ്തകത്തിന്റെ പ്രൂഫ് നോക്കുന്നതു തന്നെ ആശുപത്രിയിൽ വച്ചായിരുന്നു. “വായിച്ചറിവു വച്ചു നോക്കുമ്പോൾ എന്റെ രോഗം സ്കിസോഫ്രേനിയ ആവാം. കാറ്ററ്റോണിക് സ്കിസോഫ്രേനിയയുടെ ലക്ഷണങ്ങളാണ് എനിക്കു ചേരുന്നത്. പക്ഷേ അതെന്റെതന്നെ വിശകലനമാണെന്നതിനാൽ വിശ്വാസ്യമാവണം എന്നുമില്ല,” ഉലാവ് ഡയറിയിൽ എഴുതുന്നു. എന്നാൽ ബോദ്ൽ ജീവിതത്തിലേക്കു കടന്നുവന്നതോടെ മാനസികവിഭ്രാന്തികളിൽ നിന്നദ്ദേഹം മുക്തി നേടുന്നുവെന്നത് ശ്രദ്ധേയമാണ്.
അന്യഭാഷാകവിതകൾ നോർവീജിയനിലേക്കു വിവർത്തനം ചെയ്യുന്നതിൽ ഉലാവിന്റെ പങ്ക് വളരെ വലുതായിരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ നിന്ന് ഷേക്സ്പിയർ, ടെന്നിസൺ, യേറ്റ്സ്, റോബർട്ട് ബ്രൗണിങ്ങ്, സ്റ്റീഫൻ ക്രെയ്ൻ, സിൽവിയ പ്ളാത്ത്, റോബർട്ട് ബ്ലൈ, ഹോൾഡർലിൻ, ട്രൿൽ, ചെലാൻ, ബ്രെഷ്റ്റ്, വെർലെയ്ൻ, മല്ലാർമെ, റാങ്ങ്ബോതുടങ്ങിയവരുടെ കവിതകൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.
1924ൽ പതിനഞ്ചു വയസ്സുള്ളപ്പോൾ മുതൽ അദ്ദേഹം ഡയറി എഴുതിയിരുന്നു. 1994ൽ മരിക്കുന്നതുവരെ അദ്ദേഹം ഡയറിയെഴുത്തു തുടർന്നു. നാലായിരം പേജു വരുന്ന ആ കുറിപ്പുകളിൽ കുറ്റപ്പെടുത്തലുകളോ കുമ്പസാരങ്ങളോ ഗോസ്സിപ്പുകളോ ഒന്നുമില്ല; അദ്ദേഹത്തിന്റെ വ്യക്തിപരവും സാഹിത്യപരവുമായ പരിണാമം, ദൈനന്ദിനജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, സ്വന്തം മാനസികനിലകൾ, വൈകാരികമായ വെല്ലുവിളികൾ ഇതിന്റെയൊക്കെ കാലാനുസാരിയായ ഒരു രേഖയാണത്.
1994 മേയ് 22ന് ഉൾവിക്കിലെ സ്വന്തം വീട്ടിൽ വച്ചാണ് അദ്ദേഹം മരിക്കുന്നത്. പ്രത്യേകിച്ച് ഒരു രോഗവും ഉണ്ടായിരുന്നില്ല. അദ്ദേഹം ജ്ഞാനസ്നാനമേറ്റ പള്ളിയിൽ തന്നെയാണ് അദ്ദേഹത്തെ അടക്കിയിരിക്കുന്നതും.
***
ഉലാവ് ഹേഗ് എഴുതിയിരുന്നത് ‘നൈനോർസ്ക്“ (Nynorsk) എന്ന നോർവ്വീജിയൻ ഭാഷാഭേദത്തിലാണ്; നോർവ്വേയുടെ ഈ തനതുഭാഷ പിന്നീട് ചരിത്രപരമായ കാരണങ്ങളാൽ ഗ്രാമീണമേഖലയിലേക്കൊതുങ്ങുകയായിരുന്നു. 1380 മുതൽ 1814 വരെ നോർവ്വേ ഡെന്മാർക്കിന്റെ ഭരണത്തിൻ കീഴിലായിരുന്നു. സർക്കാരും സഭയും ഡാനിഷോ ഡെന്മാർക്കിൽ പഠിച്ചവരെങ്കിലുമോ ആയിരുന്നു. അതിനാൽ ഡാനിഷ് ആധാരമായ ബൊക്മൽ (Bokmal) എന്ന നോർവ്വീജിയൻ ഭാഷാഭേദം അധികാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി. ഇതുകൊണ്ട് നഗരവാസികൾക്കും ഗ്രാമീണനോർവ്വേക്കുമിടയിലുണ്ടായ ധ്രുവീകരണം ഇന്നും പരിഹൃതമായിട്ടില്ല. നിയമപരമായി രണ്ടു രൂപങ്ങൾക്കും ഒരേ പദവിയാണുള്ളതെങ്കിലും ബൊക്മലിൽ എഴുതുന്ന എഴുത്തുകാർക്ക് കൂടുതൽ വായനക്കാരെ കിട്ടുമെന്ന ആനുകൂല്യമുണ്ട്. റോൾഫ് ജേക്കബ്സെനെ(Rolf Jacobsen)പ്പോലെ ബൊക്മലിലാണ് എഴുതിയിരുന്നതെങ്കിൽ എത്രനേരത്തേ അദ്ദേഹം അംഗീകരിക്കപ്പെടുമായിരുന്നു. ഗ്രാമീണജനതയേയും ഗ്രാമീണമൂല്യങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു ഭാഷയിലേ താൻ എഴുതൂ എന്ന ഉലാവ് ഹേഗിന്റെ ശാഠ്യം നോർവ്വീജിയൻ ആവുക എന്നാൽ എന്താണ് എന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഒരു പ്രസ്താവനയാണ്.
***
ഉലാവ് ഹേഗ് ജനിച്ചതും ജീവിച്ചതും ഒടുവിൽ കിടന്നുമരിച്ചതുമായ ഉൾവിക്കും അതിന്റെ സമീപപ്രദേശങ്ങളും കൂറ്റൻ പലകകൾ പോലത്തെ പാറകളും ഫ്യോഡുകളും (ഇരുവശവും കുന്നുകളുമായി കരയിലേക്കു തള്ളിക്കിടക്കുന്ന ഇടുക്കുകടലുകൾ) ആപ്പിൾത്തോട്ടങ്ങളുമൊക്കെയായി സവിശേഷമായ ഒരു ഭൂപ്രകൃതിയാണ്. ആ പ്രത്യേകതകൾ സൂക്ഷ്മമവും വിശദവുമായി അദ്ദേഹത്തിന്റെ കവിതകളിൽ കടന്നുവരുന്നുണ്ട്. തന്റെ മുറിയുടെ ജനാലയിൽ നിന്നു പുറത്തേക്കു നോക്കിയാൽ കാണുന്ന ആപ്പിൾമരങ്ങൾ, തന്റെ ദേശത്തെ കീറിമുറിച്ചു കിടക്കുന്ന അഗാധമായ ഇടുക്കുകടലുകൾ, പുഴകൾ, മലഞ്ചുരങ്ങൾ, പാറക്കെട്ടുകൾ, പൈൻമരങ്ങൾ ഇവയെല്ലാം അദ്ദേഹത്തിന്റെ കവിതകളിൽ വരുന്നത് അവയല്ലാത്ത മറ്റെന്തിന്റെയോ പ്രതിനിധാനങ്ങളായിട്ടല്ല, അവയായിത്തന്നെയാണ്.
ഉലാവ് എന്ന കവി ജീവിച്ച കാലമേതായിരുന്നുവെന്ന് ആ കവിതകളിൽ നിന്നു കണ്ടുപിടിക്കുക വിഷമമായിരിക്കും. സമകാലീനലോകം അത്ര വിരളമായേ അദ്ദേഹത്തിന്റെ കവിതകളിൽ കടന്നുവരുന്നുള്ളു. അതേ സമയം സ്ഥലകാലങ്ങൾ കൊണ്ട് തന്നിൽ നിന്നെത്രയോ അകന്ന പ്രാചീനചൈനയിലെ മഹാന്മാരായ കവികൾക്ക് അവയിൽ സ്ഥാനവുമുണ്ട്!
ഉലാവിന്റെ കവിത, അദ്ദേഹത്തിന്റെ കവിതകൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ റോബിൻ ഫുൾട്ടൻ(Robin Fulton) പറയുന്നപോലെ, നേരേ ചൊവ്വെയുള്ള ഒരു സംഭാഷണമാണ്. പറയേണ്ടതു മാത്രമേ അതു പറയുന്നുള്ളു, അതും, ആവശ്യമായത്ര വാക്കുകളിൽ.
ഉലാവ് എച്ച്. ഹേഗിന്റെ കൃതികൾ
- Glør i oska (Noregs boklag, 1946)
- Under bergfallet (Noregs boklag, 1951), Beneath the Crag
- Seint rodnar skog i djuvet (Noregs boklag, 1956), Slowly the Trees Turn Red in the Gorge
- På ørnetuva (Noregs boklag, 1961), On the Eagle's Tussock
- Dikt i utval: Dogg og dagar editor Ragnvald Skrede. (Noregs boklag, 1965)
- Dropar i austavind (Noregs boklag, 1966), Drops in the East Wind
- Spør vinden (Noregs boklag, 1971), Ask the Wind
- Dikt i samling (Noregs boklag, 1972)
- Syn oss åkeren din in selection by Jan Erik Vold. Bokklubben, 1975. (Collected from Dikt i samling)
- Janglestrå (Samlaget, 1980), Gleanings
- Regnbogane (1983) (Children's book, illustrations by Wenche Øyen)
- ABC, 1986 (Children's book)
- Mange års røynsle med pil og boge (recording). (Samlaget, 1988)
- Brev 1970-1975 (Cappelen, 1996)
- Det er den draumen (Samlaget, 1998), It's the Dream
- Dagbok 1924-1994 (Samlaget, 2000)
- Skogen stend, men han skiftar sine tre. Aforismar i utval (Samlaget, 2001)
ഇംഗ്ലീഷ് വിവർത്തനങ്ങൾ
- Olav Hauge translated by Olav Grinde (2016) Luminous Spaces: Olav H. Hauge: Selected Poems & Journals (White Pine Press) ISBN 978-1935210801
- Olav Hauge translated by Robert Bly and Robert Hedin (2008) The Dream We Carry: Selected and Last Poems of Olav Hauge (Copper Canyon Press) ISBN 978-1556592881
- Olav Hauge translated by Robin Fulton (1990) Olav Hauge: Selected Poems (White Pine Press) ISBN 978-1877727030
- Olav Hauge translated by Robert Bly (1987) Trusting Your Life to Water and Eternity: Twenty Poems of Olav H. Hauge (Milkweed Editions) ISBN 978-0915943289
(Source: Wikipedia)