2019, നവംബർ 9, ശനിയാഴ്‌ച

ബെർത്തോൾട്ട് ബ്രെഹ്റ്റ്






ജർമ്മൻ നാടകകൃത്തും നാടകസൈദ്ധാന്തികനും കവിയുമായ ബെർത്തോൾട്ട് ബ്രെഹ്റ്റ് Eugen Berthold Friedrich Brecht 1898 ഫെബ്രുവരി 10ന്‌ ബവേറിയയിലെ ആഗ്സ്ബർഗ്ഗിൽ ബെർത്തോൾട്ട് ഫ്രീഡ്രിഷ് ബ്രെഹ്റ്റിന്റെയും സോഫിയുടേയും മകനായി ജനിച്ചു. അമ്മ പ്രൊട്ടെസ്റ്റന്റ് വിഭാഗത്തിൽ പെട്ടതായിരുന്നു, അച്ഛൻ റോമൻ കാത്തലിക്കും. ഒരു പേപ്പർ മില്ലിലെ ജോലിക്കാരനായിരുന്ന അച്ഛൻ 1914ൽ അതിന്റെ മാനേജിംഗ് ഡയറകറ്ററുമായി.
അമ്മയുടെ സ്വാധീനം മൂലം കൈവന്ന ബൈബിൾപരിചയം ജീവിതകാലമുടനീളം അദ്ദേഹത്തിന്റെ കൃതികളിൽ പ്രതിഫലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നാടകങ്ങളിൽ ആവർത്തിച്ചുവരുന്ന “ആത്മനിരാസക്കാരിയായ അപകടം പിടിച്ച സ്ത്രീ”യുടെ ആദിരൂപവും അമ്മ തന്നെ.

ബ്രെഹ്റ്റിന്‌ 16 വയസ്സുള്ളപ്പോഴാണ്‌ ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. ആദ്യകാലത്ത് യുദ്ധത്തെ ഉത്സാഹത്തോടെ പിന്തുണച്ച ബ്രെഹ്റ്റ് പിന്നീടതിന്റെ കടുത്ത വിമർശകനായി.  ഒരു ലേഖനമത്സരത്തിൽ ബുദ്ധിശൂന്യരാണ്‌ സ്വന്തം രാജ്യത്തിനു വേണ്ടി മരിക്കാൻ തയ്യാറാവുക എന്ന ആശയം വികസിപ്പിച്ചെഴുതിയതിന്‌ അദ്ദേഹത്തെ സ്കൂളിൽ നിന്നു പുറത്താക്കിയതായിരുന്നു. പിന്നീട് ബൈബിൾ അദ്ധ്യാപകന്റെ ഇടപെടൽ മൂലം അതൊഴിവായി. 1917ൽ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിൽ നാടകം പഠിക്കാൻ ചേർന്നു. പക്ഷേ 1918ൽ അദ്ദേഹത്തിന്‌ ഒരു മെഡിക്കൽ ഓർഡർലിയായി പട്ടാളസേവനത്തിനു പോകേണ്ടിവന്നു. ഒരുമാസം കഴിഞ്ഞപ്പോൾ യുദ്ധം തീരുകയും ചെയ്തു.

1920ൽ ബ്രെഹ്റ്റിന്റെ അമ്മ മരിച്ചു. അതേ വർഷമോ അല്ലെങ്കിൽ അതിനടുത്തതിലോ അദ്ദേഹം മ്യൂണിച്ച് കൊമേഡിയനായ കാൾ വലെന്റീന്റെ (Karl Valentin)ഒരു രാഷ്ട്രീയനാടകത്തിൽ ഒരു ചെറിയ ഭാഗമെടുത്തിരുന്നു. ബ്രെഹ്റ്റ് വലെന്റീനെ ചാപ്ലിനുമായിട്ടാണ്‌ താരതമ്യം ചെയ്തിരുന്നത്. തന്റെ ആദ്യകാലനാടകസംരംഭങ്ങളിൽ തന്നെ സ്വാധീനിച്ച ഒരാളായി അദ്ദേഹം വലെന്റീനെ കണ്ടിരുന്നു.

ബ്രെഹ്റ്റ് തന്റെ ആദ്യത്തെ നാടകം ബാൽ (Baal)1918ൽ എഴുതിത്തീർത്തു. ‘സ്വന്തമായിട്ടെഴുതാൻ ആർക്കും കഴിയും, മറ്റുള്ളവരെ മാറ്റിയെഴുതുക എന്നതാണ്‌ വെല്ലുവിളി’ എന്ന തന്റെ മൗലികതാവിരുദ്ധകലാദർശനത്തിന്റെ ആദ്യപ്രഖ്യാപനമായിരുന്നു അത്. 1922ൽ ബർലിനിൽ വച്ച് അദ്ദേഹത്തിന്റെ ആദ്യത്തെ നാടകം തിയേറ്ററിൽ അവതരിപ്പിക്കപ്പെട്ടു. “രാത്രിയിലെ ചെണ്ടകൾ” എന്ന 1919ൽ എഴുതിയ നാടകമായിരുന്നു അത്. “24കാരനായ ബെർട്ട് ബ്രെഹ്റ്റ് എന്ന എഴുത്തുകാരൻ ഒറ്റരാത്രി കൊണ്ട് ജർമ്മൻ സാഹിത്യമണ്ഡലത്തെ മാറ്റിത്തീർത്തു” എന്നാണ്‌ അക്കാലത്തെ പ്രമുഖനായ നിരൂപകൻ ഹെർബെർട്ട് ഐഹെറിംഗ് (Herbert Ihering) അഭിപ്രായപ്പെട്ടത്. “അയാൾ നമ്മുടെ കാലത്തിന്‌ പുതിയൊരു സ്വരവും പുതിയൊരീണവും പുതിയൊരു ദർശനവും നല്കിയിരിക്കുന്നു...നിങ്ങളുടെ നാവിൽ, നിങ്ങളുടെ മോണയിൽ, നിങ്ങളുടെ കാതിൽ, നിങ്ങളുടെ നട്ടെല്ലിൽ തരിപ്പുണ്ടാക്കുന്ന ഒരു ഭാഷയാണത്.” 1922 നവംബറിൽ അദ്ദേഹത്തിന്‌ അക്കാലത്ത് ജർമ്മനിയിലെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ ക്ലെയ്സ്റ്റ് (Kleist)സമ്മാനം ലഭിച്ചു. അതേ വർഷം അദ്ദേഹം വിയന്നയിലെ ഓപ്പെറഗായികയായ മരിയൻ സോഫിനെ (Marianne Zoff) വിവാഹം കഴിച്ചു.

1923ൽ ബ്രെഹ്റ്റ് “ഒരു ക്ഷൗരക്കടയുടെ രഹസ്യങ്ങൾ” എന്ന പേരിൽ ഒരു ഷോർട്ട്ഫിലിമിന്‌ തിരക്കഥയെഴുതി. സിനിമ പ്രേക്ഷകപിന്തുണ നേടിയില്ലെങ്കിലും അതിന്റെ പരീക്ഷണസ്വഭാവം ഇന്നതിനെ ജർമ്മൻ സിനിമാചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി രേഖപ്പെടുത്തുന്നു. 1924ൽ നോവലിസ്റ്റും നാടകകൃത്തുമായ ലിയോൺ ഫ്യൂഹ്റ്റ്‌വാൻഗെറുമായി (Lion Feuchtwanger) ചേർന്ന് ക്രിസ്റ്റഫർ മാർലോയുടെ “എഡ്വേർഡ് രണ്ടാമൻ”ജർമ്മൻഭാഷയിൽ മാറ്റിയെഴുതി. ബ്രെഹ്റ്റിന്റെ ആദ്യകാലനാടകപരീക്ഷണങ്ങളിൽ ഒരു നാഴികക്കല്ലായിരുന്നു ഇത്. തന്റെ “എപ്പിക് തിയേറ്റർ” എന്ന ആശയത്തിന്റെ ബീജാവാപമാണ്‌ അന്നു നടന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്. സെപ്തംബറിൽ അദ്ദേഹം മാക്സ് റെയ്ൻഹാർട്ടിന്റെ ‘ജർമ്മൻ തിയേറ്ററി’ൽ നാടകാവതാരകനായി ബർലിനിലേക്കു വന്നു. ജർമ്മൻ തിയേറ്ററിൽ ബർണാഡ് ഷാ, ലൂയി പിരാന്തെല്ലോ തുടങ്ങിയവരുടെ നാടകങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയെങ്കിലും സ്വന്തമായി ഒരു നാടകം അവതരിപ്പിക്കാൻ കഴിഞ്ഞില്ല. 1925ൽ ബ്രെഹ്റ്റിന്റെ ആദ്യത്തെ കവിതാസമാഹാരമായ Hauspostille പൂർത്തിയാക്കാൻ അദ്ദേഹത്തെ സഹായിക്കാനായി എലിസബത്ത് ഹാപ്റ്റ്മന്നെ പ്രസാധകർ ഏർപ്പെടുത്തി. എലിസബത്ത് പിന്നീട് അദ്ദേഹത്തിന്റെ ജിവിതത്തിലും എഴുത്തിലും നിർണ്ണായസ്വാധീനമാവുകയും ചെയ്തു.

1925ൽ മൻഹെയ്മിൽ നടന്ന Neue Sachlichkeit (നവവസ്തുനിഷ്ഠത)എന്ന കലാപ്രദർശനം ജർമ്മൻകലയിലെ പോസ്റ്റ്-എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു. വ്യക്തിക്കു പ്രാധാന്യം കല്പിക്കാത്ത, കലയെ സംഘസൃഷ്ടിയായി കാണുന്ന നവവസ്തുനിഷ്ഠതാദർശനത്തിൽ നിന്നു പ്രചോദനം കൊണ്ട് ബ്രെഹ്റ്റ് തന്റെ ‘ബ്രെഹ്റ്റ് കളക്റ്റീവ്’ തുടങ്ങുന്നതും ഇക്കാലത്താണ്‌. തന്നെ ഏറ്റവുമധികം സ്വാധീനിച്ച രണ്ടു സിനിമകൾ, ചാപ്ലിന്റെ ‘ഗോൾഡ് റഷ്’, ഐസെൻസ്റ്റീന്റെ ‘ബാറ്റിൽഷിപ്പ് പോട്ടെംകിൻ’ എന്നിവ കാണാൻ അദ്ദേഹത്തിന്‌ അവസരം കിട്ടുന്നതും ഇതേ വർഷമാണ്‌.

1926ൽ എലിസബത്ത് ഹാപ്റ്റ്മന്റെ സഹായത്തോടെ ബ്രെഹ്റ്റ് മാർക്സിസവും സോഷ്യലിസവും പഠിക്കാൻ തുടങ്ങി. “മാർക്സിന്റെ മൂലധനം വായിച്ചതോടെ എനിക്ക് എന്റെ നാടകങ്ങൾ മനസ്സിലായി” എന്ന് ബ്രെഹ്റ്റ് പറയുന്നുണ്ട്. “എന്റെ നാടകങ്ങളുടെ ഒരേയൊരു പ്രേക്ഷകൻ മാർക്സ് ആയിരുന്നു.” 1927ൽ അദ്ദേഹം എർവിൻ പിസ്കേറ്ററിന്റെ നാടകസംഘത്തിൽ അംഗമായി. ഒരു ഡോക്യുമെന്ററി തിയേറ്ററിനു പറ്റിയ നാടകങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ആ സംഘത്തിന്റെ ദൗത്യം. റാസ്പുട്ടിൻ, ഗുഡ് സോൾജർ ഷ്വെയ്ക്ക് തുടങ്ങിയ പ്രശസ്തമായ നാടകാവതരണങ്ങളിൽ ബ്രെഹ്റ്റ് പിസ്കേറ്ററുമായി സഹകരിച്ചു. ആ വർഷം തന്നെയാണ്‌ കുർട്ട് വെയ്ൽ (Kurt Weill) എന്ന ചെറുപ്പക്കാരനായ സംഗീതസംവിധായകനും കാസ്പെർ നെഹെർ (Casper Neher) എന്ന സെറ്റ് ഡിസൈനറും ബ്രെഹ്റ്റിന്റെ സഹായികളാവുന്നത്.

1930ൽ അദ്ദേഹം വെയ്ഗെലിനെ (Weigel) വിവാഹം ചെയ്തു. അവർ അദ്ദേഹത്തിന്റെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ബ്രെഹ്റ്റിന്റെ നേതൃത്വത്തിൽ എലിസബത്ത് ഹാപ്റ്റ്മൻ, മാർഗരെറ്റ് സ്റ്റെഫിൻ, എമിൽ ബറി, റൂത്ത് ബെർലാവു തുടങ്ങിയവർ അടങ്ങുന്ന ഒരു എഴുത്തുകൂട്ടം പുതിയ പ്രേക്ഷകർക്കായി പഴയ നാടകങ്ങൾ മാറ്റിയെഴുതുക എന്ന ദൗത്യം ഏറ്റെടുത്തു. നിഷ്ക്രിയരായ ഒരു സദസ്സിനെയല്ല, നാടകത്തിൽ സജീവമായി പങ്കെടുക്കുന്ന കാണികളെയാണ്‌ അവർ മുന്നിൽക്കണ്ടത്. ബ്രെഹ്റ്റിന്റെ പാട്ടുകളും കുർട്ട് വെയ്ലിന്റെ സംഗീതവുമായി അവതരിപ്പിച്ച ജോൺ ഗേയുടെ ത്രീപ്പെനി ഓപ്പെറ 1920കളിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഈ സംഘത്തിന്റെ “മഹാഗണി നഗരത്തിന്റെ ഉദയവും പതനവും” എന്ന നാടകം 1930ൽ ലീപ്‌സിഗ്ഗിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ സദസ്സിലുണ്ടായിരുന്ന നാസി അനുഭാവികളുടെ പ്രതിഷേധം നേരിടേണ്ടിവന്നു.

ഹിറ്റ്ലർ അധികാരമേറ്റ് തൊട്ടു പിറകേ, 1933 ഫെബ്രുവരിയിൽ, ബ്രെഹ്റ്റ് വെയ്ഗെലിനോടൊപ്പം ജർമ്മനി വിട്ടു. പ്രാഗ്, സൂറിച്ച്, പാരീസ് എന്നിവിടങ്ങളിൽ കുറച്ചുനാളത്തെ പ്രവാസത്തിനു ശേഷം അവർ ഡെന്മാർക്കിലെ സ്വെൻഡ്ബോർഗിൽ ഒരു വീടു വാങ്ങി അവിടെ താമസമായി. വാൾട്ടർ ബന്യാമിൻ പലപ്പോഴും ഈ വീട്ടിലെ സന്ദർശകനായിരുന്നു. എന്നാൽ യുദ്ധം ആസന്നമായതോടെ ബ്രെഹ്റ്റ് 1939 ഏപ്രിലിൽ സ്വീഡനിലെ സ്റ്റോൿഹോമിലേക്കു താമസം മാറ്റി. എന്നാൽ ഹിറ്റ്ലർ നോർവേയും ഡെന്മാർക്കും കീഴടക്കിയപ്പോൾ അദ്ദേഹം സ്വീഡനിൽ നിന്ന് ഫിൻലാൻഡിലെ ഹെൽസിങ്കിയിലേക്കു മാറി. യു. എസ്സിലേക്കുള്ള വിസ കിട്ടുന്ന 1941 മേയ് 3 വരെ അദ്ദേഹം അവിടെയായിരുന്നു.

യുദ്ധകാലത്ത് ബ്രെഹ്റ്റെഴുതിയ പ്രശസ്തമായ നാടകങ്ങൾ- ഗലീലിയോയുടെ ജീവിതം, മദർ കറേജ്, സെച്വാനിലെ നല്ല സ്ത്രീ, കോക്കേഷ്യൻ ചോക്കുവൃത്തം തുടങ്ങിയവ- നാസിസത്തിനും ഫാഷിസത്തിനുമെതിരായ എതിർപ്പുകളായിരുന്നു. 1942ൽ ഫ്രിറ്റ്സ് ലാങ്ങ് സംവിധാനം ചെയ്ത Hangmen Also Die! എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയത് ബ്രെഹ്റ്റ് ആയിരുന്നു. ഹോളിവുഡ്ഡിൽ അദ്ദേഹത്തിന്റെ ഒരേയൊരു സിനിമാസംരംഭം ഇതുമാത്രമാണ്‌.

ശീതയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ്ബന്ധമാരോപിക്കപ്പെട്ട മറ്റനേകം സിനിമാപ്രവർത്തകർക്കൊപ്പം ബ്രെഹ്റ്റും കരിമ്പട്ടികയിലായി. 1947 സെപ്തംബറിൽ HUAC (House Un-American Activities Committee)ക്കു മുന്നിൽ ഹാജരാകാൻ അദ്ദേഹത്തെ വിളിപ്പിച്ചു. ബ്രെഹ്റ്റ് ഉൾപ്പെടെ 19 സാക്ഷികളും കമ്മിറ്റിക്കു മുന്നിൽ ഹാജരാകാൻ വിസമ്മതിച്ചുവെങ്കിലും ബ്രെഹ്റ്റ് ഒടുവിൽ തന്റെ തീരുമാനം മാറ്റി.  വക്കീലന്മാരുടെ ഉപദേശപ്രകാരവും മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു യൂറോപ്പ്‌യാത്ര വൈകരുതെന്ന ആഗ്രഹം കാരണവുമാണ്‌ താൻ അങ്ങനെ ചെയ്തതെന്ന് ബ്രെഹ്റ്റ് പിന്നീട് വിശദീകരിക്കുന്നുണ്ടെങ്കിലും അത് വിമർശനത്തിനു കാരണമായി. ഒക്ടോബർ 31ന്‌ അദ്ദേഹം യൂറോപ്പിൽ മടങ്ങിയെത്തി.

പിന്നീട് ഒരുകൊല്ലം ബ്രെഹ്റ്റ് സ്വിറ്റ്സർലന്റിലെ സൂറിച്ചിലായിരുന്നു. 1949ൽ അദ്ദേഹം കിഴക്കൻബർലിനിലേക്കു താമസം മാറ്റി, അവിടെ ബെർലിനെർ എൻസെംബിൾ എന്ന തിയേറ്റർകമ്പനി സ്ഥാപിച്ചു. ഇക്കാലത്തെഴുതിയ ചില നാടകങ്ങൾ വലിയ ചലനമുണ്ടാക്കിയില്ല. 1953ൽ കിഴക്കൻജർമ്മനിയിലുണ്ടായ കലാപത്തെ സോവ്യറ്റ് പട്ടാളസഹായത്തോടെ അടിച്ചമർത്തിയ ഗവണ്മെന്റ്നടപടിയെ ആദ്യമൊക്കെ അദ്ദേഹം സ്വാഗതം ചെയ്തുവെങ്കിലും പിന്നീടദ്ദേഹം സംശയാലുവാകുന്നുണ്ട്.

1956 ആഗസ്റ്റ് 14ന്‌ അമ്പത്തെട്ടാമത്തെ വയസ്സിൽ ഒരു ഹൃദയാഘാതത്തെത്തുടർന്ന് ബ്രെഹ്റ്റ് മരിച്ചു.
***
നാടകകൃത്തും നാടകസൈദ്ധാന്തികനുമെന്ന നിലയിലുള്ള പ്രശസ്തി ബ്രെഹ്റ്റെന്ന കവിയെ ഏറെനാൾ നിഴലിൽ നിർത്തിയിരിക്കുകയായിരുന്നു. ബ്രെഹ്റ്റ് തന്നെയും തന്റെ കവിതകൾ പ്രസിദ്ധീകരിക്കുന്നതിൽ വിമുഖനുമായിരുന്നു. മരിക്കുന്നതിനു മുമ്പ് ഇരുന്നൂറിൽത്താഴെ കവിതകൾ അടങ്ങിയ മൂന്നു ചെറിയ സമാഹാരങ്ങൾ മാത്രമാണ്‌ പുറത്തുവന്നത്. അതേസമയം Tom Kuhn, David Constantine എന്നിവർ ഇംഗ്ളീഷിലേക്കു വിവർത്തനം ചെയ്ത് 2018ൽ ഇറങ്ങിയ ബ്രെഹ്റ്റിന്റെ സമാഹൃതകവിതകളിൽ 1200 കവിതകളുണ്ട്; അതുതന്നെ അദ്ദേഹത്തിന്റെ മൊത്തം കവിതകളിൽ പകുതിയോളമേ വരുന്നുള്ളുവത്രെ!

ബ്രെഹ്റ്റിന്റെ കവിതകൾ പ്രധാനമായും, ആദ്യകാലത്തെ എക്സ്പ്രഷനിസ്റ്റ് രചനകൾ ഒഴിച്ചാൽ, താൻ ജീവിച്ച ജീവിതത്തിനോടുള്ള വികാരമുക്തമായ പ്രതികരണങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ക്രൂരമായ ചില നിമിഷങ്ങളിലൂടെയാണ്‌ അദ്ദേഹം കടന്നുപോന്നത്: രണ്ടു ലോകമഹായുദ്ധങ്ങൾ വരുത്തിവച്ച സർവ്വനാശം, പട്ടിണിയും തൊഴിലില്ലായ്മയും, യുദ്ധാനന്തരം ജർമ്മനിയുടെ വിഭജനം, ജോസഫ് സ്റ്റാലിന്റെ കൈകളിൽ കമ്മ്യൂണിസത്തിനു വന്ന ക്രൂരമായ വിപരിണാമം. ബ്രെഹ്റ്റിന്‌ ഒരിക്കലും തടവറയിൽ കിടക്കേണ്ടിവന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത സഹകാരികളിൽ പലരും അക്കാലത്തെ മർദ്ദകഭരണങ്ങൾക്കിരയായി. അദ്ദേഹത്തിന്റെ പ്രസാധകനായിരുന്ന പീറ്റർ സുഹ്‌ർകാമ്പ് കുറേക്കാലം ഒരു നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിലായിരുന്നു; നടിയും ഗായികയുമായ കാരൊള നെഹെർ 1942ൽ ഒരു സോവ്യറ്റ് ഗുലാഗിൽ ടൈഫസ് പിടിച്ചു മരിച്ചു; ബ്രെഹ്റ്റിന്റെ സ്നേഹിതനായ മാർക്സിസ്റ്റ് സൈദ്ധാന്തികൻ വാൾട്ടർ ബന്യാമിൻ നാസികളിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; അദ്ദേഹത്തിന്റെ കാമുകിയായിരുന്ന മാർഗരറ്റ് സ്റ്റെഫിൻ ആകട്ടെ, ഒരു മോസ്ക്കോ സാനിട്ടോറിയത്തിൽ വച്ച് ക്ഷയരോഗിയായി മരിക്കുകയും ചെയ്തു. ബ്രെഹ്റ്റിന്റെ കവിതയെ നിർണ്ണയിക്കുന്നത് ഈ അനുഭവങ്ങളുടെ രാഷ്ട്രീയമാണ്‌.

ബ്രെഹ്റ്റിന്റെ കവിതകൾ മൌനവായനക്കുള്ളതല്ല. അവ ഉറക്കെ വായിച്ചുതന്നെ കേൾക്കണം. നടൻ കാണിക്കു മുന്നിലെന്നപോലെ കവി വായനക്കാരനോടു സംസാരിക്കുകയാണ്‌; അയാൾ തനിക്കു പറയാനുള്ളത് വായനക്കാരനോടു നേരിട്ടു പറയുകയാണ്‌. പറഞ്ഞുഫലിപ്പിക്കുക എന്നതാണ്‌ കവിതയുടെ ഉദ്ദേശ്യമെന്നതിനാൽ അതിനു വിഘാതമാവുന്നതൊന്നും  ബ്രെഹ്റ്റിന്റെ വരികളിൽ കാണില്ല: കുടിലമായ വാക്യഘടനകൾ, ദുർഗ്ഗമമായ ബിംബകല്പനകൾ, അതിദീർഘമായ പ്രതിപാദനം.  “നിത്യവ്യവഹാരത്തിന്റെ ഭാഷ കവിതയ്ക്കു നിരക്കാത്തതല്ല,‘ ബ്രെഹ്റ്റ് പറയുന്നു. “സത്യം മൂർത്തമാണ്‌” എന്ന ഹെഗെൽ വാക്യം ബ്രെഹ്റ്റിനു വളരെ പ്രിയപ്പെട്ടതായിരുന്നു. അതിനെ പിൻപറ്റുന്നവയാണ്‌ ഡോക്യുമെന്ററിസ്വഭാവമുള്ള ഈ കവിതകളും.



അഭിപ്രായങ്ങളൊന്നുമില്ല: