2023, മേയ് 23, ചൊവ്വാഴ്ച

യഹൂദ അമിഹായി - മനുഷ്യന്‌ സ്വന്തമായുസ്സിൽ



 
മനുഷ്യനു സ്വന്തമായുസ്സിനിടയിൽ
എല്ലാറ്റിനുമുള്ള നേരം കിട്ടുന്നില്ല.
ഓരോന്നിനും ഓരോ കാലം വച്ച്
എല്ലാറ്റിനുമുള്ള കാലവുമില്ല.
അക്കാര്യത്തിൽ സഭാപ്രസംഗിയ്ക്കു പിശകി.
മനുഷ്യനൊരേ നിമിഷം തന്നെ
സ്നേഹിക്കുകയും വെറുക്കുകയും ചെയ്യണം,
ഒരേ കണ്ണുകൾ വച്ചു ചിരിക്കുകയും കരയുകയും ചെയ്യണം,
ഒരേ കൈകൾ വച്ചു കല്ലുകളെടുത്തെറിയുകയും
അവ പെറുക്കിയെടുക്കുകയും ചെയ്യണം.
വെറുക്കാനും പൊറുക്കാനും,
ഓർമ്മ വയ്ക്കാനും മറക്കാനും,
അടുക്കിവയ്ക്കാനും കൂട്ടിക്കുഴയ്ക്കാനും,
കഴിയ്ക്കാനും ദഹിപ്പിക്കാനും,
ചരിത്രമിതിനൊക്കെ വർഷങ്ങൾ, വർഷങ്ങളെടുക്കും.
മനുഷ്യനു നേരമില്ല.
നഷ്ടപ്പെടുമ്പോൾ അവൻ തേടിപ്പോകുന്നു,
കണ്ടുകിട്ടുമ്പോൾ അവൻ മറന്നുപോകുന്നു,
മറക്കുമ്പോൾ അവൻ പ്രേമിക്കുന്നു,
പ്രേമിക്കുമ്പോൾ അവൻ മറവിയിലും വീഴുന്നു.
അവന്റെ ആത്മാവു പക്ഷേ, ഒക്കെപ്പഴക്കമായവൻ,
കാര്യപ്രാപ്തിയുള്ളവൻ.
ഉടലിനിയും പഠിച്ചുവരുന്നതേയുള്ളു.
അതെറിയുന്നതൊക്കെ കൊള്ളാതെപോകുന്നു,
ഒന്നുമതിനു പഠിയുന്നില്ല,
സ്വന്തം സന്തോഷങ്ങളും സ്വന്തം വേദനകളും കുടിച്ചുന്മത്തനായി
അന്ധനായലയുകയാണത്.
ശരല്ക്കാലത്തത്തിപ്പഴങ്ങൾ മരിക്കുമ്പോലെ അവൻ മരിക്കും,
ചുളുങ്ങിയും, സ്വയം നിറഞ്ഞും, മധുരിച്ചും;
ഇലകൾ നിലത്തു വീണുണങ്ങും,
ഇല കൊഴിഞ്ഞ ചില്ലകൾ
എല്ലാറ്റിനും നേരമുള്ളൊരിടത്തേക്കു ചൂണ്ടിയും നിൽക്കും.
*
യഹൂദ അമിഹായി Yehuda Amichai (1924-2000)- ആധുനിക ഹീബ്രുകവിതയിലെ ഏറ്റവും മഹാനായ കവി. ദാവീദ് കഴിഞ്ഞാൽ ഏറ്റവുമധികം വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഹീബ്രുകവി എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ജർമ്മനിയിൽ ജനിച്ചു. കുടുംബാംഗങ്ങളോടൊപ്പം 1936ൽ പാലസ്തീനിലേക്കു കുടിയേറി. 1956ലെയും 1973ലെയും അറബ്-ഇസ്രയേലി യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നു. എല്ലാ കവിതയും രാഷ്ട്രീയകവിതയാണെന്ന് അമിഹായി പറയുന്നു. എന്തെന്നാൽ യഥാർത്ഥകവിത യാഥാർത്ഥ്യത്തോടുള്ള മനുഷ്യപ്രതികരണമാണ്‌, രാഷ്ട്രീയം യാഥാർത്ഥ്യത്തിന്റെ ഭാഗമാണ്‌, രൂപമെടുക്കുന്ന ചരിത്രമാണ്‌. ഒരു ചില്ലുമാളികയ്ക്കുള്ളിലിരുന്ന് ചായ കുടിച്ചുകൊണ്ടാണ്‌ കവി എഴുതുന്നതെങ്കിലും അതിലും രാഷ്ട്രീയത്തിന്റെ പ്രതിഫലനമുണ്ടാവും.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

Nice work