2023, മേയ് 13, ശനിയാഴ്‌ച

പാബ്ലോ നെരൂദ - അഭിമുഖം

 ചോദ്യം: Residencia en la Tierra (ഭൂമിയിൽ വാസം)യിലെ കവിതകളെക്കുറിച്ച് താങ്കൾ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “അവ ജീവിക്കാൻ സഹായിക്കുന്ന കവിതകളല്ല. മരിക്കാനാനാണവ സഹായിക്കുക.”

നെരൂദ: എന്റെ ജീവിതത്തിലെ ഇരുണ്ടതും അപകടം പിടിച്ചതുമായ ഒരു മുഹൂർത്തത്തെ പ്രതിനിധാനം ചെയ്യുന്നതാണ്‌ “ഭൂമിയിൽ വാസം” എന്ന എന്റെ പുസ്തകം. പുറത്തേക്കൊരു വഴിയില്ലാത്ത കവിതയാണത്. അതിൽ നിന്നു പുറത്തുകടക്കാൻ എനിക്കൊരു രണ്ടാം ജന്മംതന്നെ എടുക്കേണ്ടിവന്നു. ഇന്നുമെനിക്കാഴമറിയാത്ത ആ തീവ്രനൈരാശ്യത്തിൽ നിന്നെന്നെ രക്ഷിച്ചത് സ്പാനിഷ് ആഭ്യന്തരയുദ്ധവും എന്നെ ചിന്തയിലാഴ്ത്താൻ മാത്രം ഗൗരവസ്വഭാവമുള്ള സംഭവങ്ങളും കൂടിയാണ്‌. എന്നെങ്കിലും എനിക്കതിനുള്ള അധികാരം കിട്ടിയാൽ ആ പുസ്തകം വായിക്കുന്നത് ഞാൻ വിലക്കുമെന്നും ഇനിയത് അച്ചടിക്കാതിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും ഒരിക്കൽ ഞാൻ പറയുകയുണ്ടായി. വേദനാഭരിതമായ ഒരു ഭാരമാണ്‌, മാരകമായ ഒരു പീഡയാണ്‌ ജീവിതമെന്ന ധാരണയെ പെരുപ്പിച്ചുകാണിക്കുകയാണത്. അതേസമയം, എന്റെ ഏറ്റവും നല്ല പുസ്തകങ്ങളിൽ ഒന്നാണതെന്നും എനിക്കറിയാം; എന്നുപറഞ്ഞാൽ, എന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു എന്ന അർത്ഥത്തിൽ. അപ്പോഴും, എഴുതുമ്പോൾ- മറ്റെഴുത്തുകാരുടെ കാര്യത്തിൽ ഇതു ശരിയാണോ എന്നെനിക്കറിയില്ല- തന്റെ വരികൾ എവിടെയ്ക്കാണു പോകുന്നത് എന്നൊരു ചിന്ത കവിയ്ക്കുണ്ടാകണം. കവിതയുടെ ദിശാസൂചി ദുഃഖത്തിലേക്കു മാത്രം തിരിഞ്ഞിരുന്നാൽ മതി എന്ന് റോബർട്ട് ഫ്രോസ്റ്റ് ഒരു ലേഖനത്തിൽ പറയുന്നുണ്ട്: “ദുഃഖത്തെ കവിതയുമായി ഒറ്റയ്ക്കു വിടൂ.” എന്നാൽ ‘തന്റെ’ ഒരു പുസ്തകത്തിൽ ചോരക്കറ പറ്റിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്താൽ റോബർട്ട് ഫ്രോസ്റ്റ് എന്താണു പറയാൻ പോവുക എന്നെനിക്കറിയില്ല. എന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചു- ഇവിടെ, ഈ രാജ്യത്തു വച്ച്. ഒരു കുട്ടി, ജീവിതം കൊണ്ടു നിറഞ്ഞവൻ, എന്റെ പുസ്തകത്തിന്റെ അരികത്ത് സ്വന്തം ജീവനെടുത്തു. അവന്റെ മരണത്തിന്‌ ഞാനാണ്‌ ഉത്തരവാദി എന്ന് എനിക്കു തോന്നലില്ല. എന്നാൽ ചോര പുരണ്ട ആ കവിതയുടെ പേജ് ഒരു കവിയെ എന്നുതന്നെയല്ല, എല്ലാക്കവികളേയും ചിന്തയിലാഴ്ത്താൻ മതിയായതാണ്‌...എന്റെ പ്രതിയോഗികൾ, എന്റെ വായിൽ നിന്നു വീഴുന്നതെന്തിനേയുമെന്നപോലെ, അതിനെയും ആയുധമാക്കി എന്നു പറയേണ്ടല്ലോ; സ്വന്തം പുസ്തകത്തിനെതിരെ ഞാൻ നടത്തിയ കുറ്റപ്പെടുത്തൽ അവർ ഒരു രാഷ്ട്രീയായുധമാക്കി. സന്തുഷ്ടവും പ്രസാദാത്മകവുമായ കവിതകൾ മാത്രം എഴുതാനാണ്‌ എനിക്കാഗ്രഹം എന്നൊരഭിപ്രായം എന്റേതായി അവർ പ്രചരിപ്പിച്ചു. ആ സംഭവത്തെക്കുറിച്ച് അവർക്കറിയില്ലായിരുന്നു. ഏകാകിതയെ, മനോവേദനയെ, വിഷാദത്തെ ഞാനൊരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ സ്വരഭേദങ്ങൾ വരുത്താൻ, എല്ലാ ശബ്ദങ്ങളും കണ്ടെത്താൻ, എല്ലാ നിറങ്ങളെയും കണ്ടെടുക്കാൻ, സൃഷ്ടിയിലാകട്ടെ, നശീകരണത്തിലാവട്ടെ, എവിടെയും ജീവച്ഛക്തികളെ തേടിപ്പിടിക്കാൻ എനിക്കിഷ്ടമാണ്‌.
എന്റെ ജീവിതത്തിന്റെ അതേ ഘട്ടങ്ങളിലൂടെ എന്റെ കവിത കടന്നുപോയിട്ടുണ്ട്: ഏകാന്തമായ ഒരു ബാല്യത്തിൽ നിന്ന്, വിദൂരസ്ഥവും ഒറ്റപ്പെട്ടതുമായ രാജ്യങ്ങളിൽ ഒതുങ്ങിക്കഴിയേണ്ടിവന്ന കൗമാരത്തിൽ നിന്ന് മഹത്തായ മനുഷ്യരാശിയുടെ ഭാഗമാകാനുള്ള യാത്രയിലേക്ക് ഞാൻ സ്വയം ഇറങ്ങിച്ചെന്നു. എന്റെ ജീവിതം പക്വത കൈവരിച്ചു, അത്രതന്നെ. പീഡിതനായ വിഷാദജീവിയാവുക എന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ കവികളുടെ ഒരു രീതിയായിരുന്നു. എന്നാൽ ജീവിതം പരിചയിച്ച, അതിന്റെ പ്രശ്നങ്ങൾ പരിചയമായ, ഒഴുക്കുകൾ മുറിച്ചുകടന്ന് അതിജീവിക്കുന്ന കവികളുണ്ട്. ദുഃഖത്തിൽ നിന്ന് സമൃദ്ധിയിലേക്കു കടക്കുന്നവരും.
(പാബ്ലോ നെരൂദ 1951ൽ പാരീസ് റിവ്യൂവിനു നല്കിയ അഭിമുഖത്തിൽ നിന്ന്)
*

നെരൂദ: തെക്കേ അമേരിക്കയിൽ കവിത (യൂറോപ്പിൽ നിന്ന്) തീർത്തും വ്യത്യസ്തമായ ഒരു സംഗതിയാണ്‌. നോക്കൂ, ഞങ്ങളുടെ നാടുകളിൽ പേരു വീഴാത്ത പുഴകളുണ്ട്, ഒരാൾക്കുമറിയാത്ത മരങ്ങളുണ്ട്, ഒരാളും വിവരിച്ചിട്ടില്ലാത്ത പക്ഷികളുണ്ട്. സറിയലിസ്റ്റാകാൻ ഞങ്ങൾക്കു വളരെ എളുപ്പമാണ്‌; കാരണം ഞങ്ങൾ അറിയുന്നതെന്തും പുതിയതാണ്‌. ഞങ്ങളുടെ കടമ, ഞങ്ങൾ അറിഞ്ഞിടത്തോളം, മുമ്പാരും കേട്ടിട്ടില്ലാത്തതിനെ ആവിഷ്കരിക്കുക എന്നതാണ്‌. യൂറോപ്പിൽ സർവ്വതും പെയിന്റ് ചെയ്യപ്പെട്ടുകഴിഞ്ഞു, യൂറോപ്പിൽ സർവ്വതും പാടിക്കഴിഞ്ഞു. എന്നാൽ അമേരിക്കയിൽ അങ്ങനെയല്ല. ആ അർത്ഥത്തിൽ വിറ്റ്മാൻ മഹാനായ ഒരു ഗുരുവായിരുന്നു. എന്താണ്‌ വിറ്റ്മാൻ? അദ്ദേഹത്തിന്റെ ബോധമനസ്സ് തീക്ഷ്ണമായിരുന്നു എന്നു മാത്രമല്ല, അദ്ദേഹം കണ്ണുകൾ മലർക്കെത്തുറന്നു വച്ചിരിക്കുകയുമായിരുന്നു! സർവ്വതും കാണാൻ കഴിവുള്ള വിപുലമായ കണ്ണുകൾ അദ്ദേഹത്തിനുണ്ടായിരുന്നു- വസ്തുക്കളെ കാണാൻ അദ്ദേഹമാണ്‌ ഞങ്ങളെ പഠിപ്പിച്ചത്. അദ്ദേഹം ഞങ്ങളുടെ കവിയായിരുന്നു.
*

ചോദ്യം: താങ്കളുടെ കവിത മുന്നോട്ടുവയ്ക്കുന്നത് മനുഷ്യർക്കിടയിലെ മമതയുടെ ഒരു കാഴ്ചപ്പാടാണ്‌, മനുഷ്യരും ജന്തുക്കളും തമ്മിലുള്ള മമത, ചെടികളോടും പാമ്പുകളോടുമുള്ള സഹാനുഭൂതി, മനുഷ്യനും അവന്റെ അബോധവുമായുള്ള ഒരുതരം കൊടുക്കൽവാങ്ങൽ ഇതൊക്കെയാണ്‌. ആധുനികരായ മിക്ക കവികൾക്കും ഇതിൽ നിന്നു വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ഇതിനെക്കുറിച്ച് എന്തുതോന്നുന്നു?

നെരൂദ: പലതരം കവിതകളുണ്ടെന്ന് എനിക്കു തോന്നുന്നു. ഞാൻ സൈദ്ധാന്തികനൊന്നുമല്ല; എന്നാലും, അടഞ്ഞ മുറികളിലിരുന്നെഴുതുന്ന ഒരുതരം കവിത ഞാൻ കാണുന്നുണ്ട്. മല്ലാർമ്മെയെ, വളരെ മഹാനായ ആ ഫ്രഞ്ച് കവിയെ ഞാൻ ഒരുദാഹരണമായി പറയും. അദ്ദേഹത്തിന്റെ മുറിയുടെ ഫോട്ടോകൾ ചിലപ്പോഴൊക്കെ ഞാൻ കണ്ടിട്ടുണ്ട്; അതു നിറയെ സുന്ദരമായ കുഞ്ഞുകുഞ്ഞുവിശറികളാണ്‌. അവയെക്കുറിച്ച് അദ്ദേഹം മനോഹരമായ കവിതകൾ എഴുതാറുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ മുറികളെല്ലാം കൊട്ടിയടച്ചതും ആകെ കർട്ടനിട്ടു മറച്ചതും കാറ്റോട്ടമില്ലാത്തതുമാണ്‌. അടഞ്ഞ മുറികളുടെ കവിയാണദ്ദേഹം; പല അമേരിക്കൻ കവികളും ആ പാരമ്പര്യമാണ്‌ പിന്തുടരുന്നതെന്ന് എനിക്കു തോന്നുന്നു: അവർ ജനാലകൾ തുറന്നിടാറില്ല. നിങ്ങൾ ജനാല തുറന്നിടുക മാത്രമല്ല, ജനാലകളിലൂടെ പുറത്തുവരണം, പുഴകൾക്കും മൃഗങ്ങൾക്കും ജീവികൾക്കുമൊപ്പം ജീവിക്കണം. എന്റെ രാജ്യത്തെയും ലാറ്റിനമേരിക്കയിലേയും കവികളോടു ഞാൻ പറയുക വസ്തുക്കളെ കണ്ടെത്താനാണ്‌, കടലിൽ ഇറങ്ങാനാണ്‌, മല കയറാനാണ്‌, ജീവനുള്ള ഓരോ വസ്തുവിനോടും അടുക്കാനാണ്‌. അത്രയും സമൃദ്ധമായ വിസ്മയങ്ങൾ കാത്തുവച്ചിരിക്കുന്ന ജീവിതത്തോടുള്ള അത്തരമൊരു സമീപനത്തെ എങ്ങനെ നിങ്ങൾക്കു സ്നേഹിക്കാതിരിക്കാൻ പറ്റും?

ഈസ്ല നെഗ്രയിൽ- എന്റെ വീട് അവിടെയാണ്‌- വളരെ പ്രക്ഷുബ്ധമായ കടലിനരികിലാണ്‌ ഞാൻ താമസിക്കുന്നത്. ഒറ്റയ്ക്ക് കടലും നോക്കി അവിടെയിരുന്നു ജോലി ചെയ്യുന്നതിൽ ഒരു മടുപ്പും എനിക്കിതുവരെ തോന്നിയിട്ടില്ല. എനിക്കത് ഒടുങ്ങാത്ത കണ്ടുപിടുത്തമാണ്‌. എന്തോ, പത്തൊമ്പതാം നൂറ്റാണ്ടിലെ വിഡ്ഢിയായ ഒരു പ്രകൃതിസ്നേഹിയായിരിക്കാം ഞാൻ, നിങ്ങളുടെ മഹാനായ ആ എഴുത്തുകാരൻ തോറോയെപ്പോലെ, ധ്യാന​‍ീലരായ മറ്റെഴുത്തുകാരെപ്പോലെ. ഞാൻ ധ്യാനശീലനൊന്നുമല്ല, എന്നാൽ ഒരു കവിയുടെ ജീവിതത്തിന്റെ പ്രധാനമായ ഒരു ഭാഗമാണ്‌ ധ്യാനാത്മകത എന്നു ഞാൻ കരുതുന്നു.

(റോബർട്ട് ബ്ലൈ 1966ൽ നെരൂദയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: