2023, നവംബർ 24, വെള്ളിയാഴ്‌ച

ബാൽത്തസാർ ഗ്രേഷ്യൻ - ലോകത്തു നിന്നുപിഴയ്ക്കാനുള്ള പ്രമാണങ്ങൾ

 

നിങ്ങളുടെ ദേശത്തിന്റെ ദോഷങ്ങളിൽ നിന്നു മാറിനില്ക്കുക


ജലം അതൊഴുകുന്ന പ്രതലത്തിന്റെ ഗുണവും ദോഷവും പങ്കിടുന്നു; മനുഷ്യൻ അവൻ ജനിച്ച സ്ഥലകാലങ്ങളുടെയും. ചിലർക്ക് മറ്റു ചിലരെക്കാൾ തങ്ങളുടെ ജന്മദേശത്തോടു കടപ്പാടുണ്ടാവും; കൂടുതൽ അനുകൂലമായ ഒരാകാശം അവരുടെ തലയ്ക്കു  മേൽ ഉണ്ടായതുകൊണ്ടാണത്. എന്തെങ്കിലുമൊരു ദോഷം ഇല്ലാത്തതായി ഏറ്റവും പരിഷ്കൃതമായ ദേശങ്ങളിൽ പോലും  ഒന്നുമുണ്ടാകാൻ വഴിയില്ല; വീരവാദമോ അവകാശവാദമോ ആയി മറ്റു ദേശങ്ങൾ അത് പൊക്കിപ്പിടിക്കുകയും ചെയ്യും. സ്വന്തം ദേശത്തിന്റെ അത്തരം കുറവുകൾ അവനവനിൽ തിരുത്തുക, അല്ലെങ്കിൽ മറച്ചുവയ്ക്കുകയെങ്കിലും ചെയ്യുക എന്നത് സാമർത്ഥ്യത്തിന്റെ ഒരു വിജയമാണ്‌. സഹജീവികൾക്കിടയിൽ സമാനതയില്ലാത്തവനായി നിങ്ങൾ കൊണ്ടാടപ്പെടും; ഒട്ടും പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിൽ അത്രയ്ക്കുമതിന്റെ മതിപ്പു കൂടുകയും ചെയ്യും. ഇതുപോലെതന്നെ കുടുംബപരമായ കുറവുകളുണ്ടാവാം, പദവിയുടെ, തൊഴിലിന്റെ, പ്രായത്തിന്റെ കുറവുകളും വരാം. ഇവയെല്ലാം ഒറ്റയാളിൽ ഒരുമിച്ചുകൂടുകയും അവ വേണ്ടവിധം നിയന്ത്രിക്കപ്പെടാതെയും ഇരുന്നാൽ ദുസ്സഹമായ ഒരു രാക്ഷസരൂപം ഉരുവാകുകയും ചെയ്യും.
*

ദോഷൈകദൃക്കാകരുത്


എന്തിലും തെറ്റു കണ്ടുപിടിക്കുന്ന, ഒരിക്കലും മുഖം തെളിയാത്ത ചില കഥാപാത്രങ്ങളുണ്ട്; അതെന്തെങ്കിലും ദുഷ്ടബുദ്ധി കാരണമല്ല, അവരുടെ പ്രകൃതം അങ്ങനെയായിപ്പോയി എന്നേയുള്ളു. സർവ്വരേയും അവർ വിമർശിക്കും: ഇതു ചെയ്തതിനാൽ അവരെ, അതു ചെയ്യുമെന്നതിനാൽ ഇവരെ. ക്രൂരം എന്നതിനെക്കാൾ വഷളായ ഒരു സ്വഭാവമാണത്, നീചം എന്നുതന്നെ പറയണം. അത്രയും അത്യുക്തിയോടെയാണവർ കുറ്റപ്പെടുത്തുക; എന്നുപറഞ്ഞാൽ, കണ്ണിലെ കരടിനെ തൂമ്പയാക്കി അതവർ കിളച്ചുമറിയ്ക്കും. പറുദീസയെ തടവറയാക്കുന്ന കങ്കാണികൾ; ആവേശം കൂടിയായാൽ കളി കൈവിടുകയും ചെയ്യും. കുലീനപ്രകൃതമുള്ള ഒരാൾ മറിച്ച്, ഒരാളുടെ പിഴവിനു മാപ്പു കൊടുക്കാൻ എന്തെങ്കിലും ഒരു കാരണം കണ്ടെത്തും, കണ്ണടച്ചിട്ടായാലും.
*

കാര്യങ്ങളെ അവയുടെ വഴിക്കു വിടുക എന്ന കല.


സ്വകാര്യജീവിതമോ പൊതുജീവിതമോ കാറ്റും കോളും കൊണ്ടു പ്രക്ഷുബ്ധമാണെങ്കിൽ വിശേഷിച്ചും. മനുഷ്യവ്യവഹാരങ്ങളിൽ ചുഴലിക്കാറ്റുകളുണ്ടാവാം, വികാരങ്ങളുടെ ചണ്ഡവാതങ്ങളുണ്ടാവാം; അങ്ങനെയുള്ളപ്പോൾ സുരക്ഷിതമായ ഒരു കടവു കണ്ടുപിടിച്ച്, എല്ലാമൊന്നടങ്ങുന്നതുവരെ അവിടെ കാത്തുകിടക്കുന്നതായിരിക്കും ബുദ്ധി. ചികിത്സ പലപ്പോഴും രോഗം വഷളാക്കുകയേയുള്ളു. അതു കാലത്തിനോ പ്രകൃതിക്കോ വിട്ടുകൊടുക്കുക. എപ്പോൾ മരുന്നു കുറിക്കരുതെന്ന് അറിവുള്ള വൈദ്യർക്കറിയാം; ചിലപ്പോഴാകട്ടെ, ഒരു മരുന്നും കുറിക്കാതിരിക്കുന്നതിലായിരിക്കും ആ അറിവിരിക്കുന്നത്. ആൾക്കൂട്ടത്തിന്റെ കൊടുങ്കാറ്റുകളെ ശമിപ്പിക്കാനുള്ള ഉചിതമായ വഴി നിങ്ങൾ ഒരു വിരൽ പോലും അനക്കാതിരിക്കുകയും അതതിന്റെ വഴിക്ക് അടങ്ങാൻ വിട്ടുകൊടുക്കുകയുമായിരിക്കും. ഇപ്പോൾ വിട്ടുകൊടുത്താൽ പിന്നീടു വെട്ടിപ്പിടിക്കാം. ഉറവയിലെ വെള്ളം ഒന്നിളകിയാൽപോലും ചെളിയാകും; നമ്മൾ കൂടി കയ്യിട്ടിളക്കിയാൽ അതൊരിക്കലും തെളിയാൻ പോകുന്നില്ല; നമ്മൾ ഇടപെടാതിരുന്നാൽ അതു സാവധാനം തെളിഞ്ഞുവരും. അവ്യവസ്ഥ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി അതിനെ അതിന്റെ വഴിക്കു വിടുകയാണ്‌; അങ്ങനെയേ അതടങ്ങുകയുമുള്ളു.
*

ഒറ്റയ്ക്കു ബുദ്ധിമാനാവുന്നതിനെക്കാൾ


ഒറ്റയ്ക്കു ബുദ്ധിമാനാവുന്നതിനെക്കാൾ നല്ലത് ബാക്കി ലോകത്തോടൊരുമിച്ച് ഭ്രാന്തനാവുന്നതാണ്‌.
എന്ന് രാഷ്ട്രീയക്കാർ പറയും. എല്ലാവരും അങ്ങനെയായാൽ ഒരാൾ മറ്റൊരാളെക്കാൾ മോശമാകാനില്ല; ഏകാന്തജ്ഞാനം ബുദ്ധിമോശമായി ആളുകൾ കാണുകയും ചെയ്യും. അത്രയ്ക്കു പ്രധാനമാണ്‌ ഒഴുക്കിനൊത്ത് തുഴയുക. ഏറ്റവും കേമമായ ജ്ഞാനം അജ്ഞതയിൽ അല്ലെങ്കിൽ അജ്ഞനാണെന്നുള്ള നാട്യത്തിലാണെന്നുവരാം. ഒരാൾക്ക് മറ്റുള്ളവർക്കൊപ്പമല്ലാതെ ജീവിക്കാൻ പറ്റില്ല; ഈ മറ്റുള്ളവരാവട്ടെ, മിക്കവാറും വിവരമില്ലാത്തവരുമായിരിക്കും. “തീർത്തും ഏകാകിയായി ജീവിക്കണമെങ്കിൽ നിങ്ങൾ ദേവന്മാരെപ്പോലെയായിരിക്കണം, അല്ലെങ്കിൽ കാട്ടുമൃഗങ്ങളെപ്പോലെ.” ഞാനാണെങ്കിൽ ഈ സൂക്തത്തെ ഒന്നു മറിച്ചിടുമായിരുന്നു: “ഒറ്റയ്ക്കു വിഡ്ഢിയാകുന്നതിനെക്കാൾ ഭേദം എല്ലാവരുമൊത്ത് ബുദ്ധിമാനാകുന്നതാണ്‌.” ആകാശപുഷ്പം തേടി മൗലികചിന്തകരാവാൻ ശ്രമിക്കുന്ന ചിലരുമുണ്ടാവട്ടെ.
*

സംസ്കാരവും ചാരുതയും

മനുഷ്യൻ ജനിക്കുമ്പോൾ പ്രാകൃതനാണ്‌; സംസ്കാരം കൊണ്ടാണ്‌ അവൻ മൃഗത്തിൽ നിന്നുയരുന്നത്. അതിനാൽ സംസ്കാരമാണ്‌ മനുഷ്യനെ സൃഷ്ടിക്കുന്നതെന്നു പറയാം; എത്രയ്ക്കൊരാൾ മനുഷ്യനാണോ, അത്രയ്ക്കുണ്ടാവും അയാളുടെ സംസ്കാരം. അതുകൊണ്ടാണ്‌ ഗ്രീക്കുകാർക്ക് ശേഷിച്ച ലോകത്തെ പ്രാകൃതർ എന്നു വിളിക്കാൻ കഴിഞ്ഞത്. അജ്ഞത വളരെ അപരിഷ്കൃതമാണ്‌; അറിവു പോലെ സംസ്കാരത്തെ പോഷിപ്പിക്കുന്ന മറ്റൊന്നില്ല. എന്നാൽ അറിവു പോലും പരുക്കനാവുന്നു, ചാരുത ഇല്ലെങ്കിൽ. നമ്മുടെ ധിഷണ മാത്രം ചാരുവായാൽ പോരാ, നമ്മുടെ ആഗ്രഹങ്ങൾ, അതിലുമുപരി, നമ്മുടെ സംഭാഷണം ചാരുതയുള്ളതായിരിക്കണം. ചിലർ പ്രകൃത്യാ തന്നെ ആന്തരവും ബാഹ്യവുമായ ഗുണങ്ങളിൽ ചാരുതയുള്ളവരായിരിക്കും; അവരുടെ ചിന്തകൾ, അവരുടെ സംബോധനകൾ, ആത്മാവിന്റെ പുറംതോടെന്നു പറയാവുന്ന വേഷം, അതിന്റെ കാമ്പെന്നു പറയുന്ന സിദ്ധികൾ ഇതൊക്കെ ചാരുവായിരിക്കും. നേരേ മറിച്ച് വേറേ ചിലരുണ്ട്; അവരെ സംബന്ധിച്ചതെന്തും ഒരുതരത്തിൽ വിലക്ഷണമായിരിക്കും; അവരുടെ മേന്മകൾ പോലും അസഹനീയവും പ്രാകൃതവുമായ ഒരു വെടിപ്പില്ലായ്മയുടെ കറ പറ്റിയതായിരിക്കും. *

നിങ്ങളുടെ പെരുമാറ്റം പരിഷ്കൃതവും അഭിജാതവുമായിരിക്കട്ടെ

വലിയൊരാൾ പെരുമാറ്റത്തിൽ ചെറുതാകരുത്. അയാൾ ഒരിക്കലും ഒന്നിനേയും തുരന്നുനോക്കാൻ പോകരുത്, അരോചകമായ കാര്യങ്ങളിൽ വിശേഷിച്ചും. എല്ലാം അറിയുക എന്നത് പ്രധാനം തന്നെയാണെങ്കിലും എല്ലാവരുടേയും എല്ലാം അറിയേണ്ട ആവശ്യമില്ല. അത്തരം സന്ദർഭങ്ങളിൽ മാന്യതയോടെ, ഹൃദയവിശാലതയോടെ വേണം നമ്മുടെ പെരുമാറ്റം. കണ്ടില്ലെന്നു നടിക്കുന്നതും നല്ല സ്വഭാവത്തിന്റെ ഭാഗമാണ്‌. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും, ശത്രുക്കളുടെ പോലും, കാര്യങ്ങളിൽ വലിയൊരു ഭാഗവും ശ്രദ്ധിക്കാതെ വിടാനുള്ളതാണ്‌. എല്ലാ അധികപ്പറ്റും അലോസരമുണ്ടാക്കും, അലോസരമുണ്ടാക്കുന്ന കാര്യങ്ങളിൽ പ്രത്യേകിച്ചും. തനിക്കലോസരമുണ്ടാക്കുന്ന ഒരു വസ്തുവിനെ വിടാതെ ചുറ്റിപ്പറ്റി നടക്കുന്നത് ഒരുതരം ഭ്രാന്താണ്‌. പൊതുവേ പറഞ്ഞാൽ, ഓരോ മനുഷ്യന്റെയും പെരുമാറ്റം അയാളുടെ ഹൃദയത്തിനും ബുദ്ധിക്കും ചേർന്നതായിരിക്കും.

കാതിമകൾ

നമുക്ക് കണ്ണിമകളുണ്ട്, കാതിമകളില്ല, കാരണം, കാതുകൾ പഠനത്തിന്റെ കവാടങ്ങളാണ്‌; അതെപ്പോഴും മലർക്കെത്തുറന്നുകിടക്കണമെന്നു പ്രകൃതി കരുതി. ആ വാതിൽ നമുക്കു നിഷേധിച്ചതുകൊണ്ടു തൃപ്തയാകാതെ, കേൾവിയുള്ള ജീവികളിൽ നമ്മെ മാത്രം അവൾ കാതിളക്കാൻ പറ്റാത്തവരുമാക്കി. മനുഷ്യന്റെ കാതുകൾ മാത്രമേ ചലനമില്ലാത്തതായുള്ളു, സദാസമയവും ജാഗരൂകമാണത്. കാതു കൂർപ്പിക്കാനെടുക്കുന്ന ഒരു നിമിഷം പോലും നഷ്ടപ്പെടരുതെന്ന് പ്രകൃതി തീരുമാനിക്കുകയായിരുന്നു. ഏതു നേരവും, ആത്മാവതിന്റെ കിടപ്പറയിലേക്കു പോകുന്ന നേരവും, കാതുകൾ ഉണർന്നിരിക്കുകയാണ്‌. ആ കാവല്ക്കാർ നല്ല ഉണർവിലായിരിക്കുന്നതുപോലും അപ്പോഴായിരിക്കാം. അങ്ങനെയല്ലെങ്കിൽ അപായത്തെക്കുറിച്ചാരാണ്‌ മുന്നറിയിപ്പു നല്കുക? മനസ്സ് അലസമായി ഉറങ്ങുമ്പോൾ ആരാണതിനെ തട്ടിയുണർത്തുക? കാഴ്ചയും കേൾവിയും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ്‌. കണ്ണുകൾ അവയ്ക്കു വേണ്ടപ്പോൾ, വേണമെന്നുള്ളപ്പോൾ, വസ്തുക്കളെ തേടിപ്പിടിക്കുകയാണ്‌; അതേ സമയം കാതുകൾക്കവ തടവില്ലാതെ വന്നുചേരുകയാണ്‌. കാണാവുന്നവ അവിടെത്തന്നെയുണ്ടാവും; നാം ഇപ്പോൾ നോക്കുന്നില്ലെങ്കിലും പിന്നീടെപ്പോൾ വേണമെങ്കിലും നോക്കിയാൽ കാണാവുന്നതേയുള്ളു. പക്ഷേ മിക്ക ശബ്ദങ്ങളും പെട്ടെന്നു കടന്നുപോകുന്നവയാണ്‌; ആ നിമിഷം കടന്നുപിടിച്ചില്ലെങ്കിൽ പിന്നീടു കിട്ടണമെന്നില്ല. നമുക്കാകെയുള്ള ഒരു നാവ് രണ്ടടപ്പുകൾക്കുള്ളിലാണ്‌, നമ്മുടെ രണ്ടു കാതുകളാവട്ടെ, രണ്ടായി തുറന്നുകിടക്കുകയും ചെയ്യുന്നു. നാം പറയുന്നതിന്റെ ഇരട്ടി കേൾക്കട്ടെ എന്നാണതിനർത്ഥം. കേൾക്കുന്നതിന്റെ പകുതിയോ അതിലധികമോ നമുക്കഹിതവും ഉപദ്രവകരം പോലുമോ ആണെന്നെനിക്കറിയാത്തതല്ല; പക്ഷേ അതിനു നല്ലൊരു പരിഹാരവുമുണ്ട്: കേട്ടില്ലെന്നു നടിക്കുക എന്നതാണത്, അല്ലെങ്കിൽ ഒരു കടയുടമസ്ഥനെപ്പോലെ, ജ്ഞാനിയെപ്പോലെ കേൾക്കുക. ഒരു യുക്തിയുമില്ലാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ ഇരുകൈകളും പൊക്കി നാം കാതു പൊത്താറുമുണ്ടല്ലോ. കൈകൾ കേൾക്കാൻ സഹായിക്കുമെങ്കിൽ മുഖസ്തുതിയിൽ നിന്നു നമ്മെ രക്ഷിക്കാനും അവയ്ക്കാകും. തന്നെ പിടിക്കാൻ വരുന്ന പാമ്പാട്ടിയിൽ നിന്നു രക്ഷപ്പെടാൻ പാമ്പിന്‌ ഒരു വിദ്യ അറിയാം: അത് ഒരു കാത് നിലത്തോടു ചേർത്തു ശ്രദ്ധിക്കും, മറ്റേക്കാത് വാലു കൊണ്ടടയ്ക്കുകയും ചെയ്യും.
*

ഒന്നും നഷ്ടപ്പെടാനില്ലാത്തവനുമായി മത്സരിക്കാൻ പോകരുത്; 


കാരണം, അതുവഴി നിങ്ങൾ ഏർപ്പെടുന്നത് തുല്യരല്ലാത്ത രണ്ടുപേരുടെ ഏറ്റുമുട്ടലിലാണ്‌. മറ്റേയാൾ വരുന്നത് ഒരുത്കണ്ഠയുമില്ലാതെയാണ്‌! നാണക്കേടുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞതിനാൽ ഇനി അയാൾക്ക് ഒരു നഷ്ടത്തെയും ഭയക്കാനില്ല. അയാൾ അതിനാൽ ഏതുതരം മര്യാദകേടിനേയും ആശ്രയിക്കും. അമൂല്യമായ ഒരു സല്പേരിനെ അത്രയും ഭയങ്കരമായ ഒരപായസാദ്ധ്യതയ്ക്കു നാം വിധേയമാക്കരുത്; അല്ലെങ്കിൽ വർഷങ്ങൾ കൊണ്ടു നാം നേടിയെടുത്തത് ഒരു നിമിഷത്തിൽ നഷ്ടപ്പെട്ടുവെന്നു വരാം; കാരണം, ഒരേയൊരു പിഴവു മതി, വിയർത്തുനേടിയതെല്ലാം പാഴിലാകാൻ. മാന്യതയും ഉത്തരവാദിത്വവുമുള്ളവന്‌ നഷ്ടപ്പെടാൻ ഏറെയുണ്ടാകും. സ്വന്തം സല്പേരിനെക്കുറിച്ചോർക്കുമ്പോൾ അതു നഷ്ടപ്പെടാനുള്ള സാദ്ധ്യത അയാൾ പരിഗണിക്കും. അതിനാൽ അങ്ങേയറ്റത്തെ ജാഗ്രതയോടെയേ അയാൾ മത്സരത്തിനിറങ്ങുകയുള്ളു; തന്നെയുമല്ല, സ്വന്തം സല്പേരിനിടിവു തട്ടാതെ തക്ക സമയത്ത് അയാൾ പിൻവാങ്ങുകയും ചെയ്യും. തോൽവിയിൽ നഷ്ടപ്പെട്ടതു വീണ്ടെടുക്കാൻ ഒരു വിജയത്തിനും കഴിയില്ലല്ലോ.
*

സ്വസ്ഥജീവിതം, സുദീർഘജീവിതം


ജീവിക്കുക, ജീവിക്കാനനുവദിക്കുക. സമാധാനപ്രേമികൾ ജീവിക്കുക മാത്രമല്ല, അവർ ജീവിതത്തെ ഭരിക്കുകയും ചെയ്യുന്നു. കേൾക്കുക, കാണുക, നാവടക്കുക. വിവാദമില്ലാത്ത ഒരു പകൽ സ്വപ്നങ്ങളില്ലാത്ത നിദ്ര പ്രദാനം ചെയ്യുന്നു. ദീർഘജീവിതവും സന്തുഷ്ടജീവിതവും: മനസ്സമാധാനത്തിന്റെ ഇരട്ടക്കനികൾ. തനിക്കൊന്നുമല്ലാത്തതിനെ ഒന്നുമല്ലാതെ കാണുന്നവന്‌ എല്ലാമുണ്ട്. എന്തിനേയും ഗൗരവത്തിലെടുക്കുന്നതിനെക്കാൾ കൊടിയ സ്വഭാവദൂഷ്യം വേറേയില്ല. നമ്മെ സംബന്ധിക്കുന്നതിനെ ഗൗരവത്തിലെടുക്കാത്തതും അങ്ങനെയല്ലാത്തതിനെ ഗൗരവത്തിലെടുക്കുന്നതും ഒരേപോലെ മൂഢമാണ്‌.
*


സ്വയം പറിച്ചുനടാൻ അറിയുക


സ്വദേശത്തിൻ്റെ അതിർത്തി കടന്നാലേ ചിലർക്കു  സ്വന്തം മൂല്യം അന്യരെ ബോദ്ധ്യപ്പെടുത്താൻ കഴിയൂ എന്നു ചിലപ്പോൾ വരാറുണ്ട്. തങ്ങളുടെ കഴിവുകളുടെ കാര്യത്തിൽ അവരുടെ ജന്മദേശം മിക്കപ്പോഴും ഒരു രണ്ടാനമ്മയെപ്പോലെയാവും പെരുമാറുക: അസൂയയായിരിക്കും അവിടെ തഴച്ചുവളരുന്നത്. ഒരാൾ എത്തിപ്പിടിച്ച ഉയരങ്ങളല്ല, അയാളുടെ എളിയ തുടക്കങ്ങളാവും നാട്ടുകാർ ഓർമ്മവയ്ക്കുക. ലോകത്തിൻ്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തെത്തുന്ന ഒരു സൂചിയ്ക്കു വലിയ മതിപ്പായിരിക്കും; നിറം പിടിപ്പിച്ച ഒരു സ്ഫടികക്കഷണത്തിന് വജ്രത്തെക്കാൾ മൂല്യമായിരിക്കും, ദൂരെ നിന്നാണതു വരുന്നതെങ്കിൽ. വൈദേശികമായതിനാണ് ബഹുമാനം കിട്ടുക, ഭാഗികമായി അകലെ നിന്നാണതു വരുന്നതെന്നതിനാൽ, പൂർണ്ണത തികഞ്ഞിട്ടാണ് അതെത്തുന്നതെന്നതിനാൽ ഭാഗികമായി. ഒരുകാലത്ത് സ്വന്തം ഗ്രാമത്തിൽ പരിഹാസപാത്രമായിരുന്ന ഒരാൾ, പിന്നീട് ലോകത്തിൻ്റെയാകെ അസൂയാപാത്രമാവുന്ന ഒരാൾ- അയാളെ നാട്ടുകാരും വിദേശികളും (അയാളിപ്പോൾ അവർക്കൊപ്പമാണ് താമസം) മത്സരിച്ചാദരിക്കുന്നതു നാം കണ്ടിട്ടുണ്ട്: രണ്ടാമത്തെ കൂട്ടർ അയാൾ അകലെ നിന്നാണു വരുന്നതെന്നതിനാൽ, ആദ്യത്തെ കൂട്ടർ അവരയാളെ അകലെ നിന്നാണു കാണുന്നതെന്നതിനാൽ. അൾത്താരയിലെ വിഗ്രഹത്തെ ആരാധനയോടൊരിക്കലും കാണുകയില്ല, പറമ്പിലെ മരത്തടിയായി അതിനെ കണ്ടിട്ടുള്ള ഒരാൾ.
*

മൂഢന്റെ മരണം മരിക്കരുത്


ജ്ഞാനികൾ പൊതുവേ മരിക്കുന്നത് അവരുടെ ബുദ്ധി നഷ്ടപ്പെടുമ്പോഴാണ്‌; മൂഢന്മാർ അവരതു കണ്ടെത്തും മുമ്പേയും. മൂഢന്റെ രോഗം ബാധിച്ചു മരിക്കുക എന്നാൽ അധികചിന്ത കൊണ്ടു മരിക്കുക എന്നാണ്‌. ചിലർ മരിക്കുന്നത് ചിന്തയും വികാരവും അധികമായതുകൊണ്ടാണ്‌: വേറേ ചിലർ ജീവിക്കുന്നത് ചിന്തയും വികാരവും ഇല്ലാത്തതുകൊണ്ടുമാണ്‌: അവർ മൂഢരാണ്‌, ശോകം കൊണ്ടല്ല അവർ മരിക്കുന്നതെന്നതിനാൽ; മറ്റവരാകട്ടെ, അങ്ങനെയാണവർ മരിക്കുന്നതെന്നതിനാലും. അറിവിന്റെ കൂടുതൽ കൊണ്ടു മരിക്കുന്നവൻ മൂഢനാണ്‌: അങ്ങനെ, വേണ്ടതിലുമധികം അറിവു കൊണ്ടു ചിലർ മരിക്കുമ്പോൾ വേണ്ടത്ര അറിവില്ലാത്തതു കൊണ്ടു മറ്റു ചിലരും മരിക്കുന്നു. അതേസമയം, പലരും മൂഢരെപ്പോലെ മരിക്കുന്നുണ്ടെങ്കിലും ചിലരേ മൂഢരായി മരിക്കുന്നുള്ളു.
*

ആശയപ്രകാശനത്തിൽ സമർത്ഥനാവൂ


ഇത് നിങ്ങളുടെ ചിന്തയുടെ വ്യക്തതയെ മാത്രമല്ല, അതിന്റെ ഓജസ്സിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. ചിലർക്കു ഗർഭധാരണം സുഖപ്രദമായിരിക്കും, പ്രസവം കഠിനവും; മനസ്സിന്റെ സന്തതികളെ, ചിന്തകളേയും നിർണ്ണയങ്ങളേയും, തെളിമയില്ലാതെ ലോകത്തേക്കു കൊണ്ടുവരാനാവുകയില്ലല്ലോ. വലിയ വാവട്ടത്തിൽ ചെറിയ ദ്വാരമുള്ള പാത്രങ്ങൾ പോലെയാണ്‌ ചിലർ; വേറേ ചിലരാകട്ടെ, ചിന്തിച്ചതിലധികം പറയുകയും ചെയ്യും. ഇച്ഛാശക്തി പ്രാവർത്തികമാക്കുക, ചിന്താശക്തി പ്രകാശിതമാക്കുക: രണ്ടും വലിയ സിദ്ധികളാണ്‌. വിശ്വാസ്യരെന്നു തോന്നുന്നവർക്കു കയ്യടി കിട്ടും; കുഴഞ്ഞ മനസ്സുകൾക്കാണു പക്ഷേ പലപ്പോഴും ആരാധന കിട്ടുക, അവർ പറഞ്ഞതാർക്കും മനസ്സിലായിട്ടില്ല എന്നതുകൊണ്ടു മാത്രം. ഒരു നിയതചിന്തയെ താൻ പറയുന്നതുമായി ഇണക്കാൻ പറ്റാത്ത ഒരാളിൽ നിന്ന് കേൾവിക്കാർ എന്തു മനസ്സിലാക്കണമെന്നാണ്‌!







ജസ്യൂട്ട് പാതിരിയും സ്പാനിഷ് ബറോക്ക് ഗദ്യശൈലിയുടെ പ്രതിനിധിയുമായ ബാൽത്തസാർ ഗ്രേഷ്യൻ (Baltasar Gracián y Morales) 1601 ജനുവരി 8ന്‌ സ്പെയിനിലെ ബൽമൊന്തോവിൽ ജനിച്ചു. ജസ്യൂട്ട് സ്കൂളുകളിലെ പഠനത്തിനു ശേഷം 1635ൽ പുരോഹിതനായി. ഉപദേശി എന്ന നിലയിൽ പേരെടുത്തുവെങ്കിലും അദ്ദേഹത്തിന്റെ ചില പ്രഭാഷണവിദ്യകൾ (നരകത്തിൽ നിന്നു വന്നതായി അവകാശപ്പെടുന്ന ഒരു കത്ത് ദേവാലയത്തിലെ പ്രസംഗപീഠത്തിൽ നിന്നു വായിക്കുക തുടങ്ങിയവ) മേലധികാരികളുടെ അപ്രീതി സമ്പാദിക്കാൻ സഹായകമായി. 1651ൽ El Criticon  (ദോഷദർശി) മുകളിൽ നിന്നുള്ള അനുമതിയില്ലാതെ പ്രസിദ്ധപ്പെടുത്തിയതും അതിനു കാരണമായി. അതു കണക്കിലെടുക്കാതെ 1657ൽ പുസ്തകത്തിന്റെ രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചതോടെ അടുത്ത കൊല്ലം അദ്ദേഹത്തെ ഗ്രൗസിലേക്കു നാടു കടത്തി. എന്നാൽ മറ്റൊരു സന്ന്യാസസമൂഹത്തിൽ ചേരാൻ അദ്ദേഹം അപേക്ഷ നല്കിയതറിഞ്ഞതോടെ അദ്ദേഹത്തെ വീണ്ടും ജസ്യൂട്ട് സമൂഹത്തിലേക്കു തിരിച്ചെടുത്തു. 1658 ഡിസംബർ 6നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

1651 മുതൽ 1657 വരെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ “ദോഷദർശി” എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ മാസ്റ്റർപീസ്. എന്നാൽ ഇക്കാലത്ത് അദ്ദേഹത്തിന്റെ പ്രശസ്തിക്കാധാരം 1647ൽ പ്രസിദ്ധീകരിച്ച Oráculo Manual y Arte de Prudencia (ലോകത്തു നിന്നുപിഴയ്ക്കാനുള്ള പ്രമാണങ്ങൾ) എന്ന ജീവിതസഹായിയാണ്‌. ലോകത്തെ ആദ്യത്തെ സെൽഫ് ഹെല്പ് പുസ്തകം എന്ന് അതിനെ വിളിക്കാം. മറ്റൊന്നിനും വേണ്ടിയല്ലെങ്കിൽ ആ ഭാഷാവൈദഗ്ധ്യത്തിനു വേണ്ടിയെങ്കിലും അദ്ദേഹത്തെ വായിക്കാവുന്നതാണ്‌.

2023, നവംബർ 14, ചൊവ്വാഴ്ച

ദസ്തയേവ്സ്കി

 സ്വപ്നങ്ങളുടെ കാര്യം വളരെ വിചിത്രമാണ്‌. പേടിപ്പെടുത്തുന്ന വ്യക്തതയോടെ, രത്നക്കല്ലുകളുടെ തെളിച്ചത്തോടെ, ഒരു സംഗതി മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴാണ്‌ താൻ അതിനെ കണ്ടിട്ടേയില്ലെന്നപോലെ നിങ്ങൾ മറ്റൊന്നിലേക്കു ചാടുന്നത്. സ്വപ്നങ്ങൾ മനസ്സിന്റെയല്ല, തൃഷ്ണയുടെ സൃഷ്ടികൾ ആണെന്നുതോന്നുന്നു, തലയുടേതല്ല, ഹൃദയത്തിന്റെ. തീർത്തും അഗ്രാഹ്യമായ ഒരു കാര്യം സ്വപ്നത്തിൽ അതിസ്വാഭാവികമായി തോന്നാം. ഉദാഹരണത്തിന്‌, എന്റെ സഹോദരൻ അഞ്ചുകൊല്ലം മുമ്പു മരിച്ചുപോയി. ചിലപ്പോൾ ഞാൻ അവനെ സ്വപ്നത്തിൽ കാണാറുണ്ട്: അവൻ എന്റെ കാര്യങ്ങളിൽ ഇടപെടുന്നു, ഞങ്ങൾ രണ്ടുപേരും വലിയ ഉത്സാഹത്തിലുമാണ്‌. അതേസമയം, സ്വപ്നം തുടരുന്ന നേരത്തോളം എനിക്കറിയാം, എനിക്കോർമ്മയുമുണ്ട്, എന്റെ സഹോദരൻ മരിച്ചുപോയെന്നും അവൻ മണ്ണിനടിയിലാണെന്നും. മരിച്ചുപോയിട്ടും അവൻ എന്റെ അടുത്തു വന്നുവെന്നതിലും എന്റെ കാര്യങ്ങളിൽ പങ്കെടുത്തുവെന്നതിലും എനിക്കത്ഭുതം തോന്നാത്തതെന്തുകൊണ്ടാണ്‌? എന്റെ മനസ്സ് അതിനനുവദിക്കുന്നതെന്തുകൊണ്ടാണ്‌?

( ഒരപഹാസ്യന്റെ സ്വപ്നം)


ഏതു മനുഷ്യനുമുണ്ടാവും, എല്ലാവരോടും പറയാതെ തന്റെ കൂട്ടുകാരുമായി മാത്രം അയാൾ പങ്കുവയ്ക്കുന്ന ചില ഓർമ്മകൾ. തന്റെ സുഹൃത്തുക്കളോടുപോലും പറയാതെ, തന്നോടു മാത്രം, അതും രഹസ്യമായി, വെളിപ്പെടുത്തുന്ന വേറേ ചില ഓർമ്മകളുമുണ്ടാവും. ഒടുവിലായി, ഒരാൾ തന്നോടുപോലും പറയാൻ പേടിക്കുന്ന ചില ഓർമ്മകളുമുണ്ടാവും; ഏതു മാന്യവ്യക്തിയുടേയും ഉള്ളറകളിൽ അങ്ങനെ കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന ഒട്ടനവധി കാര്യങ്ങൾ കാണും. എന്നുവച്ചാൽ, ഒരാൾ എത്ര മാന്യനാണോ, അത്രയധികമായിരിക്കും അങ്ങനെയുള്ള സംഗതികൾ എന്നുവേണമെങ്കിലും പറയാം. 


(അധോതലക്കുറിപ്പുകൾ)