സ്വപ്നങ്ങളുടെ കാര്യം വളരെ വിചിത്രമാണ്. പേടിപ്പെടുത്തുന്ന വ്യക്തതയോടെ, രത്നക്കല്ലുകളുടെ തെളിച്ചത്തോടെ, ഒരു സംഗതി മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് താൻ അതിനെ കണ്ടിട്ടേയില്ലെന്നപോലെ നിങ്ങൾ മറ്റൊന്നിലേക്കു ചാടുന്നത്. സ്വപ്നങ്ങൾ മനസ്സിന്റെയല്ല, തൃഷ്ണയുടെ സൃഷ്ടികൾ ആണെന്നുതോന്നുന്നു, തലയുടേതല്ല, ഹൃദയത്തിന്റെ. തീർത്തും അഗ്രാഹ്യമായ ഒരു കാര്യം സ്വപ്നത്തിൽ അതിസ്വാഭാവികമായി തോന്നാം. ഉദാഹരണത്തിന്, എന്റെ സഹോദരൻ അഞ്ചുകൊല്ലം മുമ്പു മരിച്ചുപോയി. ചിലപ്പോൾ ഞാൻ അവനെ സ്വപ്നത്തിൽ കാണാറുണ്ട്: അവൻ എന്റെ കാര്യങ്ങളിൽ ഇടപെടുന്നു, ഞങ്ങൾ രണ്ടുപേരും വലിയ ഉത്സാഹത്തിലുമാണ്. അതേസമയം, സ്വപ്നം തുടരുന്ന നേരത്തോളം എനിക്കറിയാം, എനിക്കോർമ്മയുമുണ്ട്, എന്റെ സഹോദരൻ മരിച്ചുപോയെന്നും അവൻ മണ്ണിനടിയിലാണെന്നും. മരിച്ചുപോയിട്ടും അവൻ എന്റെ അടുത്തു വന്നുവെന്നതിലും എന്റെ കാര്യങ്ങളിൽ പങ്കെടുത്തുവെന്നതിലും എനിക്കത്ഭുതം തോന്നാത്തതെന്തുകൊണ്ടാണ്? എന്റെ മനസ്സ് അതിനനുവദിക്കുന്നതെന്തുകൊണ്ടാണ്?
ഏതു മനുഷ്യനുമുണ്ടാവും, എല്ലാവരോടും പറയാതെ തന്റെ കൂട്ടുകാരുമായി മാത്രം അയാൾ പങ്കുവയ്ക്കുന്ന ചില ഓർമ്മകൾ. തന്റെ സുഹൃത്തുക്കളോടുപോലും പറയാതെ, തന്നോടു മാത്രം, അതും രഹസ്യമായി, വെളിപ്പെടുത്തുന്ന വേറേ ചില ഓർമ്മകളുമുണ്ടാവും. ഒടുവിലായി, ഒരാൾ തന്നോടുപോലും പറയാൻ പേടിക്കുന്ന ചില ഓർമ്മകളുമുണ്ടാവും; ഏതു മാന്യവ്യക്തിയുടേയും ഉള്ളറകളിൽ അങ്ങനെ കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന ഒട്ടനവധി കാര്യങ്ങൾ കാണും. എന്നുവച്ചാൽ, ഒരാൾ എത്ര മാന്യനാണോ, അത്രയധികമായിരിക്കും അങ്ങനെയുള്ള സംഗതികൾ എന്നുവേണമെങ്കിലും പറയാം.
(അധോതലക്കുറിപ്പുകൾ)
2 അഭിപ്രായങ്ങൾ:
Your post is a masterpiece—brilliant, insightful, and thoroughly engaging. Thanks for sharing your valuable perspective with us!
Good work 💯
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ