2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

എയ്ൻജെൽ ഗ്വിൻഡ - കവിതകൾ




കവി സ്വന്തം മരണത്തെക്കുറിച്ചു ചോദിക്കുന്നു


ഞാൻ മരിക്കുന്നത് നെടുകെയോ വിലങ്ങനെയോ?
വിഭ്രാന്തനായോ സ്വബോധത്തോടെയോ ബോധമില്ലാതെയോ?
ഇഞ്ചിഞ്ചായോ പൊടുന്നനെയോ?
ഞാൻ ആത്മഹത്യ ചെയ്യുമോ, കലഹക്കാരനായി, കുറ്റവാളിയായി മരിക്കുമോ?
നിർവികാരനായോ തണുപ്പിലോ ചൂടിലോ?
രോഗിയായി, വാടിക്കുഴഞ്ഞാണോ ഞാൻ മരിക്കുക?
അതോ ഒരു നിത്യമരണം ഞാൻ മരിക്കണോ?
വീട്ടിൽ, ആശുപത്രിയിൽ, ഒറ്റയ്ക്ക്, ആളുകൾക്കു നടുവിൽ?
അതു പെട്ടെന്നാവുമോ അതോ നീണ്ടുപോകുമോ?
ശാന്തനായോ ക്രൂരനായോ ക്ഷുഭിതനായോ?
അതോ മരണത്തെ നേർക്കു നേർ നോക്കിയോ?



എണ്ണിയെണ്ണിക്കുറയുന്നത്

ചോരുന്ന ടാപ്പിൽ നിന്നിറ്റുന്ന തുള്ളികൾ
ഒന്ന് രണ്ടെന്നെണ്ണുന്ന നിദ്രാരഹിതനെപ്പോലെ.
തനിക്കെത്ര വയസ്സായെന്നൊരു കുട്ടി
ഒരു കൈയിലെ വിരലുകൾ കൊണ്ടെണ്ണുന്നപോലെ.
എനിക്കിനി കുറച്ചു കാലമേയുള്ളുവെന്നതിനാൽ
എനിക്കു ശേഷിച്ച കാലമെനിക്കെണ്ണണം, അതുപോലെ.


അയോഗ്യൻ
അന്യരാണു സൂര്യനെന്നെനിക്കറിയാം,
ഞാൻ വെറും നിഴലാണെന്നും.
അന്യർ സമ്മാനിതരാവുന്നു,
ഞാൻ അവർക്കുള്ള ശിക്ഷയാകുന്നു.
ചിരിക്കുന്നതന്യരാണ്‌,
പിന്നീടു കരയുന്നതു ഞാനും.
അന്യർ പൂർണ്ണത,
ഞാൻ ഒരിക്കലും പണി തീരാത്തതും.
അന്യർ സ്നേഹിക്കപ്പെടുകയാണ്‌,
ഞാൻ സ്നേഹത്തിലാവുകയാണ്‌.
അവർ കൊടുമുടികൾ,
ഞാൻ മലഞ്ചരിവിൽ പിടിച്ചുകയറുന്നവൻ.
അന്യർ വിജയിക്കുന്നവർ,
ഞാൻ തോറ്റുകൊണ്ടു നേടുന്നവൻ.
അന്യരാണെത്തിച്ചേരുന്നവർ,
ഞാൻ വിട്ടുപോകുന്നവനും.



ഞാനെഴുതും


എന്റെ വാക്കവർ എടുത്തുമാറ്റിയാൽ
മൗനം കൊണ്ടു ഞാനെഴുതും.

എന്റെ വെളിച്ചമവർ എടുത്തുമാറ്റിയാൽ
ഇരുട്ടിന്റെ സാന്ദ്രത കൊണ്ടു ഞാനെഴുതും.

എനിക്കെന്റെ ഓർമ്മ നഷ്ടമായാൽ
മറ്റൊരുതരം വിസ്മൃതി ഞാൻ കണ്ടുപിടിക്കും.

സൂര്യനേയും മേഘങ്ങളേയുമവർ പിടിച്ചെടുത്താൽ,
ഗ്രഹങ്ങളെയവർ തട്ടിപ്പറിച്ചാൽ
സ്വന്തം ഭ്രമണപഥത്തിൽ ഞാൻ വട്ടം തിരിയും.

സംഗീതത്തെയവർ അകത്തിട്ടടച്ചാൽ
ഒരു സ്വരവുമില്ലാതെ ഞാനാലപിക്കും.

കടലാസവർ കത്തിച്ചുകളഞ്ഞാൽ,
മഷിയവർ ആവിയാക്കിക്കളഞ്ഞാൽ,
കമ്പ്യൂട്ടർ സ്ക്രീനുകളവർ ഉടച്ചുകളഞ്ഞാൽ,
ചുമരുകളെല്ലാമവർ ഇടിച്ചുകളഞ്ഞാൽ
എന്റെ ശ്വാസത്തിന്മേൽ ഞാനെഴുതും.

എന്നെ ദീപ്തമാക്കുന്ന തീജ്ജ്വാല
അവരണച്ചുകളഞ്ഞാൽ
പുകയിന്മേൽ ഞാനെഴുതും.

ആ പുകയും പൊയ്ക്കഴിഞ്ഞാൽ
എന്റെ കണ്ണുകളില്ലാതെ ജനിച്ച സ്വപ്നങ്ങളിൽ ഞാനെഴുതും.

എന്റെ ജീവനവർ കൊണ്ടുപോയാൽ
എന്റെ മരണം കൊണ്ടു ഞാനെഴുതും.
*

Angel Guinda(1948- 2022)സ്പാനിഷ് കവിയും ലേഖകനും

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ആൽബർട്ട് എഹ്‌റെൻസ്റ്റീൻ - കവിതകൾ


ഹോമർ


ചുവന്ന പകയുടെ പാട്ടുകൾ ഞാൻ പാടി,
മരത്തണലിൽ തളം കെട്ടിയ തടാകങ്ങളെക്കുറിച്ചു ഞാൻ പാടി,
എന്നിട്ടെനിക്കു കൂട്ടു വരാനൊരാളു പോലുമുണ്ടായില്ല;
മനം കടുത്തവനായി, ഒറ്റയാനായി,
തന്നോടു തന്നെ പാടുന്ന ചീവീടിനെപ്പോലെ
എന്നോടു തന്നെ ഞാനെന്റെ പാട്ടുകൾ പാടി.
ഇന്നെന്റെ ചുവടുകൾ മറയുകയായി,
ആലസ്യത്തിന്റെ പൂഴിമണ്ണിൽ പൂണ്ടുപോവുകയായി.
എന്റെ കണ്ണുകൾ തളർന്നുകൂമ്പുന്നു,
സാന്ത്വനമേകാത്ത കടവുകളെനിയ്ക്കു മടുത്തു,
കടൽയാത്രകൾ, യുവതികൾ, തെരുവുകൾ മടുത്തു.
അന്തിമസമുദ്രത്തിന്റെ വക്കത്തു നില്ക്കുമ്പോൾ
പരിചകളും കുന്തങ്ങളുമെനിക്കോർമ്മ വരുന്നില്ല.
ബിർച്ചുമരങ്ങൾ വീശിത്തരുമ്പോൾ
ഒരു കിന്നരഗാനം കേട്ടു ഞാനുറങ്ങുന്നു,
മറ്റൊരാളുടെ വിരലിൽ നിന്നതിന്റെ സംഗീതമിറ്റുവീഴുന്നു.
ഇനി ഞാനനങ്ങില്ല,
എന്റെ ചിന്തകളും ചെയ്തികളും
ലോകത്തിന്റെ തെളിഞ്ഞ കണ്ണുകളെ കലുഷമാക്കരുതല്ലോ.



മടക്കം

എവിടെ, നിന്റെ പഴമയുടെ അലകൾ, പുഴപ്പരപ്പേ?
നിന്റെ വട്ടയിലകളുമെവിടെ,
എന്റെ യൗവനത്തിലെ വേലമരങ്ങളേ?
പൊയ്പ്പോയ ഹേമന്തങ്ങളിലെ പുതുമഞ്ഞെവിടെ?

വീട്ടിലേക്കെത്തുമ്പോൾ വീടു ഞാൻ കാണുന്നില്ല,
വീടുകൾ മറ്റൊരു വേഷമണിഞ്ഞിരിക്കുന്നു,
പരിചയമില്ലാത്ത തെരുവുകളിലവ
നാണമില്ലാതൊരുമിച്ചു കൂടിയിരിക്കുന്നു.
മുടി പിന്നിയിട്ട പെൺകുട്ടികൾ,
എത്രയും സങ്കോചത്തോടെ ഞാൻ പ്രേമിച്ചവർ,
അവരിന്നു കുട്ടികളുള്ള സ്ത്രീകളായിരിക്കുന്നു.



യാതന

എന്റെ വിലാപത്തിന്റെ കരിവണ്ടിയിൽ
എങ്ങനെ കൊളുത്തപ്പെട്ടവനായി ഞാൻ!
ഊറാമ്പുലിയെപ്പോലറയ്ക്കുന്ന കാലം
എനിയ്ക്കു മേലിഴഞ്ഞുകേറുന്നു.
എന്റെ മുടിയിഴകൾ കൊഴിയുന്നു,
എന്റെ തല നരയ്ക്കുന്നു,
അവസാനമെത്തുന്ന കൊയ്ത്തുകാരൻ
അരിവാളു വീശുന്ന പാടം പോലെ!
എന്റെ കൈകാലുകൾക്കു ചുഴലവുമായി
നിദ്രയുടെ ഇരുൾ പടരുന്നു.
സ്വപ്നങ്ങളിലിപ്പോഴേ ഞാൻ മരിച്ചുകഴിഞ്ഞു,
എന്റെ തലയോട്ടിയിൽ നിന്നു പുല്ലു മുളയ്ക്കുന്നു,
എന്റെ തല കരിമണ്ണുമായിരുന്നു.


ehrenstein portrait_jpg_thumb[2]

ആൽബർട്ട് എഹ്റെൻസ്റ്റീൻ Albert Ehrenstein (1886-1950) - ഓസ്ട്രിയയിൽ ജനിച്ച ജർമ്മൻ എക്സ്പ്രഷനിസ്റ്റ് കവി. ജീവിതത്തിൽ അധികകാലവും ബർലിനിൽ താമസമായിരുന്നുവെങ്കിലും യൂറോപ്പ്, ആഫ്രിക്ക, വിദൂരപൂർവ്വദേശം എന്നിവിടങ്ങളിൽ വിപുലമായ യാത്രകൾ നടത്തിയിട്ടുണ്ട്. നാസികൾ അധികാരമേല്ക്കുന്നതിനു തൊട്ടു മുമ്പ് സ്വിറ്റ്സർലണ്ടിലേക്കു താമസം മാറ്റി; 1941ൽ ന്യൂയോർക്കിൽ സ്ഥിരതാമസമാക്കി. അവിടെ വച്ച് തോമസ് മൻ, ജോർജ്ജ് ഗ്രോസ് തുടങ്ങിയ ജർമ്മൻ പ്രവാസികളെ പരിചയപ്പെട്ടു. ഇംഗ്ളീഷ് പഠിച്ചുവെങ്കിലും ജോലിയൊന്നും കിട്ടിയില്ല. ലേഖനങ്ങൾ എഴുതി കിട്ടുന്ന പ്രതിഫലമായിരുന്നു വരുമാനം. 1949ൽ സ്വിറ്റ്സർലണ്ടിലേക്കും അവിടെ നിന്ന് ജർമ്മനിയിലേക്കും പോയെങ്കിലും നിരാശനായി ന്യൂയോർക്കിലേക്കു തന്നെ മടങ്ങി. ഒടുവിൽ ഒരു അഗതിമന്ദിരത്തിൽ വച്ച് 1950 ഏപ്രിൽ 8നു മരിച്ചു.
ബൂർഷ്വാമൂല്യങ്ങളുടെ തിരസ്കാരവും കിഴക്കിനോട്, പ്രത്യേകിച്ചും ചൈനയോടുള്ള അഭിനിവേശവുമാണ്‌ അദ്ദേഹത്തിന്റെ കവിതയുടെ മുഖമുദ്ര.


2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഇബ്ൻ സെയ്ദുൻ - മദിരയും പനിനീർപ്പൂക്കളും

zaydun_thumb2



“വരട്ടെ, മദിര!”യെന്നു ഞാൻ പറഞ്ഞു.
മദിരയും പനിനീർപ്പൂക്കളുമവൾ കൊണ്ടുവന്നു.
അവളുടെയധരത്തിൽ നിന്നു ഞാൻ
മദിപ്പിക്കുന്ന മധുരമദിര നുകർന്നു;
അവളുടെ കവിളിൽ നിന്നു ഞാൻ
ചുവന്ന പനിനീർപ്പൂക്കളിറുത്തു.

*



(ഇബ്ൻ സെയ്ദുൻ 1003-1071 സ്പെയിനിലെ കൊർദോബയിൽ ജീവിച്ചിരുന്ന അറബിക്കവി.)

അബു നവാസ് - ആദ്യചുംബനം

Abu_Nuwas



ഒരു ചുംബനമവളോടു ഞാനിരന്നു,
അതെനിക്കവൾ നൽകാതെയുമല്ല;
അതു പക്ഷേ,യെത്ര തടുത്തതില്പിന്നെ,
എത്ര തിടുക്കപ്പെടുത്തിയതില്പിന്നെ.
“പീഡകേ,” പിന്നെ ഞാനവളോടു പറഞ്ഞു,
“ഒരേയൊരു ചുംബനം കൂടിത്തന്നാലും,
എങ്കിലെന്റെ ദാഹം ശമിക്കാനതു മതി.”
അതു കേട്ടവളൊന്നു മന്ദഹസിച്ചു,
ഒരു പഴമൊഴിയവളെന്നോടു പറഞ്ഞു:
“ഒരു തരുണന്റെ നെടുവീർപ്പു കേട്ടു നീ
ഒരു ചുംബനമയാൾക്കു വഴങ്ങിയെന്നാൽ.
പിന്നെയുമയാൾ നിന്റെ പിന്നാലെയെത്തും,
ഒന്നുകൂടിയെന്നു നിന്നെ വശം കെടുത്തും!”


അബു നവാസ് (756-814)- വിഖ്യാതനായ ക്ളാസ്സിക്കൽ അറബി കവി. ആയിരത്തൊന്നു രാവുകളിൽ ഹാരുൺ-അൽ-റഷീദിന്റെ സദസ്യനായി പ്രത്യക്ഷപ്പെടുന്നുണ്ട്.

അന്റൊണി സ്ലൊനിംസ്കി - മേൽവിലാസങ്ങൾ






മേൽവിലാസങ്ങളെഴുതിവച്ച പഴയൊരു ബുക്കിൽ
മരിച്ചുപോയ സ്നേഹിതന്മാരുടെ
ഫോൺ നമ്പരുകൾ ഞാൻ കണ്ടു.
കത്തിപ്പോയ വീടുകളുടെ മേൽവിലാസങ്ങൾ.
ഞാൻ ഡയൽ ചെയ്യുന്നു. കാത്തിരിക്കുന്നു.
ഫോൺ അടിക്കുന്നുണ്ട്.
ആരോ ഫോണെടുക്കുന്നു.
പിന്നെ നിശ്ശബ്ദത. ശ്വാസമെടുക്കുന്നതു ഞാൻ കേൾക്കുന്നു.
അതിനി തീനാളങ്ങളുടെ മന്ത്രിക്കലുമാവാം.




അന്റൊണി സ്ലൊനിംസ്കി Antoni Slonimski (1895-1976) - പോളിഷ് കവിയും വിവർത്തകനും കോളമിസ്റ്റും.

Address Book by Antoni Slonimski
In an old address book
I found phone numbers
Of dead friends.
Addresses of burnt houses.
I dial. I wait.
The phone rings.
Someone picks up the receiver.
Silence. I hear breathing,
Or perhaps a whisper of fire.

(translation by JB)

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ആന്റൺ ചെക്കോഫ് - പ്രേമം




checkov


പുലർച്ചെ മൂന്നു മണി. ആർദ്രമായ ഏപ്രിൽ രാത്രി എന്റെ മുറിയുടെ ജനാലകൾക്കു പുറത്തു നിന്ന് ഉള്ളിലേക്കെത്തിനോക്കുകയും നക്ഷത്രങ്ങൾ കൊണ്ടെന്നെ നോക്കി വാത്സല്യത്തോടെ കണ്ണു ചിമ്മുകയുമാണ്‌. എനിക്കുറക്കം വരുന്നില്ല, അത്ര സന്തോഷവാനാണ്‌ ഞാൻ!

‘വിചിത്രവും ദുരൂഹവുമായ ഒരനുഭൂതി കൊണ്ട് നെറുക മുതൽ കാലടി വരെ ഞാനാകെ പൊട്ടിത്തരിക്കുകയാണ്‌. ഇപ്പോൾ അതിനെ വിശകലനം ചെയ്യാൻ എനിക്കു കഴിയില്ല- എനിക്കതിനുള്ള നേരമില്ല, എനിക്കതിനു മടിയുമാണ്‌- എന്തു വിശകലനം! ഒരു മണിമേടയിൽ നിന്ന് തല കുത്തനേ എടുത്തു ചാടുന്ന ഒരാൾ, അല്ലെങ്കിൽ തനിയ്ക്ക് രണ്ടു ലക്ഷത്തിന്റെ ലോട്ടറിയടിച്ചെന്നു കേൾക്കുന്ന ഒരാൾ, അവരെന്താ, തങ്ങളുടെ മാനസികവ്യാപാരങ്ങൾ വ്യാഖ്യാനിക്കാൻ പോവുകയാണോ? അതിനുള്ള മാനസികാവസ്ഥയിലായിരിക്കുമോ അവർ?’

ഏതാണ്ടിങ്ങനെയൊരു മട്ടിലാണ്‌, സാഷയ്ക്ക്, ഞാൻ പ്രേമിക്കുന്ന ആ പത്തൊമ്പതുകാരിക്ക്, ഒരു പ്രേമലേഖനം ഞാൻ എഴുതിത്തുടങ്ങിയത്. അഞ്ചു തവണ ഞാൻ തുടങ്ങിവച്ചു, അത്രയും തന്നെ കടലാസ്സുകൾ ഞാൻ കീറിക്കളഞ്ഞു, എന്നിട്ടതു തന്നെ പിന്നെയും പകർത്തിയെഴുതുകയും ചെയ്തു. എഴുതാനേല്പിച്ച ഒരു നോവൽ പൂർത്തിയാക്കാൻ വേണ്ടുന്ന സമയം ഒരു കത്തെഴുതാൻ ഞാൻ ചിലവഴിച്ചിട്ടുണ്ടാവണം. എന്നു പറഞ്ഞാൽ കത്ത് കൂടുതൽ നീട്ടാനോ കൂടുതൽ വിപുലവും വിശദവുമാക്കാനോ കൂടുതൽ വികാരതീക്ഷ്ണമാക്കാനോ ശ്രമിക്കുകയായിരുന്നില്ല ഞാൻ. വസന്തകാലരാത്രി ജനാലയിലൂടെ എത്തിനോക്കുന്ന തന്റെ മുറിയുടെ നിശ്ശബ്ദതയിൽ സ്വന്തം മനോരാജ്യങ്ങളുമായി കൂടിക്കഴിയുന്ന ഒരാൾ കഴിയുന്നത്ര നേരം ആ കത്തെഴുത്ത് നീട്ടിക്കൊണ്ടു പോകാൻ നോക്കുകയായിരുന്നു എന്നുമാത്രം. വരികൾക്കിടയിൽ ഞാൻ സ്നേഹിക്കുന്നൊരു രൂപം ഞാൻ കണ്ടു; എന്നെപ്പോലെതന്നെ മൂഢസന്തോഷത്തിലായ, ബുദ്ധിശൂന്യരായ, നിർവൃതിയോടെ മന്ദഹസിക്കുന്ന വേറെയും ആത്മാക്കൾ അതേ മേശയ്ക്കരികിലിരുന്നെഴുതുന്നതായി എനിക്കു തോന്നിപ്പോയി. അവളുടെ കൈയമർന്ന് എന്റെ കൈ ഹൃദ്യമായി വേദനിച്ചിരുന്ന ഭാഗത്തു നോക്കിക്കൊണ്ട് ഞാൻ നിർത്താതെ എഴുതി. അകലേയ്ക്കു നോട്ടമയച്ചാൽ മരയഴിയിൽ പച്ചച്ചായമടിച്ച ചെറിയ ഗെയ്റ്റ് കാണാം. ആ മരയഴികൾക്കിടയിലൂടെയാണ്‌ യാത്ര പറഞ്ഞതില്പിന്നെ സാഷ എന്നെയും നോക്കി നിന്നത്. അവളോടു യാത്ര പറയുമ്പോൾ എന്റെ മനസ്സിൽ മറ്റൊന്നുമുണ്ടായിരുന്നില്ല, സുന്ദരിയായ ഒരു സ്ത്രീയെ ആരാധിക്കുന്ന മാന്യനായ ഏതു പുരുഷനുമുള്ള പോലെ ആ സുന്ദരരൂപത്തോടുള്ള ആരാധന മാത്രം. അഴികൾക്കിടയിലൂടെ ആ വലിയ രണ്ടു കണ്ണുകൾ കണ്ടപ്പോൾ  പെട്ടെന്ന്, ഒരു വെളിപാടിലെന്നപോലെ എനിക്കു ബോദ്ധ്യമായി, ഞാൻ പ്രേമത്തിലായിരിക്കുന്നുവെന്ന്, ഞങ്ങൾക്കിടയിൽ എല്ലാം തീരുമാനമായിക്കഴിഞ്ഞിരിക്കുന്നുവെന്ന്, ചില ഔപചാരികതകൾ നടത്തുക എന്നതേ ഇനി ശേഷിക്കുന്നുള്ളുവെന്ന്.

ഒരു പ്രേമലേഖനം എഴുതിപ്പൂർത്തിയാക്കി അത് കവറിലിട്ടൊട്ടിക്കുന്നതും സാവധാനം കോട്ടും തൊപ്പിയും എടുത്തു ധരിക്കുന്നതും പതുക്കെ കാലെടുത്തു വച്ച് വീട്ടിനു പുറത്തേക്കിറങ്ങുന്നതും ആ നിധിയുമായി തപാൽപെട്ടി ഇരിക്കുന്നിടത്തേക്കു നടക്കുന്നതും മറ്റൊരു വലിയ ആനന്ദമത്രെ. ആകാശത്തിപ്പോൾ ഒരു നക്ഷത്രവും കാണാനില്ല; കിഴക്കു ദിക്കിലായി ഇരുളു വീണ പുരപ്പുറങ്ങൾക്കു മേൽ ചീളു പോലൊരു വെണ്മ അവിടവിടെ മേഘങ്ങൾ കൊണ്ടു മറഞ്ഞും മുറിഞ്ഞും നീണ്ടുകിടക്കുന്നു. അതിൽ നിന്നൊരു വിളറിയ വെളിച്ചമൊഴുകി ആകാശമാകെ പരക്കുന്നു. നഗരം ഇനിയും ഉറക്കത്തിൽ നിന്നെഴുന്നേറ്റിട്ടില്ലെങ്കിലും വെള്ളം കൊണ്ടുപോകുന്നവരുടെ വണ്ടികൾ പുറത്തുവന്നുകഴിഞ്ഞു; അകലെയെവിടെയോ ഒരു ഫാക്ടറിയുടെ സൈറൻ ജോലിക്കാരെ വിളിച്ചുണർത്തുന്നു. മഞ്ഞു വീണു നനഞ്ഞ തപാൽപെട്ടിക്കരികിൽ മണിയുടെ ആകൃതിയിലുള്ള ഒരു രോമക്കുപ്പായവുമിട്ട്, കൈയിൽ ഒരു വടിയുമായി ഒരു വീട്ടുവേലക്കാരന്റെ ചേലില്ലാത്ത രൂപം ഉറപ്പായും നിങ്ങൾ കാണും. പാതി ബോധം പോയ അവസ്ഥയിലാണയാൾ; ഉറക്കത്തിനും ഉണർച്ചയ്ക്കുമിടയിലെവിടെയോ തങ്ങിനില്ക്കുകയാണയാൾ.

സ്വന്തം വിധി നിശ്ചയിക്കാൻ ആളുകൾ എത്ര തവണയാണ്‌ തങ്ങളെ ആശ്രയിക്കുന്നതെന്നറിഞ്ഞിരുന്നെങ്കിൽ തപാൽപെട്ടികൾ ഇതുപോലെ എളിയ ഭാവത്തിൽ നില്ക്കുമായിരുന്നില്ല. ഞാനാകട്ടെ, എന്റെ തപാൽപെട്ടിയെ ഒന്നു ചുംബിച്ചുവെന്നുതന്നെ പറയണം; ഇതു പോലൊരനുഗ്രഹം മനുഷ്യനു വേറേ കിട്ടിയിട്ടില്ലെന്ന് അതിനെ നോക്കിനില്ക്കുമ്പോൾ ഞാൻ മനസ്സിൽ പറയുകയും ചെയ്തു. 

എന്നെങ്കിലുമൊരിക്കൽ പ്രേമിച്ചിട്ടുള്ള ഒരാളോട് ഞാൻ അപേക്ഷിക്കുകയാണ്‌, കത്ത് പെട്ടിയിലിട്ടതിനു ശേഷം നിങ്ങൾ തിടുക്കത്തിൽ വീട്ടിലേക്കോടിയിരുന്നതും കിടക്കയിലേക്കു ചാടി വീണ്‌ പുതപ്പെടുത്ത് തല വഴി വലിച്ചിട്ടിരുന്നതും ഒന്നോർത്തുനോക്കൂ. കാലത്തെഴുന്നേറ്റാലുടൻ തലേന്നത്തെ ഓർമ്മകളിൽ താൻ ആമഗ്നനാവുമെന്നും പടുതയുടെ വിടവുകളിലൂടെ പകൽവെളിച്ചം ഉള്ളിൽ കയറാൻ വ്യഗ്രതപ്പെടുന്ന ജനാലയുടെ നേർക്ക് ആത്മനിർവൃതിയോടെ താൻ നോക്കിനില്ക്കുമെന്നും നിങ്ങൾക്കത്ര ഉറപ്പായിരുന്നു.

അതിരിക്കട്ടെ, ഞാൻ കാര്യത്തിലേക്കു വരാം...അടുത്ത ദിവസം ഉച്ചയായപ്പോൾ സാഷയുടെ വേലക്കാരി ഇങ്ങനെയൊരു മറുപടിക്കത്തുമായി വന്നു: ‘എനിക്കു വളരെ സന്തേഷമായി ഇന്നു തന്നെ വീട്ടിലേക്കു വരണം ഞാൻ കാത്തിരിക്കും. സ്വന്തം എസ്.’

ഒരു കോമ പോലുമില്ല. ആ ചിഹ്നങ്ങളുടെ അഭാവവും ‘സന്തോഷമായി’ എന്നെഴുതിയതിലെ അക്ഷരത്തെറ്റും, ആ കത്തങ്ങനെ തന്നെ, അതിട്ട നീണ്ടു വീതി കുറഞ്ഞ കവറു പോലും എന്റെ ഹൃദയം എന്തെന്നില്ലാത്ത ഒരാർദ്രത കൊണ്ടു നിറച്ചു. ചൊവ്വില്ലാത്തതും കാതരവുമായ ആ കൈയക്ഷരത്തിൽ ഞാൻ കണ്ടെടുത്തത് സാഷയുടെ നടത്തമായിരുന്നു, ചിരിക്കുമ്പോഴുള്ള അവളുടെ പുരികമുയർത്തലായിരുന്നു, ആ ചുണ്ടുകളുടെ അനക്കമായിരുന്നു...പക്ഷേ കത്തിന്റെ ഉള്ളടക്കം എന്നെ തൃപ്തനാക്കിയില്ല. ഒന്നാമതായി, കാവ്യാത്മകമായ കത്തുകൾക്ക് ഈ രീതിയിലുള്ള മറുപടിയല്ല കിട്ടേണ്ടത്; രണ്ടാമതായി, ഞാനെന്തിനു സാഷയുടെ വീട്ടിലേക്കു പോകണം, ഇനി കുറച്ചു നേരം ഞങ്ങളെ ഒറ്റയ്ക്കു വിടാം എന്ന് അവളുടെ തടിച്ചിത്തള്ളയ്ക്കും ആങ്ങളമാർക്കും അവളെ ആശ്രയിച്ചു കഴിയുന്ന ബന്ധുക്കൾക്കും തോന്നുന്നതു വരെ കാത്തിരിക്കാനോ? അങ്ങനെയൊരു ചിന്ത അവരുടെ തലയിലുദിക്കണമെന്നു തന്നെയില്ല. ചെകിടു പാതി കേൾക്കാത്ത ഒരു കിഴവിയുടെയോ ചോദ്യങ്ങൾ കൊണ്ടു നിങ്ങളുടെ പൊറുതി കെടുത്തുന്ന ഒരു കൊച്ചു പെൺകുട്ടിയുടെയോ രൂപമെടുത്ത ഏതോ ക്ഷുദ്രജീവി ഇടങ്കോലിടുന്നതൊന്നുകൊണ്ടു മാത്രം സ്വന്തം ഹൃദയാഹ്ളാദങ്ങൾക്കു കടിഞ്ഞാണിടേണ്ടി വരുന്നതില്പരം ഗർഹണീയമായി മറ്റെന്തിരിക്കുന്നു? ഏതെങ്കിലും പാർക്കിലോ പാതയോരത്തെ തണൽമരങ്ങൾക്കടിയിലോ വച്ചു തമ്മിൽ കണ്ടാലെന്താണെന്നൊരു നിർദ്ദേശം ഞാൻ വേലക്കാരി വശം കൊടുത്തയച്ചു. വിസമ്മതമേതുമില്ലാതെ എന്റെ നിർദ്ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. കൊള്ളേണ്ടിടത്തു കൊണ്ടു എന്നു പറയുമ്പോലെയായി കാര്യങ്ങൾ.

വൈകിട്ട് നാലിനും അഞ്ചിനുമിടയിലായി പാർക്കിന്റെ ആളൊഴിഞ്ഞതും കാടു കയറിയതുമായ ഭാഗത്തേക്കു ഞാൻ വച്ചുപിടിച്ചു. പാർക്കിൽ ഒറ്റക്കുഞ്ഞു പോലുമില്ല; അത്രയും അകലെയ്ക്കു പോകാതെ അടുത്തുള്ള ഏതെങ്കിലും മരത്തിന്റെയോ വള്ളിപ്പടർപ്പിന്റെയോ കീഴിലായാലും കുഴപ്പമൊന്നും വരാനില്ല. എന്നാൽ നനഞ്ഞാൽ പിന്നെ മുങ്ങുക എന്നൊരു വാശിയുണ്ട് ഈ തരം വിഷയങ്ങളിൽ സ്ത്രീകൾക്ക്- ഒരു മറവാണു നിങ്ങൾ തേടുന്നതെങ്കിൽ ഏറ്റവും അകലെയുള്ളതും ഏറ്റവും ദുർഗ്ഗമവുമായ കുറ്റിക്കാടു തന്നെയാകട്ടെയത്, ഏതെങ്കിലും പോക്കിരിയേയോ കള്ളുകുടിയനെയോ അവിടെ നേരിടേണ്ടി വന്നേക്കാം എന്ന അപകടമുണ്ടെങ്കില്ക്കൂടി! ഞാൻ ചെല്ലുമ്പോൾ സാഷ എനിക്കു പുറം തിരിഞ്ഞു നില്ക്കുകയായിരുന്നു; അവളുടെ ആ പിൻഭാഗത്ത് എന്തൊക്കെ നിഗൂഢതകൾ ഞാൻ വായിച്ചില്ല! അവളുടെ പുറവും പിടലിയും അവളുടുത്തിരുന്നതിലെ കറുത്ത പുള്ളികളും മിണ്ടരുത്! എന്നെന്നെ വിലക്കുകയാണെന്ന് എനിക്കു തോന്നിപ്പോയി. പരുത്തി കൊണ്ടുള്ള ഒരു സാധാരണ ഉടുപ്പും അതിനു മേൽ കൈയില്ലാത്ത ഒരു മേല്ക്കുപ്പായവുമാണ്‌ അവൾ ധരിച്ചിരുന്നത്. ആകെക്കൂടിയുള്ള നിഗൂഢത്യ്ക്കു മാറ്റു കൂട്ടാനെന്നോണം ഒരു വെളുത്ത മൂടുപടം കൊണ്ട് അവൾ മുഖം മൂടിയിരുന്നു. ആ അന്തരീക്ഷത്തിനു ചേരും വണ്ണം പമ്മിപ്പമ്മിയാണ്‌ ഞാൻ അവളെ സമീപിച്ചത്, അടക്കം പറയുമ്പോലെയാണ്‌ ഞാൻ അവളോടു സംസാരിച്ചതും.

എനിക്കിപ്പോൾ ഓർമ്മ വരുന്നതു വച്ചു നോക്കിയാൽ ആ രഹസ്യസമാഗമത്തിന്റെ കേന്ദ്രബിന്ദുവെന്നതിനേക്കാൾ വെറുമൊരു വിശദാംശമായിരുന്നു ഞാൻ. തമ്മിൽത്തമ്മിൽ എന്തു പറയുന്നുവെന്നതിനെക്കാൾ സാഷയുടെ ശ്രദ്ധ പോയത് ആ സന്ദർഭത്തിന്റെ നിഗൂഢഭാവത്തിലും എന്റെ ചുംബനങ്ങളിലുമായിരുന്നു, ഇരുളു വീണ മരങ്ങളുടെ മൗനത്തിലും എന്റെ ആണയിടലുകളുമായിരുന്നു. അവൾ തന്നെത്താൻ മറക്കുകയോ വികാരാധീനയാവുകയോ ചെയ്തതായി ഒരു നിമിഷം പോലുമുണ്ടായില്ല; അവളുടെ മുഖത്തെ ആ നിഗൂഢഭാവം ഒരിക്കലെങ്കിലും അഴിഞ്ഞുവീണതായി കണ്ടില്ല; എന്റെ സ്ഥാനത്ത് ഏതെങ്കിലും ഇവാൻ സിഡോറിച്ചോ സിഡോർ ഇവാനിച്ചോ ആണെങ്കിലും അവൾ ഇത്ര തന്നെ സന്തോഷവതിയായിരിക്കുമെന്നും തോന്നിപ്പോയി. ഇങ്ങനെയൊരവസ്ഥയിൽ എങ്ങനെയാണു നിങ്ങൾ തീർച്ചപ്പെടുത്തുക, ഒരാൾ തന്നെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോയെന്ന്? ആ സ്നേഹം നിർവ്യാജമോ അല്ലയോയെന്ന്?

പാർക്കിൽ നിന്ന് ഞാൻ സാഷയെ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. ഒരവിവാഹിതന്‌ തന്റെ താമസസ്ഥലത്ത് താൻ സ്നേഹിക്കുന്ന സ്ത്രീയുടെ സാന്നിദ്ധ്യം മദ്യമോ സംഗീതമോ പോലെയാണ്‌ തലയ്ക്കു പിടിയ്ക്കുക. സാധാരണഗതിയിൽ നിങ്ങൾ ഭാവിയെക്കുറിച്ചു സംസാരിക്കാൻ തുടങ്ങുന്നു; ആ നേരത്തെ നിങ്ങളുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും അതിരറ്റതുമായിരിക്കും. നിങ്ങൾ ഭാവിപരിപാടികൾ ഓരോന്നായി നിരത്തുന്നു, ഒരു ലഫ്റ്റനന്റിന്റെ പദവിയിലേക്കു പോലുമെത്തിയിട്ടില്ലെങ്കിലും ജനറൽ പദവിയെക്കുറിച്ച് ആവേശത്തോടെ നിങ്ങൾ സംസാരിക്കുന്നു; നിങ്ങളിങ്ങനെ ആകാശപുഷ്പങ്ങൾ തൊടുത്തുവിടുമ്പോൾ കേട്ടിരിക്കുന്നയാൾ അതൊക്കെ സമ്മതിച്ചു തരുന്നുണ്ടെങ്കിൽ അതയാൾക്ക് നിങ്ങളോടുള്ള സ്നേഹാധിക്യം കൊണ്ടായിരിക്കും, അല്ലെങ്കിൽ അയാളുടെ ജീവിതപരിചയം അത്ര പരിമിതമായതു കൊണ്ടായിരിക്കും.

ആണുങ്ങളുടെ ഭാഗ്യമെന്നു പറയട്ടെ, പ്രേമത്തിൽ വീണ സ്ത്രീകൾക്ക് വികാരം കൊണ്ടു കണ്ണു കാണില്ല, അവർക്കു ജീവിതത്തെക്കുറിച്ച് ഒരു ചുക്കുമറിയുകയുമില്ല. നിങ്ങൾ പറയുന്നതൊക്കെ അവർ തലയാട്ടി സമ്മതിക്കുമെന്നു തന്നെയല്ല, ഭയഭക്തി കൊണ്ടവരുടെ മുഖം വിളറുക തന്നെയാണ്‌, ആരാധന കൊണ്ടവരുടെ നെഞ്ചു വിങ്ങുകയാണ്‌, നിങ്ങളുടെ ഭ്രാന്തൻ ജല്പനങ്ങളിൽ ആർത്തിയോടവർ പിടിച്ചുതൂങ്ങുകയുമാണ്‌. സാഷ ഞാൻ പറഞ്ഞതൊക്കെ ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നെങ്കിലും അവളുടെ മനസ്സ് മറ്റെവിടെയോ ആണെന്ന് വൈകാതെ എനിക്കു പിടി കിട്ടി; ഞാൻ പറയുന്നത് അവളുടെ മനസ്സിലേക്കു കടക്കുന്നില്ല. ഭാവിയെക്കുറിച്ചു ഞാൻ സംസാരിക്കുമ്പോൾ അതിന്റെ ബാഹ്യമായ അംശങ്ങളിലേ അവൾക്കു കൗതുകം തോന്നുന്നുള്ളു; പ്ളാനും പദ്ധതിയുമൊക്കെ അവതരിപ്പിച്ച് ഞാനെന്റെ സമയം കളയുകയാനെന്നു മാത്രം. തന്റെ മുറി ഏതായിരിക്കും, അതിലെ വാൾപേപ്പർ എങ്ങനെയുള്ളതായിരിക്കും, ഗ്രാൻഡ് പിയാനോയ്ക്കു പകരം എന്റേത് അപ്റൈറ്റ് പിയാനോ ആയതെന്തുകൊണ്ട് ഇതൊക്കെ അറിയാനായിരുന്നു അവളുടെ താല്പര്യം. എന്റെ മേശപ്പുറത്തുണ്ടായിരുന്ന സർവസാധനങ്ങളും അവൾ കൈയിലെടുത്തു നോക്കി, ഫോട്ടോകൾ ഏതൊക്കെയെന്നു നോക്കി, കുപ്പികൾ മണത്തുനോക്കി, എന്തോ ആവശ്യമുണ്ടെന്നും പറഞ്ഞ് കവറുകളിലെ സ്റ്റാമ്പുകൾ പറിച്ചെടുക്കുകയും ചെയ്തു.

‘പഴയ സ്റ്റാമ്പുകൾ എനിക്കു വേണ്ടി എടുത്തുവയ്ക്കണേ!’ മുഖത്തു ഗൗരവം വരുത്തിക്കൊണ്ട് അവൾ പറഞ്ഞു. ‘ചെയ്യില്ലേ?’

അപ്പോഴാണ്‌ ജനാലപ്പടിയിൽ എന്തോ കായ ഇരിക്കുന്നത് അവൾ കണ്ടത്. അവളത് കടിച്ചുപൊട്ടിച്ച് ചവച്ചരച്ചു തിന്നു.

‘പുസ്തകങ്ങളുടെ ചട്ടയിൽ ലേബലൊട്ടിക്കാത്തതെന്താ?’ ഷെല്ഫിൽ നിന്ന് ഒരു പുസ്തകമെടുത്തുകൊണ്ട് അവൾ ചോദിച്ചു.

‘എന്താവശ്യത്തിന്‌?’

‘ഓ, ഒന്നിനുമല്ല, ഓരോന്നിനും നമ്പരുണ്ടാവുമല്ലോ. എന്റെ പുസ്തകങ്ങൾ എവിടെയാണു വയ്ക്കുക? എനിക്കും കുറച്ചു പുസ്തകങ്ങളൊക്കെയുണ്ട്.’

‘എന്തു തരം പുസ്തകങ്ങളാണ്‌ നിന്റെ കൈയിലുള്ളത്?’ ഞാൻ ചോദിച്ചു.

പുരികമുയർത്തി, ഒരു നിമിഷം ആലോചിച്ചിട്ട് സാഷ പറഞ്ഞു:

‘എല്ലാ തരവും.’

എന്തൊക്കെ ചിന്തകളാണ്‌, എന്തൊക്കെ വിശ്വാസങ്ങളാണ്‌, എന്തൊക്കെ ലക്ഷ്യങ്ങളാണവൾക്കുള്ളതെന്നു ചോദിക്കാൻ എനിക്കെങ്ങാനും തോന്നിപ്പോയാൽ സംശയിക്കേണ്ട, അവൾ പുരികമുയർത്തും, ഒരു നിമിഷം ആലോചിക്കും, എന്നിട്ടിതേപോലെ തന്നെ പറയും:

‘എല്ലാ തരവും.’

പിന്നെ ഞാൻ പതിവായി സാഷയെ വീട്ടിൽ കൊണ്ടുവിടാനും അവളോടൊപ്പം വീട്ടിൽ നിന്നിറങ്ങാനും തുടങ്ങി, ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു, വിവാഹം വരെ അതിന്റെ പരിഗണന ഞങ്ങൾക്കു കിട്ടുകയും ചെയ്തു. എന്റെ സ്വന്തം അനുഭവം വച്ച് ഒരു വിലയിരുത്തൽ നടത്താൻ വായനക്കാരൻ എന്നെ അനുവദിക്കുകയാണെങ്കിൽ, ഞാൻ പറയട്ടെ, കല്യാണമുറപ്പിച്ച ഒരാളായി കഴിയുന്നതു പോലെ വിരസമായി മറ്റൊന്നില്ല; ഭർത്താവാകുന്നതിനേക്കാൾ, അല്ലെങ്കിൽ രണ്ടുമല്ലാതാകുന്നതിനെക്കാൾ എത്രയോ വിരസമാണത്. രണ്ടും കെട്ട ഒരവസ്ഥയാണത്; അയാൾ പുഴയുടെ ഇങ്ങേക്കര വിട്ടു കഴിഞ്ഞു, എന്നാൽ അക്കരെ ഒട്ടെത്തിയിട്ടുമില്ല; അയാൾ വിവാഹിതനായിട്ടില്ല, എന്നാൽ അവിവാഹിതനാണോ അതുമല്ല; ഞാൻ നേരത്തേ സൂചിപ്പിച്ച ആ കൂലിവേലക്കാരന്റെ അവസ്ഥയിൽ നിന്ന് അത്രയ്ക്കൊന്നും ഭേദമല്ല അയാളുടെ സ്ഥിതി എന്നുതന്നെ പറയണം.

ഒരു നിമിഷം ഒഴിവു കിട്ടിയാൽ ഞാൻ സാഷയുടെയടുത്തേക്കോടുക പതിവായി. ഒരായിരം ആശകളും അഭിലാഷങ്ങളും ഉദ്ദേശ്യങ്ങളും നിർദ്ദേശങ്ങളും പദപ്രയോഗങ്ങളും ഉള്ളിൽ നിറച്ചുകൊണ്ടാണ്‌ ഞാൻ പോവുക. വേലക്കാരി വാതിൽ തുറന്നാലുടനേ മനഃപീഡകളിൽ നിന്നും ശ്വാസം മുട്ടലുകളിൽ നിന്നും മുക്തനാവുന്ന ഞാനിതാ, നവോന്മേഷം നല്കുന്ന ഒരു സന്തോഷസാഗരത്തിലേക്ക് കഴുത്തറ്റം എടുത്തുചാടാൻ പോകുന്നു എന്നു ഞാൻ മനസ്സിൽ കാണും. യഥാർത്ഥത്തിൽ സംഭവിക്കുന്നതു പക്ഷേ, എന്നും മറ്റൊന്നായിരുന്നു. ഞാൻ എപ്പോൾ ചെന്നാലും അവളുടെ വീട്ടുകാരും കുടുംബക്കാരും നവവധുവിന്റെ കല്യാണവേഷം തയാറാക്കുന്ന തിരക്കിലായിരിക്കും. (ഇടയ്ക്കൊന്നു പറയട്ടെ, രണ്ടു മാസമായി അവർ തുന്നലോടു തുന്നലായിരുന്നു; എന്നിട്ടൊടുവിൽ കണ്ടതോ, നൂറു റൂബിൾ പോലും വിലയില്ലാത്തൊരു വേഷവും.) എങ്ങും ഇസ്തിരിപ്പെട്ടിയുടെയും മെഴുകുതിരി ഉരുകുന്നതിന്റെയും പുകയുടെയും മണമായിരുന്നു. നിങ്ങളുടെ കാലിനടിയിൽ ബട്ടണുകൾ ഞെരിഞ്ഞമരുന്നു. വീട്ടിലെ പ്രധാനപ്പെട്ട മുറികൾ രണ്ടും നിറയെ ലിനനും മസ്ലിനും കാലിക്കോയുമായിരുന്നു. പല്ലുകൾക്കിടയിൽ കടിച്ചുപിടിച്ച ഒരു നൂലിഴയുമായി സാഷയുടെ കൊച്ചുതല ആ കെട്ടുകൾക്കിടയിൽ നിന്നു പുറത്തേക്കെത്തിനോക്കുന്നു. തുന്നൽ സംഘമൊന്നാകെ ആർപ്പുവിളികളോടെ എന്നെ സ്വാഗതം ചെയ്യുന്നു; എന്നിട്ടടുത്ത നിമിഷം ഭക്ഷണമുറിയിലേക്ക് എന്നെ ആനയിക്കുകയും ചെയ്യുകയാണ്‌, അവരുടെ ജോലിയ്ക്ക് ഞാനൊരു വിഘാതമാവാതിരിക്കാൻ, ഭർത്താക്കന്മാർക്കു മാത്രം കാണാനവകാശമുള്ളത് ഞാൻ കാണാതിരിക്കാൻ. എല്ലാ വിഷമവും ഉള്ളിലൊതുക്കി, പിമെനോവ്ന എന്ന സാധുസ്ത്രീയുമായി അതുമിതും സംസാരിച്ച് എനിക്കവിടെത്തന്നെ ഇരിക്കേണ്ടി വരുന്നു. മുഖത്തു വേവലാതിയും ഉത്സാഹവും നിറച്ചുകൊണ്ട് സാഷ ഇടയ്ക്കിടെ ഞാനിരിക്കുന്നതിനടുത്തു കൂടി പാഞ്ഞുപോകുന്നുണ്ട്; വിരലിലിടുന്ന ഒരുറയോ ഒരു നൂലുണ്ടയോ അതുപോലെന്തെങ്കിലും ബോറൻ സാധനമോ അവളുടെ കൈയിലുണ്ടാവും.

‘ഒരു മിനുട്ട്, ഞാനിപ്പം വരാമേ,’ യാചനാഭാവത്തിൽ ഞാനൊന്നു കണ്ണുയർത്തിയാൽ അവൾ പറയും, ‘ആ പൊട്ടത്തി സ്റ്റെപ്പാനിഡ ബോഡീസ് കൊണ്ടുപോയി നശിപ്പിച്ചു.’

ആ ദാക്ഷിണ്യത്തിനു കാത്തിരിക്കുന്നതു വിഫലമാകുമെന്നു കണ്ടപ്പോൾ ഞാൻ മുഷിച്ചിലോടെ പുറത്തിറങ്ങി തെരുവിലൂടെ നടന്നു. ഇനി, അവളുടെ കൂടൊന്നു നടക്കാമെന്നോ ഒരുമിച്ചു വണ്ടിയിൽ പോകാമെന്നോ വിചാരിച്ച് തിരിച്ചു ചെല്ലുമ്പോൾ അവൾ അമ്മയുമൊത്തു പുറത്തു പോകാനായി കുടയുമെടുത്തു കറക്കിക്കൊണ്ട് ഹാളിൽ നില്ക്കുന്നതാണു കാണുക.

‘അയ്യോ, ഞങ്ങളൊന്ന് കടയിൽ പോയിട്ടു വരാം,’ അവൾ പറയും. ‘കുറച്ചുകൂടി കമ്പിളി വാങ്ങി തൊപ്പിയൊന്നു മാറ്റിത്തയ്ക്കണം.’

പുറത്തുപോകാമെന്ന എന്റെ പരിപാടി അവിടെ തീർന്നു. അവരോടൊപ്പം ഞാൻ കടയിലേക്കു പോവുകയാണ്‌. സ്ത്രീകൾ സാധനങ്ങൾ വാങ്ങുന്നതും പിശകുന്നതും കുശാഗ്രബുദ്ധിയായ കടക്കാരനെ കടത്തിവെട്ടാൻ നോക്കുന്നതും കണ്ടുനില്ക്കുക മടുപ്പിക്കുന്നതിനൊപ്പം അറപ്പുണ്ടാക്കുന്നതുമാണ്‌. കെട്ടു കണക്കിന്‌ തുണികൾ വാരിയിടീച്ച്, കുറയ്ക്കാവുന്നത്ര വിലയും കുറച്ചിട്ട് ഒന്നും വാങ്ങാതെ സാഷ കടയിൽ നിന്നിറങ്ങുമ്പോൾ, അല്ലെങ്കിൽ അര റൂബിളിനുള്ളതു മുറിച്ചു കൊടുക്കാൻ അവൾ പറയുമ്പോൾ എനിക്കു നാണക്കേടു തോന്നും.

കടയിൽ നിന്നിറങ്ങിയാൽ പിന്നെ സാഷയും അമ്മയും വിരണ്ടതും വേവലാതി പിടിച്ചതുമായ മുഖത്തോടെ നീണ്ട ചർച്ചയായി, അബദ്ധം പറ്റിയോയെന്ന്, വേണ്ടതു തന്നെയാണോ വാങ്ങിയതെന്ന്, തുണിയിലെ പൂക്കൾക്ക് നിറമല്പം കൂടിപ്പോയില്ലേയെന്ന്, അങ്ങനെ പലതും.
അതെ, വിവാഹനിശ്ചയം കഴിഞ്ഞിട്ടിരിക്കുക എന്നത് ഒരു മുഷിഞ്ഞ ഏർപ്പാടാണ്‌! അത് കഴിഞ്ഞുകിട്ടിയതിൽ എനിക്കു സന്തോഷം തോന്നുന്നു.

ഞാനിപ്പോൾ വിവാഹിതനാണ്‌. രാത്രിയായിരിക്കുന്നു. ഞനെന്റെ മുറിയിൽ വായിച്ചു കൊണ്ടിരിക്കുകയാണ്‌. സാഷ എന്തോ വായിലിട്ടു ചവച്ചു ശബ്ദമുണ്ടാക്കിക്കൊണ്ട് പിന്നിലെ സോഫയിൽ ഇരിക്കുന്നുണ്ട്. എനിക്കൊരു ഗ്ളാസ്സ് ബിയർ കുടിക്കാൻ തോന്നുന്നു.

‘സാഷാ, ആ ഓപ്പെണർ എവിടെയെന്നു നോക്കൂ...’ ഞാൻ പറയുന്നു. ‘അത് അവിടെവിടെയോ കിടപ്പുണ്ട്.’

സാഷ ചാടിയെഴുന്നേല്ക്കുന്നു, രണ്ടുമൂന്നു കടലാസ്സുകൂനകൾക്കിടയിൽ ചികയുന്നു, തീപ്പെട്ടിയെടുത്ത് താഴെയിടുന്നു, പിന്നെ ഓപ്പെണർ കണ്ടുകിട്ടാതെ മിണ്ടാതെ ചെന്നിരിക്കുന്നു. അഞ്ചു മിനുട്ട് കഴിയുന്നു, പിന്നെ പത്ത്...ദാഹവും മടുപ്പും കൊണ്ട് എനിക്ക് വെറി പിടിക്കാൻ തുടങ്ങുന്നു.

‘സാഷാ, ഒന്നത് നോക്കിയെടുക്കെന്നേ,’ ഞാൻ പറയുന്നു.

സാഷ പിന്നെയും ചാടിയെഴുന്നേറ്റ് എനിക്കടുത്തു കിടക്കുന്ന കടലാസ്സുകൂനകൾക്കിടയിൽ തിരയുന്നു. അവളുടെ ചവ്യ്ക്കലും കടലാസ്സുകളുടെ കിരുകിരുപ്പും കത്തികൾ തമ്മിലുരസ്സി മൂർച്ച കൂട്ടുന്ന പോലെയാണ്‌ എന്റെ സ്വസ്ഥത കെടുത്തുന്നത്...അവസാനം ഞാൻ തന്നെയെഴുന്നേറ്റ് അതു തിരയുന്നു. ഒടുവിൽ അത് കൈയിൽ കിട്ടുന്നു, ബിയർ കുപ്പി തുറക്കാമെന്നുമാകുന്നു. ഈ സമയം സാഷ മേശയ്ക്കടുത്തു നിന്ന് എന്തോ വലിച്ചുനീട്ടി പറയാൻ തുടങ്ങുകയാണ്‌.

‘എന്തെങ്കിലും പോയി വായിക്കാൻ നോക്ക്, സാഷ,’ ഞാൻ പറയുന്നു.

അവൾ ഒരു പുസ്തകമെടുത്ത് എനിക്കെതിരെ ഇരുന്ന് ചുണ്ടുകൾ അനക്കാൻ തുടങ്ങുന്നു...അവളുടെ വീതി കുറഞ്ഞ നെറ്റിയും ചുണ്ടനക്കവും കാണുമ്പോൾ ഞാൻ ചിന്തയിലാഴുന്നു.

‘അവൾക്ക് ഇരുപതാവുകയാണ്‌...’ ഞാനോർക്കുന്നു. ‘ഈ പ്രായമുള്ള, വിദ്യാഭ്യാസമുള്ള ജാതിയിൽ പെട്ട ഒരാൺകുട്ടിയെ ഇവളോടു തട്ടിച്ചു നോക്കിയാൽ എന്തൊരു വ്യത്യാസമാണ്‌! അവന്‌ വിവരമുണ്ടാവും, ചില വിശ്വാസങ്ങളുണ്ടാവും, കുറച്ചൊക്കെ ബുദ്ധിയുമുണ്ടാവും.‘

എന്നാൽ ആ വ്യത്യാസം ഞാൻ കണ്ടില്ലെന്നു നടിക്കുന്നു, വീതി കുറഞ്ഞ ആ നെറ്റിയും ആ ചുണ്ടനക്കവും കണ്ടില്ലെന്നു വിടുന്നപോലെ തന്നെ. ഞാനോർക്കുന്നു,  എന്റെ പണ്ടത്തെയാ ലവ്‌ലേസ്* നാളുകളിൽ സ്ത്രീകളെ ഞാൻ കുടഞ്ഞുകളഞ്ഞിരുന്നു, സ്റ്റോക്കിംഗ്സിൽ ഒരു കറ കണ്ടതിന്റെ പേരിൽ, ഒരു വിഡ്ഡിത്തം പറഞ്ഞതിന്റെ പേരിൽ, പല്ലു തേയ്ക്കാത്തതിന്റെ പേരിൽ; ഇപ്പോൾ ഞാൻ എല്ലാം മാപ്പാക്കുന്നു: ആ ചവയ്ക്കൽ, ഓപ്പെണർ നോക്കിയെടുക്കുന്നതിന്റെ ബഹളം, അശ്രദ്ധ, ഒരു കാര്യവുമില്ലാതെ നീണ്ടുപോകുന്ന വർത്തമാനം. എല്ലാം ഞാൻ മാപ്പാക്കുന്നു, ബോധപൂർവ്വമല്ലാത്തപോലെ, ഇച്ഛയുടെ പ്രയോഗം തന്നെയില്ലാതെ, സാഷയുടെ പിഴവുകൾ എന്റെ തന്നെ പിഴവുകളാണെന്നപോലെ, പണ്ടായിരുന്നെങ്കിൽ ഞാൻ ചൂളിപ്പോകുമായിരുന്ന പലതും ഇന്നെന്നെ ആർദ്രതയിലേക്കും ആനന്ദമൂർച്ഛയിലേക്കു പോലും നയിക്കുകയാണെന്നപോലെ. ഇങ്ങനെ സർവ്വതും മാപ്പാക്കുന്നതിനുള്ള വിശദീകരണം എനിക്കു സാഷയോടുള്ള പ്രേമത്തിലുണ്ട്; എന്നാൽ ആ പ്രേമത്തിനുള്ള വിശദീകരണമെന്താണ്‌, സത്യമായും അതെനിക്കറിയില്ല.
*

*ലവ്‌ലേസ് - റിച്ചാർഡ്സന്റെ ക്ളാരിസ്സ എന്ന നോവലിലെ കഥാപാത്രം.
മലയാളനാട് വെബ് മാഗസീന്‍ ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
The story in English