കവി സ്വന്തം മരണത്തെക്കുറിച്ചു ചോദിക്കുന്നു
ഞാൻ മരിക്കുന്നത് നെടുകെയോ വിലങ്ങനെയോ?
വിഭ്രാന്തനായോ സ്വബോധത്തോടെയോ ബോധമില്ലാതെയോ?
ഇഞ്ചിഞ്ചായോ പൊടുന്നനെയോ?
ഞാൻ ആത്മഹത്യ ചെയ്യുമോ, കലഹക്കാരനായി, കുറ്റവാളിയായി മരിക്കുമോ?
നിർവികാരനായോ തണുപ്പിലോ ചൂടിലോ?
രോഗിയായി, വാടിക്കുഴഞ്ഞാണോ ഞാൻ മരിക്കുക?
അതോ ഒരു നിത്യമരണം ഞാൻ മരിക്കണോ?
വീട്ടിൽ, ആശുപത്രിയിൽ, ഒറ്റയ്ക്ക്, ആളുകൾക്കു നടുവിൽ?
അതു പെട്ടെന്നാവുമോ അതോ നീണ്ടുപോകുമോ?
ശാന്തനായോ ക്രൂരനായോ ക്ഷുഭിതനായോ?
അതോ മരണത്തെ നേർക്കു നേർ നോക്കിയോ?
എണ്ണിയെണ്ണിക്കുറയുന്നത്
ചോരുന്ന ടാപ്പിൽ നിന്നിറ്റുന്ന തുള്ളികൾ
ഒന്ന് രണ്ടെന്നെണ്ണുന്ന നിദ്രാരഹിതനെപ്പോലെ.
തനിക്കെത്ര വയസ്സായെന്നൊരു കുട്ടി
ഒരു കൈയിലെ വിരലുകൾ കൊണ്ടെണ്ണുന്നപോലെ.
എനിക്കിനി കുറച്ചു കാലമേയുള്ളുവെന്നതിനാൽ
എനിക്കു ശേഷിച്ച കാലമെനിക്കെണ്ണണം, അതുപോലെ.
അയോഗ്യൻ
അന്യരാണു സൂര്യനെന്നെനിക്കറിയാം, ഞാൻ വെറും നിഴലാണെന്നും.
അന്യർ സമ്മാനിതരാവുന്നു,
ഞാൻ അവർക്കുള്ള ശിക്ഷയാകുന്നു.
ചിരിക്കുന്നതന്യരാണ്,
പിന്നീടു കരയുന്നതു ഞാനും.
അന്യർ പൂർണ്ണത,
ഞാൻ ഒരിക്കലും പണി തീരാത്തതും.
അന്യർ സ്നേഹിക്കപ്പെടുകയാണ്,
ഞാൻ സ്നേഹത്തിലാവുകയാണ്.
അവർ കൊടുമുടികൾ,
ഞാൻ മലഞ്ചരിവിൽ പിടിച്ചുകയറുന്നവൻ.
അന്യർ വിജയിക്കുന്നവർ,
ഞാൻ തോറ്റുകൊണ്ടു നേടുന്നവൻ.
അന്യരാണെത്തിച്ചേരുന്നവർ,
ഞാൻ വിട്ടുപോകുന്നവനും.
ഞാനെഴുതും
എന്റെ വാക്കവർ എടുത്തുമാറ്റിയാൽ
മൗനം കൊണ്ടു ഞാനെഴുതും.
എന്റെ വെളിച്ചമവർ എടുത്തുമാറ്റിയാൽ
ഇരുട്ടിന്റെ സാന്ദ്രത കൊണ്ടു ഞാനെഴുതും.
എനിക്കെന്റെ ഓർമ്മ നഷ്ടമായാൽ
മറ്റൊരുതരം വിസ്മൃതി ഞാൻ കണ്ടുപിടിക്കും.
സൂര്യനേയും മേഘങ്ങളേയുമവർ പിടിച്ചെടുത്താൽ,
ഗ്രഹങ്ങളെയവർ തട്ടിപ്പറിച്ചാൽ
സ്വന്തം ഭ്രമണപഥത്തിൽ ഞാൻ വട്ടം തിരിയും.
സംഗീതത്തെയവർ അകത്തിട്ടടച്ചാൽ
ഒരു സ്വരവുമില്ലാതെ ഞാനാലപിക്കും.
കടലാസവർ കത്തിച്ചുകളഞ്ഞാൽ,
മഷിയവർ ആവിയാക്കിക്കളഞ്ഞാൽ,
കമ്പ്യൂട്ടർ സ്ക്രീനുകളവർ ഉടച്ചുകളഞ്ഞാൽ,
ചുമരുകളെല്ലാമവർ ഇടിച്ചുകളഞ്ഞാൽ
എന്റെ ശ്വാസത്തിന്മേൽ ഞാനെഴുതും.
എന്നെ ദീപ്തമാക്കുന്ന തീജ്ജ്വാല
അവരണച്ചുകളഞ്ഞാൽ
പുകയിന്മേൽ ഞാനെഴുതും.
ആ പുകയും പൊയ്ക്കഴിഞ്ഞാൽ
എന്റെ കണ്ണുകളില്ലാതെ ജനിച്ച സ്വപ്നങ്ങളിൽ ഞാനെഴുതും.
എന്റെ ജീവനവർ കൊണ്ടുപോയാൽ
എന്റെ മരണം കൊണ്ടു ഞാനെഴുതും.
*
Angel Guinda(1948- 2022)സ്പാനിഷ് കവിയും ലേഖകനും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ