ഹോമർ
ചുവന്ന പകയുടെ പാട്ടുകൾ ഞാൻ പാടി,
മരത്തണലിൽ തളം കെട്ടിയ തടാകങ്ങളെക്കുറിച്ചു ഞാൻ പാടി,
എന്നിട്ടെനിക്കു കൂട്ടു വരാനൊരാളു പോലുമുണ്ടായില്ല;
മനം കടുത്തവനായി, ഒറ്റയാനായി,
തന്നോടു തന്നെ പാടുന്ന ചീവീടിനെപ്പോലെ
എന്നോടു തന്നെ ഞാനെന്റെ പാട്ടുകൾ പാടി.
ഇന്നെന്റെ ചുവടുകൾ മറയുകയായി,
ആലസ്യത്തിന്റെ പൂഴിമണ്ണിൽ പൂണ്ടുപോവുകയായി.
എന്റെ കണ്ണുകൾ തളർന്നുകൂമ്പുന്നു,
സാന്ത്വനമേകാത്ത കടവുകളെനിയ്ക്കു മടുത്തു,
കടൽയാത്രകൾ, യുവതികൾ, തെരുവുകൾ മടുത്തു.
അന്തിമസമുദ്രത്തിന്റെ വക്കത്തു നില്ക്കുമ്പോൾ
പരിചകളും കുന്തങ്ങളുമെനിക്കോർമ്മ വരുന്നില്ല.
ബിർച്ചുമരങ്ങൾ വീശിത്തരുമ്പോൾ
ഒരു കിന്നരഗാനം കേട്ടു ഞാനുറങ്ങുന്നു,
മറ്റൊരാളുടെ വിരലിൽ നിന്നതിന്റെ സംഗീതമിറ്റുവീഴുന്നു.
ഇനി ഞാനനങ്ങില്ല,
എന്റെ ചിന്തകളും ചെയ്തികളും
ലോകത്തിന്റെ തെളിഞ്ഞ കണ്ണുകളെ കലുഷമാക്കരുതല്ലോ.
മടക്കം
എവിടെ, നിന്റെ പഴമയുടെ അലകൾ, പുഴപ്പരപ്പേ?
നിന്റെ വട്ടയിലകളുമെവിടെ,
എന്റെ യൗവനത്തിലെ വേലമരങ്ങളേ?
പൊയ്പ്പോയ ഹേമന്തങ്ങളിലെ പുതുമഞ്ഞെവിടെ?
വീട്ടിലേക്കെത്തുമ്പോൾ വീടു ഞാൻ കാണുന്നില്ല,
വീടുകൾ മറ്റൊരു വേഷമണിഞ്ഞിരിക്കുന്നു,
പരിചയമില്ലാത്ത തെരുവുകളിലവ
നാണമില്ലാതൊരുമിച്ചു കൂടിയിരിക്കുന്നു.
മുടി പിന്നിയിട്ട പെൺകുട്ടികൾ,
എത്രയും സങ്കോചത്തോടെ ഞാൻ പ്രേമിച്ചവർ,
അവരിന്നു കുട്ടികളുള്ള സ്ത്രീകളായിരിക്കുന്നു.
യാതന
എന്റെ വിലാപത്തിന്റെ കരിവണ്ടിയിൽ
എങ്ങനെ കൊളുത്തപ്പെട്ടവനായി ഞാൻ!
ഊറാമ്പുലിയെപ്പോലറയ്ക്കുന്ന കാലം
എനിയ്ക്കു മേലിഴഞ്ഞുകേറുന്നു.
എന്റെ മുടിയിഴകൾ കൊഴിയുന്നു,
എന്റെ തല നരയ്ക്കുന്നു,
അവസാനമെത്തുന്ന കൊയ്ത്തുകാരൻ
അരിവാളു വീശുന്ന പാടം പോലെ!
എന്റെ കൈകാലുകൾക്കു ചുഴലവുമായി
നിദ്രയുടെ ഇരുൾ പടരുന്നു.
സ്വപ്നങ്ങളിലിപ്പോഴേ ഞാൻ മരിച്ചുകഴിഞ്ഞു,
എന്റെ തലയോട്ടിയിൽ നിന്നു പുല്ലു മുളയ്ക്കുന്നു,
എന്റെ തല കരിമണ്ണുമായിരുന്നു.
ആൽബർട്ട് എഹ്റെൻസ്റ്റീൻ Albert Ehrenstein (1886-1950) - ഓസ്ട്രിയയിൽ ജനിച്ച ജർമ്മൻ എക്സ്പ്രഷനിസ്റ്റ് കവി. ജീവിതത്തിൽ അധികകാലവും ബർലിനിൽ താമസമായിരുന്നുവെങ്കിലും യൂറോപ്പ്, ആഫ്രിക്ക, വിദൂരപൂർവ്വദേശം എന്നിവിടങ്ങളിൽ വിപുലമായ യാത്രകൾ നടത്തിയിട്ടുണ്ട്. നാസികൾ അധികാരമേല്ക്കുന്നതിനു തൊട്ടു മുമ്പ് സ്വിറ്റ്സർലണ്ടിലേക്കു താമസം മാറ്റി; 1941ൽ ന്യൂയോർക്കിൽ സ്ഥിരതാമസമാക്കി. അവിടെ വച്ച് തോമസ് മൻ, ജോർജ്ജ് ഗ്രോസ് തുടങ്ങിയ ജർമ്മൻ പ്രവാസികളെ പരിചയപ്പെട്ടു. ഇംഗ്ളീഷ് പഠിച്ചുവെങ്കിലും ജോലിയൊന്നും കിട്ടിയില്ല. ലേഖനങ്ങൾ എഴുതി കിട്ടുന്ന പ്രതിഫലമായിരുന്നു വരുമാനം. 1949ൽ സ്വിറ്റ്സർലണ്ടിലേക്കും അവിടെ നിന്ന് ജർമ്മനിയിലേക്കും പോയെങ്കിലും നിരാശനായി ന്യൂയോർക്കിലേക്കു തന്നെ മടങ്ങി. ഒടുവിൽ ഒരു അഗതിമന്ദിരത്തിൽ വച്ച് 1950 ഏപ്രിൽ 8നു മരിച്ചു.
ബൂർഷ്വാമൂല്യങ്ങളുടെ തിരസ്കാരവും കിഴക്കിനോട്, പ്രത്യേകിച്ചും ചൈനയോടുള്ള അഭിനിവേശവുമാണ് അദ്ദേഹത്തിന്റെ കവിതയുടെ മുഖമുദ്ര.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ