2017, മേയ് 26, വെള്ളിയാഴ്‌ച

ബോര്‍ഹസ് – എല്ലാമായി , എന്നാലൊന്നുമല്ലാതായി

shakespeare

അയാളിൽ ആരുമുണ്ടായിരുന്നില്ല; അയാളുടെ മുഖത്തിനും (അക്കാലത്തെ ഏറ്റവും മോശമായ ചിത്രങ്ങളിൽ പോലും അത് മറ്റാരുടേതു പോലെയുമായിരുന്നില്ല) സമൃദ്ധവും ഭാവനാപൂരിതവും അതിവൈകാരികവുമായ അയാളുടെ വാക്കുകൾക്കും പിന്നിൽ ഒന്നുമുണ്ടായിരുന്നില്ല, ഒരു തണുപ്പിന്റെ ലാഞ്ഛനയും മറ്റാരും കാണാത്ത ഒരു സ്വപ്നവുമല്ലാതെ. ആദ്യമൊക്കെ അയാൾ കരുതിയത് എല്ലാവരും തന്നെപ്പോലെയാണെന്നായിരുന്നു; എന്നാൽ ആ ശൂന്യതയെക്കുറിച്ച് ഒരു സ്നേഹിതനോടു ചെറുതായൊന്നു പരാമർശിച്ചപ്പോൾ അയാളുടെ മുഖത്തു കണ്ട അമ്പരപ്പ് അയാളുടെ തെറ്റിദ്ധാരണ തീർക്കാൻ മതിയാകുന്നതായിരുന്നു; വ്യക്തി ഒരിക്കലും തന്റെ വർഗ്ഗത്തിൽ നിന്നു വിഭിന്നനാകരുതെന്നും അതോടെ അയാൾക്കു ബോദ്ധ്യമായി. തന്റെ രോഗത്തിനുള്ള ഔഷധം പുസ്തകങ്ങളിൽ കണ്ടേക്കാമെന്ന് ഒരിക്കലയാൾക്കു തോന്നി; അങ്ങനെ, ഒരു സമകാലികൻ പിന്നീടു സൂചിപ്പിച്ച “അല്പം ലാറ്റിനും അല്പം ഗ്രീക്കും” അയാൾ വശത്താക്കി. പിന്നീടയാൾക്ക് ആലോചന പോയി, താൻ തേടി നടക്കുന്നത് മനുഷ്യരാശിയുടെ ഒരു പ്രാചീനാനുഷ്ഠാനത്തിലുണ്ടായേക്കാമെന്ന്; അങ്ങനെയാണയാൾ ഒരു ജൂൺ മാസത്തിലെ സുദീർഘമായൊരപരാഹ്നത്തിൽ ആൻ ഹാഥവേയ്ക്കു ശിഷ്യപ്പെടുന്നത്. ഇരുപതു കഴിഞ്ഞപ്പോൾ അയാൾ ലണ്ടനിലേക്കു പോയി. താൻ ആരുമല്ലെന്ന് ആരും കണ്ടുപിടിക്കരുതെന്നതിനായി താൻ ആരോ ആണെന്നു നടിക്കുന്നതിൽ ജന്മവാസന കൊണ്ടുതന്നെ അയാൾ ഇതിനകം നൈപുണ്യം നേടിക്കഴിഞ്ഞിരുന്നു. ലണ്ടനിൽ വച്ചാണ്‌ അയാൾ തന്റെ തലയിലെഴുതിയിരിക്കുന്ന തൊഴിൽ കണ്ടെത്തുന്നത്: ഒരരങ്ങിൽ കയറി നിന്നിട്ട് ഒരു കൂട്ടം ആൾക്കാർക്കു മുന്നിൽ താൻ മറ്റാരോ ആണെന്നു ഭാവിക്കുക (അയാളെ മറ്റേയാളായിട്ടാണു തങ്ങൾ കാണുന്നതെന്ന് അവരും ഭാവിക്കുന്നുണ്ട്). നാടകാഭിനയം അപൂർവ്വമായ ഒരാനന്ദം അയാൾക്കു നല്കി; ആദ്യമായിട്ടാണ്‌ അങ്ങനെയൊന്ന് അയാളറിയുന്നതെന്നും വരാം. പക്ഷേ അവസാനത്തെ വരിക്കുള്ള കരഘോഷവും നിലച്ചുകഴിഞ്ഞാൽ, അവസാനത്തെ ജഡവും അരങ്ങിൽ നിന്നു മാറ്റിക്കഴിഞ്ഞാൽ അയഥാർത്ഥതയുടെ ഹീനമായ നിഴൽ വീണ്ടും അയാൾക്കു മേൽ വീഴുകയായി: അയാളിപ്പോൾ ഫെറെക്സോ ടാംബർലെയ്നോ അല്ല, പണ്ടേപ്പോലെ ആരുമല്ലാത്ത ഒരാൾ. ഞെരുക്കം താങ്ങാൻ പറ്റില്ലെന്നായപ്പോൾ അയാൾ മറ്റു വീരനായകന്മാരെ ഭാവന ചെയ്യാൻ തുടങ്ങി, മറ്റു ദുരന്തകഥകൾ സങ്കല്പിച്ചെടുക്കാൻ തുടങ്ങി. അങ്ങനെ, ലണ്ടനിലെ വേശ്യാലയങ്ങളിലും മദ്യശാലകളിലും അയാളുടെ ഉടൽ അതിന്റെ വിധി നിറവേറ്റുകയായിരുന്നപ്പോൾ അതിൽ കുടികൊണ്ടിരുന്ന ആത്മാവ് ദൈവജ്ഞന്റെ താക്കീതുകളെ മാനിക്കാത്ത സീസറിന്റേതായിരുന്നു, വാനമ്പാടികളെ വെറുക്കുന്ന ജൂലിയറ്റിന്റേതായിരുന്നു, വിധിയുടെ ദേവതകൾ കൂടിയായ ദുർമ്മന്ത്രവാദിനികളോട് ചതുപ്പിൽ വച്ചു സംഭാഷണത്തിലേർപ്പെടുന്ന മാക്ബത്തിന്റേതായിരുന്നു. ഈയാളെപ്പോലെ മറ്റാരും ഇത്രപേരായിട്ടുണ്ടാവില്ല: ഈജിപ്തുകാരൻ പ്രോട്ടിയസിനെപ്പോലെ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികളുടെ രൂപങ്ങളും അയാൾ എടുത്തുപയോഗിച്ചു. ഇടയ്ക്കൊക്കെ തന്റെ കൃതിയുടെ ആരും ശ്രദ്ധിക്കാത്ത ഒരു കോണിൽ അയാൾ ഒരു കുറ്റസമ്മതം തിരുകിവച്ചിരുന്നു; ആരുമതു കാണാൻ പോകുന്നില്ലെന്ന് അയാൾക്കു തീർച്ചയായിരുന്നു. റിച്ചാർഡ് ഒരിടത്തു പ്രസ്താവിക്കുന്നുണ്ട്, താൻ പല ഭാഗങ്ങളെടുക്കുന്നുവെന്ന്; ഇയാഗോയുടെ വിചിത്രമായ ഒരു വരി ഇങ്ങനെയാണ്‌: “ഞാൻ ഞാനല്ല.” ജീവിതവും സ്വപ്നവും അഭിനയവും അടിസ്ഥാനപരമായി ഒന്നാണെന്ന ബോദ്ധ്യം പ്രശസ്തമായ പല വരികളും അയാളെക്കൊണ്ടെഴുതിച്ചു. ഇരുപതു കൊല്ലം അയാൾ ആ നിയന്ത്രിതമതിഭ്രമത്തിൽ അള്ളിപ്പിടിച്ചുകിടന്നു. പിന്നൊരു ദിവസം പെട്ടെന്ന് വാളു കൊണ്ടു മരിക്കുന്ന ആ രാജാക്കന്മാരും ഒരുമിക്കുകയും പിരിയുകയും പാടിക്കൊണ്ടു മരിക്കുകയും ചെയ്യുന്ന ആ നിരാശാകാമുകരുമാകുന്നതിന്റെ മടുപ്പും ബീഭത്സതയും അയാൾക്കു താങ്ങാൻ പറ്റാതായി. ആ ദിവസം തന്നെ അയാൾ തന്റെ നാടകസംഘം പിരിച്ചുവിട്ടു. ഒരാഴ്ച കഴിയും മുമ്പ് അയാൾ താൻ ജനിച്ച നാട്ടിൽ തിരിച്ചെത്തി; അവിടെ തന്റെ ബാല്യത്തിലെ മരങ്ങളും പുഴയും അയാൾ വീണ്ടെടുത്തു; തന്റെ കാവ്യദേവത പുരാണസൂചനകളും ലാറ്റിൻ പദങ്ങളും ചാർത്തി പാടിപ്പുകഴ്ത്തിയ മറ്റു മരങ്ങളോടും പുഴകളോടും അയാൾ അവയെ ബന്ധപ്പെടുത്തിയില്ല. അയാൾക്ക് ആരെങ്കിലും ആകേണ്ടതുണ്ടായിരുന്നു; അങ്ങനെ അയാൾ ‘പണ്ടൊരു നാടകക്കമ്പനി നടത്തിയിരുന്നയാൾ’ ആയി, പണം വായ്പ കൊടുക്കുന്നയാളായി, വ്യവഹാരങ്ങളുമായി കോടതി കയറിയിറങ്ങുന്നയാളായി, കൊള്ളപ്പലിശക്കാരനായി. ആ കഥാപാത്രമായിക്കൊണ്ടാണ്‌, അയാൾ നാമിന്നറിയുന്ന ആ ശുഷ്കവിരസമായ ഒസ്യത്ത് എഴുതിവച്ചിരിക്കുന്നത്; ഒരു തരത്തിലുമുള്ള സാഹിത്യജാഡകളോ വൈകാരികതയോ അതിൽ കടന്നുവരാതിരിക്കാൻ അയാൾ മനഃപൂർവ്വമായിത്തന്നെ ശ്രദ്ധിച്ചിരിക്കുന്നു. ലണ്ടനിൽ നിന്ന് പഴയ സ്നേഹിതന്മാർ കാണാൻ വരുമ്പോൾ അയാൾ വീണ്ടും കവിയുടെ വേഷം എടുത്തണിയുകയും ചെയ്തിരുന്നു. കഥ ഇങ്ങനെ തുടരുന്നു: മരണത്തിനു മുമ്പോ പിമ്പോ താൻ ദൈവസന്നിധിയിൽ നില്ക്കുന്നതായി അയാൾ കാണുന്നു; അയാൾ യാചിക്കുന്നു: “നിഷ്ഫലമായി എത്രയോ പേരായിരുന്ന എനിക്ക് ഇനി ഒരേയൊരാളാവണം, ഞാനാവണം.” ഒരു ചുഴലിക്കാറ്റിനുള്ളിൽ നിന്ന് ദൈവത്തിന്റെ ശബ്ദം പ്രതിവചിച്ചു: “ഞാനും ഞാനല്ല. നീ നിന്റെ നാടകങ്ങൾ സ്വപ്നം കണ്ടപോലെ ഞാൻ ഈ പ്രപഞ്ചവും സ്വപ്നം കാണുകയാണ്‌, പ്രിയപ്പെട്ട ഷേക്സ്പിയർ. എന്റെ സ്വപ്നരൂപങ്ങൾക്കിടയിൽ നീയുമുണ്ട്: എല്ലാമായി, എന്നാൽ ഒന്നുമല്ലാതായി- എന്നെപ്പോലെ.”

(1960) borges2


Everything and Nothing

There was no one in him; behind his face (which even in the poor paintings of the period is unlike any other) and his words, which were copious, imaginative, and emotional, there was nothing but a little chill, a dream not dreamed by anyone. At first he thought everyone was like him, but the puzzled look on a friend’s face when he remarked on that emptiness told him he was mistaken and convinced him forever that an individual must not differ from his species. Occasionally he thought he would find in books the cure for his ill, and so he learned the small Latin and less Greek of which a contemporary was to speak. Later he thought that in the exercise of an elemental human rite he might well find what he sought, and he let himself be initiated by Anne Hathaway one long June afternoon. At twenty-odd he went to London. Instinctively, he had already trained himself in the habit of pretending that he was someone, so it would not be discovered that he was no one. In London he hit upon the profession to which he was predestined, that of the actor, who plays on stage at being someone else. His playacting taught him a singular happiness, perhaps the first he had known; but when the last line was applauded and the last corpse removed from the stage, the hated sense of unreality came over him again. He ceased to be Ferrex or Tamburlaine and again became a nobody. Trapped, he fell to imagining other heroes and other tragic tales. Thus, while in London’s bawdyhouses and taverns his body fulfilled its destiny as body, the soul that dwelled in it was Caesar, failing to heed the augurer’s admonition, and Juliet, detesting the lark, and Macbeth, conversing on the heath with the witches, who are also the fates. Nobody was ever as many men as that man, who like the Egyptian Proteus managed to exhaust all the possible shapes of being. At times he slipped into some corner of his work a confession, certain that it would not be deciphered; Richard affirms that in his single person he plays many parts, and Iago says with strange words, “I am not what I am.” His passages on the fundamental identity of existing, dreaming, and acting are famous.

Twenty years he persisted in that controlled hallucination, but one morning he was overcome by the surfeit and the horror of being so many kings who die by the sword and so many unhappy lovers who converge, diverge, and melodiously agonize. That same day he disposed of his theater. Before a week was out he had returned to the village of his birth, where he recovered the trees and the river of his childhood; and he did not bind them to those others his muse had celebrated, those made illustrious by mythological allusions and Latin phrases. He had to be someone; he became a retired impresario who has made his fortune and who interests himself in loans, lawsuits, and petty usury. In this character he dictated the arid final will and testament that we know, deliberately excluding from it every trace of emotion and of literature. Friends from London used to visit his retreat, and for them he would take on again the role of poet.

The story goes that, before or after he died, he found himself before God and he said: “I, who have been so many men in vain, want to be one man: myself.” The voice of God replied from a whirlwind: “Neither am I one self; I dreamed the world as you dreamed your work, my Shakespeare, and among the shapes of my dream are you, who, like me, are many persons—and none.”

[From Dreamtigers, by Jorge Luis Borges, translated by Mildred Boyer]


2017 മേയ് മാസത്തെ മലയാളനാട് വെബ് മാഗസീനില്‍ പ്രസിദ്ധീകരിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല: