ഗുസ്താവോ അഡോൾഫോ ബക്കെർ Gustavo Adolfo Bécquer പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ സ്പാനിഷ് സാഹിത്യത്തിൽ ആവിർഭവിച്ച കാല്പനികാനന്തരപ്രസ്ഥാനത്തിലെ മുഖ്യകവി. 1836ൽ സെവിയേയിൽ ജനിച്ചു. പതിനാറാം നൂറ്റാണ്ടിൽ ആൻഡലൂഷ്യയിൽ കുടിയേറിയ ഒരു പ്രഭുകുടുംബത്തിൽ പെട്ട അച്ഛൻ ചിത്രകാരനായിരുന്നു. ബക്കെറിന് അഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു; പതിനൊന്നാമത്തെ വയസ്സിൽ അമ്മയും. അതോടെ അനാഥരായ ബക്കെറും സഹോദരൻ വലേറിയാനോയും അമ്മായി മരിയ ബാസ്റ്റിഡായുടെ സംരക്ഷണയിലായി. ഇക്കാലത്ത് ചിത്രരചനയിലായിരുന്നു അദ്ദേഹത്തിന്റെ താല്പര്യമെങ്കിലും അമ്മാവന്റെ ഉപദേശത്തെത്തുടർന്ന് ലാറ്റിൻ പഠനത്തിനു ചേർന്നു. എഴുത്തുകാരനാവുക എന്ന ലക്ഷ്യത്തോടെ 1854ൽ മാഡ്രിഡിലേക്കു താമസം മാറ്റി. അതിൽ പക്ഷേ, വിജയം കാണാനായില്ല. ജീവിക്കാൻ വേണ്ടി ഹാസ്യനാടകങ്ങളെഴുതേണ്ടിവരുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. 1857ൽ അദ്ദേഹത്തിന് ക്ഷയരോഗം ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. ഇക്കാലത്തു തന്നെ ജോലിയും നഷ്ടപ്പെട്ടതോടെ വിഷാദത്തിനടിപ്പെട്ട ബക്കെറെ താങ്ങിനിർത്തിയത് സഹോദരനായ വലേറിയാനോ ആയിരുന്നു. 1858ലാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കാവ്യദേവതയായ ജൂലിയ എസ്പിൻ എന്ന ഓപ്പെറ ഗായികയെ കണ്ടുമുട്ടുന്നത്. കുലീനവർഗ്ഗത്തിൽ പെട്ട ജൂലിയക്ക് കവിയുടെ ബൊഹീമിയൻ ജീവിതം ഹിതമാകാത്തതിനെത്തുടർന്ന് ആ പ്രണയം ഏകപക്ഷീയമായി അവസാനിച്ചു. 1860ൽ തന്നെ ചികിത്സിക്കുന്ന ഡോക്ടറുടെ വീട്ടിൽ വച്ചു പരിചയപ്പെട്ട കാസ്റ്റ എസ്തെബാൻ നവറോ 1861ൽ അദ്ദേഹത്തിന്റെ ഭാര്യയായി. ‘എൽ കണ്ടെമ്പൊറേനിയോ’ എന്ന പ്രസിദ്ധീകരണത്തിനു വേണ്ടി എഴുതിയ ലേഖനങ്ങൾക്കു കിട്ടുന്ന പ്രതിഫലം കൊണ്ടാണ് ഇക്കാലത്ത് അദ്ദേഹവും ഭാര്യയും അരിഷ്ടിച്ചു ജീവിച്ചത്. 1862ൽ ഒരു മകൻ പിറന്നതോടെ തന്റെ ചെറിയ കുടുംബത്തെ സംരക്ഷിക്കാനായി അദ്ദേഹം കൂടുതലായി എഴുത്തിലേക്കു തിരിഞ്ഞു; അദ്ദേഹത്തിന്റെ ഏറ്റവും നല്ല കൃതികളിൽ പലതും ഇക്കാലത്തേതാണ്. 1863ൽ സെവിയേയിലേക്കു പോയെങ്കിലും 1864ൽ വീണ്ടും മാഡ്രിഡിലേക്കു തന്നെ മടങ്ങി ഒരു നോവൽ സെൻസറായി ജോലി സ്വീകരിച്ചു. പക്ഷേ ഭാര്യക്ക് മറ്റൊരാളോടു ബന്ധമുണ്ടെന്ന സംശയവും വലേറിയാനോയുടെ മരണവും അദ്ദേഹത്തെ കടുത്ത വിഷാദത്തിനടിപ്പെടുത്തി. ക്ഷയരോഗം മൂർച്ഛിച്ച് 1870 ഡിസംബർ 22ന് അദ്ദേഹം മരണമടഞ്ഞു.
ബക്കെറുടെ കൃതികളിൽ വച്ചേറ്റവും പ്രസിദ്ധം ‘റീമ’ എന്ന പേരിൽ അറിയപ്പെടുന്ന കവിതകളാണ്. ജർമ്മൻ കവിതയും (ഹീനേയുടെ വിശേഷിച്ചും) സ്പാനിഷ് നാടോടിക്കവിതാപാരമ്പര്യവും കാര്യമായി സ്വാധീനിച്ചിട്ടുള്ള ഈ 86 കവിതകൾ അദ്ദേഹത്തിന്റെ മരണശേഷം സുഹൃത്തുക്കളാണ് പ്രസിദ്ധീകരിച്ചത്. സാഹിത്യസൃഷ്ടിയെക്കുറിച്ചുള്ള ചിന്തകൾ, പ്രണയവും പ്രണയനൈരാശ്യവും, ലോകവും സ്നേഹവും പരാജയപ്പെടുത്തിയ ഒരു കവിയുടെ മരണവുമായുള്ള അന്തിമയുദ്ധം ഇതൊക്കെയാണ് ഈ കവിതകളിലെ പ്രമേയങ്ങൾ.
----------------------------------------------------------------------------------------------------------------------
നമ്മുടെ പ്രണയമൊരു ദുരന്തനാടകമായിരുന്നു...
----------------------------------------------------------------------------------------------------------------
നമ്മുടെ പ്രണയമൊരു ദുരന്തനാടകമായിരുന്നു,
അതേ സമയമതൊരു പ്രഹസനവുമായിരുന്നു;
കളിയുടെയും കാര്യത്തിന്റെയും വിചിത്രമിശ്രത്തിൽ നിന്നും
കണ്ണീരും ചിരിയും നമുക്കാവോളം കിട്ടുകയും ചെയ്തു.
മോശമായതു പക്ഷേ, നാടകാന്ത്യമായിരുന്നു:
അവസാനരംഗവും കഴിഞ്ഞു തിരശ്ശീല താഴുമ്പോൾ
കണ്ണീരും ചിരിയും രണ്ടും നിനക്കു ശേഷിച്ചിരുന്നു,
എനിക്കു ശേഷിച്ചതു കണ്ണീരു മാത്രമായിരുന്നു.
(റീമ 31)
--------------------------------------------------------------------------------------------------------------------------------------
ഇന്നു ഭൂമിയുമാകാശവും എനിക്കു മേൽ മന്ദഹസിച്ചു...
------------------------------------------------------------------------------------------------------------------
ഇന്നു ഭൂമിയുമാകാശവും എനിക്കു മേൽ മന്ദഹസിച്ചു,
ഇന്നെന്റെയാത്മാവിന്റെ കയങ്ങളിൽ വെയില്ക്കതിരുകളിറങ്ങിവന്നു;
ഇന്നു ഞാനവളെക്കണ്ടു...അവളെ ഞാൻ കണ്ടു, അവളെന്നെ നോക്കി...
ദൈവമെന്നൊരാളുണ്ടെന്നെനിക്കിന്നു വിശ്വാസവുമായി!
(റീമ 17)
----------------------------------------------------------------------------------------------------------------------------------------
മാറിടത്തിനടുത്തായി...
------------------------------------------------------------------------------------------------------------------
മാറിടത്തിനടുത്തായി
നീ ചൊരുകിവച്ച പനിനീർപ്പൂ-
എങ്ങനെയതതിജീവിക്കും?
അഗ്നിപർവ്വതത്തിനു മേൽ
പൂ വിരിഞ്ഞുനില്ക്കുന്നതായി
ഇന്നേവരെ ഞാൻ കണ്ടിട്ടില്ല!
--------------------------------------------------------------------------------------------------------------------------
രണ്ടുപേർ വിട പറയുമ്പോൾ
-------------------------------------------------------------------------------------------------------------------
രണ്ടുപേർ വിട പറയുമ്പോൾ
ഇരുവരുമന്യോന്യം കരം ഗ്രഹിക്കുന്നു,
പിന്നെയൊരു തേങ്ങലിനു തുടക്കമിടുന്നു,
ഒടുക്കമില്ലാത്തൊരു നെടുവീർപ്പിനും.
വേർപെടുമ്പോൾ നാം നെടുവീർപ്പിട്ടില്ല,
നമുക്കിടയിൽ കണ്ണീരും പെയ്തില്ല;
കരച്ചിലും നെടുവീർപ്പും പിന്നെയായിരുന്നു,
നാം വിട പറഞ്ഞതിൽ പിന്നെ.
---------------------------------------------------------------------------------------------------------------------------------------
ആത്മാവിന്റെ രാത്രിയിൽ
-------------------------------------------------------------------------------------------------------------------
ആത്മാവിന്റെ രാത്രിയിൽ പ്രഭാതത്തിന്റെ വരവറിയിക്കുന്നവിചിത്രവും ഗംഭീരവുമായ ഒരു കീർത്തനമെനിക്കറിയാം;
ആ കീർത്തനത്തിന്റെ സ്വരാവലികളാണിവ,
കാറ്റിൽ നിഴലുകളിലേക്കലിഞ്ഞിറങ്ങിയവ.
അതിനെ കൈക്കലാക്കാനെത്ര ഞാൻ മോഹിക്കുന്നു,
ദരിദ്രവും അപര്യാപ്തവുമായ മനുഷ്യഭാഷയിൽ,
ഒരേ നേരം ചിരിയും നെടുവീർപ്പുകളുമായ,
നിറങ്ങളും സ്വരങ്ങളുമായ വാക്കുകളിൽ!
എന്റെ യത്നങ്ങൾ പക്ഷേ, നിഷ്ഫലമത്രേ;
അതുൾക്കൊള്ളാനൊരു വാക്കിനുമാവില്ല;
സൌന്ദര്യമേ, നിന്റെ കൈ കവരാനെനിക്കായെങ്കിൽ
സ്വകാര്യത്തിലതു ഞാൻ നിനക്കോതിത്തരുമായിരുന്നു!
(റീമ 1)
------------------------------------------------------------------------------------------------------------------------------------------
മുറിവിൽ നിന്നു കത്തി വലിച്ചൂരുമ്പോലെ...
---------------------------------------------------------------------------------------------------------------------
മുറിവിൽ നിന്നു കത്തി വലിച്ചൂരുമ്പോലെഎന്റെ ഹൃദയത്തിൽ നിന്നു ഞാനവളുടെ സ്നേഹം പറിച്ചെടുത്തു;
അങ്ങനെ ചെയ്തുവെങ്കിലും മനസ്സുകൊണ്ടെനിക്കു തോന്നിയിരുന്നു,
സ്വന്തം പ്രാണൻ കൂടിയും പറിച്ചെടുക്കുകയാണു ഞാനെന്ന്.
എന്റെ പ്രണയമവൾക്കായിത്തീർത്ത പീഠത്തിൽ നിന്നും
അവളുടെ വിഗ്രഹം ഞാൻ പുഴക്കിയെടുത്തു;
എന്റെ വിശ്വാസമവൾക്കായി കൊളുത്തിയ ദീപം
ശൂന്യമായ ശ്രീകോവിലിൽ കെട്ടണയുകയും ചെയ്തു.
എന്നിട്ടും പക്ഷേ, അവളുടെ രൂപമെന്നിൽ കുടിയേറുന്നു,
എന്റെ നിശ്ചയദാർഢ്യത്തോടു പൊരുതാൻ വരുന്നു;
എന്നെയുണർത്തിയിരുത്തുന്ന ഈ സ്വപ്നം കാണാതെ
എന്നാണെനിക്കൊന്നുറങ്ങാൻ കഴിയുക!
(റീമ 48)
-------------------------------------------------------------------------------------------------------------------------------------
നിഴലുകൾ വാഴുന്ന രാത്രിയിൽ...
--------------------------------------------------------------------------------------------------------------------
നിഴലുകൾ വാഴുന്ന രാത്രിയിൽനീയറിഞ്ഞുകാണുമോ,
ഒച്ച താഴ്ത്തിയൊരു ഗാനം,
തേങ്ങുന്നൊരു വിപുലശോകം?
നിന്റെ കാതിലെങ്ങാനും പെട്ടുവോ,
കമ്പി പൊട്ടിയ വീണയിന്മേൽ
എന്റെ മരിച്ച കൈകൾ തുടങ്ങിവച്ച
ഒരു മൌനവിഷാദത്തിന്റെ സ്വരങ്ങൾ?
നിന്റെ ചുണ്ടിൽ നീയറിഞ്ഞുവോ,
ഒരു കണ്ണീർത്തുള്ളി നനവു പകരുന്നതായി,
മഞ്ഞു പോലെന്റെ വിരലുകൾ
നിന്റെ പനിനീർപ്പൂവിരലുകളെ കവരുന്നതായി?
സ്വപ്നങ്ങളിൽ നീ കണ്ടിരുന്നില്ലേ,
വായുവിലൊരു നിഴലലയുന്നതായി?
കിടപ്പറയിലൊരു സ്ഫോടനം പോലെ
ചുണ്ടുകളിലൊരു ചുംബനം നീയറിഞ്ഞില്ലേ?
എന്റെ പ്രാണനേ, ഞാനാണയിട്ടു പറയട്ടെ,
കാതരയായി നിന്നെ ഞാനെന്റെ കൈകളിൽ കണ്ടു;
മുല്ലപ്പൂ മണക്കുന്ന നിന്റെ നിശ്വാസം ഞാൻ കൊണ്ടു,
എന്റെ ചുണ്ടിൽ നിന്റെ ചുണ്ടമരുന്നതും ഞാനറിഞ്ഞു.
(റീമ-91)
-------------------------------------------------------------------------------------------------------------------------------------
ഒരുവളാലെന്റെ ആത്മാവു വിഷലിപ്തമായി...
-----------------------------------------------------------------------------------------------------------------
ഒരുവളാലെന്റെ ആത്മാവു വിഷലിപ്തമായി,ഇനിയൊരുവളാലെന്റെ ഉടലും വിഷലിപ്തമായി;
ഇരുവരിലൊരുവളുമെന്നെത്തേടിയെത്തിയില്ല,
ഇരുവരെക്കുറിച്ചുമെനിക്കു പരാതിയുമില്ല.
ലോകമുരുണ്ടതല്ലേ, അതു കറങ്ങുകയുമല്ലേ?
കറങ്ങിത്തിരിഞ്ഞിനിയൊരു നാൾ ആ വിഷം
മറ്റൊരാളെത്തീണ്ടിയാലെന്നെപ്പഴിക്കല്ലേ:
എനിക്കു കിട്ടിയതല്ലാതെന്തു ഞാൻ നല്കാൻ?
---------------------------------------------------------------------------------------------------------------------
ഈ മധുരമദിരയുടെ രുചി...
-------------------------------------------------------------------------------------------------------------
ഈ മധുരമദിരയുടെ രുചിഅടിമട്ടിന്റെ കയ്പു തട്ടാതറിയണമെന്നു നിനക്കുണ്ടോ?
എങ്കിൽ നീയിതു ചുണ്ടോടടുപ്പിക്കൂ,
അതിന്റെ വാസന നുകരൂ, പിന്നെയതു താഴെ വയ്ക്കൂ.
ഈ പ്രണയത്തിന്റെ ഹൃദ്യമായ ഓർമ്മ
നമ്മിലെന്നുമുണ്ടാവണമെന്നു നിനക്കുണ്ടോ?
എങ്കിൽ ഇന്നു നമുക്കന്യോന്യം പ്രേമിക്കാം,
നാളെ നമുക്കു വിട പറയാം!
-----------------------------------------------------------------------------------------------------------------------
കണ്ണില്‍ പെടാത്തൊരു കാറ്റോട്ടത്താൽ...
---------------------------------------------------------------------------------------------------------------
കണ്ണില്‍ പെടാത്തൊരു കാറ്റോട്ടത്താൽനിന്റെ ചെഞ്ചുണ്ടുകളുഷ്ണിച്ചുവെന്നിരിക്കട്ടെ,
കണ്ണുകൾ കൊണ്ടു സംസാരിക്കുന്നൊരു ഹൃദയം
നോട്ടം കൊണ്ടു ചുംബിക്കുമെന്നും നീയന്നറിയും!
-------------------------------------------------------------------------------------------------------------------
എനിക്കു ശേഷിച്ച ഹ്രസ്വായുസ്സിന്റെ...
-------------------------------------------------------------------------------------------------------------
എനിക്കു ശേഷിച്ച ഹ്രസ്വായുസ്സിന്റെ ഏറ്റവും നല്ല നാളുകൾ
സന്തോഷത്തോടെ ഞാൻ നല്കിയേനെ,
എന്നെക്കുറിച്ചന്യരോടെന്താണു നീ പറയുന്നതെന്നറിയാൻ.
ഈ നശ്വരജീവിതവും പിന്നെ മരണാനന്തരജീവിതവും
(അങ്ങനെയൊന്നെനിക്കു വിധിച്ചിട്ടുണ്ടെങ്കിൽ)
ഒറ്റയ്ക്കിരിക്കുമ്പോൾ എന്നെക്കുറിച്ചെന്താണു നീ ചിന്തിക്കുന്നതെന്നറിയാൻ.
---------------------------------------------------------------------------------------------------------------------
നീ ചണ്ഡവാതമായിരുന്നു...
--------------------------------------------------------------------------------------------------------------
നീ ചണ്ഡവാതമായിരുന്നു,അതിന്റെ ശക്തിയെ ധിക്കരിച്ച ഗോപുരം ഞാൻ;
ഒന്നുകിൽ നീ തകരുമായിരുന്നു,
അല്ലെങ്കിലെന്നെ തട്ടിത്താഴെയിടുമായിരുന്നു.
രണ്ടുമെങ്ങനെ നടക്കാൻ!
നീ വൻകടലായിരുന്നു,
അതിന്റെ ഇരച്ചുകേറ്റത്തെത്തടഞ്ഞ പാറക്കെട്ടു ഞാൻ;
ഒന്നുകിൽ നീ തല്ലിത്തകരുമായിരുന്നു,
അല്ലെങ്കിലെന്നെ ഒഴുക്കിക്കളയുമായിരുന്നു.
രണ്ടുമെങ്ങനെ നടക്കാൻ!
നീ സുന്ദരിയായിരുന്നു, ഞാൻ അഭിമാനിയും;
ഒരാൾക്കു പരിചയം കോയ്മയായിരുന്നു,
മറ്റേയാൾക്കു വഴങ്ങി പരിചയവുമില്ല.
വഴി ഇടുങ്ങിയതായിരുന്നു, ഏറ്റുമുട്ടൽ അനിവാര്യവും.
രണ്ടുമെങ്ങനെ നടക്കാൻ!
ഒരു ചുംബനത്തിനായി...
ഒരു നോട്ടത്തിനായി, ഒരു ലോകം;
ഒരു പുഞ്ചിരിക്കായി, ഒരാകാശം;
ഒരു ചുംബനത്തിനായി...എനിക്കറിയില്ല,
ഒരു ചുംബനത്തിനായി ഞാനെന്തുതന്നെ നൽകില്ലെന്ന്.
------------------------------------------------------------------------------------------------------------------------
നിന്റെ മന്ദഹാസത്തിന്റെ നിഴൽ...
നിന്റെ മന്ദഹാസത്തിന്റെ നിഴൽ
ഉദയം,
നിന്റെ കണ്ണുകൾ വീശുന്ന കതിർ
പകൽവെളിച്ചം,
നിന്റെ ഹൃദയം പക്ഷേ,
ഒരു ഹേമന്തരാത്രി:
ഉറഞ്ഞതും ഇരുളടഞ്ഞതും.
നിന്റെ വിടർന്ന കണ്ണുകൾക്കു വായിക്കാനായി
(എലിസയ്ക്ക്)
നിന്റെ വിടർന്ന കണ്ണുകൾക്കു വായിക്കാനായി,
നിന്റെ തെളിഞ്ഞ ശബ്ദത്തിനു പാടുവാനായി,
നിന്റെ നെഞ്ചിനെ വികാരം കൊണ്ടു നിറയ്ക്കാനായി,
-ഞാനെന്റെ കവിതകളെഴുതി.
നിന്റെ നെഞ്ചിലഭയം കണ്ടെത്തട്ടെയവയെന്നതിനായി,
ജീവനും യൌവനവുമൂഷ്മളതയുമവയ്ക്കു ലഭിക്കട്ടെയെന്നതിനായി
(എനിക്കു നൽകാനാവാത്ത മൂന്നെണ്ണമാണവ)
-ഞാനെന്റെ കവിതകളെഴുതി.
എന്റെയാനന്ദത്തിൽ നീ സന്തോഷിക്കട്ടെയെന്നതിനായി,
എന്റെ ശോകത്തിൽ നീ വേദനിക്കട്ടെയെന്നതിനായി,
എന്റെ ജീവന്റെ സ്പന്ദനം നീയറിയട്ടെയെന്നതിനായി,
-ഞാനെന്റെ കവിതകളെഴുതി.
നിന്റെ ചാരുതയ്ക്കു മുന്നിൽ കാഴ്ച വയ്ക്കാനായി,
എന്റെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും നൈവേദ്യമായി,
ഹൃദയവും ഭഗ്നസ്വപ്നങ്ങളും ചിരിയും കണ്ണീരുമായി
-ഞാനെന്റെ കവിതകളെഴുതി.
---------------------------------------------------------------------------------------------------------------------
എന്താണു കവിത...
എന്താണു കവിത?
നിന്റെ നീലക്കണ്ണുകൾ
എന്റെ കണ്ണുകളിൽ തറച്ചുകൊണ്ട്
നീ ചോദിക്കുന്നു.
എന്താണു കവിത!
അതു നീ എന്നോടു ചോദിക്കുന്നു?
കവിത...അതു നീ തന്നെ.
-------------------------------------------------------------------------------------------------------------------------
ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി...
----------------------------------------------------------------------------------------------------------------------
അവളുടെ കണ്ണിൽ ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി.എന്റെ ചുണ്ടിൽ ഒരു ക്ഷമാപണം തങ്ങിനിന്നു.
പിന്നെ സംസാരിച്ചതു പക്ഷേ, അഭിമാനമായിരുന്നു,
അവൾ തേങ്ങലടക്കി; എന്റെ നാവുറഞ്ഞും പോയി.
ഞാനെന്റെ വഴിക്കു പോയി, അവൾ മറ്റൊരു വഴിയ്ക്കും;
ഒരിക്കലഗാധമായിരുന്ന ഞങ്ങളുടെ പ്രണയത്തെക്കുറിച്ചോർക്കെ,
ഞാനിന്നും ചോദിക്കുന്നു: ഞാനെന്തുകൊണ്ടന്നു മിണ്ടിയില്ല?
അവളിന്നും ചോദിക്കുന്നു: ഞാനെന്തുകൊണ്ടന്നു കരഞ്ഞില്ല?
(റീമ30)
-------------------------------------------------------------------------------------------------------------------------------------
എന്നെ ആരോര്‍ക്കാന്‍...
--------------------------------------------------------------------------------------------------------------------
രോഗിയായി ഞാൻ കിടക്കുമ്പോൾ,നിദ്രാവിഹീനനായി നിമിഷങ്ങളെണ്ണിക്കിടക്കുമ്പോൾ
എനിക്കരികിലിരിക്കാനാരുണ്ടാവും?
മരണാസന്നന്റെ സന്ത്രാസത്തോടെ
മറ്റൊരു കൈയ്ക്കായി ഞാനെന്റെ കൈ നീട്ടുമ്പോൾ
ആ കൈ പിടിക്കാനാരുണ്ടാവും?
മരണമെന്റെ കണ്ണുകളെ പളുങ്കുകളാക്കുമ്പോൾ,
എന്റെ കണ്ണുകൾ തുറന്നു തന്നെയിരിക്കുമ്പോൾ
അവ തിരുമ്മിയടയ്ക്കാനാരുണ്ടാവും?
പള്ളിയിലെനിക്കായി മണി മുഴങ്ങുമ്പോൾ,
(അങ്ങനെയൊന്നുണ്ടായെന്നിരിക്കട്ടെ)
എനിക്കായി പ്രാർത്ഥിക്കാനാരുണ്ടാവും?
മണ്ണിനടിയിലെന്റെ അവശിഷ്ടങ്ങളുറങ്ങുമ്പോൾ,
മറവിയില്പെട്ടൊരു ശവമാടത്തിനു മുന്നിൽ
ഒരു തുള്ളി കണ്ണീരു വീഴ്ത്താനാരുണ്ടാവും?
അടുത്ത പകലും പതിവുപോലെ സൂര്യനുദിക്കുമ്പോൾ,
ഇങ്ങനെയൊരാൾ ഈ ലോകത്തു ജീവിച്ചിരുന്നു
എന്നൊന്നോർക്കാനാരുണ്ടാവും?
(റീമ 61)
-------------------------------------------------------------------------------------------------------------------------------------
ഇതൊക്കെയുമാണ് ഞാന്‍
----------------------------------------------------------------------------------------------------------------
ഏതോ കൈ തൊടുത്തുവിട്ടൊരമ്പ്-വായുവിലൂടന്ധമായി പായുമ്പോൾ
അതിനൊരെത്തും പിടിയുമില്ല,
താനെവിടെച്ചെന്നു തറയ്ക്കുമെന്ന്.
വരണ്ടുണങ്ങിയ പാഴ്മരത്തിൽ നിന്നു
കാറ്റു പറിച്ചെടുത്ത പഴുക്കില-
ആർക്കുമാർക്കും പറയാനാവില്ല,
അതു ചെന്നൊടുങ്ങുന്ന ചാലേതെന്ന്.
കടല്പരപിൽ നിന്നു തെറുത്തെടുത്തു
കാറ്റടിച്ചുപായിക്കുന്ന വൻതിര-
ഉരുണ്ടുകൂടുമ്പോളതിനറിയില്ല,
താൻ ചെന്നു തകരുന്ന തീരമേതെന്ന്.
എവിടെ നിന്നു ഞാൻ വരുന്നു,
എവിടെയ്ക്കു പോകുന്നുവെന്നറിയാതെ
ഈ ലോകത്തിലൂടലയുമ്പോൾ
ഇപ്പറഞ്ഞതൊക്കെയുമാണു ഞാൻ.
(റീമ 2)
ഞാനെവിടെ നിന്നു വരുന്നുവെന്നോ...
------------------------------------------------------------------------------------------------------------------
ഞാനെവിടെ നിന്നു വരുന്നുവെന്നോ?ഉള്ളതിൽ വച്ചേറ്റവും ചെങ്കുത്തായ പാത കണ്ടുപിടിക്കൂ;
മുരത്ത പാറപ്പരപ്പിൽ ചോര വീണ കാല്പാടുകൾ നിങ്ങൾ കാണും:
കൂർത്ത മുള്ളുകളിൽ ഒരാത്മാവിന്റെ കീറത്തുണികൾ കോർത്തുകിടക്കും;
അവ നിങ്ങൾക്കു പറഞ്ഞുതരും, എന്റെ തൊട്ടിലാടിയതെവിടെയെന്ന്.
ഞാൻ പോകുന്നതെവിടെയ്ക്കെന്നോ?
തരിശ്ശുനിലങ്ങളിൽ വച്ചേറ്റവുമിരുണ്ടതിലേക്കു ചെല്ലൂ:
എന്നും മഞ്ഞുറഞ്ഞ, എന്നും വിഷാദം മൂടിയ താഴ്‌വാരം;
ഒരു ലിഖിതവുമില്ലാത്തൊരു ശിലാഫലകം നിങ്ങളവിടെക്കാണും;
ആ വിസ്മൃതി നിങ്ങൾക്കു പറഞ്ഞുതരും, അതാണെന്റെ കുഴിമാടമെന്ന്.
(റീമ 66)
--------------------------------------------------------------------------------------------------------------------------------------
കവിത എന്നുമുണ്ടാവും
------------------------------------------------------------------------------------------------------------------
വിഷയദാരിദ്ര്യം കൊണ്ടു കലവറയൊഴിഞ്ഞതിനാൽവീണ മൂകമായെന്നു പറയരുതേ;
കവികളില്ലെന്നു വന്നേക്കാം
എന്നും പക്ഷേ, കവിതയുണ്ടാവും.
വെളിച്ചം ചുംബിക്കുന്ന കടൽത്തിരകൾ
എരിഞ്ഞുതുടിക്കുന്നിടത്തോളം കാലം,
പൊന്നും തീയും കൊണ്ടു സാന്ധ്യസൂര്യന്മാർ
ചിതറിയ മേഘങ്ങളെയുടുപ്പിക്കുന്നിടത്തോളം കാലം,
തെന്നൽ തന്റെ മടിത്തട്ടിൽ
മണങ്ങളുമീണങ്ങളും പേറുന്നിടത്തോളം കാലം,
ഭൂമിയിൽ വസന്തമുള്ളിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!
ജീവോല്പത്തിയുടെ രഹസ്യങ്ങൾ
ശാസ്ത്രത്തിനു പിടി കിട്ടാത്തിടത്തോളം കാലം,
അളവുകൾക്കുള്ളിലൊതുങ്ങാത്തൊരു ഗർത്തം
മണ്ണിലോ മാനത്തോ ശേഷിക്കുന്നിടത്തോളം കാലം,
എന്നും മുന്നോട്ടു തന്നെ പോകുന്ന മനുഷ്യനു
താനെവിടേക്കു പോകുന്നുവെന്നറിയാത്തിടത്തോളം കാലം,
ഒരു നിഗൂഢതയെങ്കിലും ശേഷിക്കുന്നിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!
ചുണ്ടുകളിലതു കാണുന്നില്ലെങ്കിലും
ആത്മാവു ചിരിക്കുകയാണെന്നു നിങ്ങൾക്കു
തോന്നുന്നിടത്തോളം കാലം,
കാഴ്ച മറച്ചുകൊണ്ടു കണ്ണീരൊഴുകുന്നില്ലെങ്കിലും
നിങ്ങൾ കരയുന്നിടത്തോളം കാലം,
മനസ്സും ഹൃദയവുമവയുടെ
യുദ്ധം തുടരുന്നിടത്തോളം കാലം,
ഓർമ്മകളും പ്രതീക്ഷകളും
ബാക്കി നില്ക്കുന്നിടത്തോളം കാലം,
-അത്രയും കാലം കവിതയുമുണ്ടാവും.
തങ്ങളെ നോക്കുന്ന കണ്ണുകളെ
കണ്ണുകൾ പ്രതിഫലിപ്പിക്കുന്നിടത്തോളം കാലം,
ചുണ്ടുകൾ നെടുവീർപ്പിടുന്ന മറ്റു ചുണ്ടുകൾക്കു
നെടുവീർപ്പു കൊണ്ടു മറുപടി പറയുന്നിടത്തോളം കാലം,
മനം കലങ്ങിയ രണ്ടാത്മാക്കൾ
ഒരു ചുംബനത്തിലൊരുമിക്കുന്നിടത്തോളം കാലം,
സൌന്ദര്യമുള്ള ഒരു സ്ത്രീയെങ്കിലുമുള്ളിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!
(റീമ-4)
----------------------------------------------------------------------------------------------------------------------------------------
English Version by Armand F. Baker
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ