2016, മേയ് 11, ബുധനാഴ്‌ച

മയക്കോവ്സ്കി - ഞാൻ



I

ചവിട്ടിക്കുഴച്ച പെരുവഴിയാ-
ണെന്റെയാത്മാ-
വതിൽ വക്രോക്തികൾ മെടയുന്നു
ഭ്രാന്തന്മാരുടെ ചുവടുകൾ.
നഗരങ്ങൾ കഴുവേറുമിടത്തേക്കു
ഞാൻ പോകുന്നു,
ഒരുകാലം മിന്നിത്തിളങ്ങിയ
ഗോപുരങ്ങളുടെ വെടിപ്പൻ കഴുത്തുകൾ
ഒരു മേഘത്തിന്റെ കൊലക്കുരുക്കിൽ
തണുത്തുപിടഞ്ഞുകിടക്കുമിടത്തേ-
ക്കൊറ്റയ്ക്കു ഞാൻ പോകുന്നു,
കവലകൾ കുരിശ്ശിലേറ്റിയ
പോലീസുകാരെച്ചൊല്ലി
വിലപിക്കാൻ.


II
എന്റെ ഭാര്യയെക്കുറിച്ച് ചില വാക്കുകൾ



അറിയാത്ത കടലുകളുടെ വിദൂരതീരങ്ങളിലൂടെ
അവൾ കടന്നുപോകുന്നു,
ചന്ദ്രൻ, എന്റെ ഭാര്യ.
ചെമ്പൻ മുടിക്കാരി എന്റെ പെണ്ണ്‌.
അവളുടെ വാഹനത്തിനു പിന്നാലെ
പലനിറനാടകളുടുത്ത നക്ഷത്രക്കൂട്ടങ്ങൾ
ഒച്ച വച്ചുകൊണ്ടു പായുന്നു.
ഒരു വർക്ക്ഷോപ്പുമായി
അവളുടെ മനസ്സമ്മതം നടക്കുന്നു,
മാടക്കടകളെ ഉമ്മ വച്ചവൾ നടക്കുന്നു.
കണ്ണു ചിമ്മുന്നൊരു ബാലൻ
ക്ഷീരപഥത്തിൽ, അവളുടെ വസ്ത്രാഞ്ചലത്തിൽ
കിന്നരിപ്പൊട്ടുകളൊട്ടിക്കുന്നു.
അപ്പോൾ ഞാനോ?
ഞാനെരിയുമ്പോൾ
ആഴക്കിണറുകളായ എന്റെ കണ്ണുകളിൽ നിന്നു
മഞ്ഞു പോലെ തണുത്ത വെള്ളം തേവുകയായിരുന്നു
എന്റെ പുരികങ്ങൾ.
പട്ടു പോലെ പൊയ്കകൾ വാരിച്ചുറ്റി
നീയവിടെ തങ്ങിനില്ക്കുമ്പോൾ
നിന്റെ പാടുന്ന തുടകൾ
ആംബറിന്റെ വയലിനുകളായിരുന്നു.
മേല്ക്കൂരകൾ കോപിഷ്ടരായ ഈ ഊഷരദേശത്ത്
നീയെറിഞ്ഞു തരുന്ന വെള്ളിച്ചരടെത്തുകയില്ല.
തെരുവുകളിൽ ഞാൻ മുങ്ങിത്താഴുന്നു,
ആലസ്യത്തിന്റെ പൂഴിയിൽ ഞാനാഴുന്നു.
നോക്കൂ, അതവളാണ്‌,
നിന്റെ മകൾ,
എന്റെ ഗാനം,
വലക്കണ്ണിക്കാലുറയുമിട്ട്,
ഓരോ കഫേയ്ക്കരികിലും!

III
എന്റെ അമ്മയെക്കുറിച്ച് ചില വാക്കുകൾ


ഇളംനീലനിറത്തിൽ ഒരു വോൾപേപ്പറാണെന്റെ അമ്മ.
ഞാനാകട്ടെ,
മയില്പൂവന്റെ കടുംനിറക്കുപ്പായവുമിട്ടു ഞെളിഞ്ഞു നടക്കുന്നു,
വരി തെറ്റിയ ഡെയ്സിപ്പൂക്കളെ
അളന്നുമുറിച്ച ചുവടുകൾ വച്ചു പീഡിപ്പിക്കുന്നു.
തുരുമ്പിച്ച ഒബോകളിൽ സായാഹ്നം ഒരീണമിടുന്നു.
ഇടുങ്ങിയ ജനാലയ്ക്കലേക്കു നടക്കുമ്പോൾ
യാത്രയ്ക്കായി പുരപ്പുറമേറിയൊരു മേഘത്തെ
പിന്നെയും കാണാമെന്നു ഞാനോർക്കുന്നു.
അമ്മ സുഖമില്ലാതെ കിടക്കുന്ന മുറിയിൽ
കിടക്കയ്ക്കരികിൽ നിന്ന്
ഒഴിഞ്ഞ മൂലകളിലേക്കു മാറുന്നവരുടെ മർമ്മരം.
അമ്മയ്ക്കറിയാം-
ഷുസ്റ്റോവ് ഫാക്ടറിയുടെ
മേല്പുരകളിൽ നിന്നിഴഞ്ഞിറങ്ങുന്ന
ഭ്രാന്തൻ ചിന്തകളാണവ.
ഒരു ഫെല്റ്റ് ഹാറ്റ് കിരീടമണിഞ്ഞ എന്റെ നെറ്റിത്തടം
ഇരുളുന്ന ജനാലച്ചട്ടത്തിൽ ചോര പുരളുമ്പോൾ
കാറ്റിന്റെ ഓരിയിടൽ വകഞ്ഞുമാറ്റി
താഴ്ന്ന സ്ഥായിയിൽ ഞാൻ പറയും,
“അമ്മേ,
നൃത്തം വയ്ക്കുന്ന മേഘങ്ങളുടെ മടമ്പുകൾ
നിന്റെ വേദനയുടെ പൂവട്ടക തട്ടിമറിയ്ക്കുമ്പോൾ
ഞാനതിനെച്ചൊല്ലി വ്യസനിക്കാൻ നിന്നാൽ
അവാൻസോ പീടികജനാലയുടെ
പരസ്യപ്പലകകളെടുത്തെറിയുന്ന സ്വർണ്ണക്കൈകളെ
ആരെടുത്തോമനിയ്ക്കും?”



IV
എന്നെക്കുറിച്ചു തന്നെ ചില വാക്കുകൾ


കുഞ്ഞുങ്ങൾ മരിക്കുന്നതു കണ്ടുനില്ക്കാൻ എനിക്കിഷ്ടമാണ്‌.
വിഷാദത്തിന്റെ തുമ്പിക്കൈനീളമുള്ള മൂക്കിനു പിന്നിൽ
ചിരിയുടെ വേലിയേറ്റത്തിന്റെ നുരയുന്ന തിരതള്ളൽ
നിങ്ങളും കണ്ടിട്ടില്ലേ?
ഞാനോ, ഞാൻ തെരുവുകളുടെ വായനമുറിയിൽ വച്ച്
ശവപ്പെട്ടിയുടെ പുസ്തകം താളു മറിച്ചു വായിച്ചിരിക്കുന്ന-
തെത്ര തവണയെന്നോ!
മഴയിറ്റുന്ന വിരലുകളാൽ പാതിരാവെന്നെ തൊട്ടുനോക്കി,
പൊളിഞ്ഞുവീണ മതിലിന്മേൽ പരതി.
മുണ്ഡനം ചെയ്ത കുംഭഗോപുരത്തിനു മേൽ
മഴ ചരലു വാരിയെറിയുമ്പോൾ
വെറി പിടിച്ച ഭദ്രാസനപ്പള്ളി ചാടിയെണീറ്റു നൃത്തം വയ്ക്കുന്നു.
പൊന്നു പൂശിയ തിരുരൂപത്തിൽ നിന്ന്
യേശു ഓടിപ്പോകുന്നതു ഞാൻ കാണുന്നു,
കാറ്റിൽ പാറുന്ന അവന്റെ വസ്ത്രാഞ്ചലത്തിൽ
തെരുവിലെ കുഴഞ്ഞ ചെളി വിതുമ്മിക്കൊണ്ടുമ്മ വയ്ക്കുന്നു.
കല്ക്കെട്ടു നോക്കി ഞാൻ ചീറി,
മാനത്തിന്റെ കൊഴുത്തുതുടുത്ത കവിളത്ത്
വെറി പിടിച്ച വാക്കുകളുടെ കഠാരകൾ ഞാനെറിഞ്ഞു കൊള്ളിച്ചു.
“സൂര്യ!
എന്റെ പിതാവേ!
എന്നോടു കരുണ കാണിക്കേണമേ,
ഈ പീഡനമൊന്നു നിർത്തേണമേ!
വഴിയിലീ ഒഴുകിപ്പരക്കുന്ന ചോര-
അതെന്റെ ചോരയാണ്‌.
കത്തിക്കരിഞ്ഞൊരാകാശത്ത്
മണിമേടയിലെ തുരുമ്പിച്ച കുരിശ്ശിലുടക്കിക്കിടക്കുന്ന
മേഘക്കീറുകൾ-
അതെന്റെ ആത്മാവാണ്‌.
കാലമേ!
മുടന്തനായ ദൈവരൂപം വരപ്പുകാരാ,
ഈ ചപലമായ നൂറ്റാണ്ടിന്റെ രൂപക്കൂടിൽ
നീയെങ്കിലും എന്റെ മുഖമൊന്നു വരച്ചുവയ്ക്കൂ!
ഒറ്റയ്ക്കാണു ഞാൻ,
കാഴ്ച മങ്ങുന്നൊരാളുടെ മുഖത്തു ശേഷിച്ച
ഒറ്റക്കണ്ണു പോലെ!”
(1913)

അഭിപ്രായങ്ങളൊന്നുമില്ല: