നിക്കോളായ് സ്റ്റെപ്പാനോവിച്ച് ഗുമില്യോവ് Nikolay Stepanovich Gumilyov (1886-1921)-റഷ്യൻ കവിയും വിവർത്തകനും കാവ്യസൈദ്ധാന്തികനും. സെന്റ് പീറ്റേഴ്സ്ബർഗ്ഗിനടുത്തുള്ള ക്രോൺസ്റ്റാഡ്റ്റിൽ ജനിച്ചു; അവിടെയുള്ള നേവൽ ബേസിൽ ഡോക്ടറായിരുന്നു അച്ഛൻ. ആദ്യത്തെ കവിതാസമാഹാരങ്ങൾ 1905ലും 1908ലും പുറത്തുവന്നു. 1907 മുതൽ അദ്ദേഹം നിരന്തരസഞ്ചാരത്തിലായിരുന്നു: ഫ്രാൻസ്, ഇറ്റലി പിന്നെ ആഫ്രിക്ക. ആഫ്രിക്കയോടുള്ള ആകർഷണം അദ്ദേഹത്തെ വർഷാവർഷം അവിടെ എത്തിച്ചിരുന്നു. 1910ൽ ഗുമില്യോവ് കൂടി സ്ഥാപകാംഗമായ ഒരു കവിസംഘമാണ് പില്ക്കാലത്ത് അക്മേയിസം (Acmeism) എന്ന സാഹിത്യപ്രസ്ഥാനമായി വികസിക്കുന്നത്. ഒസ്സിപ് മാൻഡെല്ഷ്ടം, സെർജി ഗൊരോഡെറ്റ്സ്കി, പിന്നീട് ഗുമില്യോവിന്റെ ഭാര്യയായ അന്ന ആഹ്‌മറ്റോവ എന്നിവർ ഈ പ്രസ്ഥാനത്തിലെ പ്രധാനികളായിരുന്നു. സിംബലിസ്റ്റുകളുടെ കുഴ മറിഞ്ഞ മിസ്റ്റിസിസത്തിനുള്ള ഒരു പ്രതിവിഷമായിരുന്നു അക്മേയിസം. ഗൊരോഡെറ്റ്സ്കിയുടെ വാക്കുകളിൽ :“അക്മേയിസ്റ്റുകളുടെ കൈകളിൽ റോസ് പിന്നെയും ശരിയായ റോസ് തന്നെയായി, അതിന്റെ ഇതളുകളും മണവും നിറവും കൊണ്ടുതന്നെ സുന്ദരമായി; അല്ലാതെ ഏതോ മിസ്റ്റിക് സ്നേഹത്തിനോടോ മറ്റെന്തിനെങ്കിലുമോടോ ഉള്ള സാങ്കല്പികസാദൃശ്യം കൊണ്ടല്ല.”
1914ൽ ഗുമില്യോവ് സൈന്യത്തിൽ ചേർന്നു. ധീരതയ്ക്കുള്ള രണ്ടവാർഡുകളും അദ്ദേഹത്തിനു കിട്ടി. 1917ൽ റഷ്യൻ വിപ്ലവം നടക്കുമ്പോൾ ഗുമില്യോവ് പാരീസിൽ ആയിരുന്നു. 1918ൽ അദ്ദേഹം റഷ്യയിലേക്കു പോയി. പാരീസിൽ നില്ക്കുന്നതാവും ഉചിതം എന്നുപദേശിച്ചവരോട് അദ്ദേഹം പറഞ്ഞു, “ഞാൻ സിംഹങ്ങളെ വേട്ടയാടിയിട്ടുണ്ട്; ബോൾഷെവിക്കുകൾ അവയെക്കാൾ അപകടകാരികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.” അടുത്ത മൂന്നു കൊല്ലം അദ്ദേഹം പെട്രോഗ്രാഡിലായിരുന്നു താമസം. അദ്ദേഹത്തിന്റെ ഏറ്റവും നല്ല കവിതകൾ പലതും എഴുതപ്പെട്ടത് ഇക്കാലത്താണ്; മാക്സിം ഗോർക്കി തുടങ്ങിവച്ച വിവർത്തനസംരംഭത്തിൽ വിവർത്തകനും എഡിറ്ററുമായിരുന്നു അദ്ദേഹം. വിയോൺ, ബ്ളേക്ക്, വേഡ്സ്‌വർത്ത്, കോളെറിഡ്ജ്, ഹീനെ, ലെപ്പാർദി, ഗോത്തിയെ, ബോദ്‌ലേർ, റാങ്ങ്ബോ തുടങ്ങിയവരുടെ കൃതികൾ ഇക്കാലത്ത് അദ്ദേഹം റഷ്യനിലേക്കു പരിഭാഷപ്പെടുത്തി. എഴുതിത്തുടങ്ങിയ കവികളെ പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം ഉത്സുകനായിരുന്നു.
1921 ആഗസ്റ്റിൽ അദ്ദേഹം അറസ്റ്റിലായി. ബോൾഷെവിക്കുകൾക്കെതിരെയുള്ള ഒരു ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന വ്യാജമായ ആരോപണത്തിന്റെ പേരിൽ ആ മാസം ഒടുവിൽ അദ്ദേഹത്തെ വെടി വച്ചുകൊല്ലുകയും ചെയ്തു. മാക്സിം ഗോർക്കിയുടെ ഇടപെടൽ ഫലവത്തായില്ല. മരണശേഷം 60 കൊല്ലത്തോളം അദ്ദേഹത്തിന്റെ കൃതികൾ വെളിച്ചം കണ്ടതേയില്ല. പിന്നീട് 80കളിൽ പെരെസ്ട്രോയിക്കയുടെ കാലത്താണ് അദ്ദേഹത്തിന്റെ കേസ് പുനർവിചാരണക്കെടുക്കുന്നതും വിപ്ലവവിരുദ്ധപ്രവർത്തനങ്ങൾ നടത്തി എന്ന ആരോപണത്തിൽ നിന്ന് അദ്ദേഹത്തെ വിമുക്തനാക്കുന്നതും റഷ്യൻ സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം വക വച്ചു കൊടുക്കുന്നതും.
ഞാനെന്റെ പിതാവിനെ കൊന്നുവോ...
ഞാനെന്റെ പിതാവിനെ കൊന്നുവോ,
മറ്റേതോ ജന്മത്തിൽ ഞാനെന്റെ അമ്മയെ കൊന്നുവോ?
ചിരന്തനനായ ദൈവമേ,
അല്ലെങ്കിലെങ്ങനെ ഞാനീ നിത്യയാതനയ്ക്കർഹനായി?
ഞാൻ ജീവിക്കുന്നത് മരണം പോലെ പ്രശാന്തമായൊരു ജീവിതം,
എന്റേതായി എനിക്കൊന്നുമില്ല, അന്യരുടേതാണെല്ലാം-
ഉണ്ടെന്നു പറയാൻ ഒരു പ്രണയം മാത്രം,
അതും, വില കെട്ടതും ആദർശഭരിതവും.
ഹാ, ഒരു കള്ളനെപ്പോലെ ഓടിയൊളിക്കാനായെങ്കിൽ,
പണ്ടെന്നപോലെ ആഫ്രിക്കയിൽ സ്വയമൊളിപ്പിക്കാനായെങ്കിൽ:
അഭിജാതമായൊരത്തിമരത്തിനു ചുവട്ടിൽ കിടക്കുക,
പിന്നെ, ഒരിക്കലും ഉണരാതിരിക്കുക.
സന്ധ്യയതിന്റെ രക്താംബരം കൊണ്ടെന്നെ മൂടും,
നിലാവതിന്റെ വെണ്മേലാട കൊണ്ടെന്നെപ്പൊതിയും,
കാറ്റിനു തീരെ ഓർമ്മ വന്നില്ലെന്നും വരാം,
ഒരിക്കലൊരു മേശക്കു പിന്നിൽ ജോലി ചെയ്തവനാണു ഞാനെന്ന്.
നീയും ഞാനും
അതെ, ഞാൻ നിനക്കു ചേർന്നവനല്ല,
ഞാൻ കുഗ്രാമത്തിൽ നിന്നു വന്നവൻ,
ഞാൻ മീട്ടുന്നത് ഗിത്താറല്ല,
ഞാനൂതുന്നത് വെറുമൊരു പാഴ്മുളങ്കുഴൽ.
ഞാൻ കവിത വായിക്കുന്നത് വെല്‌വെറ്റു വിരിച്ച മുറികളിലല്ല,
പട്ടുടയാടകൾക്കും കറുത്ത കോട്ടുകൾക്കും മുന്നിലല്ല;
ഞാൻ വായിക്കുന്നത് ജലപാതങ്ങൾക്കായി, വ്യാളികൾക്കായി,
ഞാൻ വായിക്കുന്നത് മേഘങ്ങൾക്കായി.
ഞാൻ പ്രേമിക്കുമ്പോൾ- അതൊരു ബദൂയിനെപ്പോലെ:
ഉറവയിൽ നിന്നവൻ മൊത്തിക്കുടിക്കുന്നു.
ചിത്രത്തിൽ വരച്ചുവച്ച അഭിജാതസൈനികനെപ്പോലെയല്ല-
എന്തോ അടർന്നുവീഴാൻ നക്ഷത്രങ്ങളെ നോക്കിനില്ക്കുന്നയാൾ.
ഞാൻ മരിക്കുന്നത് കിടക്കയിലായിരിക്കില്ല,
എന്റെ മെത്തയുടെ ചുളിവു നീർത്താൻ വൈദ്യനും വക്കീലുമുണ്ടാവില്ല;
ഏതോ കാട്ടുകൊക്കയിൽ കിടന്നു ഞാൻ മരിക്കും,
കാട്ടുവള്ളികളും പൊന്തയും എന്റെ മരണം മറച്ചുവയ്ക്കും.
ഞാൻ പോകുന്ന സ്വർഗ്ഗം വെടിപ്പുറ്റതായിരിക്കില്ല,
എല്ലാവർക്കും പ്രവേശനമുള്ളതുമായിരിക്കില്ല;
എന്റെ സ്വർഗ്ഗത്തിൽ കള്ളന്മാരും വേശ്യകളും ചുങ്കക്കാരുമുണ്ടാവും,
അവർ ആർത്തുവിളിക്കും: “കേറിപ്പോരെ, ചങ്ങാതീ!”
എന്റെ നാളുകൾ
എന്റെ നാളുകൾ വിരസമായി നീളുന്നു,
എന്നുമെന്നപോലെ വേദനാഭരിതമായി,
മഴയായിപ്പെയ്യുന്ന പനിനീർപ്പൂവിതളുകൾ പോലെ,
പാടിപ്പാടി മരിക്കുന്ന രാപ്പാടികളെപ്പോലെ.
എന്നാലവളുമിപ്പോൾ വേദന തിന്നുകയാവും,
ഒരുനാളെന്റെ പ്രണയം കൈയ്യാളിയവൾ;
വിഷലിപ്തമായ ചോര കൊണ്ടു തുടുക്കുകയാവും,
പട്ടു പോലെ മൃദുലമായ അവളുടെ ചർമ്മം.
ഇന്നും ഞാൻ ജീവൻ വെടിയാതിരിക്കുന്നെങ്കിൽ
അതൊരേയൊരു സ്വപ്നത്തിന്റെ സാഫല്യത്തിനായി-
അന്ധരായ രണ്ടു കുട്ടികളെപ്പോലെ
നാമൊരു മലമുകളിലേക്കു നടന്നുകയറും,
വരയാടുകൾ മാത്രം മേയുമവിടെ,
വെണ്മേഘങ്ങൾക്കു മാത്രം ലോകമായൊരവിടെ,
വാടിക്കൊഴിഞ്ഞ പനിനീർപ്പൂക്കൾ നാം തേടിനടക്കും,
ജീവൻ വെടിഞ്ഞ രാപ്പാടികൾക്കു നാം കാതു കൊടുക്കും.
വചനം
ആദിയിൽ, നവജാതമായ ലോകത്തിനു മേൽ
ദൈവം തന്റെ കണ്ണുകളെറിഞ്ഞ നാൾ,
വചനത്തിനാവുമായിരുന്നു, സൂര്യനെ പിടിച്ചുനിർത്താൻ,
വചനത്തിനാവുമായിരുന്നു, നഗരങ്ങളെ ഭസ്മമാക്കാൻ.
ആകാശത്തിന്നുന്നതങ്ങളിലൂടെ
ഒരരുണജ്വാല പോലെ വചനമൊഴുകുമ്പോൾ
ഗരുഢന്മാർ ചിറകൊതുക്കിയിരുന്നു,
നക്ഷത്രങ്ങൾ ഭീതരായി ചന്ദ്രനു ചുറ്റും പറ്റിക്കൂടിയിരുന്നു.
പിന്നെ ജീവന്റെ താഴ്ചകളിൽ അക്കങ്ങളുണ്ടായി,
നുകം പേറുന്ന വളർത്തുമൃഗങ്ങളെപ്പോലെ.
സമർത്ഥമായ ഒരക്കത്തിനാവുമായിരുന്നു,
അർത്ഥത്തിന്റെ ഏതു ഛായയും പകർന്നുനൽകാൻ.
താടി നരച്ച പിതാമഹൻ,
നന്മതിന്മകളെ തന്റെ ഇച്ഛയ്ക്കു കീഴമർത്തിയവൻ,
വാക്കെടുത്തുപയോഗിക്കാൻ ധൈര്യപ്പെടാതെ
ദണ്ഡു കൊണ്ടു പൂഴിയിലെഴുതുകയേ അദ്ദേഹം ചെയ്തുള്ളു.
ജീവിതദുരിതങ്ങൾക്കിടയില്പെട്ടു നാം മറന്നുവോ,
വാക്കുകൾ മാത്രമേയുള്ളു, ലോകത്തനുഗ്രഹമായെന്ന്?
യോഹന്നാന്റെ സുവിശേഷത്തിൽ പറഞ്ഞിട്ടുമുണ്ടല്ലോ,
ദൈവം തന്നെയാണു വചനമെന്നും.
വചനത്തെ നാം ജീവിതത്തിന്റെ പരിമിതസീമകളിലൊതുക്കി,
അതുകൊണ്ടു നാം തൃപ്തരുമായി.
ത്യക്തമായ തേനറയിൽ ഈച്ചകളെപ്പോലെ
ചത്ത വാക്കുകൾ കെട്ടുനാറുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ