കാർലോസ് ഡ്രുമോൻ ജി അന്ദ്രാജ് Carlos Drummond de Andrade (1902-1987)- ബ്രസീലിയൻ കവിയും പത്രപ്രവർത്തകനും നിരൂപകനും. ബ്രസീലിലെ ഏറ്റവും മഹാനായ കവിയായിത്തന്നെ പരിഗണിക്കപ്പെടാറുണ്ട്.
ഈറ്റബീരയിൽ ജനിച്ച അന്ദ്രാജ് 1925ൽ ഫാർമസിയിൽ ഡിഗ്രി എടുത്തതിനു ശേഷം കവിതയെഴുത്തിലേക്കു തിരിഞ്ഞു. സംസാരഭാഷയും സാമ്പ്രദായികതയെ നിരാകരിക്കുന്ന പദഘടനയും ചേർന്ന വൃത്തമുക്തമായ ഭാഷയിൽ എഴുതുന്ന ബ്രസീലിയൻ ആധുനികകവികളുടെ സംഘത്തിലാണ് അദ്ദേഹം തന്റെ ഇടം കണ്ടെത്തിയത്. 1930ൽ അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം Alguma poesia പുറത്തുവന്നു. പതിനഞ്ചിലധികം കവിതാഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
മുഖമില്ലാത്ത വൻനഗരങ്ങളിലെ ഗ്രാമീണരായ കുടിയേറ്റക്കാരുടെ നൈരാശ്യങ്ങളും നിരർത്ഥകമായ നിത്യാനുഷ്ഠാനങ്ങളിൽ കെണിഞ്ഞുപോയ മദ്ധ്യവർഗ്ഗനഗരവാസികളുടെ വൈരസ്യവുമാണ് അദ്ദേഹത്തിന്റെ പ്രമേയങ്ങൾ എന്നു പറയാം.
തുടക്കം
---------
വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു
വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു
ഒരു കല്ല് വഴിയുടെ നടുക്കുണ്ടായിരുന്നു
ഒരു കല്ലുണ്ടായിരുന്നു
വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു.
ഒരായുസ്സു മുഴുവൻ കാഴ്ചകൾ കണ്ടു കണ്ണു തളർന്ന ഞാൻ
ഈ സംഭവം ഒരിക്കലും മറക്കില്ല.
ഞാനൊരിക്കലും മറക്കില്ല വഴിയുടെ നടുക്ക്
ഒരു കല്ലുണ്ടായിരുന്നു
ഒരു കല്ല് വഴിയുടെ നടുക്കുണ്ടായിരുന്നു
വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു.
(1930)
ക്വെഡ്രിൽ
ജോൺ തെരേസയെ പ്രേമിച്ചു
തെരേസ റെയ്മണ്ടിനെ പ്രേമിച്ചു
റെയ്മണ്ട് മേരിയെ പ്രേമിച്ചു
മേരി ജാക്കിനെ പ്രേമിച്ചു
ജാക്ക് ലില്ലിയെ പ്രേമിച്ചു
ലില്ലി ആരെയും പ്രേമിച്ചില്ല.
ജോൺ അമേരിക്കയിൽ പോയി,
തെരേസ മഠത്തിൽ ചേർന്നു
റെയ്മണ്ട് അപകടത്തിൽ മരിച്ചു
മേരി അവിവാഹിതയായിക്കഴിഞ്ഞു
ജാക്ക് ആത്മഹത്യ ചെയ്തു
ലില്ലി ജെ. പിന്റോ ഫെർണാണ്ടെസിനെ വിവാഹം ചെയ്തു
അയാൾ ഈ കഥയിൽ വരുന്നുമില്ല.
(1930)
(ക്വെഡ്രിൽ - ഒരു നൃത്തരൂപം അല്ലെങ്കിൽ ഒരു ചീട്ടുകളി)
ദാരുണകവിത
എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
പ്രണയത്തിനു പര്യവസാനമാവുന്നതാണത്,
ഒരാൾ മുറിയിൽ കയറി കുറ്റിയിടുകയാണ്,
ജനാലക്കർട്ടനിൽ കെട്ടിത്തൂങ്ങുകയാണ്.
എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
അതു ഗ്വൊയോമാർ കണ്ണു പൊത്തിയതാണ്,
കാഹളം പോലവൾ മൂക്കു ചീറ്റിയതാണ്.
നിശ്ചലചന്ദ്രന്‍ തിളക്കുന്ന മേശ മേല്‍
കത്തികളും മുള്ളുകളുമാണ്.
എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
ടാപ്പിൽ നിന്നു വെള്ളമിറ്റുന്നതാണ്,
മെല്ലെ മെല്ലെ ബാന്റുവാദ്യം നിലയ്ക്കുമ്പോള്‍
ചൂതാട്ടത്തിൽ തോറ്റവന്റെ നിശബ്ദവിലാപമാണ്.
എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
അതു കന്യാമറിയം, ഒരു കാഹളവുമായി,
ഉണ്ണിയേശു ചെണ്ടയുമായി,
ഒരു ബിഷപ്പ് മണിയുമായി,
എന്റെ നെഞ്ചിൽ നിന്നു കുതിച്ചുചാടുന്ന ഒച്ചകളെ
മന്ദ്രസ്ഥായിയിൽ വായിക്കുന്ന മറ്റൊരാളും.
(1934)
കാലത്തിന്റെ കവി
ഒരു ജീർണ്ണലോകത്തിന്റെ കവിയാകാൻ ഞാനില്ല.
വരുംകാലലോകത്തെക്കുറിച്ചും ഞാൻ പാടില്ല.
ജീവിതത്തോടു ബന്ധിതനാണു ഞാൻ,
എന്റെ കണ്ണുകൾ എന്റെയൊപ്പമുള്ളവരിലുമാണ്.
വാശിക്കാരെങ്കിലും വലിയ മോഹങ്ങളുള്ളവരാണവർ.
യാഥാർത്ഥ്യത്തിന്റെ വൈപുല്യം
അവർക്കിടയിലിരുന്നു ഞാൻ നോക്കിക്കാണുന്നു.
വർത്തമാനകാലം തന്നെ എത്ര വലുതാണ്,
അതിൽ നിന്നത്രയകലേക്കു നാമലയാതിരിക്കുക.
നാമൊരുമിച്ചു നില്ക്കുക, കൈ കോർത്തു നാം പോവുക.
ഏതോ സ്ത്രീയുടെയോ ഏതോ പഴങ്കഥയുടെയോ
പാട്ടുകാരനാവാൻ ഞാനില്ല.
അസ്തമയത്തിലുയർന്ന നെടുവീർപ്പുകളോ
ജനാലയ്ക്കു പുറത്തെ കാഴ്ചകളോ
കവിതയിലാവാഹിക്കാൻ ഞാനില്ല.
മയക്കുമരുന്നുകളും ആത്മഹത്യക്കുറിപ്പുകളും
വിതരണം ചെയ്യാൻ ഞാനില്ല.
ദ്വീപുകളിലേക്കു പലായനം ചെയ്യാനോ
മാലാഖമാരാൽ വഹിക്കപ്പെടാനോ ഞാനില്ല.
എന്റെ വിഷയം കാലമാണ്,
വർത്തമാനകാലം, വർത്തമാനകാലജനത,
വർത്തമാനകാലജീവിതം.
(1940)
ഭയത്തെക്കുറിച്ച് ഒരു അന്താരാഷ്ട്രചർച്ചായോഗം
തല്ക്കാലം നാം പ്രണയത്തെക്കുറിച്ചു പാടുന്നില്ല,അതേതോ പാതാളത്തിലേക്കു പലായനം ചെയ്തിരിക്കുന്നു.
ആശ്ളേഷങ്ങളെയെല്ലാം വന്ധ്യമാക്കുന്ന ഭയത്തെക്കുറിച്ചു നമുക്കു പാടാം.
ഇന്നില്ലെന്നതിനാല്‍ വിദ്വേഷത്തെക്കുറിച്ചും നാം പാടുന്നില്ല,
ഇന്നുള്ളതു ഭയമത്രേ, അതത്രേ നമുക്കു പിതാവും സഖാവും,
ഉൾനാടുകളോടും കടലുകളോടും മണല്ക്കാടുകളോടുമുള്ള ഭയം,
പട്ടാളക്കാരോടുള്ള ഭയം, അമ്മമാരോടുള്ള ഭയം, പള്ളികളോടുള്ള ഭയം,
ഏകാധിപതികളോടും ജനാധിപത്യവാദികളോടുമുള്ള ഭയത്തെക്കുറിച്ചു നം പാടും,
മരണത്തെയും അതിനു ശേഷമുള്ളതിനെയും കുറിച്ചുള്ള ഭയത്തെപ്പറ്റി നാം പാടും,
പിന്നെ നാം ഭയന്നു മരിക്കും,
ഭയാനകമായ മഞ്ഞപ്പൂക്കൾ നമ്മുടെ ശവമാടങ്ങളിൽ കിളിർക്കും.
(1940)
നിശാശലഭം
റിയോ എന്ന ഈ നഗരത്തിൽ,
ഇരുപതുലക്ഷം മനുഷ്യരുടെ ഈ പാർപ്പിടത്തിൽ,
എന്റെ മുറിയിൽ ഞാനൊറ്റയ്ക്കാണ്,
അമേരിക്കയിൽ ഞാനൊറ്റയ്ക്കാണ്.
ശരിക്കും ഞാനൊറ്റയ്ക്കാണോ?
ഇപ്പോഴിതാ, ഒരു ശബ്ദം
എനിക്കരികിൽ ജീവൻ വിളംബരം ചെയ്തതേയുള്ളു.
മനുഷ്യജീവനല്ല, ശരിതന്നെ.
എന്നാലതു ജീവനാണ്.
ഒരു നിശാശലഭം
പ്രകാശമണ്ഡലത്തിൽ കുടുങ്ങിപ്പോയതു ഞാനറിയുന്നു.
ഇരുപതുലക്ഷം മനുഷ്യർ!
എനിക്കത്രയൊന്നും ആവശ്യം വരില്ല...
എനിക്കൊരേയൊരു സ്നേഹിതൻ മതി,
ഒച്ചയെടുക്കാത്ത, വിദൂരസ്ഥനായ,
ഹൊറേസ് വായിക്കുന്നതരം ഒരാൾ,
എന്നാൽ നമ്മുടെ ജീവിതത്തെ, സ്നേഹങ്ങളെ, നമ്മുടെ ഉടലിനെ
രഹസ്യമായി സ്വാധീനിക്കുന്ന ഒരാൾ.
ഞാനൊറ്റയ്ക്കാണ്, സ്നേഹിതനെന്നൊരാൾ ഇല്ലാതെ,
എന്നാൽ ഈ വൈകിയ നേരത്ത്
എങ്ങനെ ഞാനൊരാളെ കണ്ടുപിടിക്കാൻ?
അത്രതന്നെ എനിക്കു വേണ്ട.
എനിക്കൊരു സ്ത്രീയുണ്ടായാൽ മതി,
ഇവിടെ, ഈ നിമിഷം,
ഈ സ്നേഹം കൈക്കൊള്ളാൻ,
ഞാൻ വാഗ്ദാനം ചെയ്യുന്ന ഈ ഉന്മത്തസ്നേഹത്തിന്റെ
ഈ ഉന്മത്തനിമിഷത്തെ
നിശ്ശേഷനാശത്തിൽ നിന്നു രക്ഷിക്കാൻ.
ഇരുപതുലക്ഷം ആളുകളിൽ
എത്ര സ്ത്രീകളുണ്ടാവും,
നഷ്ടപ്പെട്ട വർഷങ്ങളുടെ എണ്ണവുമെടുത്ത്,
പാലും പത്രവും തെല്ലു ശാന്തതയുമായി
പ്രഭാതമെത്തുന്നതുവരെ
കണ്ണാടിയിൽ തുറിച്ചുനോക്കിയിരിക്കുന്നവർ.
എന്നാലീ പരിത്യക്തമുഹൂർത്തത്തിൽ
എങ്ങനെ ഞനൊരു സ്ത്രീയെ കണ്ടുപിടിക്കാൻ?
റിയോ എന്ന ഈ നഗരം!
എന്റെയുള്ളു നിറയെ ആർദ്രവചനങ്ങളാണ്,
മൃഗങ്ങളുടെ ഒച്ചകളെനിക്കറിയാം,
എത്രയും വന്യമായ ചുംബനങ്ങളെനിക്കറിയാം,
യാത്രയും യുദ്ധവും പഠനവും ചെയ്തവനാണു ഞാൻ.
എനിക്കു ചുറ്റും കണ്ണുകളാണ്, കൈകളാണ്,
പ്രണയങ്ങളും തൃഷ്ണകളുമാണ്.
എന്നാലെത്തിപ്പിടിക്കാൻ നോക്കുമ്പോൾ
ഒന്നുമില്ല, രാത്രിയല്ലാതെ,
ഭീതിദമായ ഏകാന്തതയല്ലാതെ.
ചങ്ങാതിമാരേ, ഞാൻ പറയുന്നതൊന്നു കേൾക്കൂ!
രാത്രിയെ ഭേദിച്ചു വരാൻ നോക്കുന്ന
ആ വിക്ഷുബ്ധസാന്നിദ്ധ്യം,
അതാ നിശാശലഭമല്ല.
അതൊരു മനുഷ്യന്റെ രഹസ്യം
പതിയെ നെടുവീർപ്പിടുന്നതാണ്.
(1942)
സ്വർഗ്ഗത്തിലെ വിഷാദം
-----------------------------------
കുടുംബഫോട്ടോ
കവിതയെ തേടി
സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കവിതയെഴുതരുത്.
ജനനവും മരണവും കവിതയ്ക്കു വിഷയങ്ങളേയല്ല.
ജീവിതം അതിനു സമീപം
ചൂടോ വെളിച്ചമോ ഇല്ലാത്ത
നിശ്ചലസൂര്യൻ മാത്രം.
അടുപ്പങ്ങൾ, പിറന്നാളുകൾ, സ്വകാര്യവസ്തുതകൾ
ഇതൊന്നും കണക്കിലേ വരുന്നില്ല.
ഉടലു കൊണ്ട് കവിതയെഴുതരുത്,
കുലീനവും പൂർണ്ണവും സ്വസ്ഥവുമായ ഉടലിന്
കാവ്യാത്മകമായ കൊട്ടിത്തൂവലുകൾ വിരോധമത്രേ.
നിങ്ങളുടെ പൊള്ളുന്ന രോഷത്തുള്ളി,
നിങ്ങളുടെ സന്തോഷത്തിന്റെ വെളുക്കച്ചിരി,
ഇരുട്ടത്തു നിങ്ങളുടെ വേദനയുടെ മുഖം വക്രിയ്ക്കൽ
ഇതെല്ലാം അപ്രസക്തം.
നിങ്ങളുടെ വികാരങ്ങളെക്കുറിച്ചെന്നോടു പറയേണ്ട:
വളഞ്ഞ വഴിയേ നേരമെടുത്തു വരുന്നവയാണവ,
ഇന്നതാണോയെന്ന സംശയം ബാക്കി വയ്ക്കുന്നവയാണവ.
നിങ്ങളുടെ ചിന്തയും വികാരവും കവിതയെന്നു പറയാനായിട്ടില്ല.
നിങ്ങളുടെ നഗരത്തെക്കുറിച്ചു പാടരുത്,
അതിനെ സമാധാനത്തോടെ കഴിയാൻ വിടൂ;
കവിതയുടെ സംഗീതം യന്ത്രങ്ങളുടെ കടകടയല്ല,
വീടുകളുടെ രഹസ്യങ്ങളുമല്ല.
കടന്നുപോകുമ്പോൾ കേട്ട പാട്ടല്ലത്,
പതയ്ക്കുന്ന തിരകളതിരു വയ്ക്കുന്ന തെരുവുകളിൽ കടലിന്റെ ആരവവുമല്ല.
കവിതയുടെ സംഗീതം പ്രകൃതിയല്ല,
സമൂഹത്തിലെ മനുഷ്യരുമല്ല.
മഴയും രാത്രിയും ക്ഷീണവും പ്രതീക്ഷയും അതിനൊന്നുമല്ല.
കവിത (വസ്തുക്കളിൽ നിന്നു നിങ്ങൾക്കതു പിഴിഞ്ഞെടുക്കാനാവില്ല)
കർത്താവിനും കർമ്മത്തിനും പിടി കൊടുക്കുന്നില്ല.
നാടകീയമാക്കരുത്, ആവാഹിക്കരുത്,
ചോദ്യം ചെയ്യാൻ നില്ക്കരുത്,
നുണ പറഞ്ഞു നേരം കളയരുത്.
മനസ്സസ്വസ്ഥമാകരുത്.
നിങ്ങളുടെ ദന്തയാനം, നിങ്ങളുടെ വജ്രപാദുകം,
നിങ്ങളുടെ നൃത്തഗാനങ്ങൾ, നിങ്ങളുടെ അന്ധവിശ്വാസങ്ങൾ,
നിങ്ങളുടെ കുടുംബരഹസ്യങ്ങൾ
ഇതൊന്നിനും ഒരു വിലയുമില്ല,
കാലത്തിരിച്ചിലിൽ എല്ലാം മറഞ്ഞുപോകുന്നു.
പണ്ടേ കുഴിച്ചുമൂടിയ നിങ്ങളുടെ വിഷണ്ണബാല്യത്തെ
പിന്നെയും മാന്തിയെടുക്കരുത്.
കണ്ണാടിയ്ക്കും മാഞ്ഞുപോകുന്ന ഓർമ്മയ്ക്കുമിടയിൽ
അങ്ങോട്ടുമിങ്ങോട്ടും ഓടരുത്.
മാഞ്ഞുപോയതു കവിതയായിരുന്നില്ല.
ഉടഞ്ഞുപോയതു സ്ഫടികമായിരുന്നില്ല.
ചെകിടനാണെന്ന പോലെ വാക്കുകളുടെ ദേശത്തേക്കു കാലെടുത്തുവയ്ക്കുക.
എഴുതപ്പെടാനായി കവിതകൾ അവിടെ കാത്തുകിടക്കുന്നു.
അവയിപ്പോൾ ഉറക്കത്തിലാണ്, എന്നാൽ മനസ്സിടിയരുത്,
അവയുടെ നിർമ്മലോപരിതലങ്ങൾ സ്വച്ഛവും ശീതളവുമത്രേ.
അവയെ നോക്കൂ: ഏകാകികളും മൂകരുമാണവ,
നിഘണ്ടുപ്പരുവത്തിലാണവ.
എഴുതി വയ്ക്കും മുമ്പേ നിങ്ങളുടെ കവിതകളോടൊത്തു ജീവിക്കൂ,
അവ സന്ദിഗ്ധമാണെങ്കിൽ ക്ഷമ കാണിയ്ക്കൂ,
പ്രകോപിപ്പിക്കുന്നെങ്കിൽ ക്ഷോഭിക്കാതിരിക്കൂ.
ഓരോന്നും അതാതിന്റെ രൂപമെടുക്കും വരെ,
വാക്കുകളുടെ ബലം കൊണ്ടും
മൗനത്തിന്റെ ബലം കൊണ്ടും പൂർണ്ണതയെത്തും വരെ,
കാത്തിരിക്കുക.
ചാപിള്ളകളായ കവിതകളെ കുടഞ്ഞുണർത്താൻ നോക്കരുത്,
നിലത്തു വീണ കവിതകൾ പെറുക്കിയെടുക്കരുത്.
കവിതകളെ കൊഞ്ചിക്കാൻ നില്ക്കരുത്,
അതതിന്റെ അന്തിമവും നിയതവുമായ രൂപം കൈക്കൊള്ളുന്ന പോലെ
നിങ്ങളതിനെയും കൈക്കൊള്ളുക.
വാക്കുകൾക്കടുത്തേക്കു ചെല്ലുക, അവയെ നിരൂപിക്കുക,
നിർവികാരമായ മുഖത്തിനു പിന്നിൽ
ഒരായിരം അന്യമുഖങ്ങൾ ഒളിപ്പിച്ചുകൊണ്ട്,
നിങ്ങളുടെ പ്രതികരണം പ്രബലമോ ദുർബലമോയെന്നു കാര്യമാക്കാതെ,
ഓരോ വാക്കും നിങ്ങളോടു ചോദിക്കുന്നു:
താക്കോൽ കൊണ്ടുവന്നിട്ടുണ്ടോ?
ശ്രദ്ധിക്കുക:
ആശയവും സംഗീതവും കൈവരാത്ത വാക്കുകൾ
രാത്രിയിൽ അഭയം തേടിയിരിക്കുന്നു,
നനവു മാറാതെ, ഉറക്കം വിട്ടുമാറാതെ
ഒരു കലക്കപ്പുഴയിൽ അവ കിടന്നുമറിയുന്നു,
നിങ്ങളോടുള്ള അവജ്ഞയായി രൂപം മാറുന്നു.
(1945)
കവിടിപ്പാത്രം
ജീവിതത്തിന്റെ ഉടഞ്ഞ തുണ്ടുകൾപശ വച്ചൊട്ടിക്കുമ്പോൾ
വിചിത്രമായൊരു ചായക്കപ്പാകുന്നു.
ഉപയോഗമില്ലാതെ
അലമാരയിലിരുന്നുകൊണ്ട്
അതു നമ്മെ സാകൂതം നിരീക്ഷിക്കുന്നു.
(1962)
രാത്രിയിൽ കരയുന്ന കുട്ടി
ചുടുന്ന, പുഴുക്കുന്ന രാത്രിയിൽ, അനക്കമറ്റ നിശബ്ദമായ രാത്രിയിൽ
ഒരു കുട്ടി കരയുന്നു.
ചുമരിനു പിന്നിൽ അവന്റെ കരച്ചിൽ, ജനാലയ്ക്കു പിന്നിൽ വെളിച്ചം-
അവ നഷ്ടപ്പെട്ടുപോകുന്നു, അമർത്തിയ പാദപതനങ്ങളുടെ, തളർന്ന ഒച്ചകളുടെ നിഴലിൽ.
കരണ്ടിയിലേക്കു മരുന്നു പകരുന്നതെന്നാലുമെനിക്കു കേൾക്കാം.
ഒരു കുട്ടി കരയുന്നു, രാത്രിയിൽ, ചുമരിനു പിന്നിൽ, തെരുവിനപ്പുറം,
അങ്ങകലെ ഒരു കുട്ടി കരയുന്നു, മറ്റൊരു നഗരത്തിൽ,
മറ്റൊരു ലോകത്തുമാവാം.
ഒരു കൈ കൊണ്ടു തല താങ്ങി മറ്റേക്കൈ കൊണ്ടു വായിലേക്കു കരണ്ടി അടുപ്പിക്കുന്നതെനിക്കു കാണാം.
കുട്ടിയുടെ താടിയിലൂടെ കൊഴുത്തു നേർത്തൊരു ചാലൊലിച്ചിറങ്ങുന്നതെനിക്കു കാണാം.
അതു തെരുവിലേക്കൊലിച്ചിറങ്ങുന്നു, നഗരത്തിലൂടൊലിക്കുന്നു.
ലോകത്തു മറ്റാരുമില്ല, ആ കരയുന്ന കുട്ടിയല്ലാതെ.
വാക്ക്
ഫലമില്ലാതെ നിഘണ്ടുക്കളിൽ തിരയാൻഇനിയുമെനിക്കു വയ്യ.
എനിക്ക് ആ ഒരു വാക്കു മതി,
അവയിലൊരിക്കലുമില്ലാത്തത്,
ഉണ്ടാക്കിയെടുക്കാനാവാത്തതും.
ഈ ലോകത്തെ സംക്ഷേപിക്കുന്നത്,
അതിനെ പകരം വയ്ക്കുന്നതും.
സൂര്യനിലും സൂര്യനായ അതിനു ചുവട്ടിൽ
നാമൊരുമിച്ചു ജീവിക്കും,
ഒരുമിച്ചു നാമതു നുകരും,
ഒരു വാക്കുമുരിയാടാതെ.
അത്ര വലുതാണു ലോകമെങ്കിലും...
അത്ര വലുതാണു ലോകമെങ്കിലുമതൊതുങ്ങുന്നു,
കടലിലേക്കു തുറക്കുന്ന ഈ ജനാലയിൽ.
അത്ര വലുതാണു കടലെങ്കിലുമതൊതുങ്ങുന്നു,
പ്രണയത്തിന്റെ കിടക്കയിൽ, മെത്തയിൽ.
അത്ര വലുതാണു പ്രണയമെങ്കിലുമതൊതുങ്ങുന്നു,
ഒരു ചുംബനത്തിനിടം കിട്ടിയ വിടവിൽ.
ഒരു പുരാതനലോകത്തിന്റെ സ്മരണിക
ക്ളാര പൂന്തോപ്പിൽ കുട്ടികളുമൊത്തുലാത്തുകയായിരുന്നു.
പുല്പരപ്പിനു മേൽ ആകാശത്തിനു പച്ചനിറമായിരുന്നു,
പാലങ്ങൾക്കടിയിൽ വെള്ളത്തിനു പൊന്നിന്റെ നിറമായിരുന്നു,
പഞ്ചഭൂതങ്ങളിൽ ശേഷിച്ചവയ്ക്കു നിറം നീലയും ഇളംചുവപ്പും ഓറഞ്ചുമായിരുന്നു.
ഒരു പോലീസുകാരൻ മന്ദഹസിച്ചു, സൈക്കിളുകൾ കടന്നുപോയി,
ഒരു കിളിക്കു നേരേ കൈയെത്തിച്ചുകൊണ്ട്
ഒരു പെൺകുട്ടി പുൽത്തട്ടിലേക്കു കാലെടുത്തുവച്ചു,
ലോകമാകെ- ജർമ്മനി, ചൈന- ക്ളാരയ്ക്കു ചുറ്റും പ്രശാന്തമായിരുന്നു.
കുട്ടികൾ ആകാശത്തേക്കു നോക്കി: അതു വിലക്കപ്പെട്ടിരുന്നില്ല.
വായും മൂക്കും കണ്ണുകളും തുറന്നിരുന്നു. അതിൽ അപകടമുണ്ടായിരുന്നില്ല.
ക്ളാരയ്ക്കു പേടി ഫ്ളൂവിനെ ആയിരുന്നു, ചൂടിനെയും പ്രാണികളെയുമായിരുന്നു.
ക്ളാരയ്ക്കു പേടി പതിനൊന്നു മണിയുടെ ട്രാം പിടിക്കാൻ പറ്റുമോയെന്നായിരുന്നു:
അലസമായെത്തുന്ന കത്തുകൾക്കായി അവൾ കാത്തിരുന്നു,
എന്നും പുതുവസ്ത്രങ്ങൾ ധരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല.
പക്ഷേ പ്രഭാതത്തിൽ അവൾ പൂന്തോട്ടത്തിൽ ഉലാത്തിയിരുന്നു!
അന്നാളുകളിൽ പൂന്തോട്ടങ്ങളുണ്ടായിരുന്നു, പ്രഭാതങ്ങളുമുണ്ടായിരുന്നു!
ശൈശവം
എന്റെ അച്ഛൻ കുതിരപ്പുറത്തു കയറി പാടത്തേക്കു പോയി.
എന്റെ അമ്മ തുന്നലുമായി വീട്ടിലിരുന്നു.
എന്റെ കുഞ്ഞനിയൻ ഉറക്കമായിരുന്നു.
മാവിൻചുവട്ടിൽ ഞാനെന്ന കൊച്ചുകുട്ടി
റോബിൻസൺ ക്രൂസോയുടെ കഥയും വായിച്ചൊറ്റയ്ക്കിരുന്നു,
ഒരിക്കലും അവസാനിക്കാത്ത ആ നീണ്ട കഥ.
വെളിച്ചം കൊണ്ടു വെളുത്ത നട്ടുച്ചയ്ക്ക്
ഒരു ശബ്ദം, അടിമപ്പുരകളിൽ താരാട്ടുകൾ കേട്ടുപഠിച്ച
-അതു പിന്നെ മറക്കാത്ത- ഒരു ശബ്ദം
ഞങ്ങളെ കാപ്പി കുടിക്കാൻ വിളിച്ചു.
ആ കറുത്ത വൃദ്ധയേക്കാൾ കറുത്ത കാപ്പി,
ഹൃദ്യമായ കാപ്പി,
നല്ല കാപ്പി.
അമ്മ എന്നെയും നോക്കി തുന്നിക്കൊണ്ടിരുന്നു.
ശ്‌ശ്, കുഞ്ഞിനെ ഉണർത്തരുത്!
ഒരു കൊതുകു വന്നിരുന്നപ്പോൾ അമ്മ തൊട്ടിലാട്ടുന്നതു നിർത്തി
ഒരു നെടുവീർപ്പിട്ടു...എന്തു കനമായിരുന്നു അതിന്!
അങ്ങകലെ പാടങ്ങളുടെ അതിരറ്റ തുറസ്സിലൂടെ
എന്റെയച്ഛൻ കുതിരയോടിച്ചുപോയി.
റോബിൻസൺ ക്രൂസോയുടെ കഥയേക്കാൾ സുന്ദരമാണെന്റെ കഥയെന്ന്
അന്നെനിക്കറിയില്ലായിരുന്നു.
നിങ്ങൾ ലോകത്തെ ചുമലു കൊണ്ടു താങ്ങുന്നു
സ്നേഹം
---------
സ്നേഹിക്കുകയല്ലാതെ?
സ്നേഹിക്കുകയും മറക്കുകയുമല്ലാതെ,
സ്നേഹിക്കുകയും അപര്യാപ്തമായി സ്നേഹിക്കുകയുമല്ലാതെ,
സ്നേഹിക്കുകയും സ്നേഹം വിടുകയും സ്നേഹിക്കുകയുമല്ലാതെ?
എന്നെന്നും, വിടർന്ന കണ്ണുകളോടെയും, സ്നേഹിക്കുകയല്ലാതെ?
പ്രപഞ്ചഭ്രമണത്തിൽ ഒറ്റയ്ക്കായ ഒരാത്മാവെന്തു ചെയ്യാൻ,
ഞാൻ ചോദിക്കുന്നു,
മറ്റെല്ലാമൊത്തു ഭ്രമണം ചെയ്യുകയും സ്നേഹിക്കുകയുമല്ലാതെ?
തിര തീരത്തേക്കു കൊണ്ടുവരുന്നതിനെ,
അത് കുഴിച്ചിടുന്നതിനെ,
കടൽക്കാറ്റിൽ ഉപ്പു ചുവയ്ക്കുന്നതിനെ,
അല്ലെങ്കിൽ സ്നേഹമെന്ന ആവശ്യകതയെ,
അല്ലെങ്കിൽ വെറും അഭിനിവേശത്തെ സ്നേഹിക്കുകയല്ലാതെ?
മരുഭൂമിയിലെ പനമരങ്ങളെ,
അടിയറവെന്ന കർമ്മത്തെ,
പ്രത്യാശാഭരിതമായ ആരാധനയെ സഗൗരവം സ്നേഹിക്കുക...
സ്നേഹിക്കുക, പരുക്കനും ഊഷരവുമായതിനെ,
പൂക്കളില്ലാത്ത പൂപ്പാത്രത്തെ, ഉരുക്കുമുഷ്ടിയെ,
നിർവ്വികാരമായ മാറിടത്തെ, സ്വപ്നത്തിൽക്കണ്ട തെരുവിനെ,
ഇരപിടിയൻ കിളിയെ...
ഇതാണ് നമ്മുടെ ഭാഗധേയം:
വഞ്ചകമോ വിലകെട്ടതോ ആയ വസ്തുക്കൾക്കിടയിൽ
അളവറ്റ സ്നേഹം വിതറുക,
പരിപൂർണ്ണമായ നന്ദികേടിന് പരിധിയില്ലാത്ത സ്നേഹം നല്കുക,
പ്രത്യാശാഭരിതമായ ക്ഷമയോടെ
സ്നേഹത്തിന്റെ ഒഴിഞ്ഞ തോടിനുള്ളിൽ
കൂടുതൽ സ്നേഹത്തിനായി തിരയുക.
നമ്മുടെ സ്നേഹഹീനതയെത്തന്നെ സ്നേഹിക്കുക,
സ്നേഹിക്കുക,
നമ്മുടെ ഊഷരതയിൽ അന്തർലീനമായ ജലത്തെ,
പരോക്ഷമായ ചുംബനത്തെ,
ഒടുങ്ങാത്ത ആ ദാഹത്തെ.
നീയതു ചെയ്യരുത്
In The Middle Of The Road
In the middle of the road there was a stone
there was a stone in the middle of the road
there was a stone
in the middle of the road there was a stone.
Never should I forget this event
in the life of my fatigued retinas.
Never should I forget that in the middle of the road
there was a stone
there was a stone in the middle of the road
in the middle of the road there was a stone.
Quadrille/Quadrilha
John loved Teresa who loved Raymond
who loved Mary who loved Jacko who loved Lily
who did not love anyone.
John went to America, Teresa joined a convent,
Raymond died during a disaster, Mary became an old maid,
Jacko killed himself and Lily married J. Pinto Fernandes
whom we have not mentioned before.
PATHETIC POEM
What kind of noise is that on the stairs?
It is love coming to an end,
It is the man who closed the door
And hanged himself in the curtains>
What kind of noise is that on the stairs?
It is Guiomar who covered her eyes
And blew her nose fortissimo.
It is the still moon upon the plates
And the cutlery shining in the pantry.
What kind of noise is that on the stairs?
It is the dripping of the water faucet,
It is the inaudible lament
Of someone who has lost his gamble
While the music of the band
Goes down, down, down.
What kind of noise is that on the stairs?
It is the virgin with a trombone,
The child with a drum,
The bishop with a bell,
And someone who pianissimos the noise
Which jumps from my heart.
SEARCH FOR POETRY
Do not make verses about happenings.
For poetry, there is no creation or death.
In her eyes, life is an unmoving sun,
Which neither warms nor lights.
The attractions, the anniversaries, the personal incidents
do not matter.
Do not make poetry with the body.
This excellent, complete and comfortable body, so unfit
for lyrical flow.
Your drop of gall, your face-making of pleasure or of pain
in the dark
Are of no account.
Do not tell me your feelings,
Which capitalize on ambiguity and attempts the long journey.
What you think and feel, that is not yet poetry.
Do not sing your city, leave it alone.
The song is not the movement of the machines or the secret
of the houses.
It is not music heard in passing; nor the sound of the sea
in the streets near the edge of spume.
The song is not nature
Or men in society.
For it, rain and night, fatigue and hope mean nothing.
Poetry (do not make poetry out of things)
Eliminates subject and object.
Do not dramatizes, do no invoke,
Do not investigate. Do not waste time telling lies.
Do not be anxious.
Your ivory yacht, your diamond shoe,
Your mazurkas and superstitions, your family skeletons
Disappear in the curve of time, time are worhless.
Do not resurrect
Your buried and melancholy childhood.
Do not oscillate between the mirror
And your fading memory.
If it faded, it was not poetry.
If it broke, it was not crystal.
Penetrate deftly the kingdom of words:
Here lie the poems that wait to be written.
They are paralyzed, but not in despair,
All is calm and freshness on the untouched surface.
Here they are alone and dumb, in the state of the dictionary.
Before you write them, live with your poems.
If they are obscure, be patient. If they provoke you,
hold your temper.
Wait for each one to actualize and to consume itself
In the power of language
And the power of silence.
Do not force the poem to come out of Limbo.
Do not pick from the ground the poem that was lost.
Do not flatter the poem. Accept it
As it will accept its own form, final and concentrated
In space.
Come closer and contemplate the words.
Each one
Has a thousand secret faces under a neutral face
And asks you, without interest in the answer,
Poor or terrible, which you will give it:
Have you brought the key?
Please note:
Barren of melody and meaning,
The words have taken refuge in the night.
Still humid and saturated with sleep,
They roll in a difficult river and turn themselves
into despising.
CHILD WEEPING IN THE NIGHT
In the slow, warm night, dead noiseless night, a child weeps.
Its weeping behind the wall and the light behind the window-pane
vanish away in the dark of silent steps, of worn-out voices.
Yet, one hears the soft sound of the drops of medicine as the drip
into the spoon.
A child weeps in the night, behind the wall, behind the street,
a child weeps away, perhaps in another town,
perhaps in another world.
And I see the hand that lifts the spoon and the hand that props
its head;
and the oily drops that flow down in the child’s chin;
flow down the street, flow across the town (only a few drops).
And there is no one else in the world but this child weeping.