2018, ഫെബ്രുവരി 15, വ്യാഴാഴ്‌ച

ചെസ്‌വ മിവോഷ് - ലോകാവസാനത്തെക്കുറിച്ച് ഒരു ഗാനം



ചെസ്‌വ മിവോഷ് Czesław Miłosz (1911-2004)- 1980ലെ നോബൽ സമ്മാനത്തിനർഹനായ പോളിഷ് കവിയും വിവർത്തകനും നോവലിസ്റ്റും. ജനനം ഇന്നത്തെ ലിത്ത്വേനിയയിൽ. രണ്ടാം ലോകമഹായുദ്ധകാലത്ത് അണ്ടർഗ്രൗണ്ട് പ്രസ്സിനു വേണ്ടി ജോലി ചെയ്തു. യുദ്ധത്തിനു ശേഷം യു.എസ്സിലേക്കും പിന്നീട് ഫ്രാൻസിലേക്കും നയതന്ത്രപ്രതിനിധിയായി ജോലി ചെയ്ത മിവോഷ് 1950ൽ ഫ്രാൻസിൽ രാഷ്ട്രീയാഭയം തേടി. 1960ൽ അമേരിക്കയിലേക്കു താമസം മാറ്റിയ അദ്ദേഹം 1981ലാണ്‌ പിന്നീട് പോളണ്ട് കാണുന്നത്. കവിതകളും The Captive Mind എന്ന പഠനവും The Seizure of Power എന്ന നോവലുമാണ്‌ പ്രധാന കൃതികൾ. പോളിഷ് സാഹിത്യത്തെ ലോകശ്രദ്ധയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.
തന്റെ തിരഞ്ഞെടുത്ത കവിതകൾക്ക് New and Collected Poems 1931-2001 ചെസ്‌വ മിവോഷ് എഴുതിയ അവതാരികയിൽ (അന്നദ്ദേഹത്തിന്‌ 90 വയസ്സായിരുന്നു) ഇങ്ങനെ പറയുന്നു: ഞാൻ കവിയുടെ നിഷ്ക്രിയതയിൽ വിശ്വസിക്കുന്നു; ഓരോ കവിതയും തന്റെ കാവ്യദേവതയിൽ നിന്നുള്ള ഉപഹാരമായി വേണം അയാൾ കരുതാൻ. തനിക്കു ലഭിച്ചതിനെ തന്റെ വ്യക്തിപരമായ വൈശിഷ്ട്യങ്ങൾക്കു ചാർത്തിക്കൊടുക്കാതിരിക്കാനുള്ള എളിമ അയാൾക്കുണ്ടായിരിക്കണം. അതേ സമയം അയാളുടെ മനസ്സും അയാളുടെ ഇച്ഛാശക്തിയും ജാഗരൂകമായിരിക്കുകയും വേണം. ഇരുപതാം നൂറ്റാണ്ടിലെ ഭീകരതകൾക്കു നടുവിലാണ്‌ ഞാൻ ജീവിച്ചത്- ആ യാഥാർത്ഥ്യത്തിൽ നിന്ന് ഫ്രഞ്ച് സിംബോളിസത്തിന്റെ ചില അനന്തരാവകാശികൾ ഉപദേശിക്കുന്ന “ശുദ്ധകവിത”യുടെ മണ്ഡലത്തിലേക്കു പലായനം ചെയ്യാൻ എനിക്കു കഴിയുമായിരുന്നില്ല. എന്നാല്ക്കൂടി മനുഷ്യത്വമില്ലായ്മയ്ക്കെതിരെയുള്ള നമ്മുടെ ചോര തിളയ്ക്കുന്ന പ്രതികരണങ്ങൾ അപൂർവ്വമായേ കലാപരമായി സാധുതയുള്ള പാഠങ്ങളായി മാറാറുള്ളു...നമുക്കു തൊട്ടറിയാവുന്ന യാഥാർത്ഥ്യത്തെ കഴിയുന്നത്ര പിടിച്ചെടുക്കാനുള്ള പ്രയത്നമാണ്‌ കവിതയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതെന്ന് എനിക്കു തോന്നുന്നു.



1. കമ്പോ ഡി ഫ്യോറി


റോമിൽ കമ്പോ ഡി ഫ്യോറിയിൽ
ഒലീവുകളുടെയും നാരങ്ങകളുടെയും കൂടകൾ,
വീഞ്ഞും പൂക്കളുടെ ശേഷിപ്പുകളും
തെറിച്ചു വീണ തറക്കല്ലുകൾ.
കച്ചവടക്കാർ നാല്ക്കാലികളിൽ
ഇളംചുവപ്പുനിറമായ കടൽമീൻ വാരിയിടുന്നു;
പീച്ചുകൾക്കു മേൽ കൂന കൂട്ടിയ
മുന്തിരിപ്പഴങ്ങൾ.

ഇതേ കവലയിൽ വച്ചാണ്‌
അന്നവർ ജ്യൊർഡാനോ ബ്രൂണോയെ ചുട്ടത്.
കാഴ്ച കാണാൻ തടിച്ചുകൂടിയ ജനത്തിനു നടുവിൽ വച്ച്
കങ്കാണികൾ ചിതയ്ക്കു തീ കൊളുത്തി.
തീയണയും മുമ്പേ തന്നെ
മദ്യശാലകളിൽ പിന്നെയും തിരക്കായി,
വച്ചുവാണിഭക്കാരുടെ തോളുകളിൽ
പിന്നെയും ഒലീവുകളുടെയും നാരങ്ങകളുടെയും കൂടകളുമായി.

വാഴ്സയിലെ കമ്പോ ഡി ഫ്യോറിയെക്കുറിച്ചു ഞാനോർത്തു,
ചടുലസംഗീതത്തിന്റെ ശീലുകളും
യന്ത്ര ഉഴിഞ്ഞാലുമായി തെളിഞ്ഞ വസന്തകാലരാത്രി.
ഘെട്ടോയുടെ ചുറ്റുമതിലിനുള്ളിൽ നിന്നുയരുന്ന വെടിയൊച്ചകൾ
ദീപ്തസംഗീതത്തിൽ മുങ്ങിപ്പോയിരുന്നു,
മേഘങ്ങളൊഴിഞ്ഞു തെളിഞ്ഞ മാനത്ത്
ആണും പെണ്ണും ഉയർന്നുപൊങ്ങുകയായിരുന്നു.

ചില നേരം കരിഞ്ഞ മണവും പേറി വരുന്ന കാറ്റിൽ
ഇരുണ്ട പട്ടങ്ങളും ഒഴുകിവന്നിരുന്നു,
ഉഴിഞ്ഞാലുകളിൽ മുകളിലേക്കുയർന്നവർ
വായുവിൽ നിന്നു പൂവിതളുകളും പറിച്ചെടുത്തിരുന്നു.
അതേ ഉഷ്ണക്കാറ്റു തന്നെ
പെൺകുട്ടികളുടെ പാവാടകൾ അടിച്ചുപറത്തി,
ആ മനോഹരമായ വാഴ്സാ വാരാന്ത്യത്തിൽ
ആളുകൾ ആർത്തുചിരിക്കുകയായിരുന്നു.

ചിലർ ഇങ്ങനെയൊരു ഗുണപാഠം വായിച്ചെടുത്തേക്കാം,
റോമിലെയും വാഴ്സായിലെയും ജനങ്ങൾ
രക്തസാക്ഷികളുടെ പട്ടടകൾ കടന്നുപോകുമ്പോഴും
ചിരിക്കുകയും വക്കാണിക്കുകയും പ്രേമിക്കുകയുമായിരുന്നുവെന്ന്.
മറ്റൊരാളതിൽ മനുഷ്യന്റെ അനിവാര്യനശ്വരത കണ്ടേക്കാം,
തീയണയും മുമ്പേ പിറക്കുന്ന വിസ്മൃതിയും.

അന്നു ഞാനോർത്തതു പക്ഷേ,
മരിക്കുന്നവൻ എത്ര ഏകാകിയായിരിക്കും എന്നു മാത്രമായിരുന്നു,
പട്ടടയിലേക്കു കാലെടുത്തു വയ്ക്കും മുമ്പ്
ഈ മനുഷ്യരോട്,
താൻ പോയാലും ജീവിക്കുന്ന ഈ മനുഷ്യരോടു വിട പറയാൻ
ഒരു മനുഷ്യഭാഷയിലും ഒരു വാക്കു പോലും
ജ്യൊർഡാനോവിനു കിട്ടിയില്ലല്ലോ എന്നായിരുന്നു.

അവർ വീഞ്ഞുകുപ്പികളിലേക്കു മടങ്ങിക്കഴിഞ്ഞിരുന്നു,
വെളുത്ത കടല്മീനുകൾ വിറ്റു തുടങ്ങിയിരുന്നു,
ഒലീവുകളുടെയും നാരങ്ങകളുടെയും കൂടകൾ
അവർ ചുമലിലേറ്റികഴിഞ്ഞിരുന്നു.
അയാൾ തീയിലേക്കു പതിക്കുന്നതു കാണാൻ
അവർ താറിനിന്ന ഒരു നിമിഷത്തിനുള്ളിൽ
നൂറ്റാണ്ടുകൾ കടന്നുപോയ പോലെ
അയാൾ അകന്നുകഴിഞ്ഞിരുന്നു.

ഇവിടെ മരിക്കുന്നവർ, ഏകാകികൾ,
ലോകത്തിന്റെ ഓർമ്മയിൽ നിന്നു മാഞ്ഞവർ,
അവർക്കു നമ്മുടെ ഭാഷ
ഏതോ പ്രാക്തനഗോളത്തിലെ ഭാഷയാകുന്നു.
ഒടുവിൽ, എല്ലാം കെട്ടുകഥകളായിക്കഴിയുമ്പോൾ,
വർഷങ്ങളനേകം പോയിക്കഴിയുമ്പോൾ,
ഒരു പുതിയ കമ്പോ ഡി ജ്യൊർഡാനോവിൽ
ഒരു കവിവചനം രോഷത്തിനു തിരി കൊളുത്തും.

(വാഴ്സ -ഈസ്റ്റർ-1943)


തങ്ങളുടെ കണ്മുന്നിൽ നടക്കുന്ന ജൂതനിർമൂലനത്തിനെതിരെ പ്രതികരിച്ച ജൂതന്മാരല്ലാത്ത പോളിഷ് കവികളിൽ ഒരാളാണ്‌ ചെസ്‌വ മീവോഷ്. 1943ലെ പരാജയപ്പെട്ട വാഴ്സാ ഘെട്ടോ കലാപത്തിനു ശേഷം അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഹോളോക്കാസ്റ്റ് കവിതകളിൽ വച്ച് ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്നവയും ചർച്ച ചെയ്യപ്പെടുന്നവയുമാണ്‌. ഇതിൽ ആദ്യത്തേത് “കമ്പോ ഡി ഫ്യോറി” 1944ൽ വാഴ്സയിൽ നിന്നിറങ്ങിയ ഒരു അണ്ടർഗ്രൗണ്ട് സമാഹാരത്തിലാണ്‌ ആദ്യം പ്രസിദ്ധീകരിച്ചത്. ഒരു ദാർശനികകവിതയെന്ന് ഇതിനെ പറയാം. പതിനാറാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യൻ രക്തസാക്ഷിയും സമകാലീനലോകത്തെ നാസി ഭീകരതയുടെ ഇരകളും കവിതയിൽ ചേർത്തുവയ്ക്കപ്പെടുന്നു. രണ്ടും തമ്മിൽ സമാനതകൾ തേടുന്നത് തെറ്റിദ്ധാരണാജനകമാണെന്നു തോന്നാം; ഒരു ക്രിസ്ത്യൻ യുക്തിവാദിയുടെ വ്യക്തിപരമായ മരണവും ഒരു ഭ്രാന്തൻ പ്രത്യയശാസ്ത്രം ഉന്മൂലനത്തിനു വിധിച്ച ഒരു ജനതയുടെ കൂട്ടമരണവും തമ്മിൽ പൊതുവായി ഒന്നുമില്ലെന്നു തോന്നാം. എന്നാൽ സമാനത നാം കാണേണ്ടത് ബ്രൂണോയുടെയും ജൂതന്മാരുടെയും മരണങ്ങളിലെന്നതിനേക്കാൾ രണ്ടിനോടുമുള്ള ആൾക്കൂട്ടത്തിന്റെ പ്രതികരണങ്ങളിലാണ്‌. ഒരു ദുരന്തം നടക്കുമ്പോൾ ഉദാസീനരാണവർ.


2. ചിത്രങ്ങൾ


തുറന്ന പുസ്തകം. ചിറകു പതറുന്ന നിശാശലഭം;
പൊടി പാറ്റിപ്പായുന്ന തേരിനു മേലതു പാറിനിൽക്കുന്നു.
തൊടുമ്പോൾ പൊൻപൊടി വിതറിക്കൊണ്ടതു പതിക്കുന്നു,
ഒരു നഗരത്തെയുപരോധിക്കുന്ന യവനസേനയ്ക്കു മേൽ.

കുതിച്ചുപായുന്ന തേരിനു പിന്നിൽ ഒരു വീരനെയവർ വലിച്ചിഴയ്ക്കുന്നു.
കരിങ്കല്പലകകളിൽ അവന്റെ തല ചെന്നിടിയ്ക്കുന്നു.
ഒരു കൈയുടെ പ്രഹരത്താൽ താളിലമർന്ന ശലഭം
ആ വീരന്റെയുടലിനു മേൽ ചിറകിളക്കിക്കൊണ്ടു ചാവുന്നു.

ഇവിടെ മേഘങ്ങളുരുണ്ടുകൂടുന്നു, ഇടി മുഴങ്ങുന്നു,
പാറക്കെട്ടുകൾക്കിടയിലൂടെ കപ്പലുകൾ പുറംകടലിലേക്കു നീങ്ങുന്നു.
കരയിൽ മൂരികൾ നുകം വച്ച പിടലി താഴ്ത്തുന്നു,
നഗ്നനായ ഒരു മനുഷ്യൻ നിലമുഴുന്നു.

(1943)


3. അച്ഛൻ വായനമുറിയിൽ


വീതിയേറിയ നെറ്റിത്തടം; കൂടിപ്പിണഞ്ഞ മുടിയ്ക്കു മേൽ
ജനാലയിലൂടൊരു വെയിൽക്കതിർ വന്നു വീഴുന്നു.
തന്റെ മുന്നിൽ കൂറ്റനൊരു ഗ്രന്ഥം തുറന്നു വയ്ക്കുമ്പോൾ
അച്ഛനങ്ങനെയൊരു പൊൻതൂവൽക്കിരീടമണിയുന്നു.

ഒരൈന്ദ്രജാലികന്റേതു പോലെ കളമിട്ടതാണദ്ദേഹത്തിന്റെ നീളൻകുപ്പായം.
മൃദുവായി, മൃദുവായി മന്ത്രങ്ങളദ്ദേഹമുരുവിടുന്നു.
ദൈവമിന്ദ്രജാലം പഠിപ്പിച്ചവനേ അറിയൂ,
ആ ഗ്രന്ഥത്തിൽ മറഞ്ഞുകിടക്കുന്ന അത്ഭുതങ്ങളെന്തൊക്കെയെന്നും.

(1943)


4. പ്രത്യാശ


പ്രത്യാശ നിങ്ങൾക്കൊപ്പമുണ്ട്,
ലോകം വെറുമൊരു സ്വപ്നമല്ലെന്നും
ജീവനുള്ള മാംസമാണെന്നും നിങ്ങൾ വിശ്വസിക്കുമ്പോൾ,
കാഴ്ചയും കേൾവിയും സ്പർശവും നുണ പറയില്ലെന്നും
നിങ്ങളിന്നേവരെ ഇവിടെക്കണ്ടതെല്ലാം
അടഞ്ഞ കവാടത്തിനു പുറത്തു നിന്നു
നാം കണ്ടൊരുദ്യാനമാണെന്നും നിങ്ങൾ വിശ്വസിക്കുമ്പോൾ.

നിങ്ങൾക്കവിടെ പ്രവേശനമില്ല.
എന്നാലതവിടെയുണ്ടെന്നു നിങ്ങൾക്കു തീർച്ചയുമാണ്‌.
ഒന്നുകൂടി സൂക്ഷ്മമായി, ബുദ്ധിപരമായി നോക്കാനായാൽ
ഉദ്യാനത്തിൽ നാം കണ്ടെടുത്തുന്നുവെന്നു വരാം,
വിചിത്രമായൊരപൂർവ്വപുഷ്പവും പേരു വീഴാത്തൊരു നക്ഷത്രവും.

ചിലർ പറയുന്നു, കണ്ണുകളെ നാം വിശ്വാസത്തിലെടുക്കരുതെന്ന്,
യാതൊന്നുമില്ല, വെറും തോന്നലുകളേയുള്ളുവെന്ന്,
വിശ്വാസം നഷ്ടപ്പെട്ട കൂട്ടരാണവർ.
അവർ കരുതുന്നു, നാം പുറം തിരിയുന്ന നിമിഷം,
ലോകം നമുക്കു പിന്നിലില്ലാതാവുന്നുവെന്ന്,
കള്ളന്മാരുടെ കൈകൾ തട്ടിപ്പറിച്ചാലെന്നപോലെ.

(1943)


5. വനയാത്ര


തലപ്പുകൾ കാണാത്തത്ര കിളരത്തിൽ മരങ്ങൾ,
മെഴുകുതിരിക്കാലിലെന്നപോലോരോ മരത്തിലും
അസ്തമയസൂര്യനരുണജ്വാലകൾ കൊളുത്തുന്നു,
വിരലോളം പോന്ന മനുഷ്യർ അടിയിലൂടെ നടക്കുന്നു.

ശിരസ്സു നാമുയർത്തിപ്പിടിക്കുക, കൈകൾ കോർത്തുപിടിക്കുക,
കെട്ടുപിണഞ്ഞ പുല്ക്കാട്ടിൽ നമുക്കു വഴി പിണയാതിരിക്കട്ടെ.
രാത്രി പൂക്കളെ മുദ്ര വച്ചടയ്ക്കാൻ തുടങ്ങുകയായി,
ചായങ്ങളൊന്നൊന്നായി മാനത്തു നിന്നൊഴുകുകയായി.

അവിടെ, അങ്ങുമുകളിലൊരു സദ്യവട്ടം. പൊന്നിന്റെ കുംഭങ്ങൾ,
ചെമ്പിന്റെ കോപ്പകളിൽ ചുവന്ന വീഞ്ഞു പകരുകയായി.
ഒരാകാശരഥമതാ, ഉപഹാരങ്ങളുമായി പോകുന്നു,
അദൃശ്യരായ രാജാക്കന്മാർക്കായി, അഥവാ, ധ്രുവതാരകൾക്കായി.
(1943)


6. ലോകാവസാനത്തെക്കുറിച്ച് ഒരു ഗാനം


ലോകമവസാനിക്കുന്ന ദിവസം
ഒരു തേനീച്ച ഒരു പയർച്ചെടിയെ വട്ടം ചുറ്റുന്നു,
ഒരു മുക്കുവൻ മിന്നുന്നൊരു വല കേടു പോക്കുന്നു,
കടൽപ്പന്നികൾ പുളച്ചുമദിക്കുന്നു,
ഓവുചാലിന്‍റെ വക്കത്ത് കുരുവിക്കുഞ്ഞുങ്ങൾ കളിക്കുന്നു
തൊലി പൊന്നു പൂശിയതാണു പാമ്പെന്നത്തെയും പോലെ.

ലോകമവസാനിക്കുന്ന ദിവസം
സ്ത്രീകൾ കുടയും ചൂടി പാടത്തു നടക്കുന്നു,
പുല്‍വരമ്പത്തു കിടക്കുന്ന ഒരു കുടിയന്‌ ഉറക്കം വന്നുമുട്ടുന്നു,
പച്ചക്കറിക്കാർ തെരുവിൽ ഒച്ചയിടുന്നു,
മഞ്ഞപ്പായ കെട്ടിയൊരു വഞ്ചി തുരുത്തിൽ വന്നടുക്കുന്നു,
വായുവിൽ തങ്ങിനിൽക്കുന്ന ഒരു വയലിൻനാദം
രാത്രിയിലേക്കു വഴി കാട്ടുന്നു.

ഇടിയും മിന്നലും പ്രതീക്ഷിച്ചിരുന്നവർ
നിരാശരാവുന്നു.
ശകുനങ്ങളും മാലാഖമാരുടെ കാഹളം വിളികളും പ്രതീക്ഷിച്ചവർക്കാവട്ടെ,
ലോകാവസാനമാണ് നടക്കുന്നതെന്നു  വിശ്വാസവും വരുന്നില്ല.
സൂര്യനും ചന്ദ്രനും തലയ്ക്കു മേലുള്ള കാലത്തോളം,
പനിനീർപ്പൂക്കളിൽ വണ്ടുകൾ വിരുന്നു ചെല്ലുന്ന കാലത്തോളം,
ചുവന്നുതുടുത്ത കുഞ്ഞുങ്ങൾ പിറന്നുവീഴുന്ന കാലത്തോളം
ലോകാവസാനമായെന്നു വിശ്വസിക്കാൻ ആരും തയ്യാറുമല്ല.

തല നരച്ചൊരു കിഴവൻ മാത്രം,
പ്രവാചകനാവാൻ യോഗ്യൻ,
എന്നാൽ മറ്റു പണിത്തിരക്കുകളാൽ അതു വേണ്ടെന്നു വച്ചൊരാൾ,
അയാൾ മാത്രം തക്കാളികൾ കെട്ടിയെടുക്കുമ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നു:
ഇതല്ലാതൊരു ലോകാവസാനവുമില്ല,
ഇതല്ലാതൊരു ലോകാവസാനവുമില്ല.

(1943)


7. ഒരു സ്ഖലിതം


ഞാൻ കരുതി: ഒടുവിൽ മരിക്കാൻ പഠിക്കുന്നതിനുള്ള
തയാറെടുപ്പുകൾ മാത്രമാണിതൊക്കെയെന്ന്.
ഞാൻ കരുതി: പ്രഭാതങ്ങൾ, അസ്തമയങ്ങൾ,
മേപ്പിൾ മരത്തിനടിയിലെ പുല്പരപ്പിൽ
റാസ്പ്ബെറികൾ തലയിണയാക്കി,
അടിയുടുപ്പുകളില്ലാതെ മയങ്ങുന്ന ലാറ,
ആ നേരം അരുവിയിൽ മേലു കഴുകുന്ന
ആഹ്ളാദവാനായ ഫിലോൺ.
പ്രഭാതങ്ങൾ, വർഷങ്ങൾ.
ഓരോ വീഞ്ഞുഗ്ളാസ്സും, ലാറയും കടലും കരയും
ഒരേയുന്നത്തിലേക്കു നമ്മെ അടുപ്പിക്കുകയാണെന്ന്,
ആ ഉന്നം വച്ചുവേണം നാമതൊക്കെ ഉപയോഗപ്പെടുത്താനെന്ന്.

പക്ഷേ എന്റെ തെരുവിലെ ഒരു തളർവാതക്കാരൻ,
-കസേരയിലിരുത്തിയാണ്‌
തണലത്തു നിന്നു വെയിലത്തേക്കും,
വെയിലത്തു നിന്നു തണലത്തേക്കും അയാളെ മാറ്റുക-
ഒരു പൂച്ചയെ, ഒരിലയെ, ഒരു കാറിന്റെ തകിടിനെ നോക്കി
അയാൾ തന്നെത്താൻ പിറുപിറുക്കുന്നു:
“മനോഹരമായ കാലം, മനോഹരമായ കാലം.”

അതു സത്യം. കാലം കാലമായിരിക്കുന്നിടത്തോളം കാലം
നമുക്കു കിട്ടിയതു മനോഹരമായ കാലം തന്നെ.
1957

ലാറ /ഫിലോൺ - പതിനെട്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ പോളിഷ് കവിയായ എഫ്. കാർപിൻസ്കിയുടെ കവിതയിലെ കാമുകനും കാമുകിയും.


8. വരൂ പരിശുദ്ധാത്മാവേ


വരൂ, പരിശുദ്ധാത്മാവേ,
പുൽക്കൊടികളെ വളച്ചോ, അല്ലാതെയോ,
ഞങ്ങളുടെ തലയ്ക്കു മേലൊരഗ്നിജ്വാലയായോ, അല്ലാതെയോ,
കൊയ്ത്തുകാലത്തോ, പഴത്തോപ്പുകളുഴുമ്പോഴോ,
സിയേറാ നെവാദയിലെ മുരടിച്ച ദേവതാരങ്ങൾക്കു മേൽ
മഞ്ഞു വീണു മൂടുമ്പോഴോ ആവട്ടെ.
ഞാനൊരു വെറും മനുഷ്യൻ.
അടയാളങ്ങളെനിക്കു വേണം.
അമൂർത്തതകൾ കൊണ്ടു കോണി പടുക്കുമ്പോൾ
പെട്ടെന്നു തളർന്നുപോകും ഞാൻ.
എത്രകാലമായി ഞാനപേക്ഷിക്കുന്നു,
-നിനക്കതറിയുകയും ചെയ്യാം-
പള്ളിയിലെ വിഗ്രഹം വിരലൊന്നുയർത്തണമെന്ന്,
ഒരിക്കൽ, ഒരിക്കൽ മാത്രം, എനിക്കായി.
അടയാളങ്ങൾ പക്ഷേ, മാനുഷികമാകണമെന്നും എനിക്കറിയാം.
അതിനാൽ ഒരാളെ വിളിയ്ക്കൂ,
ഭൂമിയിലെവിടെയായാലും
-എന്നെ വേണ്ട, ഞാനൊരു മര്യാദക്കാരനല്ലേ-
അയാളെ നോക്കുമ്പോൾ നിന്നെച്ചൊല്ലി വിസ്മയപ്പെടാൻ
എന്നെ അനുവദിക്കൂ.

1961


9. എന്റെ വിശ്വസ്തയായ മാതൃഭാഷേ...


എന്റെ വിശ്വസ്തയായ മാതൃഭാഷേ,
നിന്നെ ഞാൻ സേവിക്കുകയായിരുന്നു.
ഓരോ രാത്രിയും നിനക്കു മുന്നിൽ
ചായം നിറച്ച കൊച്ചളുക്കുകൾ ഞാൻ നിരത്തിവച്ചിരുന്നു,
നിനക്കു നിന്റെ ബിർച്ചുമരം, നിന്റെ പുൽച്ചാടി, നിന്റെ കുരുവിയും
എന്റെ ഓർമ്മയുടെ സൂക്ഷിപ്പുകളിൽ നിന്നു പകർത്താൻ.
എത്രയാണ്ടുകളങ്ങനെ പോയി.
എന്റെ ജന്മദേശമായിരുന്നു നീ.
രണ്ടാമതൊന്നെനിക്കുണ്ടായിരുന്നില്ല.
നീയൊരു ദൂതിയാവുമെന്നും ഞാൻ കരുതി,
എനിക്കും ചില നല്ല മനുഷ്യർക്കുമിടയിൽ,
വളരെക്കുറച്ചാണവരെങ്കിലും,
ഇരുപത്, പത്ത്,
പിറക്കാനിരിക്കുന്നതേയുള്ളു അവരെങ്കിലും.

ഇപ്പോൾ എന്റെ സന്ദേഹങ്ങൾ ഞാനേറ്റുപറയട്ടെ.
ജീവിതം ഞാൻ തുലച്ചുകളയുകയായിരുന്നുവെന്ന്
ചിലനേരമെനിക്കു തോന്നിപ്പോവുന്നു;
നിന്ദിതരുടെ ഭാഷയായിരുന്നു നി,
ചിന്താശേഷിയില്ലാത്തവരുടെ,
അന്യജനതകളെക്കാളേറെ തങ്ങളെത്തന്നെ വെറുക്കുന്നവരുടെ,
ഒറ്റുകൊടുക്കുന്നവരുടെ ഭാഷ,
സ്വന്തം നിഷ്കളങ്കത തന്നെ രോഗമായ
വിഹ്വലാത്മാക്കളുടെ ഭാഷ.

നീയില്ലാതെ പക്ഷേ, ആരാണു ഞാൻ?
ഒരു വിദൂരദേശത്തെ പണ്ഡിതൻ,
ഒരു ജീവിതവിജയം,
ആകുലതകളും അവമാനങ്ങളുമറിയാത്തവൻ.
അതെ, ആരാണു ഞാൻ, നീയില്ലാതെ?
വെറുമൊരു ചിന്തകൻ, മറ്റാരെയും പോലെ.
എനിക്കിതൊരു പാഠമാണെന്ന് ഞാൻ മനസ്സിലാക്കുന്നു:
വ്യക്തിത്വത്തിനു  മഹിമകളില്ലാതാവുന്നു,
ഒരു പ്രബോധനനാടകത്തിൽ
പാപിയ്ക്കു മുന്നിൽ വിധി  ചുവന്ന പരവതാനി വിരിക്കുന്നു,
പിൻതിരശ്ശീലയിൽ ഒരു മായാദീപം 
മനുഷ്യന്റെയും ദേവന്റെയും യാതനയുടെ ബിംബങ്ങൾ
വിക്ഷേപിക്കുന്നു.

വിശ്വസ്തയായ മാതൃഭാഷേ,
ഒടുവിൽ ഞാൻ തന്നെ വേണം നിന്നെ രക്ഷിക്കാനെന്നാവാം.
അതിനാൽ ഇനിയും നിന്റെ മുന്നിൽ ഞാൻ നിരത്തിവയ്ക്കാം,
ചായം നിറച്ച കൊച്ചളുക്കുകൾ,
സാദ്ധ്യമെങ്കിൽ കലർപ്പില്ലാത്തതും തിളങ്ങുന്നതും.
ഒരല്പം ചിട്ടയും സൗന്ദര്യവുമാണല്ലോ,
ദുരിതകാലത്തു വേണ്ടത്.

1968


10. പതനം


ഒരാളുടെ മരണമെന്നാൽ പ്രബലമായൊരു ദേശത്തിന്റെ പതനം പോലെയാണ്‌.
ഒരുകാലമതിനു ശൂരന്മാരായ പടകളുണ്ടായിരുന്നു,
കപ്പിത്താന്മാരും പ്രവാചകരുമുണ്ടായിരുന്നു,
സമ്പന്നമായ തുറമുഖങ്ങളും കടലുകളാകെ കപ്പലുകളുമുണ്ടായിരുന്നു.
ഇനിമേലതു പക്ഷേ, ഉപരോധിക്കപ്പെട്ട ഒരു നഗരത്തെയും മോചിപ്പിക്കില്ല,
ഒരുടമ്പടിയിലുമതേർപ്പെടില്ല,
അതിന്റെ നഗരങ്ങൾ തരിശ്ശായിരിക്കുന്നുവല്ലോ,
അതിന്റെ ജനതകൾ ചിതറിപ്പോയിരിക്കുന്നുവല്ലോ,
ഒരുനാൾ വിളവെടുത്ത പാടങ്ങളിൽ മുൾച്ചെടികൾ വളർന്നിരിക്കുന്നു,
അതിന്റെ ദൗത്യം മറവിയില്പെട്ടു,
അതിന്റെ ഭാഷയും നഷ്ടമായിരിക്കുന്നു,
ഇന്നതു വെറുമൊരു നാട്ടുഭാഷ,
ചെന്നെത്താൻ പറ്റാത്തൊരു മലമ്പ്രദേശത്തു കേൾക്കുന്നത്.

(1975)


11. പുഴകൾ



പലപല പേരുകളിൽ നിങ്ങളെയല്ലാതാരെയും പുകഴ്ത്തിയിട്ടില്ല ഞാൻ, പുഴകളേ!
പാലും തേനും പ്രണയവും മരണവും നൃത്തവുമാണു നിങ്ങൾ.
കണ്ണിൽപ്പെടാത്ത ശിലാകോടരങ്ങളിലെയുറവകളിൽ,
പായൽ പറ്റിയ കൽക്കെട്ടുകൾക്കു മേലൊരു ദേവത ചരിച്ചൊഴുക്കുന്ന കുടത്തിൽ,
മണ്ണിനടിയിലരുവികൾ മന്ത്രിക്കുന്ന പുൽമേട്ടിലെ തെളിഞ്ഞ ചാലുകളിൽ
നിങ്ങളുടെയുമെന്റെയും കുതിപ്പുകൾക്കാരംഭമായി,
നമ്മുടെ ആശ്ചര്യങ്ങൾക്കും, ക്ഷണികയാത്രകൾക്കും.
നഗ്നനായി, സൂര്യനു നേർക്കു മുഖം തിരിച്ചും,
പുഴയിൽ തുഴ തൊടാതെ ഞാനൊഴുകി-
ഓക്കുമരക്കാടുകളും പാടങ്ങളും ഒരു പൈന്മരക്കൂട്ടവുമെന്നെക്കടന്നുപോയി.
ഓരോ തിരിവിലുമുണ്ടായിരുന്നു, മണ്ണിന്റെ വാഗ്ദാനങ്ങൾ,
അടുക്കളപ്പുകകൾ, മയക്കത്തിലാണ്ട കാലിപ്പറ്റങ്ങൾ,
പൂഴിമണൽക്കൂനകൾക്കു മേൽ പറന്നുയരുന്ന കുരുവികൾ.
ചുവടു വച്ചു ചുവടു വച്ചു നിങ്ങളിലേക്കു ഞാനിറങ്ങി,
ആ നിശ്ശബ്ദതയിൽ ഒഴുക്കെന്‍റെ മുട്ടിനു ചുറ്റിപ്പിടിച്ചു,
ഒടുവിലൊഴുക്കെന്നെയെടുത്തു, ഞാനൊഴുകി,
നട്ടുച്ചയെരിയുന്ന മാനത്തിന്റെ കൂറ്റൻപ്രതിഫലനത്തിലൂടെ.
നിങ്ങളുടെ കരയിലുണ്ടായിരുന്നു ഞാൻ,
മദ്ധ്യവേനൽരാത്രിയിൽ പൂർണ്ണചന്ദ്രനുരുണ്ടിറങ്ങുമ്പോൾ,
ചുംബനാനുഷ്ഠാനങ്ങളിൽ ചുണ്ടുകൾ തമ്മിലടുക്കുമ്പോൾ-
അന്നെന്നപോലിന്നുമെന്നിൽ ഞാൻ കേൾക്കുന്നു,
തോണിക്കടവിലലയലയ്ക്കുന്നതും,
ഒരാശ്ളേഷത്തിനുമാശ്വാസത്തിനുമായി
അകത്തേക്കെന്നെ വിളിയ്ക്കുന്ന മന്ത്രണവും.
മണ്ണിലാണ്ട നഗരങ്ങളിൽ മണികൾ മുഴങ്ങുമ്പോൾ
ആരുമോർക്കാതെ ഞങ്ങളടിയുന്നു,
തീരാപ്രവാഹത്തിൽ ഞങ്ങളെയുമെടുത്തു നിങ്ങൾ പായുമ്പോൾ
ഞങ്ങളെയെതിരേൽക്കുന്നതു മരിച്ചവരുടെ ദൗത്യസംഘങ്ങൾ.
ആകുന്നതല്ല, ആയിരുന്നതല്ല. നിമിഷത്തിന്റെ നിത്യതയൊന്നേ.
1980

12. എന്റെ


“എന്റെ അച്ഛനമ്മമാർ, എന്റെ ഭർത്താവ്, എന്റെ സഹോദരൻ, എന്റെ സഹോദരി.”
പ്രഭാതഭക്ഷണസമയത്ത് കാപ്പിക്കടയിൽ കാതോർത്തിരിക്കുകയാണു ഞാൻ.
സ്ത്രീകളുടെ ശബ്ദങ്ങൾ മർമ്മരമുയർത്തുന്നു,
അവശ്യം തന്നെയായൊരനുഷ്ഠാനത്തിലവർ നിർവൃതി കൊള്ളുന്നു.
അവരുടെ ചലിയ്ക്കുന്ന ചുണ്ടുകളിലേറുകണ്ണിട്ടുനോക്കവെ,
ഈ ഭൂമിയിലുണ്ടായതിലാനന്ദം കൊള്ളുകയുമാണു ഞാൻ,
ഒരു നിമിഷത്തേക്ക്, അവരോടൊപ്പം, ഈ ഭൂമിയിൽ,
നമ്മുടെ കൊച്ചുകൊച്ചെന്റെകളെ കൊണ്ടാടാൻ.

(1986)


13. ഇതുമാത്രം


ഒരു താഴ്വാരം, അതിനുമേൽ ശരൽക്കാലത്തിന്റെ നിറഭേദങ്ങളുമായി ഒരു വനം.
ഒരു സഞ്ചാരി വന്നുചേരുന്നു; ഒരു ഭൂപടമെത്തിച്ചതാണയാളെയവിടെ,
അതല്ലെങ്കിലൊരു സ്മരണ. ഒരിക്കൽ, വളരെപ്പണ്ടൊരിക്കൽ,
വെയിലു വീഴുമ്പോൾ, ആദ്യത്തെ മഞ്ഞു പെയ്യുമ്പോളീവഴി പോകവെ,
അയാളാഹ്ളാദമറിഞ്ഞിരുന്നു, ബലത്തതും, കാരണങ്ങളില്ലാത്തതും,
കാഴ്ചയുടെ ആഹ്ളാദം. സർവ്വതും താളത്തിലായിരുന്നു,
ഇളകുന്ന മരങ്ങളുടെ, ചിറകേറിയ കിളിയുടെ,
പാലത്തിനു മേലൊരു തീവണ്ടിയുടെ; ചലനത്തിന്റെ വിരുന്നായിരുന്നു.
അയാൾ മടങ്ങിവരുന്നു, വർഷങ്ങൾക്കു ശേഷം, ഉപാധികളൊന്നുമില്ലാതെ.
അയാൾക്കൊന്നേ വേണ്ടു, അനർഘമായതൊന്ന്:
കാണുക, ശുദ്ധവും സരളവുമായി, പേരുകളില്ലാതെ,
പ്രതീക്ഷകളും ഭയങ്ങളും പ്രത്യാശകളുമില്ലാതെ,
ഞാനും ഞാനല്ലാത്തതുമില്ലാത്തൊരതിരിൽ നിന്ന്

1985


14. കുമ്പസാരം


എന്റെ ദൈവമേ, എനിക്കു സ്ട്രോബെറിജാമിഷ്ടമായിരുന്നു,
സ്ത്രീശരീരത്തിന്റെ ഇരുണ്ട മാധുര്യമിഷ്ടമായിരുന്നു.
തണുപ്പിച്ച വോഡ്കയെനിക്കിഷ്ടമായിരുന്നു,
ഒലീവെണ്ണയിൽ മൂപ്പിച്ച മത്തിയും,
ഇലവർങ്ങത്തിന്റെയും കരയാമ്പൂവിന്റെയും മണവും.
എങ്കിലെന്തുമാതിരി പ്രവാചകനായിരുന്നു ഞാൻ?
എന്തിനിങ്ങനെയൊരു മനുഷ്യനിൽ പരിശുദ്ധാത്മാവു വന്നിറങ്ങി?
എത്രപേരുണ്ടായിരുന്നു ആ പേരിനർഹർ, വിശ്വസ്തർ?
എന്നിലാരു വിശ്വാസമർപ്പിക്കാൻ?
അവർ കണ്ടിരിക്കുന്നു, ഞാൻ ഗ്ളാസ്സുകൾ കാലിയാക്കുന്നതും,
ഭക്ഷണത്തിനു മേൽ ചാടിവീഴുന്നതും,
ഹോട്ടൽപരിചാരികയുടെ പിൻകഴുത്തിൽ ആർത്തിയോടെ കണ്ണോടിക്കുന്നതും.
ഒരു ന്യൂനതയുള്ളവൻ, അതേക്കുറിച്ചറിയുന്നവനും.
മഹത്വം കൊതിക്കുന്നവൻ, അതു കണ്ടാലറിയുന്നവൻ,
എന്നാൽ ദീർഘദർശിയെന്നു പറയാനില്ലാത്തവനും.
എന്നെപ്പോലെ ചെറുതുകൾക്കു വച്ചിരിക്കുന്നതെന്തെന്നെനിക്കറിയാം:
ആയുസ്സധികമില്ലാത്ത പ്രത്യാശകളുടെ ഒരു സദ്യവട്ടം,
ആത്മാഭിമാനികളുടെ ഒരു ഘോഷയാത്ര,
കൂനന്മാരുടെ കായികമേള , സാഹിത്യം.

1985


15. യൌവനം


നിന്റെ സന്തോഷരഹിതവും കഥയില്ലാത്തതുമായ യൌവനം.
ഗ്രാമത്തിൽ നിന്നു നഗരത്തിലേക്കുള്ള നിന്റെ വരവ്.
ട്രാമുകളുടെ മങ്ങിയ ജനാലച്ചില്ലുകൾ;
ക്ഷമ കെട്ട ജനക്കൂട്ടം.
ചെലവു കൂടുതലുള്ളൊരിടത്തേക്കു കടക്കുമ്പോഴുള്ള നിന്റെ ഭീതി.
സകലതും പക്ഷേ, ചെലവു കൂടിയതായിരുന്നു. വളരെ ഉയർന്നതായിരുന്നു.
അവിടെയുള്ളവർ നിന്റെ പ്രാകൃതരീതികൾ ശ്രദ്ധിച്ചിരിക്കണം,
കാലത്തിനു ചേരാത്ത വേഷവും വൈഷമ്യവും ശ്രദ്ധിച്ചിരിക്കണം.

ആരുമുണ്ടായിരുന്നില്ല, നിനക്കൊരു താങ്ങായി പറയാൻ,

നീയൊരു സുന്ദരനാണ്‌,
നീ ശക്തനും ആരോഗ്യവാനുമാണ്‌,
നിന്റെ ദൌർഭാഗ്യങ്ങൾ വെറും സാങ്കല്പികമാണ്‌.

ഒട്ടകരോമം കൊണ്ടുള്ള ഓവർകോട്ടിട്ട ഗായകനോടു നിനക്കസൂയ തോന്നുമായിരുന്നില്ല,
അയാളുടെ പേടിയും ഏതു തരം മരണമാണ്‌ അയാളെ കാത്തിരിക്കുന്നതെന്നും
നിനക്കൂഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.

അവൾ, മുടി ചെമ്പിച്ചവൾ, ആരെച്ചൊല്ലി നീ തീ തിന്നുവോ, അവൾ,
അത്ര സുന്ദരിയായി നിനക്കു തോന്നിയവൾ,
അവൾ തീ പിടിച്ചൊരു കളിപ്പാവയായിരുന്നു.
ഒരു കോമാളിയുടെ ചുണ്ടുകൾ കൊണ്ടവൾ നിലവിളിച്ചത്
നിനക്കു മനസ്സിലായതുമില്ല.

തൊപ്പികളുടെ ആകൃതികൾ, വേഷവൈചിത്ര്യങ്ങൾ, കണ്ണാടികളിലെ മുഖങ്ങൾ,
അതൊക്കെ അവ്യക്തമായി നിനക്കോർമ്മയുണ്ടാവും,
ഏതോ പ്രാക്തനകാലത്തിലേതെന്നപോലെ,
അഥവാ, ഒരു സ്വപ്നത്തിൽ നിന്നു ശേഷിച്ച പോലെ.

വിറച്ചും കൊണ്ടു നീ സമീപിച്ച മന്ദിരം,
നിന്റെ കണ്ണു മഞ്ഞളിപ്പിച്ച ഫ്ളാറ്റുമുറി-
നോക്കൂ, ആയിടത്തിപ്പോൾ ബുൾഡോസറുകൾ കല്ലും കുമ്മായവും കോരിമാറ്റുന്നു.

തന്റെ ഊഴമെത്തുമ്പോൾ നീയും സ്വന്തമാക്കും, സമ്പാദിക്കും, കൂട്ടിവയ്ക്കും,
നിനക്കു തല ഉയർത്തി നടക്കാമെന്നുമാകും,
അപ്പോഴേക്കും പക്ഷേ, അതുകൊണ്ടു കാര്യമില്ലെന്നും വരും.

നിന്റെ അഭിലാഷങ്ങളെല്ലാം സഫലമാകും,
നീയപ്പോൾ കാലത്തെ വായ പൊളിച്ചു നോക്കിനില്ക്കും:
പുകയും മഞ്ഞും കൊണ്ടു നെയ്തെടുത്ത കാലം,
ഒരു നാളു കൊണ്ടൊടുങ്ങുന്ന ആയുസ്സുകളുടെ ചിത്രകംബളം,
മാറ്റമില്ലാത്ത കടലിനെപ്പോലതുയരുന്നു, താഴുന്നു.

വായിച്ചുകൂട്ടിയ പുസ്തകങ്ങൾ നിനക്കുപയോഗമില്ലാത്തതാവും.
നീയൊരുത്തരം തേടിനടന്നു, ഒരുത്തരമില്ലാതെ പക്ഷേ, നീ ജീവിച്ചു.

തെക്കൻ നഗരങ്ങളിലെ തെരുവുകളിലൂടെ നീ നടക്കും,
(നിന്റെ തുടക്കങ്ങളിലേക്കവ മടങ്ങിവന്നിരിക്കുന്നു)
രാത്രിയിൽ പുതുമഞ്ഞു വീണ പൂന്തോട്ടത്തിന്റെ വെണ്മ കണ്ടു നീ വീണ്ടുമാഹ്ളാദിക്കും.

(1991)


16. മറക്കുക


മറക്കുക,
നിങ്ങളന്യർക്കു വരുത്തിയ ദുരിതങ്ങൾ,
മറക്കുക,
അന്യർ നിങ്ങൾക്കു വരുത്തിയ ദുരിതങ്ങൾ.
പുഴകളൊഴുകിയൊഴുകിപ്പോകുന്നു,
വസന്തങ്ങൾ തിളങ്ങിപ്പിന്നെ മായുന്നു.
മറവിയിൽപ്പെട്ടുവരുന്ന മണ്ണു ചവിട്ടി
നിങ്ങൾ നടക്കുന്നു.

ചിലനേരം നിങ്ങളുടെ കാതിൽ
വിദൂരമായൊരു പല്ലവി വീഴുന്നു;
എന്താണതിന്റെ പൊരുൾ, നിങ്ങൾ ചോദിക്കുന്നു,
ആരാണപ്പാടുന്നത്?
ഒരു ബാലസൂര്യനു ചൂടു പിടിച്ചുവരുന്നു,
ഒരു പേരക്കുട്ടിയും അവനൊരു കുട്ടിയും പിറക്കുന്നു.
വീണ്ടും കൈ പിടിച്ചുനടത്തേണ്ടവനാവുന്നു നിങ്ങൾ.

പുഴകളുടെ പേരുകൾ നിങ്ങൾ മറന്നിട്ടില്ല.
എത്ര ദീർഘമാണവയെന്നു നിങ്ങൾക്കു തോന്നുന്നു!
നിങ്ങളുടെ പാടങ്ങൾ തരിശ്ശു കിടക്കുന്നു.
പണ്ടു കണ്ടവയല്ല, നഗരത്തിന്റെ മേടകൾ.
കവാടത്തിനു മുന്നിൽ നിങ്ങൾ നിൽക്കുന്നു,
മൂകനായി.

(2000)


Campo dei Fiori

By Czeslaw Milosz

Translated by David Brooks and Louis Iribarne

In Rome on the Campo dei Fiori

baskets of olives and lemons,

cobbles spattered with wine

and the wreckage of flowers.

Vendors cover the trestles

with rose-pink fish;

armfuls of dark grapes

heaped on peach-down.

On this same square

they burned Giordano Bruno.

Henchmen kindled the pyre

close-pressed by the mob.

Before the flames had died

the taverns were full again,

baskets of olives and lemons

again on the vendors' shoulders.

I thought of the Campo dei Fiori

in Warsaw by the sky-carousel

one clear spring evening

to the strains of a carnival tune.

The bright melody drowned

the salvos from the ghetto wall,

and couples were flying

high in the cloudless sky.

At times wind from the burning

would drift dark kites along

and riders on the carousel

caught petals in midair.

That same hot wind

blew open the skirts of the girls

and the crowds were laughing

on that beautiful Warsaw Sunday.

Someone will read as moral

that the people of Rome or Warsaw

haggle, laugh, make love

as they pass by the martyrs' pyres.

Someone else will read

of the passing of things human,

of the oblivion

born before the flames have died.

But that day I thought only

of the loneliness of the dying,

of how, when Giordano

climbed to his burning

he could not find

in any human tongue

words for mankind,

mankind who live on.

Already they were back at their wine

or peddled their white starfish,

baskets of olives and lemons

they had shouldered to the fair,

and he already distanced

as if centuries had passed

while they paused just a moment

for his flying in the fire.

Those dying here, the lonely

forgotten by the world,

our tongue becomes for them

the language of an ancient planet.

Until, when all is legend

and many years have passed,

on a new Campo dei Fiori

rage will kindle at a poet's word.

Warsaw, 1943


My Faithful Mother Tongue

Faithful mother tongue,
I have been serving you.
Every night, I used to set before you little bowls of colors
so you could have your birch, your cricket, your finch
as preserved in my memory.
This lasted many years.
You were my native land; I lacked any other.
I believed that you would also be a messenger
between me and some good people
even if they were few, twenty, ten
or not born, as yet.
Now, I confess my doubt.
There are moments when it seems to me I have squandered my life.
For you are a tongue of the debased,
of the unreasonable, hating themselves
even more than they hate other nations,
a tongue of informers,
a tongue of the confused,
ill with their own innocence.
But without you, who am I?
Only a scholar in a distant country,
a success, without fears and humiliations.
Yes, who am I without you?
Just a philosopher, like everyone else.
I understand, this is meant as my education:
the glory of individuality is taken away,
Fortune spreads a red carpet
before the sinner in a morality play
while on the linen backdropp a magic lantern throws
images of human and divine torture.
Faithful mother tongue,
perhaps after all it's I who must try to save you.
So I will continue to set before you little bowls of colors
bright and pure if possible,
for what is needed in misfortune is a little order and beauty.


Hope

Hope is with you when you believe
The earth is not a dream but living flesh,
that sight, touch, and hearing do not lie,
That all thing you have ever seen here
Are like a garden looked at from a gate.
You cannot enter. But you're sure it's there.
Could we but look more clearly and wisely
We might discover somewhere in the garden
A strange new flower and an unnamed star.
Some people say that we should not trust our eyes,
That there is nothing, just a seeming,
There are the ones who have no hope.
They think the moment we turn away,
The world, behind our backs, ceases to exist,
As if snatched up by the hand of thieves

.Forget

Hope is with you when you believe
The earth is not a dream but living flesh,
that sight, touch, and hearing do not lie,
That all thing you have ever seen here
Are like a garden looked at from a gate.
You cannot enter. But you're sure it's there.
Could we but look more clearly and wisely
We might discover somewhere in the garden
A strange new flower and an unnamed star.
Some people say that we should not trust our eyes,
That there is nothing, just a seeming,
There are the ones who have no hope.
They think the moment we turn away,
The world, behind our backs, ceases to exist,
As if snatched up by the hand of thieves

A Song on the End of the World

On the day the world ends
A bee circles a clover,
A fisherman mends a glimmering net.
Happy porpoises jump in the sea,
By the rainspout young sparrows are playing
And the snake is gold-skinned as it should always be.
On the day the world ends
Women walk through the fields under their umbrellas,
A drunkard grows sleepy at the edge of a lawn,
Vegetable peddlers shout in the street
And a yellow-sailed boat comes nearer the island,
The voice of a violin lasts in the air
And leads into a starry night.
And those who expected lightning and thunder
Are disappointed.
And those who expected signs and archangels’ trumps
Do not believe it is happening now.
As long as the sun and the moon are above,
As long as the bumblebee visits a rose,
As long as rosy infants are born
No one believes it is happening now.
Only a white-haired old man, who would be a prophet
Yet is not a prophet, for he’s much too busy,
Repeats while he binds his tomatoes:
There will be no other end of the world,
There will be no other end of the world.




2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

റമോൺ ഗോമസ് ഡി ല സെർന - ഗ്രിഗെറിയ

de la Serna


റമോൺ ഗോമസ് ഡി ല സെർന Ramon Gomes de la Serna (1888-1963) അർജ്ജന്റീനയിൽ ജനിച്ചസ്പാനിഷ് എഴുത്തുകാരൻ. ജീവചരിത്രങ്ങളും നോവലുകളും നാടകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും ഗ്രിഗെറിയ (greguería) എന്ന അതിഹ്രസ്വകവിതാരൂപത്തിന്റെ പേരിലാണ്‌ അദ്ദേഹം അറിയപ്പെടുന്നത്. ഹാസ്യം+രൂപകം = ഗ്രിഗെറിയ എന്നാണ്‌ 1910ൽ താൻ കണ്ടുപിടിച്ച ഈ പുതിയ കവിതയെ അദ്ദേഹം നിർവചിക്കുന്നത്. ഉദാ: മരങ്ങൾ വിസിറ്റിംഗ് കാർഡും പിടിച്ചു നില്ക്കുന്നത് ബൊട്ടാണിക്കൽ ഗാർഡനുകളിൽ മാത്രമാണ്‌. ഈ ഒറ്റവരിക്കവിതകൾ മിക്കതും ഗഹനമായ ഏതെങ്കിലും ജീവിതതത്ത്വങ്ങൾ പ്രതിപാദിക്കുന്നവയല്ല, അങ്ങനെയൊരു ലക്ഷ്യവും അവയ്ക്കില്ല. നിത്യജീവിതസന്ദർഭങ്ങളുടെ ഹാസ്യാത്മകനിരീക്ഷണങ്ങൾ, വാക്കുകളും വസ്തുക്കളും ആശയങ്ങളും തോന്നുമ്പടി ചേർത്തുവയ്ക്കുമ്പോൾ ജനിക്കുന്ന പുതുമകൾ, സാധാരണയുക്തിയെ തിരിച്ചിടൽ ഇതൊക്കെയാണ്‌ ‘ചെകുത്താൻ തുമ്മുമ്പോൾ തെറിക്കുന്ന ഈ തീപ്പൊരികൾ.’


finger

*
അങ്ങു മുകളിൽ നക്ഷത്രങ്ങൾക്കിടയിൽ ഒരു രാപ്പാടി പോലുമില്ല.
*
ഒരു നടത്തം കഴിഞ്ഞു മടങ്ങുന്ന pയാണ്‌ q.
*
പട്ടുതൂവാലയെന്നത് ഒരാശ്ളേഷത്തിന്റെ യാത്രാമൊഴിയാണ്‌.
*
രാത്രിയിൽ ഏകാന്തമായൊരു തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ നമുക്കൊപ്പം രണ്ടു സ്ത്രീകൾ: കൂടെയിരിക്കുന്നവളും ജനാലച്ചില്ലിൽ പ്രതിഫലിക്കുന്നവളും.
*
ജയിൽ കടന്നുപോകുമ്പോൾ നമുക്കു തോന്നിപ്പോകുന്നു, നമ്മുടെ നിഴൽ - നമ്മുടെ നിഴലുകളിൽ ഒന്ന്- അതിനുള്ളിലെ സെല്ലിലേതിലോ ഉണ്ടെന്ന്.
*
എത്ര ദാരുണമാണത്! അവളുടെ കൈകൾക്കു പ്രായമേറി, വളകളതേപോലെയും.
*
പിടിക്കാനേറ്റവും ബുദ്ധിമുട്ടുള്ള മീനാണ്‌ കുളിത്തൊട്ടിയില്‍ നീന്തുന്ന സോപ്പ്.
*
ഒരു സ്ത്രീ രണ്ടു പേർക്ക് ഫ്രൂട്ട് സലാഡ് ഓർഡർ ചെയ്യുമ്പോൾ ആദിപാപത്തെ പരിപൂര്‍ണ്ണതയിലെത്തിക്കുകയാണവള്‍.
*
പറക്കാൻ നൂറിലേറെ ചിറകുള്ള പക്ഷിയാണ്‌ പുസ്തകം.
*
മരണത്തിന്റെ ചുംബനമാണ്‌ മടുപ്പ്.ramon-libros
*

നമ്മൾ ഡോക്ടർമാരാണെന്നു കരുതിയിട്ടാണോ നായ്ക്കൾ നമ്മെ കാണുമ്പോൾ നാക്കു നീട്ടുന്നത്?
*
പിയാനോക്കട കണ്ടാൽ സംഗീതത്തിന്റെ ശവമുറി പോലെ.
*
തൊപ്പി നിങ്ങളുടെ കുപ്പായത്തിന്റെ തലയാണ്‌ .
*
കാറ്റിനെ പിടിക്കുന്നത് നക്ഷത്രങ്ങളെ തൊടുന്നതു പോലെയാണ്‌.
*
നീലിച്ച കണ്ണിമകൾക്കിടയിൽ രാത്രി.
*
ഇല പൊഴിയും കാലത്ത് പഴുക്കിലകൾക്കൊപ്പം പൂമ്പാറ്റകളും പുറത്തുവരുന്നു, ഒരേ കാറ്റിലവ പാറിപ്പോവുകയും ചെയ്യുന്നു.
*
കുറേ നേരം കഴിഞ്ഞാൽ ടൈപ്പ്റൈറ്ററിന്റെ ശബ്ദം ചിന്തകളിൽ ചരലു വിതറുന്നപോലെയാണ്‌.
*

ഓരോ കണ്ണാടിക്കു പിന്നിലും ഒരു ഫോട്ടോഗ്രാഫർ പമ്മിയിരുപ്പുണ്ട്.
*
പൂക്കളുടെ മണം ഒരു മാറ്റൊലിയാണ്‌.lying-down
*
വെളുത്തുള്ളിയുടെ അല്ലികൾ: മന്ത്രവാദിനിയുടെ പല്ലുകൾ.
*
മറക്കാൻ നമ്മൾ കൂടുതൽ കാലമെടുക്കണം, എങ്കിൽ കൂടുതൽ കാലം നാം ജീവിക്കും.
*
വാക്കുകൾ വസ്തുക്കളുടെ അസ്ഥികൂടങ്ങളാണ്‌, അതിനാൽ വസ്തുക്കളേക്കാൾ ആയുസ്സും അവയ്ക്കുണ്ട്.
*
കടലിന്റെ കൈയുറകളാണ്‌ കിനാവള്ളികൾ.
*
ചന്ദ്രൻ ചിറയിൽ എന്തു ചെയ്യുന്നു? അത് മുഖം കഴുകുന്നു.
*
മഴ പെയ്യുമ്പോൾ നമുക്കു വിഷാദം തോന്നുന്നത് നാം മീനുകളായിരുന്ന ഒരു കാലം അതു നമ്മെ ഓർമ്മിപ്പിക്കുന്നതുകൊണ്ടാണ്‌.
*
ഇടിവെട്ടിപ്പെയ്യുന്ന മഴ നമ്മളുടെ ഒന്നാം ക്ലാസ്സിലെ ഒന്നാം ദിവസത്തിന്റെ പുനരവതരണമാണ്‌.
*
ഒരു ഡ്രൈക്ളീനറുടെ നിയോൺ പരസ്യമാണ്‌ മഴവില്ല്.
*
പൊടി നിറയെ പണ്ടത്തെ തുമ്മലുകളാണ്‌. ramon-on-swing
*
കൊളുത്തില്ലാത്ത നെക്ലസ്സാണ്‌ ആശ്ളേഷം.
*
ചില മുഷിഞ്ഞ ആകാശങ്ങൾ കണ്ടാൽ ചിത്രകാരന്മാർ ബ്രഷ് വൃത്തിയാക്കിയത് അതിലാണെന്നപോലെ.
*
അക്ഷരമാലയുടെ വയ്പുപല്ലാണ്‌ കീബോഡ്.
*
പ്രകൃതിയിൽ വിഷാദമേയുള്ളു. ഒരു മരത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി നിങ്ങളെന്നെങ്കിലും കണ്ടിട്ടുണ്ടോ?
*
കടലിന്റെ ചപ്ലാങ്കട്ടകളാണ്‌ കക്കകൾ.
*
ഭിക്ഷയ്ക്കു കൈ നീട്ടുന്ന അന്ധനായ ഭിക്ഷക്കാരനാണ്‌ ഏതു പ്രതിമയും.
*
കടൽ ഏതു നേരവും കരയുടെ മുഖത്ത് തൊട്ടിക്കണക്കിനു വെള്ളമെടുത്തൊഴിക്കുകയാണ്‌, അതിനു ബോധം വരാൻ.
*
എല്ലാ ശവക്കുഴിയിലും ഒരു ടൈംപീസുണ്ട്, അന്ത്യവിധിയുടെ നാളിൽ അതിന്റെ അലാറമടിക്കും.
*
സാന്ത്വനം നല്കുന്ന ചിന്ത: പുഴുക്കളും മരിക്കും.
*
സൈക്കിളിന്റെ ഏറ്റവും സുന്ദരമായ സംഗതി അതിന്റെ നിഴലാണ്‌.
*
ചാട്ടവാർ ദുഷ്പ്രഭുവിന്റെ കൈയൊപ്പ് വായുവിൽ വരച്ചിടുന്നു.
*
പാടങ്ങളിൽ വിഷാദം വിതയ്ക്കുന്നുവെന്നൊരു ഗുണമേയുള്ളു, തീവണ്ടികളുടെ ചൂളം വിളിക്ക്.
*
ഇവിടെ നിന്നവിടേയ്ക്ക് എത്ര പടവുകളുണ്ടെന്നെണ്ണിയാൽ നാമവിടെ എത്തുക തന്നെയില്ല.
*
ജലത്തിന്‌ ഓർമ്മയെന്നതില്ല; അതിനാലാണ്‌ അതിത്ര തെളിഞ്ഞിരിക്കുന്നതും.
*
കള്ളന്മാരെപ്പോലെ നാം വീടിന്റെ വാതിൽ തുറക്കുന്നു, കുറ്റാന്വേഷകരെപ്പോലെ ഉള്ളിൽ കയറുന്നു
*
നമുക്കൊരാൾ ഒരു കുട കടം തരുമ്പോഴാണ്‌ നമ്മുടെ വിധിയുടെ പാതകൾ ആകെ കെട്ടുപിണഞ്ഞുപോകുന്നത്.
*
ലോകത്ത് സോസറുകൾ ഏറെയാണ്‌, കപ്പുകൾ കുറവും.
*
മഴയിൽ ഒരുപാടച്ചടക്കമുണ്ട്.self-mirror
*

ഇടിമുഴക്കം: ആകാശത്തിന്റെ കോണിപ്പടിയിൽ ഒരിരുമ്പുപെട്ടി വീണത്.
*
ആ മനുഷ്യന്‌ ഒരു ടിക്കുണ്ടായിരുന്നു, എന്നാലൊരു ടോക്കിന്റെ കുറവുമുണ്ടായിരുന്നു; അതുകൊണ്ടാണയാൾ  ഒരു ക്ളോക്കാകാതെപോയതും.
*
നമ്മുടെ ഗ്ലാസ്സ് നിറഞ്ഞതല്ലെന്നതു കാര്യമാക്കേണ്ട; കുപ്പി നിറഞ്ഞതായിരിക്കുക എന്നതാണ്‌ പ്രധാനം.
*
ജീവിതത്തിൽ പ്രധാനപ്പെട്ടത് മരിക്കാതിരിക്കുക എന്നതാണ്‌.
*
ജനിച്ചപ്പോൾ നാം വിഴുങ്ങിയ ചൂരൽവടിയാണ്‌ തണ്ടെല്ല്.
*
ആദാമിന്റെ വാരിയെല്ലിൽ നിന്നാണ്‌ ഹവ്വ ഉണ്ടായത്; ഹവ്വ പിന്നീടത് പലിശ സഹിതം തിരിച്ചുകൊടുത്തു, കുട്ടികളുടെ രൂപത്തിൽ.
*
നിങ്ങൾക്കറിയില്ലേ, പാകത്തിനു വെന്തുകഴിഞ്ഞാൽ കോഴിയിറച്ചിക്കു വയലിന്റെ നിറമാണ്‌.
*
ഒരു ബാങ്കിലുള്ള ഡോളറിനെക്കാൾ കൂടുതലാണ്‌ ഒരു നോട്ടിലുള്ള രോഗാണുക്കൾ.
*
ടൂത്ത് പേസ്റ്റ് പോലെ ഒരു ശലഭപ്പുഴു.
*
രാപ്പാടിയുടെ പാട്ടു നാം ശരിക്കും ആസ്വദിക്കാറില്ല, കാരണം, പാടുന്നതു രാപ്പാടിയാണോയെന്ന് നമുക്കെപ്പോഴും സംശയമാണ്‌.
*
ഒരേസമയം നാവികനും വൈമാനികനുമാണ്‌, കടലിനു മേൽ ചന്ദ്രൻ.

*loveseat

ചക്രവാളത്തിലെ ചന്ദ്രനല്ല, അംബരചുംബികളുടെ ചന്ദ്രൻ.
*
ഒരു ഗ്ലാസ്സ് വിസ്ക്കിയിൽ ഐസ്കട്ട മയങ്ങുന്നു, ആടിന്റെ പളുങ്കുമണി പോലെ.
*
ആകാശത്തെ വേട്ടനായ്ക്കളാണ്‌ പ്രാപ്പിടിയന്മാർ.
*
കടുവയുടെ ചർമ്മത്തിലുണ്ട്, അവന്റെ രോഷത്തിന്റെ കുടിലദുർഗ്ഗം.
*


സ്കെച്ചുകൾ കവി തന്നെ വരച്ചത്