2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

റിയുനോസുകെ അകുതഗാവ - റഷോമോൺ





തണുത്തുകുളിരുന്ന ഒരു സന്ധ്യനേരത്ത്‌ മഴയൊന്നു തോരാൻ കാത്ത്‌ റഷോമോണിനടിയിലിരിക്കുകയാണ്‌ ഒരു സമുരായിയുടെ സേവകൻ.
ആ വലിയ കവാടത്തിനു ചുവട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ചുവന്ന അരക്കു തേച്ചിരുന്നത്‌ അവിടവിടെ ഇളകിപ്പോന്നിരുന്ന കൂറ്റനൊരു തൂണിന്മേൽ ഒരു ചീവീടു മാത്രം പറ്റിപ്പിടിച്ചിരുപ്പുണ്ട്‌. സുജാക്കുവീഥി പോലെ അത്ര പ്രധാനപ്പെട്ട ഒരു പെരുവഴിയിൽ നിൽക്കുന്നതിനാൽ മറ്റു ചിലരെങ്കിലും ആ മഴയത്ത്‌ അവിടെക്കേറി നിൽക്കേണ്ടതായിരുന്നു- അരക്കു തേച്ച പുൽത്തൊപ്പി വച്ച ഒരു സ്ത്രീ, അതുമല്ലെങ്കിൽ പതുപതുത്ത കറുത്ത തൊപ്പി ധരിച്ച ഒരു കൊട്ടാരം സേവകൻ. പക്ഷേ ഈ മനുഷ്യനല്ലാതെ മറ്റൊരാളെ കാണാനില്ല.


അടുത്ത കാലത്തു തുടരെത്തുടരെയുണ്ടായ അത്യാഹിതങ്ങൾ കാരണം - ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, അഗ്നിബാധകൾ, ക്ഷാമം - ക്യോട്ടോനഗരം വല്ലാതെ ക്ഷയിച്ചുപോയിരിക്കുന്നു. ആളുകൾ ബുദ്ധപ്രതിമകളും മറ്റു പൂജാദ്രവ്യങ്ങളും അടിച്ചുടച്ച്‌ വഴിയിൽ കൂട്ടിയിട്ടിരിക്കുന്നതിനെക്കുറിച്ചും, ചായവും പൊന്നും വെള്ളിയും പറ്റിപ്പിടിച്ചിരിക്കുന്ന ആ കഷണങ്ങൾ വിറകായി വിൽക്കുന്നതിനെക്കുറിച്ചും പഴയ രേഖകളിൽ പറയുന്നുണ്ട്‌. നഗരം തന്നെ ഈ പടുതിയിലായിരിക്കെ റഷോമൊൺ പരിരക്ഷിക്കാൻ ആരുണ്ടാവാൻ? ആ പൊളിഞ്ഞ കെട്ടിടം കുറുനരികൾക്കു മാളമായി; വൈകാതെ കള്ളന്മാരും അവിടെ കുടിയേറി. ഒടുവിൽ അവകാശികളില്ലാത്ത ജഡങ്ങൾ കൊണ്ടുവന്ന് കവാടത്തിന്റെ മുകൾനിലയിൽ തള്ളുക പതിവായി; സന്ധ്യ കഴിഞ്ഞാൽ ആരും ചെല്ലാൻ മടിക്കുന്ന ഒരു സ്ഥലമായി മാറി അത്‌.


നേരേമറിച്ച്‌ കാക്കകൾ അവിടെ പറ്റമായി വന്നുകൂടിയിരുന്നു. പകലു മുഴുവൻ അവ മേൽക്കൂരയ്ക്കു ചുറ്റും കാറിക്കരഞ്ഞുകൊണ്ട്‌ പറന്നുനടക്കും. അന്തിവെളിച്ചത്തിൽ ആകാശം ചുവക്കുമ്പോൾ വാരിയെറിഞ്ഞ എള്ളിൻമണികൾ പോലെയും അവയെ കാണാം. ഇന്നു പക്ഷേ, അത്രയും നേരം വൈകിയതു കൊണ്ടാവാം, ഒരു കാക്കയെപ്പോലും കാണാനില്ല. വിടവുകളിൽ കാട്ടുപുല്ലുകൾ വളർന്നുകേറിയ, പൊളിഞ്ഞുതുടങ്ങിയ കൽപ്പടവുകളിൽ അവയുടെ വെളുത്ത കാഷ്ഠം മാത്രം വീണുകിടപ്പുണ്ട്‌. പഴകിയ നീലക്കിമോണോ ധരിച്ച ആ വേലക്കാരൻ ഏഴു പടവുകളിൽ മുകളറ്റത്തേതിൽ കയറി ഇരിക്കുകയാണ്‌; ഉതിരുന്ന മഴയിൽ തങ്ങിനിൽക്കുകയാണ്‌ അയാളുടെ ഒഴിഞ്ഞ നോട്ടം. വലതുകവിളിൽ ശല്യമുണ്ടാക്കുന്ന വലിയൊരു മുഖക്കുരുവിലേക്ക്‌ അയാളുടെ ശ്രദ്ധ പോകുന്നുണ്ട്‌.

'മഴയൊന്നു തോരാൻ കത്തുനിൽക്കുകയായിരുന്നു' ആ വേലക്കാരൻ എന്നു നാം നേരത്തെ പറഞ്ഞിരുന്നു; പക്ഷേ മഴ നിന്നുകഴിഞ്ഞാൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച്‌ അയാൾക്കു പ്രത്യേകിച്ചൊരു ധാരണയും ഉണ്ടായിരുന്നില്ല എന്നതാണു പരമാർത്ഥം. സാധാരണ ഗതിയിൽ അയാൾ തന്റെ യജമാനന്റെ വീട്ടിലേക്കു പോവുകയാണ്‌ ചെയ്യുക. പക്ഷേ കുറച്ചു ദിവസങ്ങൾക്കു മുമ്പ്‌ അയാളെ ജോലിയിൽ നിന്നു പിരിച്ചിവിട്ടിരിക്കുകയാണ്‌. മുമ്പ്‌ സൂചിപ്പിച്ചപോലെ, ക്യോട്ടോനഗരം വല്ലാത്ത ഒരധഃപതനത്തിലായിരുന്നല്ലോ. അത്രയും വർഷം താൻ സേവിച്ചിരുന്ന യജമാനൻ അയാളെ പിരിച്ചുവിട്ടത്‌ ആ അധഃപതനത്തിന്റെ തീരെച്ചെറിയ ഒരു പരിണതഫലവുമായിരുന്നു. 'മഴ തോരാൻ കാത്തു നിൽക്കുകയായിരുന്നു' ആ വേലക്കാരൻ എന്നതിനു പകരം ഇങ്ങനെയെഴുതുകയാവും ഉചിതം: 'മഴയത്തു പെട്ടുപോയ ഒരു വേലക്കാരന്‌ എങ്ങും പോകാനുണ്ടായിരുന്നില്ല, എന്തു ചെയ്യണമെന്നും അറിയുമായിരുന്നില്ല.' ഹേയിയൻ കാലത്തെ ആ ഊഴിയക്കാരന്റെ മനസ്സിടിവിന്‌ കാലാവസ്ഥയും കാരണമായി. മഴ തോരാനുള്ള ലക്ഷണമുണ്ടായിരുന്നില്ല. സുജാക്കുവീഥിയിൽ മഴ കോരിച്ചൊരിയുന്നത്‌ പാതിബോധത്തിൽ കേട്ടുകൊണ്ടിരിക്കുകയാണയാൾ. ഒരുനാൾ കൂടി ജീവനോടിരിക്കാനുള്ള വഴി കണ്ടെത്താൻ അയാൾ നിശ്ചയിച്ചിട്ടുണ്ട്‌- എന്നു പറഞ്ഞാൽ, അപരിഹാര്യമായ ഒരു വിധിക്കെതിരെ ഒരു ചെറുത്തുനിൽപ്പു നടത്താൻ.


പലതരം ഇരമ്പങ്ങളുമായി ഇരച്ചെത്തിയ പെരുമഴ റഷോമോണിനെ വലയം ചെയ്തു. മുകളിലേക്കു നോക്കിയപ്പോൾ കൂറ്റനൊരു കാർമേഘം കൂരയുടെ മൂലയോടുകളിൽ കോർത്തുനിൽക്കുന്നത്‌ അയാളുടെ കണ്ണുകളിൽ പെട്ടു.

ഒന്നും ചെയ്യാനില്ലാത്ത ചുറ്റുപാടിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ എന്തു ചെയ്യാനും തയാറായിരിക്കണം അയാൾ. മടിച്ചാൽ ഏതെങ്കിലും മൺചുമരിനരികിൽ, സുജാക്കുവിലെ ഓടയിൽ പട്ടിണി കിടന്ന് അയാൾ മരിക്കും. പിന്നെ ഒരു തെണ്ടിപ്പട്ടിയെപ്പോലെ അയാളെ ഈ കവാടത്തിലേക്കെടുത്തെറിയുകയും ചെയ്യും. പക്ഷേ എന്തു ചെയ്യാനും തയാറാണ്‌ അയാളെങ്കിൽ-
ഒരേ വഴിയിലൂടെ ചാലിട്ട ചിന്തകൾ എപ്പോഴും ഒരേ ലക്ഷ്യത്തിൽ ചെന്നുനിൽക്കുകയായിരുന്നു. പക്ഷേ എത്രനേരം കഴിഞ്ഞിട്ടും ആ 'എങ്കിൽ' ഒരു 'എങ്കിൽ' ആയിത്തന്നെ നിലനിന്നു. എന്തു ചെയ്യാനും താൻ തയാറാണ്‌ എന്ന് പേർത്തും പേർത്തും തന്നെത്താൻ ബോധ്യപ്പെടുത്തിയിട്ടും, ആ 'എങ്കിലി'ന്റെ സ്വാഭാവികമായ നിഗമനത്തിലെത്താൻ, അതായത്‌ ഒരു കള്ളനാവുകയേ തനിക്കിനി ചെയ്യാനുള്ളു എന്ന നിശ്ചയത്തിലെത്താൻ വേണ്ട ധൈര്യം സംഭരിക്കാൻ അയാൾക്കു കഴിഞ്ഞില്ല.
നീട്ടിപ്പിടിച്ചൊരു തുമ്മലിനു ശേഷം അയാൾ വലിഞ്ഞെഴുന്നേറ്റു. ക്യോട്ടോവിലെ അന്തിക്കുളിരു കൊണ്ടപ്പോൾ ഒരു നെരുപ്പോടിന്റെ കനൽച്ചൂടിന്‌ അയാളുടെ മനസ്സു കൊതിച്ചു. ആ ഇരുട്ടത്ത്‌ കവാടത്തിന്റെ തൂണുകൾക്കിടയിലൂടെ തണുത്ത കാറ്റു മൂളിപ്പറന്നു. ചുവന്ന അരക്കു തേച്ച തൂണിന്മേൽ പറ്റിപ്പിടിച്ചിരുന്ന ചീവീടു പോലും പോയിക്കഴിഞ്ഞിരിക്കുന്നു.


പിടലി താഴ്ത്തി അയാൾ കവാടത്തിനു ചുറ്റും ഒന്നു നോക്കി; മഞ്ഞിച്ച അടിവസ്ത്രത്തിനു മേൽ ധരിച്ചിരുന്ന നീലക്കിമോണോ അയാൾ തോളിലേക്ക്‌ ഒന്നുകൂടി വലിച്ചിട്ടു. മഴയും കാറ്റും കൊള്ളാതെ ആരുടെയും കണ്ണിൽപ്പെടാതെ കിടന്നുറങ്ങാൻ പറ്റിയ ഒരിടം കിട്ടിയിരുന്നെങ്കിൽ ഇന്നു രാത്രി ഇവിടെത്തന്നെ കഴിച്ചുകൂട്ടാമായിരുന്നു, അയാൾ മനസ്സിൽ പറഞ്ഞു. ഈ സമയത്താണ്‌ കവാടത്തിന്റെ മുകൾനിലയിലേക്കു പോകുന്ന വിശാലമായ ഒരു കോണിപ്പടി അയാളുടെ കണ്ണിൽപ്പെടുന്നത്‌. ചത്തവരേ അവിടെയുണ്ടാവാൻ വഴിയുള്ളു. ഉറയിൽ നിന്ന് വാളൂരിപ്പോകാതെ നോക്കിക്കൊണ്ട്‌ അയാൾ കോണിപ്പടിയുടെ ആദ്യത്തെ പടിയിൽ കാലെടുത്തു വച്ചു.

അൽപ്പനേരം കഴിഞ്ഞ്‌, കോണിയുടെ പകുതിയെത്തിയപ്പോൾ, അയാളവിടെ പതിഞ്ഞിരുന്ന് ശ്വാസം പിടിച്ചുകൊണ്ട്‌ കവാടത്തിന്റെ മുകൾനില എങ്ങനെയുണ്ടെന്നു നോക്കി. മുകളിൽ നിന്നുള്ള വെളിച്ചം ആ മനുഷ്യന്റെ വലതു കവിളിൽ മങ്ങിവീണു- കുറ്റിത്താടിയ്ക്കിടയിൽ പഴുപ്പു നിറഞ്ഞു നീറിയിരുന്ന മുഖക്കുരു ഉണ്ടായിരുന്ന ആ കവിളിൽത്തന്നെ. മരിച്ചവരല്ലാതെ ആരെങ്കിലും അവിടെ കണ്ടേക്കാമെന്ന സാധ്യതയിലേക്ക്‌ അയാളുടെ ചിന്ത പോയിരുന്നില്ല; പക്ഷേ രണ്ടുമൂന്നു പടികൾ കൂടി കയറിയപ്പോൾ ആരോ ഒരാൾ അതിനുള്ളിൽ വെളിച്ചവും കൊണ്ടു നടക്കുന്നുണ്ടെന്ന് അയാൾക്കു ബോധ്യമായി. മൂലകളിൽ മാറാല തൂങ്ങിക്കിടന്നിരുന്ന മേൽക്കൂരയുടെ അടിഭാഗത്ത്‌ നിറം കെട്ട മഞ്ഞ വെളിച്ചം മിന്നിത്തിളങ്ങുന്നത്‌ അയാൾ കണ്ടു. ഇതുപോലൊരു മഴയുള്ള രാത്രിയിൽ റഷോമോണിൽ വെളിച്ചവുമായി നടക്കുന്നയാൾ സാധാരണക്കാരനാവാൻ വഴിയില്ല.
ആ ചെങ്കുത്തായ കോണിയുടെ മുകളിലേക്ക്‌ അയാൾ ഒരു പല്ലിയെപ്പോലെ ഇഴഞ്ഞുകേറി. എന്നിട്ടു കുന്തിച്ചിരുന്ന് അയാൾ അതിനുള്ളിലേക്ക്‌ പേടിയോടെ കഴുത്തെത്തിച്ചു നോക്കി.

പറഞ്ഞുകേട്ടപോലെ, കുറേ ശവങ്ങൾ അവിടെയുമിവിടെയുമായി കിടക്കുന്നത്‌ അയാൾ കണ്ടു. പക്ഷേ മങ്ങിയ വെളിച്ചമായിരുന്നതിനാൽ എത്രയെണ്ണമുണ്ടെന്ന് അയാൾക്കു മനസ്സിലായില്ല. ചിലതു പിറന്നപടി ആയിരുന്നുവെന്നും, മറ്റു ചിലതിനു മേൽ തുണിയുണ്ടായിരുന്നുവെന്നും മാത്രം കാണാൻ പറ്റി. ആണും പെണ്ണും കൂടിപ്പിണഞ്ഞു കിടക്കുകയാണെന്നും തോന്നി. കൈകൾ വാരിയെറിഞ്ഞും, വായ വലിച്ചുതുറന്നും, നിത്യമൗനത്തിലാണ്ട്‌ കളിമൺപാവകളെപ്പോലെയുള്ള അവയുടെ കിടപ്പു കണ്ടാൽ ഒരു കാലത്തവ ജീവനുള്ള മനുഷ്യരായിരുന്നുവെന്നു വിശ്വസിക്കാൻ പ്രയാസം തോന്നിപ്പോകും. അവരുടെ ചുമലും നെഞ്ചും ഉടലും മങ്ങിയ വെട്ടത്തിൽ എഴുന്നുനിന്നു; മറ്റു ഭാഗങ്ങൾ നിഴലടച്ചുകിടക്കുകയായിരുന്നു.


അഴുകുന്ന ശവങ്ങളുടെ നാറ്റമടിച്ചപ്പോൾ അയാൾ മൂക്കു പൊത്തിപ്പോയി. പക്ഷേ അടുത്ത നിമിഷം അയാളുടെ കൈ താണു; അയാൾ തുറിച്ചുനോക്കി. ജീവനുള്ള ഒരാൾ ആ ശവങ്ങൾക്കിടയിൽ കുന്തിച്ചിരിക്കുന്നതാണ്‌ അയാളുടെ കണ്ണുകൾ കണ്ടത്‌. കറുത്ത വസ്ത്രം ധരിച്ച, ആകെനരച്ച, ഉണങ്ങിച്ചുരുണ്ട, കുരങ്ങിനെപ്പോലുള്ള ഒരു കിഴവി. വലതു കൈയിൽ കത്തുന്ന പൈനിന്റെ ഒരു വിറകുകൊള്ളിയും പിടിച്ച്‌ ഒരു ശവത്തിന്റെ മുഖത്തേക്ക്‌ ഉറ്റുനോക്കുകയാണവൾ. നീണ്ട മുടി കണ്ടിട്ട്‌ അതൊരു സ്ത്രീയുടെ ജഡമാണെന്നു തോന്നി.

ജിജ്ഞാസയെക്കാളേറെ ഭീതി ബാധിച്ച്‌ ഒന്നു ശ്വാസമെടുക്കാൻ കൂടി അയാൾ മറന്നു. പഴയ കാലത്തെ ഒരെഴുത്തുകാരന്റെ ശൈലി കടമെടുത്തു പറഞ്ഞാൽ, തന്റെ രോമങ്ങൾ എഴുന്നു നിൽക്കുന്നതായി അയാൾക്കു തോന്നിപ്പോയി. പിന്നെ ആ കിഴവി തന്റെ കൈയിലെ കത്തുന്ന വിറകുകൊള്ളി തറയിലെ രണ്ടു പലകകൾക്കിടയിൽ കുത്തിനിർത്തിയിട്ട്‌ കൈ രണ്ടും താൻ നോക്കിക്കൊണ്ടുനിന്ന ശവത്തിന്റെ തലയിലേക്കു വച്ചു. സ്വന്തം കുഞ്ഞിന്റെ തലയിലെ പേനെടുക്കുന്ന ഒരു കുരങ്ങിനെപ്പോലെ അവൾ ആ ശവത്തിന്റെ നീണ്ട മുടിയിഴകൾ ഓരോന്നായി പിഴുതെടുക്കാൻ തുടങ്ങി. അവളുടെ കൈകളുടെ ചലനങ്ങൾക്കൊപ്പം ആ മുടിയിഴകൾ പെട്ടെന്ന് ഊരിപ്പോരുന്നുമുണ്ട്‌.


ഓരോ മുടിയും പിഴുതുപോരുമ്പോൾ അയാളുടെ പേടിയും മാറിവരികയായിരുന്നു; അതിനു പകരം ആ കിഴവിയോടുള്ള അടങ്ങാത്തൊരു വെറുപ്പു വളരുകയായിരുന്നു. അല്ല, എന്നല്ല പറയേണ്ടത്‌: ആ കിഴവിയോടു വെറുപ്പല്ല, ദുഷ്ടമായ സകലതിനോടുമുള്ള അറപ്പാണയാൾക്കു തോന്നിയത്‌- ഓരോ നിമിഷം കഴിയുംതോറും അതധികരിക്കുകയായിരുന്നു. ഈ നിമിഷം ആരെങ്കിലും അയാളുടെ മുന്നിൽ പട്ടിണി കിടന്നു മരിക്കുമോ അതോ കള്ളനാവുമോ എന്നുള്ള ചോദ്യം- അൽപനേരം മുമ്പ്‌ അയാളെ മഥിച്ച ആ തെരഞ്ഞെടുപ്പ്‌- എടുത്തിട്ടിരുന്നുവെങ്കിൽ അയാൾ ഒട്ടും ശങ്കയില്ലാതെ മരണം തന്നെ തെരഞ്ഞെടുക്കുമായിരുന്നു. അത്രയ്ക്കായിരുന്നു തിന്മയോടുള്ള അയാളുടെ വെറുപ്പ്‌. ആ കിഴവി കുത്തിനിർത്തിയ വിറകുകൊള്ളി പോലെ അതാളിക്കത്തുകയായിരുന്നു.

അവൾ എന്തിനാണ്‌ ശവങ്ങളിൽ നിന്ന് മുടി പിഴുതെടുക്കുന്നതെന്ന് അയാൾക്കു മനസ്സിലായില്ല; അതുകാരണം അവളുടെ പ്രവൃത്തി ശരിയോ തെറ്റോയെന്ന് തീർച്ചപ്പെടുത്താനും അയാൾക്കു കഴിഞ്ഞില്ല. പക്ഷേ അയാളുടെ കണ്ണുകളിൽ, മഴ പെയ്യുന്ന ഈ രാത്രിയിൽ, ഈ റാഷോമോണിൽ വച്ച്‌ ഒരു ജഡത്തിന്റെ മുടി പിഴുതെടുക്കുക എന്ന പ്രവൃത്തി തന്നെ മാപ്പർഹിക്കാത്ത ഒരു ദുഷ്ടതയായിരുന്നു. അൽപ്പനേരം മുമ്പ്‌ താനൊരു കള്ളനാവാൻ തീരുമാനമെടുത്തതായിരുന്നു എന്ന വസ്തുത സ്വാഭാവികമായും അയാളുടെ മനസ്സിലേക്കു വന്നില്ല.

എന്നിട്ടയാൾ ധൈര്യം സംഭരിച്ചുകൊണ്ടെഴുന്നേറ്റ്‌ വാളിന്റെ പിടിൽ കൈ വച്ചുകൊണ്ട്‌ ആ കിഴട്ടുജന്തുവിന്റെ നേരേ മുന്നിലേക്കു ചെന്നു. ആ കിഴവി അയാളെക്കണ്ടതും പേടിച്ചുവിറച്ചുകൊണ്ട്‌ ചാടിയെഴുന്നേറ്റു.

'നീയെന്തായീ ചെയ്യുന്നത്‌?' അവളുടെ വഴി തടഞ്ഞു നിന്നുകൊണ്ട്‌ അയാൾ അലറി. അവൾ അയാളെ വെട്ടിച്ചോടാൻ ഒരു ശ്രമം നടത്തി; അയാൾ അവളെ പിന്നിലേക്കി പിടിച്ചുതള്ളി. രണ്ടുപേരും കൂടി ഉരുണ്ടുപിരണ്ട്‌ ആ ശവങ്ങൾക്കിടയിലേക്കു വീണു. ആരു ജയിക്കുമെന്നുള്ളതു സംശയമില്ലാത്ത കാര്യമായിരുന്നു. അയാൾ അവളുടെ കൈക്കു കടന്നുപിടിച്ച്‌ കുഴ തിരിച്ച്‌ തറയിലിരുത്തി. വെറും എല്ലും തോലുമായിരുന്നു അവളുടെ കൈ; ഒരു കോഴിക്കാലിലുള്ള ഇറച്ചിയേ അതിലുള്ളു.

'നീ ഇവിടെ എന്തു ചെയ്യുകയായിരുന്നു?' അയാൾ ചോദിച്ചു. 'മര്യാദയ്ക്കു പറഞ്ഞോ, അല്ലെങ്കിൽ നീ ഇതിന്റെ രുചിയറിയും.'

അവളെ പിന്നിലേക്കു തള്ളിക്കൊണ്ട്‌ അയാൾ വാളൂരി അതിന്റെ അതിന്റെ വെളുത്ത അലക്‌ അവളുടെ കണ്ണുകൾക്കു മുന്നിലേക്കു കൊണ്ടുചെന്നു. കിഴവി ഒന്നും മിണ്ടിയില്ല. കൈ വിറച്ച്‌, കണ്ണും തുറിച്ച്‌, ശ്വാസം പിടിച്ച്‌, ഒരക്ഷരം പുറത്തു വരാതെ ബലം പിടിച്ച്‌ അവളിരുന്നു. അതു കണ്ടപ്പോൾ ആ കിഴവിയുടെ ജീവിതവും മരണവും തന്റെ മാത്രം ഇച്ഛാശക്തിക്കു വിധേയമാണെന്ന് അയാൾക്കു ബോധ്യമായി. ആ ചിന്ത അയാളുടെ മനസ്സിൽ തിളച്ചുപൊന്തിയ കോപത്തെ ഒന്നു തണുപ്പിച്ചു. ഒരു പ്രവൃത്തി ശരിക്കു ചെയ്തതിന്റെ കൃതാർത്ഥതയും അഭിമാനവുമാണ്‌ അപ്പോൾ അയാളുടെ മനസ്സിലുണ്ടായത്‌. അയാൾ അവളെ കുനിഞ്ഞു നോക്കിയിട്ട്‌ ശാന്തമായ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:

'നോക്ക്‌, ഞാൻ പോലീസുകാരനൊന്നുമല്ല. ഇതുവഴി കടന്നുപോയപ്പോൾ ഇങ്ങോട്ടു കയറിയെന്നേയുള്ളു. ഞാൻ നിന്നെ കെട്ടിയിടാനോ പിടിച്ചു കൊണ്ടു പോകാനോ ഒന്നും നോക്കുന്നില്ല. പക്ഷേ ഈ സമയത്ത്‌ നീ ഇവിടെ എന്തു ചെയ്യുകയായിരുന്നുവെന്ന് എന്നോടു പറയണം.'


അതു കേട്ടപ്പോൾ അവളുടെ വികസിച്ച കണ്ണുകൾ ഒന്നുകൂടി വികസിച്ചു; അവൾ അയാളെ കനപ്പിച്ചു നോക്കി. ഒരു ഇരപിടിയൻപക്ഷിയുടെ കണ്ണുകൾ പോലെ തീക്ഷ്ണമായിരുന്നു അവളുടെ ചുവന്ന കണ്ണുകൾ. മൂക്കിലേക്കു ചുരുണ്ടുകൂടിയ ചുണ്ടുകൾ എന്തോ ചവയ്ക്കുന്നപോലെ ഇളകി. അവളുടെ തൊണ്ടയിലെ മുഴ മെലിഞ്ഞ കഴുത്തിലൂടെ മുകളിലേക്കും താഴേക്കുമുരുണ്ടു. പിന്നെ ഒരു കാറിയ കാക്കകരച്ചിൽ പോലെ കിതച്ചും കൊണ്ടുള്ള ഒരു ശബ്ദം അയാളുടെ കാതിലേക്കെത്തി:

'ഞാൻ...ഞാൻ...തിരുപ്പനുണ്ടാക്കാൻ വേണ്ടി മുടി പിഴുതെടുക്കുകയായിരുന്നു.'

ആ മറുപടിയോടെ ആ കൂടിക്കാഴ്ചയിലെ സകല ദുർജ്ഞേയതയും അപ്രത്യക്ഷമായി; അയാൾക്കു നിരാശയായി. ഇതൊരു ശവംതീനിപ്പിശാചൊന്നുമല്ല, ശവങ്ങളുടെ മുടി പിഴുത്‌ തിരുപ്പനുണ്ടാക്കി വിറ്റുതിന്നുന്ന വെറുമൊരു കിഴവി. അതോടെ അയാൾക്കു നേരത്തേ തോന്നിയ വെറുപ്പും അവജ്ഞയും ശക്തമായി തിരിച്ചുവന്നു. അയാളുടെ മനസ്സിൽ എന്താണെന്ന് ആ സ്ത്രീയ്ക്കും മനസ്സിലായിക്കാണണം. ശവത്തിൽ നിന്നു താൻ ഊരിയെടുത്ത നീണ്ട മുടിയിഴകൾ ഒരു കൈയിൽ പിടിച്ചും കൊണ്ട്‌ അവൾ ഒരു തവള കരയുന്ന പോലെ ഇങ്ങനെ വിക്കിവിക്കിപ്പറഞ്ഞു:
'മരിച്ചുപോയവരുടെ മുടി പിഴുതെടുക്കുന്നതു ശരിയല്ലെന്ന് എനിക്കറിയാം. പക്ഷേ ഈ കിടക്കുന്നവർക്കും ഇതു തന്നെ കിട്ടണം. ഞാൻ മുടി ഊരിയെടുത്ത ഈ സ്ത്രീയെ നോക്ക്‌: ഇവൾ ഉണങ്ങിയ പാമ്പിറച്ചി മുറിച്ചു കഷണങ്ങളാക്കി മീനാണെന്നു പറഞ്ഞ്‌ വിറ്റിരുന്നവളാണ്‌. ദീനം പിടിച്ചു മരിച്ചില്ലായിരുന്നെങ്കിൽ അവൾ ഇന്നും ആ പണി ചെയ്തേനെ. ആളുകൾക്ക്‌ അവളുടെ 'മീൻ' വലിയ കാര്യവുമായിരുന്നു. അവൾ ചെയ്തതു വലിയ തെറ്റായി എനിക്കു തോന്നുന്നില്ല. പട്ടിണി കിടന്നു മരിക്കാതിരിക്കാൻ വേണ്ടിയാണ്‌ അവൾ അതു ചെയ്തത്‌. അവൾക്കു വേറെ വഴിയുണ്ടായിരുന്നില്ല. ഞാൻ ചെയ്തതും തെറ്റായി ഞാൻ കാണുന്നില്ല.എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ഇതു ചെയ്തില്ലെങ്കിൽ ഞാൻ പട്ടിണി കിടന്നു ചാവും. ചെയ്തേ പറ്റൂ എന്നാൽ എന്താണെന്ന് ഈ സ്ത്രീയ്ക്കറിയാം; അവളോടു ഞാൻ ഈ കാണിക്കുന്നത്‌ അവൾക്കു മനസ്സിലാവുമെന്നാണ്‌ എന്റെ വിചാരം.'

അയാൾ വാൾ ഉറയിലേക്കിട്ടിട്ട്‌, പിടിയിൽ കൈ കൈ വച്ചും കൊണ്ട്‌ അവൾ പറയുന്നത്‌ ചിന്താധീനനായി കേട്ടുകൊണ്ടു നിന്നു. ഈ സമയത്ത്‌ കവിളത്തു നീറ്റലുണ്ടാക്കുന്ന മുഖക്കുരുവിലായിരുന്നു അയാളുടെ വിരലുകൾ.


അവളുടെ കഥ കേട്ടുകൊണ്ടു നിൽക്കുമ്പോൾ പുതിയൊരു തരം ധൈര്യം അയാളുടെ ഉള്ളിൽ മുളയെടുക്കുകയായിരുന്നു- അൽപ്പനേരം മുമ്പ്‌ കവാടത്തിനടിയിൽ ഇരിക്കുമ്പോൾ അയാൾക്കു തോന്നാതിരുന്ന ഒരു ധൈര്യം: ആ കിഴവിയെ കടന്നുപിടിക്കാൻ അയാളെ തള്ളിവിട്ട ധൈര്യത്തിന്റെ നേരേ എതിർദിശയിലേക്ക്‌ നീങ്ങുന്ന ഒരു ധൈര്യം. പട്ടിണി കിടന്നു മരിക്കണോ, അതോ കള്ളനാവണോ എന്ന സന്ദേഹം ഇപ്പോൾ അയാൾക്കില്ല. അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ പട്ടിണി കിടന്നു മരിക്കുക എന്ന ചിന്ത അയാളുടെ ബോധത്തിൽ നിന്ന് എത്രയോ അകലെ ഭ്രഷ്ടമായിപ്പോയിരിക്കുന്നു; അങ്ങനെയൊന്ന് അയാളുടെ മനസ്സിലേക്കു കടക്കുകതന്നെയില്ല.

'നിനക്കത്ര തീർച്ചയാണോ?' കളിയാക്കുന്നപോലെ അയാൾ ചോദിച്ചു. അയാൾ മുഖക്കുരുവിൽ നിന്നു കൈയെടുത്തിട്ട്‌ പെട്ടെന്നു കുനിഞ്ഞ്‌ അവളുടെ പിടലിയ്ക്കു കയറിപ്പിടിച്ചു. അവളെ കടന്നുപിടിയ്ക്കുമ്പോൾ അയാളുടെ വാക്കുകൾ തറഞ്ഞുകേറി:'ഞാൻ നിന്റെ തുണി പറിച്ചെടുത്താൽ നീയുമെന്നെ പഴിക്കരുത്‌. പട്ടിണി കിടക്കാതിരിക്കാൻ എനിക്കതേ ചെയ്യാനുള്ളു.' അയാൾ ആ കിഴവി ഉടുത്തിരുന്നത്‌ വലിച്ചഴിച്ചു. അവൾ അയാളുടെ കാലിൽ പിടിക്കാൻ നോക്കിയപ്പോൾ ഒറ്റത്തൊഴി കൊടുത്ത്‌ അയാൾ അവളെ ആ ശവങ്ങൾക്കിടയിലേക്കു തള്ളിയിട്ടു. അഞ്ചു ചുവടു വച്ചപ്പോഴേക്കും അയാൾ കോണിപ്പടിയുടെ മുകളറ്റമെത്തി. അവളുടെ ഉടുവസ്ത്രം കക്ഷത്തു ചുരുട്ടിവച്ചും കൊണ്ട്‌ കോണിപ്പടി ഓടിയിറങ്ങി അയാൾ രാത്രിയുടെ ഗർത്തത്തിലേക്കു മറഞ്ഞു.

പിന്നെ ചത്തപോലെ കിടന്ന ആ കിഴവി ശവങ്ങൾക്കിടയിൽ നിന്ന് എഴുന്നേറ്റു. പ്രാകിയും കരഞ്ഞും കൊണ്ട്‌ കെടാത്ത ആ വിറകുകൊള്ളിയുടെ വെളിച്ചത്തിൽ അവൾ കോണിപ്പടിയുടെ മുകളിലേക്ക്‌ ഇഴഞ്ഞുചെന്നു. മുഖത്തു വീണുകിടക്കുന്ന നരച്ച മുടിയ്ക്കിടയിലൂടെ അവൾ കവാടത്തിന്റെ താഴത്തേക്കു നോക്കി. രാത്രിയുടെ ഗുഹാമുഖം പോലത്തെ ഇരുട്ടു മാത്രമാണ്‌ അവൾ കണ്ടത്‌.

ആ വേലക്കാരനു പിന്നെന്തു സംഭവിച്ചുവെന്ന് ആർക്കുമറിയില്ല.




റിയുനോസുകെ അകുതഗാവ-Riyunosuke Akutagawa(1892-1927) - ജാപ്പനീസ് ചെറുകഥയുടെ പിതാവായി കരുതപ്പെടുന്നു. കുറോസോവയുടെ റഷോമോൺ എന്ന മാസ്റ്റർപീസ് സിനിമയ്ക്ക് ആധാരമായത് അകുതഗാവയുടെ റഷോമോൺ, ഒരു മുളംകാവിനുള്ളില്‍ വച്ച്
എന്നീ കഥകളാണ്‌. മുപ്പത്തഞ്ചാം വയസ്സിൽ ആത്മഹത്യ ചെയ്തു.

















അഭിപ്രായങ്ങളൊന്നുമില്ല: