2023, ജൂലൈ 31, തിങ്കളാഴ്‌ച

ഫെർണാണ്ടോ പെസൊവ - അൽവാരോ ദെ കാമ്പോസ്

വാഴ്ത്ത്


വരൂ, പ്രായമേശാത്ത, മാറ്റമില്ലാത്ത രാത്രീ,
പിറവിയിലേ സ്ഥാനഭ്രഷ്ടയായ റാണീ,
ഉള്ളിനുമുള്ളിലെ മൗനത്തിനു തുല്യയായ രാത്രീ,
നിത്യത കര വച്ച പുടവയിൽ
പായുന്ന നക്ഷത്രങ്ങൾ തുന്നിച്ചേർത്തവളേ, രാത്രീ.

ഒഴുകി വരൂ,
മൃദുപാദയായി വരൂ,
ഏകയായി, ഭവ്യയായി വരൂ,
കൈകളിരുപുറവും തൂക്കിയിട്ടു വരൂ,
അകലെയായ കുന്നുകളെ
അരികിലെ മരങ്ങൾക്കു ചുവട്ടിലേക്കു കൊണ്ടുവരൂ,
ഞാൻ കാണുന്ന പാടങ്ങളെയെല്ലാം
നിന്റെയൊരേയൊരു പാടത്തിൽ ലയിപ്പിക്കൂ,
മലയെ നിന്റെയുടലിന്റെ ഒരു ഖണ്ഡമാക്കൂ,
അകലക്കാഴ്ചയിൽ ഞാനതിൽ കാണുന്ന വ്യത്യസ്തതകളോരോന്നും തുടച്ചുമാറ്റൂ:
അതിൽ കയറിപ്പോകുന്ന വഴികൾ,
അകലെയതിനെ സാന്ദ്രഹരിതമാക്കുന്ന വിവിധവൃക്ഷങ്ങൾ,
മരങ്ങൾക്കിടയിലൂടെ പുകച്ചുരുളുയരുന്ന വെള്ളയടിച്ച വീടുകൾ;
ഒരു വെളിച്ചം മാത്രം ശേഷിക്കട്ടെ, മറ്റൊരു വെളിച്ചവും പിന്നെയൊരു വെളിച്ചവും,
അവ്യക്തവും നൊമ്പരപ്പെടുത്തുന്നതുമായ വിദൂരതയിൽ,
പൊടുന്നനേ അപ്രാപ്യമായ വിദൂരതയിൽ.

വ്യർത്ഥമായി ഞങ്ങൾ തിരയുന്ന അസാദ്ധ്യതകളുടെ മാതാവേ,
അസ്തമയനേരത്തു ഞങ്ങളുടെ ജനാലയ്ക്കലെത്തുന്ന സ്വപ്നങ്ങളുടെ മാതാവേ,
കോസ്മോപൊളിറ്റൻ ഹോട്ടലുകളുടെ വിശാലമായ വരാന്തകളിൽ,
യൂറോപ്യൻ സംഗീതത്തിന്റെയും അടുത്തുമകലത്തുമുള്ള ശബ്ദങ്ങളുടെയും പശ്ചാത്തലത്തിൽ,
ഞങ്ങളെ താലോലിക്കുന്ന ,
ഒരിക്കലും നടക്കില്ലെന്നറിയാവുന്നതിനാൽ ഞങ്ങളെ വേദനിപ്പിക്കുന്ന
സ്വപ്നപദ്ധതികളുടെ മാതാവേ...
ഞങ്ങളെ പാടിയുറക്കാൻ വരൂ,
ഞങ്ങളെ ആശ്വസിപ്പിക്കാൻ വരൂ,
ഞങ്ങളുടെ നെറ്റിയിൽ നിശബ്ദമായി ചുംബിക്കൂ,
ചുംബിച്ചുവെന്നു ഞങ്ങൾക്കു തോന്നാത്തത്ര മൃദുവായി ചുംബിക്കൂ,
ആത്മാവിലെന്തോ അനക്കം വച്ചുവെന്നു മാത്രം ഞങ്ങളറിയട്ടെ,
ഈ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നറിയുന്നതിനാൽ
ഞങ്ങൾ പ്രിയത്തോടെ മാറോടണയ്ക്കുന്ന സ്വപ്നങ്ങൾ,
ആ സ്വപ്നങ്ങൾ കായ്ക്കുന്ന മാന്ത്രികവൃക്ഷങ്ങൾ,
ആ വൃക്ഷങ്ങൾ വേരിറക്കിനില്ക്കുന്ന ഞങ്ങളിലെ പ്രാക്തനദേശം-
അതിൽ നിന്നൊരു തേങ്ങൽ
ഗാനമായുയർന്നുവെന്നു മാത്രം ഞങ്ങൾക്കു തോന്നട്ടെ.

ശാന്തഗംഭീരയായി വരൂ,
ഉള്ളിലടക്കിയ കരച്ചിലിന്റെ ശാന്തതയുമായി വരൂ,
ആത്മാവു വിപുലവും ജീവിതം തുച്ഛവുമാണെന്നതിനാൽ,
ഉടലുകളുടെ അതിരുകൾക്കപ്പുറം പോകാനാവില്ല ഞങ്ങളുടെ ചേഷ്ടകൾക്കെന്നതിനാൽ,
കൈയെത്തുന്നിടത്തോളമേ ഞങ്ങൾക്കെത്തിപ്പിടിക്കാനാവൂ എന്നതിനാൽ,
കാഴ്ചവട്ടത്തോളമേ ഞങ്ങൾക്കു കാഴ്ച കിട്ടൂ എന്നതിനാൽ
കരയാനുള്ള രഹസ്യാഭിലാഷത്താൽ നിറഞ്ഞു നീ വരൂ.

വരൂ, എന്നും ശോകമയിയായവളേ,
സാധുക്കളുടെ യാതനകളുടെ മാറ്റെർ ഡൊളോറോസാ*,
നിന്ദിതരുടെ റ്ററിസ് എബേർണിയാ*,
എളിമപ്പെട്ടവരുടെ പൊള്ളുന്ന നെറ്റിത്തടത്തിൽ വച്ച തണുത്ത കൈത്തലമേ,
തളർന്നവരുടെ വരണ്ട ചുണ്ടിൽ തണ്ണീരിന്റെ സ്വാദേ.
വിവർണ്ണചക്രവാളത്തിന്റെ ആഴങ്ങളിൽ നിന്നു വരൂ,
ഞാൻ കിടന്നു തഴയ്ക്കുന്ന ഉത്കണ്ഠയുടെയും വന്ധ്യതയുടെയും മണ്ണിൽ നിന്നെന്നെ വലിച്ചെടുക്കൂ,
മണ്ണിൽ നിന്നെന്നെ, എല്ലാവരും മറന്ന ഡയ്സിപ്പൂവിനെ, പറിച്ചെടുക്കൂ.
എനിക്കറിയാത്ത എന്റെ ജാതകം
അതിൽ നീ ഇതളെണ്ണി ഇതളെണ്ണി വായിക്കൂ.
നിന്റെ സന്തോഷത്തിനായി, അത്ര മൂകവും തണുത്തതുമായ നിന്റെ സന്തോഷത്തിനായി
എന്റെ ഇതളുകൾ നീ നുള്ളിയെടുക്കൂ.
എന്റെ ഒരിതൾ നീ വടക്കോട്ടെറിയൂ,
അത്രമേൽ ഞാൻ സ്നേഹിച്ചിരുന്ന ഇന്നിന്റെ നഗരങ്ങളിലേക്ക്.
എന്റെ മറ്റൊരിതൾ തെക്കോട്ടെറിയൂ,
ഒരു കാലത്തു നാവികരുഴുതുമറിച്ച കടലുകളിലേക്ക്.
മറ്റൊരിതൾ പടിഞ്ഞാറോട്ടെറിയൂ,
എനിക്കജ്ഞാതമാണെങ്കിലും ഞാനാരാധിക്കുന്ന
ഭാവിയാകാവുന്നതൊന്നു ചോരച്ചുവപ്പായെരിഞ്ഞുനില്ക്കുന്നിടത്തേക്ക്.
മറ്റൊന്ന്, മറ്റെല്ലാം, എന്നിൽ ശേഷിച്ചതെല്ലാം
കിഴക്കോട്ടെറിയൂ,
സർവതും വരുന്ന, വിശ്വാസവും പകൽവെളിച്ചവും വരുന്ന കിഴക്കോട്ട്,
ചൂടിന്റെയും പകിട്ടിന്റെയും വിശ്വാസതീക്ഷ്ണതയുടെയും കിഴക്കോട്ട്,
ഞാനൊരിക്കലും കാണാനിടയില്ലാത്ത സമൃദ്ധിയുടെ കിഴക്കോട്ട്,
ബുദ്ധന്റെയും ബ്രഹ്മത്തിന്റെയും ഷിന്റോയുടെയും കിഴക്കോട്ട്,
നമുക്കില്ലാത്തതെല്ലാമുള്ള കിഴക്കോട്ട്,
നാമല്ലാത്തതെല്ലാമായ കിഴക്കോട്ട്,
ക്രിസ്തു ഇന്നും ജീവിച്ചിരിപ്പുണ്ടെന്നു വരാവുന്ന- ആർക്കറിയാം?-,
ദൈവമിപ്പോഴും സാർവഭൗമനായി വിരാജിക്കുന്ന കിഴക്കോട്ട്.

കടലുകൾക്കു മേലേകൂടി വരൂ,
പെരുംകടലുകൾക്കു മേലേകൂടി വരൂ,
നിയതചക്രവാളമില്ലാത്ത കടലുകൾക്കു മേലേകൂടി വരൂ,
അടങ്ങാത്ത ആ ജലജന്തുവിന്റെ പുറം തഴുകിക്കൊണ്ടു വരൂ,
ഒരിക്കലും പൊറുപ്പില്ലാത്തവയെ മാസ്മരവിദ്യയാൽ മെരുക്കുന്നവളേ,
നിഗൂഢമായി നീയതിനെ ശാന്തമാക്കൂ!

വരൂ, എന്നും ശ്രദ്ധാലുവായവളേ,
വരൂ, എന്നും മാതൃവാത്സല്യമാർന്നവളേ,
നിശബ്ദപാദയായി വരൂ, കാലമേശാത്ത ധാത്രീ,
മൃതമതങ്ങളുടെ ദേവകളെ പരിചരിച്ചിരുന്നവളേ,
യഹോവയുടെയും സിയൂസിന്റെയും പിറവിയ്ക്കു സാക്ഷിയായവളേ,
വ്യർത്ഥവും അവാസ്തവവുമാണെല്ലാമെന്നതിനാലന്നു പുഞ്ചിരി വന്നവളേ!

വരൂ, ഉന്മത്തയായ മൂകരാത്രീ,
നിന്റെ വെണ്മേലാട കൊണ്ടെന്റെ ഹൃദയം പൊതിയൂ,
വാസനിക്കുന്നൊരപരാഹ്നത്തിൽ ഇളംതെന്നൽ പോലെ സ്വച്ഛമായി,
അമ്മയുടെ തലോടുന്ന കൈ പോലെ സൗമ്യമായി,
കൈത്തണ്ടകളിൽ തിളങ്ങുന്ന നക്ഷത്രങ്ങളുമായി,
ചന്ദ്രൻ നിന്റെ മുഖത്തൊരു നിഗൂഢമായ പൊയ്‌മുഖമായി.
നിന്റെ വരവിൽ എല്ലാ ശബ്ദവും വേറിട്ട ശബ്ദമാവുന്നു.
നീ കടന്നുവരുമ്പോൾ ഒച്ചകളെല്ലാം താഴുന്നു.
നീ വരുന്നതാരും കാണുന്നില്ല.
നീ വന്നതെപ്പോഴെന്നാരുമറിയുന്നില്ല,
പെട്ടെന്നൊരു ക്ഷണത്തിൽ സകലതും പിൻവാങ്ങാൻ തുടങ്ങുമ്പോൾ,
സകലതിനും അരികുകളും നിറങ്ങളും നഷ്ടപ്പെടുമ്പോൾ,
മുകളിൽ, തെളിനീലമായ ആകാശത്ത്,
നിയതമായൊരു പിറയായി, ഒരു വെളുത്ത വൃത്തമായി,
അല്ലെങ്കിലൊരു പുതുവെളിച്ചത്തിന്റെ ശകലമെങ്കിലുമായി-

ചന്ദ്രൻ നിറഞ്ഞുനില്ക്കുമ്പോഴല്ലാതെ.


1914 ജൂൺ 30


 

*mater dolorosa - വ്യാകുലമാതാവ്; സ്വജീവിതത്തിലെ ഏഴു ദുഃഖങ്ങളോടു ബന്ധപ്പെടുത്തി വിശുദ്ധമറിയത്തിനുള്ള വിശേഷണം

*Turris Eburnea- ദന്തഗോപുരം; ഉത്തമഗീതത്തിൽ ‘നിന്റെ കഴുത്ത് ദന്തഗോപുരം പോലെ’ എന്നു ശലോമോൻ; അഭിജാതവിശുദ്ധിയുടെ പ്രതീകം; പതിനാറാം നൂറ്റാണ്ടോടെ വിശുദ്ധമറിയത്തിന്റെ വിശേഷണമായി ഉൾപ്പെടുത്തി

വാൾട്ട് വിറ്റ്മാന്‌ അഭിവാദനം

(ഭാഗങ്ങൾ)
---------------------------------
എനിക്കങ്ങയുടെ കവിതകളധികവും ഒറ്റയിരിപ്പിനു വായിക്കാനാവില്ല...
അനുഭൂതികളാണതു നിറയെ...
ഞാനങ്ങയുടെ വരികളിലൂടെ കടന്നുപോകുന്നത്
തിക്കിത്തിരക്കുന്ന ഒരാൾക്കൂട്ടത്തിനിടയിലൂടെന്നപോലെ,
അവർക്കു മണം വിയർപ്പിന്റെ, ഗ്രീസിന്റെ, മാനുഷികവും യാന്ത്രികവുമായ പ്രവൃത്തികളുടെ.
അങ്ങയുടെ കവിതകൾ വായിക്കുമ്പോഴെനിക്കു മനസ്സിലാകുന്നില്ല,
ഞാനവ വായിക്കുകയാണോ ജിവിക്കുകയാണോയെന്ന്,
എനിക്കറിയില്ല, എന്റെ ശരിക്കുമുള്ള ഇടം ഈ ലോകമാണോ അങ്ങയുടെ കവിതയാണോയെന്ന്,
എനിക്കറിയില്ല, രണ്ടു ചുവടുകളും ഈ മണ്ണിലുറപ്പിച്ചുനില്ക്കുകയാണോ,
അതോ ഏതോ പണിപ്പുരയിൽ നിന്ന് തല കീഴായി തൂങ്ങിക്കിടക്കുകയാണോ ഞാനെന്ന്,
അതെ, അങ്ങയുടെ ചവിട്ടിക്കുതിക്കുന്ന പ്രചോദനമെന്ന മച്ചിൽ നിന്ന്,
അങ്ങയുടെ അടുക്കാനാവാത്ത തീക്ഷ്ണതയുടെ മച്ചിൻ നടുവിൽ നിന്ന്.
വാതിലുകളെല്ലാം തുറക്കൂ!
ഞാൻ കടന്നുവരികയാണ്‌!
എന്റെ പാസ്‌വേഡ്? വാൾട്ട് വിറ്റ്മാൻ!
എന്നാൽ ഒരു പാസ്‌വേഡും തരാൻ എനിക്കു മനസ്സില്ല...
എനിക്കു കയറിവരാൻ ആരുടെയും സമ്മതം വേണ്ട...
വേണമെങ്കിൽ ഞാൻ വാതിലുകൾ വെട്ടിപ്പൊളിക്കും...
അതെ, സൗമ്യനും സംസ്കാരസമ്പന്നനുമാണെങ്കിലും
വേണ്ടിവന്നാൽ ഞാൻ വാതിലുകൾ തല്ലിപ്പൊളിക്കും.
എന്തെന്നാൽ ഈ നിമിഷത്തിൽ സൗമ്യനും സംസ്കാരസമ്പന്നനുമല്ല ഞാൻ,
ഞാൻ ഞാനാണ്‌, ചോരയും നീരുമുള്ള, ചിന്തിക്കുന്നൊരു പ്രപഞ്ചം,
അതിനകത്തേക്കു വരണം, അതകത്തേക്കു വരികയും ചെയ്യും.
എന്തെന്നാൽ, അകത്തേക്കു വരാൻ തോന്നുമ്പോൾ ദൈവമാണു ഞാൻ!
ഈ ചപ്പുചവറുകളൊക്കെ എന്റെ കണ്മുന്നിൽ നിന്നു മാറ്റൂ!
ആ വികാരങ്ങളൊക്കെ ഏതെങ്കിലും വലിപ്പിൽ പൂട്ടിവയ്ക്കൂ!
എനിക്കു കാണേണ്ട രാഷ്ട്രീയക്കാരെ, പണ്ഡിതവർഗ്ഗത്തെ,
വെടിപ്പൻ വ്യാപാരികളെ, പോലീസുകാരെ, വേശ്യകളെ, കൂട്ടിക്കൊടുപ്പുകാരെ!
ജീവനേകുന്ന അർത്ഥമല്ല, കൊല്ലുന്ന അക്ഷരമാണ്‌ നിങ്ങളൊക്കെ.
ഈ നിമിഷത്തിൽ ജീവൻ നല്കുന്ന അർത്ഥം ഞാനത്രെ!
ഒരു കഴുവേറിമോനെയും എന്റെ വഴിയിൽ കണ്ടുപോകരുത്!
അനന്തതയും കടന്നങ്ങേയറ്റം വരെ പോകുന്നതാണ്‌ എന്റെ വഴി.
അത്രയും വരെ ഞാൻ പോകുമോയെന്നു നിങ്ങൾ നോക്കേണ്ട,
അത് ഞങ്ങൾ നോക്കിക്കോളാം- ഞാൻ, ദൈവം...പിന്നെ,
അനന്തം എന്ന വാക്കിനു ഞാൻ കല്പിക്കുന്ന അർത്ഥവും.
മുന്നോട്ട്! ഞാൻ കുതിക്കുന്നു!
*
എല്ലാ ജനാലകളും എനിക്കായി തുറന്നിടൂ!
എല്ലാ വാതിലുകളും അവയുടെ വിജാഗിരികളിൽ നിന്നു പറിച്ചെടുക്കൂ!
വീടങ്ങനെതന്നെ എനിക്കുമേൽ പൊളിച്ചിടൂ!
തുറസ്സിൽ, സ്വതന്ത്രനായി എനിക്കു ജീവിക്കണം,
എന്റെ ചേഷ്ടകൾ എന്റെ ഉടലിനും പുറത്തു പോകണം,
ചുമരുകളിലൂടൊലിച്ചിറങ്ങുന്ന മഴ പോലെനിക്കോടിപ്പോകണം,
പാതകളിലെ തറക്കല്ലുകൾ പോലെ ചവിട്ടടികളെനിക്കറിയണം,
നിശ്ചേഷ്ടപിണ്ഡം പോലെ കടലിനടിത്തട്ടിലേക്കെനിക്കു മുങ്ങിത്താഴണം,
പണ്ടേയെനിക്കു നഷ്ടമായ ഒരാസക്തിയോടെ!
*
എന്റെ കവിതകളിൽ ഞാൻ തീവണ്ടികളെക്കുറിച്ചു പാടുന്നു,
കാറുകളെക്കുറിച്ചു പാടുന്നു, ആവിക്കപ്പലുകളെക്കുറിച്ചു പാടുന്നു,
എന്നാലെത്ര ഉയരത്തിലേക്കെന്റെ കവിതയെ ഞാനുയർത്തിയാലും
അതിൽ താളങ്ങളേയുള്ളു, ആശയങ്ങളേയുള്ളു,
അതിൽ ഉരുക്കില്ല, ഇരുമ്പോ ചക്രങ്ങളോ ഇല്ല,
അതിൽ തടിയില്ല, കമ്പക്കയറില്ല;
ഒരു പാതയിലെ ഏറ്റവും അഗണ്യമായ ഒരു കല്ലിന്റെ യാഥാർത്ഥ്യം അതിനില്ല-
ഒന്നു നോക്കാതെപോലും ആളുകൾ ചവിട്ടിക്കടന്നുപോകുന്ന ഒരു കല്ല്,
എന്നാലതിനെ നോക്കാം, പെറുക്കിയെടുക്കാം, ചവിട്ടിക്കടക്കാം.
എന്റെ കവിതകളതേ സമയം ആശയങ്ങൾ പോലെയാണ്‌,
മനസ്സിലായെന്നോ മനസ്സിലായില്ലെന്നോ വരാവുന്ന ആശയങ്ങൾ.
എനിക്കു വേണ്ടതിരുമ്പാണ്‌, ഇരുമ്പിനെക്കുറിച്ചു പാടുകയല്ല,
എന്റെ ചിന്ത ഉരുക്കിനെക്കുറിച്ചുള്ള ഒരാശയമേ നല്കുന്നുള്ളു, ഉരുക്കല്ല.
എന്നാൽ എന്റെ മനസ്സിന്റെ വികാരങ്ങളെയെല്ലാം വെറി പിടിപ്പിക്കുന്നതിതാണ്‌-
അലയിളക്കുന്ന ജലത്തെ അനുകരിക്കുന്ന എന്റെ താളത്തെ എനിക്കു വച്ചുമാറാൻ പറ്റുന്നില്ല,
എന്റെ കൈക്കുമ്പിളിലെ ജലത്തിന്റെ യഥാർത്ഥമായ കുളിർമ്മയുമായി,
എനിക്കു ചെന്നിറങ്ങാവുന്ന, എനിക്കു നനഞ്ഞുകയറാവുന്ന, പുഴയുടെ ശബ്ദദൃശ്യവുമായി.
അതിലെന്റെ കോട്ടും സൂട്ടും നനഞ്ഞുവെന്നു വരാം,
വേണമെങ്കിലെനിക്കതിൽ മുങ്ങിച്ചാവുകയും ചെയ്യാം,
ഒരു സാഹിത്യത്തിന്റെയും താങ്ങില്ലാതെ സ്വാഭാവികദിവ്യത്വത്തോടെയാണതവിടെയുള്ളതും.
എനിക്കാകാനാവത്തതിനെയെല്ലാം ഞാൻ തള്ളിപ്പറയുന്നു.
എന്നാൽ വാൾട്ട്, എന്താണീ എല്ലാം, എല്ലാം, എല്ലാം എന്നാൽ?
*
(1915)

ലിസ്ബണിൽ വീണ്ടും 


വേണ്ട, യാതൊന്നുമെനിയ്ക്കു വേണ്ട.

യാതൊന്നുമെനിയ്ക്കു വേണ്ടെന്നു ഞാൻ പറഞ്ഞുകഴിഞ്ഞതാണല്ലോ.

നിങ്ങളുടെ തീർപ്പുകളുമായി എന്റെയടുത്തേക്കു വരരുത്!
തീർപ്പെന്നു പറയാൻ മരണമേയുള്ളു.

നിങ്ങളുടെ സൗന്ദര്യചിന്തകളുമെനിയ്ക്കു വേണ്ട!
സദാചാരം പറച്ചിലുമെനിയ്ക്കു വേണ്ട!

തത്വശാസ്ത്രങ്ങളും കൊണ്ടിവിടുന്നു പൊയ്ക്കോ!
സമ്പൂർണ്ണദാർശനികപദ്ധതികളെക്കുറിച്ചൊന്നുമെന്നോടു വിളമ്പരുത്,
ശാസ്ത്രത്തിലെ (എന്റെ ദൈവമേ, ശാസ്ത്രത്തിലെ!), കലകളിലെ,
ആധുനികനാഗരികതയിലെ കുതിച്ചുചാട്ടങ്ങളെക്കുറിച്ചെന്നോടു വിസ്തരിക്കരുത്!

ദൈവങ്ങളോടു ഞാനെന്തപരാധം ചെയ്തു?

അവർക്കറിയാം സത്യമെങ്കിൽ, അവരതും വച്ചിരിക്കട്ടെന്നേ.

ഞാനൊരു സാങ്കേതികവിദഗ്ധൻ,
എന്റെ വൈദഗ്ധ്യം പക്ഷേ, സാങ്കേതികതയിൽ മാത്രം;
അതൊഴിച്ചാൽ ഞാനൊരു തല തിരിഞ്ഞവൻ,
അതെന്റെ അവകാശവുമാണെന്നേ- കേൾക്കുന്നുണ്ടോ?

എന്നെയൊന്നു വെറുതേവിടൂ, ദൈവത്തെയോർത്ത്!

ഞാൻ വിവാഹം കഴിക്കണമെന്നോ, ജീവിതം നിഷ്ഫലമാക്കണമെന്നോ,
യാഥാസ്ഥിതികനാവണമെന്നോ, നികുതിദായകനാവണമെന്നോ?
ഇതിനെതിരാവണമെന്നോ ഞാൻ, ഏതിനുമെതിരാവണമെന്നോ?
മറ്റൊരാളായിരുന്നു ഞാനെങ്കിൽ, നിങ്ങൾക്കെല്ലാവർക്കുമൊപ്പം ഞാൻ വരുമായിരുന്നു.
പക്ഷേ ഞാൻ ഞാനായിരിക്കെ, ഒന്നു മാറിനിന്നാട്ടെ!
ഞാനില്ലാതെ നരകത്തിൽ പൊയ്ക്കോ,
അല്ലെങ്കിൽ ഞാനായിട്ടവിടെപ്പോകാനൊന്നനുവദിക്കൂ!
നാമൊരുമിച്ചു പോകണമെന്നെന്താ നിർബ്ബന്ധം?

എന്റെ കയ്യിൽ കയറിപ്പിടിക്കരുത്!
കയ്യിൽ പിടിക്കുന്നതെനിക്കിഷ്ടമല്ല.
എനിക്കൊറ്റയ്ക്കാവണം.
ഒറ്റയ്ക്കാവാനേ എനിക്കാവൂയെന്നു ഞാൻ മുമ്പേ പറഞ്ഞു.
എന്തു ബോറാണിത്- എന്നെയും കൂട്ടത്തിൽക്കൂട്ടാനുള്ള നിങ്ങളുടെ തത്രപ്പാട്!

നീലാകാശമേ- എന്റെ ബാല്യത്തിലെ അതേ ആകാശമേ-
ശൂന്യവും പൂർണ്ണവുമായ നിത്യസത്യമേ!
ശാന്തവും മൂകവും ചിരന്തനവുമായ ടാഗസ്!
ആകാശം പ്രതിഫലിക്കുന്ന അല്പസത്യമേ!
വീണ്ടും മുന്നിൽക്കണ്ട ദുഃഖമേ,
ഇന്നു കണ്ട ലിസ്ബൺനഗരമേ!
നീ യാതൊന്നുമെനിയ്ക്കു തന്നില്ല,
എന്നിൽ നിന്നു നീ യാതൊന്നുമെടുത്തില്ല,
ഞാനെന്നു തോന്നുന്ന യാതൊന്നുമല്ല നീ.

എന്നെ വെറുതെ വിടൂ! ഞാനധികനേരമുണ്ടവില്ല,
അധികനേരമുണ്ടവാറുമില്ല ഞാൻ...
നിശ്ശബ്ദതയും കൊടുംഗർത്തവും വന്നെത്താത്ത കാലത്തോളം
എനിക്കൊറ്റയ്ക്കാവണം!

1923


ജീവിതമവസാനിപ്പിക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ...


ജീവിതമവസാനിപ്പിക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ എന്തുകൊണ്ടു നിങ്ങൾ ജീവിതമവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല?
ഇതാ, അതിനുള്ള അവസരം! മരണത്തെയും ജിവിതത്തെയും ഒരേപോലെ സ്നേഹിക്കുന്ന ഞാൻ,
ഞാനും സ്വന്തം ജീവിതം അവസാനിപ്പിച്ചേനെ, എനിക്കതിനുള്ള ധൈര്യമുണ്ടായിരുന്നെങ്കിൽ...
നിങ്ങൾക്കു ധൈര്യമുണ്ടെങ്കിൽ ആ ധൈര്യം കാണിക്കെന്നേ!
നാം ലോകമെന്നു വിളിക്കുന്ന ഈ ബാഹ്യരൂപങ്ങളുടെ മാറിമാറിവരുന്ന ചിത്രക്കാഴ്ച കൊണ്ട്
നിങ്ങൾക്കെന്തു ഗുണം കിട്ടാൻ?
സ്ഥിരം റോളുകളും സ്ഥിരം ചേഷ്ടകളും മാത്രമുള്ള അഭിനേതാക്കൾ
മണിക്കൂർ കണക്കിനു നടിക്കുന്ന ഈ ചലച്ചിത്രം,
നമ്മുടെ ഒടുങ്ങാത്ത ചോദനകൾ വർണ്ണപ്പകിട്ടോടെ കസർത്തു നടത്തുന്ന ഈ സർക്കസ്,
അതുകൊണ്ടു നിങ്ങൾക്കെന്തു ഗുണം കിട്ടാൻ?
നിങ്ങൾ അവഗണിച്ചുകളഞ്ഞ ആ ആന്തരലോകം കൊണ്ടെന്തു ഗുണം?
ജീവിതം അവസാനിപ്പിക്കുക, എങ്കിൽ നിങ്ങൾക്കതിനെ മനസ്സിലായെന്നുവരാം...
എല്ലാം അവസാനിപ്പിച്ചാൽ നിങ്ങൾക്കൊരു തുടക്കമിടാനായെന്നു വരാം...
ജീവിതത്തെ നിങ്ങൾക്കു മടുപ്പായെങ്കിൽ 
ആ മടുപ്പിലെങ്കിലും നിങ്ങൾക്കൊരന്തസ്സു കാണിച്ചുകൂടേ?
എന്നെപ്പോലെ കുടിച്ചു കുന്തം മറിഞ്ഞിട്ട് ജീവിതത്തെ സ്തുതിക്കാതിരുന്നുകൂടേ?
എന്നെപ്പോലെ സാഹിത്യത്തിലൂടെ മരണത്തിനഭിവാദ്യം ചൊല്ലാതിരുന്നുകൂടേ?

നിങ്ങളെ ആർക്കാവശ്യമുണ്ടെന്നാണ്‌? മനുഷ്യരെന്നു വിളിക്കുന്ന ആ പൊള്ളനിഴലുകൾക്കോ?
ആർക്കും ആവശ്യമില്ല; ആർക്കും നിങ്ങളെ വേണ്ട...
നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെതന്നെ എല്ലാം അതാതിന്റെ വഴിക്കു നടന്നോളും.
മരിക്കാനല്ല, ജീവിച്ചിരിക്കാനാണ്‌ നിങ്ങളുടെ തീരുമാനമെങ്കിൽ 
അതാണ്‌ മറ്റുള്ളവർക്കു കൂടുതൽ വിഷമമുണ്ടാക്കുന്നതെന്നും വരാം...
നിങ്ങളുടെ അഭാവത്തെക്കാൾ നിങ്ങളുടെ സാന്നിദ്ധ്യമാണ്‌ കൂടുതൽ ദുസ്സഹമെന്നും വരാം...

മറ്റുള്ളവർ നിങ്ങളെച്ചൊല്ലി സങ്കടപ്പെടുമെന്നോ?
നിങ്ങളുടെ പേരും പറഞ്ഞ് അവർ കണ്ണീരൊഴുക്കുന്നത് നിങ്ങൾക്കു സഹിക്കില്ലെന്നോ?
പേടിക്കേണ്ട: അതധികനേരം ഉണ്ടാവില്ല...
ജീവിതത്തിനായുള്ള ത്വര സാവധാനം കണ്ണീരിനെ ഉണക്കിക്കളഞ്ഞോളും,
ആ കണ്ണീരു നമ്മുടെ പേരിലല്ലാത്തതിനാൽ,
മറ്റൊരാൾക്കു സംഭവിച്ചതിന്റെ പേരിൽ, വിശേഷിച്ചും മരണത്തിന്റെ പേരിലാണതെന്നതിനാൽ.
അതു സംഭവിച്ചുകഴിഞ്ഞാൽ പിന്നൊന്നും അയാൾക്കു സംഭവിക്കാനില്ലല്ലോ.

ആദ്യം ഹൃദയവേദന ഉണ്ടാകുന്നു, 
പിന്നെ ഓർത്തിരിക്കാതെ കടന്നുവരുന്ന നിഗൂഢതയുടെ പേരിലുള്ള അത്ഭുതം,
പിന്നെ, കൊണ്ടാടപ്പെട്ട നിങ്ങളുടെ ജീവിതത്തിന്റെ പെട്ടെന്നുള്ള അഭാവം...
അതുകഴിഞ്ഞാൽ യഥാർത്ഥവും ലോഹക്കട്ടിയുള്ളതുമായ ശവപ്പെട്ടിയുടെ ഭീഷണത,
തങ്ങളുടെ ജോലി ചെയ്യാനെത്തിയ കറുത്ത വേഷക്കാർ.
പിന്നെ, ശവപ്പെട്ടിക്കു ചുറ്റുമിരിക്കുന്ന നിങ്ങളുടെ കുടുംബക്കാർ,
നെഞ്ചു തകർന്നുകൊണ്ടവർ തമാശകൾ പറയുന്നു,
സായാഹ്നപത്രങ്ങളിലെ ചൂടൻവാർത്തകൾക്കിടയിൽ അവർ നിങ്ങളെയോർത്തു വിലപിക്കുന്നു,
നിങ്ങളുടെ മരണത്തിലുള്ള ദുഃഖത്തിലവർ ഏറ്റവും പുതിയ കൊലപാതകം കലർത്തുന്നു...
നിങ്ങളോ, അവരുടെ വിലാപത്തിനുള്ള യാദൃച്ഛികകാരണവും സന്ദർഭവും മാത്രം,
നിങ്ങൾ, ശരിക്കും മരിച്ച നിങ്ങൾ, നിങ്ങൾക്കു സങ്കല്പിക്കാവുന്നതിനേക്കാളധികം മരിച്ച നിങ്ങൾ...
അങ്ങവിടെ നിങ്ങൾക്കിതിലും ജീവനുണ്ടെന്നു വരാമെങ്കിലും
ഇവിടെ നിങ്ങൾ കരുതുന്നതിലുമധികം മരിച്ചിരിക്കുന്നു...

അടുത്തത് കല്ലറയിലേക്കോ ശവക്കുഴിയിലേക്കോ ഉള്ള ഇരുണ്ട ഘോഷയാത്ര,
ഒടുവിൽ നിങ്ങളുടെ ഓർമ്മയുടെ മരണത്തിന്റെ തുടക്കവും.
നിങ്ങളുടെ മരണം, മനശ്ശല്യമായിരുന്ന ആ ദുരന്തനാടകം,
അതവസാനിച്ചുകിട്ടിയതിൽ ആദ്യമൊക്കെ എല്ലാവർക്കും ഒരാശ്വാസം തോന്നിയിരുന്നു,
പിന്നെ, ഓരോ ദിവസം കഴിയുന്തോറും, സംഭാഷണം ഉല്ലാസം നിറഞ്ഞതാവുന്നു,
ജീവിതം അതിന്റെ പഴയ ശീലങ്ങളിലേക്കു മടങ്ങുകയും ചെയ്യുന്നു...

പിന്നെ പതുക്കെപ്പതുക്കെ നിങ്ങൾ മറക്കപ്പെടുന്നു.
ആണ്ടിൽ രണ്ടു തവണം മാത്രം നിങ്ങൾ ഓർക്കപ്പെടുന്നു:
നിങ്ങൾ ജനിച്ച നാളിലും മരിച്ച നാളിലും.
അത്ര തന്നെ, അത്രേയുള്ളു, അത്രമാത്രമേയുള്ളു.
വർഷത്തിൽ രണ്ടു തവണ അവർ നിങ്ങളെക്കുറിച്ചോർക്കുന്നു.
നിങ്ങളെ സ്നേഹിച്ചിരുന്നവർ വർഷത്തിൽ രണ്ടു തവണ നിങ്ങളെക്കുറിച്ചു നെടുവീർപ്പിടുന്നു,
ആരെങ്കിലും നിങ്ങളുടെ പേരു പരാമർശിക്കുന്ന അപൂർവ്വാവസരങ്ങളിലും അവരൊന്നു നെടുവീർപ്പിട്ടേക്കാം.

ഇനി നിങ്ങളെത്തന്നെ നന്നായൊന്നു നോക്കൂ, മുന്നിലുള്ളതിനെ നേരോടെ നേരിടൂ...
നിങ്ങൾക്കു ജീവിതമവസാനിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതവസാനിപ്പിക്കെന്നേ...
മനഃസാക്ഷിക്കുത്തുകളും ദാർശനികഭീതികളുമൊക്കെ മറന്നേക്കൂ!
ജീവിതമെന്ന യന്ത്രത്തിരിച്ചിലിനെ ഏതു മനഃസാക്ഷിക്കുത്തുകളും ഭീതികളും സ്വാധീനിക്കുന്നു?
മരനീരിന്റെ, ചോരയോട്ടത്തിന്റെ, പ്രണയത്തിന്റെ അന്തഃപ്രേരണയെ ഏതു മനഃസാക്ഷിക്കുത്തിന്റെ രസതന്ത്രമാണു ഭരിക്കുന്നത്?
ജീവിതത്തിന്റെ സന്തുഷ്ടതാളത്തിൽ അന്യരുടെ ഏതോർമ്മയുണ്ടെന്നാണ്‌?

ഹാ, മനുഷ്യനെന്നു പേരുള്ള, ചോരയുടേയും മാംസത്തിന്റേയും പൊങ്ങച്ചമേ,
ഒരു തരിമ്പു പോലും പ്രാധാന്യം നിങ്ങൾക്കില്ലെന്നു കാണുന്നില്ലേ?

നിങ്ങൾ നിങ്ങൾക്കു പ്രധാനമാണ്‌, കാരണം, നിങ്ങൾക്കെന്തു തോന്നുവോ, അതാണ്‌ നിങ്ങൾ.
നിങ്ങൾക്ക് നിങ്ങളാണെല്ലാം, കാരണം, നിങ്ങൾക്ക് നിങ്ങളാണ്‌ ആകെപ്രപഞ്ചവും.
യഥാർത്ഥമായ പ്രപഞ്ചവും മറ്റുള്ള മനുഷ്യരും 
നിങ്ങളുടെ വസ്തുനിഷ്ഠമായ ആത്മനിഷ്ഠതയുടെ ഉപഗ്രഹങ്ങൾ മാത്രം.
നിങ്ങൾക്ക് നിങ്ങൾ പ്രധാനമാണ്‌, കാരണം നിങ്ങൾക്ക് നിങ്ങളേ പ്രധാനമായിട്ടുള്ളു.
നിങ്ങളുടെ കാര്യത്തിൽ ഇതു ശരിയാണെങ്കിൽ, ഹേ പുരാവൃത്തമേ, മറ്റുള്ളവരുടെ കാര്യത്തിലും അതു ശരിയാവില്ലേ?

അജ്ഞാതത്തെ ഭയമാണോ നിങ്ങൾക്ക്, ഹാംലെറ്റിനെപ്പോലെ?
എന്താണെന്നാൽ അജ്ഞാതം? 
എന്തിനെയെങ്കിലും “അജ്ഞാതം” എന്നു വിളിക്കാനും മാത്രം നിങ്ങൾക്കു ജ്ഞാതമായിട്ടെന്തിരിക്കുന്നു?

കൊഴുപ്പു കട്ട കുത്തിയ ജീവിതത്തോടു നിങ്ങൾക്കു സ്നേഹമാണോ, ഫാൾസ്റ്റാഫിനെപ്പോലെ?
അത്രയും കൊഴുപ്പോടെയാണ്‌ ജീവിതത്തെ സ്നേഹിക്കുന്നതെങ്കിൽ 
മണ്ണിന്റെയും വസ്തുക്കളുടേയും കൊഴുപ്പു തന്നെയാവെന്നേ!
നിശാബോധം നിറഞ്ഞ കോശങ്ങളാൽ നിർമ്മിച്ച നിങ്ങളുടെ രാസ-ഭൗതികഘടനയെ ചിതറിക്കുക,
അബോധവസ്തുക്കളുടെ നിശാബോധത്തിനു മേൽ,
പ്രതീതികളെ മറയ്ക്കാതെ പുതയ്ക്കുന്ന കൂറ്റൻ വിരിപ്പിനു മേൽ,
വസ്തുക്കളെന്ന ആണവധൂമികയ്ക്കു മേൽ,
ലോകമെന്ന തുടിയ്ക്കുന്ന ശൂന്യതയുടെ
പ്രചണ്ഡമായ ചുമരുകൾക്കു മേൽ...

(1926 ഏപ്രിൽ 26)



ഇംഗ്ലീഷ് ഗാനം



സൂര്യനും നക്ഷത്രങ്ങളുമായി ഞാൻ വഴി പിരിഞ്ഞു. 
ലോകത്തെ ഞാൻ അതിന്റെ പാട്ടിനു വിട്ടു.
എനിക്കറിയുന്ന സംഗതികളുടെ മാറാപ്പുമായി
അകലേയ്ക്കുമുള്ളിലേക്കും ഞാൻ കടന്നുപോയി.
ഞാൻ യാത്രകൾ ചെയ്തു, വേണ്ടതില്ലാത്തതു വാങ്ങി,
അനിശ്ചിതമായതിനെ കണ്ടെത്തുകയും ചെയ്തു.
എന്റെ ഹൃദയം പണ്ടത്തേതു തന്നെ ഇന്നും:
ഒരാകാശവും ഒരു മരുഭൂമിയും.
ഞാൻ തോറ്റു ഞാൻ എന്തായിരുന്നോ അതിൽ, 
ഞാൻ എന്താഗ്രഹിച്ചോ അതിൽ, 
ഞാൻ എന്തു കണ്ടെത്തിയോ അതിൽ.
വെളിച്ചത്തിനുണർത്താനോ ഇരുട്ടിനമർത്താനോ ആയി
ഒരാത്മാവും എന്നിലിന്നു ശേഷിക്കുന്നില്ല.
ഒരു മനംപുരട്ടൽ മാത്രമാണു ഞാൻ,
ഒരു മനോരാജ്യവും ഒരഭിലാഷവും മാത്രം.
വളരെയകന്നതൊന്നാണു ഞാൻ,
ഞാൻ ജീവിച്ചുപോകുന്നുണ്ടെങ്കിൽ
അതെന്നിലെ എനിക്ക് അത്ര സുഖം തോന്നുന്നുണ്ടെന്നതിനാൽ,
അത്ര യഥാർത്ഥമാണു ഞാനെന്നെനിക്കു തോന്നുന്നതിനാൽ,
ലോകത്തിന്റെ ചക്രങ്ങളിലൊന്നിൽ പറ്റിപ്പിടിച്ച തുപ്പൽക്കട്ട പോലെ.

(1928 ഡിസംബർ 1)

കുറിപ്പ്


ഒഴിഞ്ഞ പൂപ്പാത്രം പോലെ എന്റെ ആത്മാവു വീണുടഞ്ഞു.
വീണ്ടെടുക്കാനാവാത്ത പോലെ കോണിപ്പടിയിലതു വീണുകിടന്നു.
ശ്രദ്ധയില്ലാത്തൊരു വേലക്കാരിയുടെ കൈകളിൽ നിന്നതു വീണു.
അതിലുള്ള കളിമണ്ണിലുമേറെക്കഷണങ്ങളായി അതു വീണു.

അസംബന്ധമോ? അസാദ്ധ്യമോ? ആർക്കറിയാം!
ഞാൻ ഞാനാണെന്നു തോന്നിയിരുന്ന കാലത്തറിഞ്ഞതിനെക്കാൾ കൂടുതലനുഭൂതികൾ ഞാനിന്നറിയുന്നുണ്ട്.
കുടഞ്ഞുകളയേണ്ടൊരു ചവിട്ടുമെത്തയിൽ ചിതറിക്കിടക്കുന്ന പാത്രക്കഷണങ്ങളാണു ഞാൻ.

ഒരു ഭരണി വീണുടയുന്ന കലമ്പലുണ്ടാക്കിയിരുന്നു എന്റെ വീഴ്ച.
കൈവരിയ്ക്കു മുകളിലൂടെ ദേവകൾ വന്നെത്തിനോക്കുന്നു,
അവരുടെ വേലക്കാരിയുടെ കൈത്തെറ്റിനാൽ
കഷണങ്ങളായി മാറിയ എന്നെ അവർ ഉറ്റുനോക്കിനിൽക്കുന്നു.

അവർക്കവളോടു ദേഷ്യം തോന്നുന്നില്ല.
അവൾക്കു മാപ്പു കൊടുക്കുകയാണവർ.
അല്ലെങ്കിലും ഒരൊഴിഞ്ഞ പൂപ്പാത്രം മാത്രമായിരുന്നില്ലേ ഞാൻ? 

അവർ ആ ബോധമുള്ള കഷണങ്ങളെ ഉറ്റുനോക്കുന്നു,
ദേവകളെക്കുറിച്ചല്ല, തങ്ങളെക്കുറിച്ചു ബോധമുള്ള ആ തുണ്ടുകളെ.

താഴേക്കുറ്റുനോക്കിയിട്ട് അവർ മന്ദഹസിക്കുന്നു.
ശ്രദ്ധയില്ലാത്ത വേലക്കാരിയെ മന്ദഹാസത്തോടെ അവർ മാപ്പാക്കുന്നു.

നക്ഷത്രക്കംബളം വിരിച്ച കൂറ്റൻ കോണിപ്പടി നീണ്ടുനീണ്ടുപോകുന്നു.
നക്ഷത്രങ്ങൾക്കിടയിൽ ഒരു പാത്രക്കഷണം മിന്നിത്തിളങ്ങുന്നു.
അതെന്റെ പ്രവൃത്തിയോ? എനിക്കാകെയുള്ള ആത്മാവോ? എന്റെ ജീവിതമോ?
ഒരു പാത്രക്കഷണം.
ദേവകൾ കണ്ണു ചുരുക്കി അതിനെത്തന്നെ നോക്കുന്നു,
അതെങ്ങനെ അവിടെയെത്തിപ്പെട്ടു എന്നു പിടികിട്ടാത്ത പോലെ.

(1929)

എനിക്കു കടുത്ത ജലദോഷമാണ്‌...


എനിക്കു കടുത്ത ജലദോഷമാണ്‌,
കടുത്ത ജലദോഷം പിടിച്ച ഏവർക്കുമറിവുള്ളതാണല്ലോ
അത് പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ മാറ്റിത്തീർക്കുന്നുവെന്ന്,
അതു നമ്മെ ജീവിതവിദ്വേഷികളാക്കുന്നുവെന്ന്,
അതു നമ്മുടെ തുമ്മലിനെ ദാർശനികം പോലുമാക്കുന്നുവെന്നും.
മൂക്കു ചീറ്റിച്ചീറ്റി ഒരു ദിവസം ഞാൻ കളഞ്ഞു.
തലയാകെ നോവുന്നു.
ഒരിടത്തരം കവിയ്ക്കു പറ്റേണ്ട പറ്റു തന്നെ!
ഇന്നു ഞാൻ ശരിക്കും ഒരിടത്തരം കവി തന്നെ.
മുമ്പു ഞാനെന്തായിരുന്നോ, അതൊരാഗ്രഹം മാത്രമായിരുന്നു: അതും പോയിക്കിട്ടി.

വിട, എന്റെ മാലാഖേ, എന്നെന്നേക്കുമായി വിട!
നിന്റെ ചിറകുകൾ വെയിൽക്കതിരുകളായിരുന്നു,
ഞാനോ, ഇവിടെ ചെളിയിലിറങ്ങിനടക്കുന്നവനും.
കിടക്കയിൽ ചെന്നുകിടന്നാലല്ലാതെ ഞാൻ സുഖപ്പെടാൻ പോകുന്നില്ല.
പ്രപഞ്ചത്തിൽ നിവർന്നുകിടന്നിട്ടല്ലാതെ എനിക്കു സുഖമായിട്ടുമില്ല.

പറഞ്ഞാൽ വിശ്വസിക്കില്ല...എന്തൊരു ജലദോഷം!...ശരിക്കും ഭൗതികം!
എനിക്കു വേണം, സത്യവും ഒരാസ്പിരിനും.

(1931 മാർച്ച് 14 )

ഓക്സ്ഫോർഡ്ഷയർ


എനിക്കു നല്ലതു വേണം, എനിക്കു നല്ലതല്ലാത്തതു വേണം, ഒടുവിലെനിക്കൊന്നും വേണമെന്നില്ലെന്നുമാകുന്നു.
കിടക്കയിൽ ഞാൻ കിടന്നുരുളുന്നു, വലതുവശം ചരിഞ്ഞുകിടന്നിട്ടെനിക്കു സുഖം തോന്നുന്നില്ല, ഇടതുവശം ചരിഞ്ഞുകിടന്നിട്ടു സുഖം തോന്നുന്നില്ല,.
ഞാൻ ജീവിച്ചിരിക്കുന്നുവെന്ന ബോധത്തിലും എനിക്കു സുഖം തോന്നുന്നില്ല.
എവിടെയും എപ്പോഴും എനിക്കു സുഖം തോന്നുന്നില്ല, ദാർശനികമായും എനിക്കു സുഖം തോന്നുന്നില്ല,
അതിനൊക്കെയുപരി നശിച്ചൊരു തലവേദനയും.
പ്രപഞ്ചത്തിന്റെ അർത്ഥത്തെക്കാൾ ഗൗരവമുള്ളതാണത്.

ഒരിക്കൽ ഓക്സ്ഫോർഡിനെ ചുറ്റിയുള്ള നാട്ടുമ്പുറത്തുകൂടി സഞ്ചരിക്കുമ്പോൾ
കുറച്ചു മുന്നിൽ, വഴിയിലൊരു വളവിനുമപ്പുറത്തായി,
ഒരു ചെറുഗ്രാമത്തിലെ വീടുകൾക്കും മുകളിലായി ഉയർന്നുനില്ക്കുന്ന ഒരു പള്ളിമേട ഞാൻ കണ്ടു.
ആ അസംഭവത്തിന്റെ യഥാതഥചിത്രം ഇന്നും ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നു,
ഒരു ട്രൗസറിന്റെ മടക്കിനെ കെടുത്തുന്ന കുറുക്കെയുള്ള ചുളിവു പോലെ.
ഇന്നെനിക്കതു പ്രസക്തമായിത്തോന്നുന്നു...
വഴിയിൽ വച്ചു ഞാൻ ആ മേടയെ ബന്ധപ്പെടുത്തിയത് ആത്മീയതയുമായിട്ടാണ്‌,
എല്ലാക്കാലത്തെയും വിശ്വാസവുമായി, പ്രായോഗികമായ സാധുസംരക്ഷണവുമായി.
ഗ്രാമത്തിലെത്തിയപ്പോൾ മേട മേടയായിരുന്നു,
അതുമല്ല, അതവിടെ ഉണ്ടായിരുന്നുതാനും.

ആസ്ട്രേലിയയിലും നിങ്ങൾക്കു സന്തോഷവാനാവാം, നിങ്ങളവിടെ പോകാത്തിടത്തോളം കാലം.

(1931 ജൂൺ 4)


ഒച്ചയുയർത്താതെ സംസാരിക്കൂ...


ഒച്ചയുയർത്താതെ സംസാരിക്കൂ, ഇതു ജീവിതമല്ലേ,
ജീവിതവും എനിക്കതിനെക്കുറിച്ചുള്ള ബോധവും?
രാത്രി കനക്കുകയാണ്‌, എനിക്കു ക്ഷീണമാണ്‌, എനിക്കുറക്കം വരുന്നില്ല,
ജനാലയ്ക്കലേക്കു പോയാൽ എനിക്കു കാണാം,
ആ സത്വത്തിന്റെ കണ്ണിമകൾക്കു ചുവട്ടിൽ
നക്ഷത്രങ്ങളുടെ നിരവധിയായ പാർപ്പിടങ്ങൾ...
രാത്രിയിൽ ഉറങ്ങാമെന്ന ആശയിൽ പകൽ മുഴുവൻ ഞാൻ തുലച്ചു.
ഇപ്പോൾ രാത്രിയായിരിക്കുന്നു, അടുത്ത നാൾ തന്നെയായിരിക്കുന്നു.
എനിക്കുറക്കം വരുന്നു; എന്നാലെനിക്കുറങ്ങാനാവുന്നില്ല.
ആ ക്ഷീണത്തിലെനിക്കു തോന്നുകയാണ്‌,
മനുഷ്യവർഗ്ഗമാകെയാണു ഞാനെന്ന്.
എന്റെ അസ്ഥികളെ മാംസമാക്കുന്ന ഒരു ക്ഷീണം...
നമ്മുടെയെല്ലാം ഗതി ഇതുതന്നെ...
ലോകം, ഒരഗാധഗർത്തത്തിനു മേൽ കെട്ടിയ ചിലന്തിവല,
അതിലൂടെ നാം ഇടറിനീങ്ങുന്നു,
വലയിൽ ചിറകു കുടുങ്ങിയ ഈച്ചകളായി.

(1931 ഒക്ടോബർ 21)

എന്റെ ആത്മാവ്

ഉള്ളിൽ ഈ രാത്രി - ഈ പ്രപഞ്ചം- എന്നു തീരും, എനിക്ക് - എന്റെ ആത്മാവിന്‌- അതിന്റെ പകലെന്നു കിട്ടും? ഈ ഉണർന്നിരിപ്പിൽ നിന്നെന്നു ഞാനുണരും? എനിക്കറിയില്ല. ഉയരത്തിൽ സൂര്യൻ തിളങ്ങുന്നു, അതിനെ നേരെ നോക്കുകയെന്നതില്ല. നക്ഷത്രങ്ങൾ തണുത്തുമിന്നുന്നു, അവയുടെ എണ്ണമെടുക്കുകയെന്നതില്ല. ഹൃദമകന്നുനിന്നു മിടിയ്ക്കുന്നു, അതു കാതിൽപ്പെടുകയെന്നതില്ല. എന്നാണ്‌ അരങ്ങില്ലാത്ത ഈ നാടകം തീർന്ന് -അതോ നാടകമില്ലാത്ത അരങ്ങോ- എനിക്കൊന്നു വീട്ടിൽ പോകാനാവുക? എവിടെ? എങ്ങനെ? എപ്പോൾ? ജീവിതത്തിന്റെ കണ്ണുകൾ വച്ചെന്നെയുറ്റുനോക്കുന്ന പൂച്ചേ, നിന്റെയാഴങ്ങളിൽ പമ്മിയിരിക്കുന്നതാരോ? അതവൻ! അതവൻ തന്നെ! ഇശയ്യാവിനെപ്പോലവൻ കല്പിക്കും സൂര്യനവിടെ നിൽക്കട്ടെയെന്ന്, ഞാനുണരും, പകലുമാവും. മയക്കത്തിലൊന്നു മന്ദഹസിക്കൂ, എന്റെയാത്മാവേ! മന്ദഹസിക്കൂ, ആത്മാവേ: പകലാവുകയാണ്‌!
(1933 നവംബർ 7)

ട്രെയിനിൽ നിന്നു ഞാനിറങ്ങി...


ട്രെയിനിൽ നിന്നു ഞാനിറങ്ങി,
വണ്ടിയിൽവച്ചു കണ്ടയാളോടു ഞാൻ യാത്രയും പറഞ്ഞു.
പതിനെട്ടു മണിക്കൂർ ഞങ്ങളൊരുമിച്ചുണ്ടായിരുന്നു,
രസകരമായൊരു സംഭാഷണവും ഞങ്ങൾ നടത്തി,
യാത്രയ്ക്കിടയിലെ സൗഹൃദം.
ഇറങ്ങുമ്പോളെനിക്കു വിഷമം തോന്നി,
എനിക്കു പേരറിയാത്ത ആ യാദൃച്ഛികസുഹൃത്തിനെ പിരിയുന്നതിൽ
എനിക്കു വിഷമമായിരുന്നു.
എന്റെ കണ്ണു നിറയുന്നതു ഞാനറിഞ്ഞു...
ഏതു വിടപറയലും ഒരു മരണമാണ്‌.
അതെ, ഏതു വിടപറയലും മരണം തന്നെ.
ജീവിതമെന്നു നാം പേരിട്ടിരിക്കുന്ന ഈ തീവണ്ടിയിൽ
ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്ന
യാദൃച്ഛികസംഭവങ്ങളാണു നാം.
ഇറങ്ങാൻ സമയമാവുമ്പോൾ നമുക്കു വിഷമവും തോന്നുന്നു.

മാനുഷികമായതൊക്കെ എന്റെ ഹൃദയത്തെ സ്പർശിക്കുന്നു,
കാരണം ഞാനൊരു മനുഷ്യനാണല്ലോ.
മാനുഷികമായതൊക്കെ എന്നെ സ്പർശിക്കുന്നുവെങ്കിൽ
മനുഷ്യന്റെ ആശയങ്ങളോടും മനുഷ്യന്റെ സിദ്ധാന്തങ്ങളോടും
എനിക്കു മമതയെന്തെങ്കിലുമുള്ളതുകൊണ്ടല്ല,
മനുഷ്യവര്ഗ്ഗവുമായി എനിക്കുള്ള അനന്തസഖ്യംകൊണ്ടു മാത്രം.

പീഡനമേ ആ വീട്ടിൽ നിന്നു തനിക്കു കിട്ടിയിട്ടുള്ളുവെങ്കിലും
അവിടെ നിന്നു പോകാനിഷ്ടമില്ലാതെ
ഗൃഹാതുരത്വത്തോടെ അതിനെയോർത്തു കരയുന്ന വേലക്കാരി...

ഇതെല്ലാം, എന്റെ ഹൃദയത്തിനുള്ളിൽ, മരണമാണ്‌,
ലോകത്തിന്റെ ശോകമാണ്‌.
ഇതെല്ലാം എന്റെ ഹൃദയത്തിനുള്ളിൽ ജീവിക്കുന്നു,
മരിക്കുമതെന്നതിനാൽ.

എന്റെ ഹൃദയം ഈ മുഴുവന്പ്രപഞ്ചത്തേക്കാളും അല്പംകൂടി വലുതുമാണ്.
(1934 ജൂലൈ 4)


പാതിരാത്രിയുടെ നിശ്ചേഷ്ടത...

പാതിരാത്രിയുടെ നിശ്ചേഷ്ടത വന്നിറങ്ങാൻ തുടങ്ങുന്നു, വാടകവീടുകൾ നിറഞ്ഞ ഈ കെട്ടിടത്തിൽ, കൂമ്പാരം കൂടിയ ജീവിതങ്ങളുടെ വിവിധനിലകളിൽ. നാലാം നിലയിലെ പിയാനോ സ്വസ്ഥമായിക്കഴിഞ്ഞു. മൂന്നാം നിലയിലിപ്പോൾ കാൽവയ്പ്പുകളൊന്നും കേൾക്കുന്നില്ല. ഒന്നാം നിലയിലെ റേഡിയോ മിണ്ടാതെയായി. സർവ്വതും ഉറങ്ങാൻ പോവുകയാണ്‌... ഈ ആകെപ്രപഞ്ചമൊത്തേകനാണു ഞാൻ. ജനാലയ്ക്കൽ ചെന്നുനോക്കാൻ പോലുമെനിക്കു തോന്നുന്നില്ല. പുറത്തേക്കു നോക്കിയാൽ, എന്തൊക്കെ നക്ഷത്രങ്ങൾ ഞാൻ കാണില്ല! അതിലുമെത്ര വിശാലം, ഉന്നതമായ നിശബ്ദതകൾ! എത്ര അനാഗരികം, ആകാശം! ഏകാകിയാകരുതെന്ന ആഗ്രഹത്തിന്റെ ഏകാന്തതയോടെ, തെരുവിൽ നിന്നുള്ള ശബ്ദങ്ങൾക്കാകാംക്ഷയോടെ ഞാൻ കാതുകൊടുക്കുന്നു. ചീറിപ്പായുന്നൊരു മോട്ടോർകാർ എന്നെ തട്ടിയുണർത്തുന്നു... സംഭാഷണത്തിൽ മുഴുകിയ ഇരട്ടക്കാലടികളെന്നോടു സംസാരിക്കുന്നു... പെട്ടെന്നടച്ചൊരു ഗേറ്റിന്റെ കിലുക്കം എന്നെ വേദനപ്പെടുത്തുന്നു... സർവ്വതും ഉറങ്ങാൻ പോവുകയാണ്‌... ഞാൻ മാത്രം ഉറങ്ങാതിരിക്കുന്നു, ഗൗരവത്തോടെ കാതോർക്കുന്നു, ഉറങ്ങാൻ പോകും മുമ്പെന്തിനെയോ കാത്തിരിക്കുന്നു. എന്തിനെയോ... (1934 ആഗസ്റ്റ് 9) 

മുഖംമൂടി മാറ്റി...

മുഖംമൂടി മാറ്റി കണ്ണാടിയിൽ ഞാൻ നോക്കി. വർഷങ്ങൾക്കു മുമ്പത്തെ അതേ കുട്ടി തന്നെ ഞാൻ. ഞാനൊട്ടും മാറിയിട്ടില്ല... മുഖംമൂടി മാറ്റാനറിയുന്നതിന്റെ ഗുണമാണത്. നിങ്ങൾ അതേ കുട്ടി തന്നെ, ജീവിക്കുന്ന ഭൂതകാലം, കുട്ടി. മുഖംമൂടി ഞാനെടുത്തുമാറ്റി, ഞാനതു തിരിയെ വച്ചു. അതാണു കൂടുതൽ ഭേദം. മുഖംമൂടിയാവുകയാണു ഞാനതുവഴി. പിന്നെ ഞാൻ പതിവുജീവിതത്തിലേക്കു മടങ്ങുന്നു, എന്നും കാത്തുനില്ക്കുന്ന ബസ്റ്റോപ്പിലേക്കെന്നപോലെ.
(1934 ആഗസ്റ്റ് 11)

എനിക്കറിയില്ല ലോകത്തിന്റെ ജാതകമെഴുതുന്നതു നക്ഷത്രങ്ങളോയെന്ന്...


എനിക്കറിയില്ല ലോകത്തിന്റെ ജാതകമെഴുതുന്നതു നക്ഷത്രങ്ങളോയെന്ന്,
ഭാഗ്യം പ്രവചിക്കുന്ന ശീട്ടുകുത്തിൽ നിന്നെന്തെങ്കിലും തെളിഞ്ഞുകിട്ടുമോയെന്ന്.
എനിക്കറിയില്ല പകിടയുരുണ്ടു നിൽക്കുന്നതൊരു നിഗമനത്തിലോയെന്ന്.
ഇതും പക്ഷേ എനിക്കറിയില്ല,
മിക്കവരും ജീവിക്കുന്ന പ്രകാരം ജീവിച്ചാൽ എന്തെങ്കിലും നേടാമോയെന്ന്.

അതെ, എനിക്കറിയില്ല,
ആരുമാധികാരികത ഉറപ്പു തരാത്ത ഈ ദൈനന്ദിനസൂര്യനിൽ
ഞാൻ വിശ്വസിക്കണോയെന്ന്,
അതോ, അതിലും ഭേദം (ഭേദമെന്നാൽ കൂടുതൽ സൌകര്യപ്രദം)
മറ്റേതെങ്കിലും സൂര്യനിൽ,
രാത്രിയിലും തിളങ്ങുന്നതൊന്നിൽ വിശ്വസിക്കുന്നതാണോയെന്ന്.
എന്റെ ധാരണാശക്തിയെ അതിശയിക്കുന്ന
വസ്തുക്കളുടെ ഗഹനമായ ധവളോജ്ജ്വലത.

തൽക്കാലത്തേക്ക്...
(നമുക്കു സാവധാനം നീങ്ങാം)
തൽക്കാലത്തേക്ക്
കോണിപ്പടിയുടെ കൈവരിയിൽ
ശരിക്കുമുറച്ചൊരു പിടുത്തം എനിക്കു കിട്ടിയിരിക്കുന്നു,
കൈ കൊണ്ടു ഞാനതിനെ മുറുകെപ്പിടിച്ചിരിക്കുന്നു,
എന്റെ സ്വന്തമല്ലാത്ത ഈ കൈവരിയെ,
കയറിപ്പോകുമ്പോൾ ഞാൻ ചാഞ്ഞുനിൽക്കുന്നതും-
അതെ, കയറുകയാണു ഞാൻ,
ഇതിലേക്കു കയറുകയാണു ഞാൻ:
എനിക്കറിയില്ല ലോകത്തിന്റെ ജാതകമെഴുതുന്നതു നക്ഷത്രങ്ങളോയെന്ന്.

(1935 ജനുവരി 5)

എനിക്കു ക്ഷീണമാണ്‌...


എനിക്കു ക്ഷീണമാണ്‌, ഒരു സംശയവുമില്ല,
കാരണം, ഒരു ഘട്ടമെത്തിയാൽ മനുഷ്യർക്കു ക്ഷീണം തോന്നാതെവയ്യ.
എന്തിന്റെ ക്ഷീണമാണെന്നു ചോദിച്ചാൽ അതെനിക്കറിയില്ല:
അതറിഞ്ഞിട്ടെന്തെങ്കിലും ഗുണമുണ്ടെന്നു പറയാനുമില്ല,
കാരണം, ക്ഷീണം കുറയുന്നില്ലല്ലോ.
മുറിവു നീറ്റുന്നെങ്കിൽ അതിനു നീറ്റലുള്ളതുകൊണ്ടാണ്‌,
മുറിവിന്റെ കാരണം കൊണ്ടല്ല.
അതെ, എനിക്കു ക്ഷീണമാണ്‌,
എനിക്കൊരു നേർത്ത പുഞ്ചിരി വരികയും ചെയ്യുന്നു,
ആ ക്ഷീണം ഇത്രമാത്രമാണെന്നതിൽ-
ഉടലിൽ ഉറങ്ങാനുള്ള ഒരാഗ്രഹം,
ആത്മാവിൽ ഒന്നും ചിന്തിക്കാതിരിക്കാനുള്ള ഒരഭിലാഷം.
ഇതിനൊക്കെ മകുടം ചൂടിക്കാനെന്നപോലെ,
തിരിഞ്ഞുനോക്കി ചിന്തിക്കുന്നതിന്റെ ഭാസുരമായ സുതാര്യതയും...
ഇപ്പോൾ പ്രതീക്ഷകളൊന്നുമില്ലാത്തതിന്റെ സുഖവും?
എനിക്കു ബുദ്ധിയുണ്ട്: അത്രതന്നെ.
ഞാൻ ഒരുപാടൊക്കെ കണ്ടുകഴിഞ്ഞു,
കണ്ടതിൽ മിക്കതുമൊക്കെ എനിക്കു പിടികിട്ടുകയും ചെയ്തു.
ഈ ക്ഷീണത്തിൽ തന്നെ ഒരുതരം സുഖവുമുണ്ട്,
എന്തൊക്കെപ്പറഞ്ഞാലും തല കൊണ്ടൊരുപയോഗമുണ്ടെന്നറിയുന്നതിന്റെ.

(1935 ജൂൺ 24)

എല്ലാ പ്രണയലേഖനങ്ങളും പരിഹാസ്യമാണ്‌...




എല്ലാ പ്രണയലേഖനങ്ങളും
പരിഹാസ്യമാണ്‌.
പരിഹാസ്യമല്ലെങ്കിൽ
അവ പ്രണയലേഖനങ്ങളാവുകയുമില്ല.

ഒരു കാലത്തു ഞാനും
പ്രണയലേഖനങ്ങളെഴുതിയിരുന്നു,
മറ്റുള്ളവയെപ്പോലെ 
അവയും പരിഹാസ്യമായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും
ഒരിക്കലും പ്രണയലേഖനമെഴുതാത്തവരേ
ശരിക്കും പരിഹാസ്യരായിട്ടുള്ളു.

ഞാനാഗ്രഹിച്ചുപോകുന്നു:
പരിഹാസ്യമെന്നോർക്കാതെ
പ്രണയലേഖനമെഴുതാൻ കഴിഞ്ഞിരുന്ന കാലത്തേക്കു
തിരിച്ചുപോകാനെനിക്കു കഴിഞ്ഞിരുന്നെങ്കിൽ

പക്ഷേ ഇന്നെനിക്കറിയാം,
ആ പ്രണയലേഖനങ്ങളുടെ ഓർമ്മയാണ്‌
പരിഹാസ്യമെന്ന സത്യം.

(ആ വിചിത്രമായ വാക്കുകൾ
പരിഹാസ്യമാണ്‌
ആ വിചിത്രമായ അനുഭൂതി പോലെ.)

(1935 ഒക്ടോബർ 21)


ഞാൻ കപ്പലിൽ യാത്ര ചെയ്യുമ്പോഴാണ്‌...


ഞാൻ കപ്പലിൽ യാത്ര ചെയ്യുമ്പോഴാണ്‌...
പുറംകടൽ, മാനത്തു ചന്ദ്രൻ...
കപ്പലിൽ രാത്രിയിലെ ആരവം ശമിച്ചുകഴിഞ്ഞിരുന്നു,
ഒന്നൊന്നായി, സംഘം സംഘമായി യാത്രക്കാർ ഉറങ്ങാൻ പൊയ്ക്കഴിഞ്ഞിരുന്നു.
ഒരു കോണിൽ കൂട്ടിയിട്ടപോലെ ബാന്റ് വാദ്യങ്ങൾ.
പുക വലിക്കാനുള്ള മുറിയിൽ മാത്രം ഒരു ചെസ്സ് കളി നിശ്ശബ്ദമായി നീണ്ടുപോയി.
എഞ്ചിൻ മുറിയുടെ തുറന്ന വാതിലിലൂടെ ജീവിതം മുരണ്ടുകൊണ്ടിരുന്നു.
ഒറ്റയ്ക്ക്...മറകളില്ലാത്ത ഒരാത്മാവ് പ്രപഞ്ചവുമായി മുഖാമുഖം!
(അങ്ങകലെയായ പോർച്ചുഗലിൽ ഞാൻ ജനിച്ച പട്ടണമേ!
കുട്ടിയായിരിക്കുമ്പോഴേ ഞാനെന്തുകൊണ്ടു മരിച്ചില്ല, എനിക്കാകെ അറിയുന്നത് നീ മാത്രമായിരുന്നപ്പോൾ?)


നേർവരയിൽ ഒരു കവിത


തോൽവി പിണഞ്ഞൊരാൾ എന്റെ അറിവിലില്ല.
എന്തിലും കേമന്മാരായിരുന്നു എന്റെ പരിചയക്കാരൊക്കെ.

ഞാനോ, മിക്കപ്പോഴും പ്രാകൃതൻ, മിക്കപ്പോഴും അറയ്ക്കുന്നവൻ, മിക്കപ്പോഴും ആഭാസൻ,
മന:പൂർവം തന്നെയൊരു പരോപജീവി.
ഒരു ന്യായീകരണവുമില്ലാതെ മലിനമായി നടക്കുന്നവൻ,
മടി കൊണ്ടു മേലു കഴുകാത്തവൻ,
മിക്കപ്പോഴും പരിഹാസ്യൻ, അത്രയ്ക്കും യുക്തിഹീനൻ,
ജനമദ്ധ്യത്തിൽ ഉപചാരങ്ങളുടെ പരവതാനിയിൽ കാലുതടഞ്ഞു വീണവൻ,
വികൃതൻ, ഹീനൻ, അധമൻ, ഉദ്ധതൻ,
അധിക്ഷേപത്തിനിരയായിട്ടും മറിച്ചൊന്നു മിണ്ടാത്തവൻ,
ഒരു വാക്കു മിണ്ടിയാൽ അതുകൊണ്ടപഹാസ്യനാവുന്നവൻ,
വീട്ടുവേലക്കാരികളുടെ പരിഹാസപാത്രം,
കൂലിക്കാർ പിന്നിൽ നിന്നു കൊഞ്ഞനം കുത്തുന്നവൻ,
കടം വാങ്ങിയാൽ തിരിച്ചുകൊടുക്കാത്തവൻ,
അടി വരുമ്പോളോടിമാറിയവൻ,
എത്രയും തുച്ഛമായതിന്റെ പേരിൽ നെഞ്ചെരിച്ചവൻ,
ഈ കളിയിൽ എന്നെ മികയ്ക്കാനാരുമില്ലെന്നു ബോദ്ധ്യമായവൻ, ഞാൻ.

ഞാനറിയുന്നൊരാളും വിഡ്ഢിത്തമായിട്ടൊന്നും ചെയ്തിട്ടില്ല,
എന്നോടു മിണ്ടിപ്പരിചയമുള്ളൊരാളും ആക്ഷേപങ്ങൾ കേട്ടുനിന്നിട്ടില്ല,
ജീവിതത്തിൽ രാജാക്കന്മാരായിരുന്നു അവർ, അതെ, ഒന്നിനൊന്നു തറവാടികളായിരുന്നു...

ഒരു മനുഷ്യശബ്ദം കേൾക്കാൻ ഞാനെത്ര കൊതിയ്ക്കുന്നുവെന്നോ,
പാപം ചെയ്തുവെന്നല്ല, ദുഷ്പേരു വരുത്തിയെന്നൊരു കുമ്പസാരം,
അക്രമം ചെയ്തുവെന്നല്ല, ഭീരുത്വം കാണിച്ചെന്നൊരു സംസാരം!
എന്നോടു മിണ്ടാൻ സന്മനസ്സു കാണിച്ചവരൊക്കെ പവൻ മാറ്റുരുപ്പടികളായിരുന്നു.
ഈ വിപുലലോകത്തൊരാളുമില്ലേ, ഒരിക്കലെങ്കിലും താനൊരു ദുഷ്ടനായിരുന്നുവെന്നോടു കുമ്പസാരിക്കാൻ?
രാജാക്കന്മാരേ, സഹോദരന്മാരേ,
അർദ്ധദൈവങ്ങളെക്കൊണ്ടെനിക്കു മടുത്തു!
എവിടെപ്പോയി ലോകത്തെ യഥാർത്ഥമനുഷ്യർ?

പിഴച്ചവനും അബദ്ധക്കാരനുമായി ഈ ലോകത്തു ഞാനൊരാളേയുള്ളു?

സ്ത്രീകളവരിൽ മയങ്ങിയിട്ടില്ലെന്നുവരാം,
അവർ വഞ്ചിതരായെന്നും വരാം- പക്ഷേ പരിഹാസ്യത? അതവർക്കില്ല!
ഞാൻ, വഞ്ചിതനാവാതെ തന്നെ പരിഹാസ്യനായവൻ,
ആ തിരുമനസ്സുകളോടെങ്ങനെ ഞാൻ വിക്കാതെ മിണ്ടും?
ഞാൻ, നിന്ദ്യനായവൻ, അക്ഷരാർത്ഥത്തിൽ നിന്ദ്യനായവൻ,
ആ വാക്കിന്റെ ഏറ്റവും ഹീനവും അധമവുമായ അർത്ഥത്തിൽ നിന്ദ്യനായവൻ...
*


വരൂ രാത്രീ...


വരൂ രാത്രീ, ഊതിയണയ്ക്കുകയെന്നെ,

നിന്നിൽ മുക്കിത്താഴ്ത്തുകയെന്നെ.
അതീതത്തിൽ നിന്നുള്ള പ്രേമഭാജനമേ,
നിത്യവിലാപത്തിന്റെ മാതാവേ,
ഭൂമിയുടെ ബാഹ്യശോകമേ,
ലോകത്തിന്റെ നിശബ്ദവിലാപമേ,
അപ്രകടിതവികാരങ്ങളുടെ പ്രാക്തനയായ അമ്മേ,
അന്യോന്യബന്ധമില്ലാത്ത ആശയങ്ങളുടെ 
കന്യകയും ശോകവതിയുമായ ജ്യേഷ്ഠസഹോദരീ,
ഒരുനാളും സഫലമാവാത്ത പദ്ധതികൾക്കു മേൽ
ഞങ്ങളടയിരിക്കുന്നതും കാത്തിരിക്കുന്ന മണവാട്ടീ,
ഞങ്ങളുടെ നിരുന്മേഷമായ പാഗൻ അനിശ്ചിതത്വമേ,
ഞങ്ങളുടെ വിശ്വാസഹീനമായ ക്രിസ്തീയദൗർബ്ബല്യമേ,
വസ്തുക്കളെയോ ഹർഷമൂർച്ഛകളെയോ സ്നേഹിക്കാത്ത
ഞങ്ങളുടെ നിശ്ചേഷ്ടബുദ്ധവിശ്വാസമേ,
ഞങ്ങളുടെ ജ്വരമേ, ഞങ്ങളുടെ വൈവർണ്ണ്യമേ,
ഞങ്ങളുടെ ബലം കെട്ട പൊറുതികേടേ,
ഞങ്ങളുടെ ജീവിതമേ, അമ്മേ, ഞങ്ങൾക്കു നഷ്ടപ്പെട്ട ജീവിതമേ...

എനിക്കമ്മയാകൂ, പ്രശാന്തരാത്രീ...
ലോകത്തെ ലോകത്തിൽ നിന്നകറ്റുന്നവളേ,
സമാധാനം തന്നെയായവളേ,
അസ്തിത്വമില്ലാത്തവളേ,
വെളിച്ചത്തിന്റെ അഭാവം മാത്രമായവളേ,
ഒരു വസ്തുവോ ഒരിടമോ ഒരു സത്തയോ ഒരു ജീവനോ അല്ലാത്തവളേ,
നാളെ അഴിച്ചെടുക്കാനായി ഇരുട്ടു നെയ്തെടുക്കുന്ന പെനിലോപ്പീ,
ജ്വരബാധിതരുടെ,
കാരണമില്ലാതെ നോവുന്നവരുടെ
അയാഥാർത്ഥയായ സർസീ,
എനിക്കരികിലേക്കു വരൂ, രാത്രീ,
നിന്റെ കൈകളടുപ്പിക്കൂ,
എന്റെ നെറ്റിയിൽ കുളിർമ്മയും സാന്ത്വനവുമാകൂ, രാത്രീ...

അകന്നുപോകുമ്പോലത്ര സൗമ്യമായി വന്നുചേരുന്നവളേ,
ചന്ദ്രന്റെ സൗമ്യനിശ്വാസത്തിൽ ചോടെ
ഇരുളിന്റെ വേലിയേറ്റമേ,
മൃതമായ ആർദ്രതയുടെ തിരപ്പെരുക്കമേ,
വിപുലസ്വപ്നങ്ങളുടെ സമുദ്രശൈത്യമേ,
ഞങ്ങളുടെ അമിതവേദനകൾക്ക്
ഭാവനാദേശങ്ങളുടെ ഇളംതെന്നലേ,
പൂക്കൾക്കിടയിൽ മരണത്തിന്റെ പരിമളമേ,
പുഴത്തടങ്ങളിൽ ജ്വരത്തിന്റെ നിശ്വാസമേ,

റാണീ, ഗൃഹസ്ഥേ, നിറം വിളർത്ത പ്രഭ്വീ, വരൂ...



(അൽവാരോ ദെ കാമ്പോസ് എന്ന അപരനാമത്തിൽ എഴുതിയത്)


അഭിപ്രായങ്ങളൊന്നുമില്ല: