2018, മാർച്ച് 31, ശനിയാഴ്‌ച

നെരൂദ - ഈസ്ല നെഗ്ര: ഒരു നോട്ടുബുക്ക്



നെരൂദ തന്റെ അറുപതാം വയസ്സിൽ തനിക്കുതന്നെ ഉപഹാരമായി നല്കിയ പുസ്തകമാണ്‌ “ഈസ്ല നെഗ്ര: ഒരു നോട്ടുബുക്ക്.” ഒരായുസ്സിനുള്ളതെഴുതിത്തീർത്ത ഒരു കവി തന്റെ എഴുത്തുജീവിതത്തിൽ താൻ വിട്ടുപോന്ന വ്യത്യസ്തമായ ‘ജന്മ’ങ്ങളെ, അല്ലെങ്കിൽ ‘സ്വത്വ’ങ്ങളെ നോക്കിക്കാണുകയാണ്‌; ആ വിധത്തിൽ കാവ്യാത്മകമായ ഒരാത്മകഥ എന്ന് ഇതിനെ പറയാം. തന്റെ മൂന്നാമത്തെ ഭാര്യ, മാറ്റിൽഡെ ഉറുഷ്യെയുമൊത്ത് ചിലിയുടെ പസഫിക് തീരത്തുള്ള ഈസ്ല നെഗ്ര എന്ന ദ്വീപിൽ താമസിക്കുമ്പോഴാണ്‌ ഈ പുസ്തകം അദ്ദേഹം എഴുതിയത്.


1.  പിറവി


പിറവിയെടുത്ത പലർക്കിടയിൽ
ഒരാൾ പിറവിയെടുത്തു.
പലരും ജീവിച്ച കൂട്ടത്തിൽ
അയാളും ജീവിച്ചു.
അത്രയുമായിട്ടൊരു ചരിത്രമാകുന്നില്ല,
ചിലിയുടെ നടുത്തുണ്ടമായ ഈ ദേശം
അതിലുമധികമായിരുന്നു:
മുന്തിരിവള്ളികൾ
പച്ചമുടിക്കുത്തഴിക്കുന്നതവിടെ,
മുന്തിരിക്കുലകൾ
വെളിച്ചം കുടിച്ചു തെഴുക്കുന്നതവിടെ,
മനുഷ്യരുടെ ചവിട്ടടിയിൽ
വീഞ്ഞു പിറക്കുന്നതവിടെ.

പറാൽ,
ദേശത്തിനു പേരത്,
മഞ്ഞുകാലത്തൊരുനാൾ
അയാൾ പിറന്നതവിടെ.

ഇന്നവയൊന്നുമില്ല,
വീടുമില്ല, തെരുവുമില്ല.
മലനിരകളതിന്റെ
കുതിരകളെ കെട്ടഴിച്ചുവിട്ടു,
കുഴിച്ചിട്ട ബലങ്ങളുരുണ്ടുകൂടി,
മലകൾ തുള്ളിവിറച്ചു,
ഭൂകമ്പത്താലാകെ മൂടി
പട്ടണം അടിപണിഞ്ഞു.
അങ്ങനെ,
ഇഷ്ടികച്ചുമരുകൾ,
ചുമരുകളിലെ ചിത്രങ്ങൾ,
ഇരുളടഞ്ഞ മുറികളിലെ
ചേർപ്പു വിട്ട കസേരകൾ,
ഇച്ചകൾ പുള്ളി കുത്തിയ നിശ്ശബ്ദത,
ഒക്കെയും മടങ്ങി,
പൊടിയിലേക്കു മടങ്ങി.
ഞങ്ങൾ ചിലർക്കേ
ഞങ്ങളുടെ രൂപവും ഞങ്ങളുടെ ചോരയും
നഷ്ടപ്പെടാതെ ശേഷിച്ചുള്ളു,
ഞങ്ങൾ ചിലർക്കു മാത്രം,
പിന്നെ വീഞ്ഞിനും.

വീഞ്ഞ് പണ്ടേപ്പോലെ ജീവിച്ചുപോയി,
നാടോടിയായ ശരല്ക്കാലം ചിതറിച്ച
മുന്തിരിപ്പഴങ്ങളിലിരച്ചുകേറി,
പിന്നെ ബധിരമായ ചക്കുകളിലൂടെ
അതിന്റെ സ്നിഗ്ധരക്തം പറ്റിയ
വീപ്പകളിലേക്കിറങ്ങി,
അവിടെ, ആ കരാളദേശത്തെ ഭയന്ന്
അതു ജീവിച്ചു, നഗ്നമായി.

ഭൂപ്രകൃതിയോ കാലമോ
എനിക്കോർമ്മയില്ല,
മുഖങ്ങളോ രൂപങ്ങളോ
എനിക്കോർമ്മയില്ല-
ഓർമ്മയുള്ളത്
പിടി തരാത്ത പൊടി മാത്രം,
വേനലറുതി മാത്രം,
കുഴിമാടങ്ങൾക്കിടയിൽ
എന്റമ്മയുറങ്ങുന്ന കുഴിമാടം കാണിക്കാൻ
അവരെന്നെ കൊണ്ടുപോയ
സിമിത്തേരി മാത്രം.
അമ്മയുടെ മുഖം കണ്ടിട്ടില്ലെന്നതിനാൽ
മരിച്ചവർക്കിടയിൽ നിന്നു ഞാൻ
അമ്മയുടെ പേരു വിളിച്ചു.
എന്നാൽ
കുഴിയിലടങ്ങിയ മറ്റെല്ലാവരെയും പോലെ
അമ്മയും ഒന്നുമറിയുന്നില്ല,
ഒന്നും കേൾക്കുന്നില്ല,
അമ്മയും മറുപടി പറഞ്ഞില്ല.
അവിടെ, പ്രേതങ്ങൾക്കൊപ്പം,
താനൊറ്റയ്ക്ക്,
തന്റെ മകനടുത്തില്ലാതെ,
തന്നിലേക്കു പിന്‌വലിഞ്ഞ്,
തന്നെത്തന്നെ മറച്ച്
അമ്മയൊതുങ്ങി.
ഞാൻ ജനിച്ചതവിടെ,
ഭൂമി വിറയ്ക്കുന്ന പറാലിൽ,
മരിച്ച എന്റമ്മയിൽ നിന്നു ജീവനെടുത്ത
മുന്തിരിക്കുലകൾ കുലകുത്തിയ ദേശത്ത്.

(Parral- ചിലിയിലെ ഈ നഗരത്തിലാണ്‌ 1904 ജൂലൈ 12ന്‌ നെരൂദ ജനിച്ചത്)


2. അച്ഛൻ

എന്റെ അച്ഛൻ, പച്ചമനുഷ്യൻ
തീവണ്ടികളിൽ നിന്നു തിരിച്ചുവരുന്നു.
അലഞ്ഞുപോകുന്നൊരു രോദനത്തോടെ
രാത്രിയിൽ തുള വീഴ്ത്തുന്ന
ആവിയെഞ്ചിന്റെ ചൂളം
ഞങ്ങൾ തിരിച്ചറിയുന്നു,
പിന്നെ,
വാതിൽ കിടുങ്ങിത്തുറക്കുന്നതും.
അച്ഛനോടൊപ്പം
ഒരു കാറ്റും തള്ളിക്കയറിവന്നു;
കാലൊച്ചകൾക്കും കാറ്റിനുമിടയിൽ
വീടു കിടന്നു വിറച്ചു,
അമ്പരന്നുപോയ വാതില്പാളികൾ
കൈത്തോക്കുകളുടെ കാസക്കുരയോടെ
തുറന്നടഞ്ഞു,
ഏണിപ്പടി ഞരങ്ങി,
വലിയൊരൊച്ച
പരാതികൾ മുറുമുറുത്തു,
പുറത്തു കുറ്റിരുട്ടും
കൊട്ടിച്ചൊരിയുന്ന മഴയും
പുരപ്പുറത്തിരമ്പുകയായിരുന്നു,
കാണെക്കാണെ
ലോകത്തെ മുക്കിത്താഴ്ത്തുകയായിരുന്നു,
കാതിൽ വീണതത്രയും
മഴയോടു പടവെട്ടുന്ന കാറ്റു മാത്രമായിരുന്നു.

അദ്ദേഹം പക്ഷേ, ഒരു നിത്യസംഭവമായിരുന്നു.
തന്റെ തീവണ്ടിക്ക്,
തണുത്ത പുലർച്ചയ്ക്കു കപ്പിത്താൻ.
സൂര്യൻ മുഖം പുറത്തു കാട്ടേണ്ട താമസം,
അദ്ദേഹമെത്തുകയായി,
തന്റെ താടിയുമായി,
ചുവപ്പും പച്ചയും കൊടികളുമായി,
മിനുക്കിവച്ച വിളക്കുകളുമായി,
എഞ്ചിന്റെ കുഞ്ഞുനരകത്തീയിൽ കല്ക്കരിയുമായി,
തീവണ്ടികൾ മഞ്ഞിൽ മറഞ്ഞ സ്റ്റേഷനുമായി,
ഭൂമിശാസ്ത്രത്തോടുള്ള തന്റെ കടമയുമായി.

കരയിലെ നാവികനാണ്‌ റയിൽവേക്കാരൻ,
കടലില്ലാത്ത കൊച്ചുതുറമുഖങ്ങളിലൂടെ
-കാട്ടുപട്ടണങ്ങളിലൂടെ-
തീവണ്ടിയോടുന്നു,
ജൈവലോകത്തെ കെട്ടഴിച്ചുവിട്ടുംകൊണ്ട്,
ഭൂപ്രയാണം പൂർത്തിയാക്കിക്കൊണ്ട്.
നീണ്ട തീവണ്ടി ഓട്ടം നിർത്തുമ്പോൾ
ചങ്ങാതിമാർ ഒത്തുകൂടുന്നു,
വീട്ടിലേക്കു കടന്നുവരുന്നു,
എന്റെ ബാല്യത്തിന്റെ വാതിലുകൾ തുറക്കുന്നു,
റയിൽവേക്കാരന്റെ കൈപ്രഹരത്തിൽ
മേശ കുലുങ്ങിയാടുന്നു,
കൂട്ടുകാരുടെ കട്ടിഗ്ലാസ്സുകൾ തുള്ളുന്നു,
വീഞ്ഞിന്റെ കണ്ണുകളിൽ നിന്ന്
ഒളി പറക്കുന്നു.

സാധുവായ, പരുക്കനായ എന്റെ അച്ഛൻ,
സൗഹൃദത്തിന്റെ ഓജസ്സുമായി,
നിറഞ്ഞ ഗ്ലാസ്സുമായി,
സൗഹൃദത്തിന്റെ അച്ചുതണ്ടിലായിരുന്നു അവിടെ അദ്ദേഹം.
തീരാത്ത സമരമായിരുന്നു ആ ജീവിതം,
അതികാലത്തുണരലുകൾക്കും യാത്രകൾക്കുമിടയിൽ,
വരവുകൾക്കും തിരക്കിട്ടിറങ്ങിപ്പോകലുകൾക്കുമിടയിൽ,
ഒരു നാൾ, മറ്റേതു നാളെക്കാളും മഴ കനത്തൊരു നാൾ,
ഹൊസ്സെ ഡെൽ കാർമെൻ റെയ്സ് എന്ന റയിൽവേക്കാരൻ
മരണത്തിന്റെ തീവണ്ടിയിൽ കയറിപ്പോയി,
ഇന്നാൾ വരെ പിന്നെ മടങ്ങിയിട്ടുമില്ല.


3. രതി


വേനൽ,
അന്തി മയങ്ങും നേരത്തെ വാതിൽ.
റെഡ് ഇന്ത്യാക്കാരുടെ വൈകാൻ മടങ്ങിയ വണ്ടികൾ,
നാളമിളകുന്ന റാന്തൽ,
ചുവപ്പിന്റെ ഗന്ധവുമായി,
വിദൂരദഹനത്തിന്റെ ചാരവുമായി
തെരുവുകളോളമെത്തുന്ന
കാട്ടുതീയുടെ പുകയും.

ഞാൻ,
മരണം കൊണ്ടു ദുഃഖിച്ചവൻ,
ഗൗരവക്കാരൻ,
ഉൾവലിഞ്ഞവൻ,
വള്ളിനിക്കർ,
മെലിഞ്ഞ കാലുകൾ,
കാല്മുട്ടുകൾ,
അപ്രതീക്ഷിതനിധികൾ തേടുന്ന കണ്ണുകളും.
തെരുവിനങ്ങേപ്പുറത്ത്
റോസിറ്റയും ജോസഫീനയും,
കണ്ണും പല്ലും മാത്രമായവർ,
വെളിച്ചം നിറഞ്ഞവർ,
കാണാത്ത ഗിത്താറുകൾ പോലൊച്ചപ്പെടുന്നവർ,
അവർ എന്നെ വിളിക്കുകയാണ്‌.
തെരുവു മുറിച്ചു ഞാൻ ചെന്നു,
പകച്ചും പേടിച്ചും;
ഞാനെത്തേണ്ട താമസം,
അവരെന്റെ ചെവിയിൽ മന്ത്രിച്ചു,
അവരെന്റെ കൈക്കു പിടിച്ചു,
അവരെന്റെ കണ്ണുകൾ പൊത്തി,
എന്നെയും കൊണ്ട്,
എന്റെ നിഷ്കളങ്കതയും കൊണ്ട്
ബേക്കറിക്കടയിലേക്കവരോടി.

കൂറ്റൻ മേശകളുടെ മൗനം,
അപ്പത്തിന്റെ പവിത്രദേശം,
ജനശൂന്യം;
അവിടെ ആ രണ്ടുപേർ,
പിന്നെ ഞാനും,
ആദ്യത്തെ റോസിറ്റയുടെയും
ഒടുക്കത്തെ ജോസഫീനയുടെയും കൈകളിലെ
തടവുകാരൻ.
അവർക്കെന്റെ തുണിയഴിക്കണം.
വിറച്ചുംകൊണ്ടു ഞാനോടി,
എന്നാലെനിക്കനങ്ങാനായില്ല,
എന്റെ കാലുകളനങ്ങിയില്ല.
പിന്നെയാ മന്ത്രവാദിനികൾ
എന്റെ കണ്ണുകൾക്കു മുന്നിൽ
ഒരിന്ദ്രജാലമെടുത്തുകാട്ടി:
ഏതോ കാട്ടുകിളിയുടെ
കുഞ്ഞിക്കൂട്,
അതിലുണ്ട്
അഞ്ചു കുഞ്ഞുമുട്ടകൾ,
അഞ്ചു വെളുത്ത മുന്തിരിപ്പഴങ്ങൾ,
ആരണ്യജീവിതത്തിന്റെ
ഒരു കുഞ്ഞുസഞ്ചയം.
ഞാനതിലേക്കു കൈ നീട്ടുമ്പോൾ
അവരെന്റെ ഉടുപ്പിനുള്ളിൽ പരതി,
അവരെന്നെ തൊട്ടു,
തങ്ങൾക്കാദ്യമായിക്കിട്ടിയ കൊച്ചുപുരുഷനെ
വിടർന്ന കണ്ണുകൾ കൊണ്ടവർ പഠിച്ചു.

കനത്ത കാൽവയ്പ്പുകൾ, ചുമ,
അപരിചിതരുമായി കയറിവരുന്ന
എന്റെ അച്ഛൻ,
ഇരുട്ടിലേക്കു ഞങ്ങളൂളിയിട്ടു,
രണ്ടു കടല്ക്കൊള്ളക്കാരും
അവർ തടവിൽ പിടിച്ച ഞാനും;
മാറാലകൾക്കിടയിൽ
കൂനിപ്പിടിച്ചു ഞങ്ങളിരുന്നു,
ഒരു കൂറ്റൻ മേശയ്ക്കടിയിൽ
വിറച്ചും കൊണ്ടു ഞങ്ങൾ ഞെരുങ്ങിക്കൂടി;
ഇതിനിടയിൽ,
ആ ഇന്ദ്രജാലം,
നീലിച്ച കുഞ്ഞുമുട്ടകളുടെ കിളിക്കൂട്,
അതു താഴെ വീണു,
വന്നുകയറിയവരുടെ കാലടികൾക്കടിയിൽ
അതിന്റെ രൂപവും ഗന്ധവും ഞെരിഞ്ഞമർന്നു.
ആ ഇരുട്ടത്ത്,
രണ്ടു പെൺകുട്ടികൾക്കും
പേടിക്കുമൊപ്പമിരിക്കെ,
ഗോതമ്പിന്റെ ഗന്ധത്തിനും
ഉടലുകളില്ലാത്ത കാലടികൾക്കുമിടയിൽ,
സാവധാനമിരുളുന്ന സന്ധ്യയിൽ,
എന്റെ ചോരയിലെന്തോ മാറുന്നതു ഞാനറിഞ്ഞു,
എന്റെ വായിലേക്ക്,
എന്റെ കൈകളിലേക്ക്
ഒരാലക്തികപുഷ്പമുയരുന്നതു
ഞാനറിഞ്ഞു,
തൃഷ്ണയുടെ
വിശക്കുന്ന,
തിളങ്ങുന്ന
പുഷ്പം.


4. കവിത

ആ പ്രായത്തിലൊരുനാളത്രേ...
കവിത എന്നെത്തേടി വന്നു.
എനിക്കറിയില്ല,
എവിടെ നിന്നാണതു വന്നതെന്നെനിക്കറിയില്ല,
ഏതു പുഴയിൽ നിന്നേതു ഹേമന്തത്തിൽ നിന്നെന്നോ,
എവിടെ നിന്നെങ്ങനെയെന്നോ എനിക്കറിയില്ല.
അല്ല, വാക്കുകളായിരുന്നില്ലവ,
ശബ്ദങ്ങളായിരുന്നില്ല, നിശ്ശബ്ദതയുമായിരുന്നില്ല,
ഒരു തെരുവിൽ നിന്നതെന്നെ വിളിച്ചു,
രാത്രിയുടെ ചില്ലകളിലിരുന്നതെന്നെ വിളിച്ചു,
ആളുന്ന തീയ്ക്കിടയിൽ നില്ക്കുമ്പോഴോ
ഒറ്റയ്ക്കു മടങ്ങുമ്പോഴോ ,
പൊടുന്നനേയതാ, മുഖമില്ലാതെയത്,
അതെന്നെ തൊട്ടു.

എന്തു പറയണമെന്നെനിക്കറിയുമായിരുന്നില്ല,
എന്റെ നാവിനു പേരുകൾ പരിചയമായിരുന്നില്ല,
എന്റെ കണ്ണുകൾ അന്ധവുമായിരുന്നു.
എന്റെയാത്മാവിൽ എന്തോ വന്നിടിച്ചു,
ജ്വരമോ മറവിയില്പെട്ട ചിറകുകളോ?
ഞാനൊരു വഴി വെട്ടിത്തുറന്നു,
ആ അഗ്നിയുടെ പൊരുളറിയാൻ ശ്രമിച്ചു,
അങ്ങനെ ആദ്യത്തെ വരി ഞാനെഴുതി:
തെളിയാത്ത, കാതരമായ,
കാതലില്ലാത്ത ഒരു വരി,
ഒന്നുമറിയാത്തവന്റെ ശുദ്ധജ്ഞാനം.
പൊടുന്നനേ ഞാൻ കണ്ടു,
താഴുകൾ പൊട്ടിത്തുറക്കുന്ന വാനം,
ആകാശഗോളങ്ങൾ,
തുടിക്കുന്ന തോപ്പുകൾ,
അമ്പുകളും പൂക്കളും തീയും കൊണ്ടരിപ്പക്കണ്ണികളായ
അന്ധകാരം,
കീഴമർത്തുന്ന രാത്രി, പ്രപഞ്ചം.

ഞാൻ, നിസ്സാരൻ,
താരാവൃതശൂന്യതയുടെ ലഹരി തലയ്ക്കു പിടിച്ചവൻ,
നിഗൂഢതയുടെ പ്രതിരൂപമതിൽ കണ്ടവൻ,
ആദിമഗർത്തത്തിന്റെ കേവലാംശമാണു ഞാനെന്നെനിക്കു തോന്നി.
നക്ഷത്രങ്ങൾക്കൊപ്പം ഞാൻ ഭ്രമണം ചെയ്തു,
എന്റെ ഹൃദയം കെട്ടുകളറുത്തു കാറ്റിനൊപ്പം പോയി.


5. ലജ്ജ

ഞാനെന്നൊരാൾ ജീവനോടെയുണ്ടെന്ന്
ഞാനായിട്ടെനിക്കറിയുമായിരുന്നില്ല,
ജീവിക്കാൻ, ജീവിച്ചുപോകാനെനിക്കാവുമെന്നും
എനിക്കറിയുമായിരുന്നില്ല.
എനിക്കതിനെ ഭയമായിരുന്നു, ജീവിതത്തെ.
ഞാൻ കാണപ്പെടുന്നതെനിക്കിഷ്ടമായിരുന്നില്ല,
ഞാനുണ്ടെന്നറിയപ്പെടുന്നതെനിക്കിഷ്ടമായിരുന്നില്ല.
ഞാൻ വിളറി, ഞാൻ മെലിഞ്ഞു,
എനിക്കു ശ്രദ്ധ നില്ക്കാതെയായി.
എന്റെ ശബ്ദം കേട്ടാരുമെന്നെയറിയരുത്,
അതിനാൽ ഞാൻ മിണ്ടിയതേയില്ല,
ആരുമെന്നെ കാണരുതെന്നതിനാൽ
ഞാനൊന്നും കണ്ടതുമില്ല.
ഒരു നിഴൽ പതുങ്ങിപ്പോകുന്നതുപോലെ
ചുമരോരം പറ്റി ഞാൻ നടന്നു.

ചെമ്പിച്ച മേച്ചിലോടുകളിൽ, പുകയിൽ
സ്വയം മറയ്ക്കാൻ ഞാൻ കൊതിച്ചു;
എനിക്കവിടെ നില്ക്കണമായിരുന്നു,
എന്നാലാരും കാണാതെ,
എനിക്കെവിടെയും ചെന്നുകൂടണം,.
എന്നാലൊരകലത്തിൽ;
വസന്തത്തിന്റെ താളത്തിൽ
എന്റെയിരുണ്ട സാന്നിദ്ധ്യമെനിക്കു തളയ്ക്കണമായിരുന്നു.

ഒരു പെൺകുട്ടിയുടെ മുഖം,.
ഒരു മധുരനാരങ്ങയുടെ അർദ്ധഗോളങ്ങൾ പോലെ
പകലിനെ നെടുകേ പകുക്കുന്ന
ഒരു ചിരിയുടെ ശുദ്ധവിസ്മയം-
കാതരനായി, നിർവീര്യനായി
ആ തെരുവിൽ നിന്നു ഞാൻ മാറിപ്പോയി.
വെള്ളത്തിനത്രയരികത്തായിട്ടും
അതിന്റെ കുളിർമ്മ നുകരാതെ,
തീയ്ക്കത്രയരികത്തായിട്ടും
അതിന്റെ നാളത്തെ മുകരാതെ;
അഭിമാനത്തിന്റെ പൊയ്മുഖമണിഞ്ഞു ഞാൻ നടന്നു,
ഒരു കുന്തം പോലെ മെലിഞ്ഞവനായിരുന്നു,
ധൃഷ്ടനായിരുന്നു ഞാൻ.
എനിക്കു പറയാനുള്ളതാരും കേട്ടില്ല
(ഞാനതിനവസരവും നല്കിയില്ല).

പൊട്ടക്കിണറ്റിൽ വീണുകിടക്കുന്ന നായയുടെ
ആഴം മൂടിയ മോങ്ങലായിരുന്നു,
എന്റെ വിലാപം.


6. പരിത്യക്തൻ

കടലല്ല, കടല്ക്കരയല്ല, കടല്പതയല്ല,
അഭേദ്യസാന്നിദ്ധ്യങ്ങളായ പക്ഷികളല്ല,
അവ മാത്രമല്ല, മറ്റു വിടർന്ന കണ്ണുകളുമല്ല,
ഗ്രഹങ്ങളുള്ളിലൊതുക്കിത്തേങ്ങുന്ന രാത്രിയല്ല,
ജീവജാലങ്ങൾ തിങ്ങുന്ന കാടു മാത്രവുമല്ല,
വേദന, വേദന, മനുഷ്യനപ്പം വേദന.
എന്നാലെന്താണിതിങ്ങനെ?
അക്കാലമൊരു വാളു പോലെ മെലിഞ്ഞവൻ ഞാൻ,
ഇരുട്ടു വീണ കടലിലെ മീൻ പോലിരുണ്ടവൻ,
സഹനത്തിന്റെ പരമാവധി ഞാനെത്തിയിരുന്നു,
ഒറ്റപ്രഹരം കൊണ്ടീ ഗ്രഹത്തെ മാറ്റിപ്പണിയാൻ ഞാൻ കൊതിച്ചു.
അപരാധങ്ങളുടെ കറ പറ്റിയ മൗനത്തിൽ
പങ്കു പറ്റരുതെന്നെനിക്കു തോന്നി.
ഏകാന്തതയിൽ പക്ഷേ, കാര്യങ്ങൾ പിറക്കും, മരിക്കും.
യുക്തി വളർന്നുവളർന്നൊടുവിൽ ഭ്രാന്തിലേക്കെത്തുന്നു.
ഇതൾ വളരുന്നു, പക്ഷേ പനിനീർപ്പൂവാകുന്നില്ല.
ലോകത്തിനുപയോഗപ്പെടാത്ത പൊടിയാണേകാന്തത,
മണ്ണോ വെള്ളമോ മനുഷ്യനോ ഇല്ലാതെ
വെറുതേ കറങ്ങുന്ന കുംഭാരന്റെ ചക്രം.
സ്വന്തം പരാജയത്തിൽ ഞാൻ നിലവിളിച്ചതങ്ങനെയായിരുന്നു.
എന്റെ ബാല്യത്തിന്റെ ചുണ്ടുകളിലെ ആ രോദനത്തിനെന്തു പറ്റി?
ആരതു കേട്ടു? ആരതിനൊരുത്തരം കൊടുത്തു?
ഏതു വഴിക്കു പിന്നെ ഞാൻ പോയി?
ചുമരുകളിൽ ഞാനെന്റെ തല കൊണ്ടിടിച്ചപ്പോൾ
അവയെനിക്കെന്തു മറുപടി നല്കി?
അതു വന്നുപോകുന്നു, ബലം കെട്ട ഏകാകിയുടെ ശബ്ദം,
അതുരുണ്ടുകൊണ്ടേയിരിക്കുന്നു, ഒറ്റപ്പെട്ടവന്റെ ഭയാനകചക്രം,
അതു പുറത്തേക്കു പോകുന്നു, തന്നിലേക്കുതന്നെ മടങ്ങുന്നു,
ആ രോദനം, ആരുമതറിഞ്ഞില്ല,
പരിത്യക്തനായവൻ പോലും.


7. പുസ്തകങ്ങൾ


വിശുദ്ധവും പഴകിമുഷിഞ്ഞതുമായ പുസ്തകങ്ങൾ,
വെട്ടിവിഴുങ്ങിയ, വെട്ടിവിഴുങ്ങുന്ന പുസ്തകങ്ങൾ,
കീശയിലൊളിപ്പിച്ച രഹസ്യങ്ങൾ:
മാതളം മണക്കുന്ന നീച്ച, പിന്നെ ഗോർക്കി,
അവരായിരുന്നു എന്റെ സഹചാരികൾ,
വെളിച്ചപ്പെടാത്തവർ,
ഗൂഢവൃത്തിക്കാർ.
ഹാ, വിക്തോർ യൂഗോയെന്ന പാറക്കെട്ടിൽ
കിനാവള്ളിയെ സംഹരിച്ചതിന്റെ ശേഷം
ഇടയൻ തന്റെ പ്രണയഭാജനത്തെ വേൾക്കുന്ന ആ മുഹൂർത്തം;
ഗോത്തിക് ശരീരശാസ്ത്രത്തിന്റെ സിരകളിലൂടെ
നോത്രുദാമിലെ കൂനൻ ഒഴുകിനടന്നിരുന്ന കാലം.
ഹൊര്‌​‍ീ  ഇസാക്സിന്റെ മരിയ,
സ്വർഗ്ഗം പോലത്തെ ബംഗ്ളാവുകളിൽ
കെട്ട കാലത്തെ വെളുത്ത ആശ്ലേഷങ്ങൾ,
ആ നുണകളുടെ പഞ്ചാരമധുരത്തിൽ ബുദ്ധി മന്ദിച്ച ഞങ്ങൾ
കപടമില്ലാത്ത കണ്ണീരൊഴുക്കി.

പുസ്തകങ്ങൾ മെടഞ്ഞുപോയി,
പിളർന്നിറങ്ങി, സർപ്പച്ചുറ്റുകളിട്ടു,
പിന്നെ, പതിയെപ്പതിയെ,
വസ്തുക്കൾക്കു പിന്നിൽ,
ചെയ്തികൾക്കു പിന്നിൽ,
ഒരു തിക്തഗന്ധം പോലെ,
ഉപ്പിന്റെ തെളിച്ചത്തോടെ
അറിവിന്റെ വൃക്ഷം
വളർന്നുവന്നു.


8. മരൂരിത്തെരുവിലെ വാടകവീട്


മരൂരി എന്നൊരു തെരുവ്.
പരസ്പരം നോക്കാത്ത, പരസ്പരം ഇഷ്ടമില്ലാത്ത വീടുകൾ.
എന്നാല്ക്കൂടിയവ ചുമരോടു ചുമരൊട്ടിനില്ക്കുന്നു,
വയുടെ ജനാലകൾ തെരുവു കാണുന്നില്ല,
അവയ്ക്കുരിയാട്ടവുമില്ല.
മൗനമാണവ.

ഹേമന്തത്തിന്റെ വൃക്ഷത്തിൽ നിന്നഴുകിയൊരില പോലെ
ഒരു കടലാസ്സുതുണ്ട് പറന്നുപോകുന്നു.

സായാഹ്നം ഒരസ്തമയത്തിനു തിരി കൊളുത്തുന്നു.
വിരണ്ടുപോയ ആകാശം
പലായനത്തിന്റെ അഗ്നിച്ചിറകുകൾ വിടർത്തുന്നു.

മട്ടുപ്പാവുകൾ കറുത്ത മൂടല്മഞ്ഞു കൈയേറുന്നു.

ഞാനെന്റെ പുസ്തകം നിവർത്തുന്നു.
ഒരു ഖനിക്കുള്ളിലെന്നപോലെ,
നനഞ്ഞാളൊഴിഞ്ഞ ഒരു ഗ്യാലറിയിലെന്നപോലെ
ഞാനിരുന്നെഴുതുന്നു.

വീട്ടിൽ, തെരുവിൽ, വേദനിപ്പിക്കുന്ന നഗരത്തിൽ
ഇപ്പോഴാരുമില്ലെന്നെനിക്കറിയാം.
തടവറയുടെ വാതിലുകൾ തുറന്നുകിടക്കുന്ന,
ലോകം തുറന്നുകിടക്കുന്ന
ഒരു തടവുകാരനാണു ഞാൻ.
അന്തിവെട്ടത്തിലാഴ്ന്നുപോയ
ചിന്താവിഷ്ടനായ ഒരു വിദ്യാർത്ഥി.
ഞാൻ പിന്നെ ഒരു നൂലപ്പത്തിന്റെ ഇഴയിൽ പിടിച്ചുകയറുന്നു,
എന്റെ കിടക്കയിലേക്കിറങ്ങുന്നു,
നാളെ എന്ന നാളിലേക്കും.


9. റംഗൂൺ 1927


റംഗൂണിൽ ഞാനെത്താൻ വൈകി.
സർവ്വതും എന്നെക്കാത്തുകിടക്കുകയായിരുന്നു-
ചോരയുടെ, പൊന്നിന്റെ, കിനാവുകളുടെ
ഒരു നഗരം,
ഒരു കിരാതവനത്തിൽ നിന്ന്
ശ്വാസം മുട്ടുന്ന നഗരത്തിലേക്കും
അതിന്റെ ദുഷിച്ച തെരുവുകളിലേക്കുമൊഴുകുന്ന
ഒരു നദി,
വെളുത്തവർക്ക് ഒരു വെളുത്ത ഹോട്ടൽ,
സ്വർണ്ണനിറമുള്ളവർക്ക് ഒരു സ്വർണ്ണപ്പഗോഡയും.
അവിടെ നടപ്പതായിരുന്നു,
അവിടെ നടക്കാത്തതും.
വെറ്റിലമുറുക്കുന്നവർ തുപ്പി കറപറ്റിച്ച പടവുകൾ,
നഗ്നതയ്ക്കു മേൽ
പട്ടുകൾ മുറുക്കിയുടുത്ത
ബർമ്മീസ് പെൺകുട്ടികൾ,
അവരുടെ നൃത്തത്തിൽ
ചുവന്ന തീനാവുകളുമൊപ്പമെന്നപോലെ;
അങ്ങാടിയിലേക്കു നൃത്തം ചെയ്യുന്ന ചുവടുകൾ,
തെരുവുകളിൽ നൃത്തം ചെയ്യുന്ന കാലുകൾ.
കടുംവെളിച്ചം, ഉച്ചിയിലെത്തിയ സൂര്യൻ,
എന്റെ തലയിൽ വീണ്‌,
കണ്ണുകളിൽ കടന്ന്,
എന്റെ സിരകളിലൂടെപ്പാഞ്ഞ്,
എന്റെയുടലിന്റെ ഓരോ കോണിലുമെത്തുന്നു,
അപരിമിതമായ ഒരു ഭ്രഷ്ടപ്രണയം
എനിക്കേകുന്നു.

അതങ്ങനെയായിരുന്നു.
മർത്തബാനിലെ ചെളിവെള്ളത്തിനരികെ,
ഇരുമ്പുകപ്പലുകൾക്കരികെ
അവളെ ഞാൻ കണ്ടു;
അവളുടെ കണ്ണുകൾ
ഒരാണിനെത്തേടുകയായിരുന്നു.
അവൾക്കും ഇരുമ്പിന്റെ വിവർണ്ണമിനുക്കമായിരുന്നു,
അവളുടെ മുടിയിഴകൾ
ഇരുമ്പുനൂലുകളായിരുന്നു,
ഇരുമ്പുലാടത്തിലെന്നപോലെ
അതിൽ വെയിലു വീണുതിളങ്ങി.

അതെന്റെ കാമുകിയായിരുന്നു,
എനിക്കറിയാത്തവൾ.

അവളെ നോക്കാതെ
അവൾക്കരികിൽ ഞാനിരുന്നു,
ഞാൻ ഏകനായിരുന്നു,
എനിക്കു വേണ്ടത് പുഴകളോ സന്ധ്യയോ
വിശറികളോ പണമോ ചന്ദ്രനോ ആയിരുന്നില്ല-
എനിക്കു വേണ്ടത് ഒരു പെണ്ണിനെയായിരുന്നു,
കൈകളിലെടുക്കാൻ, മാറോടടുക്കാൻ ഒരു പെണ്ണ്‌,
പ്രേമിക്കാനൊരു പെണ്ണ്‌, കൂടെക്കിടക്കാനൊരു പെണ്ണ്‌,
വെളുത്തത്, കറുത്തത്, വേശ്യ, കന്യക,
മാംസഭോജി, നീലനിറം, ഓറഞ്ചുനിറം,
ഏതുമാവട്ടെ,
എനിക്കവളെ പ്രേമിക്കണം, വെറുക്കണം,
തീന്മേശയിലും കിടക്കയിലും അവളെ വേണം,
എന്നോടത്രയടുത്തായി,
ചുംബിക്കുമ്പോളവളുടെ പല്ലുകൾ കൊള്ളുന്നത്ര അടുത്തായി
അവളെ വേണം,
അവളുടെ പെണ്മണമെനിക്കു വേണം.
നഷ്ടബുദ്ധിയായി അവൾക്കായി ഞാനെരിഞ്ഞു.

ഞാൻ ദാഹിച്ചതിനാവാം
അവളും ദാഹിച്ചത്. അല്ലെന്നുമാവാം.
എന്നാലവിടെ, ആ മാർത്തബാനിൽ,
ഇരുമ്പിൻപുഴക്കരെ,
പെരുമീൻ നിറഞ്ഞു പള്ള വീർത്തൊരു വലപോലെ
പുഴ കയറി രാത്രിയെത്തുമ്പോൾ
ഹതാശരുടെ കയ്ക്കുന്ന ആനന്ദങ്ങളിൽ
മുങ്ങിത്താഴാൻ പോയി,
അവളും ഞാനും.

(നെരൂദ 1920കളിൽ റംഗൂണിൽ ചിലിയുടെ കോൺസൽ ആയിരുന്നു; അക്കാലത്ത് അദ്ദേഹത്തിന്റെ കാമുകിയായിരുന്ന ജോസി ബ്ളിസ്സ് എന്ന ബർമ്മക്കാരിയെക്കുറിച്ചുള്ളതാണ്‌ ഈ കവിത.)


10. മതം കിഴക്ക്


അവിടെ, റംഗൂണിൽ വച്ചെനിക്കു മനസ്സിലായി,
പാവം മനുഷ്യന്റെ ശത്രുക്കളാണ്‌
ഏകദൈവത്തെപ്പോലെ ദൈവങ്ങളുമെന്ന്.
വെള്ളത്തിമിംഗലങ്ങളെപ്പോലെ പതിഞ്ഞുകിടക്കുന്ന
വെൺകല്ലിൽ പടുത്ത ദൈവങ്ങൾ,
ഗോതമ്പു പോലെ പൊന്നു പൂശിയ ദൈവങ്ങൾ,
ജനിച്ചുപോയ അപരാധത്തിനു മേൽ ചുരുട്ടയിട്ട സർപ്പദൈവങ്ങൾ,
ഭീഷണമായ കുരിശ്ശിലെ ക്രിസ്തുവിനെപ്പോലെ
പൊള്ളയായ നിത്യതയുടെ മദിരോത്സവങ്ങൾ നോക്കി മന്ദഹസിക്കുന്ന
നഗ്നരും സുഭഗരുമായ ബുദ്ധന്മാർ,
എല്ലാവരും, ഒരാളൊഴിയാതെല്ലാവരും ഒരുമ്പെട്ടുനില്ക്കുകയായിരുന്നു-
പീഡനമോ പിസ്റ്റളോ കൊണ്ട്
നമുക്കു മേലവരുടെ സ്വർഗ്ഗങ്ങൾ കെട്ടിയേല്പിക്കാൻ,
നമ്മുടെ ഭക്തി വിലയ്ക്കു വാങ്ങാൻ,
അല്ലെങ്കിൽ നമ്മുടെ ചോരയ്ക്കു തീയിടാൻ.
സ്വന്തം ഭീരുത്വം മൂടിവയ്ക്കാൻ മനുഷ്യർ പണിതെടുത്ത ഘോരദൈവങ്ങൾ...
അവിടെ, റംഗൂണിൽ, കാര്യങ്ങളങ്ങനെയായിരുന്നു,
എവിടെയും നാറ്റമായിരുന്നു, സ്വർഗ്ഗത്തിന്റെ,
സ്വർഗ്ഗീയവാണിഭത്തിന്റെ.


11. ആ ജീവിതങ്ങൾ


ഇതെല്ലാമാണു ഞാൻ,
ഇങ്ങനെയൊരു ന്യായീകരണമെഴുതിവച്ചുംകൊണ്ടു
ഞാൻ പറയും. ഇതാണെന്റെ ജീവിതം.
ഇങ്ങനെയല്ല പക്ഷേ, കാര്യങ്ങളെന്ന്
ആർക്കാണറിയാത്തത്?-
ഈ വലയിൽ ഇഴകൾ മാത്രമല്ല പ്രധാനമെന്ന്,
കണ്ണി നൂഴുന്ന വായുവും പ്രധാനമാണെന്ന്.
ശേഷിച്ചതെല്ലാം പതിവുപോലെ പിടി കിട്ടാതെയും പോയി-
ഫെബ്രുവരി മഞ്ഞിലൂടെ മുയലു പോലെ പായുന്ന കാലം,
പിന്നെ പ്രണയം, അതിനെക്കുറിച്ചെന്തു പറയാൻ?
ഒരു നിതംബചലനമായി അതു കടന്നുപോയി,
അതിന്റെ തീച്ചൂടിൽ നിന്നൊരു പിടി ചാരം മാത്രം ശേഷിപ്പിച്ചുകൊണ്ട്.
വന്നുപോകുന്ന പലതിന്റെയും കാര്യം ഇതുതന്നെ:
ഒരായുസ്സു മൊത്തം വിശ്വാസത്തോടെ കാത്തിരുന്ന പുരുഷൻ,
ജീവനില്ലാതെ ജീവിച്ചിരുന്ന ഒരു സ്ത്രീ.
അവരൊക്കെക്കരുതി,
പല്ലും കാലും കൈയും ഭാഷയുമുള്ള സ്ഥിതിക്ക്
യോഗ്യരായി കടന്നുപോകേണ്ടൊരേർപ്പാടു മാത്രമാണ്‌
ജീവിതമെന്ന്.
ഈ മനുഷ്യന്റെ കണ്ണ്‌ ചരിത്രത്തിലായിരുന്നു,
പോയകാലത്തെ വിജയങ്ങളെല്ലാമയാൾ അടുക്കിപ്പിടിച്ചുവച്ചു,
നിത്യജീവിതം തനിക്കുണ്ടെന്നയാൾ വിശ്വസിക്കുകയും ചെയ്തു;
പക്ഷേ ജീവിതമയാൾക്കു നല്കിയതയാൾക്കുള്ള മരണം മാത്രമായിരുന്നു,
ജീവിക്കാതെപോയ കാലവും
ഒടിവിലടക്കാൻ മാത്രമുള്ള മണ്ണും.

ആകാശത്തെ നക്ഷത്രങ്ങൾ പോലത്ര കണ്ണുകൾ
ഇവൾക്കുണ്ടായിരുന്നു,
താൻ കൊതിച്ചതിനെ വിഴുങ്ങാനവൾ കൊളുത്തിയ അഗ്നി
പക്ഷേ, ദഹിപ്പിച്ചതിവളെത്തന്നെ.

ജീവിതത്തിൽ ഞാനെന്തെങ്കിലും ഓർമ്മിക്കുന്നുണ്ടെങ്കിൽ അതിതാണ്‌:
ഒരു നദിയുടെ കരയിൽ, ഇന്ത്യയിൽ ഒരപരാഹ്നം.
മജ്ജയും മാംസവുമുള്ള ഒരു സ്ത്രീയെ ദഹിപ്പിക്കുകയാണവർ,
ചിതയിൽ നിന്നുയർന്നത് പുകയോ ആത്മാവോ എന്നെനിക്കറിയില്ല;
ഒടുവിൽ ഒന്നും ശേഷിച്ചില്ല, സ്ത്രീയും തീയും ചിതയും ചാരവും.
ആ മരണത്തിൽ ജീവിച്ചത് രാത്രിയും ജലവും
പുഴയും ഇരുട്ടും മാത്രമായിരുന്നു.


12. മണ്ണേ, എന്നെക്കാത്തുകിടക്കുക


എന്റെ ഗ്രാമ്യനിയോഗത്തിലേക്കെന്നെക്കൊണ്ടുപോവുക, സൂര്യ,
പ്രാക്തനവനങ്ങളിലെ മഴയിലേക്കെന്നെക്കൊണ്ടുപോവുക.
എനിക്കു തിരിയെത്തരികയതിന്റെ പരിമളം,
മാനം പൊഴിക്കുന്ന വാളുകൾ,
പുല്മേടുകളിലെയും കല്പുറങ്ങളിലെയും നിർജ്ജനശൂന്യത,
ആറ്റിറമ്പുകളുടെ നനവും ദേവതാരങ്ങളുടെ ഗന്ധവും,
പെരുമരങ്ങളുടെ വിദൂരനിബിഡതയിൽ
ഹൃദയം പോലെ ത്രസിക്കുന്ന കാറ്റും.

മണ്ണേ, നിന്റെ നിർമ്മലോപഹാരങ്ങളെനിക്കു തിരിയെത്തരിക,
വേരുകളുടെ പ്രൗഢിയിലൂന്നിയുയർന്ന മൗനത്തിന്റെ ഗോപുരങ്ങൾ.
ഞാനാകാതെപോയതിലേക്കെനിക്കു മടങ്ങിപ്പോകണം,
അത്രയുമാഴങ്ങളിൽ നിന്നു മടങ്ങാനെനിക്കു പഠിക്കണം,
പ്രകൃതിയിൽ ജീവിക്കാൻ, ജീവിക്കാതിരിക്കാനെനിക്കാകട്ടെ.
കല്ലുകൾക്കിടയിൽ മറ്റൊരു കല്ലാവാം, ഒരിരുണ്ട കല്ലാവാം ഞാൻ,
പുഴയൊഴുക്കിക്കൊണ്ടുപോകുന്ന വെറുമൊരു വെള്ളാരങ്കല്ല്.


13. കാവ്യകല

അത്രയും പ്രണയങ്ങൾ, അത്രയും പ്രയാണങ്ങൾ,
ഗ്രന്ഥങ്ങൾ പിറവിയെടുക്കുന്നതവയിൽ നിന്ന്.
ചുംബനങ്ങളില്ല, ദേശങ്ങളില്ല അവയിലെങ്കിൽ,
ദൗത്യങ്ങൾ തീരാത്തൊരാണവയിലില്ലെങ്കിൽ,
ഓരോ തുള്ളിയിലുമൊരു പെണ്ണവയിലില്ലെങ്കിൽ,
വിശപ്പും തൃഷ്ണയും രോഷവും പാതകളുമില്ലെങ്കിൽ,
പരിചയാവാൻ, അല്ലെങ്കിലൊരു മണിയാവാനവ പോര.
അവയ്ക്കു കണ്ണുകളില്ല, മറ്റു കണ്ണുകളവ തുറക്കുകയുമില്ല,
അനുശാസനങ്ങളുടെ കല്ലിച്ച നാവുകളാണവ.

ജനനേന്ദ്രിയങ്ങളുടെ കെട്ടുപിണയലെനിക്കിഷ്ടമായിരുന്നു,
ചോരയിലും പ്രണയത്തിലും നിന്നു ഞാൻ കവിതകൾ കൊത്തി.
പരുക്കൻ മണ്ണിൽ ഞാനൊരു പനിനീർച്ചെടി നട്ടുവച്ചു,
മഞ്ഞിനോടും തീയിനോടും പട വെട്ടി ഞാനൊരു പൂ വിരിയിച്ചു.

പാടിപ്പാടിപ്പോകാനെനിക്കായതുമങ്ങനെ.


14. രാത്രി


യാതൊന്നുമെനിക്കറിയേണ്ട,
സ്വപ്നങ്ങളെനിക്കു കാണേണ്ട,
ഇല്ലാതെയാവാൻ, ജീവനില്ലാതെ ജീവിക്കാൻ
ആരെന്നെപ്പഠിപ്പിക്കും?

ചോലയൊഴുകുന്നതെങ്ങനെ?
ശിലകൾക്കു സ്വർഗ്ഗമെവിടെ?

ദേശാന്തരം ഗമിക്കുന്ന പറവകൾ
ആകാശത്തു പാതകൾ ഗണിച്ച്,
ഉറഞ്ഞ കടലുകൾക്കു മേൽ
ചിറകേറും വരെ നിശ്ചേഷ്ടനാവുക.

ഒരു ഭൂഗർഭനഗരം പോലെ
അനക്കമറ്റുകിടക്കുക,
സ്വന്തം തെരുവുകൾ മടുത്ത,
മണ്ണിനടിയിൽ മറഞ്ഞ,
ഉണ്ടെന്നാർക്കുമറിയാത്ത നഗരം.
അതിനു കൈകളില്ല, ചന്തകളില്ല,
അതിനു തിന്നാൻ സ്വന്തം മൗനം.

പിന്നെയൊരു ബിന്ദുവിൽ വച്ചദൃശ്യനാവുക,
വാക്കുകളില്ലാതെ സംസാരിക്കുക,
ചില മഴത്തുള്ളികൾ പതിക്കുന്നതു മാത്രം,
ഒരു നിഴലിന്റെ ചിറകടി മാത്രം കേൾക്കുക.


15. ചൂളമടിക്കേണമെന്നില്ല

ഒറ്റയ്ക്കാവാൻ,
ഇരുട്ടത്തു ജീവിക്കാൻ
ചൂളമടിക്കേണമെന്നില്ല.

പുറത്തു ജനക്കൂട്ടത്തിനിടയിൽ നില്ക്കുമ്പോൾ,
പരന്ന മാനത്തിനടിയിൽ നില്ക്കുമ്പോൾ,
പൊടുന്നനേ നമുക്ക്
നമ്മുടെ നമ്മുടെ സ്വത്വങ്ങൾ ഓർമ്മ വരുന്നു,
നമ്മുടെ സ്വകാര്യസ്വത്വം, നമ്മുടെ നഗ്നസ്വത്വം,
തന്റെ നഖങ്ങൾ വളരുന്നതറിയുന്നതതുമാത്രം,
തന്റെ മൗനമേതുവിധമെന്നറിയുന്നതതുമാത്രം,
തന്റെ എളിയ വാക്കുകൾ വരുന്നതെവിടുന്നെന്നും.
ഇതാ, ഏവർക്കുമറിയുന്നൊരു പെഡ്രോ,
പകൽവെളിച്ചത്തിൽ കാണപ്പെടുന്നയാൾ,
ഇതാ, പര്യാപ്തയായൊരു ബെരെനീസ്,
എന്നാലുള്ളിൽ,
പ്രായത്തിനും വേഷത്തിനുമടിയിൽ,
നമുക്കിപ്പോഴും പേരില്ല,
പുറമേ കാണുന്നപോലെയുമല്ല നാം.
കണ്ണുകളടയുന്നതുറങ്ങാൻ മാത്രമല്ല,
ഒരേ ആകാശം കാണാതിരിക്കാൻ കൂടിയാണ്‌.

നമുക്കു മടുപ്പാകുന്നു,
പള്ളിക്കൂടത്തിൽ മണിയടിക്കുന്നതു കേട്ടപോലെ
നാം മടങ്ങുന്നു,
മറഞ്ഞിരിക്കുന്ന പൂവിലേക്ക്,
എല്ലിലേക്ക്, പാതിമറഞ്ഞ വേരിലേക്ക്;
അവിടെ നാം പിന്നെയും നാം തന്നെയാവുന്നു,
നിർമ്മലമായ, നാം മറന്ന സ്വത്വങ്ങൾ,
അവനവന്റെ ചർമ്മത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ,
ജനനമരണങ്ങളുടെ ഇരട്ടബിന്ദുക്കൾക്കിടയിൽ,
അവനവന്റെ നേരുറ്റ സത്തകൾ.


16. ഓർമ്മ


എല്ലാം ഞാനോർമ്മിച്ചെടുക്കണം,
പുല്ക്കൊടികൾ,
അടുക്കു തെറ്റിയ സംഭവങ്ങളുടെ തുടർച്ചകൾ,
ഇളവെടുത്തയിടങ്ങൾ,
അനന്തതയിലേക്കു പോകുന്ന തീവണ്ടിപ്പാളങ്ങൾ,
വേദനയുടെ പ്രതലങ്ങൾ-
എല്ലാറ്റിനും ഞാൻ കണക്കു വയ്ക്കണം.

ഒരു പനിനീർപ്പൂമൊട്ടു ഞാനൊന്നു സ്ഥാനം മാറ്റി വച്ചുപോയാൽ,
രാത്രിയെ മുയലെന്നു ധരിച്ചുപോയാൽ,
അല്ലെങ്കിലെന്റെ ഓർമ്മയുടെ ഒരു ചുമരങ്ങനെതന്നെ
ഇടിഞ്ഞുവീണാലും,
എല്ലാം വീണ്ടും ഞാൻ കരുപ്പിടിപ്പിക്കണം,
വായു, ആവി, ഇലകൾ, ഭൂമി, മുടിയിഴകൾ,
ഇഷ്ടികകൾ, തറച്ചുകേറിയ മുള്ളുകൾ,
ചിറകുകളുടെ വേഗതയും.

കവിയോടു കരുണ വേണമേ!
മറവിയിലെന്നും ഞാൻ മുമ്പനായിരുന്നു,
പിടി കിട്ടാത്തവയേ
എന്റെ കൈകൾക്കു പിടി കിട്ടിയുള്ളു,
ഇല്ലാതായിക്കഴിഞ്ഞതിനു ശേഷം മാത്രം
ഉപമകൾ കണ്ടെത്താവുന്ന
അസ്പൃശ്യവസ്തുക്കൾ.

പുക ഒരു പരിമളമായിരുന്നു,
പരിമളമോ, പുക പോലെ ചിലതും,
എന്റെ ചുംബനങ്ങൾ കൊണ്ടു ജീവൻ വച്ചിരുന്ന
നിദ്രാധീനമായൊരുടലിന്റെ ചർമ്മം.
എന്നാലെന്നോടേതുനാളെന്നു ചോദിക്കരുതേ,
ഞാൻ കണ്ട കിനാവിന്റെ പേരും ചോദിക്കരുതേ-
ഒരു നാടുമെത്താത്ത പാതകളളക്കാനെനിക്കാവില്ല,
സത്യത്തിന്റെ രൂപം മാറിയെന്നാവാം,
പകലതിനെ കെടുത്തിവച്ചുവെന്നാകാം,
അലയുന്നൊരു വെളിച്ചമാവാൻ,
രാത്രിയിലൊരു മിന്നാമിന്നിയാവാൻ.


17. മേശപ്പുറത്തെ വിഭവങ്ങൾ


മൃഗങ്ങൾ തീറ്റയെടുക്കുന്നതെത്ര ചന്തത്തോടെ

ഞാനൊരിക്കൽ മൃഗങ്ങൾ തീറ്റയെടുക്കുന്നതു നോക്കിനിന്നു.
പുള്ളിപ്പുലിയെ ഞാൻ കണ്ടു,
ഗർവിഷ്ഠൻ, ദ്രുതപാദങ്ങൾ ചേർന്നവൻ,
കണ്ണഞ്ചിക്കുന്ന സൗന്ദര്യം കെട്ടുപൊട്ടിച്ചു കുതിക്കുന്നു,
ഷഡ്ഭുജങ്ങൾ പുള്ളി കുത്തിയൊരുടൽ
പൊന്നും പുകയും പോലെ ഒളിവെട്ടിപ്പായുന്നു,
ഇരയുടെ മേല്ച്ചെന്നുവീഴുന്നു,
തീ വിഴുങ്ങുമ്പോലതിനെ വിഴുങ്ങുന്നു,
വെടിപ്പായി, അലമ്പുകളില്ലാതെ,
പിന്നെയവൻ മടങ്ങുന്നു,
അഴുക്കുകൾ പറ്റാതെ, നിവർന്നുനടന്ന്, ശുദ്ധനായി,
ഇലകളുടേയും ചോലകളുടേയും ലോകത്തേക്ക്,
വാസനിക്കുന്ന പച്ചപ്പിന്റെ കുടിലദുർഗ്ഗത്തിലേക്ക്.

അതികാലത്തിറങ്ങുന്ന ജന്തുക്കളെ
പുല്പരപ്പിൽ ഞാൻ കണ്ടു,
മഞ്ഞുതുള്ളിയിറ്റുന്ന കവരക്കൊമ്പുകൾ വെളിച്ചത്തിൽ കാട്ടി,
പുഴ പാടുന്ന പാട്ടിൻ താളത്തിലവ മേഞ്ഞുനടക്കുന്നു.

ഇളമ്പുല്ലു കൊറിക്കുന്ന മുയലിനെ ഞാൻ കണ്ടു,
തളർച്ചയറിയാത്ത, മൃദുലമായ മുഖങ്ങൾ,
കറുപ്പും വെളുപ്പും നിറത്തിൽ,
പൊൻനിറത്തിൽ, മണൽനിറത്തിൽ,
പച്ചത്തകിടിക്കു മേല്കൂടി നീങ്ങിനീങ്ങിപ്പോകുന്ന ശുചിത്വം.

പിന്നെ ഞാൻ വമ്പനായ ആനയെ കണ്ടു-
ഒളിഞ്ഞിരിക്കുന്ന കൂമ്പുകൾ
അവൻ തന്റെ തുമ്പി കൊണ്ടു മണത്തുപിടിക്കുന്നതും
പിഴുതെടുക്കുന്നതും ഞാൻ കണ്ടു.
കൂടാരം പോലുള്ള അവന്റെ മനോഹരമായ ചെവികൾ
ആനന്ദം പൂണ്ടു ത്രസിക്കുമ്പോൾ എനിക്കു മനസ്സിലായി,
സസ്യലോകവുമായി സമ്പർക്കപ്പെടുകയാണവനെന്ന്,
കന്നിമണ്ണു തനിക്കായി കരുതിവച്ചതു കൈക്കൊള്ളുകയാണ്‌
നിഷ്കളങ്കനായ ആ ജീവിയെന്ന്.

മനുഷ്യർ ഇങ്ങനെയല്ല

ഇങ്ങനെയായിരുന്നില്ല പക്ഷേ, മനുഷ്യന്റെ പെരുമാറ്റം.
അവൻ തിന്നുമിടങ്ങൾ ഞാൻ കണ്ടു,
അവന്റെ അടുക്കളകൾ,
അവന്റെ കപ്പലിന്റെ തീന്മുറി,
ക്ലബ്ബുകളിലും നഗരപ്രാന്തങ്ങളിലും അവന്റെ ഭക്ഷണശാലകൾ,
അവന്റെ ജീവിതത്തിലെ ലക്കുകെട്ട ആർത്തികളിൽ
ഈ ഞാനും പങ്കു ചേർന്നിരുന്നു.
അവൻ തന്റെ ഫോർക്കെടുത്തു വീശുന്നു,
എണ്ണയ്ക്കു മേൽ വിന്നാഗിരിയെടുത്തു തൂവുന്നു,
മാനിന്റെ വാരിയിറച്ചിയിൽ അവൻ വിരലുകളാഴ്ത്തുന്നു,
ഘോരമായ ചാറുകളിൽ അവൻ മുട്ടകൾ പൊട്ടിച്ചൊഴിക്കുന്നു,
ജീവന്റെ തുടിപ്പു മാറാത്ത അടിക്കടല്ജീവികളെ
അവൻ പച്ചയ്ക്കു കടിച്ചുകീറി വിഴുങ്ങുന്നു,
ചെന്തൂവലുകാരനായ കിളിയെ അവൻ വേട്ടയാടിപ്പിടിക്കുന്നു,
പതറുന്ന മീനിനെ അവൻ മുറിപ്പെടുത്തി,
പാവം ചെമ്മരിയാടിന്റെ കരളിൽ ഇരുമ്പു കുത്തിയിറക്കി,
തലച്ചോറുകളും നാവുകളും വൃഷണങ്ങളും അരച്ചുപൊടിച്ചു,
കോടിക്കോടി മൈലുകൾ നീളുന്ന നൂലപ്പങ്ങളിൽ,
ചോര വാലുന്ന മുയലുകളിൽ, കുടല്മാലകളിൽ
അവൻ തന്നെത്തന്നെ കൂട്ടിപ്പിണച്ചു.

എന്റെ ബാല്യത്തിൽ ഒരു പന്നിയെ കൊല്ലുന്നതു കണ്ടു

എന്റെ ബാല്യത്തിനിനിയും കണ്ണീരു തോർന്നിട്ടില്ല.
സംശയങ്ങൾ തീരാത്ത ആ തെളിഞ്ഞ നാളുകളിൽ
ഒരു പന്നിയുടെ ഇരുണ്ട ചോര കറ പറ്റിച്ചിരിക്കുന്നു,
കേറിക്കേറിപ്പോകുന്നൊരാർത്തനാദം
പേടിപ്പെടുത്തുന്ന ദൂരങ്ങളിൽ നിന്നിന്നുമെത്തുന്നു.

മീനിനെ കൊല്ലൽ

പിന്നെ സിലോണിൽ വച്ചു ഞാൻ മീൻ മുറിക്കുന്നതു കണ്ടു,
നീലമീൻ, തെളിഞ്ഞ മഞ്ഞനിറത്തിലെ മീൻ,
തിളങ്ങുന്ന വയലറ്റ് മീൻ, മിനുങ്ങുന്ന ചെതുമ്പലുകൾ.
ജീവനോടവയെ വെട്ടിമുറിച്ചുവില്ക്കുന്നതു ഞാൻ കണ്ടു,
ജീവനുള്ള ഓരോ മീൻതുണ്ടവും
നിധി പോലെ കൈകളിൽ കിടന്നു തുടിച്ചു,
കത്തിയുടെ വിളർത്ത, കൊല്ലുന്ന വായ്ത്തലയിലൂടെ
അവ ചോര വാർത്തു,
പ്രാണവേദനയ്ക്കിടയിലും അവയ്ക്കാഗ്രഹം
ദ്രവാഗ്നിയും മാണിക്യങ്ങളും ചൊരിയാനാണെന്നപോലെ.




2018, മാർച്ച് 13, ചൊവ്വാഴ്ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഗദ്യകവിതകള്‍




1. വയലിൻ


വയലിൻ നഗ്നയാണ്‌. ആകെ ശോഷിച്ചതാണതിന്റെ കൈകൾ. ആ കൈകൾ കൊണ്ടു സ്വയം മറയ്ക്കാൻ പണിപ്പെടുകയാണത്. നാണക്കേടും തണുപ്പും കൊണ്ടു തേങ്ങുകയാണത്. അതാണു കാര്യം. അല്ലാതെ സംഗീതനിരൂപകന്മാർ പറയുന്നപോലെ ഭംഗി വരുത്താൻ നോക്കുകയൊന്നുമല്ല. അത് സത്യമേയല്ല.


2. രാജകുമാരി


നിലത്തു കമിഴ്ന്നുകിടക്കാനായിരുന്നു രാജകുമാരിക്കേറെയിഷ്ടം. നിലത്തിനു പൊടിയുടെ മണമായിരുന്നു, പിന്നെ മെഴുകിന്റെ, ഇന്നതെന്നറിയാത്ത പലതിന്റെ. തറയോടുകൾക്കിടയിലെ വിടവുകളിൽ രാജകുമാരി തന്റെ നിധികൾ ഒളിപ്പിച്ചുവച്ചിരുന്നു- ഒരു ചുവന്ന കക്കായോട്ടി, ഒരു വെള്ളിനൂലിഴ, പിന്നെ, ഞാൻ ആണയിട്ടുപോയതിനാൽ പുറത്തു പറയരുതാത്തതൊന്നും.


3. കുടിയന്മാർ


ഒറ്റയിറക്കിന്‌ അടിമട്ടു വരെ കുടിക്കുന്നവരെയാണ്‌ കുടിയന്മാർ എന്നു പറയുക. പക്ഷേ അടിമട്ടിൽ തങ്ങളെത്തന്നെ പ്രതിഫലിച്ചു കാണുമ്പോൾ അവരൊന്നു ചൂളിപ്പോകുന്നു. കുപ്പിയുടെ ചില്ലിലൂടെ അവർ വിദൂരലോകങ്ങൾ നിരീക്ഷിക്കുന്നു. തലയ്ക്കല്പം കൂടി ബലവും അഭിരുചി മറ്റൊന്നുമായിരുന്നെങ്കിൽ അവർ വാനനിരീക്ഷകരായേനെ.


4. വസ്തുക്കൾ

അചേതനവസ്തുക്കൾക്ക് ഒരിക്കലും പിഴ പറ്റാറില്ല; നിർഭാഗ്യമെന്നു  പറയട്ടെ, ഒന്നിന്റെ പേരിലും നമുക്കവയെ പഴി പറയാനും പറ്റില്ല. കസേര ഒരു കാലിൽ നിന്നു മറ്റേക്കാലിലേക്കു മാറുന്നതായോ കട്ടിൽ പിൻകാലുകളിൽ എഴുന്നേറ്റു നില്ക്കുന്നതായോ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. മേശകളാണെങ്കിൽ നിന്നുനിന്നു തളർന്നാല്പോലും മുട്ടു മടക്കാൻ തുനിയാറില്ല. പ്രബോധനപരമായ പരിഗണനകളാലാണ്‌ വസ്തുക്കൾ ഇങ്ങനെ ചെയ്യുന്നതെന്നാണ്‌ എന്റെ സംശയം: നമ്മുടെ സ്ഥിരതയില്ലായ്മയ്ക്ക് നമ്മെ അവ നിരന്തരം കുറ്റപ്പെടുത്തുകയാവാം.


5. ഹാർപ്സിക്കോർഡ്

കറുത്ത ചട്ടത്തിൽ വാൾനട്ടുപലക തറച്ചുണ്ടാക്കിയ ഒരലമാരയാണെതെന്നതാണു വാസ്തവം. നിങ്ങൾക്കു തോന്നാം, മഞ്ഞ പടരുന്ന കത്തുകളും, ജിപ്സിനാണയങ്ങളും നാടകളും ഇട്ടുവയ്ക്കാനുള്ളതാണതെന്ന്- എന്നാലതിലൊന്നുമില്ല, വെള്ളിയിലകളുടെ പൊന്തയിൽ കുടുങ്ങിപ്പോയ ഒരു കുയിലല്ലാതെ.


6. ശംഖ്


അച്ഛനും അമ്മയും ഉറങ്ങുന്ന മുറിയിലെ കണ്ണാടിയ്ക്കു മുന്നിൽ ഇളംചുവപ്പുനിറത്തിലുള്ള ഒരു ശംഖ് കിടപ്പുണ്ടായിരുന്നു. ഒരു ദിവസം ഞാൻ ഒച്ചയുണ്ടാക്കാതെ പതുങ്ങിച്ചെന്ന് ഒറ്റപ്പിടുത്തത്തിന്‌ അതെടുത്തു കാതിൽ വച്ചു. അതിന്റെ ഏകതാനമായ രോദനം എവിടെയെങ്കിലും മുറിയുന്നുണ്ടോ എന്നെനിക്കറിയണമായിരുന്നു. അന്നു ചെറുതാണെങ്കിലും എനിക്കറിയാമായിരുന്നു, നിങ്ങൾ ഒരാളെ എത്രകണ്ടു സ്നേഹിച്ചോട്ടെ, അങ്ങനെയൊരു കാര്യമേ നിങ്ങൾ മറന്നുപോകുന്ന നിമിഷങ്ങളും ഉണ്ടാകാമെന്ന്.


7. വായനശാലയിൽ നടന്നത്


സ്വർണ്ണമുടിയുള്ള ഒരു പെൺകുട്ടി ഒരു കവിതയ്ക്കു മേൽ കുനിഞ്ഞിരിക്കുകയാണ്‌. കുന്തം പോലെ കൂർത്ത  പെൻസിൽ കൊണ്ട് അവൾ വാക്കുകളെ വെളുത്ത കടലാസ്സിലേക്കു പകർത്തുന്നു, അവയെ വരികളും വിരാമങ്ങളും ചിഹ്നങ്ങളുമായി വിവർത്തനം ചെയ്യുന്നു. വീണുപോയ ഒരു കവിയുടെ വിലാപമിതാ, ഉറുമ്പുകൾ തിന്നുതീർത്ത ഉടുമ്പിനെപ്പോലെ.

വെടിയൊച്ചകൾക്കിടയിൽ ഞങ്ങളവനെ താങ്ങിയെടുത്തുകൊണ്ടു പോകുമ്പോൾ ചൂടു വിടാത്ത അവന്റെ ഉടൽ വചനത്തിൽ ഉയിർത്തെഴുന്നേല്ക്കുമെന്നായിരുന്നു എന്റെ വിശ്വാസം. ഇന്നിപ്പോൾ വാക്കുകൾ മരിക്കുന്നതു കണ്ടുനില്ക്കുമ്പോൾ ജീർണ്ണതയ്ക്കതിരില്ലെന്നു ഞാനറിയുന്നു. നമ്മൾ അവശേഷിപ്പിച്ചുപോകുന്നത് കറുത്ത മണ്ണിൽ ചിതറിക്കിടക്കുന്ന വാക്കുകളുടെ തുണ്ടുകൾ മാത്രമായിരിക്കും. ഇല്ലായ്മയ്ക്കും ചാരത്തിനും മേൽ ചില സ്വരചിഹ്നങ്ങൾ.


8. കടന്നൽ

തേനും പഴവും പൂക്കളുടെ പടമുള്ള മേശവിരിയും ഒറ്റവലിയ്ക്കു ചുഴറ്റിയെടുത്തപ്പോൾ കടന്നൽ പറന്നുപോകാൻ ഒരു ശ്രമം നടത്തി. ജനാലകളിലെ കമ്പിവലകളുടെ പുകമറയിൽ കുരുങ്ങി ഏറെനേരമത് മുരണ്ടുകൊണ്ടിരുന്നു. ഒടുവിലത് ഒരു ജനാലയ്ക്കലെത്തി. ജനാലയുടെ തണുത്ത കട്ടിച്ചില്ലിൽ തളരുന്ന ദേഹം കൊണ്ട് പിന്നെയും പിന്നെയുമതിടിച്ചു. അതിന്റെ ചിറകുകളുടെ ഒടുവിലത്തെ ഇളക്കത്തിൽ മയങ്ങിക്കിടന്നിരുന്നു, നമ്മുടെ അഭിലാഷങ്ങളുടെ ലോകത്തേക്കു നമ്മെ കൊണ്ടുപോകുന്ന ഒരു കാറ്റുയർത്താൻ ഉടലിന്റെ പ്രക്ഷുബ്ധതയ്ക്കു കഴിയുമെന്ന വിശ്വാസം.

താൻ സ്നേഹിക്കുന്നവളുടെ ജനാലയ്ക്കു ചുവട്ടിൽ നിന്നവനേ, ഒരു പീടികയുടെ കണ്ണാടിയലമാരയിൽ സന്തോഷം കണ്ടവനേ- ഈ മരണത്തിന്റെ വിഷമുള്ളെടുത്തുകളയാൻ തനിയ്ക്കാവുമെന്നു കരുതുന്നുണ്ടോ?


9. ഭ്രാന്തി


അവളുടെ എരിയുന്ന നോട്ടം ഒരാശ്ളേഷത്തിലെന്നപോലെ എന്നെ അണച്ചുപിടിച്ചിരിക്കുന്നു. വാക്കുകളിൽ സ്വപ്നങ്ങൾ കൂട്ടിക്കലർത്തി അവളുച്ചരിക്കുന്നു. അവളെന്നെ മാടിവിളിക്കുന്നു. വിശ്വാസത്തോടെ ഒരു നക്ഷത്രത്തിന്റെ പിന്നിൽ കൂട്ടിക്കെട്ടിയിരിക്കുകയാണ്‌ നിങ്ങളുടെ വാഹനമെങ്കിൽ നിങ്ങൾക്കു സന്തോഷം കിട്ടും. മേഘങ്ങൾക്കു മുല കൊടുക്കുമ്പോൾ അവൾ ശാന്തയാണ്‌; എന്നാൽ ആ ശാന്തത കഴിയുമ്പോൾ അവൾ കടലോരത്തോടിനടക്കുന്നു, വായുവിൽ കൈകളെടുത്തെറിയുന്നു.

എന്റെ ചുമലുകളിൽ ചവിട്ടിനില്ക്കുന്ന രണ്ടു മാലാഖമാരെ അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു ഞാൻ കാണുന്നു: വിരുദ്ധോക്തിയുടെ വിളറിയ, ദ്രോഹിക്കുന്ന മാലാഖയും സ്കിസോഫ്രേനിയയുടെ ബലിഷ്ഠനായ, സ്നേഹിക്കുന്ന മാലാഖയും.


10. ദൈവശാസ്ത്രജ്ഞന്മാരുടെ പറുദീസ


ഒരു ഇംഗ്ളീഷ് പാർക്കിലേതുപോലെ ശ്രദ്ധയോടെ കോതിനിർത്തിയ മരങ്ങൾ ഇരുവശവും നിരന്നുനില്ക്കുന്ന നടപ്പാതകൾ, നീണ്ട നടപ്പാതകൾ. ഇടയ്ക്കൊരു മാലാഖ അതുവഴി കടന്നുപോകുന്നതു കാണാം. അയാളുടെ മുടി ശ്രദ്ധയോടെ കോതിവച്ചിരിക്കുന്നു, അയാളുടെ ചിറകുകളിൽ നിന്ന് ലാറ്റിന്റെ മർമ്മരം പൊഴിയുന്നു. തർക്കവാക്യം എന്നു പേരായി, വെടിപ്പുള്ള ഒരു സംഗീതോപകരണം അയാൾ കൈയിൽ പിടിച്ചിരിക്കുന്നു. അയാളുടെ ചടുലചലനം കൊണ്ട് മണ്ണോ വായുവോ ഒന്നിളകുന്നപോലുമില്ല. നന്മകളുടെ, സദ്ഗുണങ്ങളുടെ, ആദിരൂപങ്ങളുടെ, തീർത്തും ഭാവനാതീതമായ മറ്റു പലതിന്റെയും ശിലാചിഹ്നങ്ങൾക്കിടയിലൂടെ നിശ്ശബ്ദനായി അയാൾ കടന്നുപോകുന്നു. അയാൾ ഒരിക്കലും കാഴ്ചയിൽ നിന്നു മായുന്നുമില്ല, പരിപ്രേക്ഷ്യം എന്നൊന്ന് ഇവിടെയില്ലല്ലോ. വാദ്യവൃന്ദങ്ങളും ഗായകസംഘങ്ങളും നിശ്ശബ്ദരാണെങ്കിലും സംഗീതം സന്നിഹിതവുമാണ്‌. ഇവിടം ശൂന്യമാണ്‌. ദൈവശാസ്ത്രജ്ഞന്മാരുടെ സംസാരം വിപുലമാണ്‌. അതും ഒരു തെളിവായി പരിഗണിക്കപ്പെടുന്നു.


11. പരേതർ


കാറ്റും വെളിച്ചവും കടക്കാത്തൊരിടത്ത് ഒതുങ്ങിക്കഴിയേണ്ടിവന്നതിന്റെ ഫലമായി അവരുടെ മുഖങ്ങളപ്പാടെ മാറിപ്പോയിരിക്കുന്നു. സംസാരിക്കാൻ അവർക്കത്ര കൊതിയുണ്ടെങ്കിലും പൂഴിമണ്ണ്‌ അവരുടെ ചുണ്ടുകൾ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. വല്ലപ്പോഴുമേ അവർ കൈ മുറുക്കി വായുവിൽ അള്ളിപ്പിടിച്ചുകൊണ്ട് കൈക്കുഞ്ഞുങ്ങളെപ്പോലെ വിലക്ഷണമായി തല പൊക്കാൻ നോക്കുന്നുള്ളു. തങ്ങളുടെ അവസ്ഥയുമായി, തങ്ങൾ വസ്തുക്കളാണെന്ന അവസ്ഥയുമായി പൊരുത്തപ്പെടാൻ അവർക്കിനിയും കഴിഞ്ഞിട്ടില്ല.


12. നരകം


മുകളിൽ നിന്നു നോക്കിത്തുടങ്ങുമ്പോൾ: ഒരു ചിമ്മിനി, ആന്റിന, ചുളുങ്ങിവളഞ്ഞ തകരമേല്ക്കൂര. ഒരു വട്ടജനാലയിലൂടെ ഒരു പെൺകുട്ടിയെ കാണാം: ചന്ദ്രൻ പിൻവലിക്കാൻ വിട്ടുപോയ നിലാവിഴകളിൽ കുടുങ്ങിപ്പോയവൾ, അപവാദക്കാരുടെയും എട്ടുകാലികളുടെയും കൈയിൽ പെട്ടുപോയവൾ. അതിലും താഴേക്കു പോയാൽ ഒരു സ്ത്രീ കത്തു വായിക്കുന്നതു കാണാം; അവർ പൌഡറിട്ട് മുഖം തണുപ്പിച്ചിട്ട് പിന്നെയും വായന തുടരുന്നു. ഒന്നാം നിലയിൽ ഒരു ചെറുപ്പക്കാരൻ ചിന്താകുലനായി ചാലിടുന്നു: കടിച്ചുമുറിച്ച ഈ ചുണ്ടുകളും വാറു വിട്ട ഷൂസുമായി ഞാനെങ്ങനെ പുറത്തേക്കിറങ്ങും? താഴത്തെ കഫേയിൽ ആരെയും കാണാനില്ല; നേരം പുലർന്നിട്ടേയുള്ളു.

ഒരു മൂലയ്ക്ക് ഒരു സ്ത്രീയും പുരുഷനും മാത്രം. അവർ കൈകൾ കോർത്തുപിടിച്ചിരിക്കുന്നു. അയാൾ പറയുകയാണ്‌: “നാമെന്നും ഒരുമിച്ചായിരിക്കും. വെയ്റ്റർ, ഒരു കട്ടൻ കാപ്പിയും ഒരു നാരങ്ങാവെള്ളവും.” വെയ്റ്റർ കർട്ടനു പിന്നിലേക്കു പോകുന്നു; അവിടെയെത്തിയതും അയാൾക്കു ചിരിയടക്കാൻ പറ്റാതാവുന്നു.


13. കൊച്ചുപട്ടണം

പകൽ പഴങ്ങളും കടലുമുണ്ട്, രാത്രിയിൽ നക്ഷത്രങ്ങളും കടലുമുണ്ട്. പ്രസന്നമായ വർണ്ണങ്ങളുടെ കുമ്പിളാണ്‌ ഡി ഫ്യോറി* തെരുവ്. നട്ടുച്ച. സൂര്യനതിന്റെ വെള്ളവടി കൊണ്ട് പച്ചത്തണലുകളിൽ തല്ലുന്നു. ഒരു ലോറൽ തോട്ടത്തിൽ ഉഴവുകാളകൾ നിഴലുകൾക്കു സ്തുതിഗീതം പാടുന്നു. ഞാനെന്റെ പ്രണയം തുറന്നുപറയാൻ ആ മുഹൂർത്തം തിരഞ്ഞെടുത്തു. കടൽ ഒന്നും മിണ്ടുന്നില്ല, കൊച്ചുപട്ടണമാവട്ടെ, അത്തിപ്പഴങ്ങൾ വില്ക്കുന്ന പെൺകുട്ടിയുടെ മാറിടം പോലെ ഉയർന്നുതാഴുന്നു.

*റോം നഗരമദ്ധ്യത്തിൽ രാവും പകലും സജീവമായ ഒരു തെരുവ്


14. മതിൽ


മതിൽ പിന്നിലായി ഞങ്ങൾ നില്ക്കുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ കുപ്പായം പോലെ ഞങ്ങളുടെ യൗവനം ഞങ്ങളിൽ നിന്നെടുത്തുമാറ്റിയിരുന്നു. ഞങ്ങൾ കാത്തുനില്ക്കുന്നു. തടിച്ച വെടിയുണ്ട ഞങ്ങളുടെ പിടലികളിൽ തറയ്ക്കുന്നതിനു മുമ്പായി പത്തോ ഇരുപതോ കൊല്ലം കടന്നുപോകുന്നു. മതിൽ ഉയർന്നതും ബലത്തതുമാണ്‌. മതിലിനു പിന്നിൽ ഒരു മരവും ഒരു നക്ഷത്രവുമുണ്ട്. മരം വേരുകൾ കൊണ്ട് മതിൽ പൊന്തിക്കാൻ നോക്കുകയാണ്‌. നക്ഷത്രം ഒരു ചുണ്ടെലിയെപ്പോലെ മതിൽ കരളുകയാണ്‌. ഒരു നൂറ്‌, ഇരുന്നൂറു കൊല്ലം കഴിഞ്ഞാൽ ഒരു കിളിവാതിൽ തുറന്നുവന്നുവെന്നുവരാം.


15. ചെന്നായയും ആട്ടിൻകുട്ടിയും

പിടിച്ചേ- എന്നുപറഞ്ഞിട്ട് ചെന്നായ കോട്ടുവായിട്ടു. ആട്ടിൻകുട്ടി കണ്ണീരു തുളുമ്പുന്ന കണ്ണുകൾ കൊണ്ട് ചെന്നായയെ നോക്കി- അങ്ങയ്ക്കെന്നെ തിന്നുകതന്നെ വേണോ? അതൊഴിവാക്കാൻ വഴിയൊന്നുമില്ലേ?

-കഷ്ടമേ, വേറേ വഴിയില്ല. എല്ലാ യക്ഷിക്കഥകളുടേയും പോക്കിങ്ങനെയല്ലേ: ഒരിക്കൽ ഒരിടത്ത് വികൃതിയായ ഒരാട്ടിൻകുട്ടി ഉണ്ടായിരുന്നു; അത് അമ്മയിൽ നിന്ന് കൂട്ടം പിരിഞ്ഞുപോയി. കാട്ടിൽ വച്ചത് കൂറ്റനും ക്രൂരനുമായ ഒരു ചെന്നായയെ കണ്ടുമുട്ടി. അവൻ...

-ക്ഷമിക്കണേ, ഇത് കാടല്ല, എന്റെ ഉടമസ്ഥന്റെ വീട്ടുവളപ്പാണ്‌. ഞാൻ അമ്മയിൽ നിന്നു കൂട്ടം തെറ്റി വന്നതുമല്ല. ഞാൻ അനാഥയാണ്‌. എന്റെ അമ്മയേയും ചെന്നായ തിന്നുകയായിരുന്നു.

-അതു കാര്യമാക്കേണ്ട. നിന്റെ മരണശേഷം ഉദ്ബുദ്ധസാഹിത്യമെഴുതുന്നവർ നിന്റെ കാര്യം ഏറ്റെടുത്തോളും. കഥയുടെ ചട്ടക്കൂടും ലക്ഷ്യവും ഗുണപാഠവുമൊക്കെ അവർ കുത്തിയിരുന്നെഴുതിയുണ്ടാക്കും. എന്നെ അന്യായമായങ്ങു വിമർശിക്കരുതേ. ക്രൂരനായ ചെന്നായയാവുക എന്നാൽ എത്ര ബാലിശമാണെന്നത് നിനക്കറിയില്ല. ആ ഈസോപ്പില്ലായിരുന്നെങ്കിൽ ഞങ്ങളിവിടെ കുത്തിയിരുന്ന് സൂര്യാസ്തമയം കണ്ടേനെ. അതെനിക്കൊരു ലഹരിയായിരുന്നു.

അതെ, എന്റെ കുഞ്ഞുങ്ങളേ. ചെന്നായ ആ ആട്ടിൻകുട്ടിയെ കൊന്നുതിന്നിട്ട് കിറിയും നക്കി. എന്റെ കുഞ്ഞുങ്ങളേ, ചെന്നായയുടെ പിന്നാലെ പോകരുതേ. ഒരു ഗുണപാഠത്തിനു വേണ്ടി സ്വയം ബലിയാടാകരുതേ.


16. കരടികൾ

കരടികളെ തവിട്ടെന്നും വെളുപ്പെന്നും പാദങ്ങളെന്നും തലയെന്നും ഉടലെന്നും വിഭജിക്കാം. അവയ്ക്ക് ചൊടിയുള്ള മോന്തയും കടുകുമണികൾ പോലത്തെ കണ്ണുകളുമുണ്ട്. അമിതഭക്ഷണം അവയുടെ ബലഹീനതയാണ്‌. അവയ്ക്കു സ്കൂളിൽ പോകുന്നത് തീരെ ഇഷ്ടമുള്ള കാര്യമല്ല; ഏതു നേരവും അവയ്ക്ക് കാട്ടിൽ കിടന്നുറങ്ങിയാൽ മതി. തേൻ ശേഖരിച്ചുവച്ചതു തീരുമ്പോൾ തലയ്ക്കു മേല്‍  പാദങ്ങൾ വച്ചുകൊണ്ട് ദുഃഖാർത്തമായി അവയുടെ ഒരു നില്പുണ്ട്! വിന്നി-ദ-പൂ-വിനെ സ്നേഹിക്കുന്ന കുട്ടികൾ അവയ്ക്കു വേണ്ടി എന്തും ചെയ്യും; എന്നാൽ ഒരു വേട്ടക്കാരൻ കാട്ടിൽ പാഠും പതുങ്ങിയും നടക്കുന്നുണ്ട്, ആ രണ്ടു കൊച്ചുകണ്ണുകൾക്കിടയിൽ അയാൾ തന്റെ തോക്കിന്റെ ഉന്നം കാണുകയാണ്‌.


17. മുത്തശ്ശൻ
അദ്ദേഹം ദയാലുവായിരുന്നു. അദ്ദേഹത്തിന്‌ കാനറിപ്പക്ഷികളേയും കുഞ്ഞുങ്ങളേയും ഇഷ്ടമായിരുന്നു, നീണ്ടുനീണ്ടുപോകുന്ന  കുർബാനകൾ ഇഷ്ടമായിരുന്നു. അദ്ദേഹം മിഠായികൾ കഴിച്ചിരുന്നു. എല്ലാവരും പറഞ്ഞു: മുത്തശ്ശന്‌ പൊന്നുപോലത്തെ ഹൃദയമാണ്‌. ഒടുവിൽ ഒരുനാൾ ആ ഹൃദയത്തിനു മേൽ മഞ്ഞു മൂടി. മുത്തശ്ശൻ മരിച്ചു. അദ്ദേഹം തന്റെ ദയാമയവും തന്റെ മേൽ ശ്രദ്ധാലുവുമായ ഉടലിനെ ഉപേക്ഷിച്ച് ഒരു പ്രേതമായി.


18. ഏഴു മാലാഖമാർ

ഓരോ പ്രഭാതത്തിലും ഏഴു മാലാഖമാർ പ്രത്യക്ഷരാവുന്നു. കതകിനു മുട്ടാൻ നില്ക്കാതെ അവർ കയറിവരുന്നു. അവരിലൊരാൾ എന്റെ നെഞ്ചിൽ നിന്ന് ഹൃദയം പറിച്ചെടുക്കുന്നു. അവനത് വായിലേക്കു വയ്ക്കുന്നു. മറ്റുള്ളവരും അതുതന്നെ ചെയ്യുന്നു. അപ്പോഴവരുടെ ചിറകുകൾ കൊഴിയുകയും മുഖങ്ങൾ വെള്ളിനിറം പോയി കടുംചുവപ്പാവുകയും ചെയ്യുന്നു. മെതിയടികൾ അമർത്തിച്ചവിട്ടി അവർ പുറത്തുപോകുന്നു. ഒരൊഴിഞ്ഞ കൊച്ചുമൺകുടം പോലെ അവരെന്റെ ഹൃദയം ഒരു കസേരയിൽ ഉപേക്ഷിച്ചിരിക്കുന്നു. ഒരുദിവസമാകെയെടുത്ത് ഞാനതു പിന്നെയും നിറച്ചുവയ്ക്കുന്നു, അടുത്ത പ്രഭാതത്തിൽ മാലാഖമാർ വെള്ളിനിറവും ചിറകുകളുമായി തിരിച്ചുപോകാതിരിക്കാൻ.


19. കഫേ

തന്റെ ഗ്ലാസ്സിൽ ഒന്നുമില്ലെന്ന് പെട്ടെന്നാണ്‌ നിങ്ങളുടെ ശ്രദ്ധയിൽ വരുന്നത്; നിങ്ങൾ ചുണ്ടിലേക്കുയർത്തുന്നത് ഒരു കൊടുംഗർത്തമാണ്‌. മഞ്ഞിൻചീവലുകൾ പോലെ മാർബിൾ മേശകൾ ഒഴുകിയകലുന്നു. കണ്ണാടികൾ മാത്രം കണ്ണാടികളെ നോക്കി കണ്ണിറുക്കിക്കാണിക്കുന്നു; അവയ്ക്കു മാത്രമേ അനന്തതയിൽ വിശ്വാസവുമുള്ളു.

എട്ടുകാലിയുടെ മാരകമായ ചാട്ടത്തിനു കാത്തുനില്ക്കാതെ രക്ഷപ്പെടാനുള്ള നിമിഷമാണിത്. വേണമെങ്കിൽ രാത്രിയിൽ മടങ്ങിവന്ന് താഴ്ത്തിയ വെളിയടകൾക്കടിയിലൂടെ ഫർണ്ണീച്ചറുകളുടെ കശാപ്പുശാല നിങ്ങൾക്കു കണ്ടുനില്ക്കുകയുമാവാം; മൃഗീയമായി കൊല ചെയ്യപ്പെട്ട മേശകളും കസേരകളും ചോക്കുനിറമായ വായുവിൽ കാലുകളെറിഞ്ഞ്, പുറമടിച്ചുകിടക്കുന്നു.


20. ലവൽ ക്രോസ്സ് കാവല്ക്കാരൻ


176 എന്നാണ്‌ അയാളുടെ പേര്‌; ഒരു ജനാലയുള്ള വലിയൊരു ഇഷ്ടികയിലാണ്‌ അയാൾ താമസിക്കുന്നത്. അയാൾ, ചലനത്തിന്റെ ഒരു കീഴുദ്യോഗസ്ഥൻ, പുറത്തുവന്ന് കുഴമാവു പോലെ ഭാരിച്ച കൈകൾ കൊണ്ട് പാഞ്ഞുപോകുന്ന തീവണ്ടികളെ സല്യൂട്ട് ചെയ്യുന്നു.

കാണാവുന്ന മൈലുകളോളം കാണാൻ യാതൊന്നുമില്ല. ഒരു കയറ്റവും ഒറ്റപ്പെട്ട മരങ്ങളുടെ ഒരു കൂട്ടം നടുക്കുമായി ഒരു സമതലം. അവിടെ മുപ്പതു കൊല്ലം ജീവിച്ചിട്ടേ അവ ഏഴുണ്ടെന്നു നിങ്ങൾക്കറിയാനാകൂ എന്നുമില്ല.


21. കാറ്റും പനിനീർപ്പൂവും


ഒരിക്കലൊരു പൂന്തോട്ടത്തിൽ ഒരു പനിനീർപ്പൂവു വളർന്നിരുന്നു. ഒരു കാറ്റിന്‌ അതിനോടു പ്രേമവുമായി. തീർത്തും വ്യത്യസ്തരായിരുന്നു, അവർ; അവൻ- തെളിഞ്ഞും ഭാരമില്ലാതെയും; അവൾ- ഇളക്കമില്ലാത്തതും ചോര പോലെ കനത്തതും.

മരത്തിന്റെ മെതിയടിയുമിട്ടൊരു മനുഷ്യൻ അതാ വരുന്നു, തന്റെ പൊണ്ണൻകൈകൾ കൊണ്ടയാൾ പനിനീർപ്പൂവു പറിച്ചെടുക്കുന്നു. കാറ്റയാൾക്കു പിന്നാലെ കുതിച്ചുചെന്നു; എന്നാലയാൾ അവന്റെ മുഖത്തേക്കു വാതിൽ വലിച്ചടച്ചുകളഞ്ഞു.

-ഹാ, ഞാനൊരു കല്ലായി മാറിയെങ്കിൽ- ആ നിർഭാഗ്യവാൻ തേങ്ങിക്കരഞ്ഞു- ലോകമാകെ ഞാൻ ചുറ്റിയിരുന്നു, വർഷങ്ങളോളം ഞാൻ പിരിഞ്ഞുനിന്നിരുന്നു, എന്നാലെനിക്കറിയാമായിരുന്നു, എന്നെയും കാത്ത് എന്നുമെന്നും അവളവിടെയുണ്ടാവുമെന്ന്.

യഥാർത്ഥത്തിൽ വേദനയറിയണമെങ്കിൽ വിശ്വസ്തനാവേണ്ടിവരുമെന്ന് കാറ്റിനു ബോദ്ധ്യമായി.


22. പിടക്കോഴി


മനുഷ്യരുമായി നിരന്തരസഹവാസം ചെയ്താൽ എന്തായിത്തീരുമെന്നതിനുള്ള ഒന്നാന്തരം ഉദാഹരണമാണ്‌ പിടക്കോഴി. പക്ഷികൾക്കുള്ള ആ ലാഘവവും അഴകും അവൾക്കു തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ വാൽ ഉന്തിയ മുരടിൽ നിന്നെറിച്ചുനില്ക്കുന്നു, തലയ്ക്കിണങ്ങാത്ത വലിപ്പത്തിലെ തൊപ്പി പോലെ. ഒറ്റക്കാലിൽ നിന്നിട്ട്, നേർത്ത പാടപോലത്തെ കൺപോളകൾ കൊണ്ട് വട്ടക്കണ്ണുകളടച്ചുപിടിച്ച് അവളുടെ ചില പരമാനന്ദമുഹൂർത്തങ്ങളുണ്ട്, അത്രയ്ക്കറയ്ക്കുന്നതാണത്. അതിനൊക്കെപ്പുറമേയാണ്‌ ആ വികടഗാനം, തൊണ്ട പൊളിഞ്ഞ അർത്ഥനകൾ; അതും, പറയാൻ കൊള്ളാത്ത വിധം തമാശ തോന്നിക്കുന്ന ഒരു സാധനത്തെ, വെളുത്തുരുണ്ടു പുള്ളി കുത്തിയ ഒരു മുട്ടയെച്ചൊല്ലി.

പിടക്കോഴി ചില കവികളെ ഓർമ്മപ്പെടുത്തുന്നു.


23. തുന്നൽക്കാരി


കാലത്തു മുഴുവൻ മഴ തോരാതെ പെയ്യുകയായിരുന്നു. തെരുവിന്റെ മറ്റേ വശത്തുള്ള ഒരു സ്ത്രീയുടെ അടക്കമാണന്ന്. ഒരു തുന്നൽക്കാരി. അവൾ സ്വപ്നം കണ്ടത് ഒരു വിവാഹമോതിരം; അവൾ മരിച്ചത് ഒരു വിരലുറയുമായി. എല്ലാവർക്കും അതൊരു തമാശ പോലെ തോന്നി. ആദരണീയനായ മഴ ആകാശത്തെ ഭൂമിയുമായി തുന്നിച്ചേർക്കുന്നു. എന്നാൽ അതുകൊണ്ടും ഫലമൊന്നുമുണ്ടാകാൻ പോകുന്നില്ല.


24. ബൊട്ടാണിക്കൽ ഗാർഡൻ

സസ്യങ്ങളുടെ ഹോസ്റ്റലാണിത്, ഒരു കോൺവന്റ് സ്കൂൾ പോലെ ചിട്ടയായി നടത്തപ്പെടുന്നത്. പുല്ലുകളും മരങ്ങളും പൂക്കളും ആർഭാടങ്ങളൊന്നുമില്ലാതെ, വണ്ടുകളുമായുള്ള നിഷിദ്ധസ്നേഹങ്ങളും ത്യജിച്ച് ഡീസന്റായി വളരുന്നു. തങ്ങളുടെ ലാറ്റിൻ കുലീനതയും തങ്ങൾ ദൃഷ്ടാന്തങ്ങളാവാനുള്ളവരാണെന്ന വസ്തുതയും അവരെ നിരന്തരം കുഴക്കുന്നുണ്ട്. റോസാപ്പൂക്കൾ പോലും ചുണ്ടടച്ചുപിടിച്ചിരിക്കുന്നു. അവരുടെ സ്വപ്നങ്ങളില്‍ ഒരു ഹെര്‍ബേറിയം.

വൃദ്ധജനങ്ങൾ പുസ്തകങ്ങളുമായി ഇവിടെ വരുന്നു, സൂര്യഘടികാരങ്ങളുടെ അലസമായ മിടിപ്പിനിടയിൽ ഉറക്കം തൂങ്ങുന്നു.


25. കാട്


ഒരു പാത കാട്ടിലൂടെ നഗ്നപാദയായി ഓടിപ്പോകുന്നു. കാട്ടിൽ ഒരുപാടു മരങ്ങളുണ്ട്, ഒരു കുയിലുണ്ട്, ഹാൻസലും ഗ്രെറ്റെലുമുണ്ട്*, വേറേ ചെറുമൃഗങ്ങളുമുണ്ട്. കുള്ളന്മാർ ആരുമില്ല; അവർ പണ്ടേ സ്ഥലം വിട്ടുകഴിഞ്ഞു. ഇരുട്ടാകുമ്പോൾ കൂമൻ വന്ന് വലിയൊരു ചാവി കൊണ്ട് കാട് പൂട്ടിയിടുന്നു; വല്ല പൂച്ചയും അകത്തുകടന്ന് നാശമുണ്ടാക്കരുതല്ലോ.

*Hansel and Gretel- ഗ്രിമ്മിന്റെ നാടോടിക്കഥകളിലെ കഥാപാത്രങ്ങള്‍


26. ചക്രവർത്തി


ഒരിക്കൽ ഒരിടത്ത് ഒരു ചക്രവർത്തിയുണ്ടായിരുന്നു. അയാൾക്ക് മഞ്ഞക്കണ്ണുകളും ഇരപിടിയൻ ജീവികളുടേതുപോലത്തെ വായയുമുണ്ടായിരുന്നു. പ്രതിമകളും പോലീസുകാരും നിറഞ്ഞ ഒരു കൊട്ടാരത്തിലായിരുന്നു അയാളുടെ വാസം. ഒറ്റയ്ക്ക്. രാത്രിയിൽ അയാൾ ഞെട്ടിയുണർന്ന് നിലവിളിക്കും. ആർക്കും അയാളോടു സ്നേഹമുണ്ടായിരുന്നില്ല. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതും ഭീതി വിതയ്ക്കുന്നതുമായിരുന്നു അയാളുടെ നേരമ്പോക്കുകള്‍. എന്നിരിക്കിലും അയാൾ കുഞ്ഞുങ്ങൾക്കും പൂക്കൾക്കുമൊപ്പം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കുകയും ചെയ്തിരുന്നു. അയാൾ മരിച്ചപ്പോൾ അയാളുടെ ഛായാചിത്രങ്ങൾ എടുത്തുമാറ്റാൻ ആർക്കും ധൈര്യം വന്നില്ല. ഒന്നു നോക്കൂ, അതിലൊരെണ്ണം നിങ്ങളുടെ വീട്ടിൽ ഇപ്പോഴും കണ്ടേക്കാം.


27. ആന


ആനകൾ വാസ്തവത്തിൽ എത്രയും ലോലമനസ്കരും പരിഭ്രമക്കാരുമത്രെ. കാടു കയറുന്നൊരു ഭാവനാശേഷിയുള്ളതു കാരണം ചിലപ്പോഴെങ്കിലും സ്വന്തം രൂപം മറന്നുകളയാൻ അവർക്കു കഴിയുന്നുണ്ട്. വെള്ളത്തിലിറങ്ങുമ്പോൾ അവർ കണ്ണടച്ചുകളയുന്നു. സ്വന്തം കാലുകൾ കണ്ണില്പെട്ടാൽ അവർ മനം നൊന്തു കരയുന്നു.

എന്റെ പരിചയത്തിലുള്ള ഒരാന ഒരു കുരുവിയുമായി പ്രണയത്തിലായി. അവന്റെ തൂക്കം കുറഞ്ഞു, ഉറക്കം പോയി, ഒടുവിലവൻ ഹൃദയം തകർന്നു ചാവുകയും ചെയ്തു. ആനകളുടെ പ്രകൃതമറിയാത്തവർ പറഞ്ഞു: അവനു പൊണ്ണത്തടിയായിരുന്നു.


28. ഒരു പടയാളിയുടെ ജീവിതം


ഒരു പട്ടുനൂല്പുഴുവിനെപ്പോലെ പൊതിഞ്ഞുചുറ്റി മെഴുത്ത നിശബ്ദതയിൽ അച്ഛൻ മരിച്ചുകിടക്കുന്ന മുറിയുടെ വാതില്ക്കൽ അയാൾ നിന്നു- എന്നിട്ടലറിവിളിച്ചു. തുടക്കം അങ്ങനെയായിരുന്നു.

ആ അലർച്ചയിൽ അള്ളിപ്പിടിച്ച് അയാൾ ഉയർന്നുയർന്നുപോയി; നിശബ്ദത മരണമാണെന്നയാൾക്കറിയാമായിരുന്നു. കടയാണി തറച്ച ബൂട്ടുകളുടെ താളം, പാലത്തിന്മേൽ കുതിരക്കുളമ്പടികൾ- ഒരു ഹുസ്സാറിന്റെ നീലക്കാലുറകൾ. പീരങ്കിപ്പട പുകമേഘങ്ങൾക്കുള്ളിലേക്കു മാർച്ചു ചെയ്തുപോകുമ്പോൾ പെരുമ്പറകളുടെ ഇടിമുഴക്കം- ഒരോഫീസറുടെ വെള്ളിവാൾ. പീരങ്കികളുടെ ഗർജ്ജനം, പെരുമ്പറ പോലെ ഞരങ്ങുന്ന ഭൂമി- ഒരു ഫീൽഡ് മാർഷലിന്റെ കൂർമ്പൻ തൊപ്പി.

അങ്ങനെ, അയാൾ മരിച്ചപ്പോൾ അയാളുടെ വിശ്വസ്തരായ പട്ടാളക്കാർക്കാഗ്രഹം ഒച്ചപ്പാടിന്റെ കോണിയിലൂടെ അയാൾ സ്വർഗ്ഗത്തേക്കാരോഹണം ചെയ്യണമെന്നായിരുന്നു. ഒരുനൂറു മണിമേടകൾ പട്ടണത്തെ തൊട്ടിലാട്ടി. പട്ടണം ആകാശത്തോടേറ്റവുമടുക്കുന്ന നിമിഷത്തിൽ പീരങ്കിപ്പടയാളികൾ വെടിയുതിർക്കുന്നു. എന്നാൽ വാളും കൂർമ്പൻ തൊപ്പിയുമൊക്കെയായി ഒരു ഫീൽഡ് മാർഷലിനെ ഉള്ളിൽ കടത്താൻ മതിയായത്ര വലിപ്പത്തിൽ ആ നീലിച്ച ചില്ലു ചെത്തിമാറ്റാൻ അവർക്കു കഴിയുന്നില്ല.

ഇപ്പോഴയാൾ വീണ്ടും ഭൂമുഖത്തു വന്നുവീഴുന്നു. വിശ്വസ്തരായ പട്ടാളക്കാർ അയാളെ പെറുക്കിയെടുത്തിട്ട് ആകാശത്തേക്ക് പിന്നെയും നിറയൊഴിക്കുന്നു.


29. അലമാരയ്ക്കുള്ളിൽ

നഗരമെന്നത് ഒരു തെറ്റിദ്ധരിപ്പിക്കലാണെന്ന് എനിക്കു പണ്ടേ സംശയമുണ്ടായിരുന്നു. എന്നാൽ ആ വഞ്ചനയുടെ തനിസ്വഭാവം ഞാൻ കണ്ടുപിടിക്കുന്നത് വസന്തകാലത്തിന്റെ തുടക്കത്തിൽ, അന്തരീക്ഷത്തിനു കഞ്ഞിപ്പശ മണക്കുന്നതും മൂടല്മഞ്ഞിറങ്ങിയതുമായ ഒരു സന്ധ്യനേരത്തു മാത്രമായിരുന്നു. വിസ്മൃതിയുടെ പാതാളത്തിൽ, പൊട്ടിയ കഴകൾക്കും അടഞ്ഞ വലിപ്പുകൾക്കുമിടയിൽ ഒരലമാരയ്ക്കുള്ളിലാണ്‌ നമ്മുടെ വാസം. ആറു ചുമരുകൾ തവിട്ടുനിറത്തിൽ; നമ്മുടെ തലയ്ക്കു മേൽ മേഘങ്ങളായി കാലുറകൾ; ഭദ്രാസനപ്പള്ളിയെന്ന് അടുത്തകാലം വരെ നാം കരുതിയിരുന്നത് വാസ്തവത്തിൽ ഉള്ളിലുള്ളതാവിയായിപ്പോയ ഒരു കറുത്ത വാസനത്തൈലക്കുപ്പിയുമായിരുന്നു.

ഹാ, കഷ്ടരാത്രികളിൽ നമ്മുടെ പ്രാർത്ഥനകൾക്കു പാത്രമാകുന്ന ധൂമകേതു, ഒരു നിശാശലഭം.


30. കണ്ണീരിന്റെ സാങ്കേതികശാസ്ത്രത്തിൽ നിന്ന്

നമ്മുടെ ഇപ്പോഴത്തെ വൈജ്ഞാനികനിലവാരം വച്ചു നോക്കിയാൽ കള്ളക്കണ്ണീരു മാത്രമേ പരീക്ഷണങ്ങൾക്കും തുടർച്ചയായുള്ള ഉല്പാദനത്തിനും അനുയോജ്യമായിട്ടുള്ളു. തനിക്കണ്ണീരിനു പൊള്ളുന്ന ചൂടാണെന്നതിനാൽ മുഖത്തു നിന്ന് അതടർത്തിയെടുക്കുന്നതും ദുഷ്കരമാണ്‌. ഖരാവസ്ഥയിലേക്കു മാറ്റിക്കഴിഞ്ഞാൽ അതു പെട്ടെന്നു പൊടിഞ്ഞുപോകുന്നുണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. തനിക്കണ്ണീരിനെ വാണിജ്യപരമായി ഉപയോഗപ്പെടുത്തുക എന്ന പ്രശ്നം സാങ്കേതികവിദഗ്ധന്മാർക്ക് ശരിക്കുമൊരു തലവേദന തന്നെയാണ്‌.

കള്ളക്കണ്ണീരിനെ തണുപ്പിച്ചു കട്ടിയാക്കുന്നതിനു മുമ്പ് അതിനെ ഒരു ബാഷ്പീകരണപ്രക്രിയക്കു വിധേയമാക്കുന്നുണ്ട്; കാരണം, അത് സ്വതവേതന്നെ അശുദ്ധമാണല്ലോ. പിന്നീടു ഖരാവസ്ഥയിലേക്കു മാറ്റിക്കഴിഞ്ഞാൽ പരിശുദ്ധിയുടെ കാര്യത്തിൽ തനിക്കണ്ണീരിനെക്കാൾ ഒട്ടും താഴെയല്ല അതെന്നു പറയാം. വളരെ ദൃഢവും ഈടു നില്ക്കുന്നതുമാണെന്നതിനാൽ അലങ്കാരത്തിനു മാത്രമല്ല, ഗ്ലാസ്സു മുറിക്കാൻ കൂടി നിങ്ങൾക്കതുപയോഗപ്പെടുത്താം.


31. ചക്രവർത്തിയുടെ സ്വപ്നം

ഒരു വിടവ്‌! ചക്രവർത്തി ഉറക്കത്തിൽ ഒച്ച വയ്ക്കുന്നു; ഒട്ടകപ്പക്ഷിയുടെ തൂവലുകൾ കൊണ്ടു പണിത മേല്ക്കെട്ടി വിറ കൊള്ളുന്നു. ഉറയൂരിയ വാളുകളുമായി ഇടനാഴികളിൽ കവാത്തു നടത്തുന്ന പട്ടാളക്കാർ കരുതുന്നത് ചക്രവർത്തി ഏതോ ഉപരോധം സ്വപ്നം കാണുകയാണെന്നാണ്‌. കോട്ടമതിലിൽ ഒരു വിടവു കണ്ണിൽപെട്ടപ്പോൾ അതിലൂടുള്ളിലേക്കിടിച്ചുകയറാൻ അദ്ദേഹം തങ്ങളോടാജ്ഞാപിക്കുകയാണ്‌.

വാസ്തവമെന്തെന്നാൽ, ചക്രവർത്തി ഇപ്പോഴൊരു മരപ്പേനാണ്‌, എച്ചിലും തേടി തറയിലൂടെ പരക്കം പായുകയാണ്‌. ഒരു കൂറ്റൻ കാലടി തന്നെ ചവിട്ടിയരക്കാനായി തലയ്ക്കു മേൽ താണുവരുന്നത് പെട്ടെന്നയാൾ കാണുന്നു. പതുങ്ങിച്ചെന്നിരിക്കാൻ ഒരു പഴുതു തേടിയോടുകയാണ്‌ ചക്രവർത്തി. തറ മിനുസമുള്ളതും വഴുക്കുന്നതുമാണ്‌.

അതെ, ചക്രവർത്തിമാരുടെ സ്വപ്നങ്ങളെക്കാൾ സാധാരണമായി വേറൊന്നുമില്ല.


32. ചന്ദ്രൻ


ചന്ദ്രനെക്കുറിച്ചു കവിതകളെഴുതാൻ നിങ്ങൾക്കു കഴിയുന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാകുന്നില്ല. വീർത്തുന്തിയതും മടി പിടിച്ചതുമാണത്. അത് ചിമ്മിനികളുടെ മൂക്കിനു പിടിക്കുന്നു. അതിഷ്ടപ്പെട്ടു ചെയ്യുന്ന പ്രവൃത്തിയാകട്ടെ, കട്ടിലിനടിയിൽ ഇഴഞ്ഞുകയറി നിങ്ങളുടെ ചെരുപ്പു മണക്കുക എന്നതും.


33. ഒരു രാജവംശത്തിന്റെ അന്ത്യം


ആ സമയത്ത് രാജകുടുംബമൊന്നാകെ ഒരു മുറിയിലായിരുന്നു താമസം. ജനാലകൾ തുറക്കുന്നത് ഒരു ചുമരിലേക്കായിരുന്നു, ചുമരിനടിയിൽ ഒരു കുപ്പക്കൂനയും. അവിടെ എലികൾ പൂച്ചകളെ കടിച്ചുകൊന്നിരുന്നു. അതു കാണാൻ പറ്റിയിരുന്നില്ല. ജനാലകളിൽ കുമ്മായം പൂശിയിരുന്നു.

ആരാച്ചാരന്മാർ കയറിവന്നപ്പോൾ ഒരു ദൈനന്ദിനജീവിതരംഗമാണ്‌ അവർ കണ്ടത്.

ഹിസ് മാജസ്റ്റി ഹോളി ട്രിനിറ്റി റജിമെന്റിന്റെ നിയമാവലിയിൽ ചില ഭേദപ്പെടുത്തലുകൾ വരുത്തുകയായിരുന്നു. ഗൂഢശാസ്ത്രങ്ങൾ പരിശീലിച്ചിരുന്ന ഫിലിപ്പ് മഹാറാണിയുടെ തളർന്ന ഞരമ്പുകളെ ഹിപ്നോട്ടിസത്തിലൂടെ തണുപ്പിക്കാൻ നോക്കുകയായിരുന്നു; അനന്തരാവകാശിയായ രാജകുമാരൻ ഒരു ചാരുകസേരയിൽ പന്തുപോലെ ചുരുണ്ടുകൂടിക്കിടന്നുറങ്ങുകയായിരുന്നു. പ്രായമായ (അസ്ഥിമാത്രമായ) പ്രഭ്വിമാർ കീർത്തനങ്ങൾ ചൊല്ലുകയും കീറിയ ഉടുപ്പുകൾക്കു തുന്നലിടുകയുമായിരുന്നു.

പരിചാരകനാവട്ടെ, ഒരു തട്ടിയിൽ ചേർന്നുനിന്നുകൊണ്ട് ഒരു ചിത്രത്തിരശ്ശീലയെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നു.


34. പള്ളിയെലി


വിശന്നുപൊരിഞ്ഞ ഒരെലി ഓടയുടെ ഓരം ചേർന്നോടിപ്പോവുകയായിരുന്നു. വെണ്ണക്കട്ടിക്കു പകരം അതിന്റെ മുന്നിൽ വച്ചുകൊടുത്തത് ഒരു പള്ളിയായിരുന്നു. ഉള്ളിലേക്കതു കയറിച്ചെന്നത് ഭക്തിയും വണക്കവും കൊണ്ടല്ല, അതങ്ങനെ പറ്റിയെന്നേയുള്ളു.

പള്ളിയിൽ കയറിയാൽ എന്തൊക്കെച്ചെയ്യണമോ, അതൊക്കെ അതു ചെയ്തു: കുരിശ്ശിനു മുന്നിലേക്കിഴഞ്ഞുചെന്നു, അൽത്താരകൾക്കു മുന്നിൽ മുട്ടുകുത്തി, ഒരു ചാരുബഞ്ചിലിരുന്ന് മയങ്ങുകയും ചെയ്തു. ഒരു തുള്ളി മന്നാ പോലും അതിന്റെ മുന്നിലേക്കിറ്റുവീണില്ല. ദൈവമപ്പോൾ കടലുകളുടെ ക്ഷോഭം ശമിപ്പിക്കുന്ന തിരക്കിലായിരുന്നു.

പള്ളിയിൽ നിന്നു പുറത്തു കടക്കാൻ എലി വഴി കണ്ടില്ല. അതൊരു പള്ളിയെലിയായി. മൗലികമായ ഒരു വ്യത്യാസം. പാടത്തു ജീവിക്കുന്ന തന്റെ സഹോദരങ്ങളെക്കാൾ മനസ്സുറപ്പു കുറഞ്ഞ ഈ എലിക്കു കഴിക്കാൻ വെറും പൊടിയേയുള്ളു; കുന്തിരിക്കം മണക്കുന്നതിനാൽ അതെവിടെയുണ്ടെന്നറിയാൻ എളുപ്പവുമായിരുന്നു. കുറേ നാളുകൾ വേണമെങ്കിലും പട്ടിണി കിടക്കാനും അതിനു കഴിഞ്ഞിരുന്നു.

എന്നുപറഞ്ഞാൽ, ഒരു പരിധി വരെ.

സ്വർണ്ണം കൊണ്ടുള്ള വിശുദ്ധചഷകത്തിന്റെ അടിയിൽ ദാഹത്തിന്റെ ഒരു കറുത്ത തുള്ളി കിടക്കുന്നത് ഒരിക്കലവർ കണ്ടു.


35 ചിമ്മിനി


വീടിനു മുകളിൽ മറ്റൊരു വീടു വളരുന്നു, മേല്ക്കൂരയില്ലെന്നേയുള്ളു- ഒരു ചിമ്മിനി. അതിൽ നിന്ന് അടുക്കളമണങ്ങളും എന്റെ നെടുവീർപ്പുകളും വായുവിലേക്കൊഴുകുന്നു. ചിമ്മിനിയ്ക്കു പക്ഷഭേദമില്ല, രണ്ടിനേയും വേറിട്ടുനിർത്തുന്നില്ല. ഒരൊറ്റ വലിയ പീലി. കറുത്ത്, ആകെക്കറുത്ത്.


36. നാവ്


അറിയാതെ ഞാനവളുടെ പല്ലുകളുടെ അതിർത്തിയും കടന്ന് അവളുടെ വഴങ്ങുന്ന നാവു വിഴുങ്ങി. ഇന്നതൊരു ജാപ്പനീസ് മത്സ്യത്തെപ്പോലെ എന്റെയുള്ളിൽ ജീവിക്കുന്നു. ഒരക്വേറിയത്തിന്റെ ചുമരുകളിലെന്നപോലെ എന്റെ ഹൃദയത്തിലും ഉദരഭിത്തിയിലും വന്നുരുമ്മുന്നു. അടിയിൽ നിന്നെക്കലിളക്കിവിടുന്നു.

ഞാൻ ശബ്ദം കവർന്നവളിന്നു വലിയ കണ്ണുകളുമായി എന്നെ തുറിച്ചുനോക്കുന്നു, ഒരു വാക്കിനായി കാത്തിരിക്കുന്നു.

എന്നാലവളോടു സംസാരിക്കുന്നതിനേതു നാവുപയോഗിക്കണമെന്നെനിക്കറിയുന്നില്ല- കട്ടെടുത്തതൊന്നോ അതോ കൊഴുത്ത നന്മയുടെ കൂടുതൽ കാരണം എന്റെ വായില്ക്കിടന്നലിയുന്നതോ.


37. ഘടികാരം

ഒറ്റനോട്ടത്തിൽ അതൊരു മില്ലറുടെ പ്രശാന്തമായ മുഖം പോലെയാണ്‌, ഒരാപ്പിൾ പോലെ മുഴുത്തതും മിനുങ്ങുന്നതും. ഒരേയൊരു കറുത്ത മുടിയിഴ അതിനു കുറുക്കേ ഇഴഞ്ഞുനീങ്ങുന്നു. ഉള്ളിലേക്കു നോക്കിയെന്നാലാകട്ടെ: വിരകളുടെ മാളം, ഒരു ചിതല്പുറ്റിന്റെ ഉദരം. നമ്മെ നിത്യതയിലേക്കാനയിക്കുന്നത് ഇതാണെന്നാണു പറയുന്നതും.


38. ഹൃദയം


മനുഷ്യന്റെ എല്ലാ ആന്തരാവയവങ്ങളും രോമരഹിതവും മിനുസമുള്ളതുമാണ്‌. ആമാശയം, കുടലുകൾ, ശ്വാസകോശങ്ങൾ ഒന്നിനും രോമമില്ല. ഹൃദയത്തിനു മാത്രമേ രോമമുള്ളു- ചെമ്പിച്ച്, കട്ടിയിൽ, ചിലപ്പോൾ നല്ല നീളത്തിലും. ഇതൊരു പ്രശ്നമാണ്‌. ഹൃദയത്തിന്റെ രോമങ്ങൾ ജലസസ്യങ്ങളെപ്പോലെ ചോരയൊഴുക്കിനു വിഘാതമാവാറുണ്ട്. പലപ്പോഴുമവയിൽ പുഴു കയറാറുമുണ്ട്. നിങ്ങളുടെ കാമുകിയുടെ ഹൃദയരോമത്തിൽ നിന്ന് ആ പിടി തരാത്ത, കൊച്ചുപരാദങ്ങളെ പെറുക്കിക്കളയാൻ നിങ്ങൾക്കവളെ ആഴത്തിൽ പ്രേമിക്കേണ്ടിവരും.


39. ഒരു പിശാച്


പിശാചെന്ന നിലയിൽ തികഞ്ഞ പരാജയമാണവൻ. എന്തിനവന്റെ വാലു പോലും. തുഞ്ചത്തു കറുത്ത രോമക്കൊണ്ടയുമായി നീണ്ടുമാംസളമായതല്ല, മറിച്ച്, മുയലുകളുടേതുപോലെ, എറിച്ചുനില്ക്കുന്ന പഞ്ഞിപോലത്തെ, കണ്ടാൽ ചിരി വരുന്ന കുറ്റിവാല്‌. അവന്റെ ചർമ്മത്തിന്‌ ഇളംചുവപ്പുനിറമാണ്‌. ഇടതുതോൾപ്പലകയ്ക്കു താഴെയായി സ്വർണ്ണനാണയത്തിന്റെ വലിപ്പത്തിൽ ഒരു പാടുണ്ടെന്നുമാത്രം. കൊമ്പുകളുടെ കാര്യമാണ്‌ മഹാകഷ്ടം. മറ്റു പിശാചുക്കളുടേതുപോലെ പുറത്തേക്കല്ല, ഉള്ളിലേക്ക്, തലച്ചോറിലേക്കാണവ വളരുന്നത്. ഇടക്കിടെ അവനു തലവേദന വരുന്നതിനു കാരണവും ഇതുതന്നെ.

അവൻ ദുഃഖിതനാണ്‌. ദിവസങ്ങൾ തുടർച്ചയായി അവൻ കിടന്നുറങ്ങാറുണ്ട്. നന്മയിലും തിന്മയിലുമൊന്നും അവനു താല്പര്യമില്ല. അവൻ തെരുവിലൂടെ നടന്നുപോകുമ്പോൾ ഇളംചുവപ്പുനിറത്തിൽ അവന്റെ ശ്വാസകോശങ്ങൾ തുടിക്കുന്നത് നിങ്ങൾക്കു വ്യക്തമായി കാണാം.


40. മേശയുടെ കാര്യത്തിൽ ശ്രദ്ധിക്കുക


മേശയ്ക്കു മുന്നിലിരിക്കുമ്പോൾ നിങ്ങൾ ശാന്തചിത്തരായിരിക്കണം, ദിവാസ്വപ്നം കാണുകയുമരുത്. കോളുകൊണ്ട കടലിന്റെ ഏറ്റിറക്കങ്ങൾക്ക് പ്രശാന്തവലയങ്ങളായി സ്വയം ചിട്ടപ്പെടുത്താൻ എത്ര യത്നിക്കേണ്ടിവന്നുവെന്ന് ഒന്നോർത്തുനോക്കുക. ഒരുനിമിഷത്തെ അശ്രദ്ധ മതി, ഒക്കെ ഒലിച്ചുപോകാൻ. മേശക്കാലുകളിൽ ഉരുമ്മുന്നതും വിലക്കപ്പെട്ടിരിക്കുന്നു, മൃദുപ്രകൃതികളാണവ. മേശക്കരികിലിരുന്നു ചെയ്യുന്നതൊക്കെ മനസ്സിളക്കമില്ലാതെ, കാര്യമാത്രപ്രസക്തമായി ചെയ്യേണ്ടതാകുന്നു. ഒക്കെ ശരിക്കും തീരുമാനിച്ചുറപ്പിച്ചുകൊണ്ടല്ലാതെ നിങ്ങളവിടെ ഇരിക്കാൻ പാടില്ലാത്തതാകുന്നു. കിടന്നു ദിവാസ്വപ്നം കാണാനാണെങ്കിൽ മരം കൊണ്ടുള്ള ഉരുപ്പടികൾ വേറെയുമുണ്ടല്ലോ: കാട്, കട്ടിൽ.


41. ചാരുകസേരകൾ

ഊഷ്മളമായ ഒരു കഴുത്ത് ഒരു കസേരക്കൈയാകുമെന്ന് ആരോർത്തു? പലായനത്തിനും ആഹ്ലാദത്തിനും വ്യഗ്രത പൂണ്ട കാലുകൾ നാലു വെറും പൊയ്ക്കാലുകളായി വെറുങ്ങലിക്കുമെന്നും? ചാരുകസേരകൾ ഒരുകാലത്ത് പൂവുതിന്നു ജീവിക്കുന്ന കുലീനജീവികളായിരുന്നു. എന്നിട്ടും എത്ര എളുപ്പത്തിലാണവർ മെരുങ്ങാൻ നിന്നുകൊടുത്തത്. ഇന്നവർ നാല്ക്കാലികളിൽ വച്ചേറ്റവും നികൃഷ്ടരായ ജാതിയാണ്‌. അവരുടെ കടുംപിടുത്തവും മനക്കരുത്തുമൊക്കെ നഷ്ടമായിരിക്കുന്നു. ഇന്നവർ വെറും സാധുക്കളാണ്‌. അവർ ആരെയും ചവിട്ടിമെതിച്ചിട്ടില്ല, ആർക്കെങ്കിലുമൊപ്പം ചവിട്ടിക്കുതിച്ചുപാഞ്ഞിട്ടുമില്ല. പാഴായിപ്പോയ ഒരു ജീവിതത്തെക്കുറിച്ചു തികച്ചും ബോധവാന്മാരാണവർ എന്നതും തീർച്ച.

ചാരുകസേരകളുടെ നൈരാശ്യം അവയുടെ ഞരക്കത്തിൽ വെളിപ്പെടുന്നു.


42. ലോകം നിശ്ചലമാകുമ്പോൾ


വളരെ അപൂർവ്വമായേ അങ്ങനെ സംഭവിക്കാറുള്ളു. ഭൂമിയുടെ അച്ചുതണ്ട് ഒരു ചീറ്റലോടെ കറക്കം നിർത്തുന്നു. സകലതും അപ്പോൾ നിശ്ചലമാകുന്നു: കൊടുങ്കാറ്റുകൾ, കപ്പലുകൾ, താഴ്‌വരകളിൽ മേയുന്ന മേഘങ്ങൾ. സകലതും. പുല്മേട്ടിലെ കുതിരകൾ പോലും മുഴുമിക്കാത്തൊരു ചെസ്സുകളിയിലെ കുതിരകൾ പോലെ നിശ്ചേഷ്ടരാവുന്നു.

പിന്നെ ഒരല്പനേരം കഴിഞ്ഞ് ലോകം വീണ്ടും ചലിച്ചുതുടങ്ങുന്നു. കടൽ വിഴുങ്ങുകയും ഛർദ്ദിക്കുകയും ചെയ്യുന്നു, താഴ്‌വരകൾ ആവി വമിപ്പിക്കുന്നു, കുതിരകൾ കറുത്ത കളത്തിൽ നിന്ന് വെളുത്ത കളത്തിലേക്കു കടക്കുകയും ചെയ്യുന്നു. കാറ്റ് കാറ്റിനോടു ചെന്നിടിക്കുന്ന മുഴങ്ങുന്ന ശബ്ദവും കേൾക്കാറാകുന്നു.


43. മരംവെട്ടി


കൂറ്റൻ ഓക്കുവാതിൽ പിന്നിൽ വലിച്ചടച്ചിട്ട് മരംവെട്ടി കാലത്ത് കാട്ടിൽ കയറുന്നു. മരങ്ങളുടെ പച്ചരോമങ്ങൾ പേടി കൊണ്ടെഴുന്നുനില്ക്കുന്നു. ഒരു മരക്കുറ്റിയുടെ അമർത്തിയ രോദനവും ഒരു മരക്കൊമ്പിന്റെ ഉണങ്ങിയ കരച്ചിലും നിങ്ങൾക്കു കേൾക്കാം.

മരംവെട്ടി മരങ്ങളിൽ മാത്രമായി നിർത്തുന്നില്ല. അയാൾ സൂര്യന്റെ പിന്നാലെ ചെല്ലുന്നു. കാടിന്റെ അതിരിൽ വച്ച് അയാൾ അതിനെ ഓടിച്ചിട്ടു പിടിക്കുന്നു. വൈകുന്നേരം ഒരു വിണ്ട മരക്കുറ്റി ചക്രവാളത്തെ വെളിച്ചപ്പെടുത്തുന്നു. അതിനു മേൽ ചൂടാറുന്ന മഴു.


44. കവിയുടെ വസതി

ഒരിക്കൽ ഈ ജനാലച്ചില്ലുകളിൽ നിശ്വാസമുണ്ടായിരുന്നു, റൊട്ടി മൊരിയുന്ന മണവും കണ്ണാടിയിൽ ഒരേ മുഖവുമുണ്ടായിരുന്നു. ഇന്നിതൊരു കാഴ്ചബംഗ്ലാവാണ്‌. നിലത്തെ പൂക്കളെല്ലാം നിർമ്മാർജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു, പെട്ടികളെല്ലാം ഒഴിച്ചെടുക്കപ്പെട്ടിരിക്കുന്നു, മുറികളിൽ മെഴുകു പൂശിയിരിക്കുന്നു. ജനാലകൾ പകലും രാത്രിയും തുടർച്ചയായി തുറന്നുതന്നെയിടുന്നു. കാറ്റു കുടുങ്ങിക്കിടക്കുന്ന വീട്ടിലേക്ക് എലികൾ പോലും കയറാറില്ല.

കിടക്ക വൃത്തിയായി വിരിച്ചിട്ടിരിക്കുന്നു. എന്നാൽ ഒരാളും ഒരു രാത്രി പോലും അതിൽ കിടക്കില്ല.

അയാളുടെ അലമാരയ്ക്കും അയാളുടെ കട്ടിലിനും അയാളുടെ കസേരയ്ക്കുമിടയിൽ- അസാന്നിദ്ധ്യത്തിന്റെ ഒരു വെളുത്ത രൂപരേഖ, അയാളുടെ കൈപ്പടത്തിന്റെ വാർപ്പു പോലെ നിശിതമായി.


45. കെർനുന്നോസ്

പുതിയ ദൈവങ്ങൾ റോമൻ സൈന്യത്തെ  മാന്യമായ ഒരകലം വിട്ടു പിന്തുടർന്നു, ചൂടാറുന്ന ചാരത്തിനും വണ്ടുകളും ഉറുമ്പുകളും ആചാരപരമായി സംസ്കരിക്കുന്ന ബാർബേറിയൻ വീരന്മാരുടെ ജഡങ്ങൾക്കും മുന്നിൽ വീനസിന്റെ നിതംബചലനങ്ങളും ബാക്കസിന്റെ അട്ടഹാസച്ചിരികളും അത്രയ്ക്കൊരനൗചിത്യമായിത്തോന്നരുതല്ലോ എന്ന വിചാരത്താൽ.

പഴയ ദൈവങ്ങൾ പുതിയവരെ മരങ്ങൾ മറഞ്ഞു നോക്കിനിന്നു,  മമതയില്ലാതെ, എന്നാൽ ആരാധനയോടെയും. ആ വിളറിയ, രോമരഹിതമായ ദേഹങ്ങൾ ബലഹീനവും എന്നാൽ ഏതോ വിധത്തിൽ ആകർഷണീയവുമായി അവർക്കു തോന്നി.

ഭാഷയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഉന്നതങ്ങളിൽ ഒരു യോഗം നടക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ചില സമ്മേളനങ്ങൾ കഴിഞ്ഞപ്പോഴേക്കും സ്വാധീനമേഖലകൾ എവ്വിധം വിഭജിക്കണമെന്ന കാര്യത്തിൽ ഒരു തീരുമാനമായി. പഴയ ദൈവങ്ങൾ ഉൾനാടുകളിലെ രണ്ടാം തരം പണികൾ കൊണ്ടു തൃപ്തരായി. എന്നാല്ക്കൂടി, വലിയ ആഘോഷവേളകളിൽ പുതിയ ദൈവങ്ങൾക്കൊപ്പം അവരെയും ശിലാഫലകങ്ങളിൽ ചിത്രീകരിച്ചിരുന്നു.

ഈ കൂട്ടുപ്രവർത്തനത്തിൽ ശരിക്കുമൊരു നിഴൽ വീഴ്ത്തിയത് കെർനുന്നോസ് ആയിരുന്നു. സുഹൃത്തുക്കളുടെ നിർബന്ധം കാരണം ആളൊരു ലാറ്റിൻ വാൽ സ്വീകരിച്ചുവെങ്കിലും എന്നും വളരുന്ന കവരക്കൊമ്പുകൾ ഒരു പുഷ്പകിരീടം കൊണ്ടും മറയ്ക്കാൻ പറ്റാത്തതായിരുന്നു.

അതുകാരണം അദ്ദേഹത്തിന്റെ വാസം മിക്കവാറും ഇടതൂർന്ന കാടുകളിലായിരുന്നു. ഇരുളു വീണ കാട്ടുവെളികളിൽ പലപ്പോഴും അദ്ദേഹത്തെ കാണാം. അദ്ദേഹത്തിന്റെ ഒരു കൈ ആട്ടിൻതലയുള്ള ഒരു സർപ്പത്തെ പിടിച്ചിരിക്കുന്നു, മറ്റേക്കൈ  തീർത്തും ദുർഗ്രഹമായ ചിഹ്നങ്ങൾ വായുവിൽ വരച്ചിടുന്നു.

കെർനുന്നോസ് Cernunnos- കെല്റ്റുകളുടെ ദേവഗണത്തിൽ ഉർവ്വരതയുടെയും കാടിന്റെയും ജീവന്റെയും ദേവൻ; തലയിൽ കലമാൻകൊമ്പുകൾ ധരിച്ചിരിക്കുന്നു.


46. അമ്മ


ഒരു നൂൽക്കഴി പോലെ അയാൾ അവരുടെ മടിയിൽ നിന്നുരുണ്ടുവീണു. വല്ലാത്ത തിടുക്കത്തോടെ അയാൾ അഴിഞ്ഞുപോയി, ദൂരത്തേക്കു വച്ചടിച്ചു. ജീവിതത്തിന്റെ തുടക്കം അവരുടെ പിടിയിൽത്തന്നെയായിരുന്നു. ഒരു മോതിരം പോലെ അവരതിനെ വിരലിൽ ചുറ്റിയെടുത്തു. അതിനെ കാത്തുവയ്ക്കണമെന്നും അവരാഗ്രഹിച്ചു. ചെങ്കുത്തുകൾ അയാൾ ഉരുണ്ടിറങ്ങി, മലനിരകൾ കഷ്ടപ്പെട്ടു പിടിച്ചുകയറി. മടങ്ങിയെത്തുമ്പോൾ അയാൾ ആകെ കുരുങ്ങിക്കൂടിയിരുന്നു. ഒരക്ഷരം അയാൾ മിണ്ടിയില്ല. അവരുടെ മടിത്തട്ട് അയാൾക്കിനി സ്വർണ്ണസിംഹാസനമാവുകയുമില്ല.

അവരുടെ നീട്ടിപ്പിടിച്ച കൈകൾ പുരാതനമായൊരു നഗരം പോലെ ഇരുട്ടത്തു തിളങ്ങുന്നു.


47.  വസ്തുക്കളെ പുറത്തെടുക്കാൻ

വസ്തുക്കളെ അവയുടെ അഭിജാതമൌനത്തിൽ നിന്നു പുറത്തെടുക്കാൻ കൌശലം കാണിക്കേണ്ടിവരും, അല്ലെങ്കിൽ എന്തെങ്കിലും  പാതകം ചെയ്യേണ്ടിവരും.

വാതിലിന്റെ മരവിച്ച പ്രതലമലിയിക്കാൻ ഒരൊറ്റുകാരൻ മുട്ടിയാൽ മതി; തറയിൽ ചിതറിവീണ ചില്ലുകൾ മുറിവേറ്റ പക്ഷിയെപ്പോലെയാണു ചീറുക; തീ കൊടുത്ത വീടാവട്ടെ, അഗ്നിയുടെ വാചാലഭാഷയിലാണു പുലമ്പുക: വെളിച്ചം കാണിക്കാതമർത്തിവച്ച ഒരിതിഹാസത്തിന്റെ ഭാഷയിൽ, കിടക്കയും മേശയും വെളിയടകളും ഇത്രയും കാലം പുറത്തറിയിക്കാതെ വച്ചതൊക്കെയും. 


48. വൃദ്ധനായ പ്രൊമിത്യൂസ്


അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകൾ എഴുതുകയാണ്‌. അനിവാര്യതയുടേതായ ഒരു സംവിധാനത്തിൽ ഒരു വീരനായകന്റെ സ്ഥാനം എന്തായിരിക്കുമെന്നു വിശദീകരിക്കാനുള്ള ഒരു ശ്രമമാണ്‌ അദ്ദേഹം നടത്തുന്നത്; അതായത്, പരസ്പരവിരുദ്ധങ്ങളായ അസ്തിത്വം, വിധി എന്നീ സങ്കല്പങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്താമെന്ന്.

അടുപ്പിൽ നല്ല ചൊടിയോടെ തീ കത്തുന്നുണ്ട്; ഭാര്യ അടുക്കളയിൽ തിരക്കിലാണ്‌- അദ്ദേഹത്തിന്‌ ഒരു പുത്രനെ സമ്മാനിക്കാൻ കഴിഞ്ഞില്ലെങ്കിലും താനെന്തായാലും ചരിത്രത്തിൽ ഇടം പിടിയ്ക്കാൻ പോവുകയാണെന്നു സമാശ്വസിക്കുന്ന ഒരു പ്രസരിപ്പുകാരി. അത്താഴവിരുന്നിനുള്ള ഒരുക്കങ്ങളൊക്കെ ആയിവരുന്നു; ഇടവക വികാരിയ്ക്കും, അടുത്ത കാലത്ത് പ്രൊമിത്യൂസിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായ ഫാർമസിസ്റ്റിനും ക്ഷണം പോയിട്ടുണ്ട്.

അടുപ്പിൽ തീ ചൊടിയോടെ കത്തുന്നു. ചുമരിൽ ഒരു കഴുകനെ സ്റ്റഫു ചെയ്തു വച്ചിരിക്കുന്നു; കാക്കസസ്സുകാരൻ ഒരു സ്വേച്ഛാധിപതി അയച്ചുകൊടുത്ത ഒരു നന്ദിപ്രകടനം ചുമരില്‍ ചില്ലിട്ടുവച്ചിരിക്കുന്നു. കലാപം തലപൊക്കിയ ഒരു നഗരത്തെ ചുട്ടുകരിക്കാൻ അയാളെ സഹായിച്ചത് പ്രൊമിത്യൂസിന്റെ കണ്ടുപിടുത്തമാണല്ലോ.

പ്രൊമിത്യൂസ് അമർത്തിച്ചിരിക്കുകയാണ്‌, തന്നെത്താൻ. പ്രപഞ്ചവുമായുള്ള തന്റെ കലഹം പ്രകടിപ്പിക്കാൻ ആൾക്കു വേറേ വഴിയില്ല.


49. അക്കിലീസും പെന്തെസീലിയായും


അക്കിലീസ് തന്റെ കുറുവാൾ കൊണ്ട് പെന്തെസീലിയായുടെ മാറു തുരന്നപ്പോൾ മുറിവിനുള്ളിൽ കടത്തി അയാൾ അതു മൂന്നു വട്ടം തിരിച്ചു; പെട്ടെന്നൊരു പ്രഹർഷത്തോടെ അയാൾ കണ്ടു, ആമസോണുകളുടെ റാണി സുന്ദരിയാണെന്ന്.

അയാൾ അവളെ ശ്രദ്ധയോടെ മണ്ണിൽ ഇറക്കിക്കിടത്തി, അവളുടെ ഭാരിച്ച ശിരോകവചം ഊരിമാറ്റി, അവളുടെ മുടി കെട്ടഴിച്ചു വിതിർത്തിട്ടു, അവളുടെ കൈകളെടുത്ത് പതിയെ മാറത്തു വച്ചു.

യാത്രാശംസ നേരുന്ന പോലെ അയാൾ അവളെ ഒന്നുകൂടി നോക്കി; പിന്നെ ഏതോ വിചിത്രശക്തിയാൽ പ്രേരിതനായിട്ടെന്നപോലെ തേങ്ങിക്കരയാൻ തുടങ്ങി- അയാളോ, ആ യുദ്ധത്തിൽ പങ്കു ചേർന്ന മറ്റേതെങ്കിലും വീരനോ അതേവരെ കരയാത്ത മാതിരി- അമർത്തിയ, മന്ത്രമുരുവിടുന്ന ഒരു സ്വരത്തിൽ; താഴ്ന്ന സ്ഥായിയിലും നിസ്സഹായമായും; മാറ്റൊലിക്കുന്ന വിലാപത്തോടെയും, തീറ്റിസിന്റെ പുത്രനജ്ഞാതമായ പശ്ചാത്താപത്തിന്റെ താളത്തിലും. ആ വിലാപത്തിന്റെ സ്വരാക്ഷരങ്ങൾ പെന്തസീലിയായുടെ കഴുത്തിൽ, മാറിൽ, കാൽമുട്ടുകളിൽ ഇലകൾ പോലെ കൊഴിഞ്ഞുവീണു, തണുപ്പു കേറുന്ന അവളുടെ ഉടലിനെ സ്വയമേവ അവ ആവരണം ചെയ്തു.

അവളോ, അതീതവനങ്ങളിൽ നിത്യമൃഗയയ്ക്കൊരുങ്ങുകയായിരുന്നു. ഇനിയുമടയാത്ത അവളുടെ കണ്ണുകൾ വിദൂരത്തിൽ നിന്നു വിജയിയെ നോക്കി, സുദൃഢമായ, സുതാര്യനീലമായ- അവജ്ഞയോടെ.


പെന്തസീലിയ- ട്രോജൻ ഭാഗത്തു നിന്നു യുദ്ധം ചെയ്ത ആമസോണുകളുടെ റാണി; മാർക്കവചത്തിൽ വാളിറക്കി അക്കിലീസ് വധിച്ചു.


50. പുരാണങ്ങളിൽ നിന്ന്


ആദിയിൽ ഇരുട്ടിന്റെയും കൊടുങ്കാറ്റിന്റെയും ഒരു ദേവനുണ്ടായിരുന്നു; കണ്ണുകളില്ലാത്ത ആ കറുത്ത വിഗ്രഹത്തിനു മുന്നിൽ വസ്ത്രങ്ങൾ ഉരിഞ്ഞുകളഞ്ഞ്, ദേഹത്തു ചോര വാരിത്തേച്ച് അവർ തുള്ളിച്ചാടി. പിന്നീട്, റിപ്പബ്ലിക്കിന്റെ കാലത്ത്, ദൈവങ്ങൾ അനവധിയായിരുന്നു; ഭാര്യമാരും മക്കളും കിരുകിരുക്കുന്ന കട്ടിലുകളും ഉപദ്രവമൊന്നും വരുത്താതെ പൊട്ടിത്തെറിക്കുന്ന വെള്ളിടികളുമൊക്കെയുള്ളവർ. ഒടുവിലായപ്പോൾ അന്ധവിശ്വാസികളായ ചിത്തരോഗികൾ മാത്രം ഐറണിയുടെ ദേവന്റെ പ്രതീകമായ ഉപ്പിന്റെ കുഞ്ഞുപ്രതിമകൾ പോക്കറ്റിലിട്ടുകൊണ്ടു നടന്നു. അതിനെക്കാൾ വലിയൊരു ദൈവം അക്കാലത്തുണ്ടായിരുന്നില്ല. 

പിന്നീട് കിരാതന്മാരുടെ വരവായി. ഐറണിയുടെ കുഞ്ഞുദേവനെ അവർക്കും വലിയ മതിപ്പായിരുന്നു. അവരത് ഉപ്പുറ്റിക്കടിയിലിട്ടു ചവിട്ടിപ്പൊട്ടിച്ച് ആഹാരത്തിൽ ചേർക്കുമായിരുന്നു.


(1961)


2018, മാർച്ച് 3, ശനിയാഴ്‌ച

ഗിയാന്നി ചെലാത്തി - ശുഭാന്ത്യങ്ങളെക്കുറിച്ച് ഒരു പണ്ഡിതന്റെ സങ്കല്പം



ഒരു കെമിസ്റ്റിന്റെ മകൻ വിദേശത്തു പഠിക്കുകയായിരുന്നു. അച്ഛന്റെ മരണശേഷം അയാൾ നാട്ടിൽ മടങ്ങിയെത്തി ഡിസ്പെൻസറിയുടെ ചുമതല ഏറ്റെടുത്തു; അങ്ങനെ അയാൾ മാന്റുവാ പ്രവിശ്യയിലെ വിയാഡാനയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ കെമിസ്റ്റ് ആയി.

അയാളുടെ പഠിപ്പിനെക്കുറിച്ച് നാടു മുഴുവൻ ശ്രുതി പരന്നിരുന്നു; അയാളുടെ കൂറ്റൻ പുസ്തകശേഖരത്തെക്കുറിച്ചും ചെവിവേദനയ്ക്ക് അതിഫലപ്രദമായ അയാളുടെ മരുന്നിനെക്കുറിച്ചും പാടം നനയ്ക്കുന്നതിന്‌ അയാൾ ഉപയോഗിച്ചിരുന്ന അത്യന്താധുനികമായ രീതിയെക്കുറിച്ചും പന്ത്രണ്ടു ഭാഷകളിലുള്ള പ്രാവീണ്യത്തെക്കുറിച്ചും ആളുകൾ പറഞ്ഞുനടന്നു; അയാളിപ്പോൾ ഡിവൈൻ കോമഡി ജർമ്മനിലേക്കു വിവർത്തനം ചെയ്യുകയാണെന്ന സംസാരം വേറെയും.

പ്രദേശത്തെ ഒരു ചീസ് ഫാക്ടറിയുടെ മുതലാളി അപ്പോഴേക്കും മദ്ധ്യവയസ്സെത്തിക്കഴിഞ്ഞ പണ്ഡിതന്‌ ഒരു സ്റ്റൈപ്പന്റ് നല്കാൻ തീരുമാനിച്ചു; പകരം അയാൾ മുതലാളിയുടെ മകളെ ഹൈസ്കൂൾ സ്കൂൾ പഠനത്തിൽ സഹായിക്കണം. സ്പോർട്ട്സിൽ കൂടുതൽ താല്പര്യക്കാരിയായിരുന്ന പെൺകുട്ടി പഠിപ്പിൽ ഉഴപ്പായിരുന്നു; പുസ്തകങ്ങളും ലാറ്റിനും ഒന്നാന്തരം ഇറ്റാലിയൻ ഗദ്യവും അവൾക്കു വെറുപ്പുമായിരുന്നു. കെമിസ്റ്റ് ആ ഉദ്യമം ഏറ്റെടുത്തു- സാമ്പത്തികലാഭം കണ്ടിട്ടല്ല, പഠിത്തത്തിനോടുള്ള സ്നേഹം കൊണ്ട്; ആ വേനല്ക്കാലത്ത് എല്ലാ ദിവസവും അയാൾ ആ സ്പോർട്ട്സ്കാരി പെൺകുട്ടിക്ക് ക്ലാസ്സെടുക്കാൻ പോയി.

അങ്ങനെയിരിക്കെ സംഭവിച്ചതെന്തെന്നാൽ ആ പെൺകുട്ടിക്ക് അയാളോടു പ്രേമമായി; അവൾ സ്പോർട്ട്സൊക്കെ വിട്ടിട്ട് കവിതകളും ലാറ്റിൻ പദ്യവും, പിന്നെ പറയേണ്ടല്ലോ,  നീണ്ട കത്തുകളും എഴുതാൻ തുടങ്ങി എന്നു പറഞ്ഞാൽ അതെത്രത്തോളമെത്തി എന്നൂഹിക്കാം.

രണ്ടു പേരും ചേർന്നുള്ള ദീർഘയാത്രകളെക്കുറിച്ചും അതിനു വേണ്ടി കെമിസ്റ്റ് വാങ്ങിയ കാറിനെക്കുറിച്ചും ഒരു കളപ്പുരയിലെ അവരുടെ നിശാസംഗമങ്ങളെക്കുറിച്ചുപോലും ചിലർ ഇപ്പോഴും പറയാറുണ്ട്.

അതെന്തായാലും വേനലറുതിയിലെ അവരുടെ ആ ഇടപാടിന്റെ തെളിവുകൾ പുറത്തു വരുന്നത് അടുത്ത മഞ്ഞുകാലത്ത് പെൺകുട്ടി പഠിച്ചിരുന്ന കോൺവെന്റിലെ കന്യാസ്ത്രീകൾ ഒരു കെട്ടു കത്തുകൾ പിടിച്ചെടുക്കുമ്പോഴാണ്‌; അവർ അത് നേരേ അവളുടെ അച്ഛനമ്മമാർക്കു കാണിച്ചുകൊടുത്തു. കത്തുകളുടെ ഉള്ളടക്കം ചീസ് ഫാക്ടറി മുതലാളിയുടെ കണ്ണുകൾക്കു തീരെ പിടിക്കുന്നതായിരുന്നില്ല. അയാൾ കെമിസ്റ്റിനെ തകർക്കാനും അയാളെ നാട്ടിൽ നിന്നോടിക്കാനും തീരുമാനിച്ചു.

അക്കാലത്ത് ഫാസിസ്റ്റുകളായിരുന്ന പെൺകുട്ടിയുടെ സഹോദരന്മാർ കവലയിലെ അയാളുടെ ഡിസ്പെൻസറി പലതവണ അടിച്ചുതകർക്കുകയും ഒരിക്കൽ അയാളെ കാര്യമായി ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.

ഇതൊന്നും പക്ഷേ, കെമിസ്റ്റിനെ വല്ലാതെ വേവലാതിപ്പെടുത്തിയതായി കണ്ടില്ല. കുറച്ചു നാളത്തേക്കു കൂടി അയാൾ തന്റെ തകർന്ന ഫാർമസിയിൽ,  പൊട്ടിയ ജനാലച്ചില്ലുകൾക്കും വെട്ടിപ്പൊളിച്ച അലമാരകൾക്കും അടിച്ചുടച്ച ഭരണികൾക്കും നടുവിലിരുന്ന് രോഗികളെ കണ്ടിരുന്നു. പിന്നെ പെട്ടെന്നൊരു ദിവസം അയാൾ കടയടച്ച് തന്റെ പുസ്തകങ്ങൾക്കിടയിലേക്കു പിൻവാങ്ങി; അയാളെ പിന്നെ വളരെ അപൂർവ്വമായേ പുറത്തേക്കു കണ്ടിട്ടുള്ളു.

അയാൾ പഠനത്തിൽ മുഴുകിയിരിക്കുകയാണെന്ന് നാട്ടുകാർക്കെല്ലാം അറിയാമായിരുന്നു; വല്ലപ്പോഴുമൊക്കെ മുഖത്തൊരു പുഞ്ചിരിയുമായി അയാൾ കവല കടന്ന് പോസ്റ്റോഫീസിലേക്കു പോകുന്നത് അവർ കണ്ടിരുന്നു; പോസ്റ്റിൽ വരുന്ന പുതിയ പുസ്തകങ്ങൾ വാങ്ങാൻ പോവുകയാണ്‌.

കുറച്ചു കാലം കഴിഞ്ഞ് അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നെ ഒരു സാനിറ്റോറിയത്തിലേക്കു മാറ്റുകയും ചെയ്തു. കുറച്ചു കൊല്ലം അയാൾ സാനിറ്റോറിയത്തിൽ തന്നെയായിരുന്നു; അതിനു ശേഷം അയാളെക്കുറിച്ച് ആരും കേട്ടിട്ടുമില്ല.

സാനിറ്റോറിയത്തിൽ നിന്നു തിരിച്ചുവരുമ്പോൾ വൃദ്ധനായിക്കഴിഞ്ഞ പണ്ഡിതൻ വല്ലാതെ ശോഷിച്ചുപോയിരുന്നു. അയാളെ നോക്കാനായി തിരിച്ചുചെന്ന പ്രായമായ വേലക്കാരി എല്ലാവരോടും പരാതി പറഞ്ഞത് അയാൾക്ക് ആഹാരം കഴിക്കുന്നതിൽ തീരെ താല്പര്യമില്ലെന്നാണ്‌: തനിക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല എന്നു പറഞ്ഞിട്ട് അയാൾ ദിവസം മുഴുവൻ പുസ്തകങ്ങളിൽ മുഴുകി.

ദിവസം ചെല്ലുന്തോറും ചടച്ചുവരികയായിരുന്ന ആ മനുഷ്യൻ പുറത്തു പോകുന്നത് അപൂർവ്വമായി; ഗ്രാമത്തിലെ ആരെയും അയാൾക്കു കണ്ടിട്ടു മനസ്സിലാകാതെയുമായി; അവരിൽ കവലയിൽ വച്ച് വല്ലപ്പോഴും കണ്ടിരുന്ന ചീസ് ഫാക്ടറി മുതലാളിയുടെ (അയാൾ മരിച്ചുകഴിഞ്ഞിരുന്നു) മകളും ഉണ്ടായിരുന്നു. എന്നാലും അയാൾ ആരെന്നു നോക്കാതെ എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിക്കും; നായ്ക്കളെ കാണുമ്പോൾ അയാൾ തൊപ്പി ഉയർത്തി സലാം പറഞ്ഞിരുന്നുവെന്നുകൂടി ആളുകൾ പറയുന്നുണ്ട്.

വൃദ്ധയായ വേലക്കാരി മരിച്ചതോടെ അയാൾ ഒന്നും തന്നെ കഴിക്കാതായി എന്നതു വ്യക്തമായിരുന്നു; ആഴ്ചകൾ തുടർച്ചയായി അയാൾ ഉപവാസമെടുക്കുകയും ചെയ്തു. അതൊക്കെക്കാരണം പഠനമുറിയിൽ വച്ച് മരിച്ചുകിടക്കുന്നതായി അയാളെ കാണുമ്പോൾ (ഒരു പ്ലംബറാണ്‌ ആദ്യം കാണുന്നത്) പേരുണ്ടെന്നതൊഴിച്ച് അയാൾ വെറുമൊരു അസ്ഥികൂടമായിരുന്നു; എല്ലുകളിൽ പറ്റിപ്പിടിച്ച ചുളുങ്ങിയ തൊലി മാത്രമാണ്‌ അയാളുടേതായി ശേഷിച്ചത്.

ഒരു പുസ്തകത്തിന്റെ അവസാനത്തെ പേജിലേക്ക് കുനിഞ്ഞിരിക്കുകയായിരുന്നു അയാൾ; ഒരു കടലാസ്സുതുണ്ട് അവിടെ ഒട്ടിച്ചുവയ്ക്കാൻ നോക്കുന്നപോലെയായിരുന്നു.

വർഷങ്ങൾക്കു ശേഷം അയാളുടെ വലിയ പുസ്തകശേഖരം ഒരനന്തരവൾക്ക് അവകാശമായി കിട്ടി. പുസ്തകങ്ങൾക്കിടയിലൂടെ മറിച്ചുപോകുമ്പോൾ ആ പണ്ഡിതൻ തന്റെ ശിഷ്ടകാലം ജീവിച്ചതെങ്ങനെയാണെന്ന കാര്യത്തിൽ തനിക്കൊരു വെളിച്ചം കിട്ടിയതായി അവൾക്കു തോന്നി.

ഏതു കഥയും നോവലും ഇതിഹാസവും ശുഭമായി പര്യവസാനിക്കണമെന്നായിരുന്നു ആ മനുഷ്യന്റെ ആഗ്രഹം. ശോകാന്ത്യങ്ങളോ ദുഃഖത്തിലോ വിഷാദച്ഛായയിലോ ഒരു കഥ തീരുന്നതോ അയാൾക്കു താങ്ങാൻ പറ്റിയിരുന്നില്ല. അതിനാൽ വർഷങ്ങളായി അയാൾ സ്വയം സമർപ്പിച്ചത് താനറിയുന്ന എല്ലാ ഭാഷകളിലുമുള്ള നൂറിലധികം പുസ്തകങ്ങളുടെ അന്ത്യം മാറ്റിയെഴുതുന്നതിനാണ്‌. മാറ്റിയെഴുതേണ്ട ഭാഗത്തിനു മേൽ കടലാസ്സുതുണ്ടുകളോ ഷീറ്റുകളോ ഒട്ടിച്ചുവച്ച് കഥകളുടെ പരിണതി അയാൾ പാടേ മാറ്റിക്കളഞ്ഞു, ഒരു ശുഭാന്ത്യത്തിലേക്ക് അയാൾ അവയെ കൊണ്ടെത്തിച്ചു.

തന്റെ ജീവിതാന്ത്യത്തിലെ കുറേയധികം ദിവസങ്ങൾ അയാൾ ചിലവഴിച്ചത് എമ്മ മരിക്കുന്ന, മദാം ബോവറിയുടെ മൂന്നാം ഭാഗത്തെ എട്ടാം അദ്ധ്യായം മാറ്റിയെഴുതുന്നതിനായിരിക്കണം. പുതിയ പാഠത്തിൽ എമ്മ സുഖം പ്രാപിക്കുകയും ഭർത്താവുമായി പിന്നെയും ഒരുമിക്കുകയുമാണ്‌.

അയാളുടെ അവസാനത്തെ രചന പക്ഷേ, അയാൾ തന്റെ കൈയിൽ പിടിച്ചിരുന്ന ആ കടലാസ്സുതുണ്ടായിരുന്നു; വിശന്നു മരിക്കാറായ ആ ഘട്ടത്തിൽ ഒരു റഷ്യൻ നോവലിന്റെ ഫ്രഞ്ചു വിവർത്തനത്തിലെ അവസാനത്തെ വരിയിൽ ഒട്ടിച്ചുവയ്ക്കാൻ നോക്കുകയായിരുന്നു അയാളത്. അയാളുടെ മാസ്റ്റർപീസ് എന്നു പറയാവുന്നത് അതായിരിക്കണം; വെറും മൂന്നു വാക്കുകൾ പകരം വച്ച് ഒരു ദുരന്തകഥയെ ജീവിതപ്രശ്നങ്ങൾക്കുള്ള തൃപ്തികരമായ പരിഹാരമാക്കി അയാൾ മാറ്റിയെഴുതി.


ഗിയാന്നി ചെലാത്തി Gianni Celati ഇറ്റാലിയൻ എഴുത്തുകാരനും വിവർത്തകനും ഡോക്യുമെന്ററി സംവിധായകനും. 1937ൽ ഇറ്റലിയിലെ സോൻഡ്രിയോയൊൽ ജനിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിൽ താമസം. Adventures in Africa എന്ന യാത്രാവിവരണവും Appearances എന്ന നോവെല്ലകളുടെ സമാഹാരവും പ്രധാനപ്പെട്ട കൃതികൾ. ഈ കഥ Voices from the Plains എന്ന സമാഹാരത്തിൽ നിന്നാണ്‌.