ചൈനീസ് കവിത ചൈനയിലെ വൻമതിൽ പോലെ തന്നെയാണ്, മാവോ ത്‌സെ-ദുങ്ങിന്റെ കവിതകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിട്ടുള്ള വില്ലിസ് ബാൺസ്റ്റോൺ(Willis Barnstone) പറയുന്നു: ചരിത്രപരമായി നൈരന്തര്യം സൂക്ഷിക്കുന്ന, രൂപദൃഢതയുള്ള, വിശാലവീക്ഷണം നല്കുന്ന ഒരു നിർമ്മിതി. മാവോയുടെ കവിതകളും ആ വൻമതിലിന്റെ ഒരു ഭാഗം തന്നെ. വർഷങ്ങൾ നീണ്ട സമരങ്ങളും ആദ്യഭാര്യയുടെ മരണത്തെക്കുറിച്ചുള്ള നഷ്ടബോധവും ഒരു നവചൈനയെക്കുറിച്ചുള്ള സ്വപ്നങ്ങളും വിപ്ലവത്തിന്റെ ആത്യന്തികവിജയവുമൊക്കെയാണ് അദ്ദേഹം ആവിഷ്കരിക്കുന്ന പ്രമേയങ്ങളെങ്കിലും അതിനദ്ദേഹം ആശ്രയിക്കുന്നത് ചൈനീസ് കവിതാപാരമ്പര്യത്തിന്റെ സങ്കേതങ്ങളാണ്.
*
ഹുനാൻ പ്രവിശ്യയിലെ ഷാവോഷാങ്ങിൽ ഒരു കർഷകകുടുംബത്തിൽ 1893 ഡിസംബർ 26നാണ് മാവോ ത്‌സെ-ദുങ്ങ് ജനിക്കുന്നത്. കിങ്ങ് രാജവംശത്തിന്റെ പതനത്തിനും ചൈനീസ് ദേശീയതയുടെ ഉദയത്തിനും സാക്ഷിയായിരുന്നു അദ്ദേഹത്തിന്റെ കൗമാരകാലം. യൗവനാരംഭത്തിൽ ഹുനാൻ റിപ്പബ്ലിക്കൻ ആർമിയിലും കുറച്ചുകാലം അദ്ദേഹം സൈനികനായിരുന്നു. ഇക്കാലത്താണ് മാവോ സോഷ്യലിസ്റ്റ് ആദർശങ്ങളുമായി പരിചയപ്പെടുന്നത്. മാർക്സിന്റെ വർഗ്ഗസമരസിദ്ധാന്തവും ലെനിന്റെ സാമ്രാജ്യത്വവിരുദ്ധനിലപാടും പ്രമാണങ്ങളാക്കി ചൈനയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അവസ്ഥയുടെ പഠനത്തിലായിരുന്നു പിന്നീടദ്ദേഹം.
1921ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായപ്പോൾ അതിന്റെ സ്ഥാപകാംഗങ്ങളിൽ ഒരളായിരുന്നു മാവോ. ചിയാങ്ങ് കൈഷെക്കിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റുകളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ 1925ൽ അദ്ദേഹം ഹുനാനിൻലേക്കു മടങ്ങി. രണ്ടു കൊല്ലം കഴിഞ്ഞ് ഹുനാനിലെ ദരിദ്രമായ കാർഷികസമൂഹത്തെക്കുറിച്ചു പഠിച്ചതിൽ നിന്ന് മാവോ തന്റെ വിപ്ലവസിദ്ധാന്തത്തിന്റെ അടിസ്ഥാനാശയങ്ങളിൽ ഒന്നിലെത്തി: ചൈനയുടെ കമ്മ്യൂണിസ്റ്റ് വിപ്ലവം തുടങ്ങേണ്ടത് നഗരങ്ങളിൽ നിന്നല്ല, ഗ്രാമങ്ങളിൽ നിന്നാണ്.
1934-35ൽ നാഷണലിസ്റ്റ് കക്ഷിയിൽ നിന്നുള്ള ഭീഷണികൾക്കിടയിലും മാവോ യാൺഡുവിലേക്ക് ഒരു ലോങ്ങ് മാർച്ച് നയിച്ചു; അവിടം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനമാക്കുകയും മാവോ പാർട്ടിയുടെ ചെയർമാൻ ആവുകയും ചെയ്തു. ആ ദശകത്തിന്റെ അവസാനവർഷങ്ങളിലുണ്ടായ ജാപ്പനീസ് അധിനിവേശത്തെ ചെറുക്കാൻ അദ്ദേഹം നാഷണലിസ്റ്റ് പാർട്ടിയുമായി യോജിക്കുകയും ചെയ്തു.
1949ൽ റഷ്യയുടെ പിന്തുണയോടെ നാഷണലിസ്റ്റ് പാർട്ടിയെ തോല്പിച്ച് മാവോ അധികാരം പിടിച്ചെടുത്തു. “മാവോ ചിന്ത” കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രമായി. ഭൂപരിഷ്കരണത്തിനും ആദ്യത്തെ പഞ്ചവത്സരപദ്ധതിക്കും ശേഷം 1958ൽ ഏറെ ചർച്ചാവിഷയമായ “മുന്നോട്ടുള്ള കുതിച്ചുചാട്ടം” (The Great Leap Forward) എന്ന പരിഷ്കരണയജ്ഞം അദ്ദേഹം തുടങ്ങിവച്ചു. ചൈനയെ അതിവേഗം ആധുനികീകരിക്കുകയും വ്യവസായവത്കരിക്കുകയുമായിരുന്നു അതിന്റെ ലക്ഷ്യമെങ്കിലും രാജ്യം അതിനു നല്കേണ്ടിവന്ന വില കനത്തതായിരുന്നു: 1959-1962 കാലത്തുണ്ടായ ഭക്ഷ്യക്ഷാമത്തിൽ രണ്ടു കോടി ജനങ്ങളാണ് മരിച്ചത്. അതുകൊണ്ടും പക്ഷേ, മാവോയുടെ അധികാരത്തിന് ഇളക്കം തട്ടിയില്ല.
1960ലാണ് വിദ്യാഭ്യാസത്തിലെ പരിഷ്കരണപ്രസ്ഥാനം തുടങ്ങുന്നത്. അതു ചെന്നവസാനിക്കുന്നത് 1966-76ലെ സാംസ്കാരികവിപ്ലവത്തിലും. തൊഴിലാളിവർഗ്ഗം ഭരണം പിടിച്ചെടുത്താലും ചില ലിബറൽ ബൂർഷ്വാ ശക്തികൾ സോഷ്യലിസ്റ്റ് ചട്ടക്കൂടിനു ഭീഷണിയായി നിലനില്ക്കുമെന്നും അതിനാൽ സായുധവിപ്ലവത്തിനു ശേഷം ഒരു സാംസ്കാരികവിപ്ലവം കൂടി അനിവാര്യമാണെന്നും മാവോ വാദിച്ചു. അങ്ങനെ കമ്മ്യൂണിസ്റ്റ് അധികാരശ്രേണി നിലവിലിരിക്കെത്തന്നെ റെഡ് ഗാർഡുകൾ എന്ന പേരിൽ യുവജനങ്ങളുടെ സമാന്തരാധികാരകേന്ദ്രങ്ങളും നിലവിൽ വന്നു. അവർ സ്വന്തമായി വർഗ്ഗശത്രുക്കളെന്നു തങ്ങൾ ലേബലടിച്ചവരെ വിചാരണ ചെയ്തു ശിക്ഷിക്കാനായി കോടതികളും സ്ഥാപിച്ചു. ചൈനയുടെ ചരിത്രത്തിലെ ആ ഇരുണ്ട കാലത്ത് ലക്ഷക്കണക്കിനു പേരാണ് പീഡ്നത്തിനിരയാവുകയും മരിക്കുകയും ചെയ്തത്.
പല രോഗങ്ങൾക്കും അടിമയായിരുന്ന മാവോ 1976 സെപ്തംബർ 9ന് മരിച്ചു. പിന്നീടുള്ള കാലം ത്വരിതവികസനത്തിന്റെയും പരിഷ്കരണത്തിന്റെയും വർഷങ്ങളായിരുന്നു ചൈനയിൽ. മാവോ തെറ്റുകൾക്കതീതനായിരുന്നില്ല എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പില്ക്കാലത്തു വിലയിരുത്തി. അദ്ദേഹത്തിന്റെ ശരിതെറ്റുകൾ ശതമാനക്കണക്കിൽ 70-30 എന്ന സുരക്ഷിതാനുപാതത്തിൽ അവർ ഒതുക്കുകയും ചെയ്തു.
*
മാവോ കവിതകൾ എഴുതിയിരുന്നത് Ci എന്നും Shi എന്നും പേരുള്ള സാമ്പ്രദായികരൂപങ്ങളിലാണ്. കവിതയിൽ അദ്ദേഹത്തിന്റെ മാതൃകകൾ ചൈനീസ് കവിതയുടെ സുവർണ്ണകാലങ്ങളായ ടാങ്ങ് (618-907), സോങ്ങ് (960-1127) രാജവംശകാലങ്ങളിലെ മഹാന്മാരായ കവികളായിരുന്നു; അവരിൽത്തന്നെ ദു ഫുവും സു ദുങ്ങ്-പോയും. എന്നാൽ വിഷയസ്വീകാരത്തിൽ അവരിൽ നിന്ന് സമൂലമായ ഒരു വിച്ഛേദവും നമുക്കു കാണാം. മാവോയുടെ കവിതകൾ മിക്കതും വ്യക്തിനിഷ്ഠമല്ല; പ്രകൃതി, ചരിത്രം, പ്രപഞ്ചം, വിപ്ലവം, ചൈനയുടെ ഭാഗധേയം ഇതൊക്കെയാണ് പ്രധാനമായ പ്രമേയങ്ങൾ. പാരമ്പര്യവിഷയങ്ങളായ വേർപാടിന്റെ വേദന, കാലത്തിന്റെ ക്ഷണികസ്വഭാവം, മനുഷ്യാസ്തിത്വത്തിന്റെ നശ്വരത ഇവയൊക്കെ ചിലപ്പോൾ കടന്നുവരുന്നുണ്ടെങ്കിൽ അത് വിപുലമായ ഒരു പ്രമേയഘടനയുടെ അവലംബങ്ങളായി മാത്രമാണ്. അതിനൊരപവാദമാണ് ആദ്യഭാര്യയായ യാങ്ങ് കൈഹൂയിയെ പിരിഞ്ഞിരിക്കുമ്പോൾ 1921ൽ എഴുതിയ ‘തലയിണ’ എന്ന കവിത. അന്നു പക്ഷേ അദ്ദേഹം രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തിൽ മാത്രമായിരുന്നു. ആ കവിതയിൽ കാണുന്ന വൈകാരികാംശം പില്ക്കാലത്തുള്ള കവിതകളിൽ കാണാനേയില്ല. അവ പലപ്പോഴും രാഷ്ട്രീയരേഖകൾ മാത്രമാകുന്നുമുണ്ട്.
*
മാവോയുടെ കവിതകളുടെ സാഹിത്യമൂല്യം എത്രത്തോളം വരും? അഥവാ, ആ കവിതകളെ അവയുടെ ചരിത്രസാഹചര്യവും രാഷ്ട്രീയവിവക്ഷകളും അവഗണിച്ചുകൊണ്ട് വിലയിരുത്തുന്നതു ശരിയാണോ? മാവോ തന്നെയും തന്റെ കവിതകളെ ഗൗരവമായി കണ്ടിരുന്നില്ല എന്നു തോന്നുന്നു. അവ വെറും ‘കുത്തിക്കുറിക്കലുകൾ’ മാത്രമായിരുന്നു അദ്ദേഹത്തിന്. തന്റെ അറുപത്തഞ്ചാം വയസ്സിലാണ് അവ അച്ചടിക്കാൻ അദ്ദേഹം അനുമതി കൊടുക്കുന്നതു തന്നെ. പല കവിതകളും പ്രചരണസാഹിത്യമായി തരം താഴുന്നുണ്ടെങ്കിലും ചൈനയുടെ പ്രകൃതിസൗന്ദര്യത്തിന്റെ ഉജ്ജ്വലബിംബങ്ങൾ ചില കവിതകളെ പ്രകാശമാനമാക്കുന്നു; ചില കവിതകളിൽ ചൈനയുടെ പ്രാചീനചരിത്രത്തെ സമകാലികസന്ദർഭങ്ങളുമായി ചേർത്തുവയ്ക്കുന്നതിലെ മിടുക്കും കാണാതിരിക്കേണ്ട.
ചൈനീസ്, ജാപ്പനീസ് സംസ്കാരങ്ങളെ പാശ്ചാത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ പ്രധാനിയായിരുന്ന ആർതർ വാലിയോട് മാവോയുടെ കവിതകളെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്: “കവിത പെയിന്റിങ്ങ് ആണെങ്കിൽ ഞാൻ പറയും, മാവോ ഹിറ്റ്ലറേക്കാൾ കൊള്ളാമെന്ന്...എന്നാൽ ചർച്ചിലിന്റത്ര വരികയുമില്ല!”
Willis Barnstone on Translating Mao's Poetry