2016, ഏപ്രിൽ 23, ശനിയാഴ്‌ച

അന്ന കാമിയെൻസ്ക - നോട്ട് ബുക്കുകൾ - 2



ഒരിക്കലും വിഷാദം മാറാത്തവർക്ക്, വെയിലത്തിറങ്ങാൻ മടിച്ചവർക്ക് ദാന്തേ നരകമാണ്‌ മാറ്റിവച്ചത്.
*


ഫോട്ടോകൾ മരിക്കുന്നു. കുറേക്കാലം കഴിഞ്ഞാൽ അവ പിന്നെ മരിച്ചവരെ ഓർമ്മിപ്പിക്കുന്നതേയില്ല. ആദ്യമൊക്കെ ഓരോ ഫോട്ടോയും ഓരോ ആഘാതമായിരിക്കും. പിന്നീട് അവയ്ക്കെന്തോ മാറ്റം സംഭവിക്കുന്നു; അവ പിന്നെ വെളിവാക്കുന്നത് മുഖത്തിന്റെ ഒരു രൂപരേഖ മാത്രമാണ്‌, അതിന്റെ യാഥാർത്ഥ്യമല്ല.
*


സാർത്ര്: മറ്റൊരാളെ നോക്കുക എന്നാൽ അയാളെ വീഴ്ത്തുക എന്നാണ്‌, അയാളെ കീഴടക്കുക എന്നാണ്‌; ഒരാളെ കാണുമ്പോൾത്തന്നെ അയാളെ നിശ്ചേഷ്ടനാക്കാനും പരിശ്രമിക്കുകയാണ്‌ നാം.

നിങ്ങളുടെ നോട്ടം “കടന്നുപിടിക്കുമ്പോൾ” അയാൾ പിന്നെ ഒരു സ്വാതന്ത്ര്യമല്ലാതാവുകയാണ്‌; ആക്രമണത്തിന്റെ ആ നിമിഷത്തിൽ അയാൾ തറഞ്ഞുനിന്നുപോവുകയാണ്‌. അങ്ങനെ നിങ്ങൾ ഒരു “ഭീഷണി”യാവുന്നു, “ആരാച്ചാർ” ആവുന്നു, അന്യരുടെ “നരക”മാവുന്നു.

അന്യരെ “ഹിംസ്രമൃഗ”മായി കാണുന്ന ഈ ആശയത്തിനു വഴിപ്പെടുന്നവർ സർഗ്ഗാത്മകമായി മരവിക്കുകയും ചെയ്യുന്നു.
*


ജി.എൽ. എന്നെ വിളിക്കുന്നു- രണ്ടു കൊല്ലം മുമ്പ് ഞാൻ കണ്ട ഒരന്ധൻ. അദ്ദേഹം എന്റെ ഓരോ വാക്കും ഓർമ്മ വയ്ക്കുന്നു. അന്ധരുടെ ഏകാന്തത.
വാക്കു കൊണ്ട് അദ്ദേഹം തന്റെ ഏകാന്തതയിൽ നിന്ന് മുക്തി നേടുന്നു. അതു തന്നെയല്ലേ കവിതയുടെ സവിശേഷതയും? ഏകാകിയുടെ മുറവിളിയാണ്‌ കവിത.
എന്നും മനുഷ്യരുടെ സഹായം തേടുന്ന യാചകനാണ്‌ താനെന്ന് ജി.എൽ. പറയുന്നു.
അദ്ദേഹം എന്റെ കൈ പിടിയ്ക്കുന്നു. തന്റെ കൈ കൊണ്ടാണ്‌ അദ്ദേഹം കാണുന്നത്.
“സ്പർശമൊന്നിലൂടെ കരുണയൊഴുകുന്നു,” ഉടൽ എന്ന എന്റെ കവിതയിൽ നിന്ന്.
*


“മൗനത്തിന്റെ മാലാഖമാരുണ്ട്, രോഷത്തിന്റെ മാലാഖമാരുണ്ട്, പ്രജ്ഞയുടെ മാലാഖമാരുണ്ട്.”
*


പോളണ്ടിൽ ആളുകൾക്ക് കവിത ഇഷ്ടമല്ല. അതെന്തുകൊണ്ടാണങ്ങനെ? കവിതയെ ഞങ്ങൾ അടിമത്തവുമായി ബന്ധപ്പെടുത്തുന്നതാവാം ഭാഗികമായ കാരണം. കീഴടങ്ങലിന്റെ ഒരു നൂറ്റാണ്ടു കാലത്തു നഷ്ടപ്പെട്ടതൊക്കെ ഞങ്ങൾ തിരിച്ചു പിടിക്കാൻ നോക്കിയത് കവിതയിലൂടെ ആയിരുന്നു.

ഏറെക്കാലത്തേക്ക് അതെല്ലാമായിരുന്നു, ഇനിയത് ഒന്നുമാവരുത്.
*


നിങ്ങള്‍ക്കുള്ളത് കൊടുക്കുന്നതിൽ ഒരു കലയുമില്ല. നിങ്ങൾക്കില്ലാത്തത് കൊടുക്കുന്നതാണ്‌ കല. ഒഴിഞ്ഞ കൈകളുടെ ഉപഹാരം.
*


Tu fui, ego eris.*
ഞാൻ നീയായിരുന്നു- നീ ഞാനാകും.

ചെഹോവിച് അതിനെ ഇങ്ങനെ ഗംഭീരമായി പരാവർത്തനം ചെയ്യുന്നു:

“ഞാനൊരിക്കൽ ഈ നീയായിരുന്നു,
ഇനിയൊരിക്കൽ നീ ഈ ഞാനാകും.”
*


മരിച്ചവരുമായുള്ള സംസർഗ്ഗം ദൈവം ഇന്നതായിരിക്കുമെന്നുള്ള ഒരു സൂചന നമുക്കു നല്കുന്നു. എന്നാൽ നാമെന്തിന്‌ ദൈവത്തെ മരിച്ചവരുടെ ലോകത്തു പ്രതിഷ്ഠിക്കണം? നാമെന്തിനവനെ നമ്മുടെ പാതാളമാക്കണം?
*


നിങ്ങൾ കയറിയെത്തേണ്ട ഈ താഴ്വര ഏതാണ്‌?
നിങ്ങൾ ഇറങ്ങിച്ചെല്ലേണ്ട ഈ പർവ്വതം ഏതാണ്‌?
*


ഒരു പിടി കളിമണ്ണേ, നീയിവിടെ എന്തു ചെയ്യുന്നു, നീ എന്തിവിടെ തങ്ങിനില്ക്കുന്നു?
*


പെഡ്രോ അരുപ്പേയുടെ ജപ്പാനെക്കുറിച്ചുള്ള പുസ്തകത്തിൽ അമ്പെയ്ത്തിനെക്കുറിച്ച് ഉപയോഗപ്രദമായ ചില നിരീക്ഷണങ്ങൾ ഞാൻ കണ്ടു. ഒരു ജപ്പാൻകാരൻ ഒരു മിഷനറിയെ പരിശീലിപ്പിക്കുകയാണ്‌:

അച്ചോ, അങ്ങ് ഉന്നത്തെക്കുറിച്ചു ചിന്തിക്കുകയേ അരുത്, ഉന്നം ഇവിടെ വിഷയമേയല്ല. അതിൽ കൊള്ളിക്കുന്നതിനെക്കുറിച്ചു വേവലാതിപ്പെടുകയുമരുത്. അങ്ങൊന്നാമതായി ചെയ്യേണ്ടത് ഉന്നവുമായി ഒന്നാകാൻ യത്നിക്കുകയാണ്‌; എന്നിട്ടു പിന്നെ അങ്ങ് ശാന്തതയോടെ അമ്പയക്കുകയാണ്‌. അമ്പ് നേരേ ഉന്നത്തിൽ ചെന്നു തറയ്ക്കും. എന്നാൽ ഞാണിനു പകരം സ്വന്തം ഞരമ്പുകളാണങ്ങു മുറുക്കുന്നതെങ്കിൽ അതുന്നത്തിൽ കൊള്ളില്ലെന്നതിൽ അങ്ങ് സംശയിക്കുകയും വേണ്ട.

ഈ ഉപദേശം പല സന്ദർഭങ്ങളിലും ഉപകരിക്കും. ലക്ഷ്യം കൈവരാൻ അതിനെ ആനുഷംഗികമായി കാണുക. 

ചിലപ്പോൾ വേണമെന്നു വച്ചു ഞാൻ കവിത എഴുതാനിരിക്കും; എഴുതാൻ ഞാൻ കിണഞ്ഞു പരിശ്രമിക്കും; പക്ഷേ ഒരു ഫലവുമുണ്ടാവില്ല. എന്നാൽ കവിതയല്ല ലക്ഷ്യമെങ്കിൽ അതു താനേ വരുന്നതും കാണാം.
*


ഒരു ചൈനീസ് പഴമൊഴി: “വെള്ളം കുടിക്കുമ്പോൾ അതൂറിവന്ന ഉറവയെക്കൂടി ഓർക്കുക.”
*


എന്റെ കുട്ടീ, കുമ്പസാരം കേൾക്കുന്ന വികാരി പറയുന്നു, ഇതല്ലാതെന്താ നീ പ്രതീക്ഷിക്കുന്നത്? എന്നും കാലത്ത് നാം എഴുന്നേല്ക്കുന്നു, കുളിക്കുന്നു, ആഹാരം കഴിക്കുന്നു. അതുപോലെ തന്നെ എല്ലാ ദിവസവും നാം പാപം ചെയ്യുന്നു, ഒരേ പാപങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
*


അമിതവിനയം കാരണമാണ്‌ അയാൾ മരിച്ചത്.
*


പശുക്കളും കാളകളുമായി ഒരു ബീഭത്സസ്വപ്നം. ഇതെല്ലാം എവിടെ നിന്നു വരുന്നു? നാം ഉറക്കമല്ലാത്തപ്പോൾ നമ്മുടെ സ്വപ്നങ്ങൾ എങ്ങോട്ടു പോകുന്നു?
*


എന്റെ മരണത്തിന്റെ അർത്ഥമെന്തായിരിക്കും?
ഈ കുറിപ്പുകളുടെ അന്ത്യം.
*


ദൈവമുണ്ടാവാൻ സാദ്ധ്യതയുണ്ടോ?
ദൈവമില്ലെന്നാവുന്നതാണ്‌ അതിലും അസാദ്ധ്യം.

ഈ രണ്ടു സാദ്ധ്യതകളിൽ നിന്ന് നിങ്ങൾക്കു തിരഞ്ഞെടുക്കാം.
*


ഈ നോട്ട് ബുക്കിനെക്കുറിച്ചു ഞാൻ ആലോചിക്കുകയാണ്‌. ഇതൊരു ഓർമ്മക്കുറിപ്പല്ല. പ്രാധാന്യമുള്ളതൊന്നും ഇതിലില്ല. സംഭവങ്ങൾ ഞാൻ കുറിച്ചുവയ്ക്കുന്നില്ല, ആളുകളെക്കുറിച്ചോ പുസ്തകങ്ങളെക്കുറിച്ചോ എഴുതില്ല. ഇവ വെറും അടയാളങ്ങളാണ്‌, സൂചനകളാണ്‌; മണലിൽ, ജലത്തിൽ, വായുവിൽ കുത്തിക്കുറിച്ചവയാണ്‌. ചീളുകൾ, ചീവലുകൾ. ഒരൊച്ചിന്റെ വഴിത്താര.
*


ഓരോ കവിത എഴുതിക്കഴിഞ്ഞും പിയെത്താക്ക്* ദൈവത്തിനു നന്ദി പറഞ്ഞിരുന്നു. കടലാസ്സിന്റെ മാർജിനിൽ അദ്ദേഹം തന്റെ നന്ദി കുറിച്ചിടും. ആൾ ഒരു നിരീശ്വരവാദിയുമായിരുന്നു.
*


വിശ്വാസത്തിന്റെ ഊന്നുവടികളിൽ ഞൊണ്ടി ഞൊണ്ടി ഞാൻ നടക്കുന്നു.
*


ഒരു പ്രാർത്ഥന, അപ്രധാനമായ കാര്യങ്ങൾ അപ്പവും തീയും പോലെ നമുക്ക് പ്രധാനപ്പെട്ട കാര്യങ്ങളാവാൻ. മുതിർന്നപ്പോൾ വിട്ടുപോയ കുട്ടികൾ അമ്മമാരിലേക്കു മടങ്ങിച്ചെല്ലാൻ. മരണശിക്ഷ കാത്തു കഴിയുമ്പോൾ കിന്നരം വായിക്കാൻ പഠിച്ചുതുടങ്ങിയ സോക്രട്ടീസിനെപ്പോലെയാവാൻ.
*


എബിയോണൈറ്റുകളുടെ* സുവിശേഷത്തിൽ നിന്ന്: “ഒരു കല്ലു പൊക്കി മാറ്റിയാൽ അതിനടിയിൽ ഞാനുണ്ടാവും; ഒരു മരം വെട്ടിപ്പിളർന്നാൽ അതിനുള്ളിൽ ഞാനുണ്ടാവും.”
*


കാലം പരലായതാണ്‌ കവിത. നിമിഷങ്ങളുടെ ഒരു സഞ്ചയം, തേൻകൂടിന്റെ കവാടത്തിൽ തൊങ്ങിക്കിടക്കുന്ന തേനീച്ചകളെപ്പോലെ.
കവിതയുടെ ഉപ്പുപരൽ അടിയിലടിയാൻ ഏറെക്കാലമെടുക്കും.
*


സ്വപ്നങ്ങളിൽ ജലം പിന്നെയും. തെളിഞ്ഞ്, തെളിഞ്ഞ് പൂഴിയിലൂടതൊഴുകുന്നു, അടിയിൽ ഈൽ മത്സ്യങ്ങൾ നീന്തുന്നതു കാണാവുന്നത്ര തെളിഞ്ഞ്.
*


ഒരു വീടു നിറയെ കവിതകളുടെ തുണ്ടുകൾ, ഉപയോഗപ്പെടുത്താത്ത ആശയങ്ങൾ. ചിന്തകളുടെ ഒരു കിളിക്കൂട്; വാക്കിൽ പണിയെടുക്കുന്ന പരിശ്രമശാലിയായ ഒരു തച്ചൻ ശേഷിപ്പിച്ച മരപ്പൂളുകൾ. അവയുടെ സമൃദ്ധി എന്റെ അസ്തിത്വത്തിനു ചുറ്റും പത പോലെ കവിഞ്ഞൊഴുകുന്നു. ചില കവിതകൾ ജന്മമെടുക്കരുതെന്ന്, നിശ്ശബ്ദമാവണമെന്നു ഞാൻ നിശ്ചയിച്ചതെന്തിനെന്ന് എനിക്കറിയില്ല; ആ ചിന്തയല്ലാതെ ഈ ചിന്ത ഞാൻ എഴുതിവയ്ച്ചതെന്തിനെന്ന്.
*


“ഇഹലോക”ത്തെക്കുറിച്ചും “പരലോക”ത്തെക്കുറിച്ചും നാം പറയുന്നു. “പരലോക”ത്തിൽ, അതിന്റെ യാഥാർത്ഥ്യത്തിൽ വിശ്വസിക്കുന്നുവെന്നു പറയുന്നവരെയാണ്‌ നാം “വിശ്വാസികൾ”എന്നു വിളിക്കുന്നത്.

എനിക്ക് പരലോകത്തിൽ വിശ്വാസമില്ല. ലോകം ഒന്നാണ്‌. ഒറ്റ യാഥാർത്ഥ്യമാണ്‌. മരണം മറ്റൊരു ലോകത്തേക്കുള്ള കവാടമല്ല, അടഞ്ഞ കണ്ണുകൾ തുറക്കുകയാണതെന്നു വരാം.
*


കവിതയെ ഒരു ശ്മശാനമായി കാണുമ്പോൾ. മുഖങ്ങളുടെയും കൈകളുടെയും ചേഷ്ടകളുടെയും ഒരു ശ്മശാനം. മേഘങ്ങളുടെ, ആകാശത്തിന്റെ നിറങ്ങളുടെ ശ്മശാനം; കാറ്റുകളുടെ, ചില്ലകളുടെ, മുല്ലയുടെ(സ്വിഡ്നിക്കിലെ മുല്ല), മാഴ്സെയിൽസിലെ ഒരു പ്രതിമയുടെ, കരിങ്കടൽത്തീരത്തെ ഒരൊറ്റപ്പോപ്ളാറിന്റെ ശ്മശാനം; നിമിഷങ്ങളുടെയും മണിക്കൂറുകളുടെയും ഹോമദ്രവ്യങ്ങളായ വാക്കുകളുടെയും ശ്മശാനം. വാക്കുകളിൽ നിങ്ങൾക്കു നിത്യനിദ്ര ലഭിക്കുമാറാകട്ടെ, നിത്യനിദ്ര, സ്മൃതിയുടെ നിത്യവെളിച്ചം.
അസ്തമയങ്ങളുടെ, കൈകൾ ഇരുവശവും വീശിയോടുന്നതിന്റെ, ഇറക്കം കുറഞ്ഞ കുട്ടിയുടുപ്പിന്റെ, മഞ്ഞുകാലത്തിന്റെ, മഞ്ഞുകാറ്റുകളുടെ, കോണിപ്പടിയിലെ കാലൊച്ചകളുടെ, കണ്ണീർത്തുള്ളികളുടെ, ഗൗരവപ്പെട്ടൊരു കുമ്പസാരമടങ്ങുന്ന ഒരു കത്തിന്റെ, വെള്ളിമുഖങ്ങളുടെ, ചെരുപ്പുകടയുടെ, വേർപാടിന്റെ, വേദനയുടെ, ദുഃഖത്തിന്റെ ശ്മശാനം.

സർവ്വതും വാക്കുകളുടെ ആംബർ കല്ലറകളിൽ സുരക്ഷിതമായി സസ്ക്കരിക്കപ്പെട്ടു കിടക്കുന്നു. കടൽ, ആരുടെയോ കണ്ണുകളിൽ നിന്നിറ്റുന്ന ശോകം, വിട പറയൽ; ദൈവവിശ്വാസം, വരവുകളും പോക്കുകളും, മരണത്തേക്കാൾ ഭാരം തൂങ്ങുന്ന,മരണത്തേക്കാൾ മധുരിക്കുന്ന ഏകാന്തത. ഉത്കണ്ഠയും സമാധാനവും. നഗരത്തെരുവുകൾ. ഭൂഗർഭത്തിലെ ശവക്കല്ലറകളിൽ വച്ച് ഒരു സന്ന്യാസിയുടെ വയർ ഒരു സഞ്ചാരിയുടെ മേൽ ചെന്നിടിക്കുന്നു. ആദ്യകുർബ്ബാന. ആദ്യപ്രേമം. കടലിലെ ആദ്യത്തെ കൊടുങ്കാറ്റ്. ആദ്യരാത്രി.

ഒരു നായയുടെ കണ്ണുകൾ; ഒരു കണ്ണീർത്തുള്ളി തിളങ്ങിനില്ക്കുന്ന, മരിച്ചയാളുടെ അടയാത്ത കണ്ണുകൾ. ഓർമ്മകളുടെ ഉന്തുവണ്ടികൾ. മമ്മികൾ, പ്രതിമകളുടെ ഛേദിച്ച കൈകാലുകൾ. കാട്ടിൽ നിന്ന് ഒരു മാൻ പുറത്തുവന്ന് ഉറ്റുനോക്കിനില്ക്കുന്നു. ചിറകടിക്കുന്ന വാത്തുകളും നഗ്നപാദങ്ങളുമായി പുഴയ്ക്കു മേലൊരു നടപ്പാലം, പൂവിട്ട പാടങ്ങൾ. മുത്തശ്ശന്റെ മരണം, ശവപ്പെട്ടിയിൽ അദ്ദേഹത്തിന്റെ മേല്മീശ. ഒരു നായയുടെ മോങ്ങൽ.

ഓരോ ഇല വീഴുമ്പോഴും ജപിച്ച ജലവുമായി പുരോഹിതൻ ഓടിവരുന്നില്ലെന്നതിനാൽ. ബാല്യത്തിന്റെ കൂട്ടക്കല്ലറയിൽ അഴുകുന്ന ആപ്പിൾക്കഴമ്പുകൾ, കുഞ്ഞെല്ലിൻകൂടുകൾ, മരിച്ചുപോയ ചങ്ങാതി. ബസിയ ബർട്ട്മാൻസ്ക, അവളുടെ അച്ഛന്റെ കോപിച്ച മുഖം, ഉമ്മ വയ്ക്കാൻ നീട്ടിത്തന്ന മുത്തശ്ശന്റെ കൈത്തലം, വിശുദ്ധതയ്ക്കായുള്ള ദാഹം, മുൾച്ചെടികൾ, ഗ്രാമത്തിലെ വിശ്രമഗൃഹം, എട്ടുകാലികൾ, ഇരുളടഞ്ഞ പടവുകളിൽ ആൺകുട്ടികളുടെ ഇക്കിളി കൂട്ടലുകൾ.

ആ വെയിലും ആ മഴയും, മമ്മാ മമ്മാ, ആ മരങ്ങളും ആകാശവും. എന്റ ബാല്യകാലസ്വപ്നത്തിൽ മരിക്കുന്ന അമ്മ, മരിക്കുന്ന അമ്മയും അതു കണ്ടുനില്ക്കുന്ന ഞാനും, ജീവനോടെ, മുഴുവനായി, ഉദാസീനയായി ശേഷിച്ച ഞാൻ.

ദയാമയിയായ അമ്മ, ആളുകളുടെ സംരക്ഷക.

പിന്നെത്രയോ ജീവിതങ്ങൾ, മരങ്ങളുടെ വാർഷികവലയങ്ങൾ പോലെ, മണ്ണടരുകൾ പോലെ. ഇരുപതു വയസ്സിന്റെ ഇരുട്ടിൽ എനിക്കു ദൈവത്തെ നഷ്ടപ്പെട്ടു. വിശുദ്ധ അന്തോണീസേ, നഷ്ടപ്പെട്ട വസ്തുക്കളുടെ പാലകപുണ്യവാളാ, എനിക്കു നഷ്ടപ്പെട്ട ദൈവത്തെ കണ്ടുപിടിക്കാൻ തുണയ്ക്കേണമേ! വിശുദ്ധ അന്തോണീസേ, മുറ്റത്തു നിന്ന് അഗതികൾക്കായി ഭിക്ഷ സ്വീകരിക്കൂ.
*


തോമസ് മൂറിന്റെ* പ്രാർത്ഥന (“വിശുദ്ധ മലാക്കിയുടെ കത്തുക”ളിൽ സൈഹിയേവിച്ച് ഉദ്ധരിച്ചത്): 

“എനിക്കു നല്ല ദഹനശക്തി നല്കേണമേ ദൈവമേ, പിന്നെ, ദഹിക്കാൻ വേണ്ടുന്നതെന്തെങ്കിലും കൂടി.”


വിശുദ്ധതയുടെ വശീകരിക്കുന്ന സംയമത്വം.
*


ഒരു പുഴ സാവധാനം അതിന്റെ ഉറവയിലേക്കു മടങ്ങുന്നു. അതിൽ ദാഹം തീർത്തിട്ടല്ലാതെ അതിനു വിശ്രമിക്കാനാവില്ല, കടലിന്റെ ഇരുണ്ട ആഴങ്ങളിലേക്കു സ്വയം സമർപ്പിക്കാനാവില്ല.

ആ പുഴയെക്കുറിച്ച് ഞാനൊരു കവിതയെഴുതി; അത്ര പെട്ടെന്ന് അതെങ്ങനെ പൊന്തിവന്നുവെന്ന് എനിക്കത്ഭുതമായിരുന്നു. “തപസ്യയുടെ വിസ്മയം” - ഏതു കാരണം വച്ചായാലും കവിതയ്ക്കുചിതമായ നിർവചനം.
*


ഒരു കുഞ്ഞു പിറന്നാലെന്ന പോലത്തെ ആഹ്ളാദമാണ്‌ ഒരോ കവിതയും തന്നിരുന്നത്. ഇന്നു പക്ഷേ കവിതകൾ പിറക്കുന്നത് മരണാനന്തരമാണ്‌, അനാഥരായാണ്‌. ആരുമതിൽ സന്തോഷിക്കുന്നില്ല, ആരുമതിനെ ഒരു പിതാവിനെപ്പോലെ കൈകളിലെടുത്തുയർത്തുന്നില്ല. ആ ചേഷ്ടയിൽ നിറയുന്ന ദിവ്യമായ വാത്സല്യം!
*

ഭൂതകാലം ഒറ്റയടിക്ക് മാഞ്ഞുപോകുന്നില്ല. ഏറെ സമയമെടുത്ത്, ഏറെ വിഷമിച്ചാണ്‌ അതു മരിക്കുന്നത്. നമ്മുടെ ബാല്യവും ഗർഭജലവും ഗോത്രജ്ഞാനത്തിന്റെ മുദ്രകളും അജ്ഞാതമൃഗങ്ങളും നമ്മുടെ സ്വപ്നങ്ങളിൽ വന്നുപോകുന്നുണ്ടല്ലോ. നിത്യവും പുനഃസൃഷ്ടിക്കപ്പെടുന്ന ഭൂതകാലമാണ്‌ നമ്മുടെ വർത്തമാനകാലം.
*

യാഥാർത്ഥ്യങ്ങളുടെ ബഹുത്വം. മനുഷ്യർ കടന്നുപോകുന്ന, അവർ അധിവസിക്കുന്ന വിശാലതകൾ. ഒരേയൊരു യാഥാർത്ഥ്യത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയ പാവം ആത്മാക്കൾക്കു ഹാ, കഷ്ടം. ഒരു സാധാരണ മനുഷ്യൻ ഒരു യാഥാർത്ഥ്യത്തിൽ നിന്നു മറ്റൊന്നിലേക്കു കടക്കുന്നു, ഒരു മുറിയിൽ നിന്നു മറ്റൊരു മുറിയിലേക്കെന്ന പോലെ.
*


തീവണ്ടികൾ, സ്വപ്നങ്ങളിൽ തീവണ്ടികൾ മാത്രം. തീവണ്ടികൾ കണ്ടുപിടിക്കും മുമ്പ് ആളുകൾ സ്വപ്നം കണ്ടതെന്തായിരുന്നു?
*


പുതിയ നോട്ടുബുക്കിന്റെ തുടക്കത്തിൽ സിമോങ്ങ് വെയിലിന്റെ* ഒരു വാക്യം ഞാൻ പകർത്തിയെഴുതി; എന്നെ പൂർണ്ണമായി സംഗ്രഹിക്കുന്നതൊന്ന്: “പുതിയ കാര്യങ്ങൾ ഗ്രഹിക്കാൻ നിർബന്ധം കാണിക്കരുത്; പകരം സ്പഷ്ടമായ സത്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക, പൂർണ്ണമനസ്സോടെ, ക്ഷമയോടെ, ചിട്ടയോടെ.
പുതുമയ്ക്കായുള്ള നിരന്തരവും ആസുരവുമായ ഉദ്യമത്തിനോടും സ്പഷ്ടവും പ്രാഥമികവുമായ സത്യങ്ങളോടുള്ള അവജ്ഞയോടുമുള്ള ഒരു സംവാദമാണ്‌ ഈ വാക്യം.

അതുപോലെ എന്റെ കുറിപ്പുകൾ, ഈ ഒച്ചിന്റെ വഴിത്താരകൾ സിമോങ്ങിന്റെ ഒരു ചിന്തയുടെ സാക്ഷാത്കാരമാണ്‌. പുതുതായിട്ടൊന്നും ഞാൻ കണ്ടുപിടിക്കില്ല, അതിനെനിക്കു കഴിയുകയുമില്ല; സ്പഷ്ടസത്യങ്ങളുടെ മർമ്മത്തിലേക്കിറങ്ങിച്ചെല്ലണമെന്നേ എനിക്കാഗ്രഹമുള്ളു.
*


അയാൾ മരിച്ചു. അതെങ്കിലും അയാൾക്ക് രണ്ടാമതൊരിക്കല്ക്കൂടി ചെയ്യാൻ പറ്റില്ല!
*


വ്ളോഡ്സിമിയേഴ്സ് സ്ലൊബോഡ്നിക് പറഞ്ഞ കഥ: ആത്മഹത്യ ചെയ്ത ഒരു യഹൂദസ്നേഹിതൻ എനിക്കുണ്ടായിരുന്നു. അയാൾ കഴുത്തിൽ ഒരു കുരുക്കെടുത്തിട്ടു. എന്റെ സ്വപ്നങ്ങളിൽ അയാൾ കടന്നുവരുന്നു. എന്റ അച്ഛനെയോ അമ്മയെയോ സഹോദരനെയോ ഞാൻ സ്വപ്നം കാണാറില്ല. അയാളെ ഞാൻ സ്വപ്നം കാണുന്നു. ഞാൻ എഴുതുന്നു, പ്രസിദ്ധീകരിക്കുന്നു, പ്രസംഗിക്കുന്നു, അയാൾ അതൊന്നും ചെയ്യുന്നില്ല; അതിന്റെ അസൂയയാണയാൾക്ക്. മരണശേഷം ആത്മാവ് ശേഷിക്കുന്നുണ്ടാവണം; അല്ലെങ്കിൽ എന്തിനാണയാൾ മടങ്ങിവരുന്നത്?
*


യാദൃച്ഛികതകളാണ്‌ പലപ്പോഴും ശാസ്ത്രത്തിന്റെ ഗതി നിശ്ചയിക്കുന്നത്. എന്നാൽ ആ “യാദൃച്ഛികതകൾ” പൊരുളു തിരിച്ചെടുക്കാൻ സമർത്ഥനായ ഒരാൾ കൂടി വേണം. ജീവിതത്തിലെ യാദൃച്ഛികളുടെ കാര്യത്തിലും ഇതു ശരിയാണ്‌. അവയുടെ ലിപി നിങ്ങൾ വായിച്ചെടുക്കണം. 
*

റബ്ബി മോസെസ്* പറഞ്ഞു: “ദൈവസാന്നിദ്ധ്യത്തിൽ ഒരു വാക്കുച്ചരിക്കുമ്പോൾ നിങ്ങളെ പൂർണ്ണമായും അതിലേക്കു പ്രവേശിപ്പിക്കുക.” കേട്ടിരുന്ന ഒരാൾ ചോദിച്ചു: “വലിയ ഒരാൾ എങ്ങനെയാണ്‌ ഒരു കൊച്ചുവാക്കിൽ പ്രവേശിക്കുക?” “ഒരു വാക്കിനെക്കാൾ വലുതാണു താനെന്നു കരുതുന്ന ഒരാളുണ്ടെങ്കിൽ,” റബ്ബി പറഞ്ഞു, “അയാളെക്കുറിച്ചല്ല നാം ഈ സംസാരിക്കുന്നത്.”
*


റബ്ബി ഇസാക് മെയിർ* കുട്ടിയായിരുന്നപ്പോൾ അമ്മ അദ്ദേഹത്തെ കോഷ്നിറ്റ്സിലേക്കു കൊണ്ടുപോയി. അവിടെ വച്ച് ഒരാൾ അദ്ദേഹത്തോടു പറഞ്ഞു, “ഇസാക് മെയിർ, ദൈവം എവിടെയുണ്ടെന്നു പറഞ്ഞാൽ ഞാൻ നിനക്ക് ഒരു സ്വർണ്ണനാണയം തരാം.” ഇസാക് തിരിച്ചിങ്ങനെ പറഞ്ഞു, “അവനില്ലാത്തതെവിടെയെന്നു പറഞ്ഞാൽ ഞാൻ നിങ്ങൾക്കു രണ്ടു സ്വർണ്ണനാണയങ്ങൾ തരാം.”
*


ബാല്യകാലത്തെക്കുറിച്ചോർക്കുമ്പോൾ എനിക്കു ബോദ്ധ്യമാകുന്നു, എന്നെ ശരിക്കും സ്നേഹിച്ചിരുന്നത് മുത്തശ്ശി മാത്രമായിരുന്നുവെന്ന്. അമ്മയ്ക്ക് ഞങ്ങൾ ഒരുപാടു പേരുണ്ടായിരുന്നു; പിന്നെ തന്റെ പരേതരുടെ കാര്യവും നോക്കണമായിരുന്നു- ഭർത്താവ്, മകൻ. ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരാണ്‌ നമ്മുടെ ശ്രദ്ധ അപഹരിക്കുക; കാരണം, ജീവിച്ചിരിക്കുന്നവരുടെ കാര്യം നോക്കാൻ പിന്നെയും സമയമുണ്ടാകുമെന്ന് നാം കരുതുന്നു. നമുക്കുള്ളിൽ മരണാനന്തരജീവിതങ്ങൾ കെട്ടിപ്പടുക്കുന്ന തിരക്കിൽ നാം ചിലപ്പോൾ ജീവിച്ചിരിക്കുന്നവരുടെ കാര്യം മറന്നുപോകുന്നു.
*


ഇന്നു ഞാനൊരു ചില്ലുപാത്രമുടച്ചു.

ചിന്തയിൽ മുഴുകിപ്പോയതിനാൽ ബസ്സ്റ്റോപ്പും കടന്നു ഞാൻ നടന്നു. പിന്നെ ഒരു ടാക്സി പിടിച്ചു. അതിന്റെ ടയർ പഞ്ചറായി. പാതിവഴിയ്ക്ക് ഇറങ്ങി നടക്കേണ്ടിവന്നു. മുട്ട വേവിക്കുമ്പോൾ ഒരു പുസ്തകത്തിൽ മുഴുകിപ്പോയി. പാത്രം കരിഞ്ഞു വെടിക്കുന്ന ശബ്ദം കേട്ടാണ്‌ ബോധം വന്നത്.

ഉച്ച തിരിഞ്ഞിട്ടേയുള്ളു. രാത്രിയാകുമ്പോഴേക്കും എന്തൊക്കെ സംഭവിക്കാം?

പിന്നൊരു കാറും എന്നെ ഇടിച്ചിടേണ്ടതായിരുന്നു. ചിലപ്പോൾ എനിക്കു തോന്നാറുണ്ട്, അതും ശ്രദ്ധിക്കാതെ ഞാൻ നടന്നുപോകുമെന്ന്.
*


താളം കവിതയിലും ജീവിതത്തിലും ഒരേപോലെ- അതു വെറും ബാഹ്യമായ ഒരനുഷ്ഠാനമോ ഒരു ശൈലീഘടനയോ അല്ല. ചേതോവികാരങ്ങളുടെ, ഭാവനയുടെ, നിഗൂഢാവേഗങ്ങളുടെ, ചാഞ്ചല്യങ്ങളുടെ ഉൾത്താളങ്ങൾ കൂടി അത് പ്രതിഫലിപ്പിക്കുന്നുണ്ട്. താളം അച്ചടക്കത്തിന്റെ ഒരു രൂപം കൂടിയാണ്‌. അച്ചടക്കം ഒരു നൈതികസങ്കല്പവും. അതിനാൽ നമുക്ക് താളത്തിന്റെ നൈതികതയെക്കുറിച്ചു സംസാരിക്കുകയുമാവാം.
*


മെരുങ്ങിയ കടുവകൾ സോഫകളിൽ കിടന്നുറങ്ങുന്നു
ഭീതിദങ്ങളായവയെ വീട്ടുവകകളെ മെരുക്കാനുള്ള കാലമായി
നമ്മെ അതിജീവിക്കുമെന്നതിനാൽ ഭീതിദങ്ങളായവയെ
തറയെ ചുമരിനെ മെരുക്കുക
പ്രാപ്പിടിയന്റെ രൂപത്തിൽ നനഞ്ഞ പാടു പറ്റിയ കിടക്കയെ
കോപ്പകളെയും കിണ്ണങ്ങളെയും മെരുക്കുക
കുരിശ്ശുയുദ്ധങ്ങളിലേക്കുള്ള വഴിയിൽ
നാം ചവിട്ടിക്കയറിയ കസേരയെ
എല്ലാ കോണുകളേയും
അവ അഞ്ചിൽ കൂടുതലുമാണ്‌
ആശയങ്ങൾ പിറക്കുന്ന
തെളിഞ്ഞ മാനത്തു നിന്ന് വെള്ളിടികൾ പോലെ
സ്വപ്നങ്ങൾ വന്നു വീഴുന്ന മച്ചിനെ
രാത്രിയുടെ ചിലന്തിക്കണ്ണുകൾക്കടിയിൽ
പുലരും വരെ നാം സുഖമരണം വരിക്കുന്ന കിടക്കയെ
പാല്ക്കാരൻ കുപ്പി കിടുക്കുന്ന ഒച്ച
നമ്മുടെ ഉറക്കം കളയാതെയുമിരിക്കട്ടെ
*


എനിക്കിപ്പൊഴേ അറുപതു കഴിഞ്ഞോയെന്ന് രോയ്ക്കോവ ചോദിക്കുന്നു! വാർദ്ധക്യമല്ല, ഏകാന്തതയാണ്‌ എന്നെ അതിന്റെ അടുപ്പിലിട്ടു ചുട്ടെടുക്കുന്നത്.
*


ആരുടെയോ ശവമാടത്തിനു മേൽ കുനിഞ്ഞു നിന്നുകൊണ്ട് ഒരാൾ മനസ്സിൽ പരയുന്നു:“മറുവശത്ത് ജീവനുണ്ടോയെന്ന് എനിക്കറിയാൻ കഴിയാത്തതെന്തുകൊണ്ട്?” മണ്ണിനടിയിൽ നിന്നു നുഴഞ്ഞുകേറുന്ന പുഴു വിചാരിക്കുന്നു: “അങ്ങു മുകളിൽ ജീവനുണ്ടോ ഇല്ലയോ?”
*


ഇന്ന് എന്റെ “ചെറിയ വലിയവ”* എഴുതുമ്പോൾ എന്റെ ബാല്യം ഒരുണങ്ങാത്ത മുറിവാണെന്ന് ഞാൻ വ്യക്തമായി കാണുന്നു. അതുകൊണ്ടു തന്നെയാണ്‌ ഇതെഴുതാൻ ഞാൻ ഇത്ര പ്രയാസപ്പെടുന്നതും, ഇത് കഥയില്ലാത്ത വെറുമൊരു ബാലസാഹിത്യഗ്രന്ഥമാണെങ്കിലും, ആത്മകഥാപരമെന്നത് ഭാഗികമാണെങ്കിലും...
ബാല്യം എനിക്ക് ആഹ്ളാദിക്കാനുള്ള കാലമായിരുന്നില്ല, ഒരു നഷ്ടസ്വർഗ്ഗമായിരുന്നു.
വയലിൻ സംഗീതം കേൾക്കുമ്പോൾ നോവിക്കുന്നൊരു പിടുത്തം നെഞ്ചിൽ ഞാനറിയുന്നു. ആ വേദന എനിക്കു മനസ്സിലായില്ല. ആ വയലിൻ വായിക്കുന്നത് എന്റെ അച്ഛനാണ്‌. അച്ഛന്റെ മരണം എനിക്കു മനസ്സിലായില്ല, എനിക്കതുൾക്കൊള്ളാനായില്ല. പക്ഷേ ആ പ്രഹരം കനത്തതായിരുന്നു, അതിന്റെ പാടുകൾ ശേഷിക്കുകയും ചെയ്തു.
ഈ ബോധം കൊണ്ട് എന്റെ വേദന മാറുമോ? എന്നെനിക്കു തോന്നുന്നില്ല. അത് പിന്നീടുണ്ടായ വേദനകളേയും ആ ബാല്യകാലവിലാപത്തിൽ നങ്കൂരമിട്ടു കിടന്ന ശോകങ്ങളേയും തട്ടിയുണർത്തിയതേയുള്ളു. എന്റെ ആയുസ്സിൽ ഞാനിനി അനുഭവിക്കാനിരിക്കുന്ന എല്ലാ യാതനകളുടെയും ആദിരൂപമായിരുന്നു അത്. മരണത്തിന്റെ ചുവടുകൾ വച്ചാണ്‌ ഞാൻ ജീവിതത്തിലൂടെ നടക്കുന്നത്: അച്ഛൻ, സഹോദരൻ, അമ്മ, മുത്തശ്ശി, ഭർത്താവ്. ഒരു വംശമാകെ വഴിയരികിൽ മരിച്ചുവിഴുകയാണ്‌- ചുഴന്നുനില്ക്കുന്ന ശൂന്യതയിലേക്ക്.
*


മനുഷ്യന്റെ കൈകൾക്കാണ്‌ അവന്റെ മുഖത്തേക്കാൾ ബുദ്ധിയെന്ന് ചിലപ്പോൾ തോന്നും.
*


സ്നേഹിക്കപ്പെടാത്ത ഒരാൾ മരിക്കുന്നില്ല. ഉപയോഗപ്പെടുത്താത്ത കൈ പോലെ അയാൾ കൂമ്പിപ്പോവുകയാണ്‌.
*


കവിത ജന്മനാ “ശുദ്ധ”മായിരിക്കരുതെന്ന് ജൊവാന പി. പറയുന്നു. മണലിലും എക്കലിലും കല്ലുകളിലും കൂടി കടന്ന് അത് ശുദ്ധമാവണം. അതേ സമയം ശുദ്ധീകരിച്ച കവിതയെ തള്ളിപ്പറയുകയും മണലും എക്കലും മാത്രം ബാക്കിയാക്കുകയും ചെയ്യുന്ന കവികളുമുണ്ട്.
*


വാക്കുകളായി വിവർത്തനം ചെയ്ത വ്യക്തിയാണ്‌ കവി.
*


ദൈവത്തിനോ പരിശുദ്ധാത്മാവിനോ ഇന്നതിന്നതു വേണമെന്നു പറയുമ്പോൾ ആ പുസ്തകം ഞാൻ അവിടെ അടച്ചുവയ്ക്കുന്നു. ഗ്രന്ഥകർത്താവിന്‌ അറിവ് കൂടിപ്പോയി എന്നതിൽ സംശയിക്കാനില്ല.


പല്ലുവേദനയുടെ കാവൽമാലാഖയെപ്പോലെ ക്ഷമാശീലയാണ്‌ ഞാൻ.
*


“അന്യരുടെ ദൗർഭാഗ്യങ്ങൾ താങ്ങാനും മാത്രമുള്ള കരുത്ത് നമുക്കോരോരുത്തർക്കുമുണ്ട്.”
*


എനിക്കെന്റെ അച്ഛന്റെ വയലിൻ കണ്ടുപിടിക്കണം. ജെ. എഴുതി: “എനിക്കെന്റെ അച്ഛന്റെ ഊന്നുവടി കണ്ടുപിടിക്കണം, അതുമായൊന്നു നടക്കാൻ പോകണം.”
*


ഒരു തകർന്ന സ്മാരകശിലയിൽ ഒരു വാക്കു മാത്രം ശേഷിക്കുന്നു: എന്നെന്നും. സൂര്യനതിനെ നിസ്സാരമാക്കുന്നു, തിളങ്ങുന്നൊരു വിരൽ കൊണ്ട് അതു വെട്ടിക്കളയുന്നു.
*

*Tu fui, ego eris.സ്മാരകശിലകളിൽ കൊത്തിവയ്ക്കാറുള്ള ഒരു ലാറ്റിൻ വരി. 

Jozef Czehhowicz (1903-1939) - പോളിഷ് കവി.


*Pedro Aruppe(1907-1991)- സ്പാനിഷ് ജസ്യൂട്ട് പാതിരി

*Stanislaw Pietak- പോളിഷ് കവി

* Ebionites- ക്രിസ്തുവർഷത്തിന്റെ ആദ്യശതകങ്ങളിൽ പലസ്തീൻ ഭാഗത്തു നിലനിന്നിരുന്ന ഒരു ജൂത-ക്രൈസ്തവപ്രസ്ഥാനം.

* Swidnik- കിഴക്കൻ പോളണ്ടിലെ ഒരു നഗരം

*Thomas Moore(1779-1852)- ഐറിഷ് കവിയും ഗായകനും.

*Simone Weil-(1909-1943)- ഫ്രഞ്ച് ക്രിസ്ത്യൻ മിസ്റ്റിക് ചിന്തക.

* Rabbi Moses of Kobryn(1784-1858)-യഹൂദമിസ്റ്റിക് സംഘമായ ഹസീദിസത്തിലെ ഒരാചാര്യൻ

*Rabbi Isaac Meir(1799-1866)- Ger എന്ന ഹസീദ് വിഭാഗത്തിന്റെ സ്ഥാപകൻ

*കാമിയെൻസ്കയുടെ ഒരു കവിത


അഭിപ്രായങ്ങളൊന്നുമില്ല: