2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

റാബിയ - സൂഫി കവിതകൾ


റാബിയ അൽ ബസ്രി Rābiʻa al-ʻAdawiyya al-Qaysiyya എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സൂഫി മിസ്റ്റിക് ആണ്‌. സൂഫി പാരമ്പര്യത്തിലെ ആദ്യത്തെ സ്ത്രീയും ആദ്യത്തെ സൂഫി കവി തന്നെയും റാബിയ ആണെന്നു പറയുന്നവരുണ്ട്.

റാബിയയുടെ ജീവിതത്തെക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല. ഫരീദുദ്ദീൻ അത്തർ എന്ന പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി കവിയുടെ കൃതികളിൽ നിന്നാണ്‌ നാമിന്ന് അവരെക്കുറിച്ചറിയുന്നത്. ഇറാക്കിലെ ബസ്രയിൽ വളരെ പാവപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ചു. ക്ഷാമത്തിൽ അച്ഛനും അമ്മയും മരിച്ചപ്പോൾ കുട്ടിയായ റാബിയ ഒരു ധനികന്റെ അടിമയായി. ഒരു കഥയിൽ പറയുന്നത് ഒരു രാത്രിയിൽ റാബിയയുടെ യജമാനൻ ഞെട്ടിയുണർന്നപ്പോൾ അവൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നതായും അവളുടെ ശിരസ്സിനു മേൽ ഒരു വെളിച്ചം തങ്ങിനില്ക്കുന്നതായും അയാൾ കണ്ടുവെന്നാണ്‌. പേടിച്ചുപോയ അയാൾ അടുത്ത ദിവസം തന്നെ അവളെ മോചിപ്പിച്ചുവത്രെ. റാബിയയുടെ പില്ക്കാലജീവിതം മരുഭൂമിയുടെ ഏകാന്തതയിലായിരുന്നു.

ദൈവഭക്തി ദൈവത്തിനോടുള്ള പ്രണയമായി മാറുന്നത് റാബിയയിലാണ്‌. താനും ദൈവമെന്ന കാമുകനും മാത്രമുള്ള ഒരു സ്വകാര്യലോകമാണ്‌ അവരുടെ കവിത.


1

എന്നിൽ തൃപ്തനാവൂ, പ്രിയനേ,
എന്നാൽ തൃപ്തയാവും ഞാനും.

2

എന്റെ പ്രഭോ,
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു,
മനുഷ്യരുടെ കണ്ണുകളടയുന്നു,
കൊട്ടാരത്തിന്റെ വാതിലടഞ്ഞു,
കാമുകരൊന്നുചേരുന്നു.
ഇവിടെ,യേകാന്തത്തിൽ
നിന്റെയൊപ്പം ഞാനും.

3

നിന്റെ ദേശത്തൊരന്യ ഞാൻ,
നിന്റെ ഭക്തരിലേകാകിനി,
അതാണെന്റെ പരാതിയും.

4

എന്റെ പ്രഭോ,
ഒരു കാലത്തു നിന്നെ ഞാനെത്ര മോഹിച്ചു;
നിന്റെ വീടിന്റെ മുന്നിലൂടെ നടക്കാൻ പോലും ഞാൻ മടിച്ചു.
ഇന്നു നീയെനിക്കായി വാതിൽ തുറന്നുവയ്ക്കുമ്പോൾ
കടന്നുവരാൻ ഞാനയോഗ്യ.

5

പ്രഭോ, നീ-
എന്റെ ആനന്ദം
എന്റെ ദാഹം
എന്റെ ഭവനം
എന്റെ ചങ്ങാതി
എന്റെ പാഥേയം
എന്റെ യാത്രാന്ത്യം
എന്റെ പ്രത്യാശ
എന്റെ സഹയാത്രി
എന്റെ അതിമോഹം
എന്റെ തീരാനിധി.

6

നിന്നിൽ വന്നൊളിയ്ക്കട്ടെ ഞാൻ-
നിന്നിൽ നിന്നെന്റെ ശ്രദ്ധ തെറ്റിക്കുന്ന
സർവതിൽ നിന്നും,
നിന്നിലേക്കോടിയെത്തുമ്പോളെന്നെത്തടയുന്ന
സർവതിൽ നിന്നും.

7

നെഞ്ചിനും നെഞ്ചിനുമിടയിലൊന്നുമില്ല പ്രണയത്തിൽ,
വാക്കുകൾ പിറക്കുന്നതാസക്തിയിൽ നിന്നുമത്രേ.
രുചിയറിഞ്ഞതിന്റെ സത്യകഥനം:
രുചിയറിഞ്ഞവനറിയുന്നു,
വിവരിക്കുന്നവൻ പൊളി പറയുന്നു.
നിങ്ങളെ തുടച്ചുമാറ്റുന്ന ഒരു സാന്നിദ്ധ്യം:
അതിന്നതെന്നെങ്ങനെ വിവരിക്കാൻ നിങ്ങൾ?
അതിൽപ്പിന്നെയും നിങ്ങൾ ജീവിച്ചുപോവും,
ആ സാന്നിദ്ധ്യത്തിന്റെ ശേഷിപ്പായി,
ഒരു യാത്രയുടെ വടുക്കളായി.

8

ഉള്ള നേരം കൊണ്ടു ഞാന്‍
ദൈവത്തെ സ്നേഹിക്കും,
പിശാചിനെ വെറുക്കാന്‍
എനിക്കെവിടെ നേരം?

9

തുറക്കൂ, തുറക്കൂയെന്നു യാചിച്ചും കൊ-
ണ്ടെത്രകാലമിടിയ്ക്കും നിങ്ങൾ,
തുറന്നുകിടക്കുന്ന വാതിലിൽ!

10

ഗുരുവെന്നല്ലേ,
നിങ്ങളഭിമാനിക്കുന്നു?
എങ്കിൽ പഠിക്കൂ!

11

ദൈവമേ,
ഈ ലോകത്തെനിക്കു നീക്കിവച്ചത്
എന്റെ ശത്രുക്കൾക്കു നല്കിയാലും,
പരലോകത്തെനിക്കായിക്കരുതിയത്
നിന്റെ ഭക്തന്മാർക്കു നല്കിയാലും.
-നീ മാത്രമായി എനിക്കെല്ലാമായി.

12

ദൈവം നിന്നിൽ നിന്നു കവരട്ടെ,
അവനിൽ നിന്നു നിന്നെക്കവരുന്ന സർവതും.

13

ഒരു കൈയിൽ പന്തവും
മറുകൈയിൽ  തൊട്ടിയുമായി
ഞാൻ പോകുന്നു,
സ്വർഗ്ഗത്തിനു തീ കൊടുക്കാൻ,
നരകത്തിലെ തീ കെടുത്താനും.
മൂടുപടം വലിച്ചുകീറട്ടെ,
ഉന്നമെന്തെന്നു കാണട്ടെ,
ദൈവത്തിലേക്കുള്ള സഞ്ചാരികൾ.

14

പ്രഭോ,
ഞാനങ്ങയെ ആരാധിക്കുന്നതു നരകഭയം കൊണ്ടെങ്കിൽ
കെടാത്ത നരകത്തീയിലേക്കെന്നെയെറിയൂ,
ഞാനങ്ങയെ ആരാധിക്കുന്നതു സ്വർഗ്ഗേച്ഛ കൊണ്ടെങ്കിൽ
സ്വർഗ്ഗത്തിന്റെ വാതിലെനിക്കു കൊട്ടിയടയ്ക്കൂ.
നീയൊന്നു മാത്രമാണെന്റെയാരാധനത്തിനുന്നമെങ്കിൽ
എനിക്കു നിഷേധിക്കരുതേ, നിന്റെ നിത്യസൗന്ദര്യം.


അഭിപ്രായങ്ങളൊന്നുമില്ല: