2018, നവംബർ 30, വെള്ളിയാഴ്‌ച

റൂമിയുടെ കവിതകള്‍ - 7





കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു
പിന്തിരിയേണ്ട;
ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും
തിരയേണ്ട.
ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ
നിങ്ങൾ?
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ
നിങ്ങൾ?


*


മുന്നിലല്ല നാം, പിന്നിലാണു നാം.
മുകളിലല്ല നാം, താഴെയാണു നാം...
ചിത്രകാരന്റെ കൈയിലെ തൂലിക പോലെ
നാമെവിടെപ്പോകുമെന്നറിയില്ല നാം.


*


കാബായിലെ കല്ലിന്റെ കാര്യമെന്നോടു പറയേണ്ട,

ഞാൻ നെറ്റി മുട്ടിക്കുമിടം തന്നെയെനിക്കു കാബ;

ഇന്ന ദിക്കു നോക്കണമെന്നുമെന്നോടു പറയേണ്ട,

ആറു ദിക്കും നോക്കുന്നതവനെത്തന്നെ.

പൂങ്കാവുകൾ, തീനാളങ്ങൾ, വാനമ്പാടികൾ,

ദർവീശുകളുടെ നൃത്തം, ചങ്ങാത്തവും-

ഒക്കെ വലിച്ചെറിയുക,

അവന്റെ പ്രണയത്തിൽ വലിച്ചെറിയുക

നിങ്ങളെത്തന്നെ.


*


ശോകം കൊണ്ടു മഞ്ഞിച്ചതാണെന്റെ ഹൃദയം
-എന്തു കൊണ്ടെന്നോടു ചോദിക്കേണ്ട.
മാതളക്കുരു പോലെ പൊഴിയുകയാണെന്റെ കണ്ണീർ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.
എന്റെ വീട്ടിൽ നടക്കുന്നതൊക്കെ ആരറിയുന്നു?
എന്റെ വാതിൽപ്പടിയിൽ വീണുകിടക്കുന്നു ചോരത്തുള്ളികൾ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.


*


ജീവൻ തേടി ലോകം മുഴുവൻ നിങ്ങളലഞ്ഞു,
സ്വന്തം ഹൃദയത്തിനുള്ളിൽക്കിടന്നു നിങ്ങൾ മരിക്കും;
പുണരുന്ന കൈകളുടെ പ്രണയത്തിൽ നിങ്ങൾ പിറന്നു,
ആരോരുമില്ലാതെ നിങ്ങൾ മരിക്കും.
നീർത്തടത്തിനരികത്തു നിങ്ങൾ വീണുകിടക്കും,
ദാഹിച്ചു പൊരിഞ്ഞു നിങ്ങളുറക്കമാവും.
നിധിയുടെ പേടകത്തിനു മേൽ നിങ്ങളിരിക്കും,
ഒരു ചില്ലിയില്ലാതെ നിങ്ങൾ മരിക്കും.


*


നിങ്ങളിവിടെയെത്തിയിട്ടെത്ര നാളായി?
എന്നിട്ടെത്രവേഗം നിങ്ങൾ ജീവിതവുമായി ചങ്ങാത്തമായി!
മരണത്തെക്കുറിച്ചൊന്നു മിണ്ടാൻ പോലും
എനിക്കൊരിട നിങ്ങൾ തരുന്നതുമില്ല.
വീട്ടിലേക്കുള്ള പോക്കായിരുന്നു നിങ്ങൾ,
പാതിവഴിയെത്തിയതും,
നിങ്ങളുടെ കഴുത കിടന്നുറക്കവുമായി.


*


ചില്ലയിൽ നിന്നു ചില്ലയിലേക്കു ചാടുന്ന
കുരുവിയെപ്പോലാകരുതേ;
അവിടെയുമിവിടെയും നിങ്ങൾ പ്രണയത്തെത്തിരയുമ്പോൾ
ഉള്ളിൽ ഞാൻ കൊളുത്തിയ കനൽ കെട്ടുപോകും.


*


ശുദ്ധസത്തയുടെ വേദവാക്യം-അതു തന്നെ നീ.
തിരുമുഖത്തിന്റെ പ്രതിഫലനം-അതു തന്നെ നീ.
നിനക്കു പുറത്തൊന്നുമില്ല,
ഉള്ളിലേക്കു നോക്കൂ,
അവിടെയുണ്ട് നിനക്കു വേണ്ടതൊക്കെ- അതു തന്നെ നീ.


*


നിങ്ങൾക്കുള്ളിലെ കാട്ടുമൃഗത്തെ
നായാടിപ്പിടിയ്ക്കാൻ നിങ്ങൾക്കായാൽ
നിങ്ങൾക്കുള്ളതു തന്നെ
ശലോമോന്റെ സിംഹാസനം.


*


ഒരിക്കൽ നാണം കെട്ടുവെന്നതിനാൽ മാത്രം
പ്രണയത്തിൽ നിന്നൊളിച്ചോടുകയോ?


*


എത്ര നാളെടുക്കും നിങ്ങൾ,
ഞാനാരെന്നും
എന്റെ സ്ഥിതിയെന്തെന്നുമുള്ള
ചോദ്യങ്ങളിൽ നിന്നു
പുറത്തു കടക്കാൻ?


*


പ്രണയം പറഞ്ഞിട്ടു വേണം
പ്രണയത്തിന്റെ കഥ കേൾക്കാൻ;
കണ്ണാടി പോലതു മൂകം,
വാചാലവും.


*


ജിവിതത്തിന്നിന്ദ്രജാലത്തിലെ
ആനന്ദപ്പറവ നിങ്ങൾ.
കഷ്ടമേ! തുടലിട്ടു പൂട്ടാൻ,
കൂട്ടിലിട്ടടയ്ക്കാൻ
നിങ്ങൾ നിന്നുകൊടുത്തുവല്ലോ!


*


മനസ്സുകെട്ടു പോകരുതേ
പ്രണയം കൈവഴുതിപ്പോയാലും;
തേടിത്തേടി നടക്കൂ,
പൊരുതിക്കൈയടക്കൂ.


*


തടവിൽപ്പെടുന്നുവെങ്കിലതു
പാടുന്ന കിളികൾ തന്നെ;
കൂട്ടിലടച്ച കൂമന്മാരെ
കണ്ടിട്ടുണ്ടോ നിങ്ങൾ?


*


നിങ്ങളാണു രോഗമെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു ശമനൗഷധം.
നിങ്ങളാണു കതകടച്ച താഴെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു തുറക്കാനുള്ള ചാവി.
നിങ്ങളെന്തിനു മറ്റൊരാളാവാൻ നോക്കുന്നു?
സ്വന്തം മുഖം കാണുന്നില്ല നിങ്ങൾ,
സ്വന്തം സൗന്ദര്യം കാണുന്നില്ല നിങ്ങൾ.
മറ്റൊരു മുഖവുമില്ല നിങ്ങളുടെ സുന്ദരമുഖം പോലെ.


*


ഏദൻ തോട്ടത്തിൽ പാറിനടക്കേണ്ടൊ-
രാത്മാവല്ലേ നിങ്ങൾ?
പൊളിഞ്ഞ കുടിലിൽ ചടഞ്ഞുകിടക്കുന്ന-
തെന്തിണാണു നിങ്ങൾ?


*


ഞാൻ മരിക്കുന്ന നാൾ,
ശവക്കുഴിയിലേക്കെന്നെയെടുക്കുമ്പോൾ,
തേങ്ങിക്കരയരുതാരും,
‘പോയി! പോയി!’യെന്നു
വിലപിക്കരുതാരും.
പോകലല്ല മരണം.
സൂര്യനസ്തമിക്കുന്നുണ്ട്,
ചന്ദ്രനസ്തമിക്കുന്നുണ്ട്:
പോവുകയല്ലവ പക്ഷേ.
കൂടിച്ചേരലത്രേ മരണം.


*


കടലിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു നുര മാത്രം.
കാറ്റിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു പൊടി മാത്രം.



*

വരൂ, വരൂ,
എന്നെപ്പോലൊരു തോഴനെ എവിടെക്കിട്ടാൻ?
ഈ ലോകത്തു വേറുണ്ടോ എന്നെപ്പോലൊരു കാമുകൻ?
അലഞ്ഞും തിരഞ്ഞും കാലം കളയരുതേ.
വരണ്ട പാഴ്നിലമാണു നീ,
അതിൽ പെയ്തിറങ്ങേണ്ട മഴയാണു ഞാൻ.
നിലം പൊത്തിയ നഗരമാണു നീ,
അതു പുതുക്കിപ്പണിയേണ്ട തച്ചൻ ഞാനും.
വരൂ, വരൂ.


*


നിറഞ്ഞിട്ടും വക്കു വരണ്ടൊരു
കൂജയാവരുതേ നിങ്ങൾ;
രാവു മുഴുവൻ കുതിച്ചുപാഞ്ഞിട്ടും
താനിരുന്ന കുതിരയെ കാണാത്ത
സഞ്ചാരിയാവരുതേ നിങ്ങൾ.


*


അറിവു കൊണ്ടു മുക്തനാണു മാലാഖ,
അറിവുകേടു കൊണ്ടു മൃഗവും.
ഇടയ്ക്കു കിടന്നു പിടയാനത്രേ
മനുഷ്യപുത്രനു വിധിച്ചതും.


*


അന്യരിൽ നിങ്ങൾ കാണുന്ന പിഴകൾ പലതും
അവരിൽ പ്രതിഫലിക്കുന്ന നിങ്ങളുടെ പ്രകൃതം തന്നെ.
അന്യോന്യം മുഖം നോക്കുന്ന കണ്ണാടികളാണു വിശ്വാസികളെന്ന്
പ്രവാചകൻ പണ്ടേ പറഞ്ഞിട്ടുമുണ്ടല്ലോ.


*


തീരാത്ത നിധിയാണു നീ,
നാവേ!
തീരാവ്യാധിയുമാണു നീ,
നാവേ!


*


വിശന്നാൽ നായയെപ്പോലെ കുരച്ചുചാടും നിങ്ങൾ,
പള്ള നിറഞ്ഞാൽ ശവം പോലെ മലർന്നടിച്ചു കിടക്കും നിങ്ങൾ.
ചിലനേരം നായ, ചിലനേരം ശവം-
പറയൂ,
എങ്ങനെ നിങ്ങൾ സിംഹങ്ങളോടൊത്തു കുതിയ്ക്കും,
വിശുദ്ധന്മാരുടെ പിൻപേ പോകും?


*


ഒന്നുരഞ്ഞാൽ വെറി പിടിക്കുമെങ്കിൽ
എങ്ങനെ വിളക്കിയെടുക്കും
നിങ്ങളെന്ന കണ്ണാടി?


*


ആത്മാവിനുള്ളിലൊരാത്മാവുണ്ട്-
അതിനെത്തേടിപ്പിടിയ്ക്കുക.
പർവതഗഹ്വരത്തിലൊരു രത്നമുണ്ട്-
ആ ഖനി കണ്ടെത്തുക.
വഴി നടക്കുന്ന സൂഫീ,
പുറത്തല്ല, അകത്തു തിരയുക-
അതിനു കഴിവുണ്ടെങ്കിൽ.


*


ഒരു ഹൃദയത്തിൽ നിന്നൊരു ഹൃദയത്തിലേക്കു തുറക്കുന്ന
ജാലകമുണ്ടത്രേ.
ചുമരു തന്നെയില്ലെങ്കിൽപ്പിന്നെവിടെയാണു
ജാലകം?


*


പാറക്കെട്ടിൽ നിന്നുയർന്നുപൊങ്ങുന്ന
കഴുകനാണു നിങ്ങളെന്നു കരുതുക,
കാട്ടിലൊറ്റയ്ക്കു നടക്കുന്ന
കടുവയാണു നിങ്ങളെന്നും കരുതുക.
തീറ്റ തേടിയലയുമ്പോഴത്രേ
നിങ്ങൾക്കു സൗന്ദര്യമേറുന്നു.

ചങ്ങാത്തം വേണ്ടെന്നു വയ്ക്കൂ,
കുയിലുകളും മയിലുകളുമായി:
ഒന്നു വെറുമൊരു ശബ്ദം,
മറ്റേതൊരു നിറവും.


*


ഞാൻ ചെയ്യുന്നതെന്തെന്നെനിയ്ക്കറിയുമെന്നോ
നീ കരുതി?
ഒരു ശ്വാസത്തിന്റെ, ഒരു പാതിശ്വാസത്തിന്റെ നേരത്തി-
നെനിയ്ക്കുടമയാണു ഞാനെന്നും?
താനെഴുതുന്നതെന്തെന്നു പേനയ്ക്കറിയുമെങ്കിൽ!
താനിനി കുതിയ്ക്കുന്നതെവിടെയ്ക്കെന്നു
പന്തിനറിയുമെങ്കിൽ!


*


വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ
തുറന്നുവയ്ക്കുക.
പറന്നുനടക്കട്ടെയാത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.


*


ഈറ്റപ്പാടത്തു നിന്നൊരു തണ്ടു വലിച്ചെടുത്തൊരു വിദ്വാൻ
അതിനു തുളകളിട്ടു, മനുഷ്യനെന്നതിനു പേരുമിട്ടു.
അതിൽപ്പിന്നതു പാടിയും കരഞ്ഞും നടക്കുകയാ-
ണൊരു വേർപാടിന്റെ വേദനകൾ.


*


ഏതു കുതിരയ്ക്കുമൊരു ലായമുണ്ട്,
ഏതു കന്നിനുമൊരു തൊഴുത്തുണ്ട്,
ഏതു കിളിയ്ക്കുമൊരു കൂടുണ്ട്.
എല്ലാമറിഞ്ഞു ദൈവവുമുണ്ട്.


*


അസ്സലുള്ള മനുഷ്യനാണു നിങ്ങളെങ്കിൽ
പ്രണയത്തിനു പണയം വയ്ക്കുക സർവതും.

അതിനാവില്ല നിങ്ങൾക്കെങ്കിൽ
ഈ കൂട്ടു വിട്ടു പൊയ്ക്കോളൂ.

പാതിമനസ്സു കൊണ്ടെത്തില്ല,
ആ മഹിമാവെന്നോർക്കുക.

ദൈവത്തെത്തേടിയിറങ്ങിയതല്ലേ,
എന്തിനു പിന്നെത്തങ്ങണം
വഴിവക്കിലെ വേശ്യാലയങ്ങളിൽ?


*


അന്യോന്യം മുഖം നോക്കി
ഒരായുസ്സു നാം കഴിച്ചു.
ഇന്നുമതങ്ങനെതന്നെ.

എങ്ങനെ കാക്കും നാം
നമ്മുടെ പ്രണയരഹസ്യം?
പുരികങ്ങൾ കാര്യം പറയുന്നു,
കണ്ണുകളതു കേള്‍ക്കുന്നു.


*


കുടിലമായ തർക്കമല്ല
പ്രണയത്തിന്റെ രീതികൾ.
ഉന്മൂലനത്തിന്റേതാണാ വാതിൽ.

മാനത്തു കിളികൾ വരയ്ക്കുന്നു
സ്വാതന്ത്ര്യത്തിന്റെ മഹാവൃത്തങ്ങൾ.
അവയ്ക്കാപ്പഠിപ്പെവിടുന്നു കിട്ടി?

വീഴുകയായിരുന്നവ,
വീണുവീണു വരുമ്പോൾ
അവയ്ക്കു ചിറകും കിട്ടി.


*


ഈയാത്മാവെനിയ്ക്കാരു തന്നു?
പ്രാപ്പിടിയനെപ്പോലെന്റെ കണ്ണുകെട്ടിയവൻ;
വേട്ടയാടാനെന്നെയഴിച്ചുവിടും
ഇനിയധികം വൈകാതെയുമവൻ.


*


ഏതു വലുത്, ആയിരങ്ങളുടെ കൂട്ടമോ,
നിങ്ങളുടെ തനിച്ചിരിപ്പോ?
സ്വാതന്ത്ര്യമോ, ഒരു ദേശത്തിനു മേലധികാരമോ?
സ്വന്തം മുറിയിലല്പനേരമടച്ചിരുന്നാൽ
ഏതിലുമുന്നതമതൊന്നുതന്നെ.


*
കൈനീട്ടിയാലെത്തില്ല
മാന,മതിനാൽ
മുട്ടുകുത്തി നിലത്തെ
പുണരുന്നു ഞാൻ.

*


ഇടിവെട്ടും പോലുച്ചരിച്ചു ഞാൻ
കടലിന്റെ നിഗൂഢതകൾ,
പിന്നെത്തീരത്തനക്കമറ്റുറങ്ങി ഞാൻ
പെയ്തൊഴിഞ്ഞ മേഘം പോലെ.


*


കാലം വെട്ടിച്ചുരുക്കുന്നു
മനുഷ്യന്റെ മദിരോത്സവം,
മരണത്തിൻ ചെന്നായ പതുങ്ങുന്നു
ആട്ടിൻപറ്റത്തിൽ ചാടിവീഴാൻ.


*


ഈ നിമിഷം മനസ്സിലോർത്തുവയ്ക്കൂ,
ഈ നിമിഷം വിട്ടുപൊയ്ക്കഴിഞ്ഞാൽ
അതു പോയ വഴി തേടി നീ നടക്കും
ഒരുനൂറു വിളക്കും കണ്ണുമായി.


*


കടലിലുപ്പലിയുമ്പോലെ
ദൈവത്തിൻ കടലെന്നെ വിഴുങ്ങി,
ഇന്നെനിക്കില്ല വിശ്വാസ,മവിശ്വാസം,
സന്ദേഹം, തീർച്ചകളും.


*


എന്റെയുള്ളിൽപ്പൊടുന്നനേ
കൺതുറന്നൊരു ദീപ്തതാരം,
ആ വെളിച്ചത്തിൽപ്പൊലിയുന്നു
മാനത്തെ നൂറു സൂര്യന്മാർ.


*


അന്യരെ പകർത്തിയെഴുതി
തന്നത്താനറിയാൻ ശ്രമിച്ചു ഞാൻ.


*

ഇന്നാളെന്നാളുമെന്ന പോലെ
ചകിതരായ,ന്തസ്സാരശൂന്യരായ്
ഉറക്കം വിട്ടെഴുന്നേൽക്കുന്നു നാം.
എന്നിട്ടോടിപ്പോയി
ഗ്രന്ഥം തുറന്നു വായിക്കുകയോ?
ഒരോടക്കുഴൽ കൈയിലെടുക്കൂ.
നാം സ്നേഹിക്കുന്ന സൗന്ദര്യമാകട്ടെ,
നാം ചെയ്യുന്ന ചെയ്തികൾ.
മുട്ടുകുത്താൻ, നിലം മുത്താൻ
ഒരുനൂറല്ല രീതികൾ.


*


രാവും പകലുമൊരേപോലെ
ഓടക്കുഴലിന്റെ തെളിനാദം.
അതു മായുമ്പോൾ മായും നാം.


*


കവിതകളിലെ സാന്നിദ്ധ്യങ്ങൾക്കു കാതു കൊടുക്കൂ,
അവ കൊണ്ടുപോകുമിടത്തേക്കു പിൻപു ചെല്ലൂ.
ആ ഗൂഢമന്ത്രങ്ങളെയനുസരിക്കൂ,
ഇരിക്കുമിടം വിട്ടു പോകേണ്ട പിന്നെ.


*


നിന്റെ വെളിച്ചത്തിൽ
പ്രണയിക്കാൻ പഠിക്കുന്നു ഞാൻ,
നിന്റെ സൗന്ദര്യത്തിൽ
കവിതകളെഴുതാനും.
ആരും കാണാതെന്റെ നെഞ്ചിൽ
നൃത്തം വയ്ക്കുകയാണു നീ.
ചിലനേരമെന്നാൽ
എന്റെ കണ്ണിൽപ്പെടുന്നു നീ,
ആ കാഴ്ച ഈ കലയുമാകുന്നു.


*


തെളിഞ്ഞതാകട്ടെ നിന്റെ ഗാനം,
അത്ര ബലത്തതുമാകട്ടെ;
അതു സാഷ്ടാംഗം വീഴ്ത്തട്ടെ
ഷാഹൻഷായെ നിൻപടിക്കൽ.


*


പ്രണയത്തിന്റെ കശാപ്പുശാലയിൽ
അവർ കൊല്ലുന്നതു കൊഴുത്തവയെ,
അവർക്കു വേണ്ട മെലിഞ്ഞവയെ,
കോലം കെട്ട ജന്തുക്കളെ.
ഈ മരണത്തിൽ നിന്നോടിപ്പോകരുതേ.
പ്രണയത്തിൻ കത്തി വീഴാത്തവൻ
ഉയിരു കെട്ട മാംസത്തുണ്ടം.


*


കുടിയന്മാർക്കു ഭടന്മാരെ പേടി,
കുടിയന്മാരാണു ഭടന്മാരും പക്ഷേ.
ചതുരംഗത്തിലെ കരുക്കളിവർ,
ദേശക്കാർക്കിഷ്ടമിരുവരെയും.


*


അകമില്ല, പുറമില്ല,
ചന്ദ്രനില്ല, മാനമില്ല, മണ്ണുമില്ല.
കൈയിൽത്തരേണ്ട മദ്യക്കോപ്പ,
നേരേ വായിലേക്കൊഴിച്ചോളൂ.
വായിലേക്കുള്ള വഴി ഞാൻ
മറന്നേപോയി.


2018, നവംബർ 28, ബുധനാഴ്‌ച

റൂമി - മത് നവിയില്‍ നിന്ന്


images

വാക്കുകളിൽ നിന്നാണോ നിങ്ങൾക്കു തീർച്ചയായത്,
തീയെന്നൊരു വസ്തു ഉണ്ടെന്ന്?
എങ്കിൽ തീർച്ചയുടെ ആ ഘട്ടത്തിൽത്തന്നെ നില്പു പിടിക്കരുതേ!
-തീയെടുത്തു തിന്നു നോക്കൂ!
തീയിൽ വെന്തതിനേ തീയുടെ തീർച്ചയുമുള്ളു.
ആ തീർച്ചയാണോ നിങ്ങൾക്കു വേണ്ടത്?
എങ്കിൽ തീയിൽ കയറിനിൽക്കൂ!


*

മറഞ്ഞ വസ്തുക്കൾക്കു വെളിപ്പെടാൻ അവയുടെ വിപരീതങ്ങൾ വേണം; ദൈവത്തിനു വിപരീതമില്ലാത്തതിനാൽ അവൻ മറഞ്ഞുതന്നെ കിടക്കും...നമ്മുടെ കണ്ണുകൾ അവനെ കാണില്ല; നോക്കുന്ന കണ്ണുകളെ അവൻ കാണുന്നുമുണ്ട്!


*

ശലോമോൻ വന്നു കൂടാരമുറപ്പിച്ചപ്പോൾ അവനെ വണങ്ങാൻ കിളികൾ കൂട്ടമായി വന്നു. തങ്ങളുടെ ഭാഷ തന്നെയാണ്‌ അവനും സംസാരിക്കുന്നതെന്നു കണ്ടപ്പോൾ അവയോരോന്നായി അവന്റെ സവിധത്തിലേക്കു പാഞ്ഞു. കിളികളുടെ ചിലയ്ക്കൽ തീർന്നു; ശലോമോന്റെ സാന്നിദ്ധ്യത്തിൽ അവയുടെ ഭാഷ സ്ഫുടവുമായി. ഒരേ ഭാഷ സംസാരിക്കുകയെന്നാൽ അതു തന്നെ സാഹോദര്യവും മമതയും. അന്യോന്യസംസാരം നമുക്കു പറ്റുന്നില്ലെങ്കിൽ ചങ്ങലയിൽ കിടക്കുന്ന തടവുകാരെന്നേ നമ്മെ പറയാനുള്ളു.


*

സ്വർഗ്ഗത്തു ചെല്ലുമ്പോൾ മുള്ളുകളാണു നിങ്ങൾ നോക്കിനടക്കുന്നതെങ്കിൽ നിങ്ങൾ കണ്ടെടുക്കുന്ന മുള്ളു നിങ്ങൾ തന്നെയായിരിക്കും.


*

ദൈവം പനിനീർപ്പൂവിനോടു പറഞ്ഞത്,
വിടർന്ന ഭംഗിയോടതിനെച്ചിരിപ്പിച്ചത്-
ദൈവമതെന്റെ ഹൃദയത്തോടും പറഞ്ഞു,
പൂവിലും നൂറു മടങ്ങതിനു ഭംഗിയും നൽകി.


*

താടിമീശയും വൃഷണവുമുള്ളതിനാല്‍

താനൊരു പുരുഷനാണ്,

എന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ,

ഏതു മുട്ടാടിനും അതൊക്കെയില്ലേ,

നിങ്ങള്‍ക്കുള്ളതിലുമധികമായി?


*

ആരോ പറഞ്ഞു, “ഞാനെന്തോ മറന്നു.” മറക്കരുതാത്തതായ ഒന്ന് ഈ ലോകത്തുണ്ട്. അതൊന്നൊഴികെ എന്തും നിങ്ങൾക്കു മറക്കാം; അതിൽ വേവലാതിപ്പെടാനുമില്ല. മറ്റെല്ലാം നിങ്ങൾക്കോർമ്മയുണ്ടായിരിക്കുകയും അതൊന്നുമാത്രം മറന്നുകളയുകയും ചെയ്താൽ: നിങ്ങളൊന്നും നേടിയിട്ടില്ലെന്നേ വരൂ. ഒരു ദൗത്യവുമേൽപ്പിച്ചു രാജാവു നിങ്ങളെ ഗ്രാമത്തിലേക്കു വിടുമ്പോലെയാണത്. നിങ്ങളവിടെ ചെല്ലുകയും മറ്റൊരു നൂറു ജോലികൾ ചെയ്യുകയും നിങ്ങളെയേൽപ്പിച്ച ദൗത്യം നിറവേറ്റാതെ പോരുകയും ചെയ്താൽ നിങ്ങൾ യാതൊന്നും ചെയ്യാത്ത പോലെയാണത്. അപ്പോൾ മനുഷ്യജീവി ലോകത്തു വന്നിരിക്കുന്നത് കൃത്യമായ ഒരുദ്ദേശ്യവും ലക്ഷ്യവും വച്ചിട്ടാണ്‌. ആ ഉദ്ദേശ്യം അവൻ നിറവേറ്റുന്നില്ലെങ്കിൽ അവൻ യാതൊന്നും ചെയ്തിട്ടില്ല.


*

ഏതങ്ങാടിച്ചരക്കിന്റെയും വില നിങ്ങൾക്കറിയാം,
സ്വന്തമാത്മാവിന്റെ വില നിങ്ങൾക്കറിയില്ലെന്നേയുള്ളു.
ഭാഗ്യനക്ഷത്രങ്ങളേതൊക്കെ,
അശുഭനക്ഷത്രങ്ങളേതൊക്കെയെന്നു നിങ്ങൾക്കു നല്ല തിട്ടമാണ്‌;
താൻ ഭാഗ്യവാനോ ഭാഗ്യഹീനനോയെന്നു
നിങ്ങൾക്കറിയുകയുമില്ല.
സർവശാസ്ത്രങ്ങൾക്കും സാരമിതൊന്നുതന്നെ-
അന്ത്യവിധിയുടെ നാളു വന്നുചേരുമ്പോൾ
താനാരാകുമെന്നു താനറിഞ്ഞിരിക്കണം.


*
സുന്ദരവും പ്രസന്നവുമാണു സർവതുമെങ്കിൽ,
കാണുന്നവന്റെ കണ്ണിനു വേണ്ടിത്തന്നെയത്.


*

ഒരു രാജാവ് ഒരു ദർവീശിനോടു പറഞ്ഞു, “അങ്ങയ്ക്കു ദൈവസാമീപ്യം കിട്ടുമ്പോൾ എന്നെക്കൂടി ഓർക്കേണമേ.“ അതിനു ദർവീശ് ഇങ്ങനെ പറഞ്ഞു, ”ആ സാമീപ്യത്തിലേക്കു ഞാനെത്തുമ്പോൾ, ആ സൂര്യന്റെ വെളിച്ചമെന്നിൽ വീഴുമ്പോൾ, എനിക്കെന്നെത്തന്നെ ഓർമ്മയുണ്ടാവില്ല. പിന്നെ ഞാനെങ്ങനെ നിങ്ങളെയോർക്കാൻ?“


*

ദൈവം നിങ്ങളോടു പറയുന്നു, “നിന്നെ ഞാൻ വിലയ്ക്കു വാങ്ങാം...നിന്റെ നിമിഷങ്ങൾ, നിന്റെ ശ്വാസങ്ങൾ, നിന്റെ സമ്പാദ്യങ്ങൾ, നിന്റെ ജീവിതങ്ങൾ. നീ അവയെന്റെമേൽ ചെലവഴിക്കുക. അവയെ എന്റെ നേർക്കു തിരിയ്ക്കുക. വിലയായി സ്വാതന്ത്ര്യവും പ്രസാദവും ജ്ഞാനവും ഞാൻ നൽകാം. എന്റെ കണ്ണുകളിൽ നിന്റെ മൂല്യമതത്രെ.” എന്നാൽ ജീവിതം നാം നമ്മിലേക്കൊതുക്കുകയാണെങ്കിൽ നമുക്കായി മാറ്റിവച്ച നിധികൾ നമുക്കു കിട്ടാതെപോകുന്നു. നൂറു വരാഹൻ വിലയുള്ള കഠാര ചുമരിലടിച്ചുകേറ്റി, അതിൽ ഒരു ചുരയ്ക്കാത്തൊണ്ടു തൂക്കിയിടുന്നവനെപ്പോലെയാവുകയാണു നാം: തന്റെ മഹാനിധിയ്ക്ക് ഒരാണിയുടെ വിലയേ അയാള്‍ കണ്ടുള്ളു.

*
വൈദ്യൻ നിങ്ങളുടെ നാഡി നോക്കുന്നത് അയാൾക്കൊരു ചോദ്യമുള്ളതുകൊണ്ടാണ്‌. അയാളുടെ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ നാഡിയുടെ മിടിപ്പിൽ മൂകമായി കിടപ്പുണ്ട്. മണ്ണിൽ ഒരു വിത്തു കുഴിച്ചിടുക എന്നത് ഒരു ചോദ്യമാണെങ്കിൽ ആ ചോദ്യത്തിനുള്ള ഉത്തരമാണ്‌, വാക്കുകളില്ലാത്ത ഉത്തരമാണ്‌, വളർന്നുവരുന്ന മരം. ഉത്തരങ്ങൾ വാക്കുകളില്ലാത്തതാകുമ്പോൾ ചോദ്യങ്ങളും വാക്കുകളില്ലാത്തതാവണം.

2018, നവംബർ 12, തിങ്കളാഴ്‌ച

ക്നുട്ട് ഹാംസൺ - ജിവിതത്തിന്റെ വിളി


knut hamsun1

കോപ്പൻഹാഗെൻ തുറമുഖത്തിനടുത്തായി വെസ്റ്റെർവോൾഡ് എന്നു പേരുള്ള ഒരു തെരുവുണ്ട്; താരതമ്യേന പുതിയതെങ്കിലും ആൾപ്പെരുമാറ്റം കുറഞ്ഞ, വീതിയേറിയ ഒരു വഴി. വീടുകൾ വളരെ ചുരുക്കമായേ കാണാനുള്ളു, ഗ്യാസ് ലൈറ്റുകളും ചുരുക്കം, ആളുകളെ കാണാനില്ലെന്നുതന്നെ പറയാം. ഈ വേനല്ക്കാലത്തു പോലും അപൂർവ്വം ചിലരേ അവിടെ നടക്കാനിറങ്ങിയതായി കാണാനുള്ളു.

എന്നെ അത്ഭുതപ്പെടുത്തിയതെന്നു പറയാവുന്നതൊന്ന് പോയ രാത്രിയിൽ ആ തെരുവിൽ വച്ചുണ്ടായി.

ഞാൻ നടപ്പാതയിലൂടെ ഒന്നുരണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നുകഴിഞ്ഞപ്പോഴാണ്‌, ഒരു സ്ത്രീ എനിക്കെതിരേ വരുന്നതു ഞാൻ കാണുന്നത്. അടുത്തെങ്ങും മറ്റാരെയും കാണാനില്ല. ഗ്യാസ് ലൈറ്റുകൾ കത്തിച്ചിരുന്നുവെങ്കിലും നല്ല ഇരുട്ടായിരുന്നു- ആ സ്ത്രീയുടെ മുഖം തിരിച്ചറിയാൻ പറ്റാത്ത വിധമുള്ള ഇരുട്ട്. ഓ, ഇതാ രാത്രിജീവികളിൽ പെട്ടതാണ്‌, എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ അവളെക്കടന്നു നടന്നുപോയി.

വഴി അവസാനിക്കുന്നിടത്തു ചെന്നിട്ട് ഞാൻ തിരിച്ചുനടന്നു. ആ സ്ത്രീയും അതേപോലെ തിരിച്ചുനടന്നു, ഞാൻ അവളെ പിന്നെയും എതിരേ വരുന്നതായി കാണുകയും ചെയ്തു. അവർ ആരെയോ പ്രതീക്ഷിക്കുന്നുണ്ട്, ഞാൻ മനസ്സിൽ പറഞ്ഞു; അവൾ ആരെയാണു പ്രതീക്ഷിക്കുന്നതെന്നറിയാൻ എനിക്കൊരു കൗതുകം തോന്നി. ഞാൻ പിന്നെയും അവളെ കടന്നുപോയി.

മൂന്നാമതും അവൾ എതിരേ വന്നപ്പോൾ ഞാൻ തൊപ്പിയൊന്നു പൊന്തിച്ചിട്ട് അവളോടു പറഞ്ഞു.

“ഗുഡ് ഈവനിംഗ്! ആരെയെങ്കിലും കാത്തുനില്ക്കുകയാണോ?”

അവൾ ഒന്നു ഞെട്ടി. അല്ല, എന്നുപറഞ്ഞാൽ, അതെ, താൻ ഒരാളെ കാത്തുനില്ക്കുകയാണ്‌.

അവൾ പ്രതീക്ഷിക്കുന്നയാൾ എത്തുന്നതുവരെ താൻ ഒപ്പം നടക്കുന്നതിൽ നിങ്ങൾക്കു വിരോധമുണ്ടാവുമോ?

ഇല്ല, അവൾക്കതിൽ ഒട്ടും വിരോധമില്ല, അതിനവൾ നന്ദി പറയുകയും ചെയ്തു. വാസ്തവം പറഞ്ഞാൽ, അവൾ വിശദീകരിച്ചു, താൻ ആരെയും കാത്തുനില്ക്കുകയുമല്ല. താൻ ശുദ്ധവായു ശ്വസിക്കാൻ മാത്രം പോന്നതാണ്‌- എന്തു പ്രശാന്തതയാണിവിടെ!

ഞങ്ങൾ ഒരുമിച്ച് അവിടെ ചുറ്റിനടന്നു. അത്ര പ്രാധാന്യമില്ലാത്ത പലതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഒടുവിൽ ഞാൻ അവൾക്കു നേരെ കൈ നീട്ടി.

“താങ്ക് യു, വേണ്ട,” തലയാട്ടിക്കൊണ്ട് അവൾ പറഞ്ഞു.

ഇങ്ങനെ ഉലാത്തുന്നതിൽ വലിയ രസമൊന്നുമില്ല;. ഇരുട്ടത്ത് എനിക്കവളെ കാണാനും പറ്റുന്നില്ല. സമയം എന്തായെന്നറിയാൻ ഞാൻ ഒരു തീപ്പെട്ടിക്കൊള്ളിയുരച്ചു. അതുയർത്തിപ്പിടിച്ച് ഞാൻ അവളെയും നോക്കി.

“ഒമ്പതു മുപ്പത്,” ഞാൻ പറഞ്ഞു.

തണുത്തുമരവിക്കുന്നപോലെ അവൾ വിറപൂണ്ടു. ഞാൻ അതില്ക്കയറിപ്പിടിച്ചു.

“തണുക്കുന്നുണ്ടോ?” ഞാൻ ചോദിച്ചു. “എവിടെയെങ്കിലും ചെന്നിരുന്ന് എന്തെങ്കിലും കുടിച്ചാലോ? തിവോളി? നാഷണൽ?”

“പക്ഷേ എനിക്കിപ്പോൾ എങ്ങോട്ടും പോകാൻ പറ്റില്ല,” അവൾ പറഞ്ഞു.

നല്ല നീളമുള്ള ഒരു കറുത്ത മൂടുപടം അവൾ ധരിച്ചിരിക്കുന്നത് അപ്പോഴാണ്‌ ഞാൻ ആദ്യമായി കാണുന്നത്. ഞാൻ അവളോടു ക്ഷമ ചോദിച്ചു; ഇരുട്ടു കാരണം അബദ്ധം പറ്റിയതാണെന്നു വിശദീകരിച്ചു. എന്റെ ക്ഷമാപണം അവൾ സ്വീകരിച്ച രീതി കണ്ടപ്പോൾ എനിക്കു മനസ്സിലായി, പതിവു രാത്രിഞ്ചരികളിൽ പെട്ടതല്ല അവളെന്ന്.

“എന്റെ കൈയിൽ പിടിച്ചുകൂടേ?” ഞാൻ ഒന്നുകൂടി എന്റെ നിർദ്ദേശം മുന്നോട്ടുവച്ചു. “നിങ്ങൾക്ക് ഒരല്പം ചൂടു കിട്ടിയേക്കാം.”

അവൾ എന്റെ കൈ പിടിച്ചു.

ഞങ്ങൾ കുറച്ചു നേരം വഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. സമയം എന്തായെന്നു നോക്കാൻ അവൾ വീണ്ടും എന്നോടു പറഞ്ഞു.

“പത്തായി,” ഞാൻ പറഞ്ഞു. “നിങ്ങൾ താമസിക്കുന്നതെവിടെയാണ്‌?”

“ഗാംലെ കോൻഗെവേയിൽ.”

ഞാൻ അവളെ പിടിച്ചുനിർത്തി.

“ഞാൻ നിങ്ങളെ വീടു വരെ കൊണ്ടാക്കിത്തരട്ടെ?” ഞാൻ ചോദിച്ചു.

“വേണ്ട, അതിന്റെ ആവശ്യമില്ല,” അവൾ പറഞ്ഞു. “നിങ്ങളെ ബുദ്ധിമുട്ടിക്കാൻ...നിങ്ങൾ ബ്രെഡ്ഗേഡിലാണല്ലോ താമസിക്കുന്നത്, അല്ലേ?”

“അത് നിങ്ങൾക്കെങ്ങനെ അറിയാം?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ഓ, എനിക്ക് നിങ്ങളെ അറിയാം,” അവൾ പറഞ്ഞു.

അല്പനേരം ആരും ഒന്നും മിണ്ടിയില്ല. വിളക്കുകൾ തെളിഞ്ഞ തെരുവുകളിലൂടെ കൈ കോർത്തു ഞങ്ങൾ നടന്നു. അവൾ ധൃതിയിൽ നടന്നു; നീണ്ട മുഖപടം അവളുടെ പിന്നിൽ പാറിനടന്നു.

“നമുക്കൊന്നു വേഗം നടക്കാം,” അവൾ പറഞ്ഞു. ഗാംലെ കോൻഗെവെയിൽ അവളുടെ വീടിന്റെ വാതില്ക്കലെത്തിയപ്പോൾ, അതുവരെ തന്നോടൊപ്പം ചെല്ലാൻ കാണിച്ച സൗമനസ്യത്തിനു നന്ദി പറയാനെന്നവണ്ണം, അവൾ എനിക്കു നേരെ തിരിഞ്ഞുനിന്നു. ഞാൻ അവൾക്കു വേണ്ടി വാതിൽ തുറന്നുകൊടുത്തു; അവൾ സാവധാനം ഉള്ളിൽ കടന്നു. ഞാൻ തോളു കൊണ്ട് പതുക്കെ വാതിലിൽ അമർത്തി അവളുടെ പിന്നാലെ ഉള്ളിൽ കയറി. ഉള്ളിലെത്തിയതും അവൾ എന്റെ കൈയിൽ കയറിപ്പിടിച്ചു. ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.
രണ്ടു കോണിപ്പടികൾ കയറി ഞങ്ങൾ മൂന്നാം നിലയിലെത്തി. അവൾ തന്നെ തന്റെ ഫ്ലാറ്റിന്റെ വാതിൽ താക്കോലിട്ടു തുറന്നിട്ട് രണ്ടാമതൊരു വാതിൽ തുറന്ന് എന്റെ കൈ പിടിച്ച് ഉള്ളിലേക്കു കൊണ്ടുപോയി. അത് സ്വീകരണമുറി ആയിരിക്കണം; ചുമരിൽ ഒരു ക്ലോക്കിന്റെ സ്പന്ദനം ഞാൻ കേട്ടു. വാതിൽ കടന്നതും ആ സ്ത്രീ ഒരു നിമിഷം ഒന്നു നിന്നിട്ട് പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ച് ഒരു വിറയലോടെ എന്റെ ചുണ്ടിൽ തീക്ഷ്ണമായി ചുംബിച്ചു. നേരേ ചുണ്ടത്തു തന്നെ.

“ഇരിക്കുകയല്ലേ?” അവൾ പറഞ്ഞു. “ഇവിടെയൊരു സോഫയുണ്ട്. അപ്പോഴേക്കും ഞാനൊരു വിളക്കെടുത്തുകൊണ്ടു വരാം.”

അവൾ ഒരു വിളക്കു കത്തിച്ചുവച്ചു.

ഞാൻ അത്ഭുതത്തോടെ, അതേ സമയം ജിജ്ഞാസയോടെ, ചുറ്റും നോക്കി. വിശാലവും അത്യാഡംബരപൂർവ്വം സജ്ജീകരിച്ചതുമായ ഒരു മുറിയിലാണ്‌ ഞാൻ. പാതി തുറന്ന വാതിലുകൾ ഒരു വശത്തുള്ള മറ്റു പല മുറികളിലേക്കുമുള്ളതാണ്‌. എനിക്കു പരിചയപ്പെടാനിട വന്ന ഈ വ്യക്തി ഏതു തരക്കാരിയാണെന്ന് എങ്ങനെയൊക്കെ നോക്കിയിട്ടും എനിക്കു പിടി കിട്ടിയില്ല.

“എത്ര മനോഹരമായ മുറി!“ ഞാൻ പറഞ്ഞു. ”നിങ്ങൾ ഇവിടെയാണോ താമസം?“

”അതെ, ഇതെന്റെ വീടാണ്‌,“ അവൾ പറഞ്ഞു.

”ഇത് നിങ്ങളുടെ വീടാണെന്നോ? അപ്പോൾ അച്ഛനമ്മമാരുടെ കൂടെയാണോ നിങ്ങൾ താമസിക്കുന്നത്?“

”അയ്യോ, അല്ല,“ അവൾ ചിരിച്ചു, ”എനിക്കു നല്ല പ്രായമായി, ഇതാ, ഇത്രയും!“

എന്നിട്ടവൾ തന്റെ മൂടുപടവും മേലുടുപ്പും മാറ്റി.

”കണ്ടില്ലേ! ഞാനെന്താ പറഞ്ഞത്!“ അവൾ പറഞ്ഞു; എന്നിട്ട് തടുക്കരുതാത്ത ഒരു ത്വരയോടെ അവളെന്നെ പെട്ടെന്ന് വീണ്ടും കെട്ടിപ്പിടിച്ചു.

അവൾക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സായിട്ടുണ്ടാവണം, വലതു കൈയിൽ ഒരു മോതിരമുണ്ടായിരുന്നു, അക്കാരണം കൊണ്ടുതന്നെ അവൾ വിവാഹിതയാണെന്നു കരുതുകയുമാവാം. സുന്ദരിയാണോ? അല്ല, അവളുടെ തൊലി പാടു വീണതായിരുന്നു, പുരികമെന്നു പറയാൻ ഒന്നുമുണ്ടായിരുന്നതുമില്ല. എന്നാൽ അവൾക്കു ചുറ്റും ജീവൻ നുരഞ്ഞുപൊന്തുകയായിരുന്നു, അവളുടെ ചുണ്ടുകൾ അസാധാരണമാം വിധം സുന്ദരവുമായിരുന്നു.

അവൾ ആരാണ്‌, ഭർത്താവുണ്ടെങ്കിൽ അയാൾ എവിടെയാണ്‌, ഞാനിരിക്കുന്ന ഈ വീട് ആരുടേതാണ്‌ എന്നൊക്കെ എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു; എന്നാൽ ഞാൻ വായ തുറക്കുമ്പോഴൊക്കെ അവൾ എന്നെ പൂണ്ടടക്കം പിടിച്ച് എന്റെ ജിജ്ഞാസയെ പുറത്തുവരാൻ അനുവദിച്ചില്ല.

”എന്റെ പേര്‌ എല്ലെൻ എന്നാണ്‌,“ അവൾ പറഞ്ഞു. ”കുടിക്കാൻ എന്തെങ്കിലും എടുക്കാമല്ലോ? ഞാൻ ബെല്ലടിച്ചാൽ ആർക്കുമതു ശല്യമാകില്ല. നിങ്ങൾക്കു വേണമെങ്കിൽ ഈ കിടപ്പുമുറിയിലേക്കു വന്നിരിക്കാം.“

ഞാൻ കിടപ്പുമുറിയിലേക്കു കയറി. സ്വീകരണമുറിയിൽ നിന്നുള്ള വെളിച്ചം അതിനെ ഭാഗികമായി വെളിച്ചപ്പെടുത്തിയിരുന്നു. രണ്ടു കട്ടിലുകൾ ഞാൻ കണ്ടു. എല്ലെൻ ബെല്ലടിച്ച്  വൈൻ കൊണ്ടുവരാൻ പറഞ്ഞു; ഒരു വേലക്കാരി വൈൻ കൊണ്ടുവരുന്നതും പിന്നെ തിരിച്ചുപോകുന്നതും ഞാൻ കേട്ടു. അല്പം കഴിഞ്ഞപ്പോൾ എല്ലെനും കിടപ്പുമുറിയിലേക്കു വന്നു; പക്ഷേ അവൾ വാതില്ക്കൽത്തന്നെ നിന്നതേയുള്ളു. ഞാൻ അവളുടെയടുത്തേക്ക് ഒരു ചുവടു വച്ചു. അവൾ ഒരമർത്തിയ കരച്ചിലോടെ എന്റെ നേർക്കു വന്നു.

ഇത് കഴിഞ്ഞ രാത്രിയിൽ നടന്നതാണ്‌.

പിന്നെ എന്തുണ്ടായി? ഹാ, ക്ഷമിക്കെന്നേ! ഇനിയും പറയാനുണ്ട്!

ഇന്നു കാലത്ത് ഞാൻ ഉറക്കമുണരുമ്പോൾ വെട്ടം പരന്നുതുടങ്ങിയിരുന്നു. കർട്ടന്റെ ഇരുവശങ്ങളിലൂടെയും പകൽവെളിച്ചം മുറിയിലേക്കരിച്ചുകയറുകയായിരുന്നു. എല്ലെനും ഉണർന്നു കിടക്കുകയായിരുന്നു; അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. അവളുടെ കൈകൾ വെളുത്ത്, പട്ടു പോലെ മൃദുലമായിരുന്നു, അവളുടെ മാറിടം അസാധാരണമാം വിധത്തിൽ ഉയർന്നതുമായിരുന്നു. ഞാൻ അവളെ നോക്കി എന്തോ മന്ത്രിച്ചു, അവൾ എന്റെ ചുണ്ടുകൾ ആർദ്രത കൊണ്ടു മൂകമായ തന്റെ ചുണ്ടുകൾ കൊണ്ടടച്ചു. പകലിനു വെളിച്ചം കൂടിവരികയായിരുന്നു.

രണ്ടു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ഞാൻ പോകാനായി എഴുന്നേറ്റു. എല്ലെനും എഴുന്നേറ്റ് വസ്ത്രം ധരിക്കുകയായിരുന്നു- അവൾ ഷൂസിട്ടു കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ ഒരു ഘോരസ്വപ്നം പോലെ ഇപ്പോഴും എന്നെ ഞെട്ടിക്കുന്ന ഒരനുഭവം എനിക്കുണ്ടായത്. ഞാൻ വാഷ് ബേസിനടുത്തു നില്ക്കുകയായിരുന്നു. എല്ലെന്‌ അടുത്ത മുറിയിൽ എന്തോ ചെയ്യാനുണ്ടായിരുന്നു. അവൾ വാതിൽ തുറന്നപ്പോൾ ഞാൻ തിരിഞ്ഞ് ഉള്ളിലേക്കൊന്നു പാളിനോക്കി. ആ മുറിയുടെ തുറന്ന ജനാലയിൽ നിന്നുള്ള ഒരു തണുത്ത കാറ്റ് എന്റെ നേർക്കിരച്ചുവന്നു; മുറിയുടെ നടുക്ക് ഒരു മേശ മേൽ നിവർന്നുകിടക്കുന്ന ഒരു ജഡം എന്റെ കണ്ണുകൾ കഷ്ടിച്ചു കണ്ടെടുത്തു. ഒരു ജഡം, വെളുത്ത വസ്ത്രം ധരിപ്പിച്ച് ശവപ്പെട്ടിയിൽ കിടത്തിയിരിക്കുകയാണതിനെ, നരച്ച താടിയുള്ള ഒരു പുരുഷന്റെ ജഡം. അയാളുടെ എല്ലിച്ച കാൽമുട്ടുകൾ മുറുക്കിപ്പിടിച്ച മുഷ്ടികൾ പോലെ വിരിപ്പിനടിയിൽ നിന്ന് എറിച്ചുനിന്നിരുന്നു; അയാളുടെ മുഖം വിളറിമഞ്ഞിച്ചതും അങ്ങേയറ്റം ബീഭത്സവുമായിരുന്നു. പകൾവെളിച്ചത്തിൽ എനിക്കെല്ലാം നന്നായി കാണാമായിരുന്നു. ഞാൻ നോട്ടം മാറ്റി; ഞാൻ ഒന്നും മിണ്ടിയില്ല.

എല്ലെൻ മടങ്ങി വന്നപ്പോൾ ഞാൻ വേഷം മാറി പുറത്തേക്കിറങ്ങാൻ തയാറായി നില്ക്കുകയായിരുന്നു. അവളുടെ ആലിംഗനങ്ങൾ എന്നിൽ ഒരുണർവ്വും ഉണ്ടാക്കിയില്ല. അവൾ ഇട്ടിരുന്നതിന്റെ കൂടെ പിന്നെയും എന്തൊക്കെയോ എടുത്തിട്ടു; തെരുവിലേക്കുള്ള വാതിൽ വരെ എന്റെ കൂടെ വരാൻ അവൾക്കാഗ്രഹമുണ്ടായിരുന്നു; അതിനു ഞാൻ എതിരു പറഞ്ഞില്ല; എന്നാൽ അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. വാതില്ക്കലെത്തിയപ്പോൾ ആരും തന്നെ കാണാതിരിക്കാൻ അവൾ ചുമരിനോടു പറ്റിച്ചേർന്നു നിന്നു.

“എന്നാല്പിന്നെ, ഗുഡ് ബൈ,” അവൾ മന്ത്രിച്ചു.

“നാളെ വരെ?” അവളെ ഒന്നു പരീക്ഷിക്കാൻ കൂടിയായി  ഞാൻ ചോദിച്ചു.

“വേണ്ട, നാളെ വേണ്ട.”

“അതെന്താ, അങ്ങനെ?”

“ഇത്രയും ചോദ്യങ്ങൾ വേണ്ട, ഡിയർ. നാളെ എനിക്കൊരു സംസ്കാരച്ചടങ്ങിനു പോകാനുണ്ട്, എന്റെയൊരു ബന്ധു മരിച്ചു. ഒളിക്കുകയൊന്നും വേണ്ട- നിങ്ങൾക്കതറിയാം.”

“എന്നാൽ മറ്റേന്നാൾ?”

“അതെ, മറ്റേന്നാൾ, ഈ വാതില്ക്കൽ. ഞാൻ ഇവിടെ ഉണ്ടാവും. ഗുഡ് ബൈ.”

ഞാൻ പോയി.

ആരാണവൾ? ആ ജഡമോ? മുറുക്കിപ്പിടിച്ച കൈകളും കോടിയ വായ്ക്കോണുകളുമായി - എത്ര ബീഭത്സവും വികടവുമാണത്! മറ്റേന്നാൾ അവൾ എന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഞാനവളെ പിന്നെയും കാണാൻ പോകണോ?
ഞാൻ നേരേ ബർണിന കഫേയിൽ ചെന്ന് ഡയറക്ടറി കൊണ്ടുവരാൻ പറഞ്ഞു. ഗാംലെ കോൻഗെവേയിലെ വീട്ടുനമ്പരുകൾ ഓരോന്നായി ഞാൻ പരതി; അതാ കിടക്കുന്നു, ആ പേര്‌. രാവിലത്തെ പത്രങ്ങൾ വരുന്നതുവരെ ഞാൻ അവിടെയിരുന്നു. ധൃതിയിൽ ഞാൻ ചരമപ്പേജെടുത്തു നോക്കി. സംശയിച്ചപോലെ തന്നെ അവൾ കൊടുത്ത ചരമഅറിയിപ്പും ഞാൻ കണ്ടു; കട്ടിയുള്ള അക്ഷരത്തിൽ തുടക്കത്തിൽത്തന്നെ കൊടുത്തിരിക്കുന്നു :“എന്റെ ഭർത്താവ്, അമ്പത്തിമൂന്നു വയസ്സ്,  ദീർഘകാലത്തെ രോഗത്തിനു ശേഷം ഇന്നു മരിച്ചു.” അറിയിപ്പ് കൊടുത്തിരിക്കുന്നത് ഇന്നലെയാണ്‌.

ഞാൻ ഏറെ നേരം ചിന്താധീനനായി ഇരുന്നു.

ഒരാൾ വിവാഹം കഴിക്കുന്നു. അയാളുടെ ഭാര്യക്ക് അയാളെക്കാൾ മുപ്പതു വയസ്സ് കുറവാണ്‌. അയാൾക്ക് വിട്ടുമാറാത്ത ഒരസുഖം പിടിക്കുന്നു. എന്നിട്ടൊരു ദിവസം അയാൾ മരിച്ചും പോകുന്നു.

ചെറുപ്പക്കാരിയായ വിധവ ആശ്വാസത്തോടെ ഒരു നെടുവീർപ്പിടുന്നു.



Knut Hamsun 1859ൽ നോർവ്വേയിൽ ജനിച്ചു. തന്റെ പല നോവലുകൾക്കും കഥകൾക്കും പശ്ചാത്തലമായ വടക്കൻ നോർവ്വേയിലാണ്‌ ബാല്യകാലം കഴിച്ചത്. എഴുത്തുകാരനായി പേരെടുക്കുന്നതിനു മുമ്പ് അദ്ദേഹം ചെയ്യാത്ത ജോലികളില്ല- ക്ലർക്കായി, വഴിവാണിഭക്കാരനായി, ചെരുപ്പുകുത്തിയായി, തുറമുഖജോലിക്കാരനായി, പോലീസുകാരനായി, അദ്ധ്യാപകനായി, പിന്നെ സഞ്ചാരിയായും. പട്ടിണി കിടക്കുന്ന ഒരു മനുഷ്യന്റെ മനസ്സിൽ നടക്കുന്ന അയുക്തികപ്രക്രിയയെ കാവ്യാത്മകമായി പ്രകീർത്തിക്കുന്ന “വിശപ്പ്” എന്ന നോവൽ അദ്ദേഹത്തെ പ്രശസ്തനാക്കി. പിന്നീടെഴുതിയ “മണ്ണിന്റെ വളർച്ച” എന്ന ഐതിഹാസികനോവൽ 1920ലെ നൊബേൽ സമ്മാനത്തിന്‌ അദ്ദേഹത്തെ അർഹനാക്കുകയും ചെയ്തു. വ്യവസായവത്കൃത-ജനാധിപത്യസമൂഹത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന വെറുപ്പ് ഒടുവിൽ തന്റെ രാജ്യം ആക്രമിച്ച നാസികളോടു പൊരുത്തപ്പെടുന്നതിൽ കൊണ്ടെത്തിച്ചു. യുദ്ധാനന്തരം രാജ്യദ്രോഹക്കുറ്റത്തിന്‌ വിചാരണ നേരിടേണ്ടിവന്ന ഹാംസൺ പ്രായാധിക്യം കാരണം ജയിൽ ശിക്ഷയിൽ നിന്നൊഴിവായി. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി; ഓസ്ലോയിലെ ഒരു മനോരോഗാശുപത്രിയിൽ അദ്ദേഹത്തെ നിർബ്ബന്ധപൂർവ്വം പ്രവേശിപ്പിക്കുകയും ചെയ്തു. ശിഷ്ടകാലം സ്വന്തം വീട്ടിൽ കഴിച്ചുകൂട്ടി. 1952ൽ അന്തരിച്ചു.
മലയാളനാട് വെബ് മാഗസിന്റെ 2018 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
*