2016, ജൂലൈ 3, ഞായറാഴ്‌ച

കാഫ്ക - നാലു ചെറിയ കഥകൾ

1309730401_910215_0000000005_album_normal


വിദ്യാർത്ഥി


കഴിഞ്ഞ ഒരാഴ്ചയായി എന്നും വൈകുന്നേരം തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന എന്റെ അയല്ക്കാരൻ എന്നോടു മല്പിടുത്തത്തിനു വരുന്നു. എനിക്കയാൾ അപരിചിതനാണ്‌; ഇന്നേ വരെ ഞാൻ അയാളോടു സംസാരിച്ചിട്ടില്ല. ചുരുക്കം ചില വാക്കുകളേ ഞങ്ങൾ പരസ്പരം വിളിച്ചുപറഞ്ഞിട്ടുള്ളു; അതിനെ ‘സംസാരം’ എന്നു നിങ്ങൾക്കു വിളിക്കാനാവില്ല. ഒരു ‘എന്നാല്പിന്നെ’ ഞങ്ങളുടെ മല്പിടുത്തത്തിന്‌ ആരംഭമിടുന്നു; ‘തെമ്മാടീ!’ ഞങ്ങളിൽ ഒരാൾ മറ്റേയാളുടെ കൂട്ടിപ്പിടുത്തത്തിനടിയിൽ കിടന്ന് ഞരങ്ങുന്നു; ഓർക്കാപ്പുറത്തൊരു കുത്തിനൊപ്പം ‘ഇന്നാ പിടിച്ചോ!’ കൂട്ടു വരുന്നു; ‘നിർത്ത്!’ എന്നതിനർത്ഥം അവസാനം എന്നു തന്നെയാണ്‌; എന്നാൽ അല്പനേരം കൂടി ഞങ്ങളുടെ മല്പിടുത്തം നീണ്ടുപോവുകയും ചെയ്യും. വാതിലിനടുത്തെത്തിക്കഴിഞ്ഞാലും പെട്ടെന്നൊന്നു തിരിഞ്ഞുചാടി എനിക്കൊരു തള്ളു തന്ന് എന്നെ തറയിൽ വീഴ്ത്തുക എന്നതാണ്‌ അയാളുടെ പതിവ്. ഒടുവിൽ തന്റെ മുറിയിൽ എത്തിക്കഴിഞ്ഞാൽ ചുമരു വഴി ഒരു ‘ഗുഡ് നൈറ്റ്’ അയാൾ വിളിച്ചു പറയുന്നു. ഈ പരിചയക്കാരനെ എന്നെന്നേക്കുമായി ഒഴിവാക്കണമെന്നാണ്‌ എന്റെ ആഗ്രഹമെങ്കിൽ അതിന്‌ ഞാൻ ഈ മുറി ഒഴിയുക തന്നെ വേണം; കാരണം, മുറി അടച്ചു കുറ്റിയിടുക എന്നത് ഒരു പരിഹാരമേ അല്ല. ഒരിക്കൽ വായിക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ മുറിയടച്ചു കുറ്റിയിട്ടു; എന്നാൽ എന്റെ അയല്ക്കാരൻ ചെയ്തത് ഒരു മഴു കൊണ്ടുവന്ന് വാതിൽ രണ്ടായി വെട്ടിക്കീറുകയാണ്‌; എന്തെങ്കിലുമൊന്നു കൈയിലെടുത്താൽ പിന്നെയതു താഴെ വയ്ക്കാൻ അയാൾക്കു വല്ലാത്ത വൈഷമ്യമാണ്‌ എന്നതിനാൽ മഴു ഇനി എനിക്കു നേരേ തിരിയുമോ എന്നുപോലും ഞാനന്നു പേടിച്ചുപോയി.

സാഹചര്യങ്ങളോട് ഏതു വിധം പൊരുത്തപ്പെട്ടു പോകണമെന്ന് എനിക്കറിയാം. അയാൾ കയറിവരുന്നത് എന്നും ഒരു നിശ്ചിതസമയത്തായതിനാൽ ആ നേരത്ത് ഞാൻ അധികം ഗൗരവമില്ലാത്ത എന്തെങ്കിലും പണി ചെയ്യാൻ തുടങ്ങി; വേണമെന്നു വന്നാൽ എനിക്കത് പെട്ടെന്നു മാറ്റിവയ്ക്കാമല്ലോ. ഉദാഹരണത്തിന്‌, ഒരു മേശവലിപ്പ് വൃത്തിയാക്കുക, അല്ലെങ്കിൽ എന്തെങ്കിലും പകർത്തിയെഴുതാനുള്ളത് ചെയ്യുക, അതുമല്ലെങ്കിൽ അത്ര പ്രധാനമല്ലാത്ത ഒരു പുസ്തകമെടുത്ത് വായിക്കുക എന്നിങ്ങനെ. എനിക്ക് കാര്യങ്ങൾ ഈ വിധം ക്രമീകരിക്കേണ്ടി വന്നു- അയാൾ വാതില്ക്കൽ പ്രത്യക്ഷപ്പെടേണ്ട താമസം, ഞാൻ സകലതും മാറ്റിവയ്ക്കുന്നു, മേശവലിപ്പു ഞാൻ വലിച്ചടയ്ക്കുന്നു, പേന താഴെയിടുന്നു, പുസ്തകം വലിച്ചെറിയുന്നു; കാരണം, മല്ലു പിടിയ്ക്കാൻ മാത്രമായിട്ടാണ്‌ അയാൾ വരുന്നത്. സ്വയം ബലക്കൂടുതൽ തോന്നുന്ന അവസരമാണെങ്കിൽ ഒഴിഞ്ഞു മാറുന്നതുപോലെ കാണിച്ചുകൊണ്ട് ഞാൻ അയാളെ ഒന്നു പ്രകോപിപ്പിക്കാൻ നോക്കും. ഞാൻ മേശയ്ക്കടിയിൽ നുഴഞ്ഞു കയറും, കസേരയെടുത്ത് അയാളുടെ കാല്ക്കലെറിയും, ദൂരെ മാറി അയാളെ നോക്കി കണ്ണിറുക്കും, ആരെന്നറിയാത്ത ഒരാളെ ഇങ്ങനെ ഏകപക്ഷീയമായി കളിയാക്കുന്നത് അരോചകമാണെന്നറിയാമെങ്കില്ക്കൂടി. മിക്കപ്പോഴും ഇങ്ങനെയൊരു തുടക്കമില്ലാതെ പോരാട്ടത്തിനായി ഞങ്ങളുടെ ഉടലുകൾ തമ്മിലടുക്കുക എന്നതാണുണ്ടാവാറ്‌. അയാൾ വിദ്യാർത്ഥിയാണെന്നും പകലു മുഴുവൻ ഇരുന്നു പഠിക്കുകയാണെന്നും രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുമ്പ് കിട്ടിയ സമയം കൊണ്ട് കുറച്ചു വ്യായാമം ചെയ്യുക എന്നതാണയാളുടെ ഉദ്ദേശ്യമെന്നും തോന്നുന്നു. എന്തായാലും അയാൾക്കെന്നിൽ നല്ലൊരു പ്രതിയോഗിയെയാണ്‌ കിട്ടിയിരിക്കുന്നത്; മറിച്ചൊന്നും സംഭവിച്ചില്ലെങ്കിൽ ഇരുവരിലും ബലവും വൈദഗ്ധ്യവും കൂടുതലുള്ളത് എനിക്കാണെന്നു വരാം. അയാൾക്കു പക്ഷേ, സഹനശക്തി കൂടും.


മാലാഖ



ജൂൺ 25. അതികാലത്തു മുതൽ സന്ധ്യയാവുന്നതു വരെ ഞാൻ എന്റെ മുറിയിൽ ചാലിടുകയായിരുന്നു. ജനാല തുറന്നിട്ടിരുന്നു, ഊഷ്മളമായ പകലായിരുന്നു. ഇടുങ്ങിയ തെരുവിൽ നിന്നുള്ള ഒച്ചകൾ ഇടതടവില്ലാതെ അലച്ചു കയറിയിരുന്നു. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ നോക്കിനോക്കി മുറിയ്ക്കുള്ളിലെ ഏറ്റവും നിസ്സാരവസ്തു പോലും ഇന്നേരമായപ്പോഴേക്കും എനിക്കു പരിചിതമായിക്കഴിഞ്ഞിരുന്നു. എന്റെ കണ്ണുകൾ ഓരോ ചുമരിലും സഞ്ചാരം നടത്തിക്കഴിഞ്ഞിരുന്നു. തറയിൽ വിരിച്ച പരവതാനിയുടെ അവസാനത്തെ ചുളുക്കും ഞാൻ കാണാതെപോയില്ല, കാലം അതിലേല്പിച്ച ഒരു പാടും ഞാൻ ശ്രദ്ധിക്കാതെ പോയില്ല. എന്റെ വിരലുകൾ എത്ര തവണ മേശപ്പുറത്തിന്റെ അളവെടുത്തുകഴിഞ്ഞു. വീട്ടുടമസ്ഥയുടെ മരിച്ച ഭർത്താവിന്റെ ഫോട്ടോയിൽ നോക്കി ഇടയ്ക്കിടെ ഞാൻ പല്ലു കാണിക്കുക കൂടിച്ചെയ്തുകഴിഞ്ഞു.

സന്ധ്യയടുപ്പിച്ച് ജനാലയ്ക്കലേക്കു നടന്നുചെന്ന്  ഞാനതിന്റെ പടി മേൽ ഇരുന്നു. പിന്നെ, വെറി പിടിച്ച പോലെ നടന്നുകൊണ്ടല്ലാതെ ഇതാദ്യമായി മുറിയ്ക്കുള്ളിലും മച്ചിലേക്കും ഞാനെന്റെ പ്രശാന്തദൃഷ്ടിയെ അലയാൻ വിട്ടു. ഒടുവിൽ, ഒടുവിൽ, ഇന്ദ്രിയങ്ങൾ എന്നെ വഞ്ചിക്കുകയല്ലെങ്കിൽ, ഞാൻ അത്ര മേൽ അസ്വസ്ഥമാക്കിയ ഈ മുറി അനക്കം വച്ചു തുടങ്ങി. കനത്തിലല്ലാതെ പ്ളാസ്റ്റർ പൂശിയ മച്ചിന്റെ വിളുമ്പുകളിൽ നിന്നാണ്‌ പ്രകമ്പനം തുടങ്ങിയത്. അവിടവിടെ നിന്ന് പ്ലാസ്റ്ററിന്റെ ചെറിയ കഷണങ്ങളടർന്ന് തറയിൽ ഇടിച്ചുവീണു. ഞാൻ കൈ നീട്ടിയപ്പോൾ കൈയിലും ചിലതു വന്നുവീണു; തിരിയാൻ കൂടി മിനക്കെടാതെ ഞാനത് തലയ്ക്കു മേൽ കൂടി തെരുവിലേക്കെറിഞ്ഞു. മച്ചിലെ വിള്ളലുകൾക്ക് പ്രത്യേകിച്ചൊരു രൂപം വന്നു തുടങ്ങിയിരുന്നില്ല; എന്നാൽ അങ്ങനെയൊന്നു സങ്കല്പിക്കാൻ എങ്ങനെയോ കഴിഞ്ഞിരുന്നു. എന്നാൽ നീല കലർന്ന ഒരു വയലറ്റുനിറം വെള്ളയുമായി പരക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആ കളികൾ മാറ്റിവച്ചു; മച്ചിന്റെ മദ്ധ്യബിന്ദുവിൽ നിന്ന് (അഴുക്കു പിടിച്ച ഒരു ബൾബ് കുത്തി വച്ചിരുന്ന അവിടം വെളുപ്പായിരുന്നു, തിളങ്ങുന്ന വെളുപ്പായിരുന്നു) അത് പുറത്തേക്കു പടർന്നു. ആ നിറം - അതോ, അതൊരു വെളിച്ചമായിരുന്നോ?- ഇരുണ്ടുതുടങ്ങിയ അരികുകളിലേക്ക് അലയലയായി പരക്കാൻ തുടങ്ങുകയായിരുന്നു. വിദഗ്ധമായി പ്രയോഗിക്കപ്പെടുന്ന ഏതോ ഉപകരണത്തിന്റെ മർദ്ദത്തിൻ കീഴിലെന്നപോലെ പ്ളാസ്റ്റർ അടർന്നു വീഴുന്നുണ്ടെങ്കിലും ഇപ്പോൾ നിങ്ങളതു ശ്രദ്ധിക്കാതായിരിക്കുന്നു. മഞ്ഞയും പൊന്നിന്റെ മഞ്ഞയും നിറങ്ങൾ വയലറ്റിലേക്കു പടർന്നു തുടങ്ങുകയാണ്‌. എന്നു വച്ച് മച്ചിന്‌ ആ നിറങ്ങൾ വന്നുവെന്നല്ല; നിറങ്ങൾ അതിനെ ഏതോ വിധത്തിൽ സുതാര്യമാക്കുകയാണ്‌ ചെയ്തത്; മച്ചു ഭേദിച്ചു പുറത്തു വരാൻ പണിപ്പെടുന്ന ചിലത് അതിനു മുകളിൽ തങ്ങിനില്ക്കുന്നുന്നുണ്ടെന്നു തോന്നി; ഒരു ചലനത്തിന്റെ സൂചനകൾ കണ്ടുതിടങ്ങിരിക്കുന്നു, ഒരു കൈ പുറത്തേക്കു തള്ളിവരുന്നു, ഒരു വെള്ളിവാൾ അതിൽ തൂങ്ങിയാടുന്നു. അതെന്നെ ഉദ്ദേശിച്ചുള്ളതാണ്‌, അതിൽ സംശയം വേണ്ട; എന്റെ മോചനം ലക്ഷ്യം വച്ചുള്ള ഒരു ദർശനത്തിന്‌ അരങ്ങൊരുങ്ങുകയാണ്‌.

എല്ലാം ഒരുക്കിവയ്ക്കാനായി ഞാൻ മേശപ്പുറത്തേക്കു ചാടിക്കയറി; ബൾബ് പിച്ചളഹോൾഡറോടെ പറിച്ചെടുത്ത് ഞാൻ തറയിലേക്കെറിഞ്ഞു; പിന്നെ ചാടിയിറങ്ങിയിട്ട് മേശ തള്ളി ചുമരോരത്തേക്കു മാറ്റിയിട്ടു. പ്രത്യക്ഷപ്പെടാൻ പണിപ്പെടുന്നതെന്താണോ അതിനിനി പരവതാനിയിലേക്ക് ഒരു തടയുമില്ലാതെ വന്നുവീഴുകയും അതിനെന്നോടു പ്രഘോഷിക്കാനുള്ളത് പ്രഘോഷിക്കുകയുമാവാം. ഞാനതു മുഴുമിപ്പിക്കേണ്ട താമസം, മച്ച് പൊട്ടിപ്പിളർന്നു. മങ്ങിയ വെളിച്ചത്തിൽ (അതപ്പോഴും നല്ല ഉയരത്തിലായിരുന്നു) പൊന്നിൻ പട്ടകൾ കൊണ്ട് നീലിച്ച വയലറ്റു നിറത്തിലുള്ള ഉടയാട വാരിക്കെട്ടിയ ഒരു മാലാഖ വെൺപട്ടു പോലെ തിളങ്ങുന്ന കൂറ്റൻ ചിറകുകളിൽ സാവധാനം വന്നിറങ്ങി; ഉയർത്തിയ കൈയിൽ അതൊരു വാൾ നീട്ടിപ്പിടിച്ചിരുന്നു. ‘മാലാഖയാണല്ലേ!’ ഞാൻ മനസ്സിൽ പറഞ്ഞു; ‘ഒരു പകൽ മുഴുവൻ അതെനിക്കു നേരെ പറന്നു വരികയായിരുന്നു; അവിശ്വാസം കൊണ്ട് ഞാൻ അതറിഞ്ഞില്ല. ഇതാ, അതെന്നോടു സംസാരിക്കാൻ പോകുന്നു.’ ഞാൻ കണ്ണുകൾ താഴ്ത്തി നിന്നു. ഞാൻ വീണ്ടും കണ്ണുയർത്തിയപ്പോൾ മാലാഖ അവിടെത്തന്നെയുണ്ടായിരുന്നു, ശരി തന്നെ; വീണ്ടുമടഞ്ഞ മച്ചിൽ അങ്ങുയരെ അതു തൂങ്ങിനില്ക്കുകയാണ്‌; പക്ഷേ അത് ജീവനുള്ള മാലാഖയായിരുന്നില്ല, മറിച്ച്, ഏതോ കപ്പലിന്റെ അണിയത്തുള്ള ചായമടിച്ച മരപ്രതിമയായിരുന്നു; നാവികരുടെ മദ്യശാലകളുടെ മച്ചിൽ നിന്നു തൂങ്ങിക്കിടക്കുന്ന തരത്തിലൊന്ന്, അത്ര തന്നെ.

വാൾപ്പിടി മെഴുകുതിരി കത്തിച്ചു വയ്ക്കാനും ഒലിച്ചിറങ്ങുന്ന മെഴുകിനു തങ്ങി നില്ക്കാനും പാകത്തിൽ നിർമ്മിച്ചതായിരുന്നു. ഞാൻ ബൾബ് പറിച്ചെടുത്തു കളഞ്ഞിരുന്നല്ലോ; എനിക്ക് ഇരുട്ടത്തു നില്ക്കണമെന്നുമുണ്ടായിരുന്നില്ല; ഞാൻ ബാക്കിയുണ്ടായിരുന്ന ഒരു മെഴുകുതിരിയുമെടുത്ത് ഒരു കസേര മേൽ കയറി നിന്നിട്ട് അതു കൊളുത്തി വാൾപ്പിടിയിൽ കുത്തിനിർത്തി; എന്നിട്ട് മാലാഖയുടെ മങ്ങിയ നാളത്തിൻ കീഴിൽ രാത്രി ഏറെ വൈകുവോളം ഞാനിരുന്നു.


ഇസബെല്ല

അടുത്തിടെ, ഒരുദ്യാനത്തിൽ വച്ച്, സാധുക്കളെ സഹായിക്കാൻ വേണ്ടി നടത്തിയ ഒരു ചടങ്ങിനിടെ ഞാൻ ഇസബെല്ലയെ, നരച്ച നിറമുള്ള പുള്ളിക്കുതിരയെ കണ്ടുമുട്ടി; അവൾ ഒരു പ്രൗഢയായിരിക്കുന്നു; ഒരാൾക്കൂട്ടത്തിനിടയിൽ വച്ച് ഞാൻ അവളെ തിരിച്ചറിയണമെന്നില്ല. അവിടെ, അല്പം മാറി, തണുപ്പും തണലുമുള്ള ഒരു പുൽത്തകിടിക്കു ചുറ്റുമായി ചെറിയൊരു ചുള്ളിക്കാടുണ്ടായിരുന്നു; ഒറ്റയടിപ്പാതകൾ നെടുകെയും കുറുകെയും മുറിച്ചുപായുന്ന അവിടം ഇടയ്ക്കൊക്കെ ചെന്നിരിക്കാൻ നല്ലൊരു സ്ഥലമായിരുന്നു. പണ്ടുകാലത്ത് ഈ ഉദ്യാനം എനിക്കു നല്ല പരിചയമായിരുന്നു. ചടങ്ങു മടുത്തപ്പോൾ ഞാൻ ആ ചുള്ളിക്കാടു നോക്കി പോയി. മരങ്ങൾക്കിടയിലേക്കു കാലെടുത്തു വച്ചതും, എതിരെ നിന്ന് നല്ല ഉയരമുള്ള ഒരു സ്ത്രീ എന്റെ നേർക്കു നടന്നു വരുന്നതു ഞാൻ കണ്ടു; അവരുടെ ഉയരം കണ്ട് ഞാനൊന്നു പകച്ചുവെന്നു പറയണം. ഒത്തു നോക്കാൻ മറ്റൊരാളും അടുത്തില്ലാതിരുന്നിട്ടും മറ്റേതു സ്ത്രീയെക്കാളും പല തലപ്പൊക്കം കൂടുതലാണിവർക്കെന്നെനിക്കുറപ്പായിരുന്നു- ആദ്യത്തെ അമ്പരപ്പിൽ പല തലപ്പൊക്കമെന്നത് എണ്ണമറ്റ തലപ്പൊക്കമായി എനിക്കു തോന്നുകയും ചെയ്തു. എന്നാൽ അടുത്തു ചെന്നപ്പോൾ എന്റെ സംശയങ്ങൾ വേഗം മാറിക്കിട്ടി. എന്റെ പഴയ കൂട്ടുകാരി ഇസബെല്ല!  ‘അല്ല, നീ ലായത്തിൽ നിന്നെങ്ങനെ പുറത്തു കടന്നു?’ ‘ഓ, അതത്ര വിഷമമുണ്ടായിരുന്നില്ല. പഴയ കാലത്തിന്റെ ഓർമ്മയ്ക്കായി എന്നെ നിർത്തിയിരിക്കുന്നുവെന്നേയുള്ളു; എന്റെ കാലമൊക്കെ കഴിഞ്ഞു. ആർക്കും ഉപകാരമില്ലാതെ വെറുതേ ലായത്തിൽ നില്ക്കുന്നതിനു പകരം പുറത്തു പോയി ലോകമൊന്നു കണ്ടാൽ കൊള്ളാമെന്നും ആവതുള്ള കാലത്തായാൽ നന്നായിരിക്കുമെന്നും ഞാൻ യജമാനനോടു പറഞ്ഞു ; അതു ബോദ്ധ്യമായപ്പോൾ അദ്ദേഹം മരിച്ചുപോയ തന്റെ ഭാര്യയുടെ പഴയ ഉടുപ്പുകൾ ചിലത് നോക്കിയെടുത്ത് എന്നെ അണിയിക്കുകയും ആശംസകളോടെ എന്നെ യാത്ര അയക്കുകയും ചെയ്യുകയായിരുന്നു.‘ ’നീ എത്ര സുന്ദരിയായിരിക്കുന്നു!‘ അത്ര ആത്മാർത്ഥമായിട്ടല്ലെങ്കിലും തീർത്തും കള്ളമല്ലാതെ ഞാൻ പറഞ്ഞു.


ഒരു ചൈനീസ് പ്രഹേളിക


ഒരിടത്തൊരു ചൈനീസ് പ്രഹേളികയുണ്ടായിരുന്നു, വില കുറഞ്ഞ ഒരു സാധാരണ കളിപ്പാട്ടം; ഒരു പോക്കറ്റ് വാച്ചിനേക്കാൾ വലിപ്പവുമില്ല, അമ്പരപ്പിക്കുന്ന സൂത്രപ്പണികളുമില്ല. പരന്ന ഒരു മരക്കഷണത്തിൽ വെട്ടിയെടുത്ത്, ചുവപ്പു കലർന്ന ഒരു തവിട്ടുനിറം പൂശിയിരിക്കുന്നു; നീലനിറത്തിലുള്ള ചില കുടുക്കുവഴികൾ ഒരു തുളയിൽ ചെന്നവസാനിക്കുന്നു. നീലനിറത്തിൽ തന്നെയുള്ള ഒരു ഗോട്ടി, പെട്ടി തിരിച്ചും കുലുക്കിയും  ഏതെങ്കിലും ഒരു വഴിയിലൂടെ കൊണ്ടുപോയി തുളയിൽ കൊണ്ടു വീഴ്ത്തണം. ഗോട്ടി തുളയിൽ വീണു കഴിഞ്ഞാൽ കളി കഴിഞ്ഞു; വീണ്ടും കളിക്കണമെന്നുണ്ടെങ്കിൽ പെട്ടി കുലുക്കി ഗോട്ടി പുറത്തെടുക്കുകയും വേണം. അർദ്ധഗോളാകൃതിയിൽ കട്ടിച്ചില്ലു കൊണ്ടുള്ള ഒരു മൂടി കൊണ്ടടച്ചാൽ നിങ്ങൾക്കത് പോക്കറ്റിലിട്ട് എവിടെയും കൊണ്ടുപോകാം, എവിടെയും വച്ച് അതു പുറത്തെടുത്തു കളിക്കുകയും ചെയ്യാം.

പണിയില്ലാത്തപ്പോൾ ഗോട്ടി നേരം കളഞ്ഞിരുന്നത് കൈ പിന്നിൽ കെട്ടി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടാണ്‌; ഈ നടത്തം നടത്തിയിരുന്നത് വഴികൾ ഒഴിവാക്കിക്കൊണ്ടുമായിരുന്നു. കളിക്കിടയിൽ വഴികളിലൂടുരുണ്ടുപോയി താൻ വല്ലാതെ മനശ്ശല്ല്യം അനുഭവിക്കുന്നുണ്ടെന്നും കളി നടക്കാത്തപ്പോൾ തുറന്ന മൈതാനത്ത് സ്വസ്ഥത വീണ്ടെടുക്കാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്നുമായിരുന്നു അതിന്റെ അഭിപ്രായം. ചില നേരത്തത് ചില്ലു കൊണ്ടുള്ള കമാനം നോക്കി നില്ക്കാറുണ്ട്; അതു പക്ഷേ വെറും ശീലം കൊണ്ടാണെന്നേയുള്ളു, അങ്ങു മുകളിൽ നിന്ന് എന്തെങ്കിലും ഗ്രഹിച്ചെടുക്കാനുള്ള ഉദ്ദേശ്യം കൊണ്ടൊന്നുമല്ല.  കാലുകൾ കവച്ചു വച്ചുകൊണ്ടാണ്‌ അതു നടക്കുക; ആ ഇടുങ്ങിയ വഴികൾ തനിക്കു പറഞ്ഞതല്ലെന്ന് അതെപ്പോഴും പരാതിയുമായിരുന്നു. അതു സത്യമല്ലാതെയല്ല, കാരണം, വഴികൾ കഷ്ടിച്ചതിനെ കൊള്ളുമെന്നേ ഉണ്ടായിരുന്നുള്ളു; അതു സത്യവുമല്ല, കാരണം, വഴിയുടെ വീതിയ്ക്കു കൃത്യമായി കൊള്ളുന്ന വിധം അത്ര വിദഗ്ധമായി പണിതെടുത്തതാണതിനെ; തീർച്ചയായും വഴികൾ അതിനു സുഖകരമാവണമെന്നുദ്ദേശിച്ചിട്ടുമില്ല; അങ്ങനെയായാൽ അതൊരു പ്രഹേളികയാകാതെ പോവുകയും ചെയ്യുമല്ലോ.


 

അഭിപ്രായങ്ങളൊന്നുമില്ല: