1
ഉടുതുണിയില്ലാതെ നടന്നാൽ മതി സദ്ഗതിയടയാനെങ്കിൽ
കാട്ടിലെ മാനുകൾക്കതെന്നേ കിട്ടിയേനേ.
മുണ്ഡനം ചെയ്ത ശിരസ്സാണു പരമഭക്തിയുടെ ചിഹ്നമെങ്കിൽ
ഭക്തശിരോമണികളാണു പെണ്ണാടുകളെന്നു പറയരുതോ.
രേതസ്സിനെ നിരോധിച്ചാൽ സ്വർഗ്ഗത്തേക്കു ദൂരം കുറയുമെങ്കിൽ
മുമ്പേ നടക്കുന്നതു വരിയുടച്ച മൂരിയാവേണ്ടേ.
കബീർ പറയുന്നതു കേൾക്കു സഹോദരാ,
മോചനത്തിനു വചനമൊന്നേ,
-രാമനാമം.
2
സ്വന്തമുടലു മണക്കാൻ നിങ്ങൾ ചന്ദനമുട്ടിയരയ്ക്കുമ്പോൾ
മറ്റൊരിടത്തു മറ്റൊരാൾ മാവിൻതടി വെട്ടുകയായിരുന്നു,
നിങ്ങൾക്കു ചിതയൊരുക്കാൻ.
കൈയിൽ പറക്കുന്ന പട്ടത്തിന്റെ ചരടും
താംബൂലതൈലമൊലിച്ചിറങ്ങുന്ന താടിയും:
ഈ കോലത്തിൽ നിങ്ങൾ മരണത്തെ മറക്കുന്നു,
ഏതു കള്ളനെയും പോലെ നിങ്ങളെയും ചുടുമെന്നു മറക്കുന്നു.
രാമനാണൊരേയൊരു നേരെന്നു നിങ്ങൾ കാണുന്നുന്നില്ലേ,
കബീർ പറയുന്നു, ശേഷമൊക്കെ ഒരു പെരുംനുണയെന്നും?
3
കൂരമ്പു പോലാണു ഹരിയുടെ പ്രണയം,
തറഞ്ഞുതന്നെയറിയണമതിന്റെ നൊമ്പരം.
ഉടലിലതിന്റെ വടു കാണില്ലെന്നിരിക്കെ,
അരച്ച പച്ചമരുന്നു നിങ്ങളെവിടെപ്പുരട്ടും?
വധുക്കളെല്ലാവരുമൊരുപോലിരിക്കെ,
ഹരിയെന്ന വരനിന്നാരെ വരിക്കും?
സീമന്തരേഖയിൽ സിന്ദൂരമണിഞ്ഞവൾ,
അവളാണു ധന്യയെന്നു കബീറു പറയും.
4
നമുക്കു പോകാം, പോകാമെന്നവർ തിടുക്കപ്പെടുത്തുന്നു;
ഒരു വളവും കഴിഞ്ഞുചെന്നാൽ സ്വർഗ്ഗമായെന്ന മട്ടിലാണവർ!
ആ സ്വർഗ്ഗമെങ്ങനെയുണ്ടെന്നവരോടൊന്നു ചോദിക്കൂ,
സ്വന്തം തെരുവു പോലുമറിയാതെ പകച്ചവർ നില്ക്കും.
ഇനി, സ്വർഗ്ഗത്തിലേക്കാണവരുടെ യാത്രയെങ്കിലും
അവരുടെ യാത്ര തീരുന്നിടം സ്വർഗ്ഗമാകണമെന്നുമില്ല.
കേട്ടുകേൾവി വച്ചാണവരിറങ്ങിപ്പുറപ്പെടുന്നതെങ്കിലോ?
നിങ്ങൾതന്നെ പോയൊന്നുറപ്പു വരുത്തുകയല്ലേ ഭംഗി?
ഈ കബീറിനു പക്ഷേ, എവിടെയും പോകണമെന്നില്ല,
ഇഷ്ടന്മാർ ചിലരെ കിട്ടിയാൽ അയാൾക്കിവിടം തന്നെ മതി.