2023, ജൂലൈ 20, വ്യാഴാഴ്‌ച

റോബർട്ട് ലൂയി സ്റ്റീവൻസൺ - കഥകൾ


രണ്ടു തീപ്പെട്ടിക്കോലുകൾ


വാണിജ്യവാതങ്ങൾ ആഞ്ഞുവീശുന്ന ഉണക്കുകാലത്തൊരുനാൾ കാലിഫോർണിയയിലെ കാടുകളിലൂടെ കടന്നുപോവുകയായിരുന്നു ഒരു സഞ്ചാരി. ദീർഘദൂരം യാത്ര ചെയ്തതിന്റെ ക്ഷീണവും വിശപ്പും കൂടിയായപ്പോൾ അയാൾ ഒന്നു പൈപ്പ് വലിക്കാനായി കുതിരപ്പുറത്തു നിന്നിറങ്ങി. പക്ഷേ കീശയിൽ തപ്പിയപ്പോൾ രണ്ടു തീപ്പെട്ടിക്കോലുകളേ കിട്ടിയുള്ളു.
“ഇതാകെക്കുഴഞ്ഞ അവസ്ഥയായല്ലോ,” സഞ്ചാരി സ്വയം പറഞ്ഞു. “വലിച്ചില്ലെങ്കിൽ ചത്തുപോകും; ശേഷിച്ചത് ഒരു തീപ്പെട്ടിക്കൊള്ളി; അത് കത്തില്ലെന്നു തീർച്ചയുമാണ്‌! ഇത്രയും ഭാഗ്യക്കേടു പിടിച്ച ഒരു ജീവി വേറേ കാണുമോ? എന്നാലും,” സഞ്ചാരി തന്റെ ചിന്താധാര തുടർന്നു “ഞാൻ ഈ കൊള്ളി കത്തിക്കുകയും പൈപ്പ് വലിക്കുകയും പുകയിലച്ചാരം ഇവിടെ ഈ പുല്ലിൽ തട്ടിക്കുടയുകയും ചെയ്തുവെന്നിരിക്കട്ടെ- ഉണങ്ങിക്കരിഞ്ഞുകിടക്കുന്നതുകൊണ്ട് പുല്ലിനു തീ പിടിച്ചുവെന്നു വരാം; ചവിട്ടിക്കെടുത്താനുള്ള എന്റെ ശ്രമങ്ങളെയൊക്കെ അതിജീവിച്ച് അത് ആ നില്ക്കുന്ന പൊന്തയിൽ കയറിപ്പിടിച്ചുവെന്നു വരാം; എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റും മുമ്പേ അതിലാകെ തീ പടരും; പൊന്തയ്ക്കപ്പുറം പൂപ്പലു തൂങ്ങിക്കിടക്കുന്ന ഒരു പൈന്മരം എനിക്കു കാണാം; നിമിഷനേരം കൊണ്ടാണതിൽ തീ പിടിക്കുക; ആ നെടുങ്കൻ പന്തത്തിന്റെ ജ്വാല- കാറ്റതും വീശി കാട്ടിലൂടെ നടന്നാൽ എന്താവും സ്ഥിതി! കാറ്റും തീയും ഒരുമിച്ചലറുന്നത് ഈ മലയിടുക്കിൽ ഞാൻ കേൾക്കുന്നു; ജീവനും കയ്യിൽപ്പിടിച്ച് ഞാനോടുന്നതു ഞാൻ കാണുന്നു; തീജ്ജ്വാലകൾ എന്നെ പിന്തുടരുന്നതും ഇരുവശങ്ങളിലൂടെയും എന്നെ വളയുന്നതും ഞാൻ കാണുന്നു; ഹൃദ്യമായ ഈ വനം ദിവസങ്ങൾ നിന്നെരിയുന്നതും കാലികൾ വെന്തുവീഴുന്നതും അരുവികൾ വരണ്ടുപോകുന്നതും കൃഷിക്കാർ തകർന്നടിയുന്നതും അയാളുടെ മക്കൾ തെരുവിലേക്കെടുത്തെറിയപ്പെടുന്നതും ഞാൻ കണ്മുന്നിൽ കാണുന്നു. എങ്ങനെയുള്ളൊരു ലോകമാണ്‌ ഈയൊരു നിമിഷത്തിൽ തൂങ്ങിനില്ക്കുന്നത്!“
എന്നിട്ടയാൾ തീപ്പെട്ടിക്കൊള്ളി ഉരച്ചു; അത് കത്തിയതുമില്ല.
”ആശ്വാസമായി!“ സഞ്ചാരി പറഞ്ഞു, എന്നിട്ടയാൾ പൈപ്പ് കീശയിലിട്ടു.
*

പൗരനും സഞ്ചാരിയും


”ചുറ്റും നോക്കൂ,“ പൗരൻ പറഞ്ഞു. ”ലോകത്തെ ഏറ്റവും വലിയ അങ്ങാടിയാണിത്.“
”ഏയ്, അങ്ങനെയാവാൻ തീരെ സാദ്ധ്യതയില്ല,“ സഞ്ചാരി പറഞ്ഞു.
”എന്നു പറഞ്ഞാൽ, ഏറ്റവും വലുതാണെന്നല്ല,“ പൗരൻ ഭേദപ്പെടുത്തി. ”ഏറ്റവും മികച്ചത്.“
”അതാകെത്തെറ്റി,“സഞ്ചാരി പറഞ്ഞു. ”ഞാൻ പറയുന്നത്...“
അന്നു സന്ധ്യക്കവർ ആ അപരിചിതന്റെ ശവമടക്കി.
*

കരയാനുള്ള കാരണം


ഒരു ബാലൻ കരഞ്ഞുകൊണ്ടിരിക്കുന്നത് ഒരാൾ കണ്ടു. “നീ എന്തിനാണു കരയുന്നത്?” അയാൾ ചോദിച്ചു.
“ഞാൻ ചെയ്ത പാപങ്ങളെക്കുറിച്ചോർത്തു കരയുകയാണ്‌,“ കുട്ടി പറഞ്ഞു.
”അത്രയും പാപം ചെയ്യാനുള്ള പ്രായം നിനക്കായിട്ടില്ലല്ലോ,“ അയാൾ പറഞ്ഞു.
അടുത്ത ദിവസം അവർ പിന്നെയും തമ്മിൽ കണ്ടു. അപ്പോഴും കുട്ടി കരയുകയായിരുന്നു. ”ഇപ്പോൾ നീ കരയാൻ കാരണമെന്താണ്‌?“ അയാൾ ചോദിച്ചു.
”എനിക്കു വിശക്കുന്നു,“ കുട്ടി പറഞ്ഞു.
”അതിലേക്കാണെത്തുക എന്നെനിക്കറിയാമായിരുന്നു,“ അയാൾ പറഞ്ഞു.
*

അഭിപ്രായങ്ങളൊന്നുമില്ല: