2023, ജൂൺ 11, ഞായറാഴ്‌ച

അലക്സാണ്ടർ റിസ്റ്റോവിച്ച് - കവിതകൾ



പിശാചിന്റെ ഉച്ചഭക്ഷണം


ഒരു മുള്ളു തന്നെ അവനു ധാരാളം.
ഇരുമ്പു കൊണ്ടുള്ള ഒരാപ്പിൾ.
ഒരു കോട്ടൺ പെറ്റിക്കോട്ടു മാത്രമിട്ടുകൊണ്ട്
വീട്ടിനുള്ളിൽ ചുവടു വയ്ക്കുന്ന ഒരു പെൺകുട്ടിയുടെ മുലക്കണ്ണ്‌.
ഒരു പന്നിയുടെ ചെവി തന്നെ ധാരാളം.
ഒഴിഞ്ഞ രണ്ടു പിഞ്ഞാണങ്ങൾക്കിടയിലൂടിഴയുന്ന ഒരു പ്രാണി.
ഒരു ജമന്തിപ്പൂവിലേക്കൂതുന്ന കുട്ടി.
മരിക്കാൻ കിടക്കുന്ന ഒരു കിഴവിയുടെ ശോഷിച്ച കൈകാലുകൾ.
ഒരു കൈ തന്റെ മാറിലും 
മറ്റേക്കൈ ചുണ്ടിലും വച്ച്
കാമുകനെ കാത്തിരിക്കുന്ന 
യുവതിയുടെ കൈകാലുകൾ.

ഉച്ചഭക്ഷണമായി കഴിക്കുന്നത്
അത്താഴമായി അവൻ ഛർദ്ദിക്കുന്നു,
ഒരു റോസാച്ചെടിയിലേക്ക്,
അല്ലെങ്കിലൊരു ക്രിസ്തുമസ്മരത്തിനു ചുവട്ടിൽ.

*

മരണവും മറ്റു ചിലതും


എത്ര വിചിത്രമായിരിക്കും എന്റെ മരണം;
ബാല്യം തൊട്ടേ ഞാനതിനെക്കുറിച്ചു ചിന്തിക്കാറുണ്ട്:
ഒരു ചെറുപട്ടണത്തിലെ വായനശാലയിൽ നിന്നിറങ്ങിവരുന്ന
അലസശീലനായ ഒരു വൃദ്ധൻ
ഒരു വശത്തേക്കു ചായുന്നു,
പിന്നെ പുല്പുറത്തു കുഴഞ്ഞുവീഴുന്നു.
ഒരു പ്ലാസ്റ്റിക്ക് സഞ്ചിയിൽ അത്താഴവും പൊതിഞ്ഞെടുത്തു
കോണിപ്പടി കയറുമ്പോൾ
(ആ നിമിഷം താഴേക്കിറങ്ങുന്ന പാർട്ടി ഡ്രസ് ധരിച്ച ചുരുൾമുടിക്കാരനെ
ഞാനൊന്നു തിരിഞ്ഞുനോക്കുന്നപോലുമില്ല)
മറ്റുള്ളവർ അനുഭവിച്ചതുതന്നെ ഞാനും അനുഭവിക്കും
എന്നു വിശ്വസിക്കാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല.
ഇനിയല്ലെങ്കിൽ ഒരു ട്രെയിനിൽ വച്ചുള്ള സാധാരണമരണവുമാകാം:
പാടങ്ങളും മഞ്ഞു വീണ കുന്നുകളും
ശ്രദ്ധയോടെ നോക്കിയിരിക്കുന്ന ഒരു മനുഷ്യൻ
കണ്ണുകളടയ്ക്കുന്നു മടിയിൽ കൈകൾ മടക്കിവയ്ക്കുന്നു
ഒരു നിമിഷം മുമ്പ് കൗതുകത്തോടെ താൻ കണ്ടതൊന്നും കാണാതെയാകുന്നു.
മറ്റു സാദ്ധ്യതകളും ഓർത്തെടുക്കാൻ നോക്കുകയാണു ഞാൻ:
അങ്ങനെയിതാ, പിന്നെയും ഞാൻ തന്നെയായി വേഷം മാറിയ ഞാൻ
ഉല്ലാസഭരിതമായ ഒരു ചെറുസംഘത്തിനിടയിൽ
എന്റെ ഗ്ലാസ് കാലിയാക്കിക്കൊണ്ടിരിക്കെ
ചിരിച്ചുകൊണ്ടു തറയിലേക്കു വീഴുന്നു,
വീഴുന്ന പോക്കിൽ മേശവിരിയും നിറയെ റോസാപ്പൂക്കളുണ്ടായിരുന്ന
പൂപ്പാത്രവും വലിച്ചു താഴെയിടുന്നു.
ഏതോ മലമ്പ്രദേശത്തെ ഭ്രാന്താശുപത്രിയിൽ
പുതിയ വിരികളിട്ട കിടക്കകളിൽ കിടന്ന്
തൊണ്ട കാറി അന്യോന്യം പരാതിപ്പെടുമ്പോൾ,
തീർച്ചയായും ഒരാത്മീയമാനമുള്ളതുമാവാം എന്റെ മരണം.
ഞാൻ മനസ്സിൽ കാണുന്നതിൽ നിന്നു തീർത്തും വ്യത്യസ്തമായ
മറ്റൊരു രീതിയിലാണു ഞാൻ മരിക്കുക എന്നും വരാം:
എന്റെ ഭാര്യയ്ക്കും മകൾക്കുമൊപ്പമിരിക്കുമ്പോൾ
ചുറ്റിനും പുസ്തകങ്ങളുമായി ഞാൻ മരിക്കും,
രാത്രിയിൽ പുതുമഞ്ഞാശ്ചര്യപ്പെടുത്തിയ കാർ സ്റ്റാർട്ടാക്കാൻ
നോക്കുകയായിരിക്കും വീടിനു പുറത്തെന്റെ അയല്ക്കാരൻ.
*
സെർബിയൻ കവി  Aleksandar Ristovic (1933-1994)

അഭിപ്രായങ്ങളൊന്നുമില്ല: