2023, ഡിസംബർ 19, ചൊവ്വാഴ്ച

അൽഫോൺസിന സ്റ്റോർണി - കവിതകൾ

 അല്ഫോൺസിനാ സ്റ്റോർണി Alfonsina Storni (1892-1938)- ഇറ്റാലിയൻ, സ്വിസ് ദമ്പതികളുടെ മകളായി സ്വിറ്റ്സർലന്റിൽ ജനിച്ച സ്പാനിഷ് കവയിത്രി. നാലാം വയസ്സു മുതൽ അർജന്റീനയിൽ. അച്ഛന്റെ മരണശേഷം കുടുംബം പുലർത്താനായി പലതരം ജോലികൾ ചെയ്തു. സഞ്ചരിക്കുന്ന ഒരു നാടകസംഘത്തിൽ നടിയായി, അദ്ധ്യാപികയായി. 1912ൽ ഒരു മകൻ ജനിച്ചു. മകനോടൊപ്പം ബ്യൂണേഴ്സ് അയഴ്സിലേക്കു താമസം മാറ്റി. 1935ൽ സ്തനാർബുദത്തിനു ശസ്ത്രക്രിയ. 1938ൽ വീണ്ടും രോഗബാധ. ആ വർഷം ഒക്റ്റോബർ 25ന്‌ കടലിൽ ചാടി ആത്മഹത്യ ചെയ്തു.



രണ്ടു വാക്കുകൾ

ഇന്നു രാത്രിയിൽ, എന്റെ കാതരികിൽ രണ്ടു വാക്കുകൾ നീ മന്ത്രിച്ചു. അത്രയും സാധാരണമായ രണ്ടു വാക്കുകൾ. പറഞ്ഞുപറഞ്ഞത്രയ്ക്കും തളർന്ന രണ്ടു വാക്കുകൾ. അത്രയും പഴകിയതിനാൽ പുതുതായ വാക്കുകൾ. ചില്ലകളിലൂടിറ്റുന്ന നിലാവെന്റെ വായിൽ വന്നുവീഴും പോ- ലത്രയും മധുരിക്കുന്ന രണ്ടു വാക്കുകൾ. അത്രയും മധുരിക്കുന്നതാണാ വാക്കുകളെന്നതിനാൽ ഒരെറുമ്പിനെന്റെ കഴുത്തിലൂടിറങ്ങാൻ ഞാനനങ്ങാതിരുന്നുകൊടുക്കുകയും ചെയ്തു. എത്ര സുന്ദരമാണു ജീവിതമെന്നറയ്ക്കാതെ പറയാൻ എന്നെ പ്രേരിപ്പിക്കുന്ന രണ്ടു വാക്കുകൾ. അത്രയും പ്രിയതരം, അത്രയും പ്രീതിദം, എന്റെയുടലിൽ തുളുമ്പിവീഴുന്ന വാസനത്തൈലങ്ങൾ പോലെ. അത്രയും പ്രിയതരം, അത്രയും മനോഹരമാണവയെന്നതിനാൽ, കാതരവും വിവശവുമായെന്റെ വിരലുകളാകാശത്തേക്കുയരുന്നു, നക്ഷത്രങ്ങൾ മുറിച്ചെടുക്കാനൊരു കത്രിക പോലെ.


പൈതൃകത്തിന്റെ ഭാരം


നിങ്ങൾ പറഞ്ഞു: എന്റെ അച്ഛൻ കരഞ്ഞിട്ടേയില്ല;
നിങ്ങൾ പറഞ്ഞു: എന്റെ മുത്തശ്ശൻ കരഞ്ഞിട്ടേയില്ല;
എന്റെ തറവാട്ടിൽ ആണുങ്ങൾ കരഞ്ഞിട്ടേയില്ല;
അവർ ഉരുക്കുമനുഷ്യരായിരുന്നു.
ഇതു പറയുമ്പോൾ ഒരു കണ്ണീർത്തുള്ളി ഉരുണ്ടുകൂടി
എന്റെ ചുണ്ടിലേക്കു വീണു...
അത്ര ചെറിയൊരു പാത്രത്തിൽ നിന്ന്
ഇത്രയും വിഷം ഞാൻ മുമ്പു കഴിച്ചിട്ടേയില്ല.
അബലയായ സ്ത്രീ, അന്യശോകങ്ങളറിയാൻ പിറന്നവൾ:
യുഗങ്ങളുടെ വേദന അതിൽ ഞാൻ നുകർന്നു.
ഹാ, എന്റെയാത്മാവിനെക്കൊണ്ടു കഴിയില്ല,
അത്രയും ഭാരം പേറിനടക്കാൻ.
(1919)

ഈ കവിതയിൽ തന്റെ അമ്മയുടെ തലമുറ ചുമന്നുനടന്ന ലിംഗവ്യത്യാസത്തിൽ അധിഷ്ഠിതമായ പാരമ്പര്യത്തെ തള്ളിപ്പറയുകയാണ്‌ സ്റ്റോർണി എന്ന് നിരൂപകർ.

ഇനി ഞാനുറങ്ങട്ടെ

പൂമൊട്ടുകൾ പല്ലുകൾ, മുടി മൂടാൻ മഞ്ഞുതുള്ളികൾ, ചെടിച്ചില്ലകൾ കൈകൾ, പ്രകൃതീ, എനിക്കൊത്ത ധാത്രീ, മണ്ണടരുകൾ കൊണ്ടു വിരിപ്പുകളെനിക്കായൊരുക്കൂ, പന്നലും പായലും കൊണ്ടു പതുപതുത്തൊരു മെത്തയും. എന്നെക്കൊണ്ടുപോയിക്കിടത്തൂ, ഇനി ഞാനുറങ്ങട്ടെ. എന്റെ കട്ടിൽത്തലയ്ക്കലൊരു വിളക്കു വേണം, ഒരു നക്ഷത്രമണ്ഡലമെങ്കിലതുമെനിക്കു ഹിതം: രണ്ടിലേതായാലും തിരിയൊന്നു താഴ്ത്തിവയ്ക്കൂ. ഇനിപ്പോകൂ: മൊട്ടുകൾ വിടരുന്നതെനിക്കു കേൾക്കാം... ഒരു സ്വർഗ്ഗീയപാദം മുകളിൽ നിന്നെന്നെത്താരാട്ടുന്നു, ഒരു പറവയെനിക്കായൊരു ചിത്രം വരയ്ക്കുന്നു... എല്ലാം ഞാൻ മറക്കട്ടെ...നന്ദി. ഹാ, ഒരപേക്ഷ കൂടി: ഇനിയുമയാൾ ഫോൺ ചെയ്താൽ പറഞ്ഞേക്കൂ, ഇനി ശ്രമിക്കേണ്ടെന്ന്, ഞാൻ പൊയ്ക്കഴിഞ്ഞുവെന്ന്... (സ്റ്റോർണിയുടെ അവസാനത്തെ കവിത; അവർ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.)


അഭിപ്രായങ്ങളൊന്നുമില്ല: