ആവി
പറക്കുന്ന, വെയിലിൽ കുളിച്ച, പ്രശാന്തമായ ഒരപരാഹ്നം. ഞാനിരുന്നെഴുതുകയാണ്. ആരോ കതകിൽ മുട്ടുന്നു. “ദയവു ചെയ്ത് ഉപദ്രവിക്കരുത്, എനിക്കൊറ്റയ്ക്കാവണം.”
“ഹേയ്, പീറ്റർ, എനിക്കു താനുമായിട്ടൊന്ന് അതുമിതും പറഞ്ഞിരിക്കണമെന്നേയുള്ളു; ഇന്നാകെ ബോറടി തോന്നുന്നു. ഓഫീസ് ജോലി പോലെയാണോ തന്റെ എഴുത്തുജോലി? താൻ കവിത ചമയ്ക്കുകയാ?”
“അതെന്താ ഒരു വിപരീതധ്വനി? അതെ, ഞാൻ കവിത ചമയ്ക്കുക തന്നെയാണ്.”
“അല്ല പീറ്ററേ, താൻ വല്ല കൂലിപ്പണിക്കാരനൊന്നുമല്ലല്ലോ; ദൈവം സഹായിച്ച് തനിക്കൊരു സ്ഥിരം ജോലിയുമില്ല; രണ്ടു മണിക്കൂർ കഴിഞ്ഞ് ഞാൻ പോയിക്കഴിഞ്ഞാൽ പിന്നെ തനിക്ക് ആരുടെയും ശല്യമില്ലാതെ തന്റെ കവിതയെഴുത്തിലേക്കു തിരിച്ചുപോകാമല്ലോ.”
“താനതൊന്നു ശ്രമിച്ചുനോക്ക്; ഇതെന്തുതരം ജോലിയാണെന്ന് തനിക്കു വലിയ പിടിയില്ലെന്നു തോന്നുന്നു!”
“ഇതൊരു പുതുമയാണല്ലോ! ഓഫീസ് സമയം വച്ചെഴുതുകയും സന്തോഷമായിട്ടൊന്നു സംസാരിച്ചിരിക്കാൻ വരുന്ന കൂട്ടുകാരനെ വീട്ടിനകത്തേക്കു കയറ്റാതിരിക്കുകയും ചെയ്യുന്ന ഒരു കവി! തന്റെ അനുഭൂതികൾ അങ്ങനെയങ്ങ് ആവിയായിപ്പോവുകയൊന്നുമില്ലല്ലോ! അതോ അങ്ങനെയാണോ?!”
“ജോലിയിൽ മുഴുകിയിരിക്കുന്ന ഒരു വക്കീലിനെയോ ഡോക്ടറെയോ ബാങ്ക് ഓഫീസറെയോ തടസ്സപ്പെടുത്താൻ തനിക്കു തോന്നുമോ?!”
“ജോലിയിൽ മുഴുകിയിരിക്കുന്ന- പീറ്ററേ, അതു വിട്; തന്റെ ജോലി ജോലി എന്ന വാക്കിന്റെ അർത്ഥത്തിനുള്ളിൽ വരുന്നതല്ല, അതൊരു വിനോദമാണ്, നേരം കളയലാണ്!“
”എന്റെ നേരം കളയലിനെ, വിനോദത്തെ തന്റെ നർമ്മസംഭാഷണം കൊണ്ടു വിഘാതപ്പെടുത്തണമെന്നു തനിക്കാഗ്രഹമുണ്ടോ?!“
”എന്നാലങ്ങനെയാവട്ടെ, പീറ്റർ, തന്റെ ആരാധകരോട് ഒട്ടും നന്ദിയില്ലാത്ത തരക്കാരനാണു താൻ; അല്ല, തന്നെയാര് ഗൗരവത്തിലെടുക്കാൻ പോകുന്നു! വിട, കവേ! ലോകത്തിനെന്തെങ്കിലും നഷ്ടപ്പെടുമെങ്കിൽ അതിനു കാരണക്കാരനാവാൻ ഞാനില്ലേ! എന്നാൽ, പിന്നെ കാണാം.“
*
ഷൂബെർട്ട്
--------------------------------------------
എന്റെ കട്ടിലിനു മുകളിലായി ഗുസ്താവ് ക്ലിംറ്റിന്റെ ഒരു പെയ്ന്റിംഗിന്റെ കാർബൺ പ്രിന്റ് കിടപ്പുണ്ട്: ഷൂബെർട്ടിന്റെ. മൂന്നു വിയന്നീസ് പെൺകുട്ടികൾക്കായി പിയാനോയുടെ അകമ്പടിയോടെ ഗാനങ്ങളാലപിക്കുകയാണ് ഷൂബെർട്ട്. അതിനടിയിൽ ഞാൻ ഇങ്ങനെ കുറിച്ചിട്ടു: ”എന്റെ ദൈവങ്ങളിൽ ഒന്ന്! തങ്ങളുടെ ഹൃദയങ്ങളിൽ മറഞ്ഞുകിടക്കുന്ന നിറവേറാത്ത ആദർശങ്ങൾക്കൊരു ജീവരൂപം നല്കാനായി മനുഷ്യർ ദൈവങ്ങളെ സൃഷ്ടിച്ചു!“
നിഗ്‌ലി എഴുതിയ ഷൂബെർട്ടിന്റെ ജീവചരിത്രം ഞാൻ പലപ്പോഴും എടുത്തു വായിക്കാറുണ്ട്. നിഗ്‌ലി അവതരിപ്പിക്കാൻ നോക്കുന്നത് ഷൂബെർട്ടിന്റെ ജീവിതമാണ്, അല്ലാതെ,അതിനെക്കുറിച്ച് തന്റെ തോന്നലുകളല്ല. മുപ്പത്തേഴാം പേജ് വരുന്ന ഭാഗത്തേക്ക് ഒരു നൂറുതവണയല്ല ഞാൻ മടങ്ങിച്ചെന്നിരിക്കുന്നത്. സെലെസ്സിൽ കൗണ്ട് എസ്റ്റെർഹേസിയുടെ എസ്റ്റേറ്റിൽ ഒരു സംഗീതാധ്യാപകനാണ് അദ്ദേഹം. തീരെ ചെറുപ്പമായ കൗണ്ടസ് മേരിയേയും കൗണ്ടസ് കരോളിനേയുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. കരോളിനുമായി അദ്ദേഹം കടുത്ത പ്രണയത്തിലാണ്. അങ്ങനെയാണ് ഒരു പിയാനോയിൽ രണ്ടുപേർ വായിക്കുന്ന യുഗ്മഗാനങ്ങൾ അദ്ദേഹം സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെഅഗാധമായ സ്നേഹത്തെക്കുറിച്ച് കൗണ്ടസ് അറിയുന്നതേയില്ല. സ്വന്തം രചനകളിൽ ഒന്നുപോലും അദ്ദേഹം തനിക്കു സമർപ്പിക്കുന്നില്ല എന്നു പറഞ്ഞ് കൗണ്ടസ് ഒരിക്കൽ പരിഭവത്തോടെ കളിയാക്കിയപ്പോൾ മാത്രമാണ് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്: “എന്തിനു വേണ്ടി?! ഇതെല്ലാം നിങ്ങൾക്കുള്ളതാണ്!”
പൊട്ടിത്തെറിക്കാറായ ഒരു ഹൃദയം തന്റെ ശോകം ഒരു നിമിഷത്തേക്ക് ഒന്നു വെളിപ്പെടുത്തിയ ശേഷം പിന്നെയും എന്നെന്നേക്കുമായി അടഞ്ഞുകൂടുന്നപോലെയാണത്. അതുകൊണ്ടാണ്, നിഗ്‌ലിയുടെ ഷൂബെർട്ടിന്റെ ജീവചരിത്രത്തിന്റെ മുപ്പത്തേഴാം പേജിലേക്ക് ഞാൻ ഇടയ്ക്കിടെ മടങ്ങിപ്പോകുന്നത്.
*
ഞാനൊരുത്തിയെ ഒരു രാത്രിക്കു വാടകയ്ക്കെടുത്തു.
അതിനെന്താ.
ഉറങ്ങും മുമ്പവൾ ചോദിച്ചു: “നിങ്ങൾ കവിയാണോ?”
“എന്തേ? ആവാം. അതിനെന്താ.”
“പണ്ടൊരിക്കല് ഞാനുമൊരു കവിതയെഴുതി...”
“?!?”
എനിക്കെത്ര പ്രിയപ്പെട്ടവൻ നീ.
ഇന്നു നീയെത്രയകലെ...
അതിനെന്താ.
എന്റെ ശവമാടത്തിലിങ്ങനെ എഴുതിവച്ചാലും:
‘എനിക്കു സ്നേഹം നിന്നെ മാത്രം.’
ആര് ആരെയെന്നാരുമറിയില്ല.
ഞാനവൾക്ക് അഞ്ചിനു പകരം പത്തു ഗോൾഡെൻ കൊടുത്തു.
“ഹൗ,” ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു,
“അഞ്ചിനാണല്ലോ നമ്മൾ ഉറപ്പിച്ചത്.”
“അതിനെന്താ. എന്റെ കണക്കുകൂട്ടൽ കിറുകൃത്യമാണ്.
അതെങ്ങനെയാണെന്നു നോക്കെടോ-
അഞ്ച് നിന്റെ സുന്ദരമായ ഉടലിന്,
നിന്റെ സുന്ദരമായ ആത്മാവിനഞ്ചും!”
*
(പീറ്റർ ആൾട്ടെൻബെർഗ് Peter Altenberg(1859-1919)- വിയന്നയിലെ ഒരു ധനികജൂതകുടുംബത്തിൽ ജനിച്ചു. ‘മാനസികവിക്ഷോഭങ്ങൾ താങ്ങാനുള്ള കരുത്തില്ലാത്തതിനാൽ ജോലി ചെയ്തു ജീവിക്കുക ബുദ്ധിമുട്ടായിരിക്കും’ എന്ന് ഡോക്ടർമാർ വിധിച്ചതിനാൽ ഒരു ബൊഹീമിയൻ കവിയായി സ്വയം സമർപ്പിക്കാൻ കഴിഞ്ഞു. കാഫ്ക, തോമസ് മൻ, ബർണാഡ് ഷാ, കാൾ ക്രൗസ് ഇവരൊക്കെ അദ്ദേഹത്തിന്റെ ആരാധകരായിരുന്നു.)