2024, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

പാബ്ലോ നെരൂദ- മിഗുവെൽ ഹെർണാണ്ടെഥിനെക്കുറിച്ച്

 മിഗുവേലിനെ എപ്പോഴും മണ്ണിന്റെ ഒരു പരിവേഷം  ചൂഴ്ന്നുനിന്നിരുന്നു. ഒരു മൺകട്ട പോലെയായിരുന്നു അവന്റെ മുഖം, അല്ലെങ്കിൽ വേരുകൾക്കിടയിൽ നിന്ന് അപ്പോൾ പറിച്ചെടുത്ത, ഭൂഗർഭത്തിന്റെ പുതുമ മാറാത്ത ഒരു ഉരുളക്കിഴങ്ങ്. എന്റെ വീട്ടിലായിരുന്നു അവന്റെ ജീവിതവും എഴുത്തും. എന്റെ അമേരിക്കൻ കവിത, മറ്റു ചക്രവാളങ്ങൾക്കും സമതലങ്ങൾക്കുമൊപ്പം, അവനിൽ സ്വാധീനം ചെലുത്തുകയും മാറ്റം വരുത്തുകയും ചെയ്യുകയായിരുന്നു.

ജന്തുക്കളേയും കിളികളേയും കുറിച്ചുള്ള നാട്ടുകഥകൾ അവൻ എന്നോടു പറയാറുണ്ടായിരുന്നു. ചെത്തിമിനുക്കാത്ത രത്നം പോലെ പ്രകൃതിയിൽ നിന്നാവിർഭവിക്കുന്നതരം എഴുത്തുകാരനായിരുന്നു അവൻ; കാടിന്റെ പുതുമയും അദമ്യമായ ഒരോജസ്സും അവനിലുണ്ടായിരുന്നു. തള്ളയാടുറങ്ങുമ്പോൾ അതിന്റെ വയറ്റിൽ കാതു വച്ചു ശ്രദ്ധിക്കുന്നതിന്റെ രസത്തെക്കുറിച്ച് ഒരിക്കലവൻ എന്നോടു പറഞ്ഞിരുന്നു. അകിടിലേക്ക് പാലിന്റെ സഞ്ചാരം അവനു കേൾക്കാൻ പറ്റുമായിരുന്നു; ആ നിഗൂഢശബ്ദം ആ ആട്ടിടയക്കവിയ്ക്കു മാത്രമേ കേൾക്കാൻ പറ്റൂ എന്നും ഉണ്ടായിരിക്കാം.

മറ്റുചിലപ്പോൾ അവൻ രാപ്പാടിയുടെ പാട്ടിനെക്കുറിച്ചായിരിക്കും പറയുക.അവൻ ജനിച്ചുവളർന്ന കിഴക്കൻ സ്പെയിൻ നിറയെ പൂവിടുന്ന ഓറഞ്ചുമരങ്ങളും രാപ്പാടികളുമായിരുന്നു. ആ പക്ഷി, ആ ഉദാത്തഗായകൻ, എന്റെ നാട്ടിൽ ഇല്ലാത്തതിനാൽ ആ ഭ്രാന്തൻ മിഗുവേൽ എത്രയും വിശദവും സജീവവുമായി അതിനെ അനുകരിച്ച് എന്നെ കേൾപ്പിക്കും. തെരുവിലെ ഏതെങ്കിലും മരത്തിൽ പൊത്തിപ്പിടിച്ചു കയറിയിട്ട് അതിന്റെ ഏറ്റവും ഉയരത്തിലുള്ള കൊമ്പിലിരുന്ന് അവൻ തന്റെ നാട്ടിലെ കിളികളെപ്പോലെ ചൂളം കുത്തുകയോ ചിലയ്ക്കുകയോ ചെയ്യും.

അവനു തൊഴിലൊന്നും ഇല്ലാത്തതിനാൽ ഞാൻ അവനൊരു ജോലി തരപ്പെടുത്താൻ നോക്കി. സ്പെയിനിൽ ഒരു കവിയ്ക്കു ജോലി കിട്ടുക ദുഷ്കരമാണല്ലോ. ഒടുവിൽ വിദേശകാര്യവകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ ഒരു വൈക്കൌണ്ട് അവന്റെ കാര്യത്തിൽ താല്പര്യം കാണിച്ചു. അവന്റെ കവിതകൾ വായിച്ച് ഇഷ്ടപ്പെട്ടയാളാണ്‌ അദ്ദേഹം. ഏതു ജോലിയാണ്‌ ഇഷ്ടമെന്ന് മിഗുവേൽ ഒന്നു സൂചിപ്പിക്കുകയേ വേണ്ടു, അതിൽ നിയമനം നല്കാമെന്ന് അദ്ദേഹം ഉറപ്പു തരികയും ചെയ്തു.

കാര്യം നേടിയ മട്ടിൽ ഞാൻ മിഗുവേലിനെ കണ്ടു പറഞ്ഞു: “മിഗുവേൽ ഹെർണാണ്ടെഥ്, ഒടുവിൽ നിന്റെ ഭാവി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വൈക്കൌണ്ട് നിനക്കൊരു ജോലി തരാമെന്നു പറഞ്ഞിട്ടുണ്ട്. നീ ഉയർന്ന പദവിയിലുള്ള ഒരുദ്യോഗസ്ഥനാവും. ഏതു ജോലിയാണ്‌ നിനക്കു വേണ്ടതെന്നു പറയൂ; നിനക്കതുതന്നെ കിട്ടും.”

മിഗുവേൽ ഒന്നു ചിന്തയിൽ മുഴുകി. ആഴത്തിൽ ചാലു കീറിയ അവന്റെ മുഖം ഉത്കണ്ഠ കൊണ്ട് ഒന്നിരുണ്ടു. മണിക്കൂറുകൾ കഴിഞ്ഞു; ഒടുവിൽ ഉച്ച തിരിഞ്ഞിട്ടാണ്‌ അവൻ എനിക്കൊരു മറുപടി തന്നത്. തന്റെ അന്നേവരെയുള്ള എല്ലാ ജീവിതപ്രശ്നങ്ങൾക്കും പരിഹാരം കണ്ടുപിടിച്ച ഒരാളുടെ വിടർന്ന മുഖത്തോടെ അവൻ പറഞ്ഞു: “മാഡ്രിഡിനടുത്ത് എവിടെയെങ്കിലും ഒരാട്ടിൻ പറ്റത്തെ നോക്കാനുള്ള ചുമതല വൈക്കൌണ്ട് എനിക്കു തരുമോ?“

മിഗുവേൽ ഹെർണാണ്ടെഥിന്റെ ഓർമ്മ  ഹൃദയത്തിൽ നിന്നു പറിച്ചെടുത്തു കളയാൻ എനിക്കു കഴിയില്ല. ലെവന്റിലെ രാപ്പാടികളുടെ പാട്ടുകൾ, ഇരുട്ടിനും ഓറഞ്ചുപൂക്കൾക്കുമിടയിലൂടെ ഉയർന്നുപൊങ്ങുന്ന ആ ശബ്ദഗോപുരങ്ങൾ, അവനൊരു വിട്ടുപിരിയാത്ത ബാധ പോലെയായിരുന്നു. അതവന്റെ ചോരയിലുണ്ടായിരുന്നു, ഭൗമവും വന്യവുമായ കവിതയിലുണ്ടായിരുന്നു. ആ കവിതയിൽ നിറങ്ങളൂം ഗന്ധങ്ങളും സ്പാനിഷ് ലെവന്റിന്റെ ശബ്ദങ്ങളും എല്ലാ പൊലിമയോടെയും ഒന്നുചേർന്നിരുന്നു, പ്രബലവും വീര്യവത്തുമായ ഒരു യുവത്വത്തിന്റെ എല്ലാ പ്രസരിപ്പോടെയും പരിമളത്തോടെയും.

അവന്റെ മുഖം സ്പെയിനിന്റെ മുഖമായിരുന്നു. വെളിച്ചം ചെത്തിയെടുത്ത, ഉഴുത പാടം പോലെ ചാലു കീറിയ ആ മുഖത്തിന്‌ അപ്പം പോലെയോ ഭൂമി പോലെയോ വൃത്താകൃതിയായിരുന്നു. കാറ്റു വരട്ടിയതും തോലു പോലെ വലിഞ്ഞതുമായ അതിന്റെ പ്രതലത്തിൽ അവന്റെ എരികണ്ണുകൾ കരുത്തിന്റെയും ആർദ്രതയുടേയും രണ്ടു രശ്മികളായിരുന്നു. 

അവന്റെ വാക്കുകളിൽ നിന്ന്, ഒരു പുതിയ മഹിമ കൊണ്ട്, ഒരു കിരാതവെളിച്ചം കൊണ്ട്, പഴയ ചോരയെ നവജാതശിശുവാക്കുന്ന ദിവ്യാത്ഭുതം കൊണ്ടു രൂപം മാറിയ വാക്കുകളിൽ നിന്ന്  കവിതയുടെ തനിമൂലകങ്ങൾ പുറത്തുവരുന്നതു ഞാൻ കണ്ടു. ഞാൻ കവിയായിരുന്ന, നാടോടിക്കവിയായിരുന്ന ഇത്രയും കാലത്തെ അനുഭവം വച്ച് എനിക്കു പറയാം, അവനെപ്പോലെ കവിത ജീവനമായിരുന്ന ഒരാളെ, വാക്കുകൾ വൈദ്യുതജ്ഞാനമായിരുന്ന മറ്റൊരാളെ കാണാനുള്ള അവസരം ജീവിതം എനിക്കു തന്നിട്ടില്ല. 

(നെരൂദയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന്)


അഭിപ്രായങ്ങളൊന്നുമില്ല: