2024, ഒക്‌ടോബർ 19, ശനിയാഴ്‌ച

റോൾഫ് ജേക്കബ്സെൻ - കവിതകൾ


പ്രാണായാമം


അത്ര ദൂരം വരെ പോകാൻ നിങ്ങൾക്കായാൽ
സൂര്യനെ നിങ്ങൾക്കു കാണാം,
കെട്ടണയുന്നൊരു തീക്കുണ്ഡത്തിലൊരു തീപ്പൊരിയായി,
അത്ര ദൂരം വരെ പോകാൻ നിങ്ങൾക്കായാൽ.
അത്ര ദൂരം വരെ പോകാൻ നിങ്ങൾക്കായാൽ,
ക്ഷീരപഥമെന്ന ചക്രമാകെ നിങ്ങൾക്കു കാണാം,
രാത്രിയുടെ പാതകളിലൂടുരുണ്ടുപോകുന്നതായി,
അത്ര ദൂരം വരെ പോകാൻ നിങ്ങൾക്കായാൽ.
അത്ര ദൂരം വരെ പോകാൻ നിങ്ങൾക്കായാൽ
പ്രപഞ്ചത്തെത്തന്നെ നിങ്ങൾക്കു കാണാം,
കോടാനുകോടി പ്രകാശവർഷങ്ങൾ, കാലമാകെയും
വെറുമൊരു മിനുക്കമായി,
ജൂണ്മാസരാത്രിയിലൊരു നക്ഷത്രം പോലെ
ഏകാന്തവും വിദൂരവുമായി.
എന്നാലെന്റെ സ്നേഹിതാ, അത്ര ദൂരം വരെ പോകാൻ നിങ്ങൾക്കായാൽ
തുടക്കത്തിൽത്തന്നെ ആയിരിക്കും നിങ്ങൾ
-നിങ്ങളുടെ.
*

മിന്നാമിനുങ്ങുകൾ
----------------------------


മിന്നാമിനുങ്ങുകൾ തെളിയുന്ന സന്ധ്യയിൽ,
വെല്ലെട്രിയിലേക്കുള്ള ബസ്സു കാത്തു നാം നില്ക്കുമ്പോൾ
പ്രായമൊരുപാടായ രണ്ടുപേർ
ഒരു മേപ്പിൾമരത്തിനു ചുവട്ടിൽ വച്ചു ചുംബിക്കുന്നതു നാം കണ്ടു.
അപ്പോഴാണു നീ പറഞ്ഞത്, പാതി വായുവിനോടായി, പാതി എന്നോടായി:
വർഷങ്ങളായി തമ്മിൽ സ്നേഹിക്കുന്നവർ
ജീവിച്ചതു വെറുതേയായിട്ടില്ല.
അപ്പോഴാണെന്റെ കണ്ണിൽ പെട്ടത്,
ഇരുട്ടത്താദ്യത്തെ മിന്നാമിനുങ്ങുകൾ:
നിന്റെ തലയ്ക്കു ചുറ്റുമവ മിന്നിത്തിളങ്ങുകയായിരുന്നു.
അപ്പോഴാണ്‌.

*

നോക്കൂ-

നോക്കൂ-
ചന്ദ്രൻ രാത്രിയുടെ പുസ്തകം
ഏടുകൾ മറിച്ചു നോക്കുന്നു.
ഒന്നും അച്ചടിക്കാത്ത ഒരു തടാകം
കണ്ടെത്തുന്നു.
ഒരു നേർവര വരയ്ക്കുന്നു.
അതേ അതിനു കഴിയൂ.
അതു തന്നെ ധാരാളമായി.
കട്ടിയിലൊരു വര.
നിന്നിലേക്ക്.
നോക്കൂ.

*

സൂര്യകാന്തി


വിതച്ചും കൊണ്ടു മണ്ണിനു മേൽ നടന്നതേതൊരാൾ,
നമ്മുടെ ഹൃദയങ്ങളിൽ
അഗ്നിയുടെ അന്തർബീജങ്ങൾ വിതച്ചതേതു കൈകൾ?
അവന്റെ മുറുക്കിയ കൈകളിൽ നിന്നു
മഴവിൽനാടകളെപ്പോലവയുതിർന്നു,
ഉറഞ്ഞ മണ്ണിൽ, ഇളകിയ എക്കലിൽ, പൊള്ളുന്ന മണലിൽ.
അവിടെയവ ഉറങ്ങിക്കിടക്കും,
ആർത്തിയോടെ നമ്മുടെ ജീവനൂറ്റിക്കുടിക്കും,
പിന്നെയതിനെച്ചിതറിത്തെറിപ്പിക്കും,
നിങ്ങൾ കണ്ടിട്ടേയില്ലാത്തൊരു സൂര്യകാന്തിക്കായി,
ഒരു കള്ളിച്ചെടിമൊട്ടിനായി, ഒരു ജമന്തിപ്പൂവിനായി.

വരൂ, കണ്ണീരിന്റെ പുതുമഴത്തുള്ളികളേ,
വരൂ, ശോകത്തിന്റെ സൌമ്യമായ കൈകളേ;
നിങ്ങൾ കരുതുമ്പോലത്ര ഭയാനകമല്ലത്.

*


അവരുറങ്ങുമ്പോൾ

ഉറങ്ങുമ്പോൾ കുട്ടികളെപ്പോലെയാണു മനുഷ്യർ,
അവരിലപ്പോൾ യുദ്ധങ്ങളില്ല.
അവർ കൈപ്പടങ്ങൾ വിടർത്തുന്നു,
ദൈവം കൊടുത്ത സ്വച്ഛതാളത്തിൽ അവർ ശ്വാസമെടുക്കുന്നു.
കൊച്ചുകുട്ടികളെപ്പോലെ അവർ ചുണ്ടു പിളുത്തുന്നു,
കൈ പാതി തുറന്നുവയ്ക്കുന്നു,
പട്ടാളക്കാർ, രാഷ്ട്രതന്ത്രജ്ഞന്മാർ, സേവകർ, യജമാനന്മാർ.
നക്ഷത്രങ്ങൾ കാവൽ നിൽക്കുന്നു,
ഒരു മൂടൽ സകലതും മറയ്ക്കുന്നു,
ആരും ആരെയും ദ്രോഹിക്കാത്ത മണിക്കൂറുകളാണിനി.
നമ്മുടെ ഹൃദയങ്ങൾ പാതിവിടർന്ന പൂക്കളാവുന്ന ആ നേരത്ത്
നമുക്കന്യോന്യമൊന്നു സംസാരിക്കാനായെങ്കിൽ.
പൊൻതേനീച്ചകളെപ്പോലെ
വാക്കുകൾ ഒഴുകിയിറങ്ങുമായിരുന്നു.
-ദൈവമേ, നിദ്രയുടെ ഭാഷ എന്നെയൊന്നു പഠിപ്പിക്കൂ.



റോൾഫ് ജേക്കബ്സെൻ (1907-1994)- നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ ജനിച്ചുവളർന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ സ്കാൻഡിനേവിയൻ എഴുത്തുകാരിലൊരാൾ.

അഭിപ്രായങ്ങളൊന്നുമില്ല: