2021, ജൂൺ 4, വെള്ളിയാഴ്‌ച

പിക്കാസോ കലയെക്കുറിച്ച്

ആധുനികചിത്രകലയോടു ബന്ധപ്പെടുത്തി ‘ഗവേഷണം’ എന്ന വാക്കിനു നല്കുന്ന പ്രാധാന്യം എനിക്കൊട്ടും മനസ്സിലാകാതെപോകുന്നു. എന്റെ അഭിപ്രായത്തിൽ അന്വേഷിക്കുക എന്നതിന്‌ ചിത്രകലയിൽ ഒരർത്ഥവുമില്ല. കണ്ടെത്തുക എന്നതാണ്‌ കാര്യം. നിലത്തു കണ്ണു നട്ട്, ഭാഗ്യം തന്റെ വഴിയിൽ കൊണ്ടിടാൻ പോകുന്ന പോക്കറ്റ്ബുക്കും നോക്കി ആയുസ്സു തീർക്കുന്ന ഒരാളെ പിന്തുടരുന്നതിൽ ലോകത്താർക്കും ഒരു താല്പര്യവുമില്ല. എന്തെങ്കിലുമൊന്നു കണ്ടെത്തുന്നയാൾ, അതിനി എന്തുമാകട്ടെ, അതന്വേഷിച്ചു കണ്ടുപിടിക്കുക അയാളുടെ ഉദ്ദേശ്യമായിരുന്നില്ലെങ്കില്ക്കൂടി, നമ്മുടെ ആദരവല്ലെങ്കിൽ ജിജ്ഞാസയെങ്കിലും ഉണർത്തും.
*
ശാന്തശീലയായ മാടപ്രാവ്- എന്തൊരു കെട്ടുകഥയാണത്! അതിനെക്കാൾ ക്രൂരമായ ഒരു ജന്തു ഉണ്ടാവില്ല. എന്റെയടുത്തു കുറച്ചെണ്ണം ഉണ്ടായിരുന്നു; അവ ഒരു പാവം പ്രാവിൻകുഞ്ഞിനെ കൊത്തിക്കൊത്തി കൊന്നു; അവയ്ക്ക് അതിനെ ഇഷ്ടമായില്ല എന്നതേ കാരണമുള്ളു. അവ അതിന്റെ കണ്ണുകൾ കൊത്തിപ്പറിച്ചു; പിന്നെ അതിനെ തുണ്ടുതുണ്ടാക്കി. ഭീകരമായിരുന്നു ആ കാഴ്ച.. അതെങ്ങനെയാണ്‌ സമാധാനത്തിന്റെ പ്രതീകമാവുക?
*
മറ്റു മനുഷ്യരുടെ ജീവിതങ്ങളുമായി ഇടപെടുമ്പോൾ നമുക്കു പലപ്പോഴും വേണ്ടത്ര ജാഗ്രത പാലിക്കാൻ പറ്റാറില്ല. ഒരിക്കൽ, കുട്ടിയായിരുന്നപ്പോൾ, വലയിൽ കുടുങ്ങിയ ഒരു കടന്നലിനെ ഒരു ചിലന്തി പിടിച്ചുതിന്നാൻ പോകുന്നതു ഞാൻ കണ്ടു. അയ്യോ, ഞാൻ സ്വയം പറഞ്ഞു, ആ ഭീകരൻ ചിലന്തി പാവം കടന്നലിനെ കൊല്ലാൻ പോവുകയാണ്‌. ഞാൻ വലിയൊരു കല്ലെടുത്തു...രണ്ടിനേയും ഞാൻ കൊന്നുവെന്ന് അപ്പോഴാണ്‌ ഭീതിയോടെ ഞാൻ മനസ്സിലാക്കുന്നത്.
*
ഞാൻ ധാരാളിയൊന്നുമല്ല. എനിക്കുള്ളത് എനിക്കുണ്ടെങ്കിൽ അതിനു കാരണം, ഞാനത് സൂക്ഷിച്ചുവച്ചതുകൊണ്ടാണ്‌, അല്ലാതെ അത് മിച്ചം പിടിച്ചതുകൊണ്ടല്ല. എന്റെ കൈകളിലേക്കെത്താൻ ദാക്ഷിണ്യം കാണിച്ച ഒന്നിനെ ഞാനെന്തിനു വലിച്ചെറിയണം?
*
ചിത്രം വരയ്ക്കുമ്പോൾ എന്റെ ലക്ഷ്യം ഞാൻ കണ്ടെത്തിയതിനെ കാണിച്ചുകൊടുക്കുക എന്നതാണ്‌, അല്ലാതെ ഞാൻ എന്തിനെയാണോ തേടിനടക്കുന്നത്, അതിനെ വിളിച്ചുകാണിക്കുകയല്ല. കലയിൽ ഉദ്ദേശ്യങ്ങൾ മാത്രം കൊണ്ടായില്ല; ഞങ്ങൾ സ്പാനിഷിൽ പറയാറുള്ളപോലെ, പ്രണയം തെളിയിക്കേണ്ടത് യുക്തികൾ വച്ചല്ല, വസ്തുതകൾ വച്ചാണ്‌. നിങ്ങൾ എന്തു ചെയ്യുന്നു എന്നതേ കണക്കിൽ വരുന്നുള്ളു, എന്തു ചെയ്യാൻ ഉദ്ദേശിച്ചിരുന്നു എന്നത് കണക്കിലില്ല.
*
എന്റെ ചിത്രകലയുടെ പരിണാമത്തെക്കുറിച്ചു വിശദീകരിക്കാൻ എന്നോടാവർത്തിച്ചാവർത്തിച്ച് ആവശ്യപ്പെടാറുണ്ട്. എന്നെ സംബന്ധിച്ച് കലയിൽ ഭൂതമോ ഭാവിയോ ഇല്ല. ഒരു കലാസൃഷ്ടിക്ക് എപ്പോഴും വർത്തമാനകാലത്തിൽ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനെ പരിഗണിക്കാൻ തന്നെ പാടില്ല.
*
ഞാൻ വരച്ച ഒരു ചിത്രം സ്വന്തമാക്കുമ്പോൾ എന്താണ്‌ തങ്ങൾക്കു കിട്ടിയതെന്ന് ആളുകൾ അറിയുന്നില്ല. ഓരോ ചിത്രവും എന്റെ ചോര നിറച്ച ഒരു ചില്ലുകുപ്പിയാണ്‌. അതാണ്‌ അതിൽ അടങ്ങിയിട്ടുള്ളത്.
*
ഞാൻ പറയുന്നത് എപ്പോഴും നിങ്ങൾ വിശ്വസിക്കണമെന്നില്ല. ചോദ്യങ്ങൾ നമ്മെ കള്ളം പറയാൻ പ്രേരിപ്പിക്കും, ഉത്തരമില്ലെങ്കിൽ പ്രത്യേകിച്ചും.
*
ചിലർ നഖം കടിക്കുന്നപോലെയാണ്‌ ഞാൻ ചിത്രം വരയ്ക്കുന്നത്. എന്നെ സംബന്ധിച്ച് ചിത്രം വര ഒരു ദുശ്ശീലമാണ്‌; അതിന്റെ കാരണം എനിക്കറിയില്ല, അത് ചെയ്യാതിരിക്കാനും എനിക്കു പറ്റില്ല.
*
എനിക്കൊരന്വേഷണവുമില്ല. എന്റെ ചിത്രങ്ങളിൽ കഴിയുന്നത്ര മനുഷ്യത്വം സന്നിവേശിപ്പിക്കാനേ ഞാൻ നോക്കുന്നുള്ളു. മനുഷ്യാകൃതിയെ വിഗ്രഹം പോലെ പൂജിക്കുന്ന പഴയ മട്ടുകാർക്ക് അതരോചകമായി തോന്നുന്നുണ്ടെങ്കിൽ അത് വളരെ മോശമാണ്‌. അവർക്കൊരു കണ്ണാടിയിൽ നന്നായിട്ടൊന്നു നോക്കിയാൽ മതി...മുഖം എന്നാൽ ശരിക്കും എന്താണ്‌? അതിന്റെ ഫോട്ടോ? അതിന്റെ മേക്കപ്പ്? അതോ അയാളോ ഇയാളോ വരച്ച മട്ടിലുള്ള മുഖമോ? മുന്നിലുള്ളത്? ഉള്ളിലുള്ളത്? പിന്നിലുള്ളത്? ഇതൊന്നുമല്ലാത്തത്? ഓരോ ആളും തന്നെത്തന്നെ നോക്കുന്നത് തന്റേതായ രീതിയിലല്ലേ? വികൃതരൂപം എന്നൊന്നില്ല. റെന്വായും ഇൻഗ്രേയും കണ്ടതിൽ നിന്നു വ്യത്യസ്തമായിട്ടാണ്‌ ദാമിയെറും ലോർട്ടെക്കും മുഖത്തെ കണ്ടത്, അത്രയേയുള്ളു. എന്റെ കാര്യത്തിൽ, ഞാൻ അതിനെ കാണുന്നത് ഇങ്ങനെയുമാണ്‌.
*
ഞാൻ ചെയ്യുന്നതിലെല്ലാം തീയതി വയ്ക്കുന്നത് എന്തിനാണെന്നാണ്‌ നിങ്ങൾ കരുതുന്നത്? ഒരു കലാകാരന്റെ രചനകൾ മാത്രം അറിഞ്ഞതുകൊണ്ടു മതിയാവില്ല എന്നതിനാൽ- അയാൾ അവ ചെയ്തത് എന്നാണ്‌, എന്തുകൊണ്ടാണ്‌, എങ്ങനെയാണ്‌, ഏതു ചുറ്റുപാടിലാണ്‌ എന്നുകൂടി അറിയേണ്ടത് ആവശ്യമാണ്‌. ..മനുഷ്യന്റെ സർഗ്ഗാത്മകതയുടെ പഠനത്തിലൂടെ പൊതുവേ മനുഷ്യനെക്കുറിച്ചു പഠിക്കുന്ന ഒരു ശാസ്ത്രം- മനുഷ്യശാസ്ത്രം എന്ന് അതിനെ വേണമെങ്കിൽ വിളിക്കാം- ഒരിക്കൽ ഉണ്ടാകും എന്നു തീർച്ചയാണ്‌. അങ്ങനെയൊരു ശാസ്ത്രത്തെക്കുറിച്ച് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്; കഴിയുന്നത്ര സമ്പൂർണ്ണമായ ഒരു രേഖ ഭാവിതലമുറയ്ക്കു കൊടുത്തിട്ടുപോകണമെന്നാണ്‌ എന്റെ ആഗ്രഹം. അതുകൊണ്ടാണ്‌ ഞാൻ ചെയ്യുന്നതിലെല്ലാം ഞാൻ തീയതി വയ്ക്കുന്നത്.
*
അമൂർത്തകല എന്നു പറയാൻ ഒന്നുമില്ല. നിങ്ങൾ തുടങ്ങേണ്ടത് എപ്പോഴും എന്തിലെങ്കിലും നിന്നായിരിക്കണം. അതിനു ശേഷം നിങ്ങൾക്ക് യാഥാർത്ഥ്യത്തിന്റെ പാടുകൾ മായ്ച്ചുകളയാം. അതിൽ ഒരപകടവുമില്ല; കാരണം, ആ വസ്തു എന്ന ആശയം അതിന്റെ തുടച്ചുകളയാനാവാത്ത അടയാളം അതിൽ പതിപ്പിച്ചുകഴിഞ്ഞിരിക്കും. കലാകാരനെ തള്ളിവിട്ടത്, അയാളുടെ ആശയങ്ങളെ ഉത്സാഹിപ്പിച്ചത്, അയാളുടെ അനുഭൂതികളെ ഇളക്കിവിട്ടതും അതാണ്‌. ആശയങ്ങളും വികാരങ്ങളും ഒടുവിൽ അയാളുടെ രചനയിൽ തടവുകാരാവുകയാണ്‌. എന്തു ചെയ്താലും അവയ്ക്ക് ചിത്രത്തിൽ നിന്നു രക്ഷപ്പെടാനാവില്ല. അവ അതിന്റെ അവിഭാജ്യഘടകമാവുകയാണ്‌, അവയുടെ സാന്നിദ്ധ്യം ഇപ്പോൾ വേർതിരിച്ചറിയാൻ പറ്റാതായിട്ടുണ്ടെങ്കിലും.
*
ഒരു കലാരചനയെ ഞാൻ കാണുന്നത് കണക്കുകൂട്ടലുകളുടെ ഉല്പന്നമായിട്ടാണ്‌, രചയിതാവിനുതന്നെ പലപ്പോഴും അജ്ഞാതമായ കണക്കുകൂട്ടലുകളുടെ. ശരിക്കുമത് സന്ദേശവാഹകരായ പ്രാവുകളെപ്പോലെയാണ്‌: അവ കൂട്ടിലേക്കുള്ള മടക്കം കണക്കുകൂട്ടുന്നുണ്ട്. ബുദ്ധിശക്തിക്കു മുമ്പേയുള്ള കണക്കുകൂട്ടൽ. നാമിപ്പോൾ കോമ്പസും റഡാറുമൊക്കെ കണ്ടുപിടിച്ചുകഴിഞ്ഞു; ഏതു വിഡ്ഢിക്കുമിപ്പോൾ പുറപ്പെട്ടേടത്തേക്കു തിരിച്ചുവരാൻ പറ്റും.
*

കലയെ മനസ്സിലാക്കണമെന്ന നിർബ്ബന്ധമാണെല്ലാവർക്കും. എങ്കില്പിന്നെ എന്തുകൊണ്ടൊരു കിളിയുടെ പാട്ടു മനസ്സിലാക്കാൻ ശ്രമിച്ചുകൂടാ? എന്തുകൊണ്ടാണ്‌ നാം രാത്രിയെ, പൂക്കളെ, നമുക്കു ചുറ്റുമുള്ള സർവ്വതിനെയും മനസ്സിലാക്കാൻ ശ്രമിക്കാതെ സ്നേഹിക്കുന്നത്? പക്ഷേ, ചിത്രകല കാര്യം വരുമ്പോൾ മാത്രം ആളുകൾക്കത് ‘മനസ്സിലാകണം.’ കലാകാരൻ പണിയെടുക്കുന്നത് മറ്റെന്തിലുമുപരി ഒരനിവാര്യത കൊണ്ടാണെന്ന്, ലോകത്തൊരു നിസ്സാരവസ്തു മാത്രമാണയാളെന്ന്, ഈ ലോകത്തു നമ്മെ സന്തോഷിപ്പിക്കുന്ന, എന്നാൽ എന്തുകൊണ്ടെന്നു നമുക്കു വിശദീകരിക്കാനാവാത്ത, ഒട്ടനേകം വസ്തുക്കളിലുമധികം പ്രാധാന്യം അയാൾക്കു കൊടുക്കരുതെന്ന് അവരൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ!
*
ചിത്രകല കലാപരമായ ഒരു പ്രവൃത്തിയല്ല; അപരിചിതവും ശത്രുതാമനോഭാവമുള്ളതുമായ ഈ ലോകത്തിനും നമുക്കുമിടയിലെ മദ്ധ്യസ്ഥനായി നിയോഗിച്ചിരിക്കുന്ന ഒരാഭിചാരരൂപമാണത്. നമ്മുടെ തൃഷ്ണകൾക്കെന്നപോലെ നമ്മുടെ ഭീതികൾക്കും രൂപം കൊടുത്ത് മേല്ക്കൈ നേടിയെടുക്കാനുള്ള ഒരു മാർഗ്ഗം.
ഈ വെളിവു കിട്ടിയതോടെ ഞാനെന്റെ വഴി കണ്ടെടുത്തു എന്നെനിക്കു മനസ്സിലായി.
*
മനസ്സിൽ പൂർണ്ണരൂപം നേടിയിട്ടല്ല, ചിത്രം കാൻവാസിലെത്തുന്നത്. വരച്ചുകൊണ്ടിരിക്കുമ്പോൾ ചിന്തകൾ മാറുന്നതനുസരിച്ച് അതും മാറുകയാണ്‌. വരച്ചുകഴിഞ്ഞാലാകട്ടെ, പിന്നെയുമതു മാറിക്കൊണ്ടിരിക്കുന്നു, ആരാണോ അതു നോക്കിനില്ക്കുന്നത്, അയാളുടെ മാനസികസ്ഥിതിയനുസരിച്ച്. ജീവനുള്ള ഒരു ജന്തുവിനെപ്പോലെയാണ്‌ ചിത്രം അതിന്റെ ജീവിതം ജീവിക്കുന്നത്; നാളാംപ്രതിയുള്ള നമ്മുടെ ജീവിതം നമുക്കു മേൽ ചുമത്തുന്ന മാറ്റങ്ങളിലൂടെ അതും കടന്നുപോവുകയാണ്‌. ചിത്രം ജീവിക്കുന്നത് അതു കണ്ടുനില്ക്കുന്ന ഒരാളിലൂടെ മാത്രമാണെന്നതിനാൽ അതിൽ അസ്വാഭാവികതയുമില്ല.
*
കലാകാരന്റെ പരിണാമത്തെക്കുറിച്ച് ആളുകൾ പറയുന്നതു കേൾക്കുമ്പോൾ എനിക്കു തോന്നാറുണ്ട്, അവർ അയാളെ കാണുന്നത് അഭിമുഖമായി വച്ച രണ്ടു കണ്ണാടികൾക്കിടയിൽ നില്ക്കുന്ന ഒരാളായിട്ടാണെന്ന്; അവ അയാളുടെ പ്രതിരൂപത്തെ അനന്തമായി പെരുക്കുകയാണ്‌; ഒരു കണ്ണാടിയിലെ തുടർച്ചയായുള്ള പ്രതിരൂപങ്ങളെ അയാളുടെ ഭൂതകാലമായും മറ്റേക്കണ്ണാടിയിലെ പ്രതിരൂപങ്ങളെ അയാളുടെ ഭാവികാലമായും അവർ കാണുന്നു; അയാളുടെ യഥാർത്ഥരൂപമാകട്ടെ, അവർക്കയാളുടെ വർത്തമാനകാലവുമാണ്‌. അവയെല്ലാം വ്യത്യസ്തമായ പ്രതലങ്ങളിലുള്ള ഒരേ പ്രതിരൂപങ്ങളാണെന്ന കാര്യം അവർ ചിന്തിക്കുന്നതേയില്ല.
*
കല സത്യമല്ലെന്ന കാര്യം നമുക്കെല്ലാം അറിയാം. സത്യമെന്തെന്ന്, നമുക്കു മനസ്സിലാക്കാൻ വരുതി ലഭിച്ച സത്യമെന്തെന്നെങ്കിലും, നമ്മെ ബോദ്ധ്യപ്പെടുത്തുന്ന നുണയാണ്‌ കല. തന്റെ നുണകളുടെ സത്യാത്മകത അന്യരെ ബോദ്ധ്യപ്പെടുത്തുന്ന രീതി കലാകാരൻ മനസ്സിലാക്കിയിരിക്കണം.
*
താൻ എന്താണു ചെയ്യാൻ പോകുന്നതെന്ന കൃത്യമായ വിവരം നിങ്ങൾക്കുണ്ടെങ്കിൽ അതു ചെയ്തിട്ടു പിന്നെന്തു കാര്യം? അറിഞ്ഞുകഴിഞ്ഞതൊന്നിൽ നമുക്കു താല്പര്യമില്ലാതാവുന്നു. അതിലും ഭേദം മറ്റെന്തെങ്കിലും ചെയ്യുന്നതാണ്‌.
*
ചിത്രകാരൻ ചിത്രം വരയ്ക്കുന്നത് തന്റെ വൈകാരികാനുഭൂതികളും തന്റെ ദർശനങ്ങളും ഇറക്കിവയ്ക്കാനാണ്‌. ആളുകൾ തങ്ങളുടെ നഗ്നത മറയ്ക്കാനായി ആ ചിത്രങ്ങളിൽ കയറിപ്പിടിക്കുന്നു. തങ്ങൾക്കു വേണ്ടത് തങ്ങൾക്കു വേണ്ടിടത്ത് അവർക്കു കിട്ടുന്നു. ഒടുവിൽ അവർക്കെന്തെങ്കിലും കിട്ടുന്നുണ്ടെന്ന് എനിക്കു വിശ്വാസമില്ല. തങ്ങളുടെ അജ്ഞതയുടെ അളവുകൾക്കൊപ്പിച്ച ഒരു കുപ്പായം അവർ മുറിച്ചെടുക്കുന്നു എന്നു മാത്രം.

*

 ഭൂമിയ്ക്ക് പൊടി തുടയ്ക്കാൻ ഒരു വേലക്കാരിയില്ല. അതുകാരണം ഓരോ ദിവസവും അതിൽ വന്നുവീഴുന്ന പൊടി അതുപോലെ കിടക്കുകയാണ്‌. ഭൂതകാലത്തു നിന്ന് ഇന്നു നമുക്കു കിട്ടിയിട്ടുള്ള സർവ്വതിനേയും ഇത്രനാൾ കാത്തുവച്ചത് പൊടിയാണ്‌. ഈ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങൾ നോക്കൂ; ചില ആഴ്ചകൾ കൊണ്ട് പൊടിയുടെ കനത്ത ഒരട്ടി അതിൽ രൂപപ്പെട്ടിരിക്കുന്നു. റൂ ലാ ബോയ്ത്തെയിലെ എന്റെ വീട്ടിലെ മുറികൾ പൊടി മൂടിക്കിടക്കുകയാണ്‌. കാരണമറിയാമോ? എന്റെ സ്റ്റുഡിയോ വൃത്തിയാക്കാനോ പൊടിയടിക്കാനോ ഞാൻ ആരെയും അനുവദിക്കാറില്ല; എന്റെ സാധനങ്ങൾ അലങ്കോലമാക്കുമെന്ന പേടി കൊണ്ടു മാത്രമല്ല, പൊടി തരുന്ന സംരക്ഷണത്തിൽ ഞാൻ അത്ര വിശ്വാസമർപ്പിക്കുന്നു എന്നതുകൊണ്ടുകൂടിയാണത്. പൊടി എന്റെ സഖ്യകക്ഷിയാണ്‌. അതെവിടെ വീഴുന്നുവോ, അവിടെ കിടക്കട്ടെ എന്നു ഞാൻ വിട്ടുകൊടുത്തിരിക്കുന്നു. സംരക്ഷണത്തിന്റെ ഒരു പാളി പോലെയാണത്. എന്തിലെങ്കിലും പൊടി കാണുന്നില്ലെങ്കിൽ അതിൽ ആരോ തൊട്ടിട്ടുണ്ടെന്നാണ്‌ അതിനർത്ഥം. ആരോ അവിടെ വന്നിരുന്നു എന്ന് എനിക്കു പെട്ടെന്നു മനസ്സിലാകും. പൊടിയുടെ കൂടെയാണ്‌, പൊടിയിലാണ്‌ എപ്പോഴും ഞാൻ ജീവിക്കുന്നത് എന്നതുകൊണ്ടാണ്‌ നരച്ച നിറത്തിലുള്ള വേഷം ധരിക്കാൻ എനിക്കിഷ്ടവും; പൊടി പാടു വീഴ്ത്താത്ത ഒരേയൊരു നിറം അതുമാത്രമാണ്‌.

*

“ഒരു കഥ ഇങ്ങനെ കറങ്ങിനടക്കുന്നുണ്ടല്ലോ, സത്യമാണോ അത്? അതായത് ഒരു ഗെസ്റ്റപ്പോ ഓഫീസർ താങ്കളുടെ ഗർണിക്കയുടെ ഒരു കോപ്പി എടുത്തുവീശിയിട്ട് ‘ഇത് നിങ്ങൾ ചെയ്തതാണോ’യെന്നു ചോദിച്ചുവെന്നും ‘അല്ല, നിങ്ങൾ ചെയ്തത്’ എന്ന് താങ്കൾ മറുപടി പറഞ്ഞതായുമുള്ളത്?”
“അതെ,” ഒരു പുഞ്ചിരിയോടെ പിക്കാസോ പറഞ്ഞു. “അത് സത്യമാണ്‌, അല്ലെങ്കിൽ ഒട്ടൊക്കെ സത്യമാണ്‌. എന്റെ ചിത്രങ്ങളെ പ്രശംസിക്കാനെന്ന മട്ടിൽ ചിലപ്പോഴൊക്കെ ചില ജർമ്മൻകാർ വരാറുണ്ടായിരുന്നു. ഞാൻ എന്റെ ഗർണിക്കയുടെ കോപ്പികൾ അവർക്കു കൊടുത്തുകൊണ്ട് പറയും: ”എടുത്തോ, സുവനീറാണ്‌!“
”താങ്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത് താങ്കളുടെ പതിവുഭ്രമങ്ങളിൽ ഒന്നാണെന്ന് ചില അമേരിക്കൻ പത്രക്കാർ പറയുന്നുണ്ടല്ലോ; കലയ്ക്കും രാഷ്ട്രീയത്തിനും പൊതുവായി ഒന്നുമില്ലെന്ന് പിന്നീട് താങ്കൾ വിശദീകരിച്ചതായും?“
”ഞാനങ്ങനെ പറഞ്ഞിട്ടേയില്ല! വെറും ദുരാരോപണമാണത്!“
അപ്പോൾ ചെറുപ്പക്കാരനായ ഒരമേരിക്കക്കാരൻ ഇങ്ങനെ ഒരു തോട്ടിയിട്ടു: ”അതിന്‌ കമ്മ്യൂണിസ്റ്റുകൾക്ക് താങ്കളുടെ കല മനസ്സിലാവുമോ?“
”മനസ്സിലാവുന്നവരുമുണ്ട്, ഇല്ലാത്തവരുമുണ്ട്. ഇംഗ്ലീഷ് മനസ്സിലാകുന്ന ചിലരുണ്ട്, മനസ്സിലാവാത്ത ചിലരുമുണ്ട്. ഐൻസ്റ്റൈനെ മനസ്സിലാവുന്നവരുണ്ട്, മനസ്സിലാവാത്തവരുമുണ്ട്. ഒരു മിനുട്ട് (ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്‌), ഞാൻ എഴുതിത്തയാറാക്കിയ ഒരു രേഖയുണ്ട്; അക്കാര്യത്തിൽ പിന്നെയാർക്കും സംശയം ഉണ്ടാവാൻ പോകുന്നില്ല.“
ചില മിനുട്ടുകൾ കഴിഞ്ഞ് പിക്കാസോ ഒരു നോട്ടുബുക്കിന്റെ രണ്ടു താളുകളും കൊണ്ട് ആവേശത്തോടെ തിരിച്ചുവന്നു. അതിൽ പെൻസിൽ കൊണ്ടെഴുതിയിരുന്നത് ഞാൻ അല്പം ബുദ്ധിമുട്ടി വായിച്ചെടുത്തു; ശുദ്ധമായ പിക്കാസോശൈലിയിൽ ഹിംസാത്മകമായ ആ വാചകങ്ങൾ ഇതായിരുന്നു:
”കലാകാരൻ ആരാകണമെന്നാണ്‌ നിങ്ങൾ ധരിച്ചുവച്ചിരിക്കുന്നത്? ചിത്രകാരനാണെങ്കിൽ കണ്ണുകൾ മാത്രമുള്ളവനും സംഗീതജ്ഞനാണെങ്കിൽ കാതുകൾ മാത്രമുള്ളവനും അതല്ല, കവിയാണെങ്കിൽ ഹൃദയത്തിന്റെ ഓരോ അറയിലും ഒരു കിന്നരവും കൊണ്ടു നടക്കുന്നവനും ഗുസ്തിക്കാരനാണെങ്കിൽ കുറച്ചു മാംസപേശികൾ മാത്രമുള്ളവനുമായ ഒരു മന്ദബുദ്ധിയാണെന്നോ? ഒരിക്കലുമല്ല: ഒരു രാഷ്ട്രീയജീവി കൂടിയാണയാൾ. ലോകത്തു നടക്കുന്ന ഹൃദയഭേദകവും വികാരഭരിതവും ആഹ്ലാദകരവുമായ കാര്യങ്ങളെക്കുറിച്ച് നിരന്തരം ബോധവാനായ ഒരാൾ. എങ്ങനെയാണ്‌ നിങ്ങൾക്ക് അന്യരിൽ ഒരു താല്പര്യവുമെടുക്കാതെ ജീവിക്കാനാവുക? അത്രയും സമൃദ്ധമായി അവർ നിങ്ങൾക്കു കൊണ്ടുവന്നു തരുന്ന ജീവിതത്തിൽ നിന്ന് മരവിച്ച ഒരു നിസ്സംഗതയോടെ മാറിനില്ക്കാനാവുക? അല്ല, വീടുകൾ മോടി പിടിപ്പിക്കാനുള്ളതല്ല കല. ശത്രുവിനെ ചെറുക്കാനും ആക്രമിക്കാനുമുള്ള ആയുധമാണത്.“
(from Picasso on Art, edited by Dore Ashton)

ഗിത്താർ! ആദ്യത്തെ ഗിത്താറുകൾ വരയ്ക്കുമ്പോൾ ഞാൻ അതേവരെ അങ്ങനെയൊരെണ്ണം കൈ കൊണ്ടു തൊട്ടിട്ടില്ലെന്ന് നിങ്ങൾക്കറിയാമോ? എനിക്കു കിട്ടിയ ആദ്യത്തെ പണം കൊണ്ട് ഞാനൊരു ഗിത്താർ വാങ്ങി; അതില്പിന്നെ ഞാനത് വരച്ചിട്ടുമില്ല. എന്റെ ചിത്രങ്ങളിലെ കാളപ്പോരുകൾ യഥാർത്ഥജീവിതത്തിൽ നിന്നു പകർത്തിയതാണെന്ന് ആളുകൾ കരുതുന്നു; അവർക്കു തെറ്റി. കാളപ്പോരുകൾക്കു മുമ്പാണ്‌ ഞാനവ വരച്ചിരുന്നത്, അതിനുള്ള ടിക്കറ്റു വാങ്ങാനുള്ള പണത്തിനായി. താൻ മനസ്സിൽ കണ്ട കാര്യം നടപ്പിൽ വരുത്താൻ നിങ്ങൾക്കെന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ? വീട്ടിൽ നിന്നിറങ്ങി നടക്കുമ്പോൾ എത്ര തവണ നിങ്ങൾ വഴി മാറി നടന്നിട്ടില്ല? അതുകൊണ്ട് നിങ്ങൾ നിങ്ങളല്ലാതാവുന്നുണ്ടോ? എന്നാലും നിങ്ങൾ എത്തേണ്ടിടത്തെത്താറുമില്ലേ? ഇനി എത്തിയില്ലെങ്കിലും അതിൽ എന്തിരിക്കുന്നു? ഒന്നാമതായി, നിങ്ങൾ പോകേണ്ടതുതന്നെ ഇല്ലായിരുന്നു; വിധിയെ തിടുക്കപ്പെടുത്തുക എന്നാൽ അതും തെറ്റാകുമായിരുന്നു.
*
ഒരാളുടെ പ്രവൃത്തിയിലൂടെയാണ്‌ അയാൾ മനസ്സിലാക്കപ്പെടുക. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടേയിരിക്കണം... അടിസ്ഥാനപരമായി വിഷയങ്ങൾ വളരെക്കുറച്ചേയുള്ളു. അതാവർത്തിക്കുകയാണ്‌ എല്ലാവരും. വീനസും ക്യൂപ്പിഡുമാണ്‌ കന്യാമറിയവും ഉണ്ണിയേശുവുമായത്. പിന്നെ മാതൃത്വവും. എന്നാൽ വിഷയം ഒന്നുതന്നെ. പുതിയ വിഷയങ്ങൾ കണ്ടുപിടിക്കാൻ പറ്റിയാൽ എത്ര ഗംഭീരമായേനെ! വാൻ ഗോഗിന്റെ കാര്യമെടുക്കുക: ഉരുളക്കിഴങ്ങുകൾ, ആ കോലം കെട്ട വസ്തുക്കൾ! അത്, അല്ലെങ്കിൽ ഒരു ജോഡി പഴയ ഷൂസുകൾ വരയ്ക്കാൻ പറ്റുക! അതൊരു വലിയ കാര്യം തന്നെ!
*
നാം എന്താണ്‌ ചെയ്യാൻ പോകുന്നതെന്ന് നമുക്കൊരിക്കലും അറിയില്ല. നാം ഒരു ചിത്രം വരയ്ക്കാൻ തുടങ്ങുകയും ഒടുവിലത് മറ്റെന്തോ ആവുകയുമാണ്‌. കലാകാരന്റെ ‘ഇച്ഛ’ അതിൽ എത്ര കുറച്ചേ ഇടപെടുന്നുള്ളു എന്നത് ശ്രദ്ധേയമാണ്‌. ‘എനിക്കിതിഷ്ടമായില്ല,’ അല്ലെങ്കിൽ ‘ഇതിങ്ങനെയല്ല വേണ്ടത്’ എന്നു പറഞ്ഞും കൊണ്ട് ഒരു ‘കലാസ്വാദകൻ’ എപ്പോഴും നിങ്ങളുടെ അരികിൽ തൂങ്ങിനില്ക്കുന്നത് എത്ര അസുഖകരമായ കാര്യമാണ്‌. അയാൾ നിങ്ങളുടെ ബ്രഷിൽ തൂങ്ങിപ്പിടിച്ചുകിടക്കുകയാണ്‌; ബ്രഷിനു ഭാരമാകുന്നു, നല്ല ഭാരമാകുന്നു. ഒരു വസ്തുവും അയാൾക്കു മനസ്സിലാകുന്നില്ല എന്നു നിശ്ചയമാണ്‌; എന്നാൽ അയാൾ എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും. മറ്റേയാൾ* പറഞ്ഞത് ശരി തന്നെ: ‘ഞാൻ മറ്റൊരാളാണ്‌.’
*ആർതർ റാങ്ങ്ബോ

അഭിപ്രായങ്ങളൊന്നുമില്ല: