ജീവിതം സഹനീയമാവുന്നത് നമ്മുടെ കണ്ണിലും ലോകത്തിൻ്റെ കണ്ണിലും നാം ആരാണോ, അതിനോടു പൊരുത്തപ്പെടാൻ നമുക്കു കഴിയുമ്പോൾ മാത്രമാണ്. നാം എന്താണോ, നാം ആരാണോ അതിനോടു നാമെല്ലാം രാജിയാവണം, ഈ ബോധമുണ്ടായതിൽ പ്രശംസനീയമായി ഒന്നുമില്ലെന്നും നമ്മുടെ പൊങ്ങച്ചത്തെയോ അഹംബോധത്തെയോ കഷണ്ടിയേയോ നമ്മുടെ കുടവയറിനെയോഅംഗീകരിക്കുകയും സഹിക്കുകയും ചെയ്യുന്നതുകൊണ്ട് ജീവിതം നമുക്കൊരു മെഡൽ കുത്തിത്തരാൻ പോകുന്നില്ലെന്നും നാം തിരിച്ചറിയുകയും വേണം. നമുക്കൊരു പ്രതിഫലവും കിട്ടാൻ പോകുന്നില്ലെന്നും നമ്മുടെ സ്വഭാവത്തെയും പ്രകൃതത്തെയും നമുക്കാവും വിധം കൊണ്ടുനടക്കുക എന്നതേ ചെയ്യാനുള്ളു എന്നും നാം അറിയണം. എത്രയൊക്കെ അനുഭവമോ ഉൾക്കാഴ്ചയോ ഉണ്ടായാലും അതൊന്നും നമ്മുടെ കുറവുകളെയോ സ്വാഭിമാനത്തെയോ അതികാമത്തെയോ തിരുത്താൻ പോകുന്നില്ല. നമ്മുടെ തൃഷ്ണകൾക്ക് യഥാർത്ഥമായ ഒരു പ്രതിധ്വനി ലോകത്തുണ്ടാകുന്നില്ലെന്ന് നാം പഠിക്കണം. നാം സ്നേഹിക്കുന്നവർ നമ്മെ സ്നേഹിക്കുന്നില്ലെന്ന്, അല്ലെങ്കിൽ നാമാശിക്കുന്നവിധം നമ്മെ സ്നേഹിക്കുന്നില്ലെന്ന് നാം അംഗീകരിക്കണം. ചതിയും നെറികേടും നാം അംഗീകരിക്കണം; കൂടുതൽ ദുഷ്കരമെങ്കിലും, സ്വഭാവത്തിലോ ബുദ്ധിയിലോ മറ്റൊരാൾ നമ്മെക്കാൾ കേമനാവാം എന്നതും നാം അംഗീകരിക്കണം.
Sándor Márai (1900-1989) ഹംഗേറിയൻ കവിയും പത്രപ്രവർത്തകനുമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ