2024, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ഐസക് ബാഷെവിസ് സിംഗർ- എഴുത്തുകാരൻ്റെ പ്രമാണങ്ങൾ

 ചോദ്യം: പല എഴുത്തുകാർക്കും തുടക്കക്കാലത്ത് മറ്റെഴുത്തുകാർ ആരെങ്കിലും മാതൃകയായിട്ടുണ്ടാവുമല്ലോ?

ഐസക് ബാഷെവിസ് സിംഗർ: എനിക്കത് എന്റെ സഹോദരനായിരുന്നു, “അസ്കെനാസി സഹോദരന്മാർ” എഴുതിയ സി.ജെ.സിംഗർ. അതിലും നല്ല മാതൃക എനിക്കു കിട്ടാനില്ലായിരുന്നു. എന്റെ അച്ഛനമ്മമാരുമായുള്ള അദ്ദേഹത്തിന്റെ മല്പിടുത്തം ഞാൻ കണ്ടിട്ടുണ്ട്; അദ്ദേഹം എങ്ങനെയാണ്‌ എഴുത്തു തുടങ്ങുന്നതെന്നും എങ്ങനെയാണത് വികാസം പ്രാപിക്കുന്നതെന്നും പിന്നീടത് പ്രസിദ്ധീകരണത്തിലേക്കു വളരുന്നതെന്നും ഞാൻ കണ്ടിരുന്നു. അതിനാൽ സ്വാഭാവികമായും അദ്ദേഹമായിരുന്നു ഒരു സ്വാധീനം. അതു മാത്രമല്ല, ഞാൻ രചനകൾ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുള്ള കാലത്ത് എഴുത്തിന്റെ കാര്യത്തിൽ പാലിക്കേണ്ട ഒരുപിടി നിയമങ്ങൾ അദ്ദേഹം എനിക്കു പറഞ്ഞുതന്നിരുന്നു; ഞാനത് പവിത്രമായി കരുതിപ്പോരുന്നു. ഇടയ്ക്കെപ്പോഴെങ്കിലും അതിൽ ഒന്ന് തെറ്റിക്കുന്നത് വലിയ അപരാധമാണെന്നൊന്നുമല്ല, എന്നാലും അവ ഓർമ്മയിലുണ്ടാവുന്നത് നല്ലതായിരിക്കും. അദ്ദേഹം പറഞ്ഞ പ്രമാണങ്ങളിൽ ഒന്ന് ഇതായിരുന്നു: വസ്തുതകൾ ഒരിക്കലും കാലഹരണപ്പെടുകയോ പഴകുകയോ ചെയ്യുന്നില്ല; എന്നാൽ അവയുടെ വ്യാഖ്യാനങ്ങൾക്ക് തീർച്ചയായും അങ്ങനെയൊരു ഗതി ഉണ്ടാകും. ഒരെഴുത്തുകാരൻ ആവശ്യത്തിലധികം വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ, അയാൾ മനഃശാസ്ത്രപരമാവുമ്പോൾ, തുടങ്ങുന്നതിനു മുമ്പേ അയാൾ കാലഹരണപ്പെട്ടുകഴിഞ്ഞു. ഉദാഹരണത്തിന്‌ ഹോമർ ഗ്രീക്ക് തത്വശാസ്ത്രമോ അക്കാലത്തെ മനഃശാസ്ത്രമോ അനുസരിച്ച് തന്റെ കഥാപാത്രങ്ങളുടെ പ്രവൃത്തികളെ വിശദീകരിക്കാൻ ശ്രമിക്കുന്നത് ഒന്നു സങ്കല്പിച്ചുനോക്കൂ. ഒറ്റയാളും ഹോമറെ വായിക്കാൻ പോകുന്നില്ല! ഭാഗ്യത്തിന്‌ ഹോമർ ചെയ്തത് വസ്തുതകളും അവയുടെ ചിത്രീകരണങ്ങളും നല്കുക മാത്രമാണ്‌; അതുകാരണം ഇലിയഡും ഒഡീസിയും നമ്മുടെ കാലത്തും പുതുമയോടിരിക്കുന്നു. എല്ലാ എഴുത്തിന്റെ കാര്യത്തിലും ഇതു ശരിയാണെന്നും ഞാൻ വിശ്വസിക്കുന്നു. തന്റെ കഥാനായകന്റെ ഉദ്ദേശ്യങ്ങൾ മനഃശാസ്ത്രപരമായ ഒരു വീക്ഷണത്തിൽ നിന്നുകൊണ്ട് വിശദീകരിക്കാൻ എഴുത്തുകാരൻ ശ്രമിക്കുമ്പോൾ ആ നിമിഷം അയാൾ പരാജയപ്പെട്ടുകഴിഞ്ഞു. മനഃശാസ്ത്രനോവലുകൾക്കെതിരാണു ഞാനെന്ന് ഇതുകൊണ്ടർത്ഥമാക്കരുത്. അത് ഒന്നാന്തരമായി ചെയ്ത ചില മഹാരഥന്മാരുണ്ട്. എന്നാൽ അവരെ അനുകരിക്കുന്നത് ഒരെഴുത്തുകാരന്‌, വിശേഷിച്ചും ചെറുപ്പക്കാരനായ ഒരെഴുത്തുകാരന്‌, നല്ലതാണെന്ന് ഞാൻ കരുതുന്നില്ല. ദസ്തയെവ്സ്കി, ഉദാഹരണം. നോവൽ മനഃശാസ്ത്രപരമാകണം എന്ന സ്കൂളിന്റെ പ്രതിനിധിയാണോ അദ്ദേഹം; എനിക്കത്ര തീർച്ചയില്ല. അദ്ദേഹത്തിന്‌ കാടുകയറൽ വേണ്ടുവോളം ഉണ്ടായിരുന്നു, തനിക്കു പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്; എന്നാൽ അദ്ദേഹത്തിന്റെ പോലും അടിസ്ഥാനബലം വസ്തുതകൾ നല്കുന്നതിലാണ്‌.
(1978ൽ നൊബേൽ സമ്മാനം ലഭിച്ച യിദ്ദിഷ് സാഹിത്യകാരൻ ഐസക് ബാഷെവിസ് സിംഗർ പാരീസ് റിവ്യു അഭിമുഖത്തിൽ പറഞ്ഞത്)

അഭിപ്രായങ്ങളൊന്നുമില്ല: