2024, ഒക്‌ടോബർ 19, ശനിയാഴ്‌ച

ലൂയിസ് ആൽബെർട്ടോ ദെ ക്വെൻക - കവിതകൾ

 കാട്
-------


കാടെന്നോടു പറഞ്ഞതൊരു പഴയ കഥയായിരുന്നു.
ആളുകളതിന്റെ നിബിഡതയിലൂടെ സാഹസപ്പെട്ടു പോയിരുന്നുവത്രേ;
ദിവ്യനായൊരു വെളിച്ചപ്പാടിനെത്തേടിയാണവർ പോയിരുന്നതും.
കാടിന്റെ ഹൃദയമെന്നാൽ ഒരാൾക്കും കാണാനായില്ല,
വിശ്വാസികളുടെ സംശയങ്ങൾ തീർക്കാൻ ദൈവജ്ഞനിരിക്കുന്നതവിടെയാണല്ലോ.
കാടിനങ്ങനെയൊരു കേന്ദ്രബിന്ദുവില്ലെന്നതിനാൽ,
അന്നുമിന്നും, വിപുലമായൊരു കുടിലദുർഗ്ഗമാണതെന്നതിനാൽ,
അതിനൊരു തുടക്കവുമില്ല, ഒടുക്കവുമില്ലെന്നതിനാൽ,
പ്രപഞ്ചത്തിന്റെ ക്രമത്തിൽ ഉത്തരങ്ങൾക്കിടമില്ലെന്നതിനാൽ.
അങ്ങനെയത്രേ, യാതൊന്നും കാണാതെ, യാതൊന്നുമറിയാതെ,
നിശ്ശൂന്യതയുടെ ഗർത്തത്തിലേക്കു നാം നടക്കുന്നു,
വഞ്ചനയുടെ, വെറുപ്പിന്റെ, നുണയുടെ കാട്ടിൽ വഴി തുലഞ്ഞവരായി.
കാടെന്റെ കാതിൽ മന്ത്രിച്ചതിതായിരുന്നു,
ഞാനപ്പോൾ ഡമാസ്കസ്സിലേക്കു പോവുകയായിരുന്നു.
*

പുറത്തു വീശുന്ന ഇളംകാറ്റ്
----------------------------------------


നിങ്ങൾക്കിഷ്ടപ്പെട്ട ചാരുകസേരയിൽ,
വെടിച്ചുകത്തുന്ന തീയ്ക്കരികിൽ
ചാരിക്കിടന്നുകൊണ്ടു നിങ്ങളാലോചിക്കുകയാണ്‌,
നിങ്ങളുടെ കതകിന്റെ സാക്ഷയ്ക്കും നിങ്ങളുടെ പുസ്തകങ്ങൾക്കുമപ്പുറം
അങ്ങു വെളിയിൽ എന്താണുള്ളത്?
എന്തെങ്കിലുമുണ്ട്, ശരിയ്ക്കും, എന്നു പറയാമോ,
നിങ്ങളുടെ വീടിന്റെ ചുമരുകൾക്കുമപ്പുറം?
നിങ്ങൾക്കെന്നും താല്പര്യം ഭ്രമാത്മകമായതിനോടായിരുന്നു,
നിങ്ങളെന്നും ജീവിതത്തെ കണ്ടിരുന്നത് 
സാഹിത്യത്തിന്റെ കണ്ണുകളിലൂടെയായിരുന്നു.
നിങ്ങളിന്നേവരെ അറിയാൻ ശ്രമിച്ചിട്ടില്ല,
(താല്പര്യമില്ലാഞ്ഞിട്ടാവാം, ധൈര്യമില്ലാഞ്ഞിട്ടാവാം)
പുറത്തെങ്ങനെയൊക്കെയാണ്‌ കാര്യങ്ങളെന്ന്
(പുറത്തെന്നൊരിടം തന്നെയുണ്ടോയെന്ന്.)
അതറിഞ്ഞിരിക്കേണ്ട സമയമായിരിക്കുന്നുവെന്നേ.
വാതിലിന്റെ സാക്ഷയെടുക്കുക, ജനാലകൾ തുറന്നിടുക.
അങ്ങു വെളിയിലെ ജീവിതം നിങ്ങൾക്കു കാണാം:
യക്ഷിക്കഥകളിലേതുപോലത്തെ അതിശയജിവികൾ,
ഉന്മാദത്തിന്റെ ഏറ്റവുമിരുണ്ട പേക്കിനാവുകളില്പോലും
മാച്ചെൻ കണ്ടിരിക്കാനിടയില്ലാത്ത വിചിത്രസത്വങ്ങൾ,
നിങ്ങളുടെ പുസ്തകങ്ങളിലുള്ളവരെക്കാൾ സുന്ദരിമാരായ നായികമാർ,
നിങ്ങളുടെ ചിത്രകഥകളിൽ വരച്ചിട്ടവരെക്കാൾ
ദുർബ്ബലരോടു വിശാലഹൃദയരായ നായകന്മാർ,
സിനിമകളിലെക്കാൾ ക്രുരന്മാരായ വില്ലന്മാർ.
യാഥാർത്ഥ്യത്തിന്റെ വെളിച്ചം നിങ്ങളുടെ ജീവിതത്തിൽ വീശട്ടെ,
തെരുവുകളിൽ വീശുന്ന സത്യത്തിന്റെ ഇളംകാറ്റുകൾ
നിങ്ങളെയും തഴുകിക്കടന്നുപോകട്ടെ.
*
*മാച്ചെൻ -Arthur Machen (1863-1947)- മിസ്റ്റിക്, മാന്ത്രികകഥകളുടെ പേരിൽ പ്രസിദ്ധനായ വെൽഷ് എഴുത്തുകാരൻ.

സുഖമരണത്തിനായുള്ള പ്രാർത്ഥന

---------------------------------------

മരണമിപ്പോൾ അത്രയകലെയല്ലെന്നതിനാൽ
(നേരു പറഞ്ഞാൽ അതെന്നും അരികിൽത്തന്നെയുണ്ടായിരുന്നു),
ഇടയ്ക്കിടെയതെന്നോടു കൊഞ്ചിക്കുഴയാൻ വരികയാണെന്നതിനാൽ,
ഒരു സുഖമരണത്തിനായി പ്രാർത്ഥിക്കാൻ ഞാനോർമ്മിക്കുന്നു,
എന്റെ ബാല്യത്തിന്റെ ദൈവങ്ങളോട്,
എന്റെ പൂർവ്വികരുടെ ദൈവങ്ങളോട്.
മൂന്നുപേരായ ഒരാളെക്കുറിച്ചാണു ഞാനോർക്കുന്നത്:
പഴയ നിയമത്തിൽ അഗ്രാസനമലങ്കരിക്കുന്ന, ദുർമ്മുഖക്കാരനായ ഒരു വൃദ്ധൻ,
പുതിയതിൽ കുരിശിലേറുന്ന സുഭഗനായ യുവാവ്,
വൃദ്ധന്റെ നെറ്റിത്തടത്തിൽ കുടിയേറിയ മാടപ്രാവിൽ
ഇരുവരേയും സഞ്ചയിക്കുന്ന പരിശുദ്ധാരൂപി.
എന്റെ ബാല്യത്തിന്റെ ദൈവമേ,
നീ ഇല്ലെന്നാണെങ്കില്ക്കൂടി (ഞാനുണ്ടോ?)
ഔപചാരികമായും രേഖാമൂലമായും (നോട്ടറി മുഖാന്തരം)
എനിക്കു നിന്നോടപേക്ഷിക്കണമെന്നുണ്ട്,
എൻ്റെ ഭീതിദമായ യാത്ര ചെന്നെത്തുന്നത്
തണുത്തുറഞ്ഞ നക്ഷത്രങ്ങളിലോ ചുട്ടുനീറുന്ന നരകത്തിലോ ആവട്ടെ,
സമാധാനം നിറഞ്ഞതും വേദനാരഹിതവുമാകണേ എൻ്റെ യാത്രയെന്ന്.
വെളിച്ചത്തിലേക്ക് (അല്ലെങ്കിൽ ഇരുട്ടിലേക്ക്) ഞാൻ കടന്നുപോകുന്നത്
നാടകീയതകളില്ലാതെ വേണമെന്ന്, ഞാനൊരു ശല്യമാകാതെവേണമെന്ന്,
നിന്നോടും എനിക്കു പ്രിയപ്പെട്ടവരോടും രഞ്ജിപ്പിലായിക്കൊണ്ടുവേണമെന്ന്.
എനിക്കറിയാം, പലതിന്റെയും ചേരുവായാണൊരാളുടെ മരണമെന്ന്,
പൊതുവേയതത്ര സുഖകരമല്ലെന്ന് (ഒരു പ്രാണവേദന, അതു നിനക്കറിയാം).
എനിക്കറിയാം, കണ്ടവർക്കെല്ലാം ശാന്തവും ധന്യവുമായ മരനം നല്കാൻ നിനക്കാവില്ലെന്ന്.
തന്നെയുമല്ല, ഞാനൊരു സത്യകൃസ്ത്യാനിയായിരുന്നില്ലെന്നും ഞാൻ സമ്മതിക്കുന്നു.
രോഗികളോടോ അഗതികളോടോ ഒരു സഹതാപവുമെനിക്കില്ല. 
ഒരവകാശവുമില്ലെങ്കില്ക്കൂടി ഞാൻ ചോദിക്കുകയാണ്‌,
എന്റെ കാരണവന്മാരുടെ വിശ്വാസവും എന്റെ നെഞ്ചുറപ്പും
നിന്റെ കരുണയുടെ നിലയില്ലാത്ത ആഴങ്ങളും കവചമാക്കി,
ഒരു സുഖമരണം എനിക്കു തന്നാലും, ദൈവമേ,
എന്റെ അന്ത്യനിമിഷങ്ങളിലെന്നോടു കരുണ കാണിക്കേണമേ.

*


അഭിപ്രായങ്ങളൊന്നുമില്ല: