1
പുഴയും പാടവും കാണാൻജനാല തുറന്നിട്ടതു കൊണ്ടായില്ല,
മരവും പൂവും കാണാൻ
അന്ധനല്ലെന്നായതു കൊണ്ടുമായില്ല.
ഒരു തത്ത്വശാസ്ത്രവുമുണ്ടാവരുതെന്നുമുണ്ട്.
തത്ത്വശാസ്ത്രത്തിനു മരങ്ങളില്ല, ആശയങ്ങൾ മാത്രം.
നാമോരോരുത്തരും മാത്രം, ഓരോരോ ഗുഹകൾ പോലെ.
ചേർത്തടച്ചൊരു ജനാലയും പുറത്തൊരു മുഴുവൻ ലോകവും;
ജനാല തുറന്നിരുന്നുവെങ്കിൽ
പുറത്തെന്തൊക്കെക്കാണാമായിരുന്നുവെന്ന സ്വപ്നവും;
അതാകട്ടെ, ജനാല തുറന്നാൽ നിങ്ങൾ കാണുന്നതുമല്ല.
*
2
എന്ത്? ഒരു പൂവിനെക്കാൾ മൂല്യം കൂടുമെനിക്കെന്നോ,അതിനു നിറമുണ്ടെന്നതിനറിയില്ല, എനിക്കതറിയുമെന്നതിനാൽ,
അതിനു മണമുണ്ടെന്നതിനറിയില്ല, എനിക്കതറിയുമെന്നതിനാൽ,
അതിനെന്നെക്കുറിച്ചു ബോധമില്ല, എനിക്കതിനെക്കുറിച്ചു ബോധമുണ്ടെന്നതിനാലും?
പക്ഷേ ഒന്നിനു മറ്റൊന്നുമായിട്ടെന്തിരിക്കുന്നു,
ഒന്നു മറ്റൊന്നിനെക്കാൾ ഉയർന്നതോ താഴ്ന്നതോ ആവാൻ?
എനിക്കു ചെടിയെക്കുറിച്ചുള്ള ബോധമുണ്ട്, അതിനെന്നെക്കുറിച്ചൊരു ബോധവുമില്ല.
എന്നാൽ ബോധമുണ്ടായിരിക്കുക എന്നതാണു ബോധത്തിന്റെ രൂപമെങ്കിൽ, അതിലെന്തിരിക്കുന്നു?
ചെടിയ്ക്കു സംസാരശേഷിയുണ്ടെങ്കിൽ അതെന്നോടു ചോദിച്ചുവെന്നു വരാം: നിങ്ങളുടെ മണമെവിടെ?
അതെന്നോടു പറഞ്ഞുവെന്നു വരാം: നിങ്ങൾക്കു ബോധമുണ്ടെങ്കിൽ അതൊരു മാനുഷികഗുണമാണെന്നതിനാൽ.
എനിക്കതില്ലാത്തതു ഞാനൊരു പൂവായതിനാൽ. അല്ലെങ്കിൽ ഞാനൊരു മനുഷ്യനായേനെ.
എനിക്കു മണമുണ്ടായതും, നിങ്ങൾക്കതില്ലാത്തതും ഞാനൊരു പൂവായതിനാൽ...
അല്ല, ഞാനെന്തിനെന്നെ ഒരു പൂവുമായി താരതമ്യം ചെയ്യണം, ഞാൻ ഞാനാണെങ്കിൽ,
പൂവ് പൂവുമാണെങ്കിൽ?
ഹാ, നാമൊന്നിനെ മറ്റൊന്നിനോടു താരതമ്യം ചെയ്യാതിരിക്കുക, നാമതിനെ നോക്കുകമാത്രം ചെയ്യുക.
വിശകലനത്തെ, രൂപകങ്ങളെ, ഉപമകളെ നാം വിട്ടുകളയുക.
ഒന്നിനെ മറ്റൊന്നിനോടു താരതമ്യം ചെയ്യുക എന്നാൽ അതിനെ മറക്കുക എന്നുതന്നെ.
ഒന്നിൽ നാം ശ്രദ്ധ വയ്ക്കുകയാണെങ്കിൽ അതു നമ്മെ മറ്റൊന്നിനെക്കുറിച്ചോർമ്മപ്പെടുത്തുകയേയില്ല.
ഓരോന്നും നമ്മെ ഓർമ്മപ്പെടുത്തുന്നത് അതായതിനെ,
അതായതെന്നാൽ മറ്റൊന്നല്ലാത്തത്.
അതതാണെന്ന വസ്തുത തന്നെ അതിനെ മറ്റേതിൽ നിന്നും വേർതിരിക്കുന്നതും.
(ഒന്നും ഒന്നുമല്ല, അതല്ലാത്ത മറ്റൊന്നില്ലെങ്കിൽ.)
*
3
ഓരോ വസ്തുവിലും ഒരദൃശ്യവസ്തു കുടികൊള്ളുന്നുണ്ടെന്ന് അവർ പറയുന്നു.ഉണ്ട്, അതതുതന്നെയാണ്,
അദൃശ്യമാകാതെ അതിൽ കുടികൊള്ളുന്ന അതേ വസ്തു.
എന്നാൽ ഞാൻ, ബോധവും ചിന്തയും വികാരവുമുള്ള ഞാൻ,
ഞാനൊരു വസ്തുവിനെപ്പോലെയാണോ?
ഏറെക്കുറെ എന്നിലുള്ളതെന്താണ്?
ഞാനെന്റെ ഉടലു മാത്രമായിരുന്നെങ്കിൽ
എനിക്കു സന്തോഷമായേനെ.
എന്നാൽ ഞാൻ മറ്റെന്തോ കൂടിയാണ്,
ഏറെക്കുറെ ഉടലല്ലാത്തതുമെന്തോ.
ഏറെക്കുറെ ഞാനായ ആ വസ്തുവെന്താണ്?
കാറ്റു വീശുന്നു, വീശുകയാണതെന്നറിയാതെ.
ഒരു ചെടി വളരുന്നു, വളരുകയാണതെന്നറിയാതെ.
ഞാനും ജീവിക്കുന്നത് അതറിയാതെ,
എന്നാൽ ഞാൻ ജീവിക്കുന്നുണ്ടെന്നെനിക്കറിയാം.
എന്നാൽ ഞാൻ ജീവിക്കുകയാണെന്നെനിക്കറിയാമോ,
അതോ, അതറിയാമെന്നെനിക്കറിയാമെന്നു മാത്രമോ?
ഞാൻ ജനിച്ചു, ഞാൻ ജീവിക്കുന്നു,
എനിക്കിടപെടാൻ പാടില്ലാത്ത ഒരു നിയതിയാൽ
ഞാൻ മരിക്കുകയും ചെയ്യും.
എനിക്കു പുറത്തുള്ള ഒരു ശക്തിയാൽ
ഞാൻ ചിന്തിക്കുന്നു, ഞാൻ വികാരങ്ങളറിയുന്നു, ഞാൻ ചലിക്കുന്നു.
എങ്കിൽ ആരാണു ഞാൻ?
ഞാൻ, ഈ ഉടലും ആത്മാവുമായി, ഒരകത്തിന്റെ പുറമാണോ?
അതോ, മറ്റുടലുകളിൽ നിന്നു വേറിട്ടുനില്ക്കാൻ
പ്രപഞ്ചശക്തി എന്നിൽ നിക്ഷേപിച്ച ബോധമോ?
ഇതിനൊക്കെ നടുവിൽ എവിടെയാണു ഞാൻ?
എന്റെ ഉടൽ മരിക്കും,
എന്റെ തലച്ചോറു തകർന്നടിയും,
അമൂർത്തവും രൂപഹീനവുമായ ഒരു വസ്തുവായി.
എന്നിലെ എന്നെ എനിക്കറിയാതാകും,
എന്റേതെന്നെനിക്കു തോന്നുന്ന ചിന്തകൾ
എന്റെ തലച്ചോറു കൊണ്ടു ഞാൻ ചിന്തിക്കാതാകും,
എന്റെ ഇച്ഛാശക്തി കൊണ്ടു ഞാനെന്റെ കൈകളിളക്കാതാകും.
ഇതുപോലെ ഞാനില്ലാതാകുമോ? എനിക്കറിയില്ല.
ഇതുപോലെയില്ലാതാകണമെന്നാണു ഞാനെങ്കിൽ
ഇതുപോലെയില്ലാതാകുന്നതിന്റെ പേരിലുള്ള ഖേദം
എന്നെ അമരനാക്കുകയുമില്ല.
*
4
വസന്തം പിന്നെയുമെത്തുമ്പോൾലോകത്തവൾ എന്നെ കണ്ടില്ലെന്നുവരാം.
വസന്തം ഒരു വ്യക്തിയാണെന്നു കരുതാനെനിക്കിഷ്ടമാണ്,
എങ്കിൽ, തന്റെ ഒരേയൊരു ചങ്ങാതി നഷ്ടപ്പെട്ടുവെന്നു കാണുമ്പോൾ
അവൾക്കു കരച്ചിൽ വരുമെന്നെനിക്കു സങ്കല്പിക്കാമല്ലോ.
എന്നാൽ വസന്തം ഒരു വസ്തു പോലുമല്ല:
ഒരു ഭാഷാപ്രയോഗം മാത്രമാണവൾ.
പൂക്കൾ പോലും, പച്ചിലകൾ പോലും മടങ്ങിവരുന്നില്ല.
പുതിയ പൂക്കൾ, പുതിയ പച്ചിലകളുണ്ടാകുന്നു.
സുന്ദരമായ വേറേ നാളുകളുണ്ടാകുന്നു.
ഒന്നും മടങ്ങിവരുന്നില്ല, ഒന്നും സ്വയമാവർത്തിക്കുന്നില്ല,
യഥാർത്ഥമാണെല്ലാം എന്നതിനാൽ.
*
5
ഞാൻ മരിച്ചുപോയിട്ടുണ്ടെങ്കിൽ,
പൂക്കളിതേപോലെതന്നെ വിടരും,
പോയ വസന്തത്തെക്കാൾ മരങ്ങൾക്കു പച്ചപ്പു കുറയുകയുമില്ല .
യാഥാർത്ഥ്യത്തിനു ഞാൻ വേണമെന്നില്ല.
എനിക്കതിയായ ആഹ്ളാദം തോന്നുന്നു,
ഒരു പ്രാധാന്യവുമർഹിക്കുന്നില്ല എന്റെ മരണമെന്നതിൽ.
നാളെ ഞാൻ മരിക്കുമെന്നും
വസന്തം മറ്റേന്നാളാണെന്നുമെനിക്കറിയാമെങ്കിൽ
സന്തോഷത്തോടെതന്നെ ഞാൻ മരിക്കും,
വസന്തം മറ്റേന്നാളാണെന്നതിനാൽത്തന്നെ.
അതാണതിന്റെ കാലമെങ്കിൽ
എന്തിനതു മുമ്പേ കൂട്ടി വരണം?
ഒക്കെയും യഥാർത്ഥവും കൃത്യവുമാകണമെന്നാണെനിക്ക്,
അതങ്ങനെയാകുന്നതാണെനിക്കിഷ്ടം,
എനിക്കിഷ്ടമല്ലെങ്കിലും അതങ്ങനെ തന്നെയായിരിക്കുമെന്നതിനാൽ.
അതിനാൽ, ഈ നിമിഷം ഞാൻ മരിക്കുമെങ്കിൽ
സമാധാനത്തോടെ ഞാൻ മരിക്കും,
ഒക്കെയും യഥാർത്ഥമാണെന്നതിനാൽ,
ഒക്കെയും കൃത്യമാണെന്നതിനാൽ.
എന്റെ കുഴിമാടത്തിനു മുന്നിൽ നിന്നു ലാറ്റിനിൽ നിങ്ങൾ പ്രാർത്ഥിച്ചോളൂ,
അതാണു നിങ്ങൾക്കിഷ്ടമെങ്കിൽ.
അതിനെ വട്ടം ചുറ്റി പാടുകയും നൃത്തം ചവിട്ടുകയുമാവാം,
അതാണു നിങ്ങൾക്കിഷ്ടമെങ്കിൽ.
അങ്ങനെ പ്രത്യേകിച്ചൊരിഷ്ടവുമെനിക്കില്ല,
ഇനിയിഷ്ടങ്ങൾ വയ്ക്കാനാവുകയുമില്ലെനിയ്ക്ക്.
വരാനുള്ളതു വരാനുള്ള നേരത്തു വരുമ്പോൾ,
അതായിരിക്കും, അതാകേണ്ടതൊക്കെ.
*
6
ഞാൻ മരിച്ചുകഴിഞ്ഞിട്ട്ഒരാൾക്കെന്റെ ജീവചരിത്രമെഴുതാൻ തോന്നിയാൽ
അതിലുമെളുപ്പമായിട്ടൊരു സംഗതി വേറെയില്ല.
തീയതികൾ രണ്ടേയുള്ളു -
ജനിച്ച നാളൊന്ന്, മരിച്ച വേറൊന്നും.
രണ്ടിനുമിടയിൽ എല്ലാ നാളുകളുമെന്റെ സ്വന്തം.
ഇന്നതെന്നെന്നെ വിവരിക്കുക വളരെയെളുപ്പം.
കാണുക ഒരു ബാധയായിരുന്നെനിക്ക്.
ഞാൻ വസ്തുക്കളെ സ്നേഹിച്ചിരുന്നു, ഒരതിഭാവുകത്വവുമില്ലാതെ.
ഒരു മോഹവുമെനിക്കു നടക്കാതെപോയിട്ടില്ല, മോഹിതനായിരുന്നില്ലല്ലോ ഞാൻ.
കേൾവി പോലുമെനിക്ക് കാഴ്ചയ്ക്കകമ്പടിയായിരുന്നു.
എനിക്കറിയാമായിരുന്നു വസ്തുക്കൾ യഥാർത്ഥമാണെന്ന്, ഒന്നിനോടൊന്നു വ്യത്യസ്തമാണവയെന്ന്.
ഞാനിതറിഞ്ഞതു കണ്ണുകൾ കൊണ്ട്, മനസ്സു കൊണ്ടല്ല.
മനസ്സു കൊണ്ടിതറിയുകയെന്നാൽ എല്ലാമൊന്നുപോലെന്നു കാണുകയാവും.
പിന്നെയൊരുനാൾ വല്ലാതെനിക്കു ക്ഷീണം തോന്നി, ഒരു കുട്ടിയെപ്പോലെ.
കണ്ണുമടച്ച് ഞാനുറക്കവുമായി.
ഇതിനൊക്കെപ്പുറമേ, പ്രകൃതിയെക്കുറിച്ചെഴുതിയ കവിയും ഞാനായിരുന്നു.
*
7
വഴിയിലെ വളവിനുമപ്പുറംഒരു കിണറുണ്ടെന്നാവാം, ഒരു കോട്ടയുണ്ടെന്നാവാം,
വഴിയുടെ തുടർച്ച മാത്രമേയുള്ളുവെന്നുമാകാം.
അതൊന്നുമെനിക്കറിയില്ല,
അതേക്കുറിച്ചു ഞാൻ ചോദിക്കുന്നുമില്ല.
വളവിനു മുമ്പുള്ള വഴിയിലായിരിക്കുന്നിടത്തോളം കാലം,
വളവിനു മുമ്പുള്ള വഴിയിലേക്കേ ഞാൻ നോക്കുന്നുള്ളു,
എന്തെന്നാൽ, വളവിനു മുമ്പുള്ള വഴിയേ എനിക്കു കണ്ണിൽപ്പെടുന്നുള്ളുവല്ലോ.
അപ്പുറത്തേക്കു നോക്കിയിട്ടെനിക്കു ഗുണമൊന്നുമില്ല,
എന്റെ കാഴ്ചയിൽ പെടാത്തതിനെ നോക്കിയിട്ടും.
നാമെവിടെയോ, അവിടെയാകട്ടെ നമ്മുടെ ശ്രദ്ധ.
മറ്റെവിടെയുമല്ല, ഇവിടെത്തന്നെയുണ്ട് വേണ്ടത്ര ഭംഗി.
വളവിനപ്പുറത്തെ വഴിയിലും ആളുകളുണ്ടെങ്കിൽ,
അവരാവലാതിപ്പെടട്ടെ, വളവിനപ്പുറത്തെന്താണെന്നതിനെക്കുറിച്ച്.
അതാണ് അവർക്കു വഴി.
ഒരുകാലത്തു നാമവിടെയെത്തുമെങ്കിൽ
അന്നു നമുക്കതൊക്കെയറിയാം.
ഇന്നു നമുക്കറിയാവുന്നത് നാമവിടെയല്ലെന്നു മാത്രം.
ഇതു വളവിനു മുമ്പുള്ള വഴി മാത്രം,
വളവിനു മുമ്പ് വളവില്ലാത്ത വഴിയും.
*
8
അവരെന്നോടു പറയുന്നു, മനുഷ്യരെപ്പറ്റി, മനുഷ്യരാശിയെപ്പറ്റി,എന്നാലിന്നേവരെ ഞാൻ കണ്ടിട്ടില്ല, മനുഷ്യരെ, മനുഷ്യരാശിയെ.
ഞാൻ കണ്ടിരിക്കുന്നത്, കിടിലം കൊള്ളിയ്ക്കുന്ന വിധം വ്യത്യസ്തരായ മനുഷ്യരെ,
മനുഷ്യരില്ലാത്ത ഒരിടം കൊണ്ട് അന്യോന്യം വേർതിരിക്കപ്പെട്ടവരെ.
*
9
പ്രകൃതിയെക്കുറിച്ചിതേവരെ രൂപപ്പെടുത്തിയ അഭിപ്രായങ്ങൾ
ഒരു പൂവും വിടർത്തിയിട്ടില്ല, ഒരു പുൽക്കൊടിയും വളർത്തിയിട്ടില്ല.
വസ്തുക്കളെക്കുറിച്ചിതേവരെ ഉണ്ടായ അറിവുകളൊന്നും
എനിക്കു കയ്യിലെടുക്കാവുന്നതായിരുന്നില്ല, ഒരു വസ്തുവിനെപ്പോലെ.
സത്യമാകാനാണു ശാസ്ത്രം കാംക്ഷിക്കുന്നതെങ്കിൽ,
ശാസ്ത്രമില്ലാത്ത വസ്തുക്കളെക്കാൾ സത്യമായ ശാസ്ത്രവുമേത്?
കണ്ണുമടച്ചു ഞാൻ മലർന്നുകിടക്കുന്ന കട്ടിമണ്ണിന്റെ യാഥാർത്ഥ്യം
എന്റെ മുതുകു പോലുമറിയുന്നത്ര യഥാർത്ഥം.
തോളെല്ലുകളുള്ളിടത്ത് യുക്തിയുടെ ആവശ്യവും എനിക്കില്ല.
ഒരു പൂവും വിടർത്തിയിട്ടില്ല, ഒരു പുൽക്കൊടിയും വളർത്തിയിട്ടില്ല.
വസ്തുക്കളെക്കുറിച്ചിതേവരെ ഉണ്ടായ അറിവുകളൊന്നും
എനിക്കു കയ്യിലെടുക്കാവുന്നതായിരുന്നില്ല, ഒരു വസ്തുവിനെപ്പോലെ.
സത്യമാകാനാണു ശാസ്ത്രം കാംക്ഷിക്കുന്നതെങ്കിൽ,
ശാസ്ത്രമില്ലാത്ത വസ്തുക്കളെക്കാൾ സത്യമായ ശാസ്ത്രവുമേത്?
കണ്ണുമടച്ചു ഞാൻ മലർന്നുകിടക്കുന്ന കട്ടിമണ്ണിന്റെ യാഥാർത്ഥ്യം
എന്റെ മുതുകു പോലുമറിയുന്നത്ര യഥാർത്ഥം.
തോളെല്ലുകളുള്ളിടത്ത് യുക്തിയുടെ ആവശ്യവും എനിക്കില്ല.
*
10
എനിക്കൊരു തിടുക്കവുമില്ല.
ഞാനെന്തിനു തിടുക്കപ്പെടണം?
സൂര്യനും ചന്ദ്രനും തിടുക്കമില്ല: അതു ശരിയുമാണ്.
തിടുക്കപ്പെടുക എന്നാൽ,
ആളുകൾക്കു സ്വന്തം കാലുകളെ
കവച്ചുവയ്ക്കാൻ കഴിയുമെന്നു കരുതുകയാണ്,
അല്ലെങ്കിൽ, ചാടുമ്പോൾ
സ്വന്തം നിഴലിനുമപ്പുറത്തു ചെന്നുവീഴാമെന്നും.
ഇല്ല, തിടുക്കപ്പെടാനെനിക്കറിയില്ല.
ഞാനെന്റെ കൈ നീട്ടിയാൽ
എന്റെ കയ്യെത്തുന്നിടത്തോളമേ ഞാനെത്തൂ;
ഒരിഞ്ചപ്പുറമില്ല.
എന്റെ വിരൽ തൊടുന്നിടത്തേ ഞാൻ തൊടൂ,
ഞാൻ വിചാരിക്കുന്നിടത്തല്ല;
ഞാനെവിടെയോ, അവിടെയേ ഞാനിരിക്കൂ.
ഇതു നമുക്കു തമാശയായി തോന്നാം,
ശരിക്കും സത്യമായ എല്ലാ സത്യങ്ങളേയും പോലെ.
എന്നാൽ ശരിക്കും തമാശയെന്നു പറയുന്നതിതല്ല,
മറ്റേതോ ഒന്നിനെക്കുറിച്ചാണെപ്പോഴും
നമ്മുടെ ചിന്ത എന്നതാണത്.
നാം നമ്മുടെ യാഥാർത്ഥ്യത്തിൽ നിന്നൊഴിഞ്ഞുമാറി ജീവിക്കുന്നു.
നാമെപ്പോഴും അതിനു പുറത്തുമാണ്,
നാം ഇവിടെയാണെന്നതിനാൽ.
(ആൽബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ