2017, ഏപ്രിൽ 29, ശനിയാഴ്‌ച

ലോർക്ക - ഇരുണ്ട പ്രണയത്തിന്റെ ഗീതകങ്ങൾ

lorca Severed hands


1935ൽ മരണത്തിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ലോർക്ക എഴുതിയ പതിനൊന്നു ഗീതകങ്ങളുടെ സമാഹാരമാണ്‌ ‘ഇരുണ്ട പ്രണയത്തിന്റെ ഗീതകങ്ങൾ’ Sonetos del amor oscuro. 1933ൽ പരിചയപ്പെട്ട റഫായെൽ റോഡ്രിഗ്സ് റപ്യൂൺ എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയോടു തോന്നിയ പ്രണയമാണ്‌ പ്രചോദനം. 1983ലാണ്‌ ഈ കവിതകൾ ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്.



റോസാപ്പൂക്കൾ കൊണ്ടൊരു മാല

ആ പൂമാല! വേഗമാവട്ടെ! ഞാൻ മരിക്കുകയായി!
വേഗം കൊരുക്കൂ! പാടൂ! കരയൂ! പാടൂ!
എന്റെ തൊണ്ടയിൽ ഇരുട്ടടയ്ക്കുകയായി,
ആയിരാമത്തെത്തവണയുമിതാ, ജനുവരിവെളിച്ചം പിന്നെയും പരക്കുകയായി.

നിനക്കെന്നോടുള്ള പ്രണയത്തിനും എനിക്കു നിന്നോടുമുള്ളതിനുമിടയിൽ
-നക്ഷത്രമണ്ഡലത്തിനും വൃക്ഷങ്ങളുടെ പ്രകമ്പനത്തിനുമിടയിൽ-
ഒരാണ്ടിനുള്ള രോദനത്തിന്റെ ഇരുട്ടുമായി
വയല്ച്ചുള്ളികളുടെ പടർപ്പുയർന്നുനില്ക്കുന്നു.

എന്റെ മുറിവിന്റെ പുതുമ മാറാത്ത കൊഴുച്ചാൽ കണ്ടുനിന്നോളൂ,
ഓടത്തണ്ടുകളും നേർത്ത ചിറ്റരുവികളും തകർത്തോളൂ,
തുടകളിലൊലിക്കുന്ന ചോരയും കുടിച്ചോളൂ.

എന്നാൽ വേഗമാവട്ടെ! കെട്ടുപിണഞ്ഞു നാമൊന്നാവുക,
പ്രണയം ചതച്ച ചുണ്ടും ദംശനമേറ്റ ആത്മാവുമായി
കാലം നമ്മെ കണ്ടെത്തട്ടെ, തകർന്നടിഞ്ഞവരായി.



മധുരിക്കുന്ന പരിഭവം

ഒരുനാളുമെനിക്കു നിഷേധിക്കരുതേ,
നിന്റെ കണ്ണുകളുടെ ശിലാശില്പവിസ്മയം;
ഏകാന്തരാത്രിയിലെന്റെ കവിളിൽ
നിന്റെ നിശ്വാസം വിടർത്തുന്ന പനിനീർപ്പൂവും.

എനിക്കു ഭയം, ഈ വിദൂരതീരത്തു
ചില്ലകൾ ഛേദിച്ച മരമായി നില്ക്കാൻ;
ഒരു പൂവൊരുപഴമൊരു ചെളിക്കട്ടയെങ്കിലും വേണം,
എന്റെ നോവിന്റെ പുഴുവിനു നുഴഞ്ഞുകേറാൻ.

നീയാണെന്റെ നിഗൂഢനിധിയെങ്കിൽ,
നീയാണെന്റെ കുരിശ്ശും തോരാത്ത ശോകവുമെങ്കിൽ,
നിനക്കധീനനായ നായയാണു ഞാനെങ്കിൽ,

ഞാൻ നേടിയെടുത്തതെനിക്കു നഷ്ടപ്പെടുത്തരുതേ,
നിന്റെ പുഴവെള്ളമലങ്കരിക്കുകയും ചെയ്തോളൂ,
എനിക്കന്യമായ ശരല്ക്കാലത്തിന്റെ പഴുക്കിലകളാൽ.


പ്രണയത്തിന്റെ തിരുമുറിവുകൾ


ഈ വെളിച്ചം, ദഹിപ്പിക്കുന്ന ഈയഗ്നി,
എന്നെച്ചുഴലുന്ന ഈ ധൂസരദേശം,
ഒരേയൊരു ചിന്തയുടെ കാർന്നുതിന്നുന്ന വേദന,
ആകാശത്തിന്റെ , ലോകത്തിന്റെ, കാലത്തിന്റെ യാതന;

സ്പന്ദനമടങ്ങിയ വീണയിൽ, തൃഷ്ണയുടെ പന്തത്തിൽ
രക്തഹാരം ചാർത്തുന്ന ഈ വിലാപം,
എന്റെ മേൽ തകർന്നുടയുന്ന ഈ കടലിന്റെ ഭാരം,
എന്റെ നെഞ്ചിൽ കുടിയേറിയ ഈ കരിന്തേൾ-

പ്രണയത്തിന്റെ പൂമാലയിവ, മുറിപ്പെട്ടവന്റെ ശയ്യ,
തകർന്ന ഹൃദയത്തിന്റെ ശേഷിപ്പുകൾക്കിടയിൽ
നിന്റെ സാന്നിദ്ധ്യം സ്വപ്നം കണ്ടു ഞാൻ കിടക്കുന്നതിവിടെ.

ഞാൻ തേടിയലഞ്ഞതു വിവേകത്തിന്റെ മലമുടി,
നിന്റെ ഹൃദയമെനിക്കരുളിയതു വിഷക്കളകളുടെ താഴ്‌വര,
കയ്ക്കുന്ന നേരുകൾക്കായി തീരാത്തൊരു ദാഹവും.


കവി കമിതാവിനോട് കത്തെഴുതാൻ പറയുന്നു


എനിക്കുള്ളിലെ പ്രണയമേ, എന്റെ ജാഗരമരണമേ,
നീയെഴുതുന്നൊരു വാക്കിനായി വിഫലമായി ഞാൻ കാത്തിരിക്കുന്നു,
വാടുന്ന പൂവു നോക്കിയിരിക്കെ മനസ്സിൽ ഞാൻ പറയുന്നു,
സ്വബോധം മറയും മുമ്പേ എനിക്കു നഷ്ടമാകട്ടെ നിന്നെ.

ചിരായുസ്സാണു വായു, ശില നിശ്ചേഷ്ടവും;
അതിനു നിഴലറിയില്ല, നിഴലിൽ നിന്നൊഴിയാനും;
എന്റെയുള്ളിലെ ഹൃദയത്തിനു വേണ്ട,
ചന്ദ്രനുരുക്കിയൊഴിക്കുന്ന കൊഴുത്ത തേനും.

നിന്നെപ്രതി ഞാൻ നീറി, എന്റെ സിരകൾ ഞാൻ പിളർന്നു,
പല്ലുകളുടേയും ലില്ലികളുടേയും ദ്വന്ദ്വയുദ്ധത്തിൽ
നിന്റെയരക്കെട്ടിൽ ഞാൻ വ്യാഘ്രവും പ്രാവുമായി.

എങ്കിലെന്റെയുന്മാദത്തെ വാക്കുകളാൽ നിറയ്ക്കൂ,
അല്ലെങ്കിലാത്മാവിന്റെ നിത്യാന്ധകാരത്തിൽ
അന്തിമശാന്തിയോടെന്നെ ജീവിക്കാനനുവദിക്കൂ.



കവി സത്യം പറയുന്നു

കരഞ്ഞുതീർക്കണമെനിക്കെന്റെ വേദന,
ഒരു കഠാരയും ചുംബനങ്ങളും നീയുമായി
രാപ്പാടികൾ പാടുന്ന സാന്ധ്യവേളയിൽ
നീയെന്നെ പ്രേമിക്കും വരെ, എനിക്കായി കരയും വരെ.

എന്റെ പൂക്കളുടെ അരുംകൊല നടന്നപ്പോൾ
അതിന്നേകദൃക്സാക്ഷിയെ എനിക്കു വധിക്കണം,
എന്റെ കണ്ണീർത്തുള്ളികളുമെന്റെ വിയർപ്പുമണികളും
കട്ടിപ്പൊൻഗോതമ്പിന്റെ തീരാത്ത കൂമ്പാരമാക്കണം.

‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ ‘നീയെന്നെ സ്നേഹിക്കുന്നു’
ആ നൂല്ക്കഴിയൊരുനാളുമഴിയാതിരിക്കട്ടെ,
ശുഷ്കസൂര്യനും വൃദ്ധചന്ദ്രനുമതിനെന്നും ചൂടു പകരട്ടെ.

നീ നിഷേധിച്ചതും ഞാൻ ചോദിക്കാത്തതും മരണത്തിനിരിക്കട്ടെ,
മരണത്തിനാവില്ല,
ഉടലു തുടിക്കുമ്പോഴതിൽ നിഴലു വീഴ്ത്തുവാൻ.



ഉറക്കമില്ലാത്ത പ്രണയത്തിന്റെ രാത്രി

പൂർണ്ണചന്ദ്രനുമായി നാമിരുവർ രാത്രി ചവിട്ടിക്കയറി,
ഞാൻ കരഞ്ഞപ്പോൾ നീ പൊട്ടിച്ചിരിച്ചു,
നിന്റെ പരിഹാസമൊരു ദേവതയായിരുന്നു,
എന്റെ പരിഭവം തുടലിലിട്ട പ്രാവുകളും നിമിഷങ്ങളും.

വേദനയുടെ പളുങ്കേ, പിന്നെ നാം രാത്രിയുടെ പടിയിറങ്ങി,
വിപുലദൂരങ്ങളെച്ചൊല്ലി നീ തേങ്ങിക്കരഞ്ഞു.
നിന്റെ ദുർബ്ബലഹൃദയത്തിന്റെ പൂഴിപ്പരപ്പിൽ
അട വച്ച മുട്ടകളായിരുന്നു, എന്റെ കദനം.

പ്രഭാതം നമ്മെ കിടക്കയിലൊരുമിപ്പിച്ചു,
ചോരയണപൊട്ടിയൊഴുകുന്നൊരുറവയ്ക്കു മേൽ
നമ്മുടെ ചുണ്ടുകളൊട്ടിപ്പിടിച്ചു.

പടുതകൾക്കിടയിലൂടെ പിന്നെ സൂര്യൻ കയറിവന്നു,
ശവക്കോടി ചുറ്റിയ എന്റെ ഹൃദയത്തിനു മേൽ
ജീവന്റെ പവിഴക്കൊടിയതിന്റെ ചില്ലകൾ വിരിച്ചു.



കവി കമിതാവിനോട് ഫോണിൽ സംസാരിക്കുന്നു

മരപ്പലകയടിച്ചൊരു കുഞ്ഞുമുറിയിൽ
നിന്റെ സ്വരമെന്റെ നെഞ്ചിലെ പൂഴിയിൽ വെള്ളം തേവി,
എന്റെ കാല്ചുവടിനു തെക്കു വസന്തമായിരുന്നു,
എന്റെ നെറ്റിത്തടത്തിനു വടക്കു പന്നൽ പൂവിട്ടിരുന്നു.

ആയിടുങ്ങിയ ഇടത്തു വെളിച്ചത്തിന്റെ പൈന്മരം പാടി,
പുലരിയുടെ ഈണമില്ലാതെ, വിത്തുകളില്ലാതെ,
എന്റെ തേങ്ങലുകളിതാദ്യമായി
പുരപ്പുറത്തു പ്രത്യാശയുടെ തോരണം ചാർത്തി.

എനിക്കായൊഴുകിയെത്തിയ മധുരവും വിദൂരവുമായ ശബ്ദം,
ഞാൻ രുചിയറിഞ്ഞ മധുരവും വിദൂരവുമായ ശബ്ദം,
മധുരവും വിദൂരവുമായ മൂർച്ഛിക്കുന്ന ശബ്ദം.

മുറിപ്പെട്ടൊരു മാൻപേട പോലെ വിദൂരം,
പെയ്യുന്ന മഞ്ഞിൽ തേങ്ങൽ പോലെ മധുരം,
മജ്ജയിൽ കുടിയേറിയ പോലെ: മധുരം, വിദൂരം!


കവി കമിതാവിനോട് ക്വെങ്ക എന്ന ‘മായികനഗര’ത്തെക്കുറിച്ചു ചോദിക്കുന്നു


ജലം കൊത്തിയെടുത്ത നഗരം നിനക്കിഷ്ടമായോ,
തുള്ളിയിറ്റി, തുള്ളിയിറ്റി, പൈനുകളുടെ വനഗർഭത്തിൽ?
സ്വപ്നങ്ങളും മുഖങ്ങളും പാതകളും നീ കണ്ടുവോ,
കാറ്റിന്റെ പ്രഹരമേല്ക്കുന്ന കദനത്തിന്റെ ചുമരുകളും?

ഉടഞ്ഞ ചന്ദ്രന്റെ നീലിച്ച വിള്ളൽ നീ കണ്ടുവോ,
ഹുക്കാർപ്പുഴയുടെ പാട്ടിലും പളുങ്കിലും നനഞ്ഞതിനെ?
നിന്റെ വിരൽത്തുമ്പുകളിലുമവ ചുംബിച്ചുവോ,
വിദൂരശിലകളെ പ്രണയത്തിന്റെ കിരീടം ചൂടിച്ച കൊട്ടച്ചെടികൾ?

പുല്ച്ചാടികൾക്കും നിഴലുകൾക്കും തടവുകാരൻ,
സർപ്പത്തിന്റെ മൗനസഹനത്തിലേക്കു കയറിച്ചെല്ലുമ്പോൾ
നിനക്കെന്നെ ഓർമ്മ വന്നുവോ?

തെളിഞ്ഞ വായുവിൽ നീ കാണുന്നതില്ലേ,
കദനങ്ങളുടെ, ആനന്ദങ്ങളുടെ ഡാലിയ,
എന്റെ പൊള്ളുന്ന ഹൃദയം നിന്റെ പേർക്കയച്ചത്?

മാഡ്രിഡിനു 260 കി.മീ. തെക്കുപടിഞ്ഞാറായുള്ള ക്വെങ്ക Cuenca എന്ന വലിയയ പൈൻകാട്ടിനുള്ളിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ്‌ Ciudad Encantada (മായികനഗരം). വലിയ ചുണ്ണാമ്പുപാറകൾ കാറ്റിലും മഴയിലും ദ്രവിച്ച് ഏതോ പുരാതനനഗരത്തിലെ കൊട്ടാരങ്ങളും ദേവാലയങ്ങളും പാലങ്ങളും വീടുകളുംസ്തൂപങ്ങളുമാണെന്ന വിഭ്രമം കാണികളിൽ സൃഷ്ടിക്കുന്നു. ഹുക്കാർ Jucar ക്വെങ്കയിലൂടെ ഒഴുകുന്ന നദിയാണ്‌. ലോർക്ക 1932ൽ ഇവിടം സന്ദർശിച്ചിരുന്നു.


Sonnets of Dark Love translated by Paul Archer

അഭിപ്രായങ്ങളൊന്നുമില്ല: