2018, ജൂൺ 15, വെള്ളിയാഴ്‌ച

നിസ്സാര്‍ ഖബ്ബാനി - ഒരുനൂറു പ്രണയലേഖനങ്ങളില്‍ നിന്ന്

 1.

ഇതുവരെയെഴുതാത്ത വാക്കുകളിലെനിക്കു നിനക്കെഴുതണം,
നിനക്കായൊരു ഭാഷയെനിക്കു കണ്ടെത്തണം,
നിന്റെയുടലിന്റെ അളവിനൊത്തത്,
എന്റെ പ്രണയത്തിന്റെ വലിപ്പത്തിനൊത്തതും.
*
താളുകളേറെ മറിച്ച നിഘണ്ടുവിൽ നിന്നെനിക്കു യാത്ര പോകണം,
എന്റെ ചുണ്ടുകളെ വിട്ടെനിക്കു പോകണം.
ഈ നാവു കൊണ്ടെനിക്കു മതിയായി,
മറ്റൊരു നാവെനിക്കു വേണം,
തോന്നുമ്പോളൊരു ചെറിമരമാകുന്നത്,
ഒരു തീപ്പെട്ടിക്കൂടാവുന്നത്.
പുതിയൊരു നാവെനിക്കു വേണം,
അതിൽ നിന്നു വാക്കുകൾ പുറത്തുവരട്ടെ,
കടല്പ്പരപ്പിൽ നിന്നു മത്സ്യകന്യകമാരെപ്പോലെ,
ഇന്ദ്രജാലക്കാരന്റെ തൊപ്പിയിൽ നിന്നു
വെളുവെളുത്ത കോഴിക്കുഞ്ഞുങ്ങളെപ്പോലെ.
*
ബാല്യത്തിൽ ഞാൻ വായിച്ച പുസ്തകങ്ങളെല്ലാമെടുത്തോളൂ,
പള്ളിക്കൂടത്തിലെ നോട്ടുബുക്കുകൾ,
ചോക്കുകൾ, പേനകൾ,
ബ്ളാക്കുബോർഡുകളൊക്കെയുമെടുത്തോളൂ,
എന്നാല്‍  പുതിയൊരു വാക്കെന്നെപ്പഠിപ്പിക്കൂ,
ഒരു ലോലാക്കു പോലെന്റെ കാമുകിയുടെ കാതിലിടാൻ.
.*
മറ്റൊരു വിധം വിരലുകളെനിക്കു വേണം
മറ്റൊരു വിധത്തിലെനിക്കെഴുതാൻ,
പാമരങ്ങൾ പോലെ നെടിയത്,
ജിറാഫിന്റെ കഴുത്തു പോലെ നീണ്ടത്,
കവിത കൊണ്ടൊരുടയാട
എന്റെ കാമുകിക്കു തുന്നിക്കൊടുക്കാൻ.
*
മറ്റൊരുവിധമക്ഷരമാലയെനിക്കു വേണം,
നിനക്കെഴുതാന്‍;
അതിലുണ്ടാവും മഴയുടെ താളം,
നിലാവിന്റെ പരാഗം,
ധൂസരമേഘങ്ങളുടെ വിഷാദം,
ശരല്ക്കാലത്തിന്റെ തേര്‍ചക്രത്തിനടിയിൽ 
വില്ലോമരത്തിന്റെ പഴുക്കിലകളുടെ വേദനയും.


2
മനോഹരമായൊരു കവിത പോലെ
എന്റെ നേർക്കു നീ നടന്നുവന്ന ആ മാർച്ചുമാസപ്പുലരിയിൽ
സൂര്യനും വസന്തവും നിന്നോടൊപ്പം കടന്നുവന്നു.
എന്റെ മേശപ്പുറത്തെ കടലാസുതാളുകൾ
പച്ചിലകളായി മാറി,
എന്റെ മുന്നിലെ കാപ്പിക്കപ്പ്
ചുണ്ടിലേക്കു വയ്ക്കാതെതന്നെയൊഴിഞ്ഞു.
നീ പ്രത്യക്ഷപ്പെട്ടപ്പോൾ.
എന്റെ ചുമർച്ചിത്രത്തിലെ കുതിരകൾ
എന്നെ വിട്ടു നിന്റെ നേർക്കു കുതിച്ചോടി.
*
എന്നെക്കാണാൻ നീ വന്ന ആ മാർച്ചുമാസപ്പുലരിയിൽ
ഭൂമിയ്ക്കുടലു വിറച്ചു,
മണ്ണിലെങ്ങോ ഒരു നക്ഷത്രമെരിഞ്ഞുവീണു.
കുട്ടികൾ കരുതി
അതൊരു തേനടയെന്ന്,
സ്ത്രീകൾ കരുതി
അതു വജ്രം കൊണ്ടൊരു കൈവളയെന്ന്,
പുരുഷന്മാർ കരുതി
അതു ദൈവത്തിൽ നിന്നൊരടയാളമെന്ന്.
*
വസന്തത്തിന്റെ മേലാടയഴിച്ചുമാറ്റി,
ഒരു പെട്ടി നിറയെ വേനൽവസ്ത്രങ്ങളുമായി
ഒരു പൂമ്പാറ്റയെപ്പോലെ എനിക്കു മുന്നിൽ നീയിരുന്നപ്പോൾ,
എനിക്കു തീർച്ചയായി,
ആർക്കും തെറ്റു പറ്റിയിട്ടില്ലെന്ന്,
കുട്ടികൾക്കും,
സ്ത്രീകൾക്കും,
പുരുഷന്മാർക്കും.
തേൻ പോലെ മധുരിക്കുന്നവളാണു നീയെന്ന്,
വജ്രം പോലെ നിർമ്മലയാണു നീയെന്ന്,
ഒരു ദിവ്യാത്ഭുതം നീയെന്ന്.


3
“ഞാൻ നിന്നെ പ്രേമിക്കുന്നു”വെന്ന്
ഞാൻ നിന്നോടു പറഞ്ഞപ്പോൾ
എനിക്കറിയാമായിരുന്നു,
ഗോത്രനിയമങ്ങൾക്കെതിരെ
ഒരു കലാപം നയിക്കുകയാണു ഞാനെന്ന്,
അപവാദത്തിന്റെ
മണി മുഴക്കുകയാണു ഞാനെന്ന്.
അധികാരം പിടിച്ചെടുക്കാൻ ഞാനാഗ്രഹിച്ചത്
കാട്ടിൽ മരങ്ങൾക്കിലകളുടെ
എണ്ണം കൂട്ടാനായിരുന്നു.
കടലിന്റെ നീലിമ കൂട്ടാനും
കുഞ്ഞുങ്ങളുടെ നിഷ്കളങ്കത കൂട്ടാനുമായിരുന്നു.
കിരാതയുഗത്തിനന്ത്യം കുറിക്കാനും
അവസാനത്തെ ഖലീഫയെ
വധിക്കാനും ഞാനാഗ്രഹിച്ചു.
നിന്നെ പ്രേമിച്ചപ്പോൾ
ഞാൻ ലക്ഷ്യം വച്ചത്
അന്ത:പുരത്തിന്റെ വാതിലുകൾ തകർക്കാനായിരുന്നു,
പുരുഷന്മാരുടെ പല്ലുകളിൽ നിന്ന്
സ്ത്രീകളുടെ മുലകളെ രക്ഷിക്കാനായിരുന്നു:
അവരുടെ മുലക്കണ്ണുകൾ
ആഹ്ലാദത്തോടെ നൃത്തം വയ്ക്കട്ടെ എന്നതിനായി.
*
“നിന്നെ ഞാൻ പ്രേമിക്കുന്നു”
എന്നു ഞാൻ പറയുമ്പോൾ
എനിക്കറിയാമായിരുന്നു
വായിക്കാനറിയാത്ത ഒരു നഗരത്തിനായി
പുതിയൊരക്ഷരമാല കണ്ടുപിടിക്കുകയാണു ഞാനെന്ന്,
ആളൊഴിഞ്ഞ മുറിയിൽ
കവിത വായിക്കുകയാണു ഞാനെന്ന്,
ലഹരിയുടെ ആനന്ദങ്ങളറിയാത്തവർക്കു മുന്നിൽ
വീഞ്ഞൊഴിച്ചുവയ്ക്കുകയാണു ഞാനെന്ന്.
*
പനിനീർപ്പൂക്കളുടെ നോട്ടുബുക്കിൽ
നിന്റെ പേരെഴുതുമ്പോൾ
എനിക്കറിയാമായിരുന്നു
നിരക്ഷരരും രോഗികളും ഷണ്ഡന്മാരുമായ
എല്ലാ പുരുഷന്മാരും
എനിക്കെതിരു നില്ക്കുമെന്ന്.
അവസാനത്തെ ഖലീഫയെ കൊല്ലാൻ
ഞാൻ തീരുമാനിച്ചപ്പോൾ,
പ്രണയത്തിന്റെ രാഷ്ട്രം സ്ഥാപിക്കാനും
നിന്നെയതിന്റെ റാണിയായി അവരോധിക്കാനും
ഞാൻ തീരുമാനിച്ചപ്പോൾ
എനിക്കറിയാമായിരുന്നു,
ആ വിപ്ലവത്തെ വാഴ്ത്തിപ്പാടാൻ
എന്നോടൊപ്പം കിളികൾ മാത്രമേയുണ്ടാകൂയെന്ന്.


6
നീയെന്തിനു ചരിത്രത്തെ തുടച്ചുമാറ്റുന്നു,
കാലത്തെ പിടിച്ചുനിർത്തുന്നു,
എനിക്കുള്ളിൽ
മറ്റെല്ലാ സ്ത്രീകളേയും
ഒന്നൊന്നായി കൊല്ലുന്നു?
*
മറ്റൊരു സ്ത്രീക്കുമല്ലാതെ
നിനക്കു ഞാനെന്തിനു തരുന്നു,
ഒരു ദുഷ്പ്രഭുവിനു മുന്നിലും കവാടങ്ങൾ തുറക്കാത്ത,
മറ്റൊരു സ്ത്രീക്കു വേണ്ടിയും തുറക്കാത്ത
എന്റെ നഗരങ്ങളുടെ താക്കോലുകൾ?
ഞാനെന്റെ ഭടന്മാരോടെന്തിനാജ്ഞാപിക്കുന്നു,
പൂക്കളും പാട്ടുകളും കൊണ്ടു നിന്നെയെതിരേല്ക്കാൻ,
ആജീവനാന്തമെന്റെ റാണിയായി
ഈണങ്ങളും മണികളും ചാർത്തി നിന്നെയവരോധിക്കാൻ?


7
നിന്റെ പേരുച്ചരിക്കാൻ
കുഞ്ഞുങ്ങളെ ഞാൻ പഠിപ്പിച്ചു,
അവരുടെ ചുണ്ടുകൾ
ചെറിമരങ്ങളായി മാറി.
നിന്റെ മുടി കോതാൻ
കാറ്റിനോടു ഞാൻ പറഞ്ഞു.
കാറ്റു പക്ഷേ, വഴിമാറിപ്പോയി,
ഇത്ര നീണ്ട മുടി കോതാൻ
അതിനു നേരമില്ലത്രെ.


8
ഒരു മുല്ലപ്പൂമാല പോലെ നിർമ്മലമായി,
ഞാവൽപ്പഴത്തൊലി പോലെ മൃദുലമായി,
ഒരു കഠാരമുന പോലെ പ്രബലമായി
എന്റെ ജീവിതത്തിലേക്കു നീ കയറിവന്നു,
എന്റെ നോട്ടുബുക്കുകളുടെ താളുകൾ വിട്ടുപോകൂ,
എന്റെ കിടക്കവിരികൾ വിട്ടുപോകൂ,
എന്റെ കാപ്പിക്കപ്പുകളും
പഞ്ചാരക്കരണ്ടികളും വിട്ടുപോകൂ,
എന്റെ കുപ്പായക്കുടുക്കുകളും
എന്റെ തൂവാലത്തുന്നലുകളും വിട്ടുപോകൂ,
എന്റെ കൊച്ചുകൊച്ചുകാര്യങ്ങൾ വിട്ടുപോകൂ,
എനിക്കു ജോലി തുടരാനാവട്ടെ.


9
നിന്നെ ഞാൻ പ്രേമിക്കുന്നു
പ്രണയമെന്ന കളിയിലെന്നാൽ
ഞാൻ കൂടുന്നുമില്ല.
കുട്ടികൾ കടൽമീനിനെന്നപോലെ
നിന്നോടു ശണ്ഠ കൂടാനും ഞാനില്ല.
നിനക്കൊരു ചുവന്ന മീൻ.
എനിക്കൊരു നീലമീൻ.
നീലമീനെല്ലാം നീയെടുത്തോളൂ,
ചുവന്ന മീനെല്ലാം നീയെടുത്തോളൂ.
എന്നാലെന്നുമെന്റെ കാമുകിയായിരിക്കേണമേ.
കടലും തോണിയും യാത്രക്കാരെയും
നീയെടുത്തോളൂ,
എന്നാലെന്നുമെന്റെ കാമുകിയായിരിക്കേണമേ.
എന്റെ സമ്പാദ്യങ്ങളെല്ലാമെടുത്തോളൂ,
ഈ കവിയ്ക്കു സ്വന്തമെന്നു പറയാൻ
എന്റെ നോട്ടുബുക്കുകളേയുള്ളു,
നിന്റെ മനോഹരനയനങ്ങളേയുള്ളു.


12
എന്റെ കുഞ്ഞുകുഞ്ഞുകാര്യങ്ങളുടെ സാമ്രാജ്യം
നീ വന്നതോടെ അസ്തമിച്ചു.
ഇപ്പോഴെന്റേതുമാത്രമല്ല കാര്യങ്ങൾ,
ഇന്നു പൂക്കളൊരുക്കുന്നതു ഞാനൊറ്റയ്ക്കല്ല,
പുസ്തകം വായിക്കുന്നതൊറ്റയ്ക്കല്ല.
നീ വന്നുകയറിയല്ലോ,
എന്റെ കണ്ണുകൾക്കും എന്റെ കടലാസ്സിനുമിടയിൽ,
എന്റെ നാവിനും എന്റെ ശബ്ദത്തിനുമിടയിൽ,
എന്റെ ശിരസ്സിനും എന്റെ തലയിണയ്ക്കുമിടയിൽ,
എന്റെ വിരലുകൾക്കും എന്റെ സിഗരറ്റിനുമിടയിൽ.
*
എനിക്കു പരാതിയുമില്ല പൊന്നേ,
എന്റെയുള്ളിൽ നീ കുടിയേറിയതിൽ,
എന്റെ കൈകളെ,
എന്റെ കണ്ണിമവെട്ടലിനെ,
എന്റെ ചിന്തയുടെ വേഗതയെ
നീ നിയന്ത്രിക്കുന്നതിൽ:
അത്തിമരങ്ങൾ പരാതിപ്പെടാറില്ലല്ലോ,
ചേക്കയേറിയ കിളികൾ കൂടിപ്പോയെന്ന്,
ചഷകങ്ങൾ പരാതിപ്പെടാറില്ലല്ലോ
ഒഴിച്ച വീഞ്ഞു കൂടിപ്പോയെന്ന്.


13

എന്റെ നെഞ്ചിലെ കാട്ടിലേക്കു
നീ കാലെടുത്തുവച്ച നാളത്രേ,
സ്വാതന്ത്ര്യത്തിലേക്കു നീ കടന്നതും.
എന്നെ വിട്ടു  പോയ നാൾ
നീയടിമയായി,
ഏതോ ഗോത്രത്തലവൻ
നിന്നെ വിലയ്ക്കു വാങ്ങി.
*
നിന്നെ ഞാൻ മരങ്ങളുടെ പേരുകൾ  പഠിപ്പിച്ചു,
രാപ്രാണികളുടെ സംവാദങ്ങൾ പഠിപ്പിച്ചു.
വിദൂരതാരങ്ങളുടെ മേൽവിലാസങ്ങൾ നിനക്കു ഞാൻ തന്നു.
വസന്തത്തിന്റെ വിദ്യാലയത്തിൽ നിന്നെ ഞാൻ ചേർത്തു,
കിളികളുടെ ഭാഷയും പുഴകളുടെ അക്ഷരമാലയും നിന്നെ ഞാൻ പഠിപ്പിച്ചു.
മഴയുടെ നോട്ടുപുസ്തകങ്ങളിൽ,
പുതമഞ്ഞിന്റെ വിരിപ്പുകളിൽ,
പൈന്മരക്കായകളിൽ
നിന്റെ പേരു ഞാനെഴുതിവച്ചു.
മുയലുകളോടും കുറുനരികളോടും സംഭാഷണം ചെയ്യാൻ,
വസന്തത്തിന്റെ കമ്പിളിരോമങ്ങൾ കോതിവയ്ക്കാൻ
നിന്നെ ഞാൻ പഠിപ്പിച്ചു.
കിളികളുടെ പ്രസിദ്ധീകരിക്കാത്ത കത്തുകൾ നിനക്കു ഞാൻ കാട്ടിത്തന്നു.
വസന്തത്തിന്റെയും ഹേമന്തത്തിന്റെയും ഭൂപടങ്ങൾ നിനക്കു ഞാൻ തന്നു,
ഗോതമ്പു കതിരിടുന്നതെങ്ങിനെയെന്ന്,
വെളുത്ത കോഴിക്കുഞ്ഞുങ്ങൾ തല നീട്ടുന്നതെങ്ങിനെയെന്ന്,
മീനുകൾ പരിണയിക്കുന്നതെങ്ങിനെയെന്ന്
നിനക്കു മനസ്സിലാവുന്നതിനായി.
*
നിനക്കു പക്ഷേ സ്വാതന്ത്ര്യത്തിന്റെ കുതിരയെ മടുപ്പായി.
അതിനാൽത്തന്നെ സ്വാതന്ത്ര്യത്തിന്റെ കുതിര
നിന്നെ കുടഞ്ഞുതാഴെയിട്ടതും.
എന്റെ മാറത്തെ കാടുകളും നിനക്കു മടുപ്പായി,
രാപ്രാണികളുടെ സദിരും നിനക്കു മടുത്തു.
നിലാവിന്റെ വിരികളിൽ നഗ്നയായി കിടന്നുറങ്ങുന്നതും
നിനക്കു മടുത്തു.
അതിനാൽ കാടു വിട്ടു നീ പുറത്തുപോയി,
ഏതോ ഗോത്രത്തലവന്റെ ബലാൽക്കാരത്തിനു വിധേയയാവാൻ,
ചെന്നായ്ക്കൾക്കു തീറ്റയാവാൻ.


17
നിന്നോടൊപ്പമിരിക്കുമ്പോൾ
കവിത വരാത്ത വിഷമമാണെനിക്ക്;
നിന്റെ സൗന്ദര്യത്തെക്കുറിച്ചോർക്കുമ്പോൾ
ശ്വാസവേഗം നിലയ്ക്കുകയാണെനിക്ക്.
എന്റെ ഭാഷ പതറുന്നു,
എന്റെ വാക്കുകളെങ്ങോ പോകുന്നു.
ഈ ധർമ്മസങ്കടത്തിൽ നിന്നെന്നെ രക്ഷിക്കൂ.
ഇത്രയും സൗന്ദര്യമരുതേ,
പൊട്ടു തൊടുന്ന,
പരിമളം പൂശുന്ന,
പ്രസവിക്കുന്നൊരു സ്ത്രീയാവൂ.
അന്യസ്ത്രീകളെപ്പോലെയാവൂ,
എനിക്കെഴുത്തു തുടരാനാവട്ടെ.


18
പ്രേമിക്കുന്നതെങ്ങനെയെന്നു പഠിപ്പിക്കാൻ
ഞാൻ നിനക്കു ഗുരുവല്ല.
നീന്തുന്നതെങ്ങനെയെന്നു പഠിക്കാൻ
മീനുകൾക്കൊരു ഗുരു വേണ്ടല്ലോ.
പറക്കുന്നതെങ്ങനെയെന്നു പഠിപ്പിക്കാൻ
കിളികൾക്കുമൊരു ഗുരു വേണ്ടല്ലോ.
നീന്താനും പറക്കാനും നീ തന്നെ പഠിച്ചാലും,
പ്രണയത്തിനു പാഠപുസ്തകങ്ങളെവിടെ?
ചരിത്രത്തിൽ പേരു കേൾപ്പിച്ച കമിതാക്കൾ
നിരക്ഷരരായിരുന്നുവെന്നറിയില്ലേ!


25
ഞാൻ നിനക്കെഴുതിയ കത്തുകളാണ്‌
നാമിരുവരെക്കാൾ പ്രഥമവും പ്രധാനവും.
വിളക്കിനെക്കാൾ പ്രധാനമാണ്‌ വെളിച്ചം,
കവിതയാണതെഴുതിയ നോട്ടുബുക്കിനെക്കാൾ പ്രധാനം,
ചുണ്ടുകളെക്കാൾ പ്രധാനം ചുംബനവും.
ഞാൻ നിനക്കെഴുതിയ കത്തുകളാണ്‌
നാമിരുവരെക്കാൾ പ്രഥമവും പ്രധാനവും.
രേഖകൾ അതുമാത്രമേയുള്ളു,
നിന്റെ സൗന്ദര്യവുമെന്റെയുന്മാദവും
ആളുകൾക്കു കണ്ടുപിടിക്കാൻ.


28
വേനൽക്കാലത്തു കടൽക്കരയിൽ
നിന്നെയോർത്തു കിടക്കുമ്പോൾ
നീയെനിക്കെന്താണെന്ന്
കടലിനോടൊന്നു പറഞ്ഞാലോ?
എങ്കില്‍ കടലതിന്റെ കര വിട്ട്‌,
ചിപ്പിയും മീനും വിട്ട്‌
എന്റെ പിന്നാലെ പോന്നേനെ!


33
ദീർഘമായൊരിടവേളക്കു ശേഷം
നിന്നെ ചുംബിക്കുമ്പോഴൊക്കെയും
എനിക്കു തോന്നുന്നു,
തിടുക്കത്തിലെഴുതിയ ഒരു പ്രണയലേഖനം
ഒരു ചുവന്ന തപാൽപെട്ടിയിൽ
നിക്ഷേപിക്കുകയാണു ഞാനെന്ന്.


35
നിന്റെ നേർക്കെന്റെ പ്രണയം കുതിച്ചുവരുന്നു
സഞ്ചാരിയെക്കുടഞ്ഞുകളഞ്ഞൊരു വെള്ളക്കുതിരയെപ്പോലെ.
പ്രിയപ്പെട്ടവളേ,
കുതിരകളുടെ തൃഷ്ണകളറിയുമായിരുന്നെങ്കിൽ
എന്റെ വായിൽ നീ നിറച്ചേനെ,
ചെറിപ്പഴങ്ങൾ, ബദാം കായകൾ, പിസ്റ്റാഷിയോയും.


37
എനിക്കു ശേഷം നിന്നെ ചുംബിക്കുന്ന
പുരുഷന്മാർ കണ്ടെത്തട്ടെ,
നിന്റെ ചുണ്ടുകൾക്കു മേലെയായി
ഞാൻ നട്ട മുന്തിരിവള്ളി.


39
നാമിരുവർക്കും മേൽ മഴ പെയ്തപ്പോൾ
നമ്മുടെ മേലുടുപ്പുകൾക്കു മേൽ
ഒരായിരം ചെടികൾ പൊടിച്ചു.
നീ പോയതില്പിന്നെ
ഞാനൊരാൾക്കു മേൽ മഴ പെയ്യാൻ തുടങ്ങി;
എന്റെ മേലുടുപ്പിൽ പക്ഷേ,
യാതൊന്നും പൊടിച്ചില്ല.


40
നിന്റെ മാറിടത്തിന്റെ തീരത്തു
ചുരുണ്ടുകൂടി ഞാൻ കിടന്നു,
പിറന്നിട്ടൊരുനാൾ പോലു-
മുറക്കം കിട്ടാത്ത കുഞ്ഞിനെപ്പോലെ.


43
പുതുവസ്ത്രവുമണിഞ്ഞ്
നീയെന്നെക്കാണാൻ വരുമ്പോൾ
ഒരു തോട്ടക്കാരനു തോന്നുന്നതെനിക്കു തോന്നുന്നു:
തന്റെ തോട്ടത്തിൽ ഒരു മരം പൂവിട്ടപോലെ.


47
നീ യാത്ര പോകുമ്പോഴൊക്കെയും
നിന്റെ വാസനത്തൈലമെന്നോടു
നിന്നെക്കുറിച്ചു ചോദിക്കും,
അമ്മയെപ്പോൾ മടങ്ങിവരുമെന്നു
ചോദിക്കുന്ന കുഞ്ഞിനെപ്പോലെ.
കണ്ടില്ലേ,
വാസനത്തൈലങ്ങൾക്കു പോലുമറിയാം
നാടുകടത്തലിനെയും പ്രവാസത്തിനെയും പറ്റി.


48
നീയെന്നെങ്കിലുമോർത്തുനോക്കിയിട്ടുണ്ടോ,
നാമെവിടെയ്ക്കാണു പോകുന്നതെന്ന്.
തോണികൾക്കറിയാം,
എവിടെയ്ക്കാണവ തുഴയുന്നതെന്ന്,
മീനുകൾക്കറിയാം,
എവിടെയ്ക്കാണവ നീന്തുന്നതെന്ന്,
കിളികൾക്കറിയാം
എവിടെയ്ക്കാണവ പറക്കുന്നതെന്ന്.
നാം വെള്ളത്തിൽക്കിടന്നുരുളുന്നതേയുള്ളു,
മുങ്ങുന്നില്ല;
നാം യാത്രാവസ്ത്രങ്ങളണിയുന്നതേയുള്ളു,
യാത്ര ചെയ്യുന്നില്ല;
നാം കത്തുകളെഴുന്നതേയുള്ളു,
അയക്കുന്നില്ല.
പുറപ്പെടാൻ നിൽക്കുന്ന വിമാനങ്ങൾക്കെല്ലാം
നാം ടിക്കറ്റു വാങ്ങുന്നുണ്ട്,
വിമാനത്താവളത്തിൽ നിന്നു നാമനങ്ങുന്നില്ല.
ഇത്രയും ഭീരുക്കളായ യാത്രക്കാർ
ഇതിനു മുമ്പുണ്ടായിട്ടില്ല,
എന്നെയും നിന്നെയും പോലെ.


49
ഞാൻ നിന്നെക്കണ്ട നാൾ
എന്റെ ഭൂപടങ്ങളും എന്റെ പ്രവചനങ്ങളും
ഞാൻ കീറിക്കളഞ്ഞു,
ഞാനൊരറബിക്കുതിര പോലായി.
നിന്റെ മഴയുടെ ചൂരു ഞാൻ മണക്കുന്നു,
അതെന്നെ നനയ്ക്കും മുമ്പേ;
നിന്റെ ശബ്ദത്തിന്റെ താളം ഞാൻ കേൾക്കുന്നു,
നീ സംസാരിക്കും മുമ്പേ;
നിന്റെ മുടിപ്പിന്നൽ ഞാനഴിച്ചിടുന്നു,
നീയതു മെടയും മുമ്പേ.


50
ഞാനെഴുതിയ പുസ്തകങ്ങളെല്ലാമടച്ചുവയ്ക്കൂ,
എന്റെ മുഖത്തെഴുതിയ വരികൾ വായിക്കൂ.
നിന്നെ നോക്കി ഞാൻ നില്ക്കുന്നു,
ക്രിസ്തുമസ് മരത്തിനു മുന്നിൽ
ഒരു കുട്ടിയുടെ ആശ്ചര്യത്തോടെ.


51
എനിക്കു നിന്നോടുള്ള പ്രണയത്തെക്കുറി-
ച്ചിന്നലെ ഞാനോർത്തു.
നിന്റെ ചുണ്ടിലെ തേൻതുള്ളിക-
ളെനിക്കോർമ്മ വന്നു,
ഓർമ്മയുടെ ചുമരുകളിൽ നിന്നു ഞാൻ
പഞ്ചാരത്തരികൾ നക്കിയെടുത്തു.


52
എന്റെ മൗനത്തെയൊന്നു മതിക്കരുതോ?
മൗനമാണെന്റെ
ഏറ്റവും മൂർച്ചയുള്ള ആയുധം.
ഞാൻ മൗനത്തിലാകുമ്പോൾ
എന്റെ വാക്കുകൾ നീയറിയുന്നില്ലേ?
ഞാനൊന്നും മിണ്ടാതിരിക്കുമ്പോൾ
ഞാൻ പറഞ്ഞതിന്റെ സൗന്ദര്യം നീയറിയുന്നില്ലേ?


57
എന്റെ പാർശ്വത്തിൽ നിന്നീ കഠാര വലിച്ചൂരൂ.
ഞാനൊന്നു ജീവിച്ചോട്ടെ.
എന്റെ ചർമ്മത്തിൽ നിന്നു നിന്റെ പരിമളം പിൻവലിയ്ക്കൂ.
ഞാനൊന്നു ജീവിച്ചോട്ടെ.
എനിക്കൊരവസരം തരൂ,
മറ്റൊരു സ്ത്രീയെ കണ്ടുമുട്ടാൻ,
എന്റെ ഡയറിയിൽ നിന്നു നിന്റെ പേരു വെട്ടിക്കളയാൻ,
എന്റെ കഴുത്തിൽ ചുറ്റിപ്പടർന്ന
നിന്റെ മുടിയിഴകളറുത്തുമാറ്റാൻ.
എനിക്കു കണ്ടെത്താനൊരവസരം തരൂ,
നീയും ഞാനുമൊരുമിച്ചു നടക്കാത്ത പാതകൾ,
നാമൊരുമിച്ചിരിക്കാത്ത കസേരകൾ,
നിന്റെയൊരോർമ്മയുമില്ലാത്ത ഇടങ്ങൾ.
എനിക്കൊരവസരം തരൂ,
നിനക്കു വേണ്ടി ഞാൻ ത്യജിച്ച,
നിനക്കു വേണ്ടി ഞാൻ കൊല ചെയ്ത സ്ത്രീയെ
തിരഞ്ഞുപിടിയ്ക്കാൻ,
എനിക്കു ജീവിതം വീണ്ടെടുക്കാൻ.


59
ഒറ്റയ്ക്കാണെന്റെ യാത്രയെന്നു കരുതിയ
ഞാനെന്തൊരു വിഡ്ഢി!
ഞാൻ ചെന്നിറങ്ങിയ ഓരോ വിമാനത്താവളത്തിലും
എന്റെ ബ്രീഫ്കേസിൽ കസ്റ്റംസുകാർ കണ്ടെത്തി,
നിന്നെ!


69
അന്നു രാത്രിയിലെന്നോടൊപ്പം നീ നൃത്തം വച്ചപ്പോൾ
വിചിത്രമായതെന്തോ സംഭവിച്ചു.
ഒരു ദീപ്തതാരമാകാശം വിട്ടിറങ്ങിയെന്നും
എന്റെ മാറത്തതഭയം തേടിയെന്നുമെനിക്കു തോന്നി.
എന്റെയുടയാടകൾക്കടിയിൽ
ഒരു കാടങ്ങനെതന്നെ വളരുന്നതായെനിക്കു തോന്നി.
ഒരു മൂന്നുവയസ്സുകാരിക്കുട്ടി
എന്റെ കുപ്പായത്തുണിയിൽ
അവളുടെ വീട്ടുപാഠം ചെയ്തെന്നെനിക്കു തോന്നി.
*
നൃത്തം ചെയ്തെനിക്കു ശീലമില്ല.
അന്നു രാത്രിയിൽ പക്ഷേ,
ഞാൻ നൃത്തം വയ്ക്കുകയായിരുന്നില്ല,
നൃത്തം തന്നെയായിരുന്നു ഞാൻ.


71
മറ്റൊരു പുരുഷനെ നീ കണ്ടെത്തിയെന്നിരിക്കട്ടെ,
നിന്റെ അംഗോപാംഗങ്ങളെ
കവിതയാക്കി മാറ്റുന്നവൻ,
നിന്റെ മുടിയിഴയോരോന്നിനെയും
കവിതയുടെ ഈരടികളാക്കുന്നവൻ,
മറ്റൊരു പുരുഷനെ നീ കണ്ടെത്തിയെന്നിരിക്കട്ടെ,
കവിതയിൽ നിന്നെ നീരാടിക്കാൻ,
കവിത കൊണ്ടു നിന്നെയണിയിക്കാൻ,
അതിനെന്നെപ്പോലെ കെൽപ്പുറ്റവൻ,
എങ്കിൽ ഞാനപേക്ഷിക്കുന്നു,
അയാളോടൊപ്പം പോവുക,
വിസമ്മതമൊന്നും കൂടാതെ.
നീ എനിക്കോ അയാൾക്കോ എന്നതല്ല,
നീ കവിതയ്ക്കുള്ളതെന്നതത്രേ പ്രധാനം.


86
നീ കാപ്പി കുടിയ്ക്കൂ,
ഞാൻ പറയുന്നതു മിണ്ടാതെ കേൾക്കൂ.
ഇനി നാമൊരുമിച്ചു കാപ്പി കുടിച്ചില്ലെന്നു വരാം,
ഇനി സംസാരിക്കാനെനിയ്ക്കവസരം കിട്ടിയില്ലെന്നു വരാം.
*
നിന്നെക്കുറിച്ചു ഞാൻ സംസാരിക്കില്ല,
എന്നെക്കുറിച്ചു ഞാൻ സംസാരിക്കില്ല,
പ്രണയത്തിന്റെ മാര്‍ജിനിലെ രണ്ടു പൂജ്യങ്ങളാണു നാം,
പെൻസിലു കൊണ്ടു വരച്ച രണ്ടു വരകൾ.
ഞാൻ സംസാരിക്കാം,
എന്നെക്കാളും നിന്നെക്കാളും
സുതാര്യമായതൊന്നിനെക്കുറിച്ച്,
പ്രണയത്തെക്കുറിച്ച്,
തൂത്തുകളയാൻ മാത്രമായി
നമ്മുടെ ചുമലിൽ വന്നിരിക്കുന്ന
ഈ വിസ്മയപ്പൂമ്പാറ്റയെക്കുറിച്ച്,
ചവിട്ടു കൊണ്ടരയാൻ മാത്രമായി
കടലിന്റെ കയങ്ങളിൽ നിന്നുയർന്നുവന്ന
ഈ സ്വർണ്ണമത്സ്യത്തെക്കുറിച്ച്,
തട്ടിയകറ്റാൻ മാത്രമായി
നമുക്കു നേർക്കു കൈനീട്ടുന്ന
ഈ നീലനക്ഷത്രത്തെക്കുറിച്ച്.
*
നീ സഞ്ചിയുമെടുത്തു പുറപ്പെട്ടാൽ
അതല്ല പ്രധാനം,
കോപം വന്നാൽ സഞ്ചിയുമെടുത്തു പുറപ്പെടുകയാണ്‌
എല്ലാ സ്ത്രീകളും ചെയ്യുക.
കസേരയുടെ മെത്തയിൽ
ഞാൻ സിഗരറ്റു കുത്തിക്കെടുത്തിയാൽ
അതും പ്രധാനമല്ല,
കോപം വന്നാൽ എല്ലാപുരുഷന്മാരും
അതാണു ചെയ്യുക.
അത്രയും സരളമല്ല സംഗതി.
കാര്യങ്ങൾ നമ്മുടെ കൈവിട്ടുപോയിരിക്കുന്നു.
പ്രണയത്തിന്റെ മാര്‍ജിനിലെ രണ്ടു പൂജ്യങ്ങളാണു നാം.
പെൻസിലു കൊണ്ടു വരച്ച രണ്ടു വരകൾ.
ഇതാണു പ്രധാനം:
കടൽ നമുക്കെറിഞ്ഞുതന്ന സ്വർണ്ണമത്സ്യം
നമ്മുടെ കൈവിരലുകൾക്കിടയിൽക്കിടന്നു
ചതഞ്ഞുപോയിരിക്കുന്നു.


87
ശഹരിയാരെപ്പോലെയാണു ഞാനെന്നവരെന്നെപ്പഴിക്കുന്നു,
എന്റെ ചങ്ങാതിമാർ,
എന്റെ വിരോധികളും;
സ്ത്രീകളെ കൂട്ടിവയ്ക്കുകയാണത്രേ ഞാൻ,
തപാൽമുദ്രകള്‍ പോലെ,
തീപ്പെട്ടിപ്പടങ്ങള്‍ പോലെ,
എന്റെ മുറിയുടെ ചുമരുകളിൽ
ഒട്ടിച്ചുവയ്ക്കുകയാണത്രെ ഞാനവരെ.
അവരെന്നെപ്പഴിക്കുന്നു,
ആത്മരതിക്കാരനാണു ഞാനെന്ന്,
പീഡിപ്പിച്ചുരസിക്കുന്നവനാണു ഞാനെന്ന്,
മാതൃകാമിയാണു ഞാനെന്ന്,
മനക്കലക്കം പറ്റിയവനാണു ഞാനെന്ന്;
സംസ്കാരസമ്പന്നരാണു തങ്ങളെന്ന്,
വഴി വിട്ടവനാണു ഞാനെന്നും
അവർക്കു തെളിയിക്കണം.
*
ആർക്കുമെന്റെ പ്രിയേ,
ആർക്കും കേൾക്കേണ്ട എന്റെ സത്യവാങ്മൂലം.
മുൻവിധിക്കാരാണു ന്യായാധിപന്മാർ,
സാക്ഷികൾ പണം പറ്റിയവരും.
എനിക്കു പറയാനുള്ളതു കേൾക്കാതെതന്നെ
എന്നെ അപരാധിയെന്നവർ വിധിക്കുന്നു.
ആർക്കുമെന്റെ പ്രിയേ,
ആർക്കും മനസ്സിലാവില്ല,
ഞാൻ കഴിച്ചുകൂട്ടിയ ബാല്യം.
ഞാൻ പിറന്ന നഗരം
കുട്ടികളെ സ്നേഹിക്കാത്തതായിരുന്നു,
നിഷ്കളങ്കതയെ മാനിക്കാത്തതായിരുന്നു,
ചരിത്രത്തിലൊരിക്കൽപ്പോലും
ഒരു പനിനീർപ്പൂവോ,
ഒരു കവിതാപുസ്തകമോ വാങ്ങാത്തതായിരുന്നു.
ഞാൻ വളർന്ന നഗരത്തിന്റെ കൈകള്‍
തഴമ്പു വീണു പരുക്കനായിരുന്നു,
അതിന്റെ ഹൃദയവും വികാരങ്ങളും
ആണികളും കുപ്പിച്ചില്ലുകളും വിഴുങ്ങി കല്ലിച്ചതായിരുന്നു.
മഞ്ഞുകട്ട കൊണ്ടു ചുമരു പടുത്തതും
കുഞ്ഞുങ്ങൾ തണുത്തുമരിക്കുന്നതുമാണെന്റെ നഗരം.
*
ആരോടും ഞാൻ മാപ്പു ചോദിക്കുന്നില്ല.
കൊലക്കയറിൽ നിന്നു തലയൂരാൻ
വക്കീലിനെ വയ്ക്കാനും എനിക്കുദ്ദേശമില്ല.
ഒരായിരം തവണ ഞാൻ കൊലമരമേറിയിരിക്കുന്നു;
കുരുക്കു വീണെന്റെ കഴുത്തിനു പഴക്കമായിരിക്കുന്നു,
ആംബുലൻസുകളിൽ സഞ്ചരിച്ചെന്റെയുടലിനും പരിചയമായിരിക്കുന്നു.
*
മാപ്പിരക്കുകയല്ല എന്റെ ഉദ്ദേശം.
എന്നെ വെറുതെവിട്ടുകൊണ്ടുള്ള വിധിയുമെനിക്കു വേണ്ട.
എന്നാലെന്റെ പ്രിയേ,
ഒരു പൊതുവിസ്താരവേളയിൽ,
ഒന്നിലധികം സ്ത്രീകളെ വെച്ചുകൊണ്ടിരുന്നുവെന്ന്,
സുഗന്ധലേപനങ്ങളും മോതിരങ്ങളും ചീർപ്പുകളും
യുദ്ധകാലത്തു ഞാൻ പൂഴ്ത്തിവച്ചുവെന്നെന്നെ വിചാരണ ചെയ്യുന്നവർ,
അവർക്കു മുന്നിൽ വച്ചെനിക്കു നിന്നോടു മാത്രമായി പറയണം:
നിന്നെ മാത്രമേ ഞാൻ സ്നേഹിക്കുന്നുള്ളുവെന്ന്,
നിന്നോടു പറ്റിച്ചേർന്നിരിക്കുകയാണു ഞാനെന്ന്,
മാതളത്തിലതിന്റെ തൊലി പോലെ,
കണ്ണിൽ കണ്ണീർത്തുള്ളി പോലെ,
മുറിവിൽ കഠാര പോലെ.
*
ഇപ്പോഴെങ്കിലുമെനിക്കു പറയണം,
ശഹരിയാരുടെ ശിഷ്യനല്ല ഞാനെന്ന്.
ഘാതകനല്ല ഞാനെന്ന്,
ഗന്ധകാമ്ളത്തിലിട്ടുരുക്കിയിട്ടില്ല സ്ത്രീകളെ ഞാനെന്ന്.
അതല്ല, ഞാനൊരു കവിയത്രെ,
വലിയൊരൊച്ചയിലെഴുതുന്നവൻ,
വലിയൊരൊച്ചയിൽ പ്രണയിക്കുന്നവൻ.
കണ്ണുകൾ പച്ചയായൊരു ബാലനാണു ഞാൻ,
ബാല്യത്തെ മാനിക്കാത്തൊരു നഗരത്തിന്റെ
കവാടത്തിൽ കവിളമർത്തി നില്ക്കുന്നവൻ.

ശഹരിയാർ - അറബിക്കഥകളിൽ ശഹരെസാദെ കഥ പറഞ്ഞുകൊടുത്ത രാജാവ്.

100
ഇതാണെന്റെയവസാനത്തെക്കത്ത്,
ഇനിമേലൊന്നും പ്രതീക്ഷിക്കുകയുമരുത്.
ഇതു നിന്റെ മേൽ പെയ്യുന്ന
അവസാനത്തെ ധൂസരമേഘം,
ഇനി മേൽ മഴയെന്തെന്നു
നീയറിയുകയുമില്ല.
ഇതെന്റെ പാനപാത്രത്തിലെ
അവസാനത്തെത്തുള്ളി,
ഇനി മേലില്ലൊരു മദ്യലഹരിയും.
*
ഇതെന്റെയുന്മാദത്തിന്റെ അവസാനത്തെക്കത്ത്,
എന്റെ ബാല്യത്തിന്റെ അവസാനത്തെക്കത്ത്.
ഇനിമേൽ നീയറിയില്ല,
യൗവനത്തിന്റെ നൈർമ്മല്യം,
ഉന്മാദത്തിന്റെ സൗന്ദര്യവും.
കീശയിലൊളിപ്പിച്ച കിളികളും കവിതകളുമായി
സ്കൂൾ വിട്ടോടിവരുന്നൊരു കുട്ടിയെപ്പോലെ
നിന്നെ ഞാൻ പ്രേമിച്ചു.
നിനക്കു മുന്നില്‍ ഞാനൊരു ശിശുവായിരുന്നു,
മതിഭ്രമങ്ങള്‍,
വിഹ്വലതകള്‍,
വൈരുദ്ധ്യങ്ങള്‍ ബാധിച്ചവന്‍.
കവിതയും തന്റേടം കെട്ട എഴുത്തും
സ്വന്തമായവന്‍.
നീയോ,
കിഴക്കൻ ചിട്ടക്കാരിയൊരു സ്ത്രീയായിരുന്നു നീ,
കാപ്പിക്കപ്പുകളുടെ രേഖകളില്‍
തന്റെ ജാതകം വായിച്ചുനോക്കുന്നവൾ.
*
എത്ര ഭാഗ്യഹീനയാണു നീ സ്ത്രീയേ.
ഇനി മേൽ നീയുണ്ടാവില്ല,
എന്റെ നോട്ടുപുസ്തകത്താളുകളിൽ,
നീലിച്ച കത്തുകളിൽ,
മെഴുകുതിരികളുടെ നിലവിളികളിൽ,
തപാൽക്കാരന്റെ സഞ്ചിയിൽ.
നീയുണ്ടാവില്ല,
കുട്ടികളുടെ മിഠായികൾക്കുള്ളിൽ,
ചായം തേച്ച പട്ടങ്ങളിൽ.
നീയുണ്ടാവില്ല,
കത്തുകളുടെ നോവുകളിൽ,
കവിതകളുടെ നോവുകളിൽ.
എന്റെ ബാല്യത്തിന്റെ പൂന്തോപ്പുകളിൽ നിന്നും
നീ സ്വയം ഭ്രഷ്ടയായിപ്പോയി.
ഇനിമേൽ നീ കവിതയുമല്ല.


അഭിപ്രായങ്ങളൊന്നുമില്ല: