ലബ്‌ലിന് അധികം അകലെയല്ലാതുള്ള ലാഷ്നിക്ക് എന്ന പട്ടണത്തിൽ ഒരാൾ തന്റെ ഭാര്യയോടൊപ്പം താമസിച്ചിരുന്നു. അയാളുടെ പേര് ചെയിം നോസ്സെൻ എന്നായിരുന്നു, ഭാര്യയുടേത് റ്റെയ്ബെലി എന്നും. അവർക്കു കുട്ടികൾ ഇല്ലായിരുന്നു. അവരുടെ ബന്ധം വന്ധ്യമായിരുന്നു എന്നല്ല; റ്റെയ്ബെലി ഒരാൺകുട്ടിയേയും രണ്ടു പെൺകുട്ടികളേയും പ്രസവിച്ചുവെങ്കിലും മൂന്നും ചെറുപ്രായത്തിൽ തന്നെ മരിച്ചുപോവുകയായിരുന്നു- ഒന്നിന് വില്ലൻചുമയായിരുന്നു, മറ്റേതിന് അഞ്ചാം പനിയും മൂന്നാമത്തേതിന് ഡിഫ്ത്തീരിയയും. അതില്പിന്നെ റ്റെയ്ബെലിയുടെ ഉദരം അടഞ്ഞു; യാതൊന്നു കൊണ്ടും കാര്യമുണ്ടായില്ല- പ്രാർത്ഥനകളും മരുന്നും മന്ത്രവുമൊന്നും ഫലം കണ്ടില്ല. ദുഃഖം മുഴുത്ത ചെയിം നോസ്സെൻ ലോകത്തിൽ നിന്നേ പിൻവലിഞ്ഞു. അയാൾ ഭാര്യയുടെയടുത്തു പോകാതായി, മാംസം കഴിക്കുന്നത് നിർത്തി, ഉറക്കം പ്രാർത്ഥനാലയത്തിലെ ബഞ്ചിന്മേലുമാക്കി. റ്റെയ്ബെലിയ്ക്ക് ഒരു പീടികയുണ്ടായിരുന്നു; മുമ്പ് അവളുടെ അച്ഛനമ്മമാർ നടത്തിയിരുന്നത്. പകൽ മുഴുവൻ അവൾ കടയിലായിരിക്കും, ഒരു മുഴക്കോൽ വലത്തും കത്രിക ഇടത്തും നിവർത്തിവച്ച യിദ്ദിഷ് പ്രാർത്ഥനാപുസ്തകം മുന്നിലുമായി. തിളക്കം കെട്ട കണ്ണുകളും കുറ്റി പോലത്തെ താടിയുമുള്ള, നീണ്ടുമെലിഞ്ഞ ചെയിം നോസെൻ പണ്ടേ ഒരു ദുർമ്മുഖക്കാരനായിരുന്നു; നല്ല കാലത്തു പോലും അയാളൊന്നു മിണ്ടിക്കണ്ടിട്ടില്ല. ഉയരം കുറഞ്ഞ്, വെളുത്ത റ്റെയ്ബെലിയാവട്ടെ, നീലിച്ച കണ്ണുകളും വട്ടമുഖവുമുള്ള ഒരു സുന്ദരിയായിരുന്നു. സർവ്വശക്തന്റെ ശിക്ഷ ഏറ്റുവാങ്ങിയെങ്കിലും അവൾക്കു ചിരിക്കാൻ വലിയ കാരണമൊന്നും വേണ്ടായിരുന്നു; ആ സമയത്ത് അവളുടെ കവിളിൽ നുണക്കുഴികൾ ഓടിക്കളിക്കുന്നതു കാണാൻ രസമായിരുന്നു. ഇനി വേറേയാർക്കും വേണ്ടി ഒന്നും വെച്ചുണ്ടാക്കേണ്ട ആവശ്യമില്ലെങ്കിലും എന്നും അവൾ അടുപ്പിൽ തീ പൂട്ടി കുറച്ച് കഞ്ഞിയോ സൂപ്പോ ഉണ്ടാക്കും. അവൾ തുന്നലും മുടക്കിയില്ല- ഒരു ജോഡി സ്റ്റോക്കിംഗ്സ്, അതു കഴിഞ്ഞാൽ ഒരു അടിയുടുപ്പ്, അങ്ങനെയെന്തെങ്കിലും; അതുമല്ലെങ്കിൽ ഒരു കാൻവാസെടുത്ത് അതിൽ ചിത്രത്തുന്നൽ ചെയ്യും. വിധിയെ പഴിച്ചുകൊണ്ടിരിക്കുന്നതും ദുഃഖത്തിൽ അള്ളിപ്പിടിച്ചു കൊണ്ടിരിക്കുന്നതും അവളുടെ പ്രകൃതത്തിലുള്ളതല്ല.
ഒരു ദിവസം ചെയിം നോസെൻ തന്റെ പ്രാർത്ഥനാവസ്ത്രവും പുണ്യഗ്രന്ഥം വച്ചിരിക്കുന്ന തോല്പെട്ടിയും ഒരു ജോഡി ഉടുപ്പും കുറച്ചു റൊട്ടിയുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. എവിടെ പോകുന്നുവെന്നു ചോദിച്ചവരോടെല്ലം അയാൾ പറഞ്ഞു: “എന്റെ കണ്ണു കൊണ്ടുപോകുന്നിടത്തേക്ക്.”
ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയെന്ന് ആളുകൾ റ്റെയ്ബെലിയോടു ചെന്നു പറയുമ്പോഴേക്കും വൈകിപ്പോയിരുന്നു. അപ്പോഴേക്കും അയാൾ പുഴ കടന്നുകഴിഞ്ഞു. അയാൾ ലബ്‌ലിനിലേക്കു പോകാൻ ഒരു വണ്ടി പിടിച്ചതായി പിന്നീടു വിവരം കിട്ടി. അയാളെ കണ്ടുപിടിച്ചു കൊണ്ടുവരാൻ അവൾ ഒരാളെ അയച്ചു; അയാളെക്കുറിച്ചാവട്ടെ, അവളുടെ ഭർത്താവിനെക്കുറിച്ചാകട്ടെ, പിന്നീട് ഒരു വിവരവും ഉണ്ടായില്ല. അങ്ങനെ മുപ്പത്തൊമ്പതാമത്തെ വയസ്സിൽ താൻ ഭർത്താവുപേക്ഷിച്ച സ്ത്രീ ആയതായി റ്റെയ്ബെലി മനസ്സിലാക്കി.
ഇനിയും പ്രതീക്ഷയും വച്ചിരുന്നിട്ട് കാര്യമില്ലെന്ന് കുറച്ചു നാളത്തെ തിരച്ചിലിനു ശേഷം അവൾക്കു ബോദ്ധ്യമായി. ദൈവം തന്റെ കുട്ടികളേയും തന്റെ ഭർത്താവിനേയും തന്നിൽ നിന്നെടുത്തിരിക്കുന്നു. ഇനിയൊരു വിവാഹം തനിയ്ക്കു പറഞ്ഞിട്ടില്ല; താൻ ഇനിയുള്ള കാലം ഒറ്റയ്ക്കു തന്നെ ജീവിക്കണം. അവൾക്കാകെ ശേഷിച്ചത് താമസിക്കുന്ന വീടും ആ കടയും പിന്നെ അവളുടെ സ്വന്തമായ ചില സാധനങ്ങളും മാത്രമാണ്. നാട്ടുകാർക്ക് അവളോടു സഹതാപം തോന്നി; കാരണം അവൾ ബഹളമൊന്നുമില്ലാത്ത, മനസ്സലിവുള്ള ഒരുവളായിരുന്നല്ലോ; കച്ചവടത്തിൽ കപടവുമില്ല. എല്ലാവരും ചോദിക്കുകയായിരുന്നു: ഈ ഭാഗ്യക്കേടൊക്കെ അവൾക്കു തന്നെ വന്നുപെടണമായിരുന്നോ? എന്നാൽ മനുഷ്യൻ കാണുന്നതല്ലല്ലോ ദൈവം കാണുക.
നാട്ടിലെ പ്രായമായ സ്ത്രീകളിൽ പലരും കുട്ടിക്കാലം തൊട്ടേ റ്റെയ്ബെലിയുടെ പരിചയക്കാരായിരുന്നു. വീട്ടമ്മമാർക്ക് പകൽ മുഴുവൻ അടുക്കളയിൽ പിടിപ്പതു പണിയുണ്ടാവും; എന്നാൽ വൈകുന്നേരമാവുന്നതോടെ റ്റെയ്ബെലിയുടെ കൂട്ടുകാരികൾ ഓരോരുത്തരായി വന്നുകൂടുകയായി. വേനല്ക്കാലത്ത് അവർ വീട്ടിനു പുറത്ത് ഒരു ബഞ്ചുമെടുത്തിട്ട് നാട്ടുവർത്തമാനങ്ങളും പരദൂഷണവും പറഞ്ഞിരിക്കും.
നിലാവില്ലാത്ത ഒരു വേനല്ക്കാലരാത്രി; ഈജിപ്ത് പോലെ നാടിരുണ്ടു കിടക്കുന്നു. റ്റെയ്ബെലി ബഞ്ചിലിരുന്ന് അന്നു വാങ്ങിയ ഒരു പുസ്തകത്തിൽ താൻ വായിച്ച ഒരു കഥയെക്കുറിച്ച് കൂട്ടുകാരികളോടു പറയുകയാണ്. ഒരു ജൂതയുവതിയും അവളെ വശീകരിച്ച് ഭാര്യയാക്കിയ ഒരു പിശാചുമാണ് കഥാപാത്രങ്ങൾ. റ്റെയ്ബെലി പൊടിപ്പും തൊങ്ങലും വച്ച് കഥ വിസ്തരിച്ചു.
ഒരാൾ സംശയിച്ചു: “ഒരേലസ്സു കെട്ടി അവൾക്കവനെ ഒഴിച്ചുകളഞ്ഞുകൂടായിരുന്നോ?”
“ഏലസ്സിനെ പേടിക്കാത്ത പിശാചുക്കളുമില്ലേ?” റ്റെയ്ബെലി ചോദിച്ചു.
“അവൾക്കൊരു റബ്ബിയെ കാണാൻ പോകാമായിരുന്നല്ലോ?”
“സംഗതി പുറത്തു പറഞ്ഞാൽ താൻ അവളെ കഴുത്തു ഞെക്കിക്കൊല്ലുമെന്ന് പിശാച് അവളെ ഭീഷണിപ്പെടുത്തിയിരുന്നു.”
“കഷ്ടമേ; ദൈവം തന്നെ നമ്മളെ രക്ഷിക്കട്ടെ; ഇതൊന്നും ആർക്കും വരുത്താതിരിക്കണേ!” ഒരു സ്ത്രീ ഉറക്കെപ്പറഞ്ഞു.
“എനിക്കിപ്പോൾ വീട്ടിൽ പോകാൻ പേടിയാവുന്നു,” ഒരാൾ പറഞ്ഞു.
“ഞാൻ കൊണ്ടുപോയാക്കാം,” വേറൊരാൾ സഹായിക്കാമെന്നേറ്റു.
അവർ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അൽക്കൊനോൺ അതു വഴി കടന്നുപോകാനിടയായി; അദ്ധ്യാപകന്റെ സഹായിയായി ജോലി ചെയ്തിരുന്ന അയാൾ വിവാഹച്ചടങ്ങുകളിൽ അതിഥികളെ രസിപ്പിക്കുന്ന വിദൂഷകന്റെ ജോലി തനിക്കു കിട്ടുന്ന ദിവസവും സ്വപ്നം കണ്ടു നടക്കുകയാണ്. അയാളുടെ ഭാര്യ മരിച്ചിട്ട് അഞ്ചു കൊല്ലമായിരിക്കുന്നു; തമാശക്കാരനെന്നും വികടത്തരങ്ങൾ കാണിക്കുന്നവനുമെന്ന ഖ്യാതിയും അയാൾക്കുണ്ടായിരുന്നു: ഒരു പിരി ഇളകിയ ഒരാൾ. ചെരുപ്പ് തേഞ്ഞുതേഞ്ഞ് കാൽവെള്ളയിലാണു നടപ്പെന്നതിനാൽ അയാളുടെ ചുവടുവയ്പുകൾ നിശ്ശബ്ദമായിരുന്നു. റ്റെയ്ബെലി കഥ പറയുന്നതു കേട്ടപ്പോൾ അയാൾ അവിടെ നിന്നു ശ്രദ്ധിച്ചു. നല്ല കുറ്റാക്കുറ്റിരുട്ടായിരുന്നു, പെണ്ണുങ്ങൾ ആ വിചിത്രകഥയിൽ അത്രയ്ക്കാമഗ്നരുമാണ്- അയാൾ കഥ കേട്ടുനില്ക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടതേയില്ല. തെമ്മാടിയായ ഈ അൽക്കൊനോണിനറിയാത്ത കുരുട്ടുവിദ്യകളില്ല. അയാൾ അപ്പോൾത്തന്നെ ഒരു പ്ളാൻ മനസ്സിൽ കണ്ടു.
മറ്റു സ്ത്രീകൾ പൊയ്ക്കഴിഞ്ഞപ്പോൾ അൽക്കൊനോൺ റ്റെയ്ബെലിയുടെ വീട്ടുമുറ്റത്തേക്ക് പതുങ്ങിക്കടന്നു ചെന്നു. ഒരു മരത്തിനു പിന്നിൽ പതുങ്ങി നിന്നുകൊണ്ട് അയാൾ ജനാലയിലൂടെ നോക്കി. റ്റെയ്ബെലി കട്ടിലിൽ ചെന്നു കിടക്കുന്നതും വിളക്കു കെടുത്തുന്നതും കണ്ടപ്പോൾ അയാൾ പതുക്കെ വീട്ടിനുള്ളിലേക്കു കടന്നു. റ്റെയ്ബെലി കതകിന്റെ കുറ്റി ഇട്ടിരുന്നില്ല; ആ നാട്ടിൽ കള്ളന്മാരെക്കുറിച്ച് ആരും കേട്ടിട്ടു തന്നെയില്ലല്ലോ. ഇടനാഴിയിൽ വച്ച് അയാൾ തന്റെ മുഷിഞ്ഞ മേൽക്കുപ്പായവും ഇഴ പിഞ്ഞിയ ഉടുപ്പും ട്രൗസറും ഊരിമാറ്റിയിട്ട് പിറന്നപടി നിന്നു. എന്നിട്ടയാൾ റ്റെയ്ബെലിയുടെ കട്ടിലിനടുത്തേക്ക് പമ്മിപ്പമ്മി നടന്നുചെന്നു. ഉറക്കത്തിലേക്കു പതിയെ വീഴുമ്പോഴാണ് ഇരുട്ടത്തൊരു രൂപം നില്ക്കുന്നത് പെട്ടെന്നവൾ കണ്ടത്. ഒന്നും മിണ്ടാൻ പറ്റാത്തപോലെ അവൾ പേടിച്ചരണ്ടുപോയി.
“ആരാത്?” ഉടൽ വിറച്ചുകൊണ്ട് അവൾ പതുക്കെ ചോദിച്ചു.
അൽക്കൊനോൺ ഒരു ഗുഹയിൽ നിന്നു വരുന്ന പോലത്തെ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു: “കിടന്നു നിലവിളിക്കരുത്, റ്റെയ്ബെലി. വായ തുറന്നാൽ നിന്റെ കഥ കഴിഞ്ഞു. ഹുർമിസ എന്ന പിശാചാണ് ഞാൻ; ഇരുട്ടിനും മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും ഇടിമിന്നലിനും കാട്ടുമൃഗങ്ങൾക്കും നാഥൻ. നീ ഇന്നു പറഞ്ഞ കഥയിലെ സ്ത്രീയെ ഭാര്യയാക്കിയ ദുഷ്ടപ്പിശാച് ഞാൻ തന്നെയാണ്. അത്ര രസം പിടിച്ചാണ് നീ അക്കഥ പറഞ്ഞതെന്നതിനാൽ പാതാളത്തിൽ വച്ചു ഞാൻ നിന്റെ വാക്കുകൾ കേട്ടു; നിന്റെ ഉടലിനോട് അടക്കവയ്യാത്ത ഒരു മോഹം എനിക്കുണ്ടാവുകയും ചെയ്തു. എതിർക്കാൻ നോക്കരുത്; എന്റെ ഇച്ഛയ്ക്കു വഴങ്ങാത്തവരെ ഇരുട്ടിന്റെ മലകൾക്കുമപ്പുറത്തേക്കു ഞാൻ വലിച്ചിഴച്ചു കൊണ്ടുപോകും- സെയിർ മലയിലേക്ക്, മനുഷ്യന്റെ കാല്പാടുകളറിയാത്ത മരുപ്പറമ്പിലേക്ക്; ഒരു ജന്തുവും കാലു വയ്ക്കാൻ ധൈര്യപ്പെടാത്ത, ഭൂമി ഇരുമ്പും ആകാശം ചെമ്പുമായ ഒരിടം. ഞാനവരെ തീയ്ക്കും മുള്ളിനും അണലികൾക്കും തേളുകൾക്കും മേൽ വലിച്ചിഴയ്ക്കും; അവരുടെ ദേഹത്തെ ഓരോ എല്ലും അരഞ്ഞു പൊടിയാവും; കാലമുള്ള കാലത്തോളം പാതാളക്കയങ്ങളിൽ അവർ പോയിമറയും. എന്നാൽ നീ എന്റെ ഇച്ഛയ്ക്കു വഴങ്ങിയാലോ, നിന്റെ ഒരു മുടിയിഴയ്ക്കു പോലും ഹാനി വരില്ല, നിന്റെ ഏതു സംരംഭത്തെയും ഞാൻ വിജയത്തിലേക്കു നയിക്കുകയും ചെയ്യും.”
ഈ വാക്കുകൾ കേട്ടപ്പോൾ മോഹാലസ്യത്തിലെന്നപോലെ റ്റെയ്ബെലി നിശ്ചേഷ്ടയായി കിടന്നു. അവളുടെ ഹൃദയം ഒന്നു പിടച്ചിട്ട് നിശ്ചലമാകുന്നതായി അവൾക്കു തോന്നി. തന്റെ അന്ത്യമായി എന്ന് അവളോർത്തു. അല്പനേരത്തിനു ശേഷം ധൈര്യം സംഭരിച്ചുകൊണ്ട് അവൾ മന്ത്രിക്കുന്നപോലെ ചോദിച്ചു: “എന്നെക്കൊണ്ടെന്താ വേണ്ടത്? ഞാൻ വിവാഹം കഴിഞ്ഞ ഒരു സ്ത്രീയാണ്.”
“നിന്റെ ഭർത്താവ് മരിച്ചുപോയി! അയാളുടെ ശവം കൊണ്ടുപോകുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്നു.” അയാളുടെ ശബ്ദം കിടന്നു മുഴങ്ങി. “റബ്ബിയുടെ അടുത്തു ചെന്ന് സാക്ഷ്യപ്പെടുത്താനും പുനർവിവാഹത്തിനു നിന്നെ മോചിപ്പിക്കാനും എനിക്കു സാദ്ധ്യമല്ല എന്നതു സമ്മതിച്ചു; കാരണം റബ്ബികൾ ഞങ്ങളുടെ തരക്കാർ ഉണ്ടെന്നു വിശ്വസിക്കുന്നില്ലല്ലോ. തന്നെയുമല്ല, റബ്ബിയുടെ മുറിയുടെ വാതിൽ കടക്കാനും എനിക്കു ഭയമാണ്- വിശുദ്ധവേദപുസ്തകം വെച്ചിരിക്കുന്നത് അവിടെയല്ലേ. പക്ഷേ ഞാൻ പൊളി പറയുകയല്ല. ഒരു മഹാമാരിയിൽ നിന്റെ ഭർത്താവ് മരിച്ചുപോയി; പുഴുക്കൾ അയാളുടെ മൂക്ക് കരണ്ടു തിന്നുകഴിഞ്ഞു. അഥവാ അയാൾ ജീവനോടിരുപ്പുണ്ടെങ്കിൽത്തന്നെ എന്റെ കൂടെ കിടക്കുന്നതിൽ നിനക്കു വിലക്കുമില്ല, കാരണം, ഷുൽഹാൻ അരൂഹിന്റെ പ്രമാണങ്ങൾ ഞങ്ങൾക്കു ബാധകമല്ല.”
അൽക്കൊനോൺ എന്ന ഹുർമിസ പ്രലോഭനങ്ങളും ഭീഷണികളുമായി തന്റെ അടവുകളൊക്കെയെടുത്തു. മാലാഖമാരെയും പിശാചുക്കളെയും രക്തരക്ഷസ്സുകളെയും പുരാണങ്ങളിലെ വിചിത്രമൃഗങ്ങളേയും അവൻ കൂട്ടിനു വിളിച്ചു. ഭൂതങ്ങളുടെ രാജാവായ അസ്മോദിയൂസ് തന്റെ ചിറ്റപ്പനാണെന്ന് അയാൾ ആണയിട്ടു പറഞ്ഞു. ദുർദ്ദേവതകളുടെ റാണിയായ ലിലിത് തന്നെ കാണിക്കാൻ വേണ്ടി ഒറ്റക്കാലിൽ നൃത്തം ചെയ്തിട്ടുണ്ടെന്നും തന്റെ പ്രീതിയ്ക്കായി പലതും ചെയ്തിട്ടുണ്ടെന്നും അയാൾ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. അമ്മമാരുടെ അരികിൽ നിന്ന് കൈക്കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന ഷിബ്റ്റ എന്ന പിശാചിനി നരകത്തിൽ അടുപ്പിൽ വച്ച് അയാൾക്ക് പോപ്പിക്കുരുക്കൾ കൊണ്ടുള്ള കേയ്ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടത്രെ; അതിൽ അവൾ മന്ത്രവാദികളുടെയും കറുത്ത നായ്ക്കളുടെയും കൊഴുപ്പ് പുരട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. രസമുള്ള കഥകളും പഴഞ്ചൊല്ലുകളുമായി നീണ്ടുപോയ അയാളുടെ വാദമുഖത്തിനൊടുവിൽ റ്റെയ്ബെലിക്ക് ഒരു ചിരി വന്നതടക്കാൻ പറ്റില്ലെന്നായി. താൻ അവളെ എത്രയോ കാലമായി പ്രേമിക്കുകയായിരുന്നുവെന്ന് ഹുർമിസ സത്യം ചെയ്തു പറഞ്ഞു. അക്കൊല്ലവും അതിനു തലേക്കൊല്ലവും അവൾ ധരിച്ചിരുന്ന ഉടുപ്പുകളും ഷാളുകളും ഇന്നതിന്നതായിരുന്നുവെന്ന് അയാൾ എണ്ണിയെണ്ണിപ്പറഞ്ഞു; മാവു കുഴയ്ക്കുമ്പോൾ, ശാബത്തിന് തീനൊരുക്കുമ്പോൾ, കുളിച്ചുകൊണ്ടു നില്ക്കുമ്പോൾ അവളുടെ മനസ്സിൽ വന്നതൊക്കെ അയാൾ ഒന്നൊന്നായി പറഞ്ഞു. ഒരു ദിവസം കാലത്ത് ഉറക്കമുണർന്നപ്പോൾ മാറത്ത് നീലിച്ചുകറുത്ത ഒരു പാടു കണ്ടത് അയാൾ അവളെ ഓർമ്മിപ്പിച്ചു. ഏതോ ശവംതീനിപ്പിശാചു കടിച്ചതെന്നാണ് അവൾ കരുതിയത്. യഥാർത്ഥത്തിൽ അത് ഹുർമിസയുടെ ചുംബനത്തിന്റെ തിണർപ്പായിരുന്നു, അയാൾ പറഞ്ഞു.
അല്പനേരം കൂടി കഴിഞ്ഞപ്പോഴേക്കും പിശാച് റ്റെയ്ബെലിയുടെ കിടക്കയിൽ കടന്നുകൂടി തന്റെ ഇംഗിതം നിറവേറ്റിക്കഴിഞ്ഞു. ഇനി മുതൽ ആഴ്ചയിൽ രണ്ടു തവണ, ബുധനാഴ്ചയും ശാബത്തിന്റന്നു രാത്രിയിലും, താൻ അവളെ കാണാൻ ചെല്ലുമെന്ന് അയാൾ അവളോടു പറഞ്ഞു; ദുഷ്ടശക്തികളുടെ പോക്കുവരവുകൾ സാധാരണയായി ആ നാളുകളിലാണല്ലൊ. ഇക്കാര്യങ്ങളൊന്നും ഒരാളോടു പോലും പറഞ്ഞുപോകരുതെന്ന് അയാൾ അവളോടു പ്രത്യേകം പറഞ്ഞു; നേരിയൊരു സൂചന പോലും നല്കിയാൽ അവളെ കാത്തിരിക്കുന്ന ദണ്ഡനവിധി അത്ര കടുത്തതായിരിക്കും: താൻ അവളുടെ മുടിയിഴകൾ ഓരോന്നായി പിഴുതെടുക്കുകയും അവളുടെ കണ്ണുകൾ തുരന്നെടുക്കുകയും അവളുടെ പൊക്കിൾ കടിച്ചെടുക്കുകയും ചെയ്യും. നിർജ്ജനമായ ഒരു മരുപ്പറമ്പിലേക്ക് താൻ അവളെ എടുത്തെറിയും; അവിടെ കുടിയ്ക്കാൻ ചോരയും കഴിക്കാൻ ചാണകവുമാണുണ്ടാവുക; രാവും പകലും സൽമാവെത്തിന്റെ നിലവിളി ഉയർന്നുകൊണ്ടിരിക്കും. മരണം വരെയും ഈ രഹസ്യം രഹസ്യമായി വച്ചുകൊള്ളാമെന്ന് അമ്മയെ പിടിച്ചു സത്യം ചെയ്യാൻ അയാൾ അവളോടാജ്ഞാപിച്ചു. അതല്ലാതൊരു വഴിയില്ലെന്ന് റ്റെയ്ബെലിയ്ക്കു ബോദ്ധ്യമായി. അവൾ അയാളുടെ തുടയിൽ കൈ വച്ച് സത്യം ചെയ്തു.
പോകുന്നതിനു മുമ്പ് ഹുർമിസ അവളെ ആവേശത്തോടെ അണച്ചുപിടിച്ചു ചുംബിച്ചു; മനുഷ്യനല്ലാത്ത ആ സത്വത്തെ അവൾ തിരിച്ചു ചുംബിക്കുകയും അവന്റെ താടി തന്റെ കണ്ണീരു കൊണ്ടു നനയ്ക്കുകയും ചെയ്തു. പാപാത്മാവാണെങ്കിലും അവൻ തന്നോടു കാരുണ്യത്തോടെ പെരുമാറുകയെങ്കിലും ചെയ്തല്ലോ...
ഹുർമിസ പൊയ്ക്കഴിഞ്ഞപ്പോൾ റ്റെയ്ബെലി തലയിണയിൽ മുഖമമർത്തി പുലരും വരെ കിടന്നു കരഞ്ഞു.
എല്ലാ ബുധനാഴ്ച രാത്രിയിലും ശാബത് രാത്രിയിലും ഹുർമിസ അവളെ കാണാനെത്തി. തനിക്കു ഗർഭമുണ്ടാവുമെന്നും വാലും കൊമ്പുള്ള ഒരു ജന്തുവിനെ പ്രസവിക്കുമെന്നും അവൾക്കു പേടിയുണ്ടായിരുന്നു; എന്നാൽ അങ്ങനെയൊരു നാണക്കേട് അവൾക്കു വരുത്താതെ നോക്കാമെന്ന് അയാൾ ഉറപ്പു കൊടുത്തു. പുറത്താവുന്ന ദിവസങ്ങളിൽ താൻ പതിവു പോലെ ചടങ്ങു പ്രകാരമുള്ള കുളിയ്ക്കു പോകേണ്ടതുണ്ടോയെന്ന് അവൾ ചോദിച്ചു; ആർത്തവത്തെ സംബന്ധിച്ചുള്ള പ്രമാണങ്ങൾ അവിശുദ്ധജന്മങ്ങളുമായി ബന്ധം പുലർത്തുന്നവർക്കു ബാധകമല്ലെന്നായിരുന്നു ഹുർമിസയുടെ തീർപ്പ്.
പണ്ടുള്ളവർ പറഞ്ഞിട്ടുള്ളതു പോലെ, യാതൊന്നും പഴക്കമാവാതെ ദൈവം നമ്മെ കാക്കട്ടെ. റ്റെയ്ബെലിയുടെ കാര്യവും ഇതായിരുന്നു. തന്റെ രാത്രിസന്ദർശകൻ എന്തൊക്കെ ദോഷങ്ങളാണ് തനിക്കു വരുത്തുക എന്ന് ആദ്യമൊക്കെ അവൾക്കു പേടിയുണ്ടായിരുന്നു: തന്റെ ദേഹമാകെ കുരുക്കൾ പൊന്തുമോയെന്നും തന്റെ മുടി ചെട കെട്ടുമോയെന്നും താൻ നായ്ക്കളെപ്പോലെ കുരയ്ക്കുമോയെന്നും താൻ മൂത്രം കുടിയ്ക്കുമോയെന്നും തനിയ്ക്കാകെ നാണക്കേടാകുമോയെന്നുമൊക്കെ അവൾ പേടിച്ചു. ഹുർമിസ പക്ഷേ, അവളെ ചാട്ട കൊണ്ടടിക്കുകയോ പിച്ചുകയോ അവളുടെ ദേഹത്തു തുപ്പുകയോ ഒന്നും ചെയ്തില്ല. മറിച്ച് അവൻ അവളെ തലോടുകയും അവളുടെ കാതുകളിൽ പുന്നാരങ്ങൾ ചൊല്ലുകയും അവൾക്കു വേണ്ടി ശ്ളോകങ്ങളും ഫലിതങ്ങളും ഉണ്ടാക്കിച്ചൊല്ലുകയുമാണ് ചെയ്തത്. അവൻ കാണിയ്ക്കുന്ന വികടത്തങ്ങളും പറയുന്ന തമാശകളും കേട്ട് അവൾക്കു ചിരിക്കാതെ പറ്റില്ലെന്നായി. അവൻ അവളുടെ കാതിനു പിടിച്ചു വലിയ്ക്കുകയും അവളുടെ തോളത്ത് പ്രേമപൂർവ്വം കടിയ്ക്കുകയും ചെയ്യും. കാലത്തു നോക്കുമ്പോൾ അവന്റെ പല്ലിന്റെ പാടുകൾ അവളുടെ തൊലിയിലുണ്ടായിരുന്നു. അവളുടെ നീണ്ട മുടി അവൻ പിന്നിക്കൊടുക്കും. അവൻ അവൾക്ക് മന്ത്രങ്ങളും വശ്യങ്ങളും പഠിപ്പിച്ചു കൊടുത്തു; തന്റെ രാത്രിസഹചാരികളെക്കുറിച്ചു പറഞ്ഞു: ആ ഭൂതങ്ങൾക്കൊപ്പമാണ് താൻ തകർന്നുകിടക്കുന്ന നഗരങ്ങൾക്കും വിഷക്കൂണുകൾ വളരുന്ന പാടങ്ങൾക്കും മേൽ, സോദോമിലെ ഉപ്പളങ്ങൾക്കു മേൽ, മഞ്ഞുകടലിന്റെ ഉറഞ്ഞ വൈപുല്യത്തിനു മേൽ പറന്നുനടക്കാറുള്ളത്. തനിയ്ക്കു മറ്റു ഭാര്യമാർ ഉണ്ടെന്ന കാര്യം അവൻ നിഷേധിച്ചില്ല; അവരൊക്കെപ്പക്ഷേ, പെൺപിശാചുക്കളാണ്. മനുഷ്യസ്ത്രീയായി റ്റെയ്ബെലി മാത്രമേ തനിയ്ക്കുള്ളു. അവന്റെ ഭാര്യമാർ ആരൊക്കെയാണെന്ന് അവൾ ചോദിച്ചപ്പോൾ അവൻ അവരുടെ പേരുകൾ പറഞ്ഞു: നമാ, മൿലാത്ത്, അഫ്ഫ്, ചുൽദ, സ്ലൂക്കാ, നഫ്ക്കാ, പിന്നെ ചീമയും. ആകെക്കൂടി ഏഴു പേർ.
കീലു പോലെ കറുത്തിട്ടാണത്രേ, നമാ; വലിയ ദേഷ്യക്കാരിയുമാണ്. അവനോടു വഴക്കിടുമ്പോൾ അവൾ വിഷം തുപ്പുകയും മൂക്കിലൂടെ തീയും പുകയും വമിപ്പിക്കുകയും ചെയ്യും.
മൿലാത്തിന് അട്ടയുടെ മുഖമായിരുന്നു; അവളുടെ നാക്കു തൊടുന്നവരൊക്കെ ഇരുമ്പു പഴുപ്പിച്ചു വെച്ചതുപോലെ പൊള്ളിക്കരിഞ്ഞുപോകും.
അഫ്ഫിന് അണിഞ്ഞൊരുങ്ങാൻ വലിയ കൊതിയാണ്; വെള്ളിയും വജ്രവും മരതകവും കൊണ്ട് അവൾ സ്വയം അലങ്കരിക്കും. അവളുടെ മുടി മെടഞ്ഞിരിക്കുന്നത് സ്വർണ്ണനൂലുകൾ കൊണ്ടാണ്. കണങ്കാലുകളിൽ അവൾ മണികളും കടകങ്ങളും അണിഞ്ഞിരിക്കുന്നു. അവൾ നൃത്തം വയ്ക്കുമ്പോൾ മരുഭൂമിയാകെ ചിലങ്കകളുടെ മുഴക്കമായിരിക്കും.
ചുൽദായ്ക്ക് പൂച്ചയുടെ രൂപമാണ്. പൂച്ച കരയുന്ന പോലെയാണ് അവൾ സംസാരിക്കുക. അവളുടെ കണ്ണുകൾക്ക് നെല്ലിക്കയുടെ പച്ചനിറമാണ്. ഇണ ചേരുമ്പോഴൊക്കെയും അവൾ കരടിയുടെ കരൾ കടിച്ചു ചവച്ചുകൊണ്ടിരിക്കും.
സ്ലൂക്കാ പുതുമണവാട്ടിമാരുടെ വൈരിയായിരുന്നു. അവൾ ആണുങ്ങളെ ഷണ്ഡന്മാരാക്കിക്കളയും. ഏഴു ദാമ്പത്യാനുഗ്രഹങ്ങളുടെ കാലത്ത് വിവാഹം കഴിഞ്ഞ ഒരുത്തി ഒറ്റയ്ക്കു പുറത്തേക്കിറങ്ങിയാൽ സ്ലൂക്കാ നൃത്തം ചെയ്തുകൊണ്ട് അവളെ സമീപിക്കും; അതോടെ അവളുടെ സംസാരശേഷി നഷ്ടപ്പെടുകയോ അവൾക്ക് ചുഴലി വരികയോ ചെയ്യും.
നഫ്ക്ക ദുർന്നടപ്പുകാരിയായിരുന്നു. അവനെ വഞ്ചിച്ചുകൊണ്ട് അവൾ എപ്പോഴും മറ്റു പിശാചുക്കളുടെ കൂടെ പോകും. അവൾ അവന്റെ ഇഷ്ടം പോകാതെ നോക്കിയത് ആ ദുഷിച്ച നാവിന്റെ ബലം കൊണ്ടായിരുന്നു; അവളുടെ പുഴുത്ത വാചകമടി കേൾക്കാൻ അവനു വല്ലാത്ത കമ്പമായിരുന്നു.
ചീമ, ആ പേരു വെച്ചു നോക്കിയാൽ, തീർത്തും ദുഷ്ടയാകേണ്ടതായിരുന്നു, നമാ സൗമ്യപ്രകൃതിയാകേണ്ടതു പോലെ; പക്ഷേ തിരിച്ചാണ് സംഭവിച്ചത്. ദ്രോഹബുദ്ധി തീരെയില്ലാത്ത ഒരു പിശാചിനിയായിരുന്നു അവൾ. അവൾ ഓരോ പരോപകാരം ചെയ്തുകൊണ്ടേയിരിക്കും; സുഖമില്ലാതെ കിടപ്പായ വീട്ടമ്മമാർക്ക് മാവു കുഴച്ചു കൊടുക്കുക, തീരെ പാവപ്പെട്ടവർക്ക് വീട്ടിൽ ഭക്ഷണമെത്തിക്കുക എന്നിങ്ങനെ.
ഇപ്രകാരമാണ് ഹുർമിസ തന്റെ ഭാര്യമാരെ വർണ്ണിച്ചത്. അവരോടൊപ്പമുള്ള വിനോദങ്ങളെക്കുറിച്ചും അവൻ പറഞ്ഞു: പുരപ്പുറങ്ങൾക്കു മേൽ അവരുമായി സാറ്റ് കളിക്കുന്നത്, പലതരത്തിലുള്ള കുസൃതിത്തരങ്ങൾ ഒപ്പിക്കുന്നത്...തന്റെ പുരുഷൻ മറ്റൊരു സ്ത്രീയുടെ പിന്നാലെ പോകുന്നുവെന്നു കേൾക്കുമ്പോൾ ഏതൊരുത്തിയ്ക്കും കുശുമ്പു തോന്നുമെന്നുള്ളതാണ് സാധാരണ കണ്ടുവരുന്നത്. എന്നാൽ ഒരു മനുഷ്യസ്ത്രീയ്ക്ക് ഒരു പെൺപിശാചിനോട് എങ്ങനെ വിരോധം വയ്ക്കാൻ പറ്റും? ഹുർമിസയുടെ കഥകൾ റ്റെയ്ബെലിയെ രസിപ്പിക്കുകയാണ് ചെയ്തത്. അതിന്റെ വിശദാംശങ്ങൾ കൂടി അവൾക്കറിയണം. ഒരു മനുഷ്യജീവിയ്ക്കും അറിയാൻ സാദ്ധ്യമല്ലാത്ത നിഗൂഢസത്യങ്ങൾ കൂടി ചിലപ്പോൾ അവൻ അവൾക്കു മുമ്പാകെ തുറന്നുവയ്ക്കും: ദൈവത്തെക്കുറിച്ച്, അവന്റെ മാലാഖമാരെയും ദേവദൂതന്മാരെയും കുറിച്ച്, അവന്റെ സ്വർഗ്ഗീയഹർമ്മ്യങ്ങളെക്കുറിച്ച്, ഏഴു സ്വർഗ്ഗങ്ങളെ കുറിച്ച്. ആണും പെണ്ണുമായ പാപികളെ താർവീപ്പകളിലും എരികനൽ നിറച്ച കുട്ടകങ്ങളിലും ആണി തറച്ച പലകകളിലും മഞ്ഞുകുഴികളിലുമിട്ടു പീഡിപ്പിക്കുന്നതിനെക്കുറിച്ചും കറുത്ത മാലാഖമാർ അഗ്നിദണ്ഡുകൾ കൊണ്ട് അവരെ പ്രഹരിക്കുന്നതിനെക്കുറിച്ചുമൊക്കെ അവൻ വിസ്തരിച്ചു.
ഇക്കിളിപ്പെടുത്തലാണ് നരകത്തിലെ ഏറ്റവും വലിയ ശിക്ഷ, ഹുർമിസ പറഞ്ഞു. ലെക്കിഷ് എന്നു പേരായി ഒരു ചാത്തനുണ്ട്. ലെക്കിഷ് ഒരു വ്യഭിചാരിണിയെ പിടിച്ച് കാൽവെള്ളയിലോ കക്ഷത്തോ ഇക്കിളിപ്പെടുത്തുമ്പോൾ അവളുടെ ദയനീയമായ ചിരി അങ്ങു മഡഗാസ്കർ ദ്വീപു വരേയ്ക്കും അലയടിക്കും.
ഈ രീതിയിൽ രാത്രിയൊടുങ്ങുവോളം ഹുർമിസ റ്റെയ്ബെലിയെ രസിപ്പിച്ചുപോന്നു; അവന്റെ അഭാവം തനിക്കു സഹിക്കാൻ പറ്റാതാവുന്നു എന്ന് അവൾക്കു മനസ്സിലായിത്തുടങ്ങി. വേനല്ക്കാലത്ത് രാത്രികൾ തീരെ ദൈർഘ്യം കുറഞ്ഞവയായി അവൾക്കു തോന്നി; കോഴി കൂവിയാലുടനേ ഹുർമിസ സ്ഥലം വിടുമല്ലോ. മഞ്ഞുകാലരാത്രികൾക്കു പോലും ദൈർഘ്യം കുറവായി അവൾക്കു തോന്നിത്തുടങ്ങി. യാഥാർത്ഥ്യമെന്തെന്നാൽ, അവളിപ്പോൾ ഹുർമിസായെ പ്രേമിച്ചു തുടങ്ങിയിരിക്കുന്നു; ഒരു മനുഷ്യസ്ത്രീ ഒരിക്കലും ഒരു പിശാചിനെ കാമിച്ചുകൂടെന്നറിയാമായിരുന്നിട്ടും രാത്രിയും പകലും അവൾ അവനെയോർത്തു കഴിച്ചുകൂട്ടി.
II
അൽക്കൊനോൺ വിഭാര്യനായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നുവെങ്കിലും അയാളെ വിവാഹം കഴിപ്പിക്കാൻ ദല്ലാളന്മാർ ശ്രമം അവസാനിപ്പിച്ചിരുന്നില്ല. അവർ കൊണ്ടുവന്ന ആലോചനകൾ മിക്കതും പക്ഷേ, അത്ര നല്ല പേരില്ലാത്ത വീടുകളിൽ നിന്നായിരുന്നു, വിധവകളുടേതും ബന്ധമൊഴിഞ്ഞവരുടേതുമായിരുന്നു; കാരണം, ഒരദ്ധ്യാപകന്റെ സഹായിയായി ജോലി നോക്കുന്ന ഒരാൾക്ക് അത്രയ്ക്കല്ലേ, സാമ്പത്തികസ്ഥിതിയുള്ളു; തന്നെയുമല്ല, അൽക്കൊനോണിന് ഒന്നിലും ഉറച്ചുനില്ക്കാത്തവനെന്നും ഗുണം പിടിക്കാത്തവനെന്നുമുള്ള ദുഷ്പേരുമുണ്ടായിരുന്നു. വന്ന ആലോചനകളൊക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞ് അൽക്കെനോൺ തള്ളിക്കളഞ്ഞു: ഒരുവൾക്കു സൗന്ദര്യം പോര, ഇനിയൊരുവളുടെ സംസാരം ശരിയല്ല, മൂന്നാമത്തവൾക്ക് വീറും വൃത്തിയുമില്ല. ദല്ലാളന്മാർ മൂക്കത്തു കൈ വച്ചു: ആഴ്ചയിൽ ഒമ്പതു ഗ്രോഷൻ മാത്രം സമ്പാദിക്കുന്ന ഒരാൾ ഇങ്ങനെ ചികഞ്ഞുനോക്കുന്നവനായാലോ! എത്ര കാലമാണ് ഒരു മനുഷ്യൻ ഒറ്റയ്ക്കു ജീവിക്കാൻ പോകുന്നത്? അതേ സമയം ആരെയും പിടിച്ചുവലിച്ച് കല്യാണമണ്ഡപത്തിൽ കയറ്റാനും പറ്റില്ലല്ലോ.
അൽക്കൊനോൺ ഇങ്ങനെ നാട്ടിൽ തട്ടിത്തടഞ്ഞു നടന്നു: നീണ്ടുമെലിഞ്ഞ്, കീറത്തുണിയുമുടുത്ത്, വളർന്നുമുറ്റിയ താടിയും വച്ച്, ഉയർന്നുതാഴുന്ന തൊണ്ടമുഴയുമായി. കല്യാണച്ചടങ്ങുകളിൽ വിദൂഷകവേഷം കെട്ടുന്ന റെബ് സെക്കെൽ മരിച്ചിട്ടു വേണം അയാൾക്ക് ആ ജോലി ഏറ്റെടുക്കാൻ. എന്നാൽ റെബ് സെക്കെൽ മരിക്കാൻ ഒരു തിടുക്കവും കാണിക്കുന്ന മട്ടുമില്ല. അദ്ദേഹം തന്റെ ചെറുപ്പകാലത്തെന്ന പോലെ നേരമ്പോക്കുകളും നിമിഷകവിതകളും തട്ടിവിട്ട് വിവാഹസദസ്സുകളെ ആവേശഭരിതമാക്കുകയാണ്. അൽക്കൊനോൺ സ്വന്തനിലയ്ക്ക് കുട്ടികളെ പഠിപ്പിക്കാൻ ഒരു തുടക്കമൊക്കെ ഇട്ടുനോക്കിയെങ്കിലും ഒരു രക്ഷിതാവും സ്വന്തം കുട്ടിയെ അയാളെ വിശ്വസിച്ചേല്പിക്കാനുള്ള ധൈര്യം കാണിച്ചില്ല. രാവിലെയും വൈകുന്നേരവും അയാൾ ആൺകുട്ടികളെ മതപാഠശാലയിൽ കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യും. പകൽ മുഴുവൻ അയാൾ അദ്ധ്യാപകനായ റെബ് ഇച്ചെലിന്റെ വീട്ടുമുറ്റത്ത് വർഷത്തിൽ ഒരിക്കൽ മാത്രം, പെന്തക്കോസ്തിന്, ഉപയോഗപ്പെടുന്ന കടലാസ്സുതോരണങ്ങൾ വെട്ടിയുണ്ടാക്കുകയോ കളിമണ്ണു കൊണ്ട് രൂപങ്ങൾ മെനയുകയോ ചെയ്തുകൊണ്ടിരിക്കും. റ്റെയ്ബെലിയുടെ പീടികയിൽ നിന്നകലെയല്ലാതെ ഒരു കിണറുണ്ടായിരുന്നു; പകൽ പലതവണ അയാൾ വെള്ളം കുടിക്കാൻ അവിടെ ചെല്ലും. ചെമ്പിച്ച താടിയിലൂടെ ഒലിപ്പിച്ചുകൊണ്ട് വെള്ളം കുടിക്കുമ്പോൾ അയാൾ ഏറുകണ്ണിട്ട് റ്റെയ്ബെലിയെ നോക്കും. അവൾക്ക് അയാളോടു സഹതാപം തോന്നും: എന്തിനാണ് ഈ മനുഷ്യൻ ഒറ്റയ്ക്കിങ്ങനെ കഴിയുന്നത്? അൽക്കോനോൺ മനസ്സിൽ പറയും: “റ്റെയ്ബെലി, യഥാർത്ഥത്തിൽ നടക്കുന്നതെന്താണെന്ന് നീ മനസ്സിലാക്കിയിരുന്നെങ്കിൽ!”
ബധിരയും പാതി അന്ധയുമായ ഒരു വൃദ്ധവിധവയുടെ തട്ടുമ്പുറത്തുള്ള മുറിയിലാണ് അൽക്കോനോണിന്റെ താമസം. മറ്റു ജൂതന്മാരെപ്പോലെ സിനഗോഗിൽ പ്രാർത്ഥിക്കാൻ പോകാത്തതിന് കിഴവി പലപ്പോഴും അയാളെ ശകാരിക്കാറുണ്ടായിരുന്നു. കുട്ടികളെ വീട്ടിൽ കൊണ്ടുപോയാക്കി തിരിയെ വന്നാൽ തിടുക്കത്തിൽ ഒരു സന്ധ്യാപ്രാർത്ഥനയും നടത്തി കട്ടിലിൽ ചെന്നു വീഴുകയാണ് അയാളുടെ പതിവ്. അയാൾ നടുപ്പാതിരയ്ക്കെഴുന്നേറ്റ് എവിടേയ്ക്കോ പോകുന്നതായി അവർക്കു ചിലപ്പോൾ തോന്നാറുണ്ടായിരുന്നു. രാത്രിയിൽ എങ്ങോട്ടാണു സഞ്ചാരം എന്ന അവരുടെ ചോദ്യത്തിന് അതവർ സ്വപ്നം കണ്ടതായിരിക്കും എന്നാണ് അയാൾ മറുപടി പറയുക. സന്ധ്യയ്ക്ക് തുന്നലും പരദൂഷണവുമായി ബഞ്ചുകളിലിരിക്കുന്ന പെണ്ണുങ്ങൾ പാതിരാത്രി കഴിഞ്ഞാൽ അൽക്കോനോൺ ചെന്നായയായി രൂപം മാറുന്നതായി പറഞ്ഞുപരത്തി. അയാൾക്ക് ഒരു സക്യുബസ്സുമായി വേഴ്ചയുണ്ടെന്നായി വേറേ ചില പെണ്ണുങ്ങൾ. അല്ലെങ്കിൽ പിന്നെങ്ങനെയാണ് ആണൊരാൾ ഇത്രയും കാലം കല്യാണം കഴിക്കാതിരിക്കുന്നത്? പണക്കാർ തങ്ങളുടെ കുട്ടികളെ അയാളോടൊപ്പം അയക്കാതായി. അയാൾക്കിപ്പോൾ പാവപ്പെട്ടവരുടെ കുട്ടികളെ മാത്രമേ കൊണ്ടുവിടാനുള്ളു; ചൂടുള്ള ആഹാരം വല്ലപ്പോഴുമൊരിക്കൽ കിട്ടിയാലായി.
അൽക്കൊനോൺ മെലിഞ്ഞുമെലിഞ്ഞു വന്നു; എന്നാൽ അയാളുടെ ചുവടുകളുടെ ചുറുചുറുക്കിന് ഒരു കുറവും വന്നിരുന്നില്ല. ആ നീണ്ടുമെലിഞ്ഞ കാലുകളിൽ പൊയ്ക്കാലുകളിലെന്നപോലെ അയാൾ തെരുകളിലൂടെ നടന്നു. അയാൾക്കു വല്ലാത്ത ദാഹമായിരുന്നിരിക്കണം; എപ്പോൾ നോക്കിയാലും കിണറ്റിൻ കരയിലേക്കു പോകുന്നതായിട്ടാണ് അയാളെ കാണുക. ചിലപ്പോൾ അയാൾ വെള്ളത്തൊട്ടി കുതിരപ്പുറത്തു കയറ്റാൻ ഏതെങ്കിലും കൃഷിക്കാരനെ സഹായിക്കുക മാത്രമായിരിക്കും. അയാളുടെ കുപ്പായം എന്തുമാത്രം പിഞ്ഞിക്കീറിയതാണെന്ന് ഒരു ദിവസം റ്റെയ്ബെലി ദൂരെ നിന്നു കണ്ടു. അവൾ അയാളെ കടയിലേക്കു വിളിച്ചു. വിളറിവെളുത്തുപോയ അൽക്കോനോൺ പേടിച്ചരണ്ടുകൊണ്ട് അവളെ നോക്കി.
“നിങ്ങളുടെ ഉടുപ്പാകെ കീറിയിരിക്കുന്നല്ലോ,” റ്റെയ്ബെലി പറഞ്ഞു. “വിരോധമില്ലെങ്കിൽ ഞാൻ കുറച്ചു തുണി കടമായി തരാം. വില പിന്നീടു തന്നാൽ മതി, ആഴ്ചയിൽ അഞ്ചു പെനി വെച്ച്.”
“വേണ്ട.”
“അതെന്താ?” അമ്പരപ്പോടെ റ്റെയ്ബെലി ചോദിച്ചു. “തവണ മുടങ്ങിയാൽ ഞാൻ നിങ്ങളെ റബ്ബിയുടെ മുന്നിലേക്കു വരുത്താനൊന്നും പോകുന്നില്ല. കിട്ടുമ്പോൾ തന്നാൽ മതി.”
“വേണ്ട.”
എന്നിട്ടയാൾ പെട്ടെന്ന് കടയിൽ നിന്നിറങ്ങിപ്പോയി; അവൾ തന്റെ ശബ്ദം തിരിച്ചറിയുമോയെന്ന് അയാൾക്കു പേടി തോന്നി.
വേനല്ക്കാലത്ത് പാതിരാത്രിയിൽ റ്റെയ്ബെലിയെ കാണാൻ പോകുന്നത് എളുപ്പമായിരുന്നു. വേറൊന്നും മറയ്ക്കാത്ത ദേഹത്ത് ഒരുടുപ്പു മാത്രം ചുറ്റി ഇടവഴികളിലൂടെ അയാൾക്കു പോകാം. എന്നാൽ മഞ്ഞുകാലമായതോടെ റ്റെയ്ബെലിയുടെ ഇടനാഴിയിൽ വച്ചുള്ള ഉടുപ്പഴിക്കലും ഇടലും കൂടുതൽ കൂടുതൽ പീഡാവഹമാവുകയായിരുന്നു. പുതുമഞ്ഞു വീണ രാത്രികളായിരുന്നു ഏറെ ദുർവഹം. റ്റെയ്ബെലിയോ ഏതെങ്കിലും അയല്ക്കാരനോ തന്റെ കാല്പാടുകൾ കാണുമോയെന്ന് അയാൾക്കു വേവലാതിയായി. തണുപ്പടിച്ച് അയാൾക്കു ചുമ തുടങ്ങി. ഒരു രാത്രിയിൽ റ്റെയ്ബെലിയുടെ കട്ടിലിൽ ചെന്നു കിടക്കുമ്പോൾ അയാളുടെ പല്ലുകൾ കൂട്ടിമുട്ടുന്നുണ്ടായിരുന്നു; കുറേയേറെ നേരം കഴിഞ്ഞിട്ടേ അയാളൊന്നുഷാറായുള്ളു. അവൾ തന്റെ കള്ളക്കളി കണ്ടുപിടിക്കുമോയെന്ന പേടി കാരണം അയാൾ പലതരം വിശദീകരണങ്ങളും ഒഴികഴിവുകളും കണ്ടെത്താൻ തുടങ്ങി. എന്നാൽ റ്റെയ്ബെലി അങ്ങനെ ചുഴിഞ്ഞൊന്നും ചോദിച്ചില്ല, അതിനവൾക്ക് ആഗ്രഹവുമുണ്ടായിരുന്നില്ല. മനുഷ്യന്റെ എല്ലാ ശീലങ്ങളും ദൗർബല്യങ്ങളും പിശാചിനുമുണ്ടെന്ന് ഇതിനകം അവൾ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ഹുർമിസ വിയർക്കുകയും തുമ്മുകയും എക്കിൾ വിടുകയും കോട്ടുവായിടുകയും ചെയ്തിരുന്നു. ചിലപ്പോൾ അവന്റെ ശ്വാസത്തിന് ഉള്ളിയുടെ മണമാണെങ്കിൽ മറ്റു ചിലപ്പോൾ വെളുത്തുള്ളിയുടെ നാറ്റമായിരിക്കും. അവന്റെ ദേഹം തന്റെ ഭർത്താവിന്റെ ദേഹം പോലെയാണ് അവളുടെ കൈവിരലുകൾ അറിഞ്ഞത്; എല്ലു തെഴുത്തതും രോമനിബിഡവുമായ അതിന് തൊണ്ടമുഴയും പൊക്കിളുമുണ്ടായിരുന്നു. ചിലനേരത്ത് ഹുർമിസ നല്ല ഉഷാറിലായിരിക്കും; മറ്റു ചിലപ്പോൾ അവൻ നെടുവീർപ്പിടുന്നതും കേൾക്കാം. അയാളുടെ പാദങ്ങൾ വാത്തിന്റേതു പോലായിരുന്നില്ല; നഖങ്ങളും തഴമ്പുമായി മനുഷ്യന്റേതു തന്നെയായിരുന്നു.
ഇതിന്റെയൊക്കെ അർത്ഥമെന്താണെന്ന് ഒരിക്കൽ റ്റെയ്ബെലി ഹുർമിസയോടു ചോദിച്ചു; അവന്റെ വിശദീകരണം ഇതായിരുന്നു: “ഞങ്ങളിൽ ഒരാൾ മനുഷ്യസ്ത്രീയെ പ്രാപിക്കുമ്പോൾ അയാൾ മനുഷ്യരൂപമെടുക്കും. അല്ലെങ്കിൽ അവൾ പേടിച്ചു മരിച്ചുപോവില്ലേ.”
അതെ, റ്റെയ്ബെലിക്ക് അവനെ ഇഷ്ടമായിക്കഴിഞ്ഞു. അവൾക്ക് അവനോടോ അവന്റെ വികൃതിത്തരങ്ങളോടോ ഉണ്ടായിരുന്ന പേടി മാറിക്കഴിഞ്ഞു. അവന്റെ കഥകൾക്ക് അവസാനമില്ലായിരുന്നു; പക്ഷേ റ്റെയ്ബെലി പലപ്പോഴും അവയിൽ പല പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. എല്ലാ നുണയന്മാരെയും പോലെ അവന്റെയും ഓർമ്മയ്ക്ക് ആയുസ്സ് കുറവായിരുന്നു. പിശാചുക്കൾ ചിരംജീവികളാണെന്നാണ് അവൻ ആദ്യം അവളോട് പറഞ്ഞിരുന്നത്. എന്നാൽ ഒരു ദിവസം രാത്രിയിൽ അവൻ അവളോടു ചോദിച്ചു: “ഞാൻ മരിച്ചു പോയാൽ നീ എന്തു ചെയ്യും?”
“പക്ഷേ പിശാചുക്കൾ മരിക്കില്ലല്ലോ!”
“അവരെ പാതാളത്തിന്റെ ഏറ്റവും താഴത്തെ തട്ടിലേക്കു കൊണ്ടുപോവുകയാണ്...”
അക്കൊല്ലത്തെ മഞ്ഞുകാലത്ത് നാട്ടിൽ ഒരു പകര്‍ച്ചപ്പനി പടർന്നുപിടിച്ചു. പുഴയിൽ നിന്നും കാട്ടിൽ നിന്നും ചതുപ്പുകളിൽ നിന്നും വിഷക്കാറ്റ് വീശി. കുട്ടികൾ മാത്രമല്ല, പ്രായമായവരും വിഷപ്പനിയ്ക്കിരകളായി. മഴയും മഞ്ഞും നിലയ്ക്കാതെ പെയ്തു. വെള്ളപ്പൊക്കത്തിൽ പുഴയിലെ അണ തകർന്നു. കൊടുങ്കാറ്റിൽ കാറ്റാടിയുടെ ഒരില പറന്നുപോയി. ബുധനാഴ്ച രാത്രിയിൽ ഹുർമിസ എത്തുമ്പോൾ അവന്റെ ഉടൽ ചുട്ടുപൊള്ളുകയാണെന്ന് അവൾ അറിഞ്ഞു; എന്നാൽ അവന്റെ കാലടികൾ മഞ്ഞുകട്ട പോലെ തണുത്തിരുന്നു. പെൺപിശാചുക്കളെയും അവർ ചെറുപ്പക്കാരെ വശീകരിക്കുന്നതിനെ പറ്റിയും മറ്റു പിശാചുക്കളുമായുള്ള അവരുടെ കുഴഞ്ഞാട്ടങ്ങളെപ്പറ്റിയുമൊക്കെപ്പറഞ്ഞു അവളെ രസിപ്പിക്കാൻ അവൻ ശ്രമിക്കുകയായിരുന്നു; പക്ഷേ ശരീരക്ഷീണം കാരണം അവൻ തളർന്നുകിടന്നുപോയി.
ഇങ്ങനെയൊരു ദുരിതം പിടിച്ച അവസ്ഥയിൽ അവൾ ഇതേ വരെ അവനെ കണ്ടിട്ടില്ല. അവൾക്കെന്തോ ആപച്ഛങ്ക തോന്നി. അവൾ ചോദിച്ചു: “റാസ്പ്ബെറി ഇട്ട് കുറച്ചു പാലു ചൂടാക്കിത്തരട്ടെ?”
ഹുർമിസ പറഞ്ഞു: “ആ മരുന്നൊന്നും ഞങ്ങൾക്കു പറ്റില്ല.”
“അസുഖം വന്നാൽ നിങ്ങളെന്താ ചെയ്യുക?”
“ഞങ്ങൾ ചൊറിയുകയും മാന്തുകയും ചെയ്യും...”
അതിനു ശേഷം അവൻ കാര്യമായി മിണ്ടിയില്ല. റ്റെയ്ബെലിയെ ഉമ്മ വയ്ക്കുമ്പോൾ അവന്റെ ശ്വാസത്തിന് പുളിച്ച മണമായിരുന്നു. കോഴി കൂവുന്നതു വരെ ഒപ്പം കിടക്കുകയാണ് അവന്റെ പതിവെങ്കിലും ഇത്തവണ അവൻ നേരത്തേ സ്ഥലം വിട്ടു. ഇടനാഴിയിലെ അനക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് റ്റെയ്ബെലി നിശ്ശബ്ദയായി കിടന്നു. അടച്ചു മുദ്ര വച്ചാൽക്കൂടി ജനാലയിലൂടെ താൻ പറന്നു പുറത്തേക്കു പോവുമെന്നാണ് അവൻ അവളോടു സത്യം ചെയ്തു പറഞ്ഞിരുന്നത്. പക്ഷേ കതകു തുറക്കുന്നതിന്റെ ഞരക്കമാണ് അവൾ കേട്ടത്. പിശാചുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നത് പാപമാണെന്നും അവരെ ശപിക്കുകയാണു വേണ്ടതെന്നും അവരെ ഓർമ്മയിൽ നിന്നേ മായ്ച്ചുകളയണമെന്നും അവൾക്കറിയാതെയല്ല; എന്നാൽക്കൂടി അവൾ അന്ന് ഹുർമിസയ്ക്കു വേണ്ടി ദൈവത്തിനോടു പ്രാർത്ഥിച്ചു.
ഉള്ളുരുക്കത്തോടെ അവൾ കരഞ്ഞുപറഞ്ഞു: “എത്രയോ പിശാചുക്കളുണ്ട്, അവർക്കൊപ്പം ഇതിനെക്കൂടി കൂട്ടേണമേ...”
പിന്നത്തെ ശാബത്തിന് റ്റെയ്ബെലി ഹുർമിസായെ കാത്തിരുന്നത് വെറുതെയായി; അവൻ വന്നതേയില്ല. അവൾ ഉള്ളിൽ അവനെ പേരു പറഞ്ഞു വിളിച്ചു, അവൻ പഠിപ്പിച്ചു കൊടുത്ത മന്ത്രങ്ങൾ ഉരുവിട്ടു; എന്നാൽ ഇടനാഴി അനക്കമറ്റു കിടന്നു. മരവിച്ച പോലെ റ്റെയ്ബെലി കിടന്നു. താൻ റ്റ്യൂബെൽകെയിനും ഇനോക്കിനും മുന്നിൽ നൃത്തം ചെയ്തിട്ടുണ്ടെന്നും നോഹയുടെ പെട്ടകത്തിന്റെ മേൽക്കൂരയിൽ ഇരുന്നിട്ടുണ്ടെന്നും ലോത്തിന്റെ ഭാര്യയുടെ മൂക്കിൻതുമ്പത്തു നിന്ന് ഉപ്പ് നക്കിത്തിന്നിട്ടുണ്ടെന്നും അഹാസുറസിന്റെ താടിയ്ക്കു പിടിച്ചുവലിച്ചിട്ടുണ്ടെന്നുമൊക്കെ അവൻ വീരവാദം മുഴക്കിയിട്ടുള്ളതാണ്. നൂറു കൊല്ലം കഴിഞ്ഞാൽ അവൾ ഒരു രാജകുമാരിയായി പുനർജ്ജന്മമെടുക്കുമെന്ന് അവൻ പ്രവചിച്ചിട്ടുണ്ടായിരുന്നു; അന്നു താൻ ചിറ്റിമിന്റെയും ടാച്റ്റിമിന്റെയും സഹായത്തോടെ അവളെ തട്ടിക്കൊണ്ടുപോയി ഇശാവുവിന്റെ ഭാര്യയായ ബാഷേമത്തിന്റെ കൊട്ടാരത്തിൽ പാർപ്പിക്കുകയും ചെയ്യും. ഇപ്പോഴവൻ എവിടെയെങ്കിലും സുഖമില്ലാതെ കിടക്കുകയായിരിക്കും, നിസ്സഹായനായ ഒരു പിശാച്, ഏകാകിയായ ഒരനാഥൻ- അച്ഛനോ അമ്മയോ ഇല്ലാതെ, പരിചരിക്കാൻ വിശ്വസ്തയായ ഒരു ഭാര്യ അടുത്തില്ലാതെ. ഒടുവിൽ കാണുമ്പോൾ അരമിടുന്ന പോലാണ് അവൻ ശ്വാസമെടുത്തിരുന്നതെന്ന് അവൾ ഓർത്തു; അവൻ മൂക്കു ചീറ്റുമ്പോൾ ചൂളമിടുന്ന ശബ്ദമാണ് കേട്ടത്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ഒരു സ്വപ്നാടകയെപ്പോലെയാണ് അവൾ നടന്നത്. ബുധനാഴ്ച രാത്രിയിൽ പന്ത്രണ്ടു മണിയടിക്കുന്നതു വരെ അവൾ എങ്ങനെയെങ്കിലും കാത്തിരിക്കുകയായിരുന്നു; രാത്രി കടന്നുപോയി; ഹുർമിസ പ്രത്യക്ഷനായില്ല.റ്റെയ്ബെലി ചുമരിനു നേർക്കു തിരിഞ്ഞുകിടന്നു.
രാത്രി പോലിരുണ്ട് പകൽ തുടങ്ങി. കലങ്ങിയ മാനത്തു നിന്ന് പൊടിമഞ്ഞ് പൊഴിയുന്നുണ്ടായിരുന്നു. ചിമ്മിനികളിൽ നിന്ന് പുക മുകളിലേക്കു പോയില്ല; പഴകിയ വിരിപ്പുകൾ പോലെ അത് പുരപ്പുറങ്ങൾക്കു മേൽ വീണുകിടന്നു. കാക്കകൾ കാറിയ ഒച്ചയിൽ കരഞ്ഞു. നായ്ക്കൾ കുരച്ചു. ദുർവ്വഹമായ ആ രാത്രിയ്ക്കു ശേഷം അന്നു കടയിൽ പോകാൻ റ്റെയ്ബെലിയ്ക്കു ശരീരബലം ഉണ്ടായില്ല. എന്നിട്ടും അവൾ വേഷം മാറ്റി പുറത്തേക്കിറങ്ങി. നാലു പേർ ഒരു ശവമഞ്ചം ചുമന്നുകൊണ്ടു വരുന്നത് അവൾ കണ്ടു. മഞ്ഞു പൊതിഞ്ഞ ശവക്കോടിയ്ക്കടിയിൽ നിന്ന് ഒരു ജഡത്തിന്റെ നീലിച്ച പാദങ്ങൾ തെറിച്ചുനിന്നിരുന്നു. മരിച്ചയാൾക്കകമ്പടിയായി ഒരു കർമ്മി മാത്രമേ ഉണ്ടായിരുന്നുള്ളു.
മരിച്ചതാരാണെന്ന് റ്റെയ്ബെലി ആരാഞ്ഞു. കർമ്മി പറഞ്ഞു: “അൽക്കൊനോൺ, അദ്ധ്യാപകന്റെ സഹായി.”
റ്റെയ്ബെലിയുടെ മനസ്സിൽ വിചിത്രമായ ഒരാശയം ഉദിച്ചു- അൽക്കൊനോണിനെ അനുയാത്ര ചെയ്യുക; ഏകാകിയായി ജീവിച്ച, ഏകാകിയായി മരിച്ച ചുണ കെട്ട ഒരു മനുഷ്യനെ അയാളുടെ അന്ത്യയാത്രയിൽ അനുഗമിക്കുക. പീടികയിൽ ഇന്നാരു വരാൻ പോകുന്നു? അല്ലെങ്കിൽത്തന്നെ വ്യാപാരം എന്തായാലെന്താ? റ്റെയ്ബെലിയ്ക്ക് എല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. ഒന്നുമല്ലെങ്കിൽ നല്ലൊരു കാര്യമാണല്ലോ അവൾ ചെയ്യുന്നത്. സിമിത്തേരിയിലേക്കുള്ള ദീർഘമായ പാതയിൽ അവൾ പരേതനെ അനുയാത്ര ചെയ്തു. കുഴിവെട്ടുകാരൻ തറയിൽ നിന്നു മഞ്ഞു തൂത്തുമാറ്റിയിട്ട് ഉറഞ്ഞ മണ്ണിൽ കുഴിയെടുക്കുന്നത് അവൾ നോക്കിനിന്നു. അവർ അൽക്കൊനോണെ ഒരു പ്രാർത്ഥനാവസ്ത്രത്തിൽ പൊതിഞ്ഞെടുത്തു; അയാളുടെ തലയിൽ ഒരു ശിരോവസ്ത്രവും കണ്ണുകൾക്കു മേൽ പാത്രക്കഷണങ്ങളും വെച്ചിട്ട് അയാളുടെ വിരലുകൾക്കിടയിൽ ഒരു മെർട്ടിൽ കൊമ്പും പിടിപ്പിച്ചു; മിശിഹായുടെ പ്രത്യാഗമനകാലത്ത് അയാൾ പുണ്യദേശത്തു ചെല്ലേണ്ടത് ആ മരക്കൊമ്പു കൊണ്ട് വഴി കുഴിച്ചിട്ടു വേണം. പിന്നെ കുഴി മൂടിയിട്ട് കുഴിവെട്ടുകാരൻ കാദിഷ് ചൊല്ലി. റ്റെയ്ബെലിയ്ക്ക് കരച്ചിൽ പൊട്ടി. ഈ അൽക്കൊനോണും അവളെപ്പോലെ തന്നെ ഒരേകാന്തജീവിതം കഴിച്ചയാളാണ്. അവളെപ്പോലെ അയാൾക്കുമില്ല ഒരനന്തരാവകാശി. അതെ, അദ്ധ്യാപകന്റെ സഹായിയായ അൽക്കോനോൺ തന്റെ നൃത്തം കലാശിപ്പിച്ചിരിക്കുന്നു. മരിച്ചവർ നേരേ സ്വർഗ്ഗത്തിലേക്കു പോകുന്നില്ല എന്ന് ഹുർമിസായുടെ കഥകളിൽ നിന്ന് റ്റെയ്ബെലി മനസ്സിലാക്കിയിരുന്നു. ഓരോ പാപവും ഓരോ പിശാചിനെ സൃഷ്ടിക്കുന്നുണ്ട്. ഒരാൾ മരിച്ചാൽ പിന്നെ ഈ പിശാചുക്കളാണ് അയാളുടെ സന്തതികൾ. തങ്ങളുടെ വിഹിതവും ചോദിച്ചുകൊണ്ട് അവർ അയാളുടെ പിന്നാലെ ചെല്ലും. അവർ അയാളെ അച്ഛാ എന്നു വിളിയ്ക്കും, കാടുകളിലും മരുപ്പറമ്പുകളിലും അയാളെ വലിച്ചിഴയ്ക്കും; അയാൾക്കു പറഞ്ഞിട്ടള്ളളവു ശിക്ഷയെത്തുന്നതു വരെയും നരകത്തിലെ ശുദ്ധീകരണത്തിന് അയാൾ സജ്ജനാകുന്നതു വരെയും ഇതു തുടരും.
അതിനു ശേഷം റ്റെയ്ബെലി ഒറ്റയ്ക്കായിരുന്നു; രണ്ടു പേർ ഉപേക്ഷിച്ചവൾ- ഒരു സന്ന്യാസിയും ഒരു പിശാചും. അവൾ പെട്ടെന്നു വൃദ്ധയായി. പുറത്തു പറയാൻ പാടില്ലാത്തതും പറഞ്ഞാൽത്തന്നെ ആരും വിശ്വസിക്കാത്തതുമായ ഒരു രഹസ്യം മാത്രമേ ഭൂതകാലത്തിന്റേതായി അവൾക്കവശേഷിച്ചുള്ളു. ഹൃദയം ചുണ്ടുകൾക്കു പകർന്നുകൊടുക്കരുതാത്ത ചില രഹസ്യങ്ങളുണ്ട്. അവ ശവക്കുഴിയിലേക്കെടുക്കപ്പെടുകയാണ്. വില്ലോ മരങ്ങളുടെ ഇലകൾ മന്ത്രിക്കുന്നതതാവാം, കാക്കകൾ കാറിക്കരയുന്നതതിനെക്കുറിച്ചാവാം, സ്മാരകശിലകൾ ശിലകളുടെ മൂകഭാഷയിൽ അന്യോന്യം അതിനെക്കുറിച്ചു സംസാരിക്കുന്നുണ്ടാവാം. മരിച്ചവർ ഒരുനാൾ കണ്ണു തുറക്കും; എന്നാൽ അവരുടെ രഹസ്യങ്ങൾ സർവ്വശക്തന്റെയും അവന്റെ ന്യായവിധിയുടെയും കൈയിലായിരിക്കും, എല്ലാ തലമുറകളുടെയും അന്ത്യമെത്തുന്നതു വരെയും.
ഐസക് ബാഷെവിസ് സിംഗെർ Isaac Bashevis Singer (1904-1991)- പോളണ്ടിലെ വാഴ്സയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ യിദ്ദിഷ് സംസാരിക്കുന്ന ഒരു ജൂതകുടുംബത്തിൽ ജനിച്ചു. നാസികൾ ശക്തി പ്രാപിച്ചു വന്നതോടെ 1935ൽ യു.എസ്സിലേക്കു കുടിയേറി. 1978ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.
*ലബ്‌ലിൻ (Lublin)- യിദ്ദിഷ് ജൂതന്മാരുടെ കേന്ദ്രമായ പോളിഷ് നഗരം
*റബ്ബി (Rabbi)- ജൂതമതനിയമപണ്ഡിതൻ
*സെയിർ (Seir)- ചാവുകടലിനും അക്കാബയ്ക്കുമിടയിലുള്ള മലനിരകൾ
*ഷുൽഹാൻ അരൂഹ് (Shulchan Aruch) - ജൂതന്മാരുടെ നിയമസംഹിത
*സബത് (Sabbath)- ആഴ്ചയിലൊരിക്കൽ വിശ്രമത്തിനും സ്രഷ്ടാവിനെ ഓർമ്മിക്കാനുമായി മാറ്റി വെച്ച ദിവസം; ജൂതർക്കിത് വെള്ളിയാഴ്ച സൂര്യാസ്തമയം മുതൽ ശനിയാഴ്ച അസ്തമിക്കുന്നതു വരെ.
*സൽമാവെത്ത് (Zalmaveth)- മരണത്തിന്റെ നിഴൽ
*സോദോം (Sodom)-സ്വവർഗ്ഗപ്രണയത്തിന്റെ പേരിൽ ദൈവം നശിപ്പിച്ക നഗരം; പലായനം ചെയ്യുന്നതിനിടയിൽ തിരിഞ്ഞുനോക്കിയതിനാൽ ലോത്തിന്റെ ഭാര്യ ഉപ്പുതൂണാകുന്നത് ഇവിടെയാണ്.
*സക്യുബസ് (succubus)- ഉറങ്ങുന്ന പുരുഷന്മാരുമായി വേഴ്ച നടത്തുന്ന ഒരു പെൺപിശാച്
*പെന്തെക്കോസ്ത് (Pentecost)- ദൈവം മോശയ്ക്ക് പത്തു കല്പനകൾ നല്കിയതിന്റെ ഓർമ്മപ്പെരുനാൾ
* അഹാസുറസ് (Ahasuerus)- പഴയ നിയമത്തിൽ എസ്ത്തേറിന്റെ കഥയിൽ പറയുന്ന പേഴ്സ്യൻ ചക്രവർത്തി
*ബാഷെമത്ത് (Bashemath)- പുറപ്പാടുപുസ്തകത്തിൽ ഇഷ്മായേലിന്റെ പുത്രി
*മെർട്ടിൽ (Myrtle)- പരലോകയാത്ര സുഗമമാവാൻ ജഡത്തോടൊപ്പം വയ്ക്കുന്ന മെർട്ടിൽ മരക്കൊമ്പുകൾ
*കാദിഷ് (Kaddish)- മരിച്ചവർക്കായുള്ള പ്രാർത്ഥന