അങ്ങാടിയിലെന്നെയടക്കൂ
ഇനിയൊരുനാളുച്ചച്ചൂടിൽ
തോൾപ്പൊക്കത്തിലെന്നെയെടുക്കും,
മരണത്തിന്റെ നാട്ടിലേക്കെന്നെയെടുക്കും.
കാട്ടുമരങ്ങൾക്കടിയിലെന്നെയടക്കരുതേ,
പേടിയാണവയുടെ മുള്ളുകളെനിയ്ക്ക്.
കാട്ടുമരങ്ങൾക്കടിയിലെന്നെയടക്കരുതേ,
പേടിയാണു മഴത്തുള്ളികളിറ്റുന്നതെനിയ്ക്ക്.
അങ്ങാടിമരങ്ങൾക്കടിയിലെന്നെയടക്കൂ,
ഞാൻ കേൾക്കട്ടെ, ചെണ്ടപ്പുറത്തു കോലുകൾ,
ഞാനറിയിട്ടെ, താളം ചവിട്ടുന്ന കാലുകൾ.
(കൂബ, ആഫ്രിക്ക)
മന്ത്രം
ദൈവമെല്ലാം സൃഷ്ടിക്കുന്ന വേളയിൽ
അവൻ സൂര്യനെ സൃഷ്ടിച്ചു;
സൂര്യൻ ജനിക്കുന്നു, മരിക്കുന്നു, പിന്നെയും ജനിക്കുന്നു.
അവൻ ചന്ദ്രനെ സൃഷ്ടിച്ചു,
ചന്ദ്രൻ ജനിക്കുന്നു, മരിക്കുന്നു, പിന്നെയും ജനിക്കുന്നു.
അവൻ നക്ഷത്രങ്ങളെ സൃഷ്ടിച്ചു,
നക്ഷത്രങ്ങൾ ജനിക്കുന്നു, മരിക്കുന്നു, പിന്നെയും ജനിക്കുന്നു.
അവൻ മനുഷ്യനെ സൃഷ്ടിച്ചു,
മനുഷ്യൻ ജനിക്കുന്നു, മരിക്കുന്നു, പിന്നെ ജനിക്കുന്നുമില്ല.
(ഡിങ്കാഗോത്രം, സുഡാൻ)
മരണഗാനം
കണ്ണീരൊഴുകുവോളം ഞാൻ പാട്ടുകൾ പാടിയിരുന്നു,
ലോകമന്നെത്ര പരന്നതുമായിരുന്നു.
ഞാൻ പറയട്ടെ: ഞാൻ മരിക്കുന്ന നാൾ
കടത്തുകാരൻ തോണിയുമായി കടവത്തേക്കു പോരട്ടെ!
ഇടതുകൈ വീശി ഞാൻ ജീവനുള്ളവരോടു വിട പറയും.
ഞാൻ പോവുകയായെന്നേ!
കേൾക്കൂ, ഞാൻ പോയിക്കഴിഞ്ഞുവെന്നേ!
ഓളക്കൈകളിലുലഞ്ഞും കൊണ്ടു
മരണത്തിന്റെ തോണി വന്നടുക്കും,
അതിൽക്കയറി ഞാൻ പോകും,
എന്റെയാളുകൾക്കത്രയും പാട്ടുകൾ പാടിക്കൊടുത്ത ഞാൻ!
(ടോഗോ, ആഫ്രിക്ക)
മരിച്ചവർ സമാധാനത്തോടെ പിരിയട്ടെ
പതിയെപ്പതിയെ ചേറ്റുകുളം പുഴയാവുന്നു,
പതിയെപ്പതിയെ അമ്മയുടെ ദീനം മരണമാവുന്നു.
മുട്ട വീണുടയുമ്പോൾ ഒരു കുഴഞ്ഞ രഹസ്യം പുറത്താവുന്നു;
അമ്മ പോയപ്പോൾ തന്റെ രഹസ്യവും കൂടെക്കൊണ്ടുപോയി.
അവർ പോയതകലെയകലെയെവിടെയോ,
നാമിനി തിരയുന്നതു വെറുതേ.
എന്നാൽ പാടത്തേക്കു നടക്കുന്ന പേടമാനിനെ കാണുമ്പോൾ,
പുഴയിലേക്കു നടക്കുന്ന പേടമാനിനെക്കാണുമ്പോൾ,
അമ്പുകളാവനാഴിയിൽത്തന്നെ കിടക്കട്ടെ,
മരിച്ചവർ സമാധാനത്തോടെ പിരിയട്ടെ.
(യോരുബാ, നൈജീരിയ)
ഇനി ഞങ്ങളെ ഓർക്കരുത്
ഒരു നിമിഷം മുമ്പു നിനക്കു ജീവനുണ്ടായിരുന്നു,
ഇപ്പോഴിതാ, നീ ഉയിരറ്റവനായിരിക്കുന്നു.
നീയിപ്പോൾ ആണുമല്ല, പെണ്ണുമല്ല,
നവഹോക്കൾ നിന്നെ കൊന്നുവല്ലോ.
ഇനിയെന്തിനു നീ ഞങ്ങളെയോർക്കണം?
നിനക്കുള്ള ചോറു ഞങ്ങൾ കുഴിയിൽ വയ്ക്കുന്നു,
അതു കൈക്കൊൾക, പിന്നെയുറങ്ങിക്കൊൾക,
മണ്ണു ചുമരിടുന്ന മുറിയിലടങ്ങിക്കൊൾക.
ഒരു വട്ടം, ഇരുവട്ടം, മൂന്നാമതൊരു വട്ടം:
ഇനി ഞങ്ങളെ വിട്ടു പൊയ്ക്കൊള്ളുക.
പുലർച്ചെ സൂര്യനുദിക്കുന്നു...
പുലർച്ചെ സൂര്യനുദിക്കുന്നു,
പൊന്നു പോലെ,
സന്ധ്യയ്ക്കു സൂര്യനസ്തമിക്കുന്നു,
വെള്ളി പോലെ;
നമ്മുടെ ജീവിതങ്ങൾ കടന്നുപോകുന്നു,
പട്ടുനൂലുകൾ പോലെ.
നാമൊഴുകുന്നു,
നാമൊഴുകിക്കടന്നുപോകുന്നു,
പുഴവെള്ളം പോലെ.
(ഫിൻലാൻഡ്)
നൃത്തഗാനം
ആശാരിയോടു കട്ടിൽ പറഞ്ഞു, എന്നെപ്പണിയരുത്,
പണിതാൽ, നാളെയോ മറ്റെന്നാളോ,
എന്റെ മേലിട്ടു നിന്നെയവർ കുഴിയിലേക്കെടുക്കും;
ആരുമുണ്ടാവില്ല, നിന്നെത്തുണയ്ക്കാൻ.
കൊല്ലനോടു മൺവെട്ടി പറഞ്ഞു, എന്നെപ്പണിയരുത്,
പണിതാൽ, നാളെയോ മറ്റെന്നാളോ,
എന്നെക്കൊണ്ടവർ നിന്റെ കുഴിയെടുക്കും;
ആരുമുണ്ടാവില്ല നിന്നെത്തുണയ്ക്കാൻ.
നെയ്ത്തുകാരനോടു തുണി പറഞ്ഞു, എന്നെ നെയ്യരുത്,
നെയ്താൽ, നാളെയോ മറ്റെന്നാളോ,
ഞാൻ നിന്റെ ശവക്കോടിയാവും;
ആരുമുണ്ടാവില്ല നിന്നെത്തുണയ്ക്കാൻ.
(ഗോണ്ട്, ഇന്ത്യ)
ഉടലിനോടാത്മാവു പറയുന്നു
നീയും ഞാനും തമ്മിലിനിയെന്തു ബന്ധം,
മിണ്ടാട്ടമില്ലാത്ത ശവമേ?
നീയും ഞാനുമൊരുമിച്ചായിരുന്നപ്പോൾ ഞെളിഞ്ഞുനടന്നതല്ലേ നീ,
മിണ്ടാട്ടമില്ലാത്ത ശവമേ?
ഇന്നെന്തേ, വായും പൊളിച്ചനക്കമറ്റു നീ കിടക്കുന്നു,
മിണ്ടാട്ടമില്ലാത്ത ശവമേ?
ചിറ നിറഞ്ഞിരുന്നു, താമര പൂത്തിരുന്നു, വഞ്ചിയൊഴുകിയിരുന്നു;
ഇന്നു ചിറ മുറിഞ്ഞു, താമര വാടി, ചെളിയിൽ വഞ്ചി മുങ്ങിയും പോയി,
മിണ്ടാട്ടമില്ലാത്ത ശവമേ!
(ഛത്തീസ്ഗഢ്)
പരസ്ക്കേവി പുണ്യവാന്റെ പള്ളിയിൽ
പരസ്ക്കേവി പുണ്യവാന്റെ പള്ളിയിൽ
ഒരു പെൺകുട്ടി തനിയേയുറങ്ങുന്നു.
ഉറങ്ങുമ്പോഴവൾ സ്വപ്നം കാണുന്നു,
താൻ മണവാട്ടിയായെന്നവൾ സ്വപ്നം കാണുന്നു.
ഒരുയർന്ന ഗോപുരമവൾ കാണുന്നു,
നിറഞ്ഞൊഴുകുന്ന രണ്ടു പുഴകളും.
‘അമ്മേ, ഗോപുരമെന്റെ മണവാളൻ,
പഴത്തോട്ടമെന്റെ കല്യാണം,
നിറഞ്ഞൊഴുകുന്ന രണ്ടു പുഴകൾ
എന്റെ നാത്തൂന്മാർക്കുള്ള വീഞ്ഞും.’
‘മകളേ, ഗോപുരം നിന്റെ മരണം,
പഴത്തോട്ടം നിന്റെ ശവമാടം,
നിറഞ്ഞൊഴുകുന്ന രണ്ടു പുഴകൾ
ഞാനൊഴുക്കുന്ന കണ്ണുനീർ.’
(സ്പൊറേഡ് ദ്വീപുകൾ, ഗ്രീസ്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ