2018, ജൂൺ 25, തിങ്കളാഴ്‌ച

നിസാർ ഖബ്ബാനി - അറേബ്യൻ പ്രണയകവിതകൾ- 3


Nizarqabbani


28. മേൽവിലാസമില്ലാത്ത സ്ത്രീ


എവിടെയും നിങ്ങളവളെത്തിരയും,
കടലിലെത്തിരകളോടവളെക്കുറിച്ചാരായും,
കരയിലെ ആമകളോടവളെക്കുറിച്ചു ചോദിക്കും,
കടലായ കടലെല്ലാം നിങ്ങളലയും,
നിങ്ങളുടെ കണ്ണീരു പുഴകളായൊഴുകും,
നിങ്ങളുടെ ശോകം മരങ്ങളായി വളരും,
ഒടുവിൽ, ജീവിതാന്ത്യത്തിൽ
താൻ തേടിയലഞ്ഞതൊരു
പുകച്ചുരുളിനെയെന്നു നിങ്ങളറിയും-
നിന്റെ പ്രണയത്തിനിന്ന നാടെന്നില്ല,
ജന്മദേശമില്ല, മേൽവിലാസവുമില്ല.


29. അപ്രതീക്ഷിതമത്സ്യങ്ങൾ


ഇനിയും നിന്നെ പ്രേമിച്ചുതുടങ്ങിയിട്ടില്ല ഞാൻ,
എന്നാലൊരുനാൾ പ്രണയത്തിന്റെ അനിവാര്യമുഹൂർത്തമെത്തും,
കടൽ നിന്റെ മാറിടത്തിലേക്കു തെറിപ്പിയ്ക്കും,
നീ പ്രതീക്ഷിക്കാത്ത മത്സ്യങ്ങൾ.


30. പൂമ്പാറ്റ


നിന്റെ അരക്കെട്ടിനു ചുറ്റും
പച്ചപെൻസിലു കൊണ്ടൊരു വര ഞാൻ വരച്ചു:
താനൊരു പൂമ്പാറ്റയാണെന്നതിനു തോന്നരുതല്ലോ,
അങ്ങനെയതങ്ങു പറന്നുപോകരുതല്ലോ.


31. മതി


നിന്റെ സാന്നിദ്ധ്യം മതി
സ്ഥലത്തിനു നിലയ്ക്കാൻ;
നിന്റെ വരവു മതി
കാലത്തിനു വരാതിരിയ്ക്കാൻ.


32. കൈവളകൾ


ഈ ലോകത്തൊരു കൈവളയും
നിന്റെ കൈകൾക്കു ചേരില്ല,
എന്റെ പ്രണയം കൊണ്ടു പണിത
കൈവളകളല്ലാതെ.


33. വാക്കുകളില്ലാതെ


നിഘണ്ടുവിലെ വാക്കുകളെല്ലാം
മരിച്ചപടിയാണെന്നതിനാൽ
നിന്നെ പ്രേമിക്കാനൊരു വഴി ഞാൻ കണ്ടു,
     വാക്കുകളില്ലാതെ.


34. ക്ഷേത്രഗണിതം


എന്റെ വികാരത്തിന്റെ ചുറ്റളവിനു പുറത്ത്
നിനക്കൊരു കാലവുമില്ല
എന്റെ കൈവലയത്തിനപ്പുറത്ത്
നിനക്കൊരളവുമില്ല
ഞാനാണു നിന്റെയളവുകളെല്ലാം
നിന്റെ കോണുകൾ...നിന്റെ വൃത്തങ്ങൾ
നിന്റെ ചരിവുകൾ
നിന്റെ നേർവരകളും.


35. ഉച്ചമയക്കം


ഒരു പേർഷ്യൻ പരവതാനി നിന്റെ വാക്കുകൾ,
ചുമരോടു ചുമരു പറന്നുനടക്കുന്ന രണ്ടു മാടപ്രാവുകൾ
നിന്റെ കണ്ണുകൾ,
എന്റെ ഹൃദയമൊരു മാടപ്രാവിനെപ്പോലെ
നിന്റെ കൈകളുടെ തിരകൾക്കു മേൽ പറക്കുന്നു,
ചുമരിന്റെ നിഴലത്തൊരുച്ചമയക്കമുറങ്ങുന്നു.


36. വിപരീതപ്രണയം


നിന്റെ തലമുടിയെ ഞാനുപദേശിച്ചുനോക്കി,
നിന്റെ ചുമലും കടന്നു വളർന്നുപോകരുതെന്ന്,
എന്റെ ജീവിതത്തിനു മേൽ ശോകത്തിന്റെ ചുമരാവരുതെന്ന്;
ഞാനാഗ്രഹിച്ചതിനെയൊക്കെ നിഷ്ഫലമാക്കി
നിന്റെ മുടി പക്ഷേ, നിണ്ടുതന്നെ കിടന്നു.
നിന്റെയുടലിനെ ഞാനുപദേശിച്ചുനോക്കി,
കണ്ണാടിയുടെ ഭാവനയെ ഉദ്ദീപിക്കരുതെന്ന്,
നിന്റെയുടൽ പക്ഷേ, ഞാൻ പറഞ്ഞതു കേട്ടില്ല,
അതു സുന്ദരമായിത്തന്നെയിരുന്നു.
നിന്റെ പ്രണയത്തെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു,
കടൽക്കരയിലോ മലമുകളിലോ ഒരാണ്ടത്തെ അവധിക്കാലം
ഇരുകൂട്ടർക്കും നല്ലതായിരിക്കുമെന്ന്,
നിന്റെ പ്രണയം പക്ഷേ, പെട്ടികളെടുത്തു പാതയോരത്തെറിഞ്ഞു,
താനെവിടെയും പോകുന്നില്ലെന്നതു തീർത്തുപറഞ്ഞു.


37. ബാല്യത്തിനൊപ്പം


ഇന്നു രാത്രിയിൽ നിന്നോടൊപ്പമുണ്ടാവില്ല ഞാൻ,
എവിടെയും ഞാനുണ്ടാവുകയുമില്ല;
വയലറ്റുപായകളുമായി ഞാനൊരു കപ്പൽപ്പറ്റം വാങ്ങിയിരിക്കുന്നു,
നിന്റെ കണ്ണുകളിലെ സ്റ്റേഷനിൽ മാത്രം നിർത്തുന്ന തീവണ്ടികളും,
പ്രണയത്തിന്റെ ഇന്ധനത്തിൽ പറക്കുന്ന കടലാസുവിമാനങ്ങളും.
കടലാസും ചായപ്പെൻസിലുകളും ഞാനെടുത്തുവന്നിരിക്കുന്നു,
എന്റെ ബാല്യത്തിനൊപ്പമിന്നുരാത്രിയിലുറങ്ങാതിരിക്കാൻ
ഞാൻ തീരുമാനിച്ചുമിരിക്കുന്നു.


38. ഭ്രൂണം


എനിക്കു മോഹം,
നിന്നെയെന്റെയുടലിലൊളിപ്പിച്ചുവയ്ക്കാൻ,
ജനനമസാദ്ധ്യമായൊരു ശിശുവായി,
ഞാനല്ലാതാരും നോവറിയാത്തൊരു
കഠാരമുറിവായി.


39. വികാരം


നിന്റെ മാറിടത്തിനിടയിൽ കിടക്കുന്നു,
കത്തിച്ചാമ്പലായ ഗ്രാമങ്ങൾ,
ആയിരങ്ങളായ ഖനികൾ,
പിന്നെയാരും പറഞ്ഞുകേൾക്കാതെ
ഹതരായവരുടെ പരിചകൾ.
നിന്റെ മാറിടം കടന്നുപോയവരെപ്പിന്നെ
കാണാതെയായി,
അവിടെ നേരം വെളുപ്പിച്ചവർ
പിന്നെ ആത്മഹത്യയും ചെയ്തു.


40. പുരുഷപ്രകൃതി


പുരുഷനൊരു നിമിഷം മതി,
സ്ത്രീയെ പ്രേമിക്കാൻ;
യുഗങ്ങൾ വേണം,
അവളെ മറക്കാൻ.


41. മൗനമായിരിക്കൂ...


മൗനമായിരിക്കൂ,
അതിസുന്ദരമായൊരു ശബ്ദമത്രേ,
മേശപ്പുറത്തു
നിന്റെ കൈകളുടെ സംഭാഷണം.


42. ഭയമാണെനിക്ക്...


എന്റെ പ്രണയം തുറന്നുപറയാൻ
ഭയമാണെനിക്ക്:
വീഞ്ഞിനു പരിമളം നഷ്ടമാവുകയാണ്‌,
ചഷകത്തിലേക്കതു പകരുമ്പോൾ.


43. എനിക്കറിയാമായിരുന്നു


എനിക്കറിയാമായിരുന്നു
തീവണ്ടിയാപ്പീസിൽ നാമൊരുമിച്ചു നില്ക്കുമ്പോൾ
നീ കാത്തുനിന്നതു മറ്റൊരാളെയെന്ന്,
എനിക്കറിയാമായിരുന്നു
നിന്റെ പെട്ടിയുമെടുത്തു ഞാൻ നടക്കുമ്പോൾ
മറ്റൊരാളോടൊത്തു നീ യാത്ര ചെയ്യുമെന്ന്,
എനിക്കറിയാമായിരുന്നു
വേനല്ച്ചൂടു തണുത്താൽ വലിച്ചെറിയാവുന്ന
വെറുമൊരു ചൈനാവിശറിയാണു ഞാൻ നിനക്കെന്ന്,
എനിക്കറിയാമായിരുന്നു
നിന്റെയൗദ്ധത്യം പ്രതിഫലിപ്പിക്കാനുള്ള കണ്ണാടികൾ മാത്രമാണ്‌
ഞാൻ നിനക്കെഴുതിയ പ്രേമലേഖനങ്ങളെന്നും.
*

ഇങ്ങനെയൊക്കെയാണെങ്കിലും
നിന്റെ പെട്ടി ഞാനെടുക്കും
നിന്റെ കാമുകന്റെ പെട്ടിയും ഞാനെടുക്കും
എന്തെന്നാലെനിക്കാവില്ലല്ലോ
എന്റെ ജീവിതത്തിലേറ്റവും മധുരിക്കുന്ന നാളുകളെ
തന്റെ വെളുത്ത കൈസഞ്ചിയിൽ കൊണ്ടുനടക്കുന്ന
ഒരു സ്ത്രീയുടെ കരണത്തടിക്കാൻ.


44. ഡോണാ മരിയ


ഒരു മരുഭൂമിയെക്കാളും വിടർന്ന കണ്ണുകളോടെ,
എന്റെ നാട്ടുസൂര്യൻ തിളക്കുന്ന മുഖലക്ഷണങ്ങളോടെ,
പ്രഭാതചക്രവാളത്തിന്റെ സ്ഫോടനത്തോടെ,
എന്നെ വെട്ടിപ്പിളർക്കുന്നു, ഡോണാ മരിയാ.
എനിക്കോർമ്മ വരുന്നതു ദമാസ്കസിലെന്റെ ഭവനം,
അവിടെയൊരു ജലധാരയുടെ തെളിഞ്ഞ കൊഞ്ചൽ,
കിളരം വച്ച നാരകമരങ്ങൾ,
എന്റെ വീടിന്റെ പഴകിയ വാതിൽപ്പലകയിൽ
ഭംഗിയില്ലാത്ത കൈപ്പടയിൽ ഞാൻ കോറിയിട്ട പ്രണയകഥകൾ.
നിന്റെ കണ്ണുകളിൽ നോക്കിയിരിക്കെ, ഡോണാ മരിയാ,
പിന്നെയും ഞാൻ കാണുന്നതെന്റെ പെറ്റനാടിനെ.


45. മൂരി


ചോര കുത്തിയൊലിക്കട്ടെ,
ഉടലിലമ്പുകൾ തുളച്ചുകേറട്ടെ,
വിജയിയുടെ മഹിമയെ അതിജീവിക്കുന്നു,
ഇരയുടെ അഭിജാതമഹിമ.


2018, ജൂൺ 24, ഞായറാഴ്‌ച

നിസാര്‍ ഖബ്ബാനി - അറേബ്യന്‍ പ്രണയകവിതകള്‍- 2


13. നീ കവിതകളെഴുതുന്നു ഞാൻ അടിയിലൊപ്പു വയ്ക്കുന്നു


എന്റെ വരുതിയിലല്ല നിന്നെ മാറ്റിത്തീർക്കുക,
നിന്റെ വഴികളെ വിശദീകരിക്കുകയും;
സ്ത്രീയെ മാറ്റിത്തീർക്കാമെന്ന വിശ്വാസം പുരുഷനരുത്.
അവർ നാട്യക്കാർ,
തങ്ങളുടെ വാരിയെല്ലുകളിലൊന്നിൽ നിന്നു
സ്ത്രീയെ തങ്ങൾ സൃഷ്ടിക്കുകയായിരുന്നു
എന്നു കരുതുന്നവർ.
ഏതോ പുരുഷന്റെ വാരിയെല്ലിൽ നിന്നല്ല,
സ്ത്രീ പുറത്തുവന്നത്;
അവനാണ്‌ അവളുടെ ഗർഭപാത്രത്തിൽ നിന്നു പുറത്തുവന്നത്,
കയത്തിൽ നിന്നൊരു മീനെപ്പോലെ,
പുഴയിൽ നിന്നു പിരിയുന്നൊരു ചാലു പോലെ;
അവനാണവളുടെ നേത്രസൂര്യനെ ചുറ്റി ഭ്രമണം ചെയ്യുന്നത്,
ഉറച്ചുനിൽക്കുന്നതു താനാണെന്നു കരുതുന്നതും.
*

നിന്നെ മെരുക്കാനെനിയ്ക്കു കരുത്തില്ല,
വീട്ടുമൃഗമായി നിന്നെ വളർത്താനും,
നിന്റെ ആദിമചോദനകൾക്കു ശമനം വരുത്തുവാനും.
അസാദ്ധ്യമത്രേ, ഈ ഉദ്യമം,
എന്റെ ബുദ്ധി നിന്റെ മേൽ ഞാൻ പ്രയോഗിച്ചുനോക്കി,
എന്റെ മൂഢത്വവും ഞാൻ പരീക്ഷിച്ചു,
ഒന്നും നിന്റെ മേലേശിയില്ല,
ശിക്ഷണവും പ്രലോഭനവുമൊന്നും;
പ്രാകൃതയായിത്തന്നെ നീയിരുന്നോളൂ.
*

എനിക്കാവില്ല, നിന്റെ ശീലങ്ങൾ തകർക്കാൻ,
മുപ്പതു കൊല്ലം നീ ഈവിധമായിരുന്നു,
മുന്നൂറു കൊല്ലം, മൂവായിരം കൊല്ലവും;
കുപ്പിയിൽപ്പെട്ടുപോയൊരു കൊടുങ്കാറ്റ്,
പുരുഷഗന്ധം പ്രകൃതം കൊണ്ടറിയുന്നൊരുടൽ,
പ്രകൃതം കൊണ്ടതു വന്നാക്രമിക്കുന്നു,
പ്രകൃതം കൊണ്ടു തന്നെ വിജയിക്കുന്നു.

പുരുഷൻ തന്നെക്കുറിച്ചു പറയുന്നതു വിശ്വസിച്ചുപോകരുത്,
കവിതകൾ സൃഷ്ടിക്കുന്നതു താനാണെന്ന്,
കുട്ടികളെ സൃഷ്ടിക്കുന്നതു താനാണെന്ന്.
കവിതകളെഴുതുന്നുവെങ്കിൽ അതു സ്ത്രീ തന്നെ,
പുരുഷൻ അതിനടിയിൽ തന്റെ പേരെഴുതിവയ്ക്കുന്നുവെന്നു മാത്രം,
കുട്ടികളെ ഗർഭം ധരിക്കുന്നതു സ്ത്രീ തന്നെ,
പുരുഷൻ പ്രസവാശുപത്രിയിൽ ചെന്ന്
പിതാവു താനാണെന്നൊപ്പിടുന്നതേയുള്ളു.
*

നിന്റെ പ്രകൃതം മാറ്റുക എന്റെ വരുതിയിലല്ല,
എന്റെ പുസ്തകങ്ങൾ കൊണ്ടു നിനക്കുപയോഗമില്ല,
എന്റെ ബോധ്യങ്ങൾ നിനക്കു ബോധ്യമാകുന്നുമില്ല,
എന്റെ സദുപദേശങ്ങൾ നിന്നിൽ ഫലിക്കുന്നുമില്ല;
അരാജകത്വത്തിന്റെ റാണി നീ,
ഉന്മാദത്തിന്റെയും റാണി,
ആർക്കുമവകാശമില്ലാത്തവളും നീ.
നീയങ്ങനെത്തന്നെയിരിക്കട്ടെ,
ഇരുളിൽ വളരുന്ന സ്ത്രൈണതയുടെ വൃക്ഷം നീ,
അതിനു വേണ്ട, വെയിലും വെള്ളവും.
സകല പുരുഷന്മാരെയും പ്രേമിച്ച മത്സ്യകന്യക നീ,
ആരെയും പ്രേമിച്ചതുമില്ല നീ;
സകല പുരുഷന്മാരോടൊപ്പവും ശയിച്ചവൾ നീ...
ആരോടൊത്തും ശയിക്കാത്തവളും നീ.
സകല ഗോത്രങ്ങൾക്കുമൊപ്പം പോയ
ബദൂയിൻ* പെണ്ണു നീ,
കന്യകയായി മടങ്ങിയവളും നീ.
നീയങ്ങനെത്തന്നെയിരിക്കട്ടെ.

*ബദൂയിൻ - അറേബിയന്‍ മരുഭൂമിയിലെ നാടോടികളായ ഗോത്രജനത


14. നിന്നെ പ്രേമിക്കാത്തവൻ ജന്മദേശമില്ലാത്തവനാവും


ഞാൻ നിന്നെ പ്രേമിക്കുന്നുവെങ്കിൽ
അതു ദൈവം, ദേശം, ചരിത്രം, കാലം,
ജലം, വൃക്ഷം, ചിരിക്കുന്ന നേരത്തെ കുഞ്ഞുങ്ങൾ,
അപ്പം, കടൽ, ചിപ്പികൾ, കപ്പലുകൾ,
എനിക്കതിന്റെ കടകങ്ങളെറിഞ്ഞുതരുന്ന രാത്രിതാരം,
ഞാനധിവസിക്കുന്ന കവിത,
എന്നിലധിവസിക്കുന്ന മുറിവ്-
ഇവയോടെന്നെ തളച്ചിടാന്‍.
എന്നെ ഞാനാക്കുന്ന ജന്മദേശം നീ

നിന്നെ പ്രേമിക്കാത്തവൻ...അവനു ജന്മദേശവുമില്ല.


15. ഞാനെഴുതുന്നു


ഞാനെഴുതുന്നു
വസ്തുക്കളെ പൊട്ടിത്തെറിപ്പിക്കാൻ;
എല്ലാ എഴുത്തും ഒരു സ്ഫോടനമത്രെ.
ഞാനെഴുതുന്നു
വെളിച്ചം ഇരുട്ടിനെ ജയിക്കട്ടെ എന്നതിനായി
കവിത ഒരു വിജയമാവട്ടെ എന്നതിനായി
ഞാനെഴുതുന്നു
ഗോതമ്പുകതിരുകൾ എന്നെ വായിക്കുന്നതിനായി
മരങ്ങളെന്നെ വായിക്കുന്നതിനായി
ഞാനെഴുതുന്നു
റോസാപ്പൂവെന്റെ മനസ്സറിയട്ടെ എന്നതിനായി
കിളിയും താരവും പൂച്ചയും മീനും ചിപ്പികളും നത്തക്കയും
എന്നെ മനസ്സിലാക്കട്ടെ എന്നതിനായി.

ഞാനെഴുതുന്നു
ഹൊലാക്കോയുടെ* നായത്തേറ്റകളിൽ നിന്ന്
കൂലിപ്പട്ടാളക്കാരുടെ ഭരണത്തിൽ നിന്ന്
സംഘത്തലവന്റെ ഭ്രാന്തിൽ നിന്ന്
ഈ ലോകത്തെ രക്ഷിക്കുന്നതിനായി
ഞാനെഴുതുന്നു
സ്വേച്ഛാധിപതികളുടെ അറകളിൽ നിന്ന്
മരിച്ചവരുടെ നഗരങ്ങളിൽ നിന്ന്
ബഹുഭാര്യാത്വത്തിന്റെ രാഷ്ട്രത്തിൽ നിന്ന്
ദിവസങ്ങളുടെ വൈരസ്യത്തിൽ നിന്ന്
ശൈത്യത്തിൽ നിന്ന്, ആവർത്തനത്തിൽ നിന്ന്
സ്ത്രീകളെ രക്ഷിക്കുന്നതിനായി
ഞാനെഴുതുന്നു
മതദ്രോഹവിചാരണയിൽ നിന്ന്
നായ്ക്കളുടെ മണം പിടിക്കലിൽ നിന്ന്
സെൻസർമാരുടെ കൊലമരങ്ങളിൽ നിന്ന്
ലോകത്തെ രക്ഷിക്കുന്നതിനായി.

ഞാനെഴുതുന്നു
കവിതയില്ലാത്ത, പ്രണയമില്ലാത്ത നഗരങ്ങളിൽ നിന്ന്
നൈരാശ്യത്തിന്റെയും മ്ളാനതയുടെയും നഗരങ്ങളിൽ നിന്ന്
ഞാൻ സ്നേഹിക്കുന്ന സ്ത്രീയെ രക്ഷിക്കുന്നതിനായി
അവളെ ഒരു ധൂമിലമേഘമാക്കുന്നതിനായി
ഞാനെഴുതുന്നു.

സ്ത്രീയും എഴുത്തും മാത്രമേയുള്ളു
മരണത്തിൽ നിന്നു നമ്മെ രക്ഷിക്കാൻ.

*Holako/Hulagu Khan (1218-1265)- പശ്ചിമേഷ്യ കീഴടക്കിയ മംഗോൾ രാജാവ്


16. പ്രണയത്തിന്റെ താരതമ്യങ്ങൾ


നിന്റെയപരകാമുകരെപ്പോലെയല്ല ഞാനോമനേ,
അന്യൻ നിനക്കൊരു മേഘം തന്നാൽ
മഴയാണു ഞാൻ നിനക്കു നല്കുക
അയാൾ നിനക്കൊരു റാന്തൽ തന്നാൽ
ചന്ദ്രനെ ഞാൻ നിനക്കു നല്കുക
അയാൾ നിനക്കൊരു ചില്ല തന്നാൽ
മരങ്ങളാണു ഞാൻ നിനക്കു നല്കുക
ഇനിയൊരാൾ നിനക്കൊരു നൗക തന്നാൽ
ഞാൻ നിനക്കു യാത്ര തന്നെ നല്കും.


17. ഞാൻ പ്രേമിക്കുമ്പോൾ


പ്രേമിക്കുമ്പോൾ
ഞാനാണു കാലത്തിനു നാഥനെന്നെനിക്കു തോന്നുന്നു
ഭൂമിയും അതിലുള്ളതൊക്കെയും എനിക്കു സ്വന്തമാകുന്നു
കുതിരപ്പുറമേറി സൂര്യനു നേർക്കു ഞാൻ കുതിക്കുന്നു.
*
പ്രേമിക്കുമ്പോൾ
ഞാനദൃശ്യമായൊരു ദ്രവദീപ്തിയാകുന്നു
എന്റെ നോട്ടുബുക്കുകളിലെ കവിതകൾ
തൊട്ടാവാടിയും പോപ്പിയും വളരുന്ന പാടങ്ങളാകുന്നു.
*
പ്രേമിക്കുമ്പോൾ
എന്റെ വിരലുകളിൽ നിന്നു വെള്ളം കുത്തിയൊലിക്കുന്നു
എന്റെ നാവിൽ പുല്ക്കൊടികൾ വളരുന്നു
ഞാൻ കാലത്തിനു പുറത്തുള്ള കാലമാവുന്നു.
*

ഞാനൊരു സ്ത്രീയെ പ്രേമിക്കുമ്പോൾ
മരങ്ങളെല്ലാം നഗ്നപാദരായി എന്റെ നേർക്കോടിവരുന്നു...


18. സമർപ്പണം


താരതമ്യങ്ങളില്ലാത്തൊരു സ്ത്രീയ്ക്ക്,
‘എന്റെ ശോകത്തിന്റെ നഗരം’ എന്നു വിളിപ്പേരുള്ളവൾക്ക്,
എന്റെ കണ്ണുകളിലെക്കടലിലൂടെ
ഒരു യാനം പോലെ പ്രയാണം ചെയ്യുനവൾക്ക്,
(എഴുതുമ്പോൾ) എനിക്കും എന്റെ ശബ്ദത്തിനുമിടയിൽ കടക്കുന്നവൾക്ക്,
അവൾക്കു ഞാൻ സമർപ്പിക്കുന്നു,
കവിതയുടെ രൂപത്തിൽ എന്റെ മരണം-
ഇങ്ങനെയല്ലാതെങ്ങനെ ഞാൻ പാടുമെന്നു നിങ്ങൾ കരുതി?


19. കവിതയുടെ കൂട്ടുകാരേ!


അഗ്നിവൃക്ഷമാണു ഞാൻ,
തൃഷ്ണയുടെ പൂജാരിയും,
അമ്പതു ലക്ഷം കമിതാക്കൾക്കു വക്താവും.
എന്റെ കൈകളിൽക്കിടന്നുറങ്ങുന്നു,
ആസക്തിയുടെ ഒരു ജനത.
ചിലനേരം ഞാനവർക്ക്
മാടപ്രാവുകളെയുണ്ടാക്കിക്കൊടുക്കും,
ചിലനേരം മുല്ലമരങ്ങളെയും.
സ്നേഹിതരേ!
കഠാരയുടെ അധികാരത്തിനു വഴങ്ങാത്ത
മുറിവാണു ഞാൻ!


20. പ്രണയത്തിന് ഒരറേബ്യൻ മരുന്ന്


തൊലിപ്പുറമേ ഒരു പോറലു പോലെയേയുള്ളു
നിന്റെ പ്രണയമെന്നു ഞാൻ കരുതി,
വെള്ളമോ, സ്പിരിറ്റോ കൊണ്ടു കഴുകിയാലതു പോകുമെന്നും;
കാലാവസ്ഥയിൽ വന്ന മാറ്റമാണതെന്നു ഞാൻ തർക്കിച്ചു,
ഋതുപ്പകർച്ച കൊണ്ടതു ഞാൻ വിശദീകരിച്ചു,
ഉത്കണ്ഠയെ, സൂര്യാഘാതത്തെ ഞാൻ പഴിച്ചു,
മുഖത്തു വെറുമൊരു പോറലെന്നേ...

നിന്റെ പ്രണയമൊരു പോഷകനദിയെന്നു ഞാൻ കരുതി,
പുൽമേടുകൾ വളർത്തുന്നതും, പാടങ്ങളെ നനയ്ക്കുന്നതും;
അതു പക്ഷേ എന്റെ ഉൾനാടുകളിൽ കടന്നുകയറി,
ഗ്രാമങ്ങളെ മുക്കി,
ദേശങ്ങളെ വെള്ളത്തിലാഴ്ത്തി,
എന്റെ കിടക്ക ഒഴുക്കിക്കൊണ്ടുപോയി,
എന്റെ വീടിന്റെ ചുമരുകൾ ഭേദിച്ചു,
സ്തബ്ധനായി ഞാൻ നിന്നു,
എന്റെ നാടെന്നു പറയാനെവിടെയുമില്ലാതെ.

ഒരു മേഘമൊഴുകിമാറുമ്പോലെ
നിന്റെ പ്രണയം കടന്നുപൊയ്ക്കൊള്ളുമെന്നു
ഞാനാദ്യം കരുതി,
നിന്റെ പ്രണയമൊരു കടവാണെന്നും,
ഞാനവിടെ സുരക്ഷിതനാണെന്നും,
മറ്റേതുമ്പോലെ ഈ ഇടപാടും
പരിഹൃതമായിക്കോളുമെന്നും-
കണ്ണാടിയിലെഴുതിയ പോലെ
നീ മാഞ്ഞുപോകുമെന്നു ഞാൻ കരുതി,
നാമിറക്കിയ വേരുകളെ കാലം വച്ചേക്കില്ലെന്നും,
മഞ്ഞു കൊണ്ടതിന്റെ ജീവനെ മൂടുമെന്നും.

നിന്റെ കണ്ണുകളുടെ നേർക്കെന്റെ ആവേശം
വെറും സാധാരണമെന്നു ഞാൻ കരുതി,
എന്റെ പ്രണയവചനങ്ങൾ മറ്റേതു പോലെയെന്നും;
എന്റെ ഭാവന ഇടറിയതെവിടെയെന്നു
ഞാനിപ്പോളറിയുന്നു,
നിന്റെ പ്രണയമൊരു പോറലായിരുന്നില്ല,
കൊത്തമല്ലിവെള്ളം കൊണ്ടു കഴുകിയാലതു പോകുമായിരുന്നില്ല,
പച്ചിലത്തൈലം കൊണ്ടുണങ്ങുന്ന പോറലല്ലത്,
വടക്കൻകാറ്റു വീശിയതിന്റെ തിണർപ്പുമല്ല,
എന്റെയുടലിലുറങ്ങിക്കിടന്ന ഖഡ്ഗമത്,
ആക്രമിച്ചെത്തുന്ന സൈന്യം,
ഉന്മാദത്തിലേക്കുള്ള പാതയിലെ ആദ്യഘട്ടം.


21. എനിക്കുള്ളിൽ നടക്കുന്നവൾ


എന്റെ മുഖലക്ഷണം പഠിച്ചവരിൽ
ഒരാളു പോലുമൂഹിക്കാതിരുന്നിട്ടില്ല,
നീയാണെന്റെ കാമുകിയെന്ന്;
എന്റെ കൈ നോക്കിയവരിൽ
ഒരാളു പോലും കണ്ടെത്താതിരുന്നിട്ടില്ല,
നിന്റെ പേരിന്റെ നാലക്ഷരങ്ങളേതൊക്കെയെന്ന്.
എന്തു വേണമെങ്കിലും നമുക്കു നിഷേധിക്കാം,
നമ്മൾ സ്നേഹിക്കുന്നൊരാളുടെ പരിമളമൊഴികെ;
എന്തു വേണമെങ്കിലുമൊളിപ്പിക്കാം,
നമുക്കുള്ളിൽ നടക്കുന്നൊരു സ്ത്രീയുടെ
കാൽവെയ്പ്പുകളൊഴികെ;
എന്തു വേണമെങ്കിലും വിവാദവിഷയമാക്കാം,
നിന്റെ സ്ത്രൈണതയൊന്നൊഴികെ.

നമ്മുടെയീ പോക്കുവരവുകൾക്കൊടുവിലെന്തുണ്ടാകും?
സകല കാപ്പിക്കടകൾക്കും
നമ്മുടെ മുഖം മനഃപാഠമായതില്പിന്നെ,
സകല ഹോട്ടൽരജിസ്റ്ററുകളിലും
നമ്മുടെ പേരുകൾ പതിഞ്ഞതില്പിന്നെ,
നടപ്പാതകൾക്കു നമ്മുടെ കാലടികളുടെ സംഗീതം
ചിരപരിചിതമായതില്പിന്നെ?
ലോകത്തിനു നാം തുറന്നുകിടക്കുന്നു,
കടലിനഭിമുഖമായൊരു ബാൽക്കണി കണക്കെ;
ആർക്കും നാം കാഴ്ചയാകുന്നു,
ചില്ലുഭരണിയിലെ രണ്ടു സ്വർണ്ണമത്സ്യങ്ങൾ കണക്കെ.


22. എഴുതിത്തീരാത്ത കവിത


എന്റെ പ്രണയാനുഭവങ്ങളേറ്റുപറഞ്ഞിട്ടെന്തു ഫലം?
പ്രണയത്തെക്കുറിച്ചാളുകൾ പണ്ടേ എഴുതിത്തുടങ്ങിയിരിക്കുന്നു,
ഗുഹാഭിത്തികളിലും മൺപാത്രങ്ങളിലുമവർ വരച്ചുവച്ചു,
ഇന്ത്യയില്‍ ആനക്കൊമ്പുകളിലവർ കൊത്തിവച്ചു,
ഈജിപ്തിൽ പാപ്പിറസ്സിലും,
ചൈനയിലരിമണികളിലും അവർ വരഞ്ഞുവച്ചു...
നേര്‍ച്ചകളും കാഴ്ചകളും അവരര്‍പ്പിച്ചു…

ഗുരുവല്ല, പുരോഹിതനുമല്ല ഞാൻ,
ഞാൻ വിശ്വസിക്കുന്നില്ല,
പനിനീർപ്പൂക്കൾ അവയുടെ പരിമളത്തിനു കാരണം
ലോകത്തെ ബോധിപ്പിക്കേണ്ടതുണ്ടെന്ന്.
എങ്കില്പിന്നെ ഞാനെന്തിനെക്കുറിച്ചെഴുതാൻ?
എന്റേതു മാത്രമായൊരനുഭവമാണത്,
എന്റെ ഏകാന്തതയെപ്പിളർക്കുന്ന വാളത്.
*
നിന്റെ കടലുകളിൽ യാത്ര പോകുമ്പോൾ, പ്രിയേ,
എനിക്കതിന്റെ വഴികളുമൊഴുക്കുകളുമറിയില്ലായിരുന്നു,
എന്റെ കൈയിൽ ലൈഫ്ബോട്ടുകളില്ലായിരുന്നു,
എരിയുന്ന നിന്റെ വെളിച്ചത്തിലേക്കു ഞാനടുത്തു,
ഒരു ബുദ്ധഭിക്ഷുവിനെപ്പോലെ,
എന്റെ നിയോഗത്തെ ഞാൻ തന്നെ വരിച്ചുകൊണ്ട്.
സൂര്യനു കുറുകേ എന്റെ വിലാസമെഴുതിവയ്ക്കണമെന്നേ
എനിക്കുണ്ടായിരുന്നുള്ളു,
നിന്റെ മുലകൾക്കിടയിലൊരു പാലം പണിയണമെന്നും.
*
നിന്നെ പ്രേമിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചു,
നമ്മുടെ തോപ്പിലെ ചെറിപ്പഴങ്ങൾ കനലുകൾ പോലാളുന്നത്;
കുട്ടികളുടെ ചൂണ്ടക്കൊളുത്തുകളിൽ നിന്നൂരിപ്പോന്ന മത്സ്യങ്ങൾ
മുട്ടയിടാനായി നമ്മുടെ തീരത്തു കുടിയേറുന്നതും.
സൈപ്രസ് മരങ്ങൾക്കു കിളരം വച്ചു,
ജീവിതം ബൃഹദാകാരം പൂണ്ടു,
ദൈവമൊടുവിൽ
ഭൂമിലേക്കു മടങ്ങുകയും ചെയ്തു.
*
നിന്നെ പ്രേമിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചു,
വർഷത്തിൽ പത്തു തവണ വേനൽ വരുന്നതും,
പാടത്തോരോനാളും ഗോതമ്പു കതിരിടുന്നതും,
നമ്മുടെ നഗരത്തിൽ നിന്നോടിപ്പോയ ചന്ദ്രൻ
മടങ്ങിവന്നൊരു വീടും കിടക്കയും വാടകയ്ക്കെടുക്കുന്നതും,
പഞ്ചാരയും ചോമ്പും വാറ്റിയ ചാരായം
അതിരുചികരമാവുന്നതും.
*
നമ്മുടെ പ്രണയത്തെക്കുറിച്ചെഴുതാൻ നോക്കുമ്പോൾ
നരകയാതന ഞാനനുഭവിച്ചു,
ഒരു കടലിന്റെ ഭാരമാകെ
മുതുകത്തു ഞാനറിഞ്ഞു,
യുഗങ്ങളായി കയങ്ങളിൽ പെട്ടുപോയവരേ
ആ ഭാരമറിഞ്ഞിട്ടുമുള്ളു.
*
നിന്റെ പ്രണയത്തെക്കുറിച്ചു ഞാനെന്തെഴുതാൻ, പ്രിയേ?
ഒരു പ്രഭാതത്തിലുറക്കമുണരുമ്പോൾ
ഞാനൊരു രാജാവായെന്നതേ
എനിക്കോർമ്മയുള്ളു.
*
പ്രണയപ്പറവകൾ
രണ്ടുവട്ടം പറക്കാറില്ലെന്നൊന്നു മനസ്സിലാക്കൂ.
പ്രണയമെന്ന സഞ്ചാരി
ഒരിക്കൽ മാത്രം വിരുന്നിനെത്തും...
പിന്നെ മടങ്ങിപ്പോകും.
*


23. നിന്റെ ഉടലു വായിച്ച് ഞാൻ പഠിക്കുന്നു


വെള്ളത്തിൽ കുളിച്ച നിന്റെ മുലകളും
വെള്ളത്തിനായി പോരടിക്കുന്ന ഗോത്രങ്ങളും തമ്മിലുള്ള
നിത്യവർത്തമാനം മുടങ്ങിയ നാൾ
അന്നാളവസാനിച്ചു നമ്മുടെ സുവർണ്ണകാലം
അന്നാളു തുടങ്ങി ജീർണ്ണതയുടെ കാലം.
മഴമേഘങ്ങൾ പണി മുടക്കി
ഇനി അഞ്ഞൂറു കൊല്ലത്തേക്കു പെയ്യില്ലെന്നവ പറഞ്ഞു
വസന്തകാലപ്പറവകൾ പണി മുടക്കി പറക്ക നിർത്തിവച്ചു
കതിർക്കുലകൾ പ്രജനനത്തിൽ നിന്നു പിൻവാങ്ങി
പുഷ്ടമായ ചന്ദ്രക്കലയോ
ക്രൂഡോയിലു നിറച്ച കുപ്പിയുടെ പരുവത്തിലുമായി.

നിന്റെ കൂടാരത്തിന്റെ വാതിൽക്കൽ

ഒരു റോസാപ്പൂവും ഒരു കവിതയും വച്ചുപോന്നുവെന്ന കുറ്റത്തിന്‌
എന്നെ ഗോത്രത്തിൽ നിന്നു പുറത്താക്കിയ നാൾ
അന്നാളവസാനിച്ചു നമ്മുടെ സുവർണ്ണകാലം
അന്നാളു തുടങ്ങി നമ്മുടെ ജീർണ്ണതയുടെ കാലം.
വൃത്തവും വ്യാകരണവുമറിയുന്ന കാലം
സ്ത്രീത്വത്തെക്കുറിച്ചൊരു ചുക്കുമറിയാത്ത കാലം
ദേശസ്മൃതിയിൽ നിന്ന്
സ്ത്രീകളുടെ പേരുകൾ മായ്ച്ചുകളഞ്ഞ കാലം.

എന്തു മാതിരി നാടാണിതെന്റെയോമനേ?
ഒരു നാറിപ്പോലീസിനെപ്പോലെ പ്രേമത്തിനു കാവലിരിക്കുക
വ്യവസ്ഥിതിക്കെതിരായുള്ള ഗൂഢാലോചനയാണ്‌
ഒരു റോസാപ്പൂവെന്നു കരുതുക
ഒളിപ്പോരുകാരുടെ ലഘുലേഖയാണ്‌
കവിതയെന്നെടുക്കുക
എന്തു മാതിരി നാടാണിത്?
മഞ്ഞിച്ചൊരു വെട്ടുകിളിയെപ്പോലെ
പള്ളയ്ക്കിഴഞ്ഞെത്തുക
കടലിൽ നിന്നുൾക്കടലിലേക്ക്, തിരിച്ചും
പകൽ പുണ്യവാനെപ്പോലെ സംസാരിക്കുക
രാത്രിയിൽ ഒരു പെണ്ണിന്റെ പൊക്കിൾക്കുഴി കണ്ടു വെള്ളമൊലിപ്പിക്കുക.

എന്തു മാതിരി നാടാണിത്?
പാഠ്യപദ്ധതിയിൽ നിന്ന് പ്രേമത്തെ വെട്ടിക്കളയുക
കവിതയും സ്ത്രീകളുടെ കണ്ണുകളിലെ നിഗൂഢതയും.
എന്തു മാതിരി നാടാണിത്?
ഓരോ മഴമേഘത്തോടും യുദ്ധത്തിനു ചെല്ലുക
ഓരോ മുലയുടെ പേരിലും കേസുഡയറി തുറക്കുക
ഓരോ റോസാപ്പൂവിന്റെ പേരിലും
പോലീസുറിപ്പോർട്ടു തയാറാക്കുക.

ഈ നാടിനെ നമ്മളെന്തു ചെയ്യണമോമനേ?
സ്വന്തമുടലിനെ കണ്ണാടിയിൽ കാണാൻ ഭയമാണതിന്‌
തന്നെയതു വശീകരിച്ചാലോയെന്ന്
ഫോണിൽ പെണ്ണിന്റെ ശബ്ദം കേട്ടാൽ ഭയമാണതിന്‌
ആ കാതു വച്ചു പിന്നെ ഓത്തു കേൾക്കുന്നതെങ്ങിനെയെന്ന്.

കളിപ്പാട്ടം പോലെ
എന്നെ ആശ്ചര്യപ്പെടുത്തുകയാണു നീയോമനേ.
നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ
സംസ്കാരമുള്ളവനായെന്നായി ഞാൻ.
നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ
എന്റെ കവിതകൾക്കു ചരിത്രമുണ്ടെന്നുമായി.
നിനക്കു മുമ്പ് കാലമുണ്ടായിരുന്നില്ല
നിനക്കു പിമ്പതു ശകലങ്ങളുമായി.
ഞാൻ നിന്റെയൊപ്പം ചേർന്നതെന്തിനെന്നു ചോദിക്കരുതേ
അതു പുറമ്പോക്കിൽ നിന്നെനിക്കൊന്നു പുറത്തു കടക്കാൻ
ദാഹത്തിന്റെ രാഷ്ട്രത്തിൽ നിന്നു കൂറു മാറാൻ
തെണ്ടിനടപ്പിന്റെ ശീലങ്ങളും മാറ്റിയെടുക്കാൻ
ഒരു മരത്തിന്റെ തണലത്തൊന്നിരിക്കാൻ
ചോലവെള്ളത്തിലൊന്നു മുങ്ങിനിവരാൻ
പൂക്കളുടെ പേരുകൾ മനപ്പാഠമാക്കാൻ.

എഴുത്തും വായനയും നീ പഠിപ്പിച്ചാൽ മതിയെനിക്ക്
നിന്റെ ഉടലിൽ ഹരിശ്രീയെഴുതണം സംസ്ക്കാരത്തിലെത്താൻ
നിന്റെയുടലിന്റെ നോട്ടുബുക്കുകൾ വായിക്കാത്തവനോ
അക്ഷരശൂന്യനായി കാലവും കഴിയ്ക്കും.


24. ഒരവധിക്കാലമെടുക്കാൻ...


എന്നിൽ കുടിയേറിയ സ്ത്രീയേ,
ഒരവധിക്കാലമെടുക്കാനെന്നെ നീയനുവദിക്കുമോ,
അന്യരെപ്പോലെ മലകളിലൊരൊഴിവുനാളാസ്വദിക്കാൻ?
പട്ടു കൊണ്ടൊരു സ്പാനിഷ് വിശറിയാണു മലകൾ,
അതിലെഴുതിയിരിക്കുന്നു നിന്റെ ചിത്രം.
കടൽക്കാക്കകളെപ്പോലെ പറന്നെത്തുന്നു നിന്റെ കണ്ണുകൾ,
ഒരു നീലനോട്ടുബുക്കിന്റെ താളുകളിൽ നിന്നു
ചിറകെടുക്കുന്ന വാക്കുകൾ പോലെ.
എന്റെ ഓർമ്മയെ നീയനുവദിക്കുമോ,
നിന്റെ പരിമളത്തിന്റെ കോട്ട തകർത്തു
തുളസിയും പുതിനയുമൊന്നു മണക്കാൻ?
വേനലിന്റെ മട്ടുപ്പാവിലിരിക്കാനെന്നെ നീയനുവദിക്കുമോ,
കോണി കയറിയെത്തുന്ന നിന്റെ ശബ്ദം കേൾക്കാതെ?


25. നീ പിരിഞ്ഞുപോകുമ്പോൾ കാലം നിന്നോടൊപ്പം പോകുന്നു


നിന്റെ മുഖത്തെ തെരുവുകളിലൂടെ
ഞാനലഞ്ഞു,
ഒരുകാലമെന്റെ കാമുകിയായിരുന്നവളേ.
ആളുകളോടു ഞാൻ ചോദിച്ചു,
ഞാൻ താമസിച്ച ആ പഴയ ഹോട്ടലെവിടെയെന്ന്,
ഞാൻ പത്രം വാങ്ങിയിരുന്ന പീടികയെവിടെയെന്ന്,
ഒരിക്കലുമെനിക്കടിക്കാതെപോയ ഭാഗ്യക്കുറികളെക്കുറിച്ചും.
ഹോട്ടൽ ഞാൻ കണ്ടെത്തിയില്ല,
ഞാൻ പത്രം വാങ്ങിയ പീടികയും.
നീ പോയതിൽപ്പിന്നെ
പത്രങ്ങളടിച്ചിട്ടില്ലെന്നു ഞാനറിഞ്ഞു,
നഗരവും അതിന്റെ നടപ്പാതകളും സ്ഥലം മാറിപ്പോയെന്നും,
സൂര്യനതിന്റെ മേൽവിലാസം മാറ്റിയെന്നും,
വേനൽക്കാലത്തു നാം വാടകയ്ക്കെടുത്ത നക്ഷത്രങ്ങൾ
വിറ്റുപോയെന്നും.
മരങ്ങളെവിടെയ്ക്കോ പോയിരിക്കുന്നു.
കിളികൾ തങ്ങളുടെ കുഞ്ഞുങ്ങളും
തങ്ങളുടെ പാട്ടുകളുമായി
ദേശാടനം പോയിരിക്കുന്നു.
കടൽ തന്റെ തിരകളിൽ തലതല്ലി
ജീവനൊടുക്കുകയും ചെയ്തു.
*
എന്റെ ചർമ്മത്തിൽ വേരുകളാഴ്ത്തിയ സ്ത്രീയേ,
ഇനിയുമെന്റെയുള്ളിലെക്കു വളർന്നിറങ്ങരുതേ.
എന്നെത്തുണയ്ക്കൂ,
നാമൊരുമിച്ചു വളർത്തിയെടുത്ത
കൊച്ചുകൊച്ചുശീലങ്ങളിൽ നിന്നു
പുറത്തുപോരാൻ,
ജനാലവിരികളിൽ നിന്ന്,
പുസ്തകഷെല്ഫുകളിൽ നിന്ന്,
ചില്ലുപൂപ്പാത്രങ്ങളിൽ നിന്ന്
നിന്റെ പരിമളമടർത്തിയെടുക്കാൻ.
എന്നെത്തുണയ്ക്കൂ,
സ്കൂളിലെന്നെ വിളിച്ചിരുന്ന
പേരോർമ്മിച്ചെടുക്കാൻ.
എന്നെത്തുണയ്ക്കൂ,
നിന്റെ ഉടലിന്റെ വടിവെടുക്കും മു-
മ്പെന്റെ കവിതകളുടെ രൂപമോർമ്മിക്കാൻ.
എന്നെത്തുണയ്ക്കൂ,
മറ്റൊരു സ്ത്രീയോടും പറയാനരുതാത്ത
എന്റെ ഭാഷ വീണ്ടെടുക്കാൻ.
*
നിന്റെ ശബ്ദത്തിന്റെ
മഴ വീഴുന്ന ഇടത്തെരുവുകളിൽ
ഒരു കുട തേടി ഞാനലഞ്ഞു.
ഞാൻ കൈയിലെടുത്തിരുന്നു,
ഞാൻ നിന്നെ സ്നേഹിച്ച
നഗരത്തിന്റെ ഭൂപടം,
നാമൊരുമിച്ചു ചുവടു വച്ച
നിശാനൃത്തശാലകളുടെ പേരുകളും.
പോലീസുകരെന്നെപ്പക്ഷേ
കളിയാക്കുകയായിരുന്നു,
അവരെന്നോടു പറയുകയായിരുന്നു,
ഞാനന്വേഷിച്ചുനടക്കുന്ന നഗരം
പത്താം നൂറ്റാണ്ടിലേ
കടലെടുത്തുപോയെന്ന്.


26. സ്ത്രീ, ദൈവത്തിന്റെ ജ്ഞാനം


ആർദ്രത നിന്റെ കണ്ണുകളിലലിയുന്നു,
ജലവലയങ്ങളെന്നപോലെ.
കാലം, സ്ഥലം, പാടങ്ങൾ,
വീടുകൾ, കടലുകൾ, കപ്പലുകൾ
ഒക്കെയുമപ്രത്യക്ഷമാവുന്നു.
ഒരുടഞ്ഞ പൂപ്പാത്രം പോലെ
എന്റെ മുഖം നിലത്തു വീഴുന്നു;
ഒരു സ്ത്രീയതു വാങ്ങുമെന്ന സ്വപ്നവുമായി
ഞാനതുമെടുത്തു നടക്കുകയായിരുന്നു.
മ്ളാനമുഖങ്ങൾ സ്ത്രീകൾ വാങ്ങാറില്ലെന്ന്
പിന്നെയാണ്‌ ഞാനറിഞ്ഞത്.
*
ഇനിയെന്തു പറയണമെന്നറിയാത്ത ഘട്ടത്തിൽ
നാമെത്തിയിരിക്കുന്നു.
എല്ലാ വിഷയങ്ങളും ഒന്നുതന്നെയാവുന്നു
പൂർവ്വതലം പശ്ചാത്തലത്തിൽ ലയിക്കുന്നു.
നൈരാശ്യത്തിന്റെ നെറുകയിൽ നാമെത്തിയിരിക്കുന്നു,
അവിടെ ആകാശം ഒരു വെടിയുണ്ട,
ആശ്ളേഷം ഒരു തിരിച്ചടി,
രതി അതികഠിനമായ ശിക്ഷയും.
*
ഇനിയെന്നെ പ്രേമിക്കുന്നുവെങ്കിൽ
അതു നിന്റെയിഷ്ടം.
എനിക്കറിയില്ല,
പൂഴിക്കടിയിൽ ജലമൂറുന്നതെപ്പോഴെന്ന്
നിന്റെ ചുണ്ടുകൾ വായിച്ചു പ്രവചിക്കാൻ,
ഏതു മാസത്തിലാണു നീ
കൂടുതൽ സമൃദ്ധയും ഉർവ്വരയുമാകുന്നതെന്ന്,
പ്രണയമെന്ന കൂദാശക്കായി
നീ തയാറാകുന്നതേതു നാളെന്നും.


27. ഞാൻ നിന്നെ സ്നേഹിക്കുന്നു...എന്നു ഞാൻ പറയും


ഞാൻ നിന്നെ സ്നേഹിക്കുന്നു...എന്നു ഞാൻ പറയും,
പഴകിയ പ്രണയഭാഷകളെല്ലാം മരിച്ചതില്പിന്നെ,
കമിതാക്കൾക്കു ചെയ്യാനും പറയാനുമായി
യാതൊന്നും ശേഷിക്കാതായതില്പിന്നെ;
ഈ ലോകത്തെ കല്ലുകൾ മാറ്റുക
എന്ന എന്റെ ദൗത്യം പിന്നെ തുടങ്ങുകയായി.
*

നിന്നെ ഞാൻ സ്നേഹിക്കുന്നു...എന്നു ഞാൻ പറയും,
നിനക്കർഹമാണെന്റെ വാക്കുകൾ
എന്നെനിക്കു തോന്നിയാൽ,
നിന്റെ കണ്ണുകൾക്കും
എന്റെ നോട്ടുബുക്കുകൾക്കുമിടയിലെ ദൂരമില്ലാതായാൽ;
അതു ഞാൻ പറയും,
എന്റെ ബാല്യത്തെ, എന്റെ കുതിരകളെ,
എന്റെ സൈന്യത്തെ, എന്റെ കടലാസ്സുവഞ്ചികളെ
ആവാഹിച്ചുവരുത്താനെനിക്കായാൽ,
ബയ്റൂത്തിലെ കടലോരത്തു വച്ചു
നിനക്കു തളർച്ച തോന്നിയ,
എന്റെ വിരലുകളിൽ കിടന്നൊരു മത്സ്യത്തെപ്പോലെ
നീ പിടഞ്ഞ,
ഗ്രീഷ്മതാരങ്ങൾ നെയ്തെടുത്തൊരു വിരിപ്പു കൊണ്ടു
ഞാൻ നിന്നെ പുതപ്പിച്ച,
ആ നീലിച്ച നേരം വീണ്ടെടുക്കാനെനിക്കായാൽ.
*

നിന്നെ ഞാൻ സ്നേഹിക്കുന്നു...എന്നു ഞാൻ പറയും,
എന്റെ സ്കിസോഫ്രേനിയ ഭേദമാവുകയും
ഞനൊറ്റവ്യക്തിയാവുകയും ചെയ്തുകഴിഞ്ഞാൽ.
ഞാനതു പറയും,
നഗരവും എനിക്കുള്ളിലെ മരുഭൂമിയും
രഞ്ജിപ്പിലെത്തിയാൽ,
എന്റെ ചോരയിൽ നിന്നു ഗോത്രങ്ങളെല്ലാം വിട്ടുപോയാൽ,
എന്റെയുടലിൽ പച്ച കുത്തിയ നീലമുദ്രണങ്ങളിൽ നിന്നു
ഞാൻ മുക്തനായാൽ,
സ്ത്രീയായതിന്റെ പേരിൽ
എമ്പതു വട്ടം നിന്നെ ചാട്ടവാറിനടിക്കാനെന്നോടു പറഞ്ഞ,
മുപ്പതുകൊല്ലം ഞാനനുസരിച്ച,
അറേബ്യൻ പ്രത്യൗഷധങ്ങളിൽ നിന്നു
ഞാൻ സ്വതന്ത്രനായാൽ.
ഞാൻ നിന്നെ സ്നേഹിക്കുന്നു...
എന്നു ഞാൻ പറഞ്ഞില്ലെന്നും വരാം.
ഒരു പൂവു മൊട്ടിട്ടു വിടർന്നുവാരാൻ
ഒമ്പതു മാസമെടുക്കുന്നു.
ഒരു നക്ഷത്രത്തിനു പിറവി കൊടുക്കാൻ
രാത്രി കഠിനയാതന തിന്നുന്നു.
ഒരു പ്രവാചകനെ സൃഷ്ടിക്കാൻ
മനുഷ്യരാശി ഒരായിരം കൊല്ലം കാത്തിരിക്കുന്നു.
എങ്കിലെന്തുകൊണ്ടു നിനക്കു കാത്തിരുന്നുകൂടാ,
എന്റെ കാമുകിയാവാൻ.


2018, ജൂൺ 22, വെള്ളിയാഴ്‌ച

നിസാര്‍ ഖബ്ബാനി - അറേബ്യന്‍ പ്രണയകവിതകള്‍ - 1


Nizar_Kabbani_-_1935


1. ഉല്പത്തിക്കവിത


ആദിയിൽ കവിതകളുണ്ടായിരുന്നു.
മുണ്ഡനം ചെയ്ത പരപ്പൻഗദ്യമായിരുന്നു
അന്നപവാദമെന്നു ഞാൻ കരുതുന്നു.
ആദിയ്ക്കുമാദിയിൽ ആഴ്ന്നും പരന്നും കടലുണ്ടായിരുന്നു
ഉണങ്ങിയ കരയായിരുന്നു അന്നപവാദമായിത്തോന്നിയത്.
ആദിയിൽ മുലകളുടെ സമൃദ്ധമായ വളവുകളുണ്ടായി,
അതിലും പരന്ന വടിവുകൾ അന്നപവാദങ്ങളായിരുന്നു.
ആദിയ്ക്കുമാദിയിൽ നീയുണ്ടായിരുന്നു, നീ മാത്രം,
അതിൽപ്പിന്നെ മറ്റു സ്ത്രീകളുമുണ്ടായിവന്നു.


2. കടൽപ്രണയത്തെക്കുറിച്ച്


ഞാൻ നിന്റെ കടൽ,
വരാനുള്ള പ്രയാണത്തെക്കുറി-
ച്ചെന്നോടു ചോദിക്കേണ്ട.
നീയിതുമാത്രം ചെയ്യുക,
നിന്റെ ഭൗമചോദനകൾ മറക്കുക,
കടലിന്റെ നിയമങ്ങൾ പാലിക്കുക,
ഒരു ഭ്രാന്തൻമത്സ്യത്തെപ്പോലെ
എന്നിൽത്തുളഞ്ഞുകേറുക,
നുറുങ്ങുകളാക്കിപ്പിളർക്കുക,
തോണിയെ,
ചക്രവാളത്തെ,
എന്റെ ജീവിതത്തെ.


3. കുട്ടിയുടെ കുത്തിക്കുറിയ്ക്കലുകൾ


എന്റെ പിഴ, എന്റെ വലിയ പിഴ,
കണ്ണുകൾ കടലുകളായ റാണീ,
ഒരു ശിശുവിനെപ്പോലെ
നിന്നെ സ്നേഹിച്ചുവെന്നതായിരുന്നു.
(ലോകത്തേറ്റവും വലിയ കാമുകർ
ശിശുക്കളുമാണല്ലോ.)

ഞാനാദ്യം ചെയ്ത അബദ്ധം
(അതവസാനത്തേതുമല്ല)
വിസ്മയത്തിന്റെ രുചിയറിഞ്ഞത്
നാവിൽ കൊണ്ടുനടന്നതായിരുന്നു,
ദിനരാത്രങ്ങളുടെ സരളവ്യാപ്തിയാൽത്തന്നെ
വിസ്മയപ്പെടാൻ തയാറായതായിരുന്നു

സ്നേഹിച്ച ഓരോ സ്ത്രീയും
ആയിരം നുറുങ്ങായി എന്നെ നുറുക്കാൻ,
തുറന്ന നഗരം പോലെന്നെ മാറ്റാൻ,
ധൂളി പോലെന്നെ പിന്നിൽ വിട്ടുപോകാൻ
ഞാൻ നിന്നുകൊടുത്തതായിരുന്നു.

എന്റെ ദൗർബല്യം
ഒരു ശിശുവിന്റെ യുക്തി വച്ച്
ലോകത്തെ നോക്കിക്കണ്ടുവെന്നതായിരുന്നു.
ഞാൻ ചെയ്ത അബദ്ധം
ഗുഹയിലൊളിച്ചിരുന്ന പ്രണയത്തെ
തുറസ്സിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നതായിരുന്നു,
എന്റെ നെഞ്ചിനെ
സർവകാമുകർക്കുമായിത്തുറന്ന ദേവാലയമാക്കിയതും.


4. വീട്ടുതടങ്കലിലായ പ്രണയം


നിന്നെ വിട്ടുപോകാനെനിക്കനുവാദം തരേണമേ,
എന്തെന്നാൽ,
വെള്ളമായി മാറില്ലെന്നു ഞാൻ കരുതിയ ചോര
വെള്ളമായി മാറിയിരിക്കുന്നു,
ഉടയാത്ത നീലച്ചില്ലെന്നു ഞാൻ കരുതിയ ആകാശം
ഉടഞ്ഞുപോയിരിക്കുന്നു,
സ്പാനിഷ് ലോലാക്കു പോലെ
നിന്റെ കാതിൽ ഞാൻ ഞാത്തിയ സൂര്യൻ
മണ്ണിൽ വീണു ചിതറിപ്പോയിരിക്കുന്നു,
നീയുറങ്ങുമ്പോൾ നിന്നെ ഞാൻ പുതപ്പിച്ചിരുന്ന വാക്കുകൾ
വിരണ്ട പറവകളെപ്പോലെ പറന്നുപോവുകയും ചെയ്തു.


5. ഞാൻ നിന്നെ പ്രേമിക്കുമ്പോൾ


ഞാൻ നിന്നെ പ്രേമിക്കുമ്പോൾ

ഒരു പുതുഭാഷ മുളയെടുക്കുന്നു,

പുതുനഗരങ്ങൾ, പുതുദേശങ്ങൾ കണ്ടെടുക്കപ്പെടുന്നു.

നായ്ക്കുട്ടികളെപ്പോലെ നാഴികകൾ ശ്വാസമെടുക്കുന്നു,

പുസ്തകത്താളുകൾക്കിടയിൽ ഗോതമ്പുകതിരുകൾ വളരുന്നു,

തേനിറ്റുന്ന വാർത്തകളുമായി.

നിന്റെ കണ്ണുകളിൽ പറവകൾ ചിറകെടുക്കുന്നു.

ഹിന്ദുസ്ഥാനത്തെ സുഗന്ധവ്യഞ്ജനങ്ങളും പേറി.

നിന്റെ മാറിൽ നിന്നു വർത്തകസംഘങ്ങൾ യാത്രയാവുന്നു

ചുറ്റും മാമ്പഴങ്ങൾ പൊഴിയുന്നു,

കാടിനു തീപ്പിടിയ്ക്കുന്നു,

നൂബിയായിലെ പെരുമ്പറകളും കേൾക്കാകുന്നു.

ഞാൻ നിന്നെ പ്രേമിക്കുമ്പോൾ

നിന്റെ മുലകൾ നാണം കുടഞ്ഞുകളയുന്നു,

ഇടിമിന്നലുകളാവുകയാണവ,

വാളും മണല്ക്കാറ്റുമാവുകയാണവ.

ഞാൻ നിന്നെ പ്രേമിക്കുമ്പോൾ

അറേബ്യന്‍നഗരങ്ങൾ പിടഞ്ഞെഴുന്നേല്ക്കുന്നു,

അടിച്ചമർത്തലിന്റെ യുഗങ്ങൾക്കെതിരെ കലഹിക്കുന്നു,

ഗോത്രപ്രമാണങ്ങൾക്കെതിരെ കലഹിക്കുന്നു.

നിന്നെ പ്രേമിക്കുമ്പോൾ പട നയിക്കുകയാണു ഞാൻ,

വൈരൂപ്യത്തിനെതിരെ,

ഉപ്പിന്റെ രാജാക്കന്മാർക്കെതിരെ*,

മരുഭൂമിയെ കീഴമർത്തുന്ന ചിട്ടവട്ടങ്ങൾക്കെതിരെ.

നിന്നെ പ്രേമിച്ചുകൊണ്ടേയിരിക്കും ഞാൻ,

ആ മഹാപ്രളയമെത്തും വരെയും.

*ഉല്പത്തിപുസ്തകത്തില്‍ ദൈവകോപത്തിനിരയായ നഗരങ്ങള്‍


6. വാക്കുകൾ കൊണ്ടു കാലത്തെ


വാക്കുകൾ കൊണ്ടു ഞാൻ കാലത്തെ കീഴടക്കുന്നു,

ക്രിയകളെ, നാമങ്ങളെ, പദഘടനയെ,

മാതൃഭാഷയെ ഞാൻ കീഴടക്കുന്നു. 

കാര്യങ്ങളുടെ തുടക്കങ്ങൾ ഞാൻ മായ്ച്ചുകളയുന്നു,

ജലത്തിന്റെ സംഗീതം അഗ്നിയുടെ സന്ദേശമടങ്ങിയ

മറ്റൊരു ഭാഷയാൽ

വരുംകാലത്തെ ഞാൻ  വെളിച്ചപ്പെടുത്തുന്നു.

നിന്റെ കണ്ണുകളിൽ കാലത്തെ ഞാൻ പിടിച്ചുനിരത്തുന്നു,

ഈ മുഹൂർത്തത്തെ കാലത്തിൽ നിന്നു വേർപെടുത്തുന്ന വര

ഞാന്‍ മായ്ച്ചും കളയുന്നു.


7. നാവികഗീതം


നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
ശ്രുതി ചേർന്ന വെളിച്ചങ്ങളുടെ മഴ പാറുന്നു,
വിഭ്രാന്തസൂര്യന്മാരും വഞ്ചിപ്പായകളും
അനന്തതയിലേക്കുള്ള പ്രയാണത്തിന്റെ ചിത്രമെഴുതുന്നു.

നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
പുറംകടൽ കാണുന്നൊരു ജാലകം തുറക്കുന്നു,
ഇനിയും പിറക്കാത്ത തുരുത്തുകൾ തേടി

കിളികളകലങ്ങൾ നോക്കിപ്പറക്കുന്നു.

നിന്റെ കണ്ണുകളുടെ നീലക്കടവത്ത്

ഈയുഷ്ണകാലത്തും പുതുമഞ്ഞു പൊഴിയുന്നു,

വൈഡൂര്യത്തിന്റെ കേവു കേറ്റിയ നൗകകൾ

കടലിനു മേല്‍കമിഴ്ന്നുവീഴുന്നു.


നിന്റെ കണ്ണുകളുടെ നീലക്കടവത്ത്

കടൽമണം പിടിച്ചൊരു കുട്ടിയെപ്പോലെ

പാറകളിൽക്കയറി ഞാനോടുന്നു,

ചിറകു കുഴഞ്ഞ കിളിയെപ്പോലെ മടങ്ങുന്നു.

നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
രാത്രിയിൽ ശിലകളീണമിടുന്നു.
നിന്റെ കണ്ണുകളുടെ അടഞ്ഞ പുസ്തകത്തിൽ
ഒരായിരംകവിതകളാരൊളിപ്പിച്ചു?

ഞാൻ, ഞാനൊരു നാവികനായിരുന്നെങ്കിൽ,
ഒരാളെനിക്കൊരു വഞ്ചി തന്നിരുന്നുവെങ്കിൽ,
ഓരോരോ സന്ധ്യയിലും ഞാൻ പായ  വിരുത്തിയേനെ,
നിന്റെ കണ്ണുകളുടെ നീലക്കടവത്ത്.


8. നാടകാഭിനയം


അന്യർക്കു മുന്നിൽ നിന്നു ഞാൻ പറയുന്നു,
നീയെന്റെ കാമുകിയല്ലെന്ന്;
ഉള്ളിന്റെയുള്ളിലെനിക്കറിയാം,
എന്തു നുണയനാണു ഞാനെന്ന്;
നാം തമ്മിലൊന്നുമില്ലെന്നു ഞാൻ വാദിക്കുന്നു,
നമുക്കൊരുപദ്രവം വരരരുതെന്നതിലേക്കു മാത്രമായി;
കേൾക്കാനിമ്പമുള്ളതെങ്കിലും
പ്രണയാഭ്യൂഹങ്ങൾ ഞാൻ നിഷേധിക്കുകയും ചെയ്യുന്നു.
മനോഹരമായ ചരിത്രത്തെ
ഞാൻ തട്ടിനിരപ്പാക്കുന്നു.
ഒരു വിഡ്ഢിയെപ്പോലെ
ഞാനെന്റെ നിരപരാധിത്വം തുറന്നുപറയുന്നു,
എന്റെ തൃഷ്ണകളെ കൊലയ്ക്കു കൊടുക്കുന്നു,
ഞാനൊരവധൂതനാവുന്നു,
എന്റെ പരിമളത്തെ കൊല്ലുന്നു,
നിന്റെ കണ്ണുകളുടെ സ്വർഗ്ഗത്തിൽ നിന്നു
മനഃപൂർവം ഞാനോടിയൊളിക്കുന്നു,
കോമാളിവേഷം കെട്ടുന്നു ഞാൻ പ്രിയേ,
അതിലും തോറ്റു ഞാൻ മടങ്ങുന്നു.
രാത്രിയെങ്ങനെയതിന്റെ നക്ഷത്രങ്ങളൊളിപ്പിക്കും,
വേണമെന്നു വച്ചാലും?
കടലെങ്ങനെയതിന്റെ യാനങ്ങളൊളിപ്പിക്കും,
വേണമെന്നു വച്ചാലും?


9. ദൈവത്തിനോടുള്ള ചോദ്യങ്ങൾ


എന്റെ ദൈവമേ!
പ്രേമിക്കുമ്പോൾ ഞങ്ങളെ കീഴടക്കുന്നതെന്ത്?
ഞങ്ങളുടെയുള്ളിന്റെയുള്ളിൽ സംഭവിക്കുന്നതെന്ത്?
ഞങ്ങളിലുടയുന്നതെന്ത്?
പ്രേമിക്കുമ്പോൾ ഞങ്ങൾ ബാല്യത്തിലേക്കു തിരിച്ചുപോകുന്നതെങ്ങനെ?
ഒരു തുള്ളി വെള്ളം ഒരു സമുദ്രമാകുന്നതെങ്ങനെ,
ഈന്തപ്പനകൾക്കു കിളരം കൂടുന്നതും
കടൽവെള്ളം മധുരിക്കുന്നതുമെങ്ങനെ?
ഞങ്ങൾ പ്രേമിക്കുമ്പോൾ
സൂര്യനൊരനർഘവജ്രമാകുന്നതെങ്ങനെ?

എന്റെ ദൈവമേ:
പ്രണയം വന്നപ്രതീക്ഷിതമായി ഞങ്ങളെ പ്രഹരിക്കുമ്പോൾ
ഞങ്ങളിൽ നിന്നൂർന്നുപോകുന്നതെന്ത്?
ഞങ്ങൾക്കുള്ളിൽ പിറന്നുവീഴുന്നതെന്ത്?
മുഗ്ധരും നിഷ്കളങ്കരുമായ വിദ്യാർത്ഥികളായി
ഞങ്ങൾ മാറിപ്പോകുന്നതെന്തുകൊണ്ട്?
എന്തുകൊണ്ടാണ്‌ ഞങ്ങളുടെ കാമുകി ചിരിക്കുമ്പോൾ
ലോകത്തു മുല്ലപ്പൂക്കൾ പൊഴിയുന്നത്?
ഞങ്ങളുടെ കാൽമുട്ടിൽ മുഖമമർത്തി അവൾ തേങ്ങുമ്പോൾ
ലോകമൊരു ശോകപ്പക്ഷിയായിപ്പോകുന്നത്?

എന്റെ ദൈവമേ:
എന്തു പേരാണതിനെ വിളിക്കുക,
നൂറ്റാണ്ടുകളായി മനുഷ്യരെ കൊല്ലുന്ന,
കോട്ടകൾ കീഴടക്കുന്ന,
വമ്പന്മാരെ മുട്ടുകാലിൽ വീഴ്ത്തുന്ന,
കാതരമനസ്സുകളെ ഉരുക്കുന്ന ആ പ്രണയത്തിനെ?
ഞങ്ങളുടെ കാമുകിയുടെ മുടിപ്പിന്നലൊരു
പൊൻകിടക്കയാതെങ്ങനെ,
അവളുടെ ചുണ്ടുകൾ വീഞ്ഞും മുന്തിരിയുമായതും?
കനലിൽക്കൂടി നടന്നിട്ടതിൽ ഞങ്ങളാനന്ദം കൊള്ളുന്നതെങ്ങനെ?
ലോകം വെന്ന രാജാക്കന്മാരായിട്ടും
പ്രേമിക്കുമ്പോൾ ഞങ്ങൾ തടവുകാരാവുന്നതെങ്ങനെ?
കഠാര പോലെ ഞങ്ങളിലേക്കിറങ്ങുന്ന പ്രണയത്തെ
ഞങ്ങളെന്തു വിളിയ്ക്കും?
അതൊരു തലവേദനയോ?
ഉന്മാദമോ?
ഒരു നിമിഷത്തിന്റെയിടയിൽ
ലോകമെങ്ങനെ ഒരു മരുപ്പച്ചയാവുന്നു...
ആർദ്രമായൊരിടമാവുന്നു?

എന്റെ ദൈവമേ:
ഞങ്ങളുടെ യുക്തിക്കെന്തു പറ്റുന്നു?
ഞങ്ങൾക്കെന്തു പറ്റുന്നു?
അഭിലാഷത്തിന്റെ ഒരു നിമിഷം വർഷങ്ങളാവുന്നതെങ്ങനെ?
പ്രണയത്തിൽ മിഥ്യ തീർച്ചയാവുന്നതുമെങ്ങനെ?
പ്രണയം ഋതുക്കളെ നിരോധിക്കുന്നതെങ്ങനെ?
ഹേമന്തത്തിൽ ഗ്രീഷ്മമെങ്ങനെ വരുന്നു?
ഞങ്ങൾ പ്രേമിക്കുമ്പോൾ
ആകാശത്തെ പൂന്തോപ്പിൽ പനിനീർപ്പൂക്കൾ വിടരുന്നതെങ്ങനെ?

എന്റെ ദൈവമേ:
പ്രണയത്തിനു ഞങ്ങൾ കീഴടങ്ങുന്നതെങ്ങനെ,
ഞങ്ങളുടെ ദേവാലയത്തിന്റെ ചാവി അതിനെ ഏല്പിക്കുന്നതെങ്ങനെ,
മെഴുകുതിരികളും കുങ്കുമത്തിന്റെ സുഗന്ധവും
അതിനർപ്പിക്കുന്നതെങ്ങനെ?
ഞങ്ങളതിനു മുന്നിൽ മുട്ടുകാലിൽ വീഴുന്നതെങ്ങനെ?
അതിന്റെ രാജ്യഭാരത്തിലേക്കു ഞങ്ങൾ പ്രവേശനം തേടുന്നതെങ്ങനെ,
ഞങ്ങളോടതു പ്രവർത്തിച്ചതിനോടൊക്കെയും
ഞങ്ങളടിപണിയുന്നതും?

എന്റെ ദൈവമേ:
സത്യമായ ദൈവമാണു നീയെങ്കിൽ
എന്നുമെന്നും കാമുകരായിരിക്കാൻ
ഞങ്ങളെ അനുഗ്രഹിക്കേണമേ.


10. ദൈവത്തിനെന്തു നഷ്ടപ്പെടാൻ


ദൈവത്തിനെന്തു നഷ്ടപ്പെടാൻ,
തിളങ്ങുന്നൊരാപ്പിൾപ്പഴം പോലെ
ആകാശത്തു സൂര്യനെ രൂപപ്പെടുത്തിയവന്‌,
പുഴകളെ ഒഴുകുന്നവയാക്കിയവന്‌,
മലകളെ ഉറപ്പിച്ചു നിർത്തിയവന്‌,
അവനെന്തു നഷ്ടപ്പെടാനിരിക്കുന്നു,
ഒരു നേരമ്പോക്കിനു വേണ്ടിയെങ്കിലും
നമ്മുടെ പ്രകൃതങ്ങളെയൊന്നു മാറ്റിയെങ്കിൽ,
ഇത്ര തീക്ഷ്ണത എനിക്കില്ലായിരുന്നുവെങ്കിൽ,
ഇത്ര സൗന്ദര്യം നിനക്കില്ലായിരുന്നുവെങ്കിൽ?


11. ഫാത്തിമ


ആധികാരികമല്ലെന്നു തോന്നുന്ന ഗ്രന്ഥങ്ങളെല്ലാം ഫാത്തിമ നിരസിക്കുന്നു,
ആദ്യത്തെ വരിയിൽ നിന്നവൾ വായിച്ചുതുടങ്ങുന്നു;
പുരുഷന്മാരെഴുതിവയ്ച്ചതൊക്കെ അവൾ കീറിക്കളയുന്നു,
തന്റെ സ്ത്രൈണതയുടെ അക്ഷരമാലയിൽ തൊട്ടവൾ തുടങ്ങുന്നു;
തന്റെ പാഠപുസ്തകങ്ങളൊക്കെയവൾ ചീന്തിക്കളയുന്നു,
എന്റെ ചുണ്ടുകളുടെ പുസ്തകമവൾ വായിക്കാനെടുക്കുന്നു;
പൊടിയടിഞ്ഞ നഗരങ്ങളിൽ നിന്നവൾ കുടിയേറുന്നു,
ജലനഗരങ്ങളിലേക്കു നഗ്നപാദയായവളെന്റെ പിന്നാലെ വരുന്നു.
പ്രാചീനതയുടെ തീവണ്ടിയിൽ നിന്നവളെടുത്തുചാടുന്നു,
സമുദ്രഭാഷയിലവളെന്നോടു സംസാരിക്കുന്നു;
മരുഭൂമിയിലെ ജാഗരണമവളുപേക്ഷിക്കുന്നു,
കാലത്തിനുമപ്പുറത്തേക്കവളെന്നെക്കൊണ്ടുപോകുന്നു.


12. എന്താണു പ്രണയം?


എന്താണു പ്രണയം?
ഒരായിരം പ്രബന്ധങ്ങളതിനെക്കുറിച്ചു നാം വായിച്ചിരിക്കുന്നു,
വായിച്ചതെന്താണെന്നു പക്ഷേ, നമുക്കറിയുകയുമില്ല.
വ്യാഖ്യാന,ജ്യോതിഷ,വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ നാം വായിച്ചു,
തുടങ്ങിയതെവിടെയെന്നു നമുക്കൊട്ടറിയുകയുമില്ല.
കവിതയും പാട്ടുമായി
നാടോടിവഴക്കങ്ങളാകെ നാം മനപ്പാഠമാക്കി,
ഒരുവരി പോലും നമുക്കോർമ്മ നിൽക്കുന്നില്ല.
പ്രണയവിജ്ഞന്മാരോടവരുടെയവസ്ഥയെക്കുറിച്ചു നാം ചോദിച്ചു,
നമുക്കറിയുന്നതിലേറെയവർക്കറിയുകയില്ലെന്നു നാം കണ്ടുപിടിച്ചു.
*

എന്താണു പ്രണയം?
അതിന്റെ ഒളിയിടമാരാഞ്ഞു നാം നടന്നു,
കൈയില്‍ കിട്ടിയെന്നു നാമോർത്തപ്പോഴേക്കുമതാ,
അതു കുതറിയോടിക്കളഞ്ഞിരിക്കുന്നു.
എത്രയാണ്ടുകൾ കാടുകളിലതിന്റെ പിന്നാലെ നാമലഞ്ഞു,
നമുക്കു വഴി തെറ്റിയെന്നതേയുണ്ടായുള്ളു.
അതിന്റെ പിന്നാലെ നാം പോയി,
ആഫ്രിക്കയിലേക്ക്...ബംഗാളിലേക്ക്,
നേപ്പാൾ, കരീബിയൻ, മജോർക്കയിലേക്ക്,
ബ്രസീലിയൻ കാടുകളിലേക്കും,
എവിടെയും നാമെത്തിയെന്നില്ല.
പ്രണയത്തിന്റെ ജ്ഞാനികളോടവരുടെ വിശേഷങ്ങളെന്തൊക്കെയെന്നു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നു നാം കണ്ടുപിടിച്ചു.
*

എന്താണു പ്രണയം?
വിശുദ്ധന്മാരോടു നാം ചോദിച്ചു,
പുരാണങ്ങളിലെ വീരനായകന്മാരോടു നാം ചോദിച്ചു,
അവർ പറഞ്ഞതതിമനോഹരമായ വചനങ്ങൾ തന്നെ,
നമുക്കു പക്ഷേ ബോദ്ധ്യം വന്നില്ല.
ഒരിക്കൽ സഹപാഠികളോടതിനെക്കുറിച്ചു നാം ചോദിച്ചിരുന്നു,
അവർ പറഞ്ഞു, അതൊരു മനോരാജ്യക്കാരൻ കുട്ടിയാണെന്ന്,
ഏതോ നാഴ്സിസസ്പ്പൂവിനെക്കുറിച്ചവൻ കവിതയെഴുതിയിരുന്നുവെന്ന്,
അവന്റെ കീശ നിറയെ കായകളും പഴങ്ങളും ഉറുമ്പുകളുമായിരുന്നുവെന്ന്,
തൊഴിയേറ്റ പൂച്ചക്കുഞ്ഞുങ്ങളെ അവനാശ്വസിപ്പിച്ചിരുന്നുവെന്ന്.
പ്രണയത്തിൽ വിദഗ്ധരായവരോടവരുടെ അനുഭവങ്ങളെക്കുറിച്ചു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നു നാം കണ്ടുപിടിച്ചു.
*

എന്താണു പ്രണയം?
ദൈവഭക്തരോടും സജ്ജനങ്ങളോടും നാമതിനെക്കുറിച്ചു ചോദിച്ചു...ഫലമുണ്ടായില്ല.
മതാനുയായികളോടു ചോദിച്ചു...ഫലമുണ്ടായില്ല.
കാമുകരോടു നാം ചോദിച്ചു, അവർ പറഞ്ഞു,
കുഞ്ഞിലേ അതു വീടു വിട്ടിറങ്ങിയതല്ലേ,
മാറത്തൊരു കിളിയെ അടുക്കിപ്പിടിച്ചും,
കൈയിലൊരു മരച്ചില്ല പിടിച്ചും?
അതിന്റെ സമപ്രായക്കാരോടതിന്റെ പ്രായത്തെക്കുറിച്ചു നാം ചോദിച്ചു,
കളിയാക്കുമ്പോലെ അവർ പറഞ്ഞു:
പ്രണയത്തിനൊരു പ്രായമുണ്ടായതെന്നാണാവോ?
*

എന്താണു പ്രണയം?
അതൊരു ദൈവശാസനമെന്നു നാം കേട്ടു,
കേട്ടതു നാം വിശ്വസിക്കുകയും ചെയ്തു;
അതൊരു സ്വർഗ്ഗീയനക്ഷത്രമെന്നു നാം കേട്ടു,
അതിനാലോരോ രാത്രിയും ജനാല തുറന്നു നാം നോക്കി...നാം കാത്തിരുന്നു;
അതൊരു മിന്നൽപ്പിണരാണെന്നു നാം കേട്ടു,,,
തൊട്ടാൽ തരിച്ചുപോവും നാമെന്നും;
മൂർച്ചപ്പെടുത്തിയ വാളാണതെന്നു നാം കേട്ടു,
ഉറയിൽ നിന്നൂരിയാലതു നമ്മെ ഹതരാക്കുമെന്നും;
പ്രണയത്തിന്റെ ദൂതന്മാരോടവരുടെ സഞ്ചാരങ്ങളെക്കുറിച്ചു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നു നാം കണ്ടുപിടിച്ചു.
*

എന്താണു പ്രണയം?
ഓർക്കിഡിന്റെ മുഖത്തു നാമതു കണ്ടു...
നമുക്കതു പക്ഷേ, മനസ്സിലായതുമില്ല;
രാപ്പാടിയുടെ പാട്ടിലതു നാം കേട്ടു...
നമുക്കെന്നിട്ടുമതു മനസ്സിലായില്ല;
ഒരു മിന്നായം പോലെ നാമതിനെക്കണ്ടു,
ഒരു ഗോതമ്പുകതിരിന്മേൽ,
ഒരു മാൻപേടയുടെ നടയിൽ,
ഏപ്രിലിന്റെ നിറങ്ങളിൽ,
ഷോപ്പാങ്ങിന്റെ രചനകളിൽ,
നമുക്കതു പക്ഷേ, ശ്രദ്ധയിൽ വന്നില്ല.
പ്രണയത്തിന്റെ പ്രവാചകന്മാരോടവരുടെ രഹസ്യങ്ങളെക്കുറിച്ചു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നും നാം കണ്ടുപിടിച്ചു.
*

ചരിത്രത്തിലെ പ്രണയരാജകുമാരന്മാരിലേക്കു നാം പിന്നെ തിരിഞ്ഞു,
ലൈലയുടെ ഉന്മത്തകാമുകനോടു നാമഭിപ്രായമാരാഞ്ഞു,
ലുബ്നായുടെ ഉന്മത്തകാമുകനോടു നാമഭിപ്രായമാരാഞ്ഞു,
പ്രണയത്തിന്റെ രാജകുമാരന്മാരെന്നു നാം വിളിച്ചവർ,
തങ്ങളുടെ പ്രണയത്തിലവരറിഞ്ഞിട്ടില്ല,
നാമറിഞ്ഞതിലേറെയാനന്ദമെന്നും നാം കണ്ടുപിടിച്ചു.


2018, ജൂൺ 17, ഞായറാഴ്‌ച

നെരൂദ - എസ്ട്രാവഗേരിയോ



1958ൽ പുറത്തുവന്ന 68 കവിതകൾ അടങ്ങിയ സമാഹാരമാണ്‌ എസ്ട്രാവഗേരിയോ (Estravagario.) കൃത്യമായ ഒരർത്ഥം കൊടുക്കാതെ നെരൂദ രൂപപ്പെടുത്തിയ പുതിയൊരു വാക്കാണത്. കാല്പനികകവിതകൾക്കും രാഷ്ട്രീയപ്രതിരോധത്തിന്റെ കവിതകൾക്കും ശേഷം അദ്ദേഹത്തിന്റെ കവിത പുതിയൊരു ദിശയിലേക്കു തിരിയുന്നത് ഈ കവിതകളിലൂടെയാണ്‌.

ഇക്കാലമായപ്പോഴേക്കും നെരൂദ സുപ്രതിഷ്ഠിതനായ ഒരു കവിയായിക്കഴിഞ്ഞിരുന്നു. തന്റെ വായനക്കാരന്‌ തന്നെ, തന്റെ ജീവിതത്തെ, തന്റെ ഇഷ്ടാനിഷ്ടങ്ങളെ, തന്റെ ഒടുവിലത്തെ പ്രണയമായ മാറ്റിൽഡെ ഉറൂഷ്യയെ പരിചയമായിക്കഴിഞ്ഞു എന്ന അറിവിന്റെ സംതൃപ്തി അദ്ദേഹത്തിനുണ്ട്. തന്നെ അറിയുന്ന, തന്നിൽ താല്പര്യമുള്ള ഒരു വായനക്കാരനുമായി നടത്തുന്ന കളിമട്ടിലുള്ള ഇടപാടുകളാണ്‌ ഈ കവിതകൾ. 1973ൽ തിരിഞ്ഞുനോക്കിക്കൊണ്ട് അദ്ദേഹം പറയുകയുണ്ടായി, തന്റെ ഹൃദയത്തോടേറ്റവും അടുത്ത പുസ്തകമാണതെന്ന്. ഒരർത്ഥത്തിൽ പറഞ്ഞാൽ ആത്മകഥാപരമായ തിരിഞ്ഞുനോട്ടങ്ങളാണ്‌ ‘എസ്ട്രാവഗേരിയോ.’ Residencia en la Tierra (1925-1932) എഴുതുന്ന കാലത്ത് താൻ ജിവിച്ചിരുന്ന പൂർവ്വേഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റിൽഡേയുമൊത്ത് അദ്ദേഹം ഒരു യാത്ര നടത്തിയിരുന്നു. ആ യാത്രയുടെ രേഖകളാണ്‌ മിക്ക കവിതകളും. അതേ സമയം നിക്കനോർ പാർറയുടെ Poemas y antipoemas (1954)നുള്ള നെരൂദയുടെ മറുപടി കൂടിയാണ്‌ ഈ പുസ്തകം. പാർറയുടെ പ്രതികവിത നെരൂദയുടെ കവിതയെ പ്രതിസ്ഥാനത്തു നിർത്തുന്നതായിരുന്നു. ഒരു അഭിമുഖത്തിൽ പാർറ സമ്മതിക്കുന്നുണ്ട്, നെരൂദ തനിക്കെന്നും ഒരു പ്രശ്നവും വെല്ലുവിളിയും തടസ്സവുമായിരുന്നെന്ന്. അതേ സമയം നെരൂദയുടെ ‘ചുറ്റിനടത്തം’ പോലെയുള്ള കവിതകൾ പാർറയുടെ മുൻഗാമികളാണെന്നും ചില നിരൂപകർക്കഭിപ്രായമുണ്ട്.



ആകാശത്തേക്കുയരാൻ
നിങ്ങൾക്കു വേണം,
രണ്ടു ചിറകുകൾ,
ഒരു വയലിൻ,
പിന്നെയും വേറേ പലതും,
എണ്ണമറ്റ കാര്യങ്ങൾ,
പേരുകളില്ലാത്ത കാര്യങ്ങൾ,
സാവകാശം നീങ്ങുന്നൊരു വലിയ കണ്ണിനുള്ള അവകാശം,
ബദാം മരത്തിന്റെ നഖങ്ങളിലെ എഴുത്തുകൾ,
പുലരിയിൽ പുല്ക്കൊടികളുടെ പേരുകൾ.

1. ഞാൻ നിശ്ശബ്ദനാവട്ടെ



ഇനി ഞാനൊറ്റയ്ക്കാവട്ടെ,
ഞാനില്ലാതെ പരിചയിക്ക നിങ്ങളും.

ഞാൻ കണ്ണടയ്ക്കാൻ പോകുന്നു.

അഞ്ചു കാര്യങ്ങളേ എനിക്കു വേണ്ടൂ.
എനിക്കിഷ്ടപ്പെട്ട അഞ്ചു വേരുകൾ.

അതിരറ്റ പ്രണയമാണൊന്ന്.

ശരല്ക്കാലം കാണുക രണ്ടാമത്.
ഇലകൾ മണ്ണിൽ പാറിവീഴുന്നതു കാണാതെ
ജീവിക്കുക സാദ്ധ്യമല്ലെനിക്ക്.

മൂന്നാമത്തത് കഠിനഹേമന്തം,
ഞാൻ സ്നേഹിച്ച മഴ,
പരുഷമായ തണുപ്പിൽ തീയുടെ തലോടൽ.

നാലാമത്തേത് വേനൽ,
തണ്ണിമത്തൻ പോലെ മുഴുത്തത്.

പിന്നഞ്ചാമതായി നിന്റെ കണ്ണുകൾ,
മാറ്റിൽഡെ, എന്റെ പ്രിയേ,
നിന്റെ കണ്ണുകളില്ലാതെ ഞാനുറങ്ങുകയില്ല,
നിന്റെ ദൃഷ്ടിയിലല്ലാതെനിക്കു ജീവിതമില്ല,
എന്റെ മേൽ നിന്റെ നോട്ടമുണ്ടെങ്കിൽ
വസന്തം ഞാൻ വേണ്ടെന്നുവയ്ക്കാം.

ഇത്രയും പോരും ചങ്ങാതിമാരേ,
ഇത്രയ്ക്കേയുള്ളുവെങ്കിലും അത്രയ്ക്കുമുണ്ടത്.

ഇനി വേണമെങ്കിൽ നിങ്ങൾക്കു പോകാം.
ഇനി നിങ്ങളെന്നെ മിനക്കെട്ടു മറക്കണം,
സ്ലേറ്റിൽ നിന്നെന്നെ മായ്ച്ചുകളയണം,
അതിനുള്ള കാലം ഞാൻ ജീവിച്ചുകഴിഞ്ഞു.
പിടി വിട്ട പോക്കായിരുന്നു എന്റെ ഹൃദയം.

നിശ്ശബ്ദനാവട്ടേയെന്നു പറഞ്ഞുവെങ്കിലും
മരിക്കാൻ പോവുകയാണു ഞാനെന്നു കരുതരുതേ.
നേരേ മറിച്ചാണു കാര്യം,
ജീവിക്കാനാണെന്റെ ഭാവം.

ജീവിക്കാൻ, ജീവനോടിരിക്കാൻ.

എനിക്കു ജീവനുണ്ടെന്നു പറയാനാവില്ല പക്ഷേ,
വിളകളെന്നിൽ മുളയെടുക്കുന്നില്ലെങ്കിൽ,
ഇളംകൂമ്പുകൾ മണ്ണു തുരന്നു വെളിച്ചത്തിലേക്കെത്തുന്നില്ലെങ്കിൽ;
പിറവി കൊടുക്കുന്ന മണ്ണിരുണ്ടുകിടക്കുകയാണ്‌,
ഉള്ളിന്റെയുള്ളിൽ ഞാനുമിരുണ്ടുകിടക്കുന്നു.
ഇന്നൊരു കിണറു പോലെയാണു ഞാൻ,
അതിൽ നക്ഷത്രങ്ങളെത്തള്ളി രാത്രിയതാ പോകുന്നു,
പാടങ്ങൾ മുറിച്ചുകടന്നേകാകിയായി.

ഇത്രകാലം ജീവിതം ജീവിച്ചവനല്ലേ,
അത്രയും കാലമെനിക്കിനിയും ജീവിക്കണം.

ഇത്രയും തൊണ്ട തെളിഞ്ഞിതേവരെ ഞാൻ പാടിയിട്ടില്ല,
ഇത്രയും ചുംബനങ്ങളിതേവരെ ഞാനറിഞ്ഞിട്ടില്ല.

നേരം പതിവുപോലെ പുലർച്ചയായിരിക്കുന്നു,
ഒരു തേനീച്ചപ്പറ്റം പോലെ വെളിച്ചം.

ഈ പകലിനൊപ്പം ഞാനൊറ്റയ്ക്കാവട്ടെ,
ഇനിയുമൊരു പിറവിക്കായി ഞാനനുവാദം ചോദിക്കട്ടെ.


2. എത്ര കാലം?



എന്തൊക്കെയായാലും, എത്രകാലം ജീവിക്കാനാണൊരാൾ?

ഒരായിരം നാളുകളയാൾ ജീവിക്കുമോ, അതോ വെറുമൊന്നോ?

ഒരാഴ്ച, അല്ലെങ്കിൽ പല നൂറ്റാണ്ടുകൾ?

മരിച്ചുതീരാനൊരാൾക്കെത്ര കാലം വേണം?

‘എന്നെന്നും’ എന്നു പറഞ്ഞാലെന്താണത്?

ഈതരമാലോചനകളിൽ മുഴുകിപ്പോയ ഞാൻ
ഒരുനാൾ സംശയനിവൃത്തിക്കായി ഒരുമ്പെട്ടിറങ്ങി.

ഗ്രഹിതക്കാരായ പുരോഹിതന്മാരെ ഞാൻ തിരഞ്ഞുപിടിച്ചു,
അവർ കർമ്മങ്ങൾ കഴിച്ചു വരും വരെ ഞാൻ കാത്തുനിന്നു,
ദൈവത്തെയും പിശാചിനെയും സന്ദർശിക്കാൻ
അവർ പോയിവരുന്നതും ഞാൻ കണ്ടുനിന്നു.

അവർക്കെന്റെ ചോദ്യങ്ങൾ കേട്ടു മുഷിഞ്ഞു.
അവർക്കു കാര്യമായിട്ടൊന്നുമറിയില്ല,
ഭരിക്കാനല്ലാതവർക്കൊന്നുമറിയില്ല.

പരിശോധനകൾക്കിടയിലിടകിട്ടിയപ്പോൾ
ഡോക്ടർമാരെന്നെക്കാണാൻ തയാറായി:
ഓരോ കൈയിലും കീറാനുള്ള കത്തിയുമായി,
ഓറോമൈസിൻ കൊണ്ടാകെ നിറഞ്ഞവരായി,
നാൾ ചെല്ലുന്തോറും തിരക്കേറിയവരായി.
അവരുടെ സംസാരത്തിൽ നിന്നൂഹിക്കാൻ പറ്റിയിടത്തോളം
പ്രശ്നമിങ്ങനെയായിരുന്നു:
ഒരു മൈക്രോബിന്റെ മരണമല്ല വിഷയം-
അവ ചാവുന്നതു ടൺ കണക്കിനാണല്ലോ-
ശേഷിക്കുന്ന ചിലതു കാണിക്കുന്ന വൈകൃതമാണു കാര്യം.

അതുകേട്ടത്രയ്ക്കു വിരണ്ടുപോയ ഞാൻ
ശവക്കുഴിവെട്ടുക്കാരെ തിരഞ്ഞുപിടിച്ചു.
പുഴക്കരകളിലെ ചിതാഘട്ടങ്ങളിൽ ഞാൻ പോയി,
അവിടെയവർ ദഹിപ്പിക്കുന്നുണ്ട്,
ചായം പൂശിയ കൂറ്റൻ ജഡങ്ങളെ,
എല്ലും തോലുമായ ഉടലുകളെ,
ഘോരശാപങ്ങളുടെ പരിവേഷമണിഞ്ഞ ചക്രവർത്തിമാരെ,
നടപ്പുദീനമൂതിക്കെടുത്തിയ സ്ത്രീകളെ.
ശവങ്ങൾ നിരന്നുകിടക്കുന്ന കടലോരങ്ങളുണ്ടായിരുന്നു,
ചാരം വാരിപ്പൂശിയ വിദഗ്ധരുണ്ടായിരുന്നു.

ഒരു തക്കം കിട്ടിയപ്പോൾ
ഒരുകൂട്ടം ചോദ്യങ്ങൾ ഞാനെടുത്തെറിഞ്ഞു.
എന്നെ വേണമെങ്കിൽ കത്തിച്ചുതരാമെന്നവർ പറഞ്ഞു,
അവർക്കറിയുന്നതതുമാത്രമായിരുന്നു.

എന്റെ നാട്ടിലെ മരണാനന്തരച്ചടങ്ങുകാർ
ഗ്ലാസ്സുകൾ കാലിയാക്കുന്നതിനിടയിൽ പറഞ്ഞതിങ്ങനെ:
‘പോയി നല്ലൊരു പെണ്ണിനെ കാണ്‌,
ഈ വേണ്ടാതീനമൊക്കെ മനസ്സീന്നു കളയ്.’

ഇത്ര സന്തുഷ്ടരായവരെ ഞാൻ കണ്ടിട്ടില്ല.

ഗ്ലാസ്സുകളുയർത്തിപ്പിടിച്ചവർ പാടി,
മരണത്തിനും ആരോഗ്യത്തിനുമവരുപചാരമോതി,
അവർ വമ്പൻവ്യഭിചാരികളുമായിരുന്നു.

ലോകം മുഴുവൻ കറങ്ങി, പ്രായവുമേറി,
ഞാൻ തിരിച്ചു വീട്ടിലെത്തി.

ഇപ്പോൾ ഞാനാരോടും ചോദിക്കാറില്ല.

എന്നാലെനിക്കറിയാവുന്നത്

നാളു ചെല്ലുന്തോറും കുറഞ്ഞും വരുന്നു.


3. നഗരമതാ, പൊയ്ക്കഴിഞ്ഞു



ഘടികാരസൂചികൾ നീങ്ങുന്നതെത്ര നിർബ്ബന്ധബുദ്ധിയോടെ,
നമ്മുടെ വർഷങ്ങളവ തിന്നുതീർക്കുന്നതെത്ര കരളുറപ്പോടെ!
ക്ഷണികമായ കുഞ്ഞുമുന്തിരിപ്പഴങ്ങളാണു നാളുകൾ,
കാലത്തിൽ നിന്നടരുമ്പോൾ നിറം മങ്ങുന്നു മാസങ്ങൾ.

ആ പീരങ്കിപ്പടയുടെ തടുക്കരുതാത്ത പ്രഹരത്തിൽ
നിമിഷത്തിന്റെ നിറം വാടുന്നു, അതു വാടിവീഴുന്നു-
എത്രപെട്ടെന്നതാ, നമുക്കു ശേഷിച്ചതൊരു വർഷം മാത്രം,
ഒരു മാസം, ഒരു ദിവസം, ഡയറി മറിക്കുമ്പോൾ മരണവുമായി.

പുഴയൊഴുകുന്നതു വരുതിയിലാക്കാനൊരാൾക്കുമായിട്ടില്ല,
പ്രണയമോ ചിന്തയോ കൊണ്ടതിനെത്തടുക്കാനുമായിട്ടില്ല;
എത്ര വേനലുകളിലൂടെ, ജീവികളിലൂടതൊഴുകിപ്പോയി,
അതൊഴുകുന്ന താളത്തിലുണ്ട്, നമ്മുടെ മരണത്തിന്റെ സൂചനകൾ.

പിന്നെയൊടുവിൽ, തളർന്നുതളർന്നു നാം കാലത്തിൽ വീഴും,
നമ്മെയുമെടുത്തുകൊണ്ടതു പായും, അത്ര തന്നെ.
പിന്നെ നാം മരിക്കും, നമ്മെ വലിച്ചെടുത്തു മാറ്റും,
ജീവനില്ലാത്ത, ഒരു നിഴലോ പൊടിയോ വാക്കോ അല്ലാത്ത നമ്മെ.
ഇനിയൊരുനാളും നാം ജീവിക്കാത്ത നമ്മുടെ നഗരത്തിൽ
എല്ലാമൊഴിഞ്ഞുകിടക്കും- നമ്മുടെ ഉടുപ്പും നമ്മുടെ ഗർവ്വവും.


4. മിണ്ടാതിരിക്കൽ



ഇനി നാം പന്ത്രണ്ടു വരെയെണ്ണും,
പിന്നെ നാമെല്ലാം മിണ്ടാതിരിക്കും.

ഈ ഭൂമുഖത്തൊരു തവണയെങ്കിലും
നാമൊരു ഭാഷയും സംസാരിക്കാതിരിക്കുക;
ഒരു നിമിഷത്തേക്കു നാം നിലയ്ക്കുക,
ഇത്രയ്ക്കിത്രയെങ്കിലും കൈകളനക്കാതിരിക്കുക.

ഹൃദ്യമായൊരു നിമിഷമായിരിക്കുമത്,
തിരക്കില്ലാതെ, എഞ്ചിനുകളില്ലാതെ;
ആകസ്മികമായൊരപരിചിതത്വത്തിൽ
നാമെല്ലാമൊരുമിക്കുകയും ചെയ്യും.

തണുത്ത കടലിലെ മുക്കുവൻ
തിമിംഗലങ്ങളെ മുറിപ്പെടുത്തില്ല,
ഉപ്പളങ്ങളിൽ ഉപ്പു കോരുന്നവൻ
തന്റെ വെടിച്ച കൈയും നോക്കിനില്ക്കും.

ഹരിതയുദ്ധങ്ങൾക്കൊരുങ്ങുന്നവർ,
വാതകയുദ്ധങ്ങൾ, അഗ്നിയുദ്ധങ്ങൾ,
ആരും ശേഷിക്കാത്ത വിജയങ്ങൾക്കു കോപ്പിടുന്നവർ,
അവർ അലക്കിത്തേച്ച വസ്ത്രങ്ങൾ ധരിക്കും,
മരത്തണലുകളിൽ, യാതൊന്നും ചെയ്യാതെ,
സഹോദരങ്ങൾക്കൊത്തവർ ഉലാത്താൻ പോകും.

ജഡത്വമാണെനിക്കു വേണ്ടതെന്നു ധരിക്കരുതേ,
ജീവിതം തന്നെയാണിവിടെ വിഷയം,
മരണവുമായിട്ടൊരേർപ്പാടും എനിക്കില്ല.

ജീവിതത്തെ ഇങ്ങനെ പ്രവൃത്തിനിരതമാക്കുന്നതിൽ
ഏകാഭിപ്രായക്കാരായിരുന്നില്ല നാമെങ്കിൽ,
ഒരിക്കലെങ്കിലും ഒന്നും ചെയ്യാതിരിക്കാൻ നമുക്കായെങ്കിൽ,
എങ്കിലൊരു വിപുലനിശ്ശബ്ദത തടയിടുമായിരുന്നു,
നമുക്കു നമ്മെ അറിയാത്തതിന്റെ,
നമ്മെ തുറിച്ചുനോക്കുന്ന മരണത്തിന്റെ,
ഈ വിഷാദത്തെ.
ഭൂമിക്കു നമ്മെയൊരു പാഠം പഠിപ്പിക്കാനുണ്ടെന്നു വരാം,
മരിച്ചതുപോലെ കിടന്ന സർവ്വതിനുമതാ പിന്നെ,
ജീവനുണ്ടെന്നു തെളിയുമ്പോൾ.

ഞാനിനി പന്ത്രണ്ടു വരെയെണ്ണാൻപോകുന്നു,
നിങ്ങൾ മിണ്ടാതനങ്ങാതിരിക്കും, ഞാൻ പോവുകയും ചെയ്യും.


5. മടക്കം



എന്തിനായി ഞാൻ വന്നു? ഞാനവരോടു ചോദിക്കുന്നു.

ഈ മരിച്ച നഗരത്തിൽ ആരാണു ഞാൻ?

ഒരിക്കലെന്നെ പ്രേമിച്ചിരുന്ന ആ ഭ്രാന്തിപ്പെണ്ണിന്റെ
വീടോ തെരുവോ എനിക്കിവിടെ കണ്ടുപിടിക്കാനാവുന്നില്ല.

മരക്കൊമ്പുകളിലെ കാക്കകൾ അതേപോലെതന്നെ,
തിളപ്പും പച്ചപ്പുമായി കാലവർഷം,
തേഞ്ഞുപോയ തെരുവുകളിൽ മുറുക്കിത്തുപ്പിയ ചുവപ്പ്,
ശ്വാസം മുട്ടുന്ന വായു- ഒക്കെയും അതു തന്നെ;
എന്നാൽ ഞാനെവിടെ?
ഞാനാരായിരുന്നു?
എനിക്കു മനസ്സിലാകുന്നതു ചാരം മാത്രം.

വെറ്റിലവില്പനക്കാരൻ എന്നെ നോക്കുന്നു,
അയാൾക്കെന്റെ ചെരുപ്പുകൾ കണ്ടിട്ടറിയുന്നില്ല,
പുതുജീവനെടുത്ത എന്റെ മുഖം മനസ്സിലാകുന്നില്ല.
അയാളുടെ മുത്തശ്ശനെനിക്കൊരു സലാം തന്നുവെന്നു വരാം,
എന്നാലെന്റെ യാത്രകൾക്കിടയിൽ
അയാൾ തറ പറ്റി,
മരണത്തിന്റെ ആഴക്കിണറ്റിലേക്കയാളാണ്ടുപോയി.

ഇമ്മാതിരിയൊരു കെട്ടിടത്തിലാണ്‌ ഞാനുറങ്ങിയിരുന്നത്,
പതിന്നാലു മാസവും അതിനു നിരക്കുന്ന വർഷങ്ങളും;
എന്റെ മനോവേദനകൾ ഞാനെഴുതിക്കൂട്ടി,
കദനത്തിന്റെ കയ്പൻരുചി ഞാനറിഞ്ഞു.
ഇന്നിതുവഴി കടന്നുപോകുമ്പോൾ പക്ഷേ,
ആ വാതിൽ അവിടെയില്ല;
മഴ കഠിനാദ്ധ്വാനമെടുത്തിരിക്കുന്നു.
ഇപ്പോഴെനിക്കു തോന്നുകയാണ്‌,
ഞാൻ ഒരാളല്ല, പലരാണെന്ന്,
എങ്ങനെ പുനർജ്ജനിച്ചുവെന്നൊരു ധാരണയുമില്ലാതെ
പലതവണ മരിച്ചിരിക്കുന്നു ഞാനെന്ന്,
ഓരോ തവണ വസ്ത്രം മാറുമ്പോഴും
പുതിയൊരു ജന്മമെടുക്കുകയായിരുന്നു ഞാനെന്ന്;
ഇന്നു ഞാനിവിടെ നില്ക്കുന്നു,
ഒരു മനുഷ്യജീവിയെപ്പോലും തിരിച്ചറിയാൻ
എനിക്കു കഴിയാതിയപോകുന്നതെന്തുകൊണ്ടെന്നറിയാതെ,
ഒരാളുപോലുമെന്നെ തിരിച്ചറിയാത്തതെന്തുകൊണ്ടാണെന്നറിയാതെ;
ഇവിടെ സർവ്വരും പരേതാത്മാക്കളാണെന്നപോലെയാണത്,
ഇത്രയും മറവിക്കിടയിൽ എനിക്കൊരാൾക്കേ ജീവനുള്ളു എന്നപോലെ,
എങ്ങനെയോ അതിജീവിച്ചൊരു പക്ഷി-
ഇനിയഥവാ, മറിച്ചുമാകാം,
നഗരമെന്നെ നിരീക്ഷിക്കുകയാവാം,
മരിച്ചതു ഞാനാണെന്നതു തിരിച്ചറിയുകയാവാം.

പട്ടുകളുടെ കമ്പോളങ്ങളിലൂടെ ഞാൻ കടന്നുപോയി,
ദുരിതത്തിന്റെ അങ്ങാടികളിലൂടെ ഞാൻ കടന്നുപോയി.
തെരുവുകളതേ തെരുവുകൾ തന്നെയെന്നു വിശ്വസിക്കാനാവുന്നില്ല.
ആണിമുനകൾ പോലെ കൂർത്ത നോട്ടങ്ങൾ
എന്റെ നോട്ടത്തെ നേരിടുന്നു.
വെറുങ്ങലിച്ച വിഗ്രഹങ്ങൾ നിരന്ന,
നിറം മങ്ങിയ സ്വർണ്ണപ്പഗോഡയ്ക്കിന്നു കണ്ണുകളില്ല,
കൈകളില്ല, ഉള്ളിലഗ്നിയുമില്ല.
വിട, കാലം മലിനമാക്കിയ തെരുവുകളേ,
വിട, നഷ്ടപ്രണയമേ, വിട,
എന്റെ വീടിന്റെ വീഞ്ഞിലേക്കു ഞാൻ മടങ്ങിപ്പോകുന്നു,
എന്നെ സ്നേഹിക്കുന്നവളുടെ സ്നേഹത്തിലേക്കു ഞാൻ മടങ്ങിപ്പോകുന്നു,
ഞാനെന്തായിരുന്നുവോ, ഞാനെന്താണോ അതിലേക്ക്,
പുഴയിലേക്ക്, വെയിലിലേക്ക്, ആപ്പിൾ വിളയുന്ന മണ്ണിലേക്ക്,
ചുണ്ടുകളുള്ള, പേരുകളുള്ള മാസങ്ങളിലേക്ക്
ഞാൻ മടങ്ങുന്നു.
ഇനി മടങ്ങിപ്പോകാതിരിക്കാനായി ഞാൻ തിരിച്ചുവരുന്നു;
ഇനിയും സ്വയം തെറ്റിദ്ധരിപ്പിക്കാനെനിക്കാഗ്രഹവുമില്ല.
പിന്നിലേക്കു നടക്കുന്നതപകടകരമാണ്‌,
ഭൂതകാലം തടവറയാവുന്നതു പെട്ടെന്നാകും.

(1927-28 കാലത്ത് ചിലിയുടെ കോൺസലായി നെരൂദ റംഗൂണിൽ ജോലി ചെയ്തിരുന്നു. അന്നവിടെ അദ്ദേഹത്തിന്റെ കാമുകിയായിരുന്ന ജോസ്സീ ബ്ളിസ് പല കവിതകളിലും കടന്നുവരുന്നുണ്ട്. 1957ൽ വീണ്ടും റംഗൂൺ സന്ദർശിച്ച നെരൂദയ്ക്ക് നഗരം അപരിചിതമായിത്തോന്നി, ഒരിക്കൽ തന്നെ സ്നേഹിച്ചവളെ അവിടെ കണ്ടെത്താനുമായില്ല.)


6. മത്സ്യകന്യകയും കുടിയന്മാരും: ഒരു പുരാവൃത്തം



പൂർണ്ണനഗ്നയായി അവൾ കടന്നുവന്നപ്പോൾ
ആ മാന്യദേഹങ്ങളൊക്കെ ഉള്ളിലുണ്ടായിരുന്നു.
അവർ കുടിയ്ക്കുകയായിരുന്നു,
അവർ അവളുടെ മേൽ കാറിത്തുപ്പി.
പുഴയിൽ നിന്നപ്പോൾ കയറിവന്നവൾ,
അവൾക്കൊന്നും മനസ്സിലായില്ല.
വഴിതെറ്റിവന്ന മത്സ്യകന്യകയായിരുന്നു അവൾ.
അവളുടെ മിനുങ്ങുന്ന ഉടലിലൂടെ അധിക്ഷേപങ്ങളൊഴുകി.
അവളുടെ സുവർണ്ണമാറിടം  അസഭ്യങ്ങളിൽ മുങ്ങി.
കണ്ണീരപരിചിതയായവൾ, അവൾ കരഞ്ഞില്ല.
വസ്ത്രങ്ങളപരിചിതയായവൾ, അവൾ വസ്ത്രം ധരിച്ചിരുന്നില്ല.
സിഗരറ്റുകുറ്റികളും കരിഞ്ഞ കോർക്കുകളും കൊണ്ടവർ അവളെ കുത്തി.
ചിരി സഹിക്കാതവർ തറയിൽ കിടന്നുരുണ്ടു.
അവളൊന്നും മിണ്ടിയില്ല, വാക്കുകൾക്കവളപരിചിതയായിരുന്നു.
അവളുടെ കണ്ണുകൾക്കു നിറം വിദൂരപ്രണയത്തിന്റേതായിരുന്നു.
അവളുടെ ഇരുകൈകൾ പുഷ്യരാഗങ്ങളായിരുന്നു.
ഒരു പവിഴവെളിച്ചത്തിൽ അവളുടെ ചുണ്ടുകൾ നിശബ്ദമനങ്ങി.
പിന്നെയൊടുവിൽ അവൾ ആ വാതിൽ വഴി ഇറങ്ങിപ്പോയി.
പുഴയിലിറങ്ങിയതും അവൾ നിർമ്മലയായി,
മഴ കഴുകിയ വെള്ളാരങ്കല്ലു പോലെ അവൾ തിളങ്ങി.
തിരിഞ്ഞൊന്നു നോക്കാതെ അവൾ നീന്തിപ്പോയി,
ശൂന്യതയിലേക്കവൾ നീന്തിപ്പോയി, മരണത്തിലേക്കവൾ നീന്തിപ്പോയി.

7. അവളോടൊപ്പം



ഇതു ദുരിതകാലം. എന്നെക്കാത്തുനില്ക്കുക.
ഓജസ്സോടെ നാമതു ജീവിച്ചുതീർക്കും.
നിന്റെ കുഞ്ഞുകൈയെനിക്കു തരൂ:
നാമൊരുമിച്ചുയരും, സഹിക്കും,
നാമനുഭവിക്കും, നാമാഹ്ലാദിക്കും.

പാറക്കെട്ടുകളിലെ പരുക്കൻ ഗുഹകളിൽ,
മുള്ളു തറയ്ക്കുമിടങ്ങളിലന്നു ജീവിച്ചവർ:
പിന്നെയൊരിക്കല്ക്കൂടി നാമവരാകുന്നു.
ഇതു ദുരിതകാലം. എന്നെക്കാത്തുനില്ക്കുക,
ഒരു കൂടയുമായി, ഒരു കൂന്താലിയുമായി,
നിന്റെ ചെരുപ്പുകളും നിന്റെ ഉടുപ്പുകളുമായി.

നമുക്കിപ്പോഴന്യോന്യം വേണം,
പാടലപ്പൂക്കൾ പറിക്കാൻ മാത്രമല്ല,
തേനറകൾ തിരയാൻ മാത്രമല്ല-
കഴുകാനും തീ പൂട്ടാനും
നമുക്കു നമ്മുടെ കൈകൾ വേണം.
അതിനാൽ, ഈ ദുരിതകാലത്ത്
അനന്തതയെ നാം വെല്ലുവിളിക്കുക,
നാലു കൈകളും നാലു കണ്ണുകളുമായി.

(ഈസ്ല നെഗ്രയിൽ താമസിക്കുമ്പോൾ മാറ്റിൽഡെ ഉറുഷ്യെയെ സംബോധന ചെയ്തുകൊണ്ടെഴുതിയത്.)


8. ഭീതി



എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്‌,
താൻ ദേഹം നോക്കുക, വ്യായാമം ചെയ്യുക,
പന്തു കളിക്കുക, ഓടിച്ചാടിനടക്കുക,
നീന്താനും പറക്കാനും പോവുക.
ഒക്കെ നല്ലതു തന്നെ.

എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്‌,
താനൊന്നു വിശ്രമമെടുക്കുക.
അവരെനിക്കായി ഒരു ഡോക്ടറെ തേടിപ്പിടിക്കുന്നു,
കണ്ണു ചരിച്ചുപിടിച്ചെന്നെ നോക്കുന്നു.
ഇതെന്താണിങ്ങനെ?

എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്‌,
താനൊരു യാത്രക്കു പോവുക,
കടന്നുവരിക, കടന്നുപോവുക,
യാത്ര ചെയ്യാതിരിക്കുക, മരിക്കുക,
അല്ലെങ്കിൽ മരിക്കാതിരിക്കുക.
അതെന്തുമാവട്ടെ.

എല്ലാവരുമെന്റെ കുടലുകളിൽ
ചില പൊരുത്തക്കേടുകൾ കണ്ടെത്തുന്നു,
പേടിപ്പെടുത്തുന്ന എക്സ് റേ ഫിലിം കണ്ടവർ ഞെട്ടുന്നു.
ഞാനവരോടു യോജിക്കുന്നില്ല.

മൂർച്ചയേറിയ കത്തിയും മുള്ളുമെടുത്ത്
എന്റെ കവിതയിൽ ചികഞ്ഞുനോക്കുകയാണെല്ലാവരും.
അവർക്കതിൽ ഒരീച്ചയെ കണ്ടെത്തണം.
എനിക്കു പേടിയാവുന്നു.

ഈ ലോകത്തെയാകെ എനിക്കു പേടിയാവുന്നു.
തണുത്ത വെള്ളത്തെ, മരണത്തെ പേടിയാവുന്നു.
എല്ലാ മനുഷ്യരേയും പോലെയാണു ഞാൻ,
ക്ഷമിച്ചിരിക്കാൻ കഴിവില്ലാത്തവൻ.

അതിനാൽ, ഇനി ശേഷിച്ച ഹ്രസ്വായുസ്സിൽ
ഞാനവരെ ശ്രദ്ധിക്കാനേ പോകുന്നില്ല.
ഞാനെന്നെത്തന്നെ തുറന്ന്
അവിടെ അടച്ചിരിക്കാൻ പോകുന്നു,
എന്റെ ഏറ്റവും നീചനായ ശത്രുവിനൊപ്പം,
പാബ്ളോ നെരൂദയോടൊപ്പം.

(മദ്ധ്യായുസ്സെത്തിയ കവി തന്നെ, തന്റെ കവിതയെ, തന്റെ ശത്രുക്കളെ നിന്ദയോടും പരിഹാസത്തോടും നോക്കിക്കാണുകയാണ്‌ ഈ കവിതയിൽ. അദ്ദേഹത്തിന്റെ ഭീതി ഒരു പ്രസ്ഥാനമായിക്കഴിഞ്ഞ തന്നോടാണ്‌. ബോർഹസ്സിന്റെ പ്രശസ്തമായ “ബോർഹസ്സും ഞാനും” എന്ന ആത്മഭാഷണത്തെ ഓർമ്മപ്പെടുത്തുന്നു ഈ കവിത.)


9. ആവിര്‍ഭാവം



ഒരാൾ അതെ എന്നു പറയുകയാണ്‌,
എന്തായിരുന്നു ചോദ്യമെന്നു ബോദ്ധ്യമാകുന്നതിനു മുമ്പുതന്നെ,
പിന്നയാളതിൽ കെട്ടുപിണഞ്ഞുപോവുകയാണ്‌,
അയാളെപ്പിന്നെ കെട്ടിയെടുത്തുകൊണ്ടുപോവുകയുമാണ്‌,
സ്വന്തം കൊക്കൂണിൽ നിന്നയാൾക്കു പിന്നെ മോചനവുമില്ല.
ഇതായിപ്പോയി നമ്മുടെ ഗതി,
അന്യമനുഷ്യരുടെ ആഴക്കിണറ്റിലേക്ക്
നിരന്തരം വീണുകൊണ്ടിരിക്കുകയാണു നാം.
ഒരു ചരടു വന്നു നമ്മുടെ കഴുത്തു മുറുക്കുന്നു,
ഇനിയൊന്നു നമ്മുടെ കാലു വരിയുന്നു,
പിന്നെ നമുക്കൊന്നുമാവില്ല,
കിണറ്റിൽ കിടന്നു പിടയ്ക്കുകയല്ലാതൊന്നുമാവില്ല-
അന്യരിൽ നിന്നു നമ്മെ രക്ഷിക്കാനാർക്കുമാവില്ല.

സംസാരിക്കാൻ നമുക്കറിയാത്തപോലെയാണത്;
വാക്കുകൾ നമ്മെ വിട്ടോടിപ്പോയപോലെയാണത്,
കെണികളിലും ചരടുകളിലും നാം കെട്ടുപിണയുമ്പോൾ
നമ്മെ ഒറ്റയ്ക്കാക്കി വാക്കുകൾ കടന്നുകളഞ്ഞിരിക്കുന്നു.

എത്ര പെട്ടെന്നാണിങ്ങനെയായത്!
നമുക്കു യാതൊന്നും തിരിഞ്ഞുകിട്ടാതായിരിക്കുന്നു,
നാം പക്ഷേ, അതിനുള്ളിലാണ്ടുകിടക്കുകയുമാണ്‌;
ഇനിയൊരുനാളും നമുക്കാ കണ്ണുകൾ കിട്ടില്ല,
കളിച്ചുനടക്കുന്ന കുട്ടികളായിരുന്നപ്പോൾ
നമുക്കുണ്ടായിരുന്ന കണ്ണുകൾ.
ആ കണ്ണുകൾ നമുക്കടഞ്ഞുപോയി,
ഇന്നു നമ്മുടെ കൈകൾ പുറപ്പെടുന്നതും
വേറേതോ കൈക്കുഴകളിൽ നിന്ന്.

അതിനാൽ നിങ്ങളുറങ്ങുമ്പോൾ
സ്വന്തം സ്വപ്നവുമൊത്തേകനാണു നിങ്ങൾ,
നിങ്ങൾക്കു മാത്രമവകാശമായ
ഒരേയൊരു സ്വപ്നത്തിന്റെ ഇടനാഴികളിൽ
സ്വച്ഛന്ദമോടിക്കളിക്കുകയാണു നിങ്ങൾ.
നമ്മുടെ സ്വപ്നങ്ങളവർ കവരാനനുവദിക്കരുതേ,
കിടക്കകളിൽ വരിഞ്ഞുകെട്ടാൻ കിടന്നുകൊടുക്കരുതേ.
നിഴലുകളിൽ നാമള്ളിപ്പിടിക്കുക,
സ്വന്തം മറവിൽ നിന്നു നാം പുറത്തുവരുമോയെന്നു നോക്കുക,
ചുമരുകളിൽ പിടിച്ചുപിടിച്ചു നാം കാത്തുകിടക്കുക,
വെളിച്ചം വരുമ്പോഴതിനെ കടന്നുപിടിക്കുക,
പിന്നെയെന്നേക്കുമായി അതു നമ്മുടേതാവട്ടെ,
നമ്മുടെ പകലുകളുടെ നിത്യസൂര്യൻ.


10. കുതിരകൾ



ജനാലയിലൂടെ ഞാൻ കുതിരകളെ കണ്ടു.

ഞാൻ ബർളിനിലായിരുന്നു, മഞ്ഞുകാലമായിരുന്നു.
വെളിച്ചത്തിനു വെളിച്ചമില്ലായിരുന്നു,
ആകാശത്താകാശവുമില്ലായിരുന്നു.

നനഞ്ഞ റൊട്ടി പോലെ വെളുത്തിട്ടായിരുന്നു വായു.

ജനാലയിലൂടെ ആളൊഴിഞ്ഞ ഒരു കളം ഞാൻ കണ്ടു,
മഞ്ഞുകാലത്തിന്റെ പല്ലുകൾ കരണ്ടുതിന്ന ഒരു വൃത്തം.

പെട്ടെന്നതാ, ഒരാൾ പത്തു കുതിരകളെത്തെളിച്ചുവരുന്നു,
പത്തു കുതിരകൾ മഞ്ഞത്തു ചുവടുവച്ചെത്തുന്നു.

അഗ്നി പോലവർ തിരമറിഞ്ഞെത്തിയതും,
എന്റെ കണ്ണുകളുടെ ലോകങ്ങൾ,
അതേവരെ ശൂന്യമായിരുന്നവ,
അവരെക്കൊണ്ടു നിറയുന്നു.
എല്ലാം തികഞ്ഞവർ, ആളിക്കത്തുന്നവർ,
പത്തു ദേവന്മാരായിരുന്നു അവർ,
തൂവെള്ളക്കുളമ്പുള്ളവർ,
അവരുടെ സടകൾ
കിനാവിൽ ഉപ്പിന്റെ നുരയെറ്റുന്ന തിരകൾ പോലെ.

അവരുടെ പൃഷ്ഠഭാഗങ്ങൾ ഗോളങ്ങളും ഓറഞ്ചുകളുമായിരുന്നു.
അവരുടെ നിറം തേനും തീയും അമ്പറും.

അവരുടെ കഴുത്തുകൾ പ്രതാപത്തിന്റെ ശിലാഗോപുരങ്ങൾ,
ഉഗ്രമായ കണ്ണുകളിൽ വീര്യം കത്തിയെരിയുന്നു,
ഉള്ളിലൊരു തടവുകാരനെപ്പോലെ.

അവിടെ, ആ നിശ്ശബ്ദതയിൽ, പകലിന്റെ നടുമദ്ധ്യത്തിൽ,
മലിനമായ, കുഴഞ്ഞുമറിഞ്ഞ ആ മഞ്ഞുകാലത്ത്,
ചോരയായിരുന്നു, താളമായിരുന്നു,
ജീവന്റെ മാടിവിളിക്കുന്ന വെളിച്ചമായിരുന്നു,
ആ കുതിരകളുടെ തീക്ഷ്ണസാന്നിദ്ധ്യം.
ഞാൻ കണ്ടു, ഞാൻ കണ്ടു, കണ്ടുകൊണ്ടു ഞാൻ പുനർജ്ജനിച്ചു.
അവിടെയുണ്ടായിരുന്നല്ലോ,
തന്നെത്താനറിയാത്തൊരു ജലധാര,
പൊന്നിന്റെ നൃത്തം, ആകാശം,
സുന്ദരമായ വസ്തുക്കളിൽ ജീവൻ വയ്ക്കുന്ന അഗ്നി.

വിഷണ്ണമായ ആ ബർലിൻ ഹേമന്തം ഞാൻ
ഓര്‍മ്മയില്‍ നിന്നേ മായ്ച്ചുകളഞ്ഞു.

ആ കുതിരകളിൽ നിന്നുള്ള വെളിച്ചം ഞാൻ മറക്കുകയെന്നതില്ല.


11. സന്ധ്യനേരത്ത് ഒരാത്മഭാഷണം



ഈ നേരത്തൊരുപക്ഷേ, നാമൊറ്റക്കായ സ്ഥിതിയ്ക്ക്
എനിക്കു തന്നോടു ഗൗരവമായിത്തന്നെ ചിലതു ചോദിക്കാനുണ്ട്-
നമുക്കു തുറന്നു സംസാരിക്കാം.

തന്നോട്, ആ പോയ ആളോട്,
ഇന്നലെ പിറന്നവരോട്,
മരിച്ചുമണ്ണടിഞ്ഞവരോട്,
നാളെ പിറക്കാനിരിക്കുന്നവരോട്
എനിക്കൊന്നു സംസാരിക്കണം,
അന്യരുടെ കാതില്പെടാതെ,
അവരുടെ പിറുപിറുക്കൽ കേൾക്കാതെ,
കാതുകൾ പകർന്നുപോകുമ്പോൾ
കാര്യങ്ങൾ ചോർന്നുപോകാതെയും.

ആട്ടെ, എവിടുന്നു വരുന്നു, എവിടെയ്ക്കു പോകുന്നു?
എന്നാലിനി പിറന്നേക്കാമെന്ന്
ഏതൊന്നു കൊണ്ടു താൻ നിശ്ചയിച്ചു?
ഇത്തിരിവട്ടമേയുള്ളു ഈ ലോകമെന്നു തനിക്കറിയാമോ,
കഷ്ടിച്ചൊരാപ്പിളിന്റെ വലിപ്പമേയുള്ളു അതിനെന്ന്,
കട്ടിക്കല്ലിന്റെ ഒരു കഷണം പോലെയാണതെന്ന്,
ഒരു പിടി മണ്ണിനു വേണ്ടി
സഹോദരങ്ങൾ തമ്മിൽ കൊല്ലുമെന്ന്?

മരിച്ചവർക്കാവട്ടെ, വേണ്ടത്ര മണ്ണുമുണ്ട്!

ഇതിനകം തനിക്കു ബോദ്ധ്യമായിട്ടുണ്ടോ,
അതോ, എന്നെങ്കിലും ബോദ്ധ്യമാകുമോ,
കാലമെന്നാൽ ഒരു നാളു പോലുമില്ലെന്ന്,
ഒരു നാളെന്നാൽ ഒരു തുള്ളി മാത്രമാണെന്ന്?

താനെങ്ങനെയാവും, താനെങ്ങനെയായിരുന്നു?
മനുഷ്യപ്പറ്റുള്ളവൻ? സംസാരപ്രിയൻ?
അതോ, മിണ്ടാപ്രാണിയോ?
തന്നോടൊപ്പം പിറന്നവരെ പിന്നിലാക്കി
കയറിപ്പോകാൻ നോക്കുകയാണോ താൻ?
അതോ, അവരുടെ അരയ്ക്കു താനൊരു
തോക്കിൻകുഴൽ വച്ചമർത്തുമോ?
ബാക്കി കിടക്കുന്ന ഇത്രയും നാളുകൾ കൊണ്ട്,
അതും പോകട്ടെ, കിട്ടാതെപോയ ഇത്രയും നാളുകൾ കൊണ്ട്
താനെന്തു ചെയ്യും?

തെരുവുകളിൽ ആരുമില്ലെന്നു തനിക്കറിയാമോ,
വീടുകളിലും ആരുമില്ലെന്ന്?

ജനാലകളിൽ കണ്ണുകൾ മാത്രമേയുള്ളു.

തനിക്കു കിടന്നുറങ്ങാനൊരിടമില്ലെങ്കിൽ
ഏതെങ്കിലും വാതിലിൽ ചെന്നുമുട്ടൂ,
അതു തുറക്കും,
ഒരു പരിധി വരെ അതു തുറക്കും,
ഉള്ളിൽ തണുപ്പാണെന്നു നിങ്ങൾക്കു കാണാം,
വീടു ശൂന്യമാണെന്നും
നിങ്ങളുമായി അതിനൊരിടപാടും വേണമെന്നില്ലെന്നും
നിങ്ങൾക്കു മനസ്സിലാകും;
നിങ്ങളുടെ കഥകളൊന്നും വിലപ്പോവില്ല,
വിനയവും കൊണ്ടു നില്ക്കാനാണു ഭാവമെങ്കിൽ
പട്ടിയും പൂച്ചയും വന്നു നിങ്ങളെ കടിക്കുകയും ചെയ്യും.

പിന്നീടൊടുവിൽ, താനെന്നെ മറക്കും വരെ-

ഞാൻ പോവുകയായി,
കാറ്റിനോടു ചോദ്യങ്ങളും ചോദിച്ചുകൊണ്ടിരിക്കാൻ
എനിക്കു നേരമില്ല.

എനിക്കു നേരേ നടക്കാൻ തന്നെയാവുന്നില്ല,
അത്ര തിരക്കിലാണു ഞാൻ.
എന്റെ മേൽ എന്തോ പഴി ചുമത്താൻ
എവിടെയോ എന്നെക്കാത്തിരിക്കുകയാണവർ;
എനിക്കെന്റെ ഭാഗം വാദിക്കുകയും വേണം.
എന്താണു കാര്യമെന്നാർക്കുമറിയില്ല,
എന്നാലേവർക്കുമറിയാം,
സംഗതി അടിയന്തിരമാണെന്ന്,
ഞാൻ ചെന്നില്ലെങ്കിൽ കേസ് കഴിയുമെന്ന്.
ഞാൻ മുട്ടുമ്പോൾ വാതിലാരും തുറക്കില്ലെങ്കിൽ
ഞാനെങ്ങനെ എന്റെ ഭാഗം വാദിക്കും?
അതിനും മുമ്പ് നമുക്കു സംസാരിക്കാം,
അതോ, അതിനു ശേഷമോ?
എനിക്കൊന്നും ഓർമ്മ നില്ക്കുന്നില്ല,
അഥവാ, നാം തമ്മിൽ ഇതിനു മുമ്പു കണ്ടിട്ടില്ലെന്നാവാം,
നമുക്കന്യോന്യം മനസ്സിലാവില്ലെന്നാവാം.
ഇങ്ങനെ ചില തല തിരിഞ്ഞ ശീലങ്ങളെനിക്കുണ്ട്-
ആരോടുമല്ലാതെ ഞാൻ സംസാരിക്കും,
എന്നോടുതന്നെ ഞാൻ ചോദ്യങ്ങൾ ചോദിക്കും,
മറുപടി പറയുകയുമില്ല.


12. പാദത്തിൽ നിന്ന് അതിന്റെ കുട്ടിയിലേക്ക്



കുട്ടിയുടെ പാദത്തിനിനിയും ബോദ്ധ്യമായിട്ടില്ല,
അതൊരു പാദമാണെന്ന്,
അതിനൊരാപ്പിളോ പൂമ്പാറ്റയോ ആയാൽ മതി.
കാലം പോകെപ്പക്ഷേ,
കല്ലുകളും കുപ്പിച്ചില്ലുകളും
തെരുവുകളും ഗോവണികളും
കടുംനിലത്തെപ്പാതകളും അതിനെ പഠിപ്പിക്കുന്നു,
അതിനു പറക്കാനാവില്ലെന്ന്,
ചില്ലയിൽ മുഴുക്കുന്ന പഴമാകാനാവില്ലെന്ന്.
അങ്ങനെ, കുട്ടിയുടെ പാദം പരാജയമടയുന്നു,
യുദ്ധത്തിൽ തോല്ക്കുന്നു,
ഒരു ഷൂസിനുള്ളിൽ ജീവിക്കാൻ വിധിക്കപ്പെട്ട
തടവുകാരനാവുന്നു.
പതിയെപ്പതിയെ, ആ ഇരുട്ടിനുള്ളിൽ,
തന്റെ വഴിയ്ക്കു ലോകത്തെയറിഞ്ഞ്
അതു വളരുന്നു,
മറ്റേ പാദത്തെക്കുറിച്ചൊരു വിവരവുമില്ലാതെ,
കെട്ടിമൂടി,

 അന്ധനെപ്പോലെ തപ്പിയും തടഞ്ഞും

ജീവിതത്തെയറിഞ്ഞ്.
സ്ഫടികക്കല്ലു പോലത്തെ ആ മൃദുനഖങ്ങൾ,
വരിയൊത്തു നിന്നവ,
അവ പിന്നെ കടുപ്പം വയ്ക്കുന്നു,
അതാര്യവസ്തുവാകുന്നു,
കൊമ്പു പോലെ കട്ടി പിടിയ്ക്കുന്നു,
പൂവിതളുകൾ പോലുള്ള കുഞ്ഞുനഖങ്ങൾ
ചതഞ്ഞും നിര തെറ്റിയും വളരുന്നു,
ത്രികോണത്തലകളുള്ള, കണ്ണില്ലാത്ത,
വിരകൾ പോലത്തെ ഉരഗരൂപമെടുക്കുന്നു.
പിന്നെയവയിൽ തഴമ്പു വീഴുന്നു,
മരണത്തിന്റെ വിളറിയ അഗ്നിപർവ്വതങ്ങൾ
അവയെ മൂടുന്നു,
മനസ്സിനു പിടിക്കില്ല ആ കല്ലിപ്പ്.
കണ്ണു കാണാത്ത ആ വസ്തു പക്ഷേ,
ഇളവെടുക്കാതെ നടക്കുകയാണ്‌,
നില്ക്കാതെ നടക്കുകയാണ്‌,
ഒരു പാദം, മറ്റേപ്പാദം,
ആണിന്റെ പാദം,
പെണ്ണിന്റെ പാദം,
മുകളിലേക്ക്,
താഴേക്ക്,
പാടങ്ങളിലൂടെ, ഖനികളിലൂടെ,
അങ്ങാടികളിലൂടെ, പള്ളികളിലൂടെ,
പിന്നിലേക്ക്,
അകലേയ്ക്ക്, ഉള്ളിലേക്ക്,
മുന്നിലേക്ക്,
ഷൂസിനുള്ളിൽക്കിടന്ന് ആ പാദം കഷ്ടപ്പെടുന്നു,
പ്രണയത്തിലോ സ്വപ്നത്തിലോ
തന്നെയൊന്നു പുറത്തുകാട്ടാൻ അതിനു നേരം കിട്ടുന്നില്ല,
അതു നടക്കുന്നു, അവ നടക്കുന്നു,
ഇനി നില്ക്കാമെന്ന് ആ മനുഷ്യനു തോന്നും വരെ.
പിന്നെയത് ഭൂമിക്കടിയിലേക്കിറങ്ങി,
അതിനൊന്നും അറിയുന്നില്ല,
അവിടെ സർവ്വതും ഇരുണ്ടുകിടക്കുകയായിരുന്നു.
അതറിഞ്ഞതേയില്ല,
അതൊരു പാദമല്ലാതായിക്കഴിഞ്ഞുവെന്ന്,
അതിനു പറന്നുനടക്കാനാണോ,
അതിനൊരാപ്പിളാകാനാണോ,

അതിനെ കുഴിച്ചിട്ടതെന്നും.


13. ഇടയഗാനം



പകർത്തിയെഴുതുന്നു ഞാൻ പുഴകളെ, മലകളെ, മേഘങ്ങളെ.
മഷി കുടഞ്ഞു കുറിച്ചിടുന്നു ഞാൻ ചിറകെടുത്തൊരു പക്ഷിയെ,
പട്ടുനൂലിഴകളിൽ വേലയെടുക്കുന്നൊരെട്ടുകാലിയെ.
എന്റെ മനസ്സിലന്നേരം മറ്റൊന്നുമില്ല.
വായു ഞാൻ, തെളിഞ്ഞ വായു,
ഗോതമ്പുകതിരുകൾ ചായുന്നുണ്ടവിടെ,
അവിടെയെന്റെ മനമിളക്കുന്നുണ്ടൊരു കിളിയുടെ ചിറകടികൾ,
എവിടെയ്ക്കെന്നില്ലാതൊരിലയുടെ പതനം,
ചിറയിലിളക്കമറ്റൊരു മീനിന്റെ നേത്രഗോളം,
തുഴഞ്ഞുനീങ്ങുന്ന പ്രതിമകൾ പോലെ മേഘരൂപങ്ങൾ,
മഴയുടെ സങ്കീർണ്ണമായ പെരുക്കങ്ങൾ.

വേനലിന്റെ സുതാര്യതയല്ലാതെ

എന്റെ മനസ്സിലന്നേരം മറ്റൊന്നുമില്ല.

കാറ്റിനെക്കുറിച്ചല്ലാതെ

മറ്റൊന്നും ഞാൻ പാടുകയുമില്ല.

അലങ്കരിച്ച വാഹനങ്ങളിൽ

ശവക്കച്ചകളും പതക്കങ്ങളും വാരിക്കേറ്റി

ചരിത്രം കടന്നുപോകുമ്പോൾ

വസന്തത്തിലേകാകിയായി,

പുഴകളെക്കുറിച്ചുള്ളോർമ്മകളുമായി

ഞാൻ നില്ക്കുന്നു.

ഇടയാ, ഇടയാ,
തന്നെക്കാത്തുനില്ക്കുകയാണവരെല്ലാമെന്നറിയില്ലേ?

അറിയാ,മെനിക്കതറിയാം;
എന്നാലുമീ പുഴക്കരയിൽ,
ചീവീടുകൾ ചിലയ്ക്കുമിവിടെ,
അവരെന്നെക്കാത്തുനില്ക്കുകയാണെങ്കിലും,
എനിക്കെന്നെക്കാത്തുനില്ക്കണം.
എനിക്കുമെന്നെയൊന്നു നോക്കിക്കാണണം,
എന്റെ മനസ്സിലിരുപ്പുകളറിയണം.
പിന്നെ,യെന്റെ വരവും കാത്തു
ഞാൻ നില്ക്കുമിടത്തെത്തിയാൽ,
തിരിഞ്ഞുകിടന്നെനിക്കുറങ്ങണം,
ചിരിച്ചുകൊണ്ടെനിക്കു മരിക്കണം.


14. ശരല്ക്കാലത്തു മറക്കപ്പെട്ടവൻ



ശരല്ക്കാലമായിരുന്നു
ഏഴര മണിയായിരുന്നു
ഞാനാരെയോ കാത്തു
നില്ക്കുകയുമായിരുന്നു.
എന്റെയൊപ്പം കാത്തുനിന്നു മടുത്ത
കാലം
അല്പാല്പം പിന്മാറി,
എന്നെ തനിച്ചാക്കിപ്പോയി.

ഞാൻ തനിച്ചായി,
പകലിന്റെ മണ്ണിനൊപ്പം,
ജലത്തിനൊപ്പം,
കൊല ചെയ്യപ്പെട്ടൊരാഴ്ചയുടെ
ദാരുണാന്ത്യത്തിനൊപ്പം.

‘എന്താ പരിപാടി?’
പാരീസിലെ ഇലകൾ എന്നോടു ചോദിച്ചു.
‘താനാരെയാണു കാത്തുനില്ക്കുന്നത്?’

ചിലപ്പോഴൊക്കെ ഞാൻ
അപമാനിതനുമായി,
മാഞ്ഞുപോകുന്ന വെളിച്ചത്താലാദ്യം,
പിന്നെ നായ്ക്കളാൽ,
പൂച്ചകളാൽ, പോലീസുകാരാൽ.

ഒരേകാകിക്കുതിരയെപ്പോലെ
ഞാൻ തനിച്ചായി,
പുല്മേട്ടിൽ പകലും രാത്രിയും അതിനറിയില്ല,
അതിനറിയുന്നത്
മഞ്ഞുകാലത്തിന്റെ ഉപ്പുചുവ മാത്രം.

അത്രയ്ക്കേകാകിയായി,
പൊള്ളയായി, ഞാൻ നിന്നു,
ശേഷിച്ച ഇലകൾ വിലപിക്കുകയായിരുന്നു,
പിന്നെയവ കണ്ണീരു പോലെ കൊഴിഞ്ഞു.

ഇങ്ങനെയൊരേകാന്തത
മുമ്പു ഞാനറിഞ്ഞിട്ടില്ല,
പിന്നീടുമറിഞ്ഞിട്ടില്ല.
ആരെയോ കാത്തുനില്ക്കുമ്പോഴാണതുണ്ടായതും-
എനിക്കോർമ്മയില്ല,
അതൊരു ചിത്തഭ്രമം പോലെയായിരുന്നു,
ക്ഷണികമായിരുന്നു,
കൂടെക്കൊണ്ടുപോന്നതെന്തോ
വഴിക്കു നഷ്ടപ്പെട്ട തോന്നൽ,
പൊടുന്നനേയൊരു നിഴലു പോലെ
അതതിന്റെ സാന്നിദ്ധ്യം
പതാക പോലെ ചുരുൾ നിവർത്തി.

ആ ഭ്രാന്തൻമൂലയിൽ നിന്നു

പിന്നെ ഞാനോടിപ്പോയി,

ആവുന്നത്ര വേഗത്തിൽ ഞാൻ നടന്നു,

രാത്രിയിൽ നിന്നോടിപ്പോകുന്നപോലെ,

ഇരുണ്ടുരുണ്ടുവരുന്ന

ഒരു വൻപാറയിൽ നിന്നോടിമാറുന്നപോലെ.

ഞാനിപ്പറയുന്നതൊന്നുമില്ലെന്നു വരാം,

എന്നാലൊരിക്കൽ നടന്നതാണിത്,

ഞാനാരെയോ കാത്തുനില്ക്കുമ്പോഴാണിതുണ്ടായതും.


15. പ്രണയം



എത്ര നാളുകൾ, ഹാ, എത്ര നാളുകൾ
നിന്റെ തൊട്ടരികെ, തൊടുന്നപോലത്രയരികിലിരിക്കെ,
എങ്ങനെ ഞാനിക്കടം വീട്ടും,
ഏതൊന്നു കൊണ്ടതു ഞാൻ വീട്ടും?
രക്തദാഹിയായ വസന്തം
കാടുകളിലുറക്കം വിട്ടെഴുന്നേറ്റിരിക്കുന്നു.
കുറുനരികൾ മാളങ്ങളിൽ നിന്നു പുറത്തുവരുന്നു,
സർപ്പങ്ങൾ മഞ്ഞുതുള്ളി നുണയുന്നു,
ഞാനപ്പോൾ പൈനുകൾക്കും മൗനത്തിനുമിടയിൽ
ഇലകളിൽ ചവിട്ടി നിന്നോടൊപ്പം നടന്നു,
എന്റെ ഭാഗ്യത്തിന്റെ കടമെങ്ങനെ,
എന്നു കൊടുത്തുതീർക്കുമെന്നെന്നോടുതന്നെ
ചോദ്യം ചെയ്യുകയുമായിരുന്നു ഞാൻ.
ഞാൻ കണ്ടതിലൊക്കെയും വച്ചു
നിന്നെ മാത്രമേ എനിക്കിനിയും കാണേണ്ടൂ,
ഞാൻ തൊട്ടതിലൊക്കെയും വച്ചു
നിന്റെയുടലേ എനിക്കിനിയും തൊടേണ്ടൂ.
മധുരനാരങ്ങ പോലത്തെ നിന്റെ ചിരിയെനിക്കിഷ്ടം,
നീയുറങ്ങുന്ന പടുതി കാണുമ്പോൾ
എന്റെ നെഞ്ചലിയുകയും ചെയ്യുന്നു.
ഞാനെന്തു ചെയ്യാൻ, പ്രിയേ, ഞാൻ പ്രേമിക്കുന്നവളേ?
അന്യർ പ്രണയിക്കുന്ന പ്രകാരമെനിക്കറിയില്ല,
മനുഷ്യർ പണ്ടു പ്രണയിച്ച പ്രകാരവുമെനിക്കറിയില്ല,
നിന്നെ നോക്കി, നിന്നെ സ്നേഹിച്ചു ഞാൻ ജീവിക്കുന്നു.
പ്രണയിക്കുകയെന്നതേ എന്റെ പ്രകൃതം.
ഓരോ സായാഹ്നത്തിലുമെന്നെ നീ പ്രീതനാക്കുന്നു.
എവിടെയാണവൾ?
നിന്റെ കണ്ണുകൾ കാണാതാവുമ്പോൾ
ഞാൻ ചോദിച്ചുനടക്കുന്നു.
എത്ര നേരമാണവളെടുക്കുന്നത്!
പരിഭവത്തോടെ ഞാനോർക്കുന്നു.
തന്റേടം പോയി, പരിഹാസ്യനായി,
സങ്കടത്തോടെ ഞാൻ നില്ക്കുന്നു.
അപ്പോഴതാ, നീ കടന്നുവരുന്നു,
പീച്ചുമരങ്ങളിൽ നിന്നു കണ്ണയക്കുന്ന മിന്നൽ പോലെ.
നിന്നെ ഞാൻ സ്നേഹിക്കുന്നതതുകൊണ്ടല്ലേ,
അതുകൊണ്ടുമല്ലല്ലോ.
അത്രയധികമാണു കാരണങ്ങൾ, അത്ര കുറവും.
പ്രണയമങ്ങനെ വേണമല്ലോ:
ഗാഢവും വ്യാപകവുമായി,
സ്വകാര്യവും ഭീഷണവുമായി,
മാനിതവും ദുഃഖിതവുമായി,
നക്ഷത്രങ്ങളെപ്പോലെ പൂവിടുന്നതും
ഒരു ചുംബനം പോലളവറ്റതുമായി.

16. സ്നേഹിതന്‍ മടങ്ങിവരുന്നു



നിങ്ങളുടെ ഒരു സ്നേഹിതൻ മരിച്ചുപോയാൽ
നിങ്ങളിലയാൾ മരിച്ചുകൊണ്ടേയിരിക്കും.

നിങ്ങളയാളെ കൊല്ലുന്ന കാലം വരെ
അയാൾ നിങ്ങളെ തേടിവന്നുകൊണ്ടിരിക്കും.

അയാളുടെ മരണം നാം മറക്കാതിരിക്കുക-
നടക്കുമ്പോഴും, തിന്നുമ്പോഴും
തമ്മിൽ സംസാരിക്കുമ്പോഴും.

അയാൾക്കു വന്നുപെട്ടതൊക്കെ
എത്ര അപ്രധാനമായിപ്പോയി.
അയാളുടെ സങ്കടങ്ങൾ
ഏവർക്കുമറിവുള്ളതായിരുന്നു.
ഇന്നയാൾ മരണപ്പെട്ട സ്ഥിതിക്ക്
ആരുമയാളെക്കുറിച്ചൊന്നു
പരാമർശിക്കുന്നപോലുമില്ല.
അയാളുടെ പേരു കടന്നുപോയപ്പോൾ
ആരുമതിനെ പിടിച്ചുനിർത്താനാഞ്ഞില്ല.

എന്നിട്ടും, മരണശേഷം അയാൾ തിരിച്ചുവന്നു,
ഇവിടെ നാമെങ്കിലും
അയാളെ ഓർക്കുമെന്ന പ്രതീക്ഷയോടെ.
യാചനാഭാവത്തോടയാൾ
നമ്മുടെ കണ്ണിൽ പെടാൻ നിന്നുതന്നു.
നാം കണ്ടില്ല, കാണാൻ നമുക്കാഗ്രഹവുമുണ്ടായില്ല.
അന്നയാൾ മടങ്ങിപ്പോയതാണ്‌,
ഇപ്പോഴയാളെ കാണാറില്ല,
അയാളിനി തിരിച്ചുവരികയുമില്ല,
ആർക്കുമയാളെ വേണ്ടെന്നായിരിക്കെ.


17. കടല്ക്കരയിൽ അപരിചിതർ



ഞാൻ മടങ്ങിവന്നിരിക്കുന്നു,
എന്നിട്ടും കടലെന്റെ നേർക്കയക്കുന്നത്
എനിക്കപരിചിതമായ നുരയും പതയും.
എന്റെ കാഴ്ചയുടെ വഴിക്കതു വഴങ്ങുന്നില്ല
മണലെന്നെ തിരിച്ചറിയുന്നതുമില്ല.

മുന്നറിയിപ്പില്ലാതെ കടലിലേക്കു മടങ്ങുക-
അർത്ഥശൂന്യമാണത്.
നിങ്ങൾ മടങ്ങിവന്നതാണെന്നതു മനസ്സിലാക്കില്ല,
നിങ്ങളകലെയായിരുന്നുവെന്നുപോലുമോര്‍മ്മയുണ്ടാവില്ല.
നീലവ്യവഹാരങ്ങളുടെ തിരക്കിലാണു ജലമെന്നതിനാൽ
തിരിച്ചുവരവുകൾ തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്യുന്നു.
തിരകൾ പാട്ടു നിർത്തുന്നില്ല,
പല കൈകളും പല ചുണ്ടുകളും
പല ചുംബനങ്ങളും കടലിനുണ്ടെന്നാലും
ഒരു കൈയും നിങ്ങളുടെ നേർക്കു നീളുന്നില്ല,
ഒരു ചുണ്ടും നിങ്ങളെ ചുംബിക്കുന്നില്ല;
എത്ര നിസ്സാരമായ ഒരു വസ്തുവാണു താനെന്ന്
വൈകാതെ നിങ്ങൾക്കു മനസ്സിലാവുകയും ചെയ്യും.
സ്നേഹിതരല്ലേ നമ്മളെന്ന ചിന്തയോടെ
തുറന്നുപിടിച്ച കൈകളോടെ നാം തിരിച്ചുവരുന്നു,
കടലതാ, നൃത്തം വയ്ക്കുന്ന തിരക്കിലാണ്‌,
നമ്മളെ കണ്ട മട്ടു പോലും അതിനില്ല.

ഇനി ഞാൻ കാത്തിരിക്കേണ്ടിവരും,
മൂടല്മഞ്ഞിനായി, കാറ്റിൽ പാറുന്ന ഉപ്പുതരികൾക്കായി,
ചിതറിത്തെറിച്ച സൂര്യനായി;
അന്നേ കടലെന്റെ മേൽ നിശ്വസിക്കൂ;
വെള്ളം വെറും വെള്ളം മാത്രമല്ലല്ലോ,
ബാഷ്പരൂപമായൊരു കടന്നുകയറ്റവുമാണ്‌;
അദൃശ്യരായ കുതിരകളെപ്പോലെ
വായുവിൽ തിരകൾ കിടന്നുമറിയുകയുമാണ്‌.
എന്റെ സ്വപ്നങ്ങൾക്കുള്ളിൽ നീന്തിനടക്കാൻ
അതിനാൽ ഞാൻ പഠിക്കണം:
ഞാനുറങ്ങിക്കിടക്കുമ്പോൾ
കടലെന്നെക്കാണാൻ വന്നാലോ!
അങ്ങനെയൊന്നു നടന്നാൽ നന്നായി;
നാളെ ഞാനുണരുമ്പോൾ,
ഞാനാരെന്നും ഞാനെന്തിനു മടങ്ങിവന്നുവെന്നും
നനഞ്ഞ കല്ലുകളും മണലും
കയറിയിറങ്ങുന്ന കടലിന്റെ മുഴക്കവുമറിഞ്ഞുവെന്നുവരാം,
അവരുടെ വിദ്യാലയത്തിലേക്കെനിക്കും
പ്രവേശനം തന്നുവെന്നുവരാം.

മണല്പരപ്പിന്റെ ഏകാന്തതയിൽ
എങ്കിലെനിക്കു പിന്നെയും സംതൃപ്തനാവാം,
കാറ്റിനാലംഗീകരിക്കപ്പെട്ടവനായി,
കടൽപ്രപഞ്ചത്താൽ ബഹുമാനിതനായി.


18. അത്രയധികം പേരുകൾ



തിങ്കളാഴ്ച ചൊവ്വാഴ്ചയോടു കെട്ടുപിണയുന്നു,
ഒരാഴ്ച ഒരു മുഴുവൻ കൊല്ലത്തോടും.
നിങ്ങളുടെ തളർന്ന കത്രിക കൊണ്ടു
കാലത്തെ വെട്ടിമുറിക്കാനാകില്ല,
പകലത്തെ പേരുകളെല്ലാം
രാത്രിയിലൊഴുക്കെടുത്തുപോവുകയും ചെയ്യുന്നു.

ഒരാണിനും പെഡ്രോയെന്ന പേരവകാശമല്ല,
ഒരു പെണ്ണും റോസയല്ല, മരിയയുമല്ല,
മണലല്ലെങ്കിൽ മൺപൊടിയാണു നാം,
മഴയ്ക്കുള്ളിൽ പെയ്യുന്ന മഴയാണു നാം.
വെനിസ്വേലകളെക്കുറിച്ചാളുകളെന്നോടു പറയാറുണ്ട്,
ചിലികളെക്കുറിച്ചും പരാഗ്വേകളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്;
എന്താണവർ പറയുന്നതെന്നെനിക്കു മനസ്സിലാകുന്നില്ല;
ഈ മണ്ണിന്റെ തൊലിപ്പുറമെനിക്കറിയാം,
അതിനു പേരില്ലെന്നുമെനിക്കറിയാം.

വേരുകൾക്കിടയിലൊരുകാലം ഞാൻ ജീവിച്ചിരുന്നു,
പൂക്കളെക്കാളെന്നെയവ സന്തോഷിപ്പിച്ചിരുന്നു,
കല്ലിനോടും ഞാനൊന്നിടപെട്ടിരുന്നു,
അതിന്റെ വചനമോ, മണിനാദം പോലെയും.

അത്ര ദീർഘിച്ചതാണത്- വസന്തം,
ഹേമന്തത്തിലേക്കതു നീണ്ടുപോകുന്നു;
കാലത്തിനതിന്റെ പാദുകങ്ങൾ നഷ്ടമായി,
ഒരു കൊല്ലത്തിനു നാലു നൂറ്റാണ്ടിന്റെ നീളവുമായി.

ഓരോ രാത്രിയിലും ഞാനുറങ്ങാൻ കിടക്കുമ്പോൾ
എന്റെ പേരെന്താണ്‌, എനിക്കില്ലാത്ത പേരെന്താണ്‌?
ഉറങ്ങുമ്പോൾ ഞാൻ ഞാനല്ലാതാവുന്നെങ്കിൽ
ഉണരുമ്പോൾപ്പിന്നെയാരാണു ഞാൻ?
ഇതുകൊണ്ടൊക്കെയർത്ഥമാക്കുന്നതിതു മാത്രം:
ജീവിതത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ
നവജാതശിശുക്കളെപ്പോലെയാണു നാമെന്ന്,
അത്രയധികം പതറുന്ന പേരുകൾ കൊണ്ടും
അത്രയധികം ദാരുണോപചാരങ്ങൾ കൊണ്ടും
അത്രയധികം നിരർത്ഥകാക്ഷരങ്ങൾ കൊണ്ടും
അത്രയധികം എന്റെയും നിന്റെയും കൊണ്ടും
അത്രയധികം കടലാസ്സിലൊപ്പിടലുകൾ കൊണ്ടും
വായ കുത്തിനിറയക്കരുതു നാമെന്ന്.

കാര്യങ്ങളെയൊന്നു കൂട്ടിക്കുഴച്ചാലോയെന്നാണെന്റെ ചിന്ത:
അവയെ ഒരുമിച്ചുചേർക്കുക,
പിന്നെയവയെ കൊത്തിവിരിക്കുക,
കൂട്ടിക്കലർത്തുക, പിന്നെ കൊഴിച്ചെടുക്കുക,
അങ്ങനെയൊടുവിൽ
ലോകത്തിലെ വെളിച്ചത്തിനെല്ലാമുണ്ടാവും,
കടലിന്റെ ഏകത,
ഉദാരവും വിപുലവുമായ പൂർണ്ണത,
ചൊടി വിടാത്ത വാസനയും.


19. അടഞ്ഞ വായിൽ ഈച്ചകൾ കയറുന്നു



മാണിക്യക്കല്ലുകൾ ചെന്തീനാമ്പുകളായിക്കത്താൻ
വെമ്പുന്നതെന്തുകൊണ്ട്?

ഗോമേദകത്തിന്റെ ഹൃദയത്തിന്‌
തേനറകളുടെ മഞ്ഞപ്പെവിടുന്നു കിട്ടി?

സ്വപ്നങ്ങളുടെ നിറം മാറ്റിമാറ്റി രസിക്കാൻ
റോസാപ്പൂവിനു തോന്നിയതെന്തിനാൽ?

മുങ്ങിത്താണൊരന്തർവാഹിനി പോലെ
മരതകം തണുത്തുവിറയ്ക്കുന്നതെന്തുകൊണ്ട്?

ജൂൺമാസനക്ഷത്രങ്ങൾക്കു ചുവട്ടിൽ
ആകാശം വിളറുന്നതെന്തുകൊണ്ട്?

ഗൗളി തന്റെ വാലിനു പൂശാൻ
പുതുപുതുചായങ്ങൾ വാങ്ങുന്നതെവിടെ നിന്ന്?

ലവംഗപുഷ്പങ്ങൾക്കു പുനർജ്ജന്മം നല്കുന്ന
ഭൂഗർഭാഗ്നി കുടികൊള്ളുന്നതെവിടെ?

ഉപ്പുപരലെവിടെനിന്നു സമ്പാദിച്ചു,
അതിന്റെ നോട്ടത്തിന്റെ സുതാര്യത?

ഉണരുമ്പോഴിത്രയ്ക്കു കറുക്കാനായി
കല്ക്കരി കിടന്നുറങ്ങിയതെവിടെയാവാം?

എവിടെ, എവിടെ നിന്നാണു കടുവ വാങ്ങിയത്,
വിലാപത്തിന്റെ, പൊന്നിന്റെ ആ വരകൾ?

കാടതിന്റെ ശ്വാസത്തിലറിഞ്ഞുതുടങ്ങിയതെന്നാവും,
തന്റെ തന്നെ സൗരഭ്യങ്ങൾ?

വാസനിക്കുന്ന സ്വന്തം പരിണതിയെക്കുറിച്ച്
പൈൻമരമെന്നാവും ബോധവാനായിരിക്കുക?

നാരങ്ങകൾ സൂര്യന്റെയതേ സിദ്ധാന്തങ്ങൾ
പാലിക്കാൻ തുടങ്ങിയതെന്നു മുതൽ?

പുക പറക്കാൻ പഠിച്ചതെന്ന്?

വേരുകൾ തമ്മിൽ സംസാരിക്കുന്നതെപ്പോൾ?

ജലം നക്ഷത്രത്തിലേതുപോലിരിക്കും?
തേൾ വിഷജന്തുവും
ആന സൗമശീലനുമായതെന്തുകൊണ്ട്?

ആമയുടെ ധ്യാനവിഷയമെന്താവാം?
നിഴലുകൾ പിൻവലിയുന്നതെവിടേയ്ക്ക്?
മഴ തോരാതെ പാടുന്ന പാട്ടേത്?
കിളികൾ മരിക്കാനെവിടേയ്ക്കു പോകുന്നു?
ഇലകളെന്തിനു പച്ചയാവണം?

നമുക്കറിയുന്നതെത്രയും തുച്ഛം,
നാമൂഹിക്കുന്നതോ, അത്രയുമധികം;
അത്ര ക്ലേശിച്ചാലേ നമുക്കു പഠിയൂ എന്നതിനാൽ
ചോദ്യങ്ങൾ ചോദിക്കുമ്പോഴേക്കും
നാം മരിച്ചും പോകുന്നു.
അതിനാലതിലും ഭേദമിതത്രെ-
മരിച്ചവരുടെ ദേശമെത്താനായി,
മരിച്ചവരുടെ നാളെത്താനായി
ക്ഷമയോടെ കാത്തിരിക്കുക,;
അന്നു നിങ്ങളുടെ തലയോട്ടിയുടെ ഊട്ടകളിലൂടെ
കാറ്റു നൂട്ട നൂഴുമ്പോൾ
എല്ലാ പ്രഹേളികകൾക്കുമതുത്തരം നല്കും,
നിങ്ങളുടെ കാതുകളിരുന്ന തുളകളിൽ
പരമാർത്ഥമെന്തെന്നതടക്കം പറയും.


20. എവിടെയായിരിക്കും?



ഗിയേമിന എവിടെയായിരിക്കും?

എന്റെ പെങ്ങൾ അവളെ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ,
വാതിൽ തുറന്നുകൊടുക്കാനായി ഞാൻ ചെന്നപ്പോൾ,
സൂര്യൻ കയറിവന്നു, നക്ഷത്രങ്ങൾ കയറിവന്നു,
ഗോതമ്പുനിറമായ രണ്ടു മുടിപ്പിന്നലുകൾ കയറിവന്നു,
ഉറവ വറ്റാത്ത രണ്ടു കണ്ണുകളും.

പതിന്നാലുകാരനായിരുന്നു ഞാൻ,
ചിന്താകുലൻ, അതിലഭിമാനിക്കുന്നവനും,
മെലിഞ്ഞവൻ, മെയ്‌വഴക്കമുള്ളവൻ, ചിറയുന്നവൻ,
മരണത്തിന്റെ വിഷാദമെടുത്തണിഞ്ഞവൻ,
ഗൗരവക്കാരൻ.
കാടിന്റെ നനവുമായി
ചിലന്തികൾക്കിടയിൽ ഞാൻ ജീവിച്ചു,
മൂന്നു നിറക്കാരായ തേനീച്ചകൾക്കും
വണ്ടുകൾക്കും ഞാൻ പരിചിതനായിരുന്നു.
കർപ്പൂരത്തുളസികളുടെ മറ പറ്റി
തിത്തിരിപ്പക്ഷികൾക്കിടയിൽ ഞാനുറങ്ങി.

അപ്പോഴല്ലേ, ഗിയേമിന കയറിവന്നു!
അവളുടെ കണ്ണുകൾ, നീലിച്ച രണ്ടു മിന്നല്പിണറുകൾ,
എന്റെ മുടിയിഴകൾ തഴുകിക്കടന്നുപോയി,
മഞ്ഞുകാലത്തിന്റെ ചുമരിൽ
എന്നെ കുത്തിത്തറച്ചിട്ടു.
ഇതു നടന്നത് ടെമുക്കോവിൽ,
തെക്കൻ നാട്ടിൽ, അതിർത്തിക്കടുത്ത്.

ആണ്ടുകളിഴഞ്ഞുനീങ്ങി,
ആനകളെപ്പോലലസനടയായി,
കിറുക്കൻകുറുനരികളെപ്പോലെ കുരയുമായി.
വൃദ്ധിയും ക്ഷയവുമായി, ശോചനീയമായി,
മലിനപ്പെട്ട വർഷങ്ങളിഴഞ്ഞുനീങ്ങി.
ഞാനോ, ഞാൻ നടന്നു,
മേഘത്തിൽ നിന്നു മേഘത്തിലേക്ക്,
ദേശത്തു നിന്നു ദേശത്തേക്ക്,
കണ്ണിൽ നിന്നു കണ്ണിലേക്ക്.
അതേ നരച്ച രൂപത്തിൽ

അതിർത്തിയിൽ മഴ പെയ്യുകയുമായിരുന്നു.
ഒരേ ജോഡി ചെരുപ്പുമായി
എന്റെ ഹൃദയം യാത്ര ചെയ്തിട്ടുണ്ട്,
മുള്ളുകൾ ഞാൻ ചവച്ചിറക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നേടത്തൊന്നുമെനിക്കു വിശ്രമം കിട്ടിയില്ല,
ഞാൻ ആഞ്ഞടിച്ചിടത്ത് അവരെന്നെ അടിച്ചുവീഴ്ത്തി,
എന്നെ കൊല ചെയ്തിടത്ത് ഞാൻ വീണുകിടന്നു.
എന്നത്തെയും പോലത്തെ നവോന്മേഷത്തോടെ
പിന്നെ ഞാനുയിർത്തെഴുന്നേറ്റു.
പിന്നെ, പിന്നെ, പിന്നെ, പിന്നെ...
ഒക്കെപ്പറയാനാണെങ്കിൽ ഒരുപാടുനേരമെടുക്കുമെന്നേ.

ഇനി കൂടുതലായൊന്നും പറയാനില്ല.

ഈ ലോകത്തു ജീവിക്കാനായി ഞാൻ വന്നു.

ഗിയേമിന എവിടെയായിരിക്കും?


21. സൊണാറ്റ, ചില പൈൻമരങ്ങളും



നീളം വച്ച പകലുകളുടെ പാതിവെയിലിൽ
തളർന്ന അസ്ഥികളെ നാമൊരുമിച്ചുകിടത്തുക

നമ്മോടുൾക്കൂറു കാട്ടാതിരുന്നവരെ
നിർവ്വികാരരായ സ്നേഹിതരെ നാം മറക്കുക

പൈൻമരങ്ങൾക്കിടയിൽ സൂര്യൻ താറുന്നു
ഒരു ദേശത്തിനുള്ളിൽ പല ദേശങ്ങളുണ്ടെന്ന്

അവഗണിക്കപ്പെട്ട ജന്മദേശങ്ങളുണ്ടെന്നറിയാത്തവർ
അവരെ നാം മറന്നുകളയുക

സന്തോഷവാന്മാരെക്കുറിച്ചു നാം ചിന്തിക്കാതിരിക്കുക
അവരുടെ വയ്പുപല്ലുകൾ നാം മറക്കുക

പതുപതുത്ത തൂവൽക്കിടക്കകളിൽ
മൃദുലഹൃദയരുറക്കമായിക്കോട്ടെ

നിറയെ രഹസ്യങ്ങളും അടരുകളുമുള്ള കല്ലുകൾ
കല്ലുകളോരോന്നിനെയും കുറിച്ചു നിങ്ങളറിയണം

തളിരിടുന്ന വെളിച്ചത്തിനോടൊപ്പം
തീവണ്ടികളുടെ വ്യഥകളോടൊപ്പമുണരാൻ നിങ്ങൾ പഠിക്കണം

നമ്മോടൊപ്പമെന്നും യാത്ര ചെയ്യുന്ന
ലോകത്തിന്റെ പ്രതലത്തെ തൊടാൻ നമുക്കറിയണം

ഒരേയൊരു തിരിച്ചടിയും കാർന്നുകാർന്നിരിക്കുന്നവനെ
വ്രണിതഹൃദയനെ നാം മറക്കുക

മരങ്ങൾ മുകളിൽ തുറന്നിടുന്നു
അർദ്ധവൃത്താകാരത്തിലൊരാകാശം

പൈനിലകളും നിഴലുകളുമായി
ഇല പൊഴിച്ചിടുന്ന വായുവുമായി

നമ്മെ സ്നേഹിക്കാനാവത്തവരെ
ഹൃദയവിശാലതയോടെ നാം മറക്കുക

തീച്ചൂടു തേടി നടക്കുന്നവരെ നാം മറക്കുക
നമ്മെപ്പോലെ വിസ്മൃതിയിലേക്കു വീഴുന്നവരെ

അതികാലത്തെ കടൽനുര പോലെ
ഹിതകരമായിട്ടൊന്നുമില്ല

ഒരു നായ വരുന്നു കടൽ മണക്കുന്നു
അവനതിനെ ഇനിയും വിശ്വാസമായിട്ടില്ല

തിരകൾ നിര മുറിയാതെ വരികയുമാണ്‌
വെള്ളയുടുപ്പിട്ട സ്കൂൾകുട്ടികളെപ്പോലെ

വായുവിൽ ഉപ്പിന്റെയും സൂര്യന്റെയും ചുവ
കടല്പായലിന്റെ ശവമുറിയിൽ
ജനനത്തിന്റെയും ജീർണ്ണതയുടേയും ഗന്ധങ്ങൾ

ഇല്ലായ്മക്കെന്തു ന്യായീകരണം?
അന്യർ നമ്മെക്കൊണ്ടുപോകുന്നതെവിടെ?

നമുക്കു നല്ലതാണൊരു മാറ്റം
വേഷത്തിന്റെ തൊലിയുടെ മുടിയുടെ ജോലിയുടെ

നല്ലതാണ്‌ മണ്ണിനെയൊന്നറിയുന്നതും
കാലത്തു ഭാര്യക്കൊരുമ്മ കൊടുക്കുന്നതും

തെളിഞ്ഞ വായുവിന്റെ ഭാഗമാകുന്നതും
ദുഷ്പ്രഭുക്കളെ വെറുക്കുന്നതും

മൂടല്മഞ്ഞിൽ നിന്നു മൂടല്മഞ്ഞിലൃക്കു
ഞാനെന്റെ തൊപ്പിയും തുഴഞ്ഞു പോയപ്പോൾ

എനിക്കു വഴി പറഞ്ഞുതരാനൊരാളുമുണ്ടായില്ല
ബഹുകാര്യവ്യാപൃതരായിരുന്നു സർവ്വരും

പലതും വില്ക്കാനുള്ള തിരക്കിലായിരുന്നു അവർ
ഞാനാരെന്നാരുമെന്നോടു ചോദിച്ചില്ല

ഒടുവിലാണു ഞാനെന്നെത്തന്നെ തിരിച്ചറിഞ്ഞതും
ഒരു പുഞ്ചിരിയെന്നിൽ നിന്നു പുറപ്പെട്ടതും

പാതിമാനത്തിനും ഇലച്ചാർത്തിനുമടിയിൽ
നമ്മുടെ ക്ഷീണവുമായി നാം രാജിയാവുക

വേരുകളോടു നാം സംഭാഷണം ചെയ്യുക
മോഹഭംഗം വന്ന തിരകളോടു മിണ്ടുക

തിടുക്കം നാം മറക്കുക
മിടുക്കന്മാരുടെ പല്ലുകൾ മറക്കുക

നമുക്കനർത്ഥമാശിക്കുന്ന
പലവകക്കൂട്ടങ്ങളെ മറക്കുക

ഭൂബദ്ധമാകട്ടെ നമ്മുടെ ജീവിതവ്യാപാരം
സ്വന്തമാത്മാവുകൊണ്ടു നാം മണ്ണിനെ തൊടുമാറാകട്ടെ


22. കുഴിമടിയന്മാർ



നക്ഷത്രങ്ങൾക്കിടയിൽ ഈ ഉരുക്കുസാധനങ്ങൾ*
അവരുടെ തെണ്ടിനടക്കൽ തുടരും,
ക്ഷീണിതരും മടുത്തവരുമായ മനുഷ്യർ
മുകളിലേക്കു പൊയ്ക്കൊണ്ടിരിക്കും,
പ്രശാന്തചന്ദ്രനെയവർ മലിനമാക്കും,
അവിടെയവർ മരുന്നുകടകളും തുറക്കും.

തുടുത്തുവീർത്ത മുന്തിരിപ്പഴങ്ങളുടെ ഈ കാലത്ത്
കടലിനും മലനിരകൾക്കുമിടയിൽ
വീഞ്ഞതിന്റെ ജീവിതത്തിനു തുടക്കമിടുന്നു.

ചിലിയിലിപ്പോൾ ചെറിപ്പഴങ്ങൾ നൃത്തം വയ്ക്കുകയാണ്‌,
നിറമിരുണ്ട പെൺകുട്ടികൾ രഹസ്യങ്ങളൊളിപ്പിച്ച പാട്ടുകൾ പാടുകയാണ്‌,
ഗിത്താറുകളിൽ ജലം തിളങ്ങുകയാണ്‌.

വെയിൽനാളമോരോ വാതില്ക്കലും ചെന്നുവിളിക്കുന്നു,
ഗോതമ്പുകതിരിൽ നിന്നതിശയങ്ങൾ വിളയിക്കുന്നു.

ഒന്നാം വീഞ്ഞിനു നിറം കടുംചുവപ്പ്,
ഒരരുമക്കുഞ്ഞിനെപ്പോലെ ഹൃദ്യമായത്,
രണ്ടാം വീഞ്ഞ് ബലിഷ്ഠമായത്,
ഒരു നാവികന്റെയൊച്ച പോലെ ബലത്തത്,
മൂന്നാം വീഞ്ഞൊരു പുഷ്യരാഗവും
തീയും പോപ്പിപ്പൂവുമൊന്നിച്ചത്.

എന്റെ വീടിനുണ്ട് കരയും കടലും,
എന്റെ പെണ്ണിനു കേമമായ കണ്ണുകളുണ്ട്,
കാട്ടുഹെയ്സൽക്കായകളുടെ നിറത്തിൽ;
രാത്രി പിന്നെ വന്നണയുമ്പോൾ
കടൽ പച്ചയും വെളുപ്പും വേഷമെടുത്തണിയുന്നു,
അതില്പിന്നെ കടൽനുരയ്ക്കു മേൽ കിടന്നു ചന്ദ്രൻ സ്വപ്നം കാണും,
കടല്പച്ച നിറത്തിലൊരു പെൺകുട്ടിയെപ്പോലെ.

എനിക്കെന്റെ ഗ്രഹം വച്ചുമാറാനൊരാഗ്രഹവുമില്ല.

(*1957ൽ റഷ്യ സ്പുട്നിക് വിക്ഷേപിച്ചതിന്റെ പശ്ചാത്തലത്തിൽ)


23. പരിണതഫലങ്ങൾ



നല്ലവനായിരുന്നു, ആ മനുഷ്യൻ,
തന്റെ മഴുവും തന്റെ കൊഴുവും പോലുറച്ചവൻ.
ഉറങ്ങുമ്പോൾ സ്വപ്നം കാണാൻ പോലും
അയാൾക്കു നേരം കിട്ടിയിരുന്നില്ല.

വിയർപ്പിറ്റുന്നതായിരുന്നു അയാളുടെ നിസ്വത.
ഒരേയൊരു കുതിരയായിരുന്നു അയാളുടെ ആസ്തി.

ഇന്നതിഗർവ്വിതനാണയാളുടെ മകൻ,
ഒരു പറ്റം കാറുകളുടെ ആസ്തിയും അയാൾക്കുണ്ട്.
ഒരു സെനറ്ററുടെ ശബ്ദത്തിലാണയാളുടെ സംസാരം,
ലോകമളക്കുന്നതാണയാളുടെ നടത്തം,
തന്റെ കൃഷിക്കാരൻ പിതാവിനെ അയാൾ മറന്നുപോയിരിക്കുന്നു,
പുതിയ പൂർവ്വികരെ അയാൾ കണ്ടെത്തിയിരിക്കുന്നു.
കൊഴുത്ത വർത്തമാനപത്രം പോലെയാണയാളുടെ ചിന്ത,
രാവും പകലും പണമുണ്ടാക്കുകയാണയാളുടെ പണി,
ഉറക്കത്തിൽപോലും പ്രമാണിയാണയാൾ.

പുത്രന്റെ പുത്രന്മാരനവധിയാണ്‌,
കുറേക്കാലം മുമ്പവർ പെണ്ണും കെട്ടി;
അകത്താക്കുകയല്ലാതവരൊന്നും ചെയ്യാറില്ല,
ഒരായിരമെലികളാണവരുടെ ആസ്തി.

പുത്രന്റെ പുത്രന്മാരുടെ പുത്രന്മാർ-
ഈ ലോകത്തെ അവരെന്താക്കും?
അവർ നല്ലവരാകുമോ ചീത്തയാകുമോ?
ഈച്ചവിലയോ ഗോതമ്പുവിലയോ അവരുടേത്?

എന്റെ ചോദ്യത്തിനു മറുപടി പറയാൻ നിങ്ങൾക്കാഗ്രഹമില്ല.

ചോദ്യങ്ങൾ പക്ഷേ, മരിക്കുകയുമില്ല.


24. പൂച്ചയുടെ സ്വപ്നം


പൂച്ചയുറങ്ങുന്നതെത്ര വെടിപ്പായി,
ആ കാല്പാദങ്ങളും ആ കിടപ്പിന്റെ വട്ടവുമായി,
ക്രൂരമായ നഖങ്ങളുമായി,
വികാരലേശമില്ലാത്ത ചോരയുമായി,
കരിഞ്ഞ വൃത്തങ്ങൾ പോലത്തെ വലയങ്ങൾ
വിചിത്രമായൊരു ഭൗമഘടന പകരുന്ന
മണൽനിറമായ വാലുമായി.

എനിക്കും മോഹം, പൂച്ചയെപ്പോലൊന്നുറങ്ങാൻ,
കാലത്തിന്റെ രോമക്കുപ്പായവുമായി,
തീക്കല്ലു പോലെ പരുത്ത നാവുമായി,
തീപ്പൊരിയുറങ്ങുന്ന അരക്കെട്ടുമായി;
ആരോടുമൊന്നും മിണ്ടാതെ, ലോകത്തിനു മേൽ,
മേല്ക്കൂരകൾക്കും ഭൂമിക്കും മേൽ,
നടു നിവർത്തൊന്നു കിടക്കാൻ,
സ്വപ്നങ്ങളിൽ എലികളെ വേട്ടയാടാ-
നടങ്ങാത്തൊരു തൃഷ്ണയുമായി.

ഞൻ കണ്ടിട്ടുണ്ട്,
ഉറങ്ങുന്ന പൂച്ചയുടെയുടൽ തിര പോലുയർന്നുതാഴുന്നതും
രാത്രിയൊരു കരിമ്പുഴ പോലതിലൂടൊഴുകുന്നതും
ചിലനേരം വീഴാനെന്നപോലെ ചരിയുന്നതും;
വിജനമായ ഹിമാനികളിൽ
താഴ്ന്നുപോവുകയാണതെന്നു വരാം.
ചിലനേരമുറക്കത്തിലൊരു വ്യാഘ്രത്തിന്റെ മുതുമുത്തശ്ശനെപ്പോലെ
അതു വളർന്നുവളർന്നുവലുതാകുന്നു,
അപ്പോഴതിരുട്ടത്തു കുതിച്ചുചാടുന്നു,
മേല്പുരകൾക്കു മേൽ, മേഘങ്ങൾക്കും തീമലകൾക്കും മേൽ.

ഉറങ്ങൂ, ഉറങ്ങൂ, രാത്രിയുടെ മാർജ്ജാരമേ,
പള്ളിയുറക്കത്തിന്റെ ചടങ്ങുകളുമായി,
കല്ലിൽ കൊത്തിയ മീശരോമങ്ങളുമായി.
ഞങ്ങളുടെ സ്വപ്നങ്ങൾക്കു കാവലാളാകൂ,
ഞങ്ങളിൽ മയങ്ങുന്ന ശൗര്യത്തിനു വഴി കാണിക്കൂ,
നിന്റെയിടറാത്ത ഹൃദയവുമായി,
കൊണ്ട കെട്ടിയ കേമൻവാലുമായി.


25. സ്വപ്നം കണ്ട തീവണ്ടികൾ


വണ്ടിപ്പേട്ടയിൽ കിടന്നു സ്വപ്നം കാണുകയായിരുന്നു
തീവണ്ടികൾ,
അവയ്ക്കെഞ്ചിനില്ലായിരുന്നു,
അവ നിസ്സഹായമായിരുന്നു,
അവ ഉറക്കമായിരുന്നു.

പുലർച്ചയ്ക്കൊരു കള്ളനെപ്പോലെ ഞാൻ ചെന്നുകേറി.
ഞാൻ തിരഞ്ഞതു രഹസ്യങ്ങളായിരുന്നു,
യാത്രകളുടെ അവശിഷ്ടഗന്ധങ്ങൾക്കിടയിൽ
ആളുകൾ വിട്ടുപോയ സംഗതികളായിരുന്നു.
ആളുകളിറങ്ങിപ്പോയ, നിർത്തിയിട്ട തീവണ്ടിയിൽ
ഞാൻ ഒറ്റയ്ക്കായിരുന്നു.

കനത്ത വായുവിൽ തങ്ങിനിന്നിരുന്നു,
മുഴുമിപ്പിക്കാതെപോയ സംഭാഷണങ്ങൾ,
ക്ഷണികമായ വിഷാദങ്ങൾ;
ഇടനാഴികളിൽ ഹതാശരായ ആത്മാക്കൾ
സീറ്റിനടിയിൽ വീണുപോയ ചാവിയില്ലാത്ത താഴുകൾ പോലെ.

കൂടകൾ നിറയെ പൂക്കളും കോഴികളുമായി
യാത്ര ചെയ്യുന്ന തെക്കത്തിപ്പെണ്ണുങ്ങൾ;
അവർ കൊല ചെയ്യപ്പെട്ടുവെന്നുവരാം,
അവർ മടങ്ങിവന്നു വിമ്മിക്കരഞ്ഞുവെന്നുവരാം,
തങ്ങളുടെ പൂക്കളുടെ തീനാളങ്ങളിൽ
തീവണ്ടിമുറികളവർ ദഹിപ്പിച്ചുവെന്നുവരാം,
അവർക്കൊപ്പം യാത്ര ചെയ്യുകയാണു ഞാനെന്നുവരാം,
യാത്രയുടെ ചുടുവായു,
നനഞ്ഞ പാളങ്ങൾ,
നിശ്ചലമായ തീവണ്ടിയിൽ ജീവിക്കുകയാണു സകലതുമെന്നുവരാം,
നിർഭാഗ്യങ്ങൾ കാണാൻ ഞെട്ടിയുണരുന്ന
യാത്രികനാണു ഞാനെന്നും വരാം.

ഞാൻ സീറ്റിലിരിക്കുമ്പോൾ
എന്റെ ഉടലിലൂടിരച്ചുപായുകയാണ്‌ തീവണ്ടി;
അതെന്റെ അതിരുകൾ ഇടിച്ചിടുന്നു-
പൊടുന്നനേ, അതെന്റെ ബാല്യത്തിലെ തീവണ്ടിയാകുന്നു,
അതിപുലർച്ചയിലെ പുകയും
വേനലിന്റെ കയ്പും മധുരവുമാകുന്നു.

വേറെയും തീവണ്ടികൾ പാഞ്ഞുപോയിരുന്നു,
അതിന്റെ വാഗണുകളിൽ കുത്തിനിറച്ചിരുന്നു,
താറിന്റെ വീപ്പകൾ പോലെ ശോകങ്ങൾ.
എന്റെ എല്ലുകളെ ഭാരം വയ്പ്പിച്ചൊരു പുലർച്ചെ
നിർത്തിയിട്ടൊരു തീവണ്ടി പാഞ്ഞുപോയതിങ്ങനെ.

ഏകാന്തമായ ആ തീവണ്ടിയിൽ ഞാനൊറ്റക്കായിരുന്നു,
എന്നാൽ ഞാനൊറ്റക്കുമായിരുന്നില്ല-
യാത്രയെന്ന പ്രത്യാശക്കു ചുറ്റുമായി
ഒരു പറ്റം ഏകാന്തതകൾ തടിച്ചുകൂടിയിരുന്നു,
പ്ലാറ്റ്ഫോമുകളിൽ ഗ്രാമീണരെപ്പോലെ.
കാറ്റു പോയ പുക പോലെ
വണ്ടിക്കുള്ളിൽ ഞാനിരുന്നു,
ചുറ്റും തിക്കിത്തിരക്കുന്ന അത്രയധികം ആത്മാക്കളുമായി,
അത്രയധികം മരണങ്ങളുടെ ഭാരവുമായി;
ഹതാശമായ ആ യാത്രയിൽ യാതൊന്നുമിളകിയില്ല,
എന്റെ തളർന്ന ഹൃദയമൊഴികെ ഒന്നും.


26. ഒടുവിലയാൾ തന്റെ കാമുകിയിലേക്കു തിരിയുന്നു...


മാറ്റിൽഡേ ഉറൂഷ്യാ, നിനക്കു ഞാനിവിടെ വിട്ടുപോകുന്നു,
എനിക്കുണ്ടായിരുന്നതൊക്കെയും,
എനിക്കില്ലാതിരുന്നതൊക്കെയും,
ഞാനായതൊക്കെയും, ഞാനല്ലാത്തതൊക്കെയും.
കരച്ചിൽ മാറാത്ത കുഞ്ഞാണെന്റെ പ്രണയം,
അവനു മടി നിന്റെ കൈകൾ വിട്ടുപോകാൻ,
അവനെ ഞാൻ നിന്നെയേല്പ്പിക്കുന്നു-
ഞാൻ വരിച്ചവൾ നീ.

ഞാൻ വരിച്ചവൾ നീ,
തെക്കൻനാട്ടിലെ മെലിഞ്ഞ മരങ്ങളെക്കാൾ
തെന്നലുകൾ മയപ്പെടുത്തിയവൾ,
ആഗസ്റ്റുമാസത്തിലെ ഹെയ്സൽമരം;
ഒരു കൂറ്റൻപലഹാരക്കടയെക്കാൾ രുചികരം,
എനിക്കു നീ.
നിന്റേതു മണ്ണിന്റെ ഹൃദയം,
സ്വർഗ്ഗീയം പക്ഷേ, നിന്റെ കൈകൾ.

ചുവന്നവൾ, എരിക്കുന്നവൾ നീ,
വെളുത്തവൾ,
ഉള്ളിയച്ചാറിട്ടപോലുപ്പു ചുവയ്ക്കുന്നവളെനിയ്ക്കു നീ.
ഓരോ മനുഷ്യസ്വരവുമൊത്തു
ചിരിയ്ക്കുന്ന പിയാനോ നീ;
സംഗീതമെന്റെ മേലൊഴുകുന്നു,
നിന്റെ കണ്ണിമകളിൽ നിന്ന്,
നിന്റെ മുടിയിഴകളിൽ നിന്നും.
നിന്റെ പൊൻനിഴലിലസം ഞാൻ കിടക്കുന്നു,
നിന്റെ കാതുകളെന്നെ മായത്തിൽപ്പിടിയ്ക്കുന്നു,
കടലിനടിയിലൊരു പവിഴപ്പുറ്റിൽക്കണ്ടേൻ
പണ്ടേ ഞാനവയെയെന്നപോലെ.
നിന്റെ നഖങ്ങൾക്കു വേണ്ടിയല്ലോ,
കടലിൽ കിടിലൻമീനുകളെ ഞാൻ നേർത്തതും.

തെക്കില്‍ നിന്ന് തെക്കിലേക്കു പരക്കുന്നു നിന്റെ കണ്ണുകൾ,
കിഴക്കുപടിഞ്ഞാറു നീളുന്നു നിന്റെ മന്ദഹാസം;
കണ്ണിൽപ്പെടുന്നതേയില്ല നിന്റെ കാലടികൾ,
നിന്റെ മുടിയിലുദയമാകാൻ സൂര്യനും ഹിതം.
എന്നെപ്പോലെ നിന്റെയുടലിനും മുഖത്തിനുമുത്ഭവം
പരുക്കൻ നാടുകളിൽ,
തോരാമഴയുടെ ചടങ്ങുകളിൽ,
പ്രാക്തനദേശങ്ങളിൽ, രക്തസാക്ഷികളിൽ.
ചോരക്കറ മാറാത്ത നിന്റെ കളിമണ്ണിൽ
ഇന്നും പാടുന്നു ബയോ-ബയോ,
കാട്ടിൽ നിന്നു നീ കൊണ്ടുപോന്നു
അതിന്റെ നിഗൂഢഗന്ധമോരോന്നും,
നിന്റെ മുഖം തിളങ്ങുന്നു
കാണാതായൊരമ്പു പോലെ,
പഴയൊരു പതക്കം പോലെ.
പ്രണയം കൊണ്ടും ഉറവുകൾ കൊണ്ടും
എന്നെ നീ മൂടുന്നു,
നിന്റെ ചുണ്ടുകളെന്നെയോർമ്മിപ്പിയ്ക്കുന്നു,
പ്രാചീനമായ ഉല്പത്തികള്‍,
മറ്റേതോ കാലത്തെ കാട്ടിൻ നടുവിലെ സമാഗമങ്ങള്‍,
പരമ്പരകളുടെ ഇരുണ്ട ചെണ്ടകള്‍.
പൊടുന്നനേ ഞാൻ കേട്ടു,
ആരോയെന്നെ പേരെടുത്തു വിളിയ്ക്കുന്നു,
അതകലെയായിരുന്നു, അതവ്യക്തമായിരുന്നു.
ഒരു പ്രാക്തനവനത്തിലേക്കു ഞാനടുത്തുചെന്നു,
നിന്റെ വായിലെന്റെ ചോര ഞാൻ തൊട്ടു,
എന്റെ പ്രിയേ, എന്റെ അറൗക്കാനാ.

എന്തു ഞാൻ നിനക്കു വിട്ടുപോകാൻ, മാറ്റിൽഡേ,
എരിയുന്ന ഇലകളുടെ പരിവേഷം
നിന്റെ സ്പർശത്തിലുള്ളപ്പോൾ,
സ്ട്രാബെറികളുടെ പരിമളം നിന്നിലുള്ളപ്പോൾ,
കൗക്കെനേയുടെ കടൽവെളിച്ചവും
ചിലിയുടെ വാകമണവും
നിന്റെ മുലകൾക്കിടയിലുള്ളപ്പോൾ?

കടലിലിതു ശരൽക്കാലത്തിന്റെ മൂർദ്ധന്യം,
മൂടൽമഞ്ഞും മറഞ്ഞയിടങ്ങളുമായി;
കര നീണ്ടുനിവർന്നു കിടക്കുന്നു, നിശ്വാസമുതിർക്കുന്നു,
ഇലകൾ പൊഴിഞ്ഞുവീഴുന്നു.
നീയോ, എന്റെ പ്രവൃത്തിയ്ക്കു മേൽ കുനിഞ്ഞുനിൽക്കുന്നു നീ,
വികാരവായ്പ്പോടെ, ക്ഷമയോടെ;
നീ വായിച്ചെടുക്കുന്നു ഹരിതമുദ്രണങ്ങൾ,
വിധി കുറിച്ചിടുന്ന എന്റെ കൈയെഴുത്തിന്റെ കീടങ്ങളെ,
എട്ടുകാലിവലകളെ.
ചെറുപാദങ്ങൾ ചേർന്ന സിംഹികേ,
എന്തു ചെയ്യുമായിരുന്നു ഞാൻ,
നിന്റെ കൈകളുടെ വെടിപ്പൻരീതികളില്ലായിരുന്നുവെങ്കിൽ?
എവിടെയലഞ്ഞുനടക്കുമായിരുന്നു ഞാൻ,
ഹൃദയമില്ലാതെ, ലക്ഷ്യമില്ലാതെ?
ഏതന്യനാടുകളിലെ ബസുകളിൽ,
തീയോ, മഞ്ഞോ കൊണ്ടു മുഖം തുടുത്തും?

നിനക്കു ഞാൻ കടം,
വേരുകളീറനായ കടലിന്റെ ശരൽക്കാലം,
മുന്തിരിപ്പഴം പോലത്തെ മൂടൽമഞ്ഞും
നാട്ടുമ്പുറത്തെ സുഭഗസൂര്യനും;
ശോകങ്ങളാഴ്ന്നുപോവുകയും
ആഹ്ളാദത്തിന്റെ ദീപ്തകിരീടമുയരുകയും ചെയ്യുന്ന
മൂകമായ താഴ്വരയ്ക്കും.
ഒക്കെയും നിനക്കു ഞാൻ കടം,
തുടലൂരിയ എന്റെ മാടപ്രാവേ,
ഉച്ചിയിൽ പൂവുള്ള തിത്തിരിപ്പക്ഷീ,
എൻ്റെ മലങ്കുരുവീ,
എന്റെ ക്വൊയ്ഹെച്ചോക്കാരി കർഷകപ്പെണ്ണേ.

ഇനിയൊരുനാൾ നമ്മുടെ ജീവിതം നിലയ്ക്കുമ്പോൾ,
നമ്മുടെ വരവും പോക്കും നിൽക്കുമ്പോൾ,
പൊടിമണ്ണിന്റെ ഏഴു വിരിപ്പുക്കൾക്കടിയിൽ,
മരണത്തിന്റെ വരണ്ട കാലടികൾക്കടിയിൽ
വീണ്ടും നാമടുക്കും, പ്രിയേ,
ജിജ്ഞാസുക്കളായി, സംഭ്രാന്തചിത്തരായി.
നമ്മുടെ വിഭിന്നമായ തൂവലുകൾ,
നോട്ടം പിഴയ്ക്കുന്ന കണ്ണുകൾ,
ഒരുനാളും കണ്ടുമുട്ടാത്ത നമ്മുടെ കാലടികൾ,
മായാത്ത ചുംബനങ്ങൾ,
ഒക്കെയും വീണ്ടുമൊന്നുചേരും;
അതു നമുക്കെന്തു ഗുണം ചെയ്യാൻ പക്ഷേ,
ഒരു കുഴിമാടത്തിലൊരുമിക്കൽ?
ജീവിതം നമ്മെ വേർപിരിക്കാതിരിക്കട്ടെ,
മരണം പോയിത്തുലയട്ടെ.


(ശരൽക്കാലസത്യവാങ്മൂലത്തിൽ നിന്ന്)
മാറ്റിൽഡേ ഉറൂഷ്യ - നെരൂദയുടെ മൂന്നാമത്തെ ഭാര്യ; 1966 മുതൽ 73ൽ കവിയുടെ മരണം വരെ. ഇവർക്കു സമർപ്പിക്കപ്പെട്ടതാണ്‌, നൂറു പ്രണയഗീതകങ്ങൾ.
ബയോ-ബയോ - ചിലിയിലെ രണ്ടാമത്തെ വലിയ നദി.
അറൗക്കാന- മാറ്റിൽഡേയുടെ നാട്.
കൗക്കെനെസ് - നെരൂദയുടെ ജന്മനാടായ പരാലിനടുത്തുള്ള നഗരം.