2020, ജനുവരി 27, തിങ്കളാഴ്‌ച

പത്രീസ്യ കവാല്ലിയുടെ കവിതകൾ



ആധുനിക ഇറ്റാലിയൻ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കവിയാണ്‌ പത്രീസ്യ കവാല്ലി (Patrizia Cavalli). 1947ൽ ജനിച്ചു. വൈരുദ്ധ്യങ്ങളുടെ വിദഗ്ധമായ കെട്ടുപിണയലാണ്‌ കവിതയുടെ മുഖമുദ്ര. തികച്ചും സ്വകീയവും മിതവാക്കുമായ ആവിഷ്കാരരിതി. My Poems Won't Change the World(2013) ഇംഗ്ലീഷ് പരിഭാഷ.

1. ആരോ എന്നോടു പറഞ്ഞു...

ആരോ എന്നോടു പറഞ്ഞു
എന്റെ കവിത
ലോകത്തെ മാറ്റാനൊന്നും പോകുന്നില്ലെന്ന്
ഞാൻ മറുപടി പറഞ്ഞു
എന്റെ കവിത
ലോകത്തെ മാറ്റാനൊന്നും പോകുന്നില്ലെന്ന്

2. നിത്യതയും മരണവും കൂടി...

നിത്യതയും മരണവും കൂടി എന്നെ ഭീഷണിപ്പെടുത്തുന്നു.
രണ്ടിലൊന്നിനേയും എനിക്കറിയില്ല,
രണ്ടിലൊന്നിനേയും ഞാൻ അറിയുകയുമില്ല.

3. പരവതാനികളുമായി...

പരവതാനികളുമായി മൊറോക്കോക്കാർ
കണ്ടാൽ വിശുദ്ധന്മാരെപ്പോലെ
എന്നാലവർ കച്ചവടക്കാരാണ്‌.

4. എത്ര പ്രലോഭനങ്ങൾ...

എത്ര പ്രലോഭനങ്ങൾ ഞാൻ കടന്നുപോകണം
കിടപ്പുമുറിയിൽ നിന്നടുക്കളയിലേക്ക്,
അടുക്കളയിൽ നിന്നു
കുളിമുറിയിലേക്കു പോകുമ്പോൾ.
ചുമരിലൊരു പാട്,
നിലത്തു വീണ ഒരു കടലാസ്സുകഷണം.,
ഒരു ഗ്ലാസ്സ് വെള്ളം,
ജനാലയിലൂടെ പുറത്തേക്കു നോട്ടം,
അയല്ക്കാരിയോട് ഒരു ‘ഹലോ’,
പൂച്ചക്കുഞ്ഞിനൊരു തലോടൽ.
അങ്ങനെ ഞാനെപ്പോഴും
പ്രധാനപ്പെട്ട കാര്യം മറന്നുപോകുന്നു,
ഇടയ്ക്കു വച്ചെനിക്കു വഴി പിഴയ്ക്കുന്നു,
ഓരോ നാളും ഞാനഴിഞ്ഞുതീരുന്നു,
മടങ്ങാനുള്ള ഓരോ ശ്രമവും പാഴാകുന്നു.

2020, ജനുവരി 17, വെള്ളിയാഴ്‌ച

ഗെയിൽ ടേൺബുൾ - മൂന്നു കഥകൾ




ഒരു റയിൽവേ സ്റ്റേഷന്റെ ഒരു മൂലയ്ക്ക് ഒരു യുവാവും യുവതിയും ഇരുന്നുറങ്ങുന്നത് അയാൾ ശ്രദ്ധിച്ചു; ചുറ്റും യാത്രക്കാർ പാഞ്ഞുപോകുമ്പോൾ, ടാക്സികൾ ഒച്ചയിടുമ്പോൾ അവർ റക്ക്സാക്കുകളിൽ തല വച്ചുറങ്ങുകയാണ്‌. . അവരെ കണ്ടിട്ട് കോളേജ് വിദ്യാർത്ഥികളാണെന്നു തോന്നി; അയാൾക്ക് തന്റെ യൗവനം ഓർമ്മ വന്നു: ലിഫ്റ്റ് ചോദിച്ചുള്ള യാത്രകൾ, യുദ്ധം കഴിഞ്ഞ കാലത്തെ കഫേകൾ, രാത്രിയിലെ ബസ് യാത്രകൾ, താൻ തങ്ങിയ ലോഡ്ജുകൾ, താനഭിലഷിച്ച പെൺകുട്ടികൾ, തന്റെ പൊരുത്തക്കേടുകൾ, തന്റെ നാണക്കേടുകൾ, ഇപ്പോഴുമതിന്റെ തീവ്രതയും ആർജ്ജവവും കൊണ്ടു തുളച്ചുകേറുന്ന സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും അപൂർവ്വമുഹൂർത്തങ്ങൾ.

പക്ഷേ, എത്ര തേടിയിട്ടും നഷ്ടബോധം തോന്നുന്നതെന്തെങ്കിലും കണ്ടെത്താൻ അയാൾക്കായില്ല; ഒടുവിൽ അയാൾക്കു വെളിപ്പെട്ടു, അതിതാണ്‌: തങ്ങളുടെ കാതിനു ചുറ്റും ലോകം ഇരമ്പിക്കുതിക്കുമ്പോൾ അതൊന്നുമറിയാതെ ചുരുണ്ടുകൂടിയുറങ്ങാനുള്ള ആ കഴിവ്.
*
2
ഒരു സ്ത്രീ തന്റെ ജീവിതം കുടുംബത്തിനു വേണ്ടി ഉഴിഞ്ഞുവച്ചിരുന്നു. ഒരു ദിവസം അത്താഴമേശയ്ക്കു മുന്നിലിരുന്ന് ഭർത്താവ് തന്റെ ഓഫീസ് വിശേഷങ്ങളും കുട്ടികൾ സ്കൂളിലെ തങ്ങളുടെ കൂട്ടുകാരെക്കുറിച്ചും പറയുമ്പോൾ അവർ കഴിച്ചുതീരാത്ത പിഞ്ഞാണം കൈയിലെടുക്കുന്നു; എന്നിട്ട് മേശവിരിയിൽ കമിഴ്ത്തിവയ്ക്കുന്നു.

കുട്ടികൾ വായ പൊളിച്ചുകൊണ്ട് നോക്കിയിരുന്നു. ശ്വാസം കിട്ടിയെന്നായപ്പോൾ ഭർത്താവ് ചോദിച്ചു: “നീയെന്താ ചെയ്യുന്നത്?” തലയൊന്നാട്ടിക്കൊണ്ട് വിഷാദത്തോടെ അവർ പറഞ്ഞു: “നിങ്ങൾക്കൊന്നും മനസ്സിലാവില്ല. അതു ചെയ്തത് ഞാനല്ല. അതു ചെയ്ത സ്ത്രീ, അതു ചെയ്തതോടെ, ഇല്ലാതായിക്കഴിഞ്ഞു.”
*
3
ഒരു ട്രെയിൻ സ്റ്റേഷൻ വിട്ടുപോകുമ്പോൾ തന്റെ ചെറുമകനെ കൈവീശി യാത്ര അയക്കുകയാണൊരാൾ; ഒരായുഷ്കാലം പിന്നിലെന്നു തോന്നുന്ന പണ്ടൊരിക്കൽ, അതേ പ്രായത്തിൽ, അതേ സ്റ്റേഷനിൽ നിന്നാണ്‌ മുത്തശ്ശനെ കാണാൻ വന്നിട്ട് അയാളും യാത്രയായത്. അതിനു ശേഷം വളരെ വൈകാതെ മരിച്ചുപോയ ആ മുത്തശ്ശനെക്കുറിച്ച് തെളിഞ്ഞുനില്ക്കുന്ന ഓർമ്മകളൊന്നും അയാൾക്കില്ല, ആ അവസാനത്തെ വിട പറയലിനെക്കുറിച്ച് ഒരോർമ്മയുമില്ല. അത്രയും വികാരതീവ്രമായ ഒരു നിമിഷം എന്നെന്നേക്കുമായി പൊയ്പ്പോയത് അയാൾക്കെന്നുമൊരു സങ്കടത്തിനുള്ള കാര്യവുമായിരുന്നു.
പക്ഷേ, തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ, തന്റെ ചെറുമകന്‌ പിന്നീടിതൊന്നും ഓർമ്മയിലുണ്ടാവില്ല, ഒട്ടും തന്നെ ഓർമ്മയുണ്ടാവില്ല എന്ന തിരിച്ചറിവ് അയാൾക്കു യാതൊരു നഷ്ടബോധവും ഉണ്ടാക്കുന്നില്ല; അതുവഴി അയാൾക്ക് മറ്റൊരു പ്രകാരത്തിൽ തന്റെ മുത്തശ്ശനെ മനസ്സിലാവുകയുമാണ്‌, ഏതോർമ്മയേക്കാളും തീവ്രമായി, അകന്നകന്നുപോകുന്ന ഒരു ജനാലയ്ക്കു പിന്നിൽ നിന്ന് കൈവീശിക്കാണിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ രൂപത്തെക്കാളും തീവ്രമായി.

(ഗെയ്ൽ ടേൺബുൾ Gael Turnbull (1928-2004) 1960-70കാലത്തെ ബ്രിട്ടീഷ് കവിതാവസന്തത്തിന്റെ അഗ്രഗാമിയായ സ്കോട്ടിഷ് കവി.)

2020, ജനുവരി 2, വ്യാഴാഴ്‌ച

വിസേന്തേ ഹൂയിഡോബ്രോ - സ്വിച്ച്മാൻ്റെ മകൾ





റയിൽവേസ്വിച്ച്മാന്റെ കൊച്ചുവീടു നില്ക്കുന്നത് പാളത്തിനു തൊട്ടുചേർന്ന് ഒരു മലയുടെ അടിവാരത്താണ്‌. അത്ര ചെങ്കുത്തായ ഒരു കുന്നായതിനാൽ ചിലതരം മരങ്ങൾക്കേ അവിടെ ചെന്നെത്താനായിട്ടുള്ളു. കൂർത്ത വേരുകൾ കൊണ്ടു മൺകട്ടകളിൽ കൊളുത്തിപ്പിടിച്ച് അവ മുകളിലേക്കു കയറിപ്പറ്റുന്നു.   കടന്നുപോകുന്ന തീവണ്ടികളുടെ നിരന്തരമായ കുലുക്കം കാരണം ആ കൊച്ചു മരക്കുടിൽ പൊളിഞ്ഞുവീഴാറായിരിക്കുന്നു. മൂന്നു റയിൽവേലൈനുകൾ കൂടിച്ചേരുന്നിടത്തെ ഇരുപതു മീറ്റർ നീളമുള്ള ഒരു തിട്ടയിലാണ്‌ കുടിൽ നില്ക്കുന്നത്. വിവിധനഗരങ്ങളിലേക്കു യാത്ര ചെയ്യുന്ന പ്രേതങ്ങളെയും വഹിച്ചുകൊണ്ടുപോകുന്ന തീവണ്ടികളെ നിരീക്ഷിച്ച് സ്വിച്ച്മാൻ തന്റെ ഭാര്യയോടൊപ്പം അവിടെ താമസിക്കുന്നു. നൂറുകണക്കിനു തീവണ്ടികൾ, വടക്കു നിന്നു തെക്കോട്ടു പോകുന്ന തീവണ്ടികൾ, തെക്കു നിന്നു വടക്കോട്ടു പോകുന്ന തീവണ്ടികൾ. ഓരോ ദിവസവും മാസവും വർഷവും ആയിരക്കണക്കിനു തീവണ്ടികൾ ലക്ഷക്കണക്കിനു പ്രേതങ്ങളേയും കൊണ്ട് മലയിടുക്കിലൂടെ കുലുങ്ങിപ്പായുന്നു.   തീവണ്ടികളെ അവയ്ക്കു പോകേണ്ട പാതകളിലൂടെ തിരിച്ചുവിടാൻ ഭാര്യയും അയാളെ സഹായിക്കുന്നുണ്ട്. എണ്ണമറ്റ ജീവിതങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം അവരുടെ മുഖങ്ങളിൽ ഒരു ദാരുണഭാവം കൊത്തിവച്ചിരിക്കുന്നു. പൂക്കളേയും മാടപ്രാവുകളേയും ഓർമ്മിപ്പിക്കുന്ന ചേഷ്ടകളോടെ കളിച്ചുനടക്കുന്ന മൂന്നുവയസ്സുകാരിയായ തങ്ങളുടെ ഓമനമകളെ നോക്കുമ്പോൾ അവരുടെ മുഖത്തൊരു പുഞ്ചിരി പോലും വിരിയുന്നില്ല.   ഇരുമ്പിന്റെ ശബ്ദകലാപത്തോടെ തീവണ്ടികൾ നാട്ടുമ്പുറത്തുകൂടി ഇരമ്പിക്കുതിച്ചുപായുന്നു; നീണ്ടുനീണ്ടുപോകുന്ന ഇരുമ്പുകുഴലുകൾ എണ്ണമറ്റ പ്രേതങ്ങളെ പുറത്തുതള്ളുന്നു, തുടലുകളിൽ നിന്നു മോചിതരായതിനാൽ സ്വാതന്ത്ര്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചവർ.   സ്വിച്ച്മാന്റെ മകൾ മലകളിലൂടെ പായുന്ന തീവണ്ടികൾക്കിടയിൽ ഒരാശങ്കയുമില്ലാതെ കളിച്ചുനടക്കുന്നു. നഗരത്തിലെ പണക്കാരായ കുട്ടികൾ തകരപ്പാളങ്ങൾക്കു മേൽ എലികളെപ്പോലെ നിരങ്ങിപ്പോകുന്ന കളിത്തീവണ്ടികളോടിച്ചു രസിക്കുന്നതിനെക്കുറിച്ച് അവൾക്കറിയില്ല. അവൾക്കിപ്പോൾ തന്റെ കളിപ്പാട്ടങ്ങളായ കൂറ്റൻതീവണ്ടികൾ മുഷിഞ്ഞുതുടങ്ങിയിരിക്കുന്നു; അതിലും വലിയവയാണ്‌ അവൾ ഭാവനയിൽ കാണുന്നത്.   എടുത്തോമനിക്കാൻ തോന്നുന്ന കുഞ്ഞാണവൾ, ഒരാകുലതകളുമില്ലാത്തവൾ, ആരോടും അടുപ്പം വേണ്ടെന്നു സ്വയം തീരുമാനിച്ചപോലത്ര സ്വതന്ത്രയായവൾ. അതുവഴി മുമ്പു കടന്നുപോയ ഏതോ തീവണ്ടി അവളെ അവിടെ കളഞ്ഞിട്ടുപോയതാണെന്നു നമുക്കു തോന്നിപ്പോകും.   അവളുടെ അച്ഛനമ്മമാരുടെ കണ്ണുകൾ പക്ഷേ, അവളുടെ മേൽ നിന്നു മാറുന്നതേയില്ല; സമയം കിട്ടുമ്പോൾ അവർ അവളെയെടുത്തു ലാളിക്കുകയും ചെയ്യുന്നു.   അവർക്കറിയാം, എന്നെങ്കിലുമൊരുദിവസം ഒരു തീവണ്ടി തട്ടി അവൾ മരിക്കുമെന്ന്. 

(മലയാളനാട് വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്)